ബ്രിട്ടനിലെ കന്നുകാലി രോഗം
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ബ്രിട്ടനിലെ കന്നുകാലികൾക്കിടയിൽ ഒരു ഭയങ്കര രോഗം 1986 നവംബറിൽ ആദ്യമായി പ്രത്യക്ഷമായി. അന്നുമുതൽ 11,000-ത്തിലധികം മൃഗങ്ങൾക്കു രോഗം ബാധിച്ചു. ഓരോ ആഴ്ചയും 200 പുതിയ കേസുകൾ വരെ റിപ്പോർട്ടു ചെയ്യപ്പെട്ടു. സാങ്കേതികമായി ഈ രോഗം ബൊവൈൻ സ്പോൻജിഫോം എൻസെഫാലോപ്പതി അഥവാ ചുരുക്കി ബി എസ്സ് ഇ എന്നു വിളിക്കപ്പെടുന്നു, ഈ രോഗത്തിന്റെ യാതനാനിർഭരമായ ലക്ഷണങ്ങൾ നിമിത്തം വാർത്താമാദ്ധ്യമങ്ങൾ ഈ രോഗത്തെ “ഭ്രാന്തിപ്പശു” രോഗം എന്നു മുദ്ര കുത്തി.
എന്താണു ബി എസ്സ് ഇ, അത് എങ്ങനെ ഉത്ഭവിച്ചു, അത് ഇത്ര ഉത്ക്കണ്ഠക്കിടയാക്കുന്നത് എന്തുകൊണ്ട്?
ബി എസ്സ് ഇ ഭ്രാന്തിന്റെ ഒരു രൂപമാണ്. “അസാധാരണ രോഗാണുവാഹികൾ” എന്നു വിളിക്കപ്പെടുന്ന ക്രമവിരുദ്ധ മാംസ്യങ്ങൾ തലച്ചോറിന്റെ ഭാഗങ്ങൾ നശിപ്പിക്കുന്നു. സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ രോഗം ബാധിച്ച അവയവം ദ്വാരങ്ങളോടുകൂടി സ്പഞ്ചുപോലെ കാണപ്പെടുന്നു. രോഗം തീവ്രമാകുന്നതനുസരിച്ച് മൃഗം അസ്വസ്ഥമാകുകയും മെലിയുകയും ചെയ്യുന്നു. കൈകാലുകൾ തളരുകയും എഴുന്നേൽക്കാനാവാതെ ചാവുകയോ അതിനെ കൊന്നു കളയേണ്ട സ്ഥിതിയിലെത്തുകയോ ചെയ്യുന്നു.
ബ്രിട്ടനിലെ ആടുകളിൽ സാധാരണ കണ്ടുവരുന്ന ഭ്രാന്തുരോഗത്തോടു വളരെ അടുത്തു ബന്ധപ്പെട്ട സ്ക്രേപ്പിയിൽ നിന്നാണ് കന്നുകാലികൾക്കു ബി എസ്സ് ഇ പിടിപെട്ടത്. ഇതെങ്ങനെ സംഭവിച്ചു?
ആധുനിക കാലിത്തീററ
പശു മേയുന്നതും അയവിറക്കുന്നതുമായ ഒരു മൃഗമാണ്. സാധരണയായി അതു സസ്യാഹാരം, പ്രധാനമായി പുല്ല് തിന്നു ജീവിക്കുന്നു. എന്നാൽ അടുത്ത കാലത്തായി ബ്രിട്ടീഷ് കാലിത്തീററ നിർമ്മാതാക്കൾ സ്വാഭാവികമല്ലാത്ത ഒരു പ്രൊട്ടീൻ ഘടകം പതിവു തീററയോടു കൂട്ടിച്ചേർത്തു. സ്ക്രേപ്പി രോഗം ബാധിച്ചു ചത്ത ആടുകൾ ഉൾപ്പെടെ അറവുശാലകളിൽനിന്നുള്ള പാഴ്വസ്തുക്കൾ പൊടിച്ചു വേവിച്ച് ഉണക്കിച്ചേർക്കുകയാണു ചെയ്തത്. കന്നുകാലികൾക്കു മാത്രമല്ല രോഗം ബാധിച്ചത്. ഒരു അസുലഭ അറേബ്യൻ മാൻ ഉൾപ്പെടെ അഞ്ച് ഇനങ്ങളിൽ ഉൾപ്പെട്ട പുള്ളിമാനുകളും മസ്തിഷ്ക്ക രോഗത്താൽ ബ്രിട്ടീഷ് മൃഗശാലകളിൽ ചത്തു. ഇവയെല്ലാം വാണിജ്യ പ്രാധാന്യമുള്ള പുതിയ കാലിത്തീററ തിന്നിരുന്നു. വളർത്തുമിങ്കിനും ഇതേ തരം രോഗം ബാധിച്ചു. ഇതിന്റെ കാരണം പച്ചയായ ആട്ടിൻമാംസ ഉച്ഛിഷ്ടം ഭക്ഷണമായി നൽകിയതാണെന്നു വിശ്വസിക്കപ്പെടുന്നു.
ഉന്നത താപം, അയണിത താപപ്രസരണം, അൾട്രാവയലററ് പ്രകാശം എന്നിവയെ അസാധാരണമാം വിധം ചെറുത്തു നിൽക്കാൻ ബി എസ്സ് ഇ, സ്ക്രേപ്പി രോഗങ്ങൾക്കു കഴിയുമെന്ന് പരീക്ഷണങ്ങൾ വെളിപ്പെടുത്തുന്നു. സാധാരണ വേവിക്കലോ അണു നശീകരണത്തിന്റെ മററു രീതികളോ ഈ നിഗൂഢ രോഗാണുക്കളെ നശിപ്പിക്കുകയില്ല. മനുഷ്യർക്കു സ്ക്രേപ്പി രോഗം ബാധിച്ചതായുള്ള വ്യക്തമായ തെളിവുകളില്ലെങ്കിലും ആശങ്കയുളവാക്കുന്ന ചോദ്യമിതാണ്: മാട്ടിറച്ചി വിഭവങ്ങൾ ഭക്ഷിക്കുന്ന മനുഷ്യർക്ക് ബി എസ്സ് ഇ ഏതപകട സാദ്ധ്യതയാണുളവാക്കുന്നത്?
മാനുഷ ബന്ധം?
“ഈ രാജ്യത്തോ മറെറവിടെയെങ്കിലുമോ ഉള്ള ആരും ബി എസ്സ് ഇ -യെപ്പററി ആശങ്കപ്പെടേണ്ടതില്ല,” എന്നാണ് കൃഷി മന്ത്രിയായ ജോൺ ഗുമ്മർ പ്രകടമാക്കിയ, ബ്രിട്ടീഷ് ഗവൺമെൻറിന്റെ ഔദ്യോഗിക വീക്ഷണം. എന്നാൽ എല്ലാവർക്കും അത്ര ഉറപ്പില്ല. ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിററിയിൽ ക്ലിനിക്കൽ മൈക്രോ ബയോളജി പ്രൊഫസറായ റിച്ചാർഡ് ലേസി ദി ഇൻഡിപ്പെൻഡൻറ് വർത്തമാനപ്പത്രത്തിൽ എഴുതുന്നു: “പശുവിന് അതിന്റെ ആഹാരത്തിൽ നിന്നാണ് രോഗം പിടിപെട്ടതെങ്കിൽ അപ്പോൾ പകരലിന്റെ മാർഗ്ഗം, കുറഞ്ഞപക്ഷം ആരംഭത്തിലെങ്കിലും വായിലൂടെയാണ്. ഇത് മനുഷ്യനും ഭക്ഷണത്തിലൂടെ രോഗം പകരാനുള്ള സാദ്ധ്യത ഉളവാക്കുന്നു.”
ഈ കാരണത്താൽ ബ്രിട്ടനിൽനിന്നുള്ള മാട്ടിറച്ചി ഇറക്കുമതി ജർമ്മനി നിരോധിച്ചു. ബി എസ്സ് ഇ രോഗം ബാധിച്ചിട്ടില്ലാത്ത കന്നുകാലികളിൽ നിന്നുള്ള ഉല്പന്നമാണ് അത് എന്നുള്ള ഉറപ്പ് അവർക്കു ലഭിക്കുന്നുമില്ല. അമേരിക്ക ബ്രിട്ടനിൽ നിന്നുള്ള കന്നുകാലി അവയുടെ ഭ്രൂണം, ബീജം എന്നീ ഇറക്കുമതികൾ നിരോധിച്ചു. മുൻ യു. എസ്. എസ്. ആർ. ഒരു പടി കൂടി മുന്നോട്ടുപോയി. ബി എസ്സ് ഇ നിമിത്തം മാടുകളുടെ സകല ഉല്പന്നങ്ങളും നിരോധിച്ചതോടൊപ്പം എല്ലാത്തരം ബ്രിട്ടീഷ് ആട്ടിറച്ചിയുടെ ഇറക്കുമതിയും അവർ നിരോധിച്ചു. രോഗ വിമുക്തമെന്ന് സർട്ടിഫിക്കററ് ലഭിച്ച കന്നുകാലികളിൽനിന്നുള്ള മാംസം മാത്രമെ ഉപയോഗിക്കയുള്ളുവെന്ന് ഇംഗ്ലണ്ടിലെ ചില സ്കൂളുകൾ തീരുമാനിച്ചു.
മാട്ടിറച്ചിയിൽ നിന്നുള്ള ചില ഉപോത്പ്പന്നങ്ങളുടെ വിൽപന നിരോധിച്ചതുൾപ്പെടെ പല നടപടികളും ബ്രിട്ടീഷ് ഗവൺമെൻറ് സ്വീകരിച്ചു. ബ്രിട്ടീഷ് ജനത പ്രതിവർഷം മുന്നൂറുകോടി ഡോളറിലധികം, ബർഗർ (ഒരു മാംസ വിഭവം), പൈ (ഇറച്ചി അട) എന്നിങ്ങനെ മാട്ടിറച്ചികൊണ്ടുള്ള ഭക്ഷ്യങ്ങൾക്കായി ചെലവിടുന്നു; അവരുടെ ആരോഗ്യം അപകടത്തിലല്ലെന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. എന്നാൽ ബി എസ്സ് ഇ കന്നുകാലികളിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതല്ലെന്നു “പൂർണ്ണമായ ഉറപ്പു നൽകാൻ ഒരു ദശകമോ അതിലധികമോ വേണ്ടി വരു”മെന്നു ഒരു ഔദ്യോഗിക ഗവൺമെൻറു റിപ്പോർട്ട് സമ്മതിക്കുന്നു. “രോഗം ബാധിക്കുന്നതു മുതൽ രോഗലക്ഷണം പ്രകടമാവുന്നതുവരെയുള്ള കാലദൈർഘ്യമാണ് പ്രയാസം,” എഡിൻബറോ ന്യൂറോപതോജെനസിസ് യൂണിററിന്റെ മുൻ ഡയറക്ടർ ഡോ. റിച്ചാർഡ് കിംബർലിൻ പറയുന്നു. “പൊതുജനാരോഗ്യത്തിനു ബി എസ്സ് ഇ അപകടഭീഷണിയാണെങ്കിൽ സി ജെ ഡി,a രോഗികളുടെ സംഖ്യാവർദ്ധനയിലൂടെ അതു പ്രകടമാകുന്ന സമയത്തിനിടെ രോഗവുമായി സമ്പർക്കത്തിലായവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ താമസിച്ചുപോയിരിക്കും.”
ഇതിനിടെ ഈ വിധമുള്ള ഭയത്തിനു ശമനം വരുത്താൻ ശാസ്ത്രജ്ഞൻമാർ സ്പഷ്ടമായ പുതിയ തെളിവുകൾക്കായി അടിയന്തിരാന്വേഷണം നടത്തുകയാണ്. ഈ ഗവേഷണത്തെ സഹായിക്കാൻ ബ്രിട്ടീഷ് ഗവൺമെൻറ് രണ്ടു കോടി ഡോളർ നീക്കിവെച്ചിരിക്കുന്നു. എന്നാൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ ന്യായമായി പ്രസ്താവിക്കുന്നതുപോലെ “മാട്ടിറച്ചിയുടെ സുരക്ഷിതത്വം ഇനിയും പരീക്ഷണവിധേയമാക്കപ്പെട്ടിട്ടില്ല, പരീക്ഷണവിധേയമാക്കാമെന്നു കരുതുന്നുമില്ല.”
നിങ്ങൾ അതു ഭക്ഷിക്കുമോ?
മനുഷ്യാരോഗ്യത്തിൻമേലുള്ള ഫലമെന്തായാലും ബി എസ്സ് ഇ സംവാദം അറവുശാലകകളിൽ നിന്നുള്ള പാഴ്വസ്തുക്കൾ രൂപഭേദം വരുത്തി വീണ്ടും ഉപയോഗപ്പെടുത്തുന്ന പതിവിലേക്കു പൊതുജന ശ്രദ്ധ തിരിയാൻ ഇടയാക്കിയിട്ടുണ്ട്. കോഴിവളർത്തൽ കേന്ദ്രങ്ങളിൽ നിന്നുള്ള പാഴ്വസ്തക്കൾ പ്രക്രിയകൾക്കു വിധേയമാക്കി ബ്രിട്ടനിലെ കന്നുകാലികൾക്കും കോഴികൾക്കും ആഹാരമായി കൊടുത്തുകൊണ്ടിരിക്കുന്നു. വ്യാപാര രംഗത്ത് ഈ വസ്തു ഡിപിഎം (ഡ്രൈഡ് പൗൾട്രി മനുവർ) എന്നറിയപ്പെടുന്നു. കോഴിക്കാഷ്ഠം, കോഴിത്തൂവലുകൾ, ചത്ത കോഴികൾ എന്നിവയുടെ ഒരു മിശ്രിതമാണിത്. ഉണങ്ങിയ പന്നിച്ചോര ചോക്കലേററ് ചേർത്തു രുചി വരുത്തി പശുക്കുട്ടികൾക്കു കൊടുക്കുന്നു. ആട്ടിൻ തലകൾ ആടിന്റെ മററു ഉച്ഛിഷ്ടങ്ങളോടൊപ്പം പൊടിച്ചത് കാലിത്തീററയാക്കുന്നത് 1988 ജൂലൈ മുതൽ നിയമ വിരുദ്ധമാണെങ്കിലും അതു ഇപ്പോഴും പന്നികൾക്കും കോഴികൾക്കും നൽകുന്നു. ഇത്തരം രീതികൾ “പ്രകൃതിവിരുദ്ധ”മാണെന്ന് ഒരു ഔദ്യോഗിക ഗവൺമെൻറു റിപ്പോർട്ട് മുദ്ര കുത്തുന്നു. ഭക്ഷ്യോത്പാദനത്തിലെ അനിവാര്യത സാമ്പത്തിക ലാഭം ഇവയുടെ അടിസ്ഥാനത്തിൽ ചിലർ ഇവയെ ന്യായീകരിച്ചേക്കാം. എന്നാൽ ആരോഗ്യ സംബന്ധമായി ഇവ മൂല്യമുള്ളതാണോ? (g90 11/8)
[അടിക്കുറിപ്പുകൾ]
a ബി എസ്സ് ഇ യോടു സാമ്യമുള്ളതും അതേപ്രകാരത്തിലുള്ള രോഗാണുവിനാൽ ഉണ്ടാകുന്നതുമായ ഒരു മനുഷ്യരോഗാവസ്ഥയാണ് സി ജെ ഡി ക്രൂസ്ഫിൽഡ് ജേക്കബ് ഡിസീസ്). ബുദ്ധിഭ്രമം പെട്ടെന്നു പിടിപെടുന്നു, രോഗം കണ്ടെത്തി ഒരു വർഷത്തിനകം രോഗി നിസ്സഹായനായിത്തീരുന്നു. രക്തപ്പകർച്ചയിലൂടെയും ശരീര കലകൾ മാററിവെക്കുന്നതിലൂടെയും സി ജെ ഡി പകർന്നു പിടിപെടാം. ബ്രിട്ടനിൽ 2000-ത്തോളം ആളുകളും അമേരിക്കയിൽ 7000-ത്തോളംപേരും മരിച്ചവരുടെ ശ്ലേഷ്മ ഗ്രന്ഥികളിൽ നിന്നെടുത്ത വളർച്ചാഹോർമോണുകൾ കുത്തിവെയ്പിലൂടെ സ്വീകരിച്ചതിനാൽ ഈ രോഗാണുക്കളെ വഹിക്കുന്നവരെന്ന നിലയിൽ അപകടസാദ്ധ്യതയിൽ കഴിയുന്നു. “സി ജെ ഡി രോഗം ബാധിച്ച ഒരു രോഗിയിൽ നിന്നുള്ള ഏതൊരവയവവും എപ്പോഴും അപകട സാദ്ധ്യതയുള്ള ഒരു ടൈം ബോംബാണ്,” എന്ന് യു. എസ്. നാഷനൽ ഇൻസ്ററിട്യൂട്ട് ഓഫ് ഹെൽത്ത് ഡയറക്ടർ ഡോ. പോൾ ബ്രൗൺ പറയുന്നു.
[23-ാം പേജിലെ ചിത്രം]
ബിഎസ്സ്ഇ ബാധിച്ച പശുവിന്റെ തലച്ചോറിലെ ദ്വാരങ്ങളുടെ സുതാര്യത
[കടപ്പാട്]
J.A.H. Wells, Crown Copyright Material