കഷ്ടപ്പാടിൽനിന്ന് വിമുക്തമായ ഒരു പുതിയ ലോകം
“കഴിഞ്ഞുപോയ കാര്യങ്ങൾ ഓർക്കുകയില്ല, അവ ഹൃദയത്തിലേക്കും വരികയില്ല. എന്നാൽ ജനങ്ങളേ നിങ്ങൾ ആഹ്ലാദിക്കുക, ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ച് എന്നേക്കും സന്തോഷിക്കുക.”—യെശയ്യാവ് 65:17, 18.
ആ പ്രാവചനിക വാക്കുകൾ 2,700-ൽപരം വർഷങ്ങൾക്കുമുമ്പ് ദൈവത്താൽ നിശ്വസ്തമാക്കപ്പെട്ടു. ഭാഗികമായി അത് ഭാവിയിൽ ഭൂമിയിൽ ഏതുതരം ജീവിതമായിരിക്കുമെന്ന് വിവരിക്കുന്നു. എപ്പോൾ? ദൈവം ഈ വ്യവസ്ഥിതിക്ക് ഒരു അവസാനം വരുത്തിയശേഷം. അടുത്തുതന്നെ, ഈ വ്യവസ്ഥിതിയെ മാററി എല്ലാ കഷ്ടതകളിൽനിന്നും വിമുക്തമായ ഒരു പുതിയ ലോകം പകരം സ്ഥാപിക്കുക എന്നത് ദൈവോദ്ദേശ്യമാണെന്ന് അനേകം ബൈബിൾപ്രവചനങ്ങൾ വ്യക്തമാക്കുന്നു.
മുൻ മാനുഷചരിത്രത്തിലുടനീളമുള്ള ജീവിതവുമായി താരതമ്യപ്പെടുത്തുമ്പോൾ ആ പുതിയ ലോകത്തിലെ ജീവിതം എത്ര വ്യത്യസ്തമാണ്! യഹോവയുടെ പ്രാവചനിക വാക്കുകൾ അത് സമ്പൂർണ്ണമായി യുദ്ധം, കുററകൃത്യം, ദാരിദ്ര്യം, അനീതി എന്നിവയിൽനിന്ന് വിമുക്തമായിരിക്കുമെന്ന് നമ്മോട് പറയുന്നു. മരണവും രോഗങ്ങളും എന്നേക്കുമായി പൊയ്പ്പോയിരിക്കും. തികച്ചും അപര്യാപ്തമെന്ന് തെളിഞ്ഞിരിക്കുന്ന വിഭാഗീയ ഗവൺമെൻറുകൾ, മതങ്ങൾ, സാമ്പത്തികവ്യവസ്ഥിതികൾ എന്നിവ ഒരിക്കലുമുണ്ടായിരിക്കയില്ല. കഷ്ടപ്പാടും ദുഷ്ടതയും എന്നേക്കുമായി നീങ്ങിപ്പോയിരിക്കുന്നതിനാൽ ദുഃഖാശ്രുവിനുപകരം സന്തോഷാശ്രു ഉണ്ടായിരിക്കും.
ബൈബിൾപ്രവചനങ്ങളിൽ മുൻനിഴലാക്കപ്പെട്ടു
ബൈബിൾപ്രവചനങ്ങളുടെ ഈ ദൃഷ്ടാന്തങ്ങളിൽ എപ്രകാരം അങ്ങനെയുള്ള അവസ്ഥകൾ മുൻനിഴലാക്കപ്പെട്ടുവെന്ന് ശ്രദ്ധിക്കുക:
മേലാൽ യുദ്ധമില്ല: “അവൻ ഭൂമിയുടെ അററംവരെ യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു.” (സങ്കീർത്തനം 46:9) “ജനത ജനതക്കെതിരെ വാളുയർത്തുകയില്ല, അവർ മേലാൽ യുദ്ധം അഭ്യസിക്കയുമില്ല.”—യെശയ്യാവ് 2:4.
ഏവർക്കും നീതി: “ഞാൻ നീതിയെ അളവുനൂലായും ന്യായത്തെ നിരപ്പാക്കൽ ഉപകരണമായും തീർക്കും.”—യെശയ്യാവ് 28:17.
ഭയത്തിൽനിന്നു സ്വാതന്ത്ര്യം: “അവർ യഥാർത്ഥത്തിൽ ഓരോരുത്തൻ തന്റെ മുന്തിരിവള്ളിയുടെ കീഴിലും തന്റെ അത്തിവൃക്ഷത്തിൻകീഴിലും ഇരിക്കും, അവരെ ഭയപ്പെടത്തുന്ന ആരും ഉണ്ടായിരിക്കയുമില്ല.” (മീഖാ 4:4) “അവർ തങ്ങളുടെ മണ്ണിൽ സുരക്ഷിതരാണെന്ന് യഥാർത്ഥത്തിൽ തെളിയും.”—യെഹെസ്കേൽ 34:27.
വിശപ്പ് ഇല്ലായ്മചെയ്യും: “ഭൂമിയിൽ ധാന്യസമൃദ്ധിയുണ്ടാകും; പർവതങ്ങളുടെ ശിഖരങ്ങളിൽ ഒരു കവിഞ്ഞൊഴുക്ക് ഉണ്ടാകും.” (സങ്കീർത്തനം 72:16) “വയലിലെ വൃക്ഷം തീർച്ചയായും അതിന്റെ ഫലം തരും, നിലംതന്നെ അതിന്റെ ആദായം തരും.—യെഹെസ്കേൽ 34:27.
വാർദ്ധക്യമൊ രോഗമൊ മേലാൽ ഇല്ല: “അവന്റെ മാംസം യൗവനത്തിലേതിലും പുതുക്കം പ്രാപിക്കട്ടെ; യുവസഹജമായ ഊർജ്ജസ്വലതയുടെ നാളുകളിലേക്ക് അവൻ തിരിച്ചുവരട്ടെ.” (ഇയ്യോബ് 33:25) “‘എനിക്ക് രോഗമാണ്’എന്ന് യാതൊരു നിവാസിയും പറയുകയില്ല.”—യെശയ്യാവ് 33:24.
മരണവും വിലാപവും വേദനയും എന്നേക്കുമായി നീങ്ങപ്പോകും: “[ദൈവം] അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണം ഉണ്ടായിരിക്കയില്ല, വിലാപമൊ കരച്ചിലൊ വേദനയൊ ഇനിമേൽ ഉണ്ടായിരിക്കയില്ല. മുമ്പത്തെ കാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.”—വെളിപ്പാട് 21:4.
ഭൂതകാലത്താൽ ബാധിക്കപ്പെടുകയില്ല
ആസന്നമായിരിക്കുന്ന ദൈവനിർമ്മിതമായ പുതിയ ലോകം വളരെ സംതൃപ്തികരമായിരിക്കുന്നതിനാൽ കഴിഞ്ഞുപോയ കഷ്ടപ്പാടുകളുടെ അസുഖകരമായ ഏതെങ്കിലും ഓർമ്മകളാൽപ്പോലും ജീവിതാസ്വാദനം തടസ്സപ്പെടുകയില്ല. ആ പുതിയ യുഗത്തിലെ ജനങ്ങളുടെ അനുദിനജീവിതത്തിലെ പരിപുഷ്ടിപ്പെടുത്തുന്ന ചിന്തകളും പ്രവൃത്തികളും കഴിഞ്ഞ കാലത്തെ ദുഷിച്ച ഓർമ്മകളെ തുടച്ചുമാററും. ദൈവത്തിന്റെ വാഗ്ദാനം ഇതാണ്: “കഴിഞ്ഞുപോയ കാര്യങ്ങൾ ഓർക്കുകയില്ല, അവ ഹൃദയത്തിലേക്കും വരികയില്ല.” ദൈവം ഭൂവ്യാപകമായി ഉളവാക്കുന്നതിൽ ജനങ്ങൾ “എക്കാലവും സന്തുഷ്ടരായിരിക്കും.” മുഴുഭൂമിയും സ്വസ്ഥമായിരിക്കുന്നു, അസ്വസ്ഥതയിൽനിന്ന് വിമുക്തമായിരിക്കുന്നു. ജനങ്ങൾ സന്തോഷപൂർണ്ണമായ ആർപ്പുവിളികളാൽ പ്രസന്നവദനരായിത്തീർന്നിരിക്കുന്നു.”—യെശയ്യാവ് 65:17, 18; 14:7.
ബൈബിൾ പ്രസ്താവിക്കുന്നതുപോലെ, ഇന്ന് “നീട്ടിവെക്കപ്പെടുന്ന പ്രതീക്ഷകൾ ഹൃദയവ്യാധിക്കിടയാക്കുന്നു.” എന്നാൽ പുതിയ ലോകത്തിൽ സാഹചര്യം നേരേ തിരിഞ്ഞുവരും. ആ കാലത്ത് “ആഗ്രഹിച്ചത് സംഭവിക്കുകതന്നെ ചെയ്യുമ്പോൾ അത് ഒരു ജീവവൃക്ഷ[മായിരിക്കും].” (സദൃശവാക്യങ്ങൾ 13:12) ഹൃദയങ്ങൾ ഒരിക്കലും കഷ്ടപ്പാടുകളാലൊ സാക്ഷാത്ക്കരിക്കപ്പെടാത്ത പ്രതീക്ഷകളാലോ ഭാരപ്പെടുകയില്ല. പകരം, അവ മനുഷ്യകുടുംബത്തിന് ദൈവം നൽകുന്ന അതിശയകരമായ അനേകം കാര്യങ്ങളാൽ സന്തോഷവും സംതൃപ്തിയും നിറഞ്ഞതായിരിക്കും.
വ്യത്യസ്ത ഭരണം
ദൈവത്തിൽനിന്ന് അന്യപ്പെട്ട അതൃപ്തികരമായ മാനുഷഭരണത്തിനു പകരം പുതിയ ലോകത്തിൽ തികച്ചും വ്യത്യസ്തമായ ഒരു ഭരണമുണ്ടായിരിക്കും. ഭരണാധികാരം മനുഷ്യരിൽനിന്ന് എടുത്തുമാററപ്പെടും. ദൈവത്തെ ആശ്രയിക്കാതെ ഭരിക്കാൻ അവർ വീണ്ടും ഒരിക്കലും അനുവദിക്കപ്പെടുകയില്ല.
ബൈബിൾ പ്രവചനം ഇപ്രകാരം പറയുന്നു: “ആ രാജാക്കൻമാരുടെ [ഇപ്പോൾ അധികാരത്തിലുള്ള ഭരണാധികാരികൾ] നാളുകളിൽ സ്വർഗ്ഗസ്ഥനായ ദൈവം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ലാത്ത ഒരു രാജ്യം [സ്വർഗ്ഗത്തിൽ] സ്ഥാപിക്കും. ആ രാജ്യംതന്നേ മററ് യാതൊരു ജനതയിലേക്കും കൈമാററപ്പെടുകയില്ല [മേലാൽ ഒരിക്കലും മാനുഷഭരണം ഉണ്ടായിരിക്കയില്ല]. അത് ഈ രാജത്വങ്ങളെ എല്ലാം [ഇപ്പോൾ സ്ഥിതിചെയ്യുന്ന] തകർക്കുകയും അവസാനിപ്പിക്കുകയും ചെയ്യും, അതുതന്നെ അനിശ്ചിതകാലത്തേക്ക് നിലനിൽക്കുകയും ചെയ്യും.”—ദാനിയേൽ 2:44.
“നിന്റെ രാജ്യം വരേണമേ, നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നിറവേററപ്പെടേണമേ” എന്ന് പറഞ്ഞുകൊണ്ട് യേശു ഭൂമിമേലുള്ള പുതിയ ഭരണത്തിനുവേണ്ടി പ്രാർത്ഥിക്കാൻ തന്റെ അനുഗാമികളെ പഠിപ്പിച്ചു.—മത്തായി 6:10.
മനുഷ്യവർഗ്ഗത്തിന്റെ പുതിയ ഗവൺമെൻറ് അതായിരിക്കും—യേശുവിന്റെ കൈകളിലെ ദൈവരാജ്യത്താലുള്ള ദൈവത്തിന്റെ സ്വർഗ്ഗീയഭരണം. ഭൂമിയിൽ ദൈവത്തിന്റെ വിശ്വസ്ത മാനുഷദാസൻമാർ ദൈവികനിർദ്ദേശത്തിന് ചേർച്ചയായി കാര്യങ്ങൾ നിർവഹിക്കും. (യെശയ്യാവ് 32:1) അപ്പോസ്തലനായ പത്രോസ് ഈ പുതിയ ക്രമീകരണത്തെക്കുറിച്ച്, “അവന്റെ വാഗ്ദത്തപ്രകാരം നാം കാത്തിരിക്കുന്ന നീതി വസിക്കേണ്ട പുതിയ ആകാശങ്ങളും പുതിയ ഭൂമിയും” എന്നു പ്രസ്താവിച്ചു. (2 പത്രോസ് 3:13) ആ രാജ്യഭരണം ബൈബിളിന്റെ കേന്ദ്രപഠിപ്പിക്കലാണ്.
‘സൃഷ്ടി സ്വാതന്ത്ര്യം പ്രാപിക്കുന്നു’
ഈ പുതിയ ഭരണം ഭൂമിയുടെ പ്രകൃതിശക്തികളെയും പരിപൂർണ്ണമായി നിയന്ത്രണത്തിൽ കൊണ്ടുവരും. “പ്രകൃതിയുടെ പ്രവർത്തന”ങ്ങളായ ഭൂകമ്പം, ചുഴലിക്കാററ്, വെള്ളപ്പൊക്കം, വരൾച്ച എന്നിവ ഒരിക്കലും വിപത്തിനിടയാക്കുകയില്ല. യേശുതന്നെ ഈ ശക്തികൾക്ക് ആജ്ഞകൊടുത്തുകൊണ്ട് തന്റെ അധികാരം പ്രകടമാക്കി. ഉദാഹരണമായി ഒരു സന്ദർഭത്തിൽ യേശുവും അവന്റെ ശിഷ്യൻമാരും കയറിയിരുന്ന വള്ളം കൊടുങ്കാററിൽ മിക്കവാറും മറിയാറായപ്പോൾ അവൻ കാററിനെയും കടലിനെയും ശാന്തമാക്കി. അത്ഭുതപരതന്ത്രരായ ശിഷ്യൻമാർ “ഇത് ഏതുതരം മനുഷ്യനാണ്, കാററും കടലുംപോലും ഇവനെ അനുസരിക്കുന്നുവല്ലോ” എന്ന് ഉദ്ഘോഷിച്ചു.—മത്തായി 8:23-27.
അതുകൊണ്ട് ഭൂമിയും അതിലെ മാനുഷസൃഷ്ടികളും ഒരു അതുല്യമായ സ്വാതന്ത്ര്യം കണ്ടെത്തും. “സൃഷ്ടിതന്നെയും ദ്രവത്വത്തിന്റെ അടിമത്വത്തിൽനിന്ന് സ്വാതന്ത്ര്യംപ്രാപിക്കുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യും. എന്തുകൊണ്ടെന്നാൽ സകല സൃഷ്ടിയും ഇപ്പോൾവരെ ഒരുമിച്ചു ഞരങ്ങുകയും ഒരുമിച്ചുവേദനപ്പെടുകയും ചെയ്യുന്നു എന്ന് നാം അറിയുന്നു.”—റോമർ 8:21, 22.
മാനുഷഭരണം പെട്ടെന്ന് അവസാനിക്കുമെന്നും ദൈവത്തിന്റെ നൂതനഗവൺമെൻറ് ഭൂമിയുടെ മുഴു കാര്യാദികളുടെയും നടത്തിപ്പ് ഏറെറടുക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുമോ? സുനിശ്ചിതമായും നമുക്കു കഴിയും, എന്തുകൊണ്ടെന്നാൽ അഖിലാണ്ഡപരമാധികാരി തന്റെ വാക്ക് നൽകിയിട്ടുണ്ട്: “‘എന്റെ സ്വന്തം പദ്ധതി നിലനിൽക്കും, എന്റെ പ്രമോദമെല്ലാം ഞാൻ ചെയ്യും’; . . . ഞാൻതന്നെ ഇതു സംസാരിച്ചിരിക്കുന്നു; ഞാൻ അതു നടപ്പിലാക്കുകയും ചെയ്യും. ഞാൻ അത് രൂപീകരിച്ചിരിക്കുന്നു, ഞാൻ അതു ചെയ്യുകയും ചെയ്യും.”—യെശയ്യാവ് 46:10, 11.
“ഒരു നിയമിത കാലം”
അത് എങ്ങനെ കൈവരും? അത് എപ്പോൾ സംഭവിക്കും? ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു: “എല്ലാററിനും ഒരു നിയമിതസമയമുണ്ട്.” (സഭാപ്രസംഗി 3:1) ഇതിൽ ദൈവം ‘മതി!’ എന്നു പറയുന്നതിനും ദുഷ്ടതയും കഷ്ടപ്പാടും അവസാനിപ്പിക്കുന്നതിനും ഉള്ള ഒരു നിയമിത സമയവും ഉൾപ്പെടുന്നു. ദാനിയേൽ “അന്തത്തിന്റെ നിയമിതകാലത്തെ” പരാമർശിച്ചു.” (ദാനിയേൽ 8:19) യേശുവും ഒരു “നിയമിത കാലത്തെ”ക്കുറിച്ച് പറഞ്ഞു.—മത്തായി 13:32, 33.
ഉവ്വ്, ദൈവം താൻ മാനുഷകാര്യാദികളിൽ ഇടപെടുന്നതിനും തന്നിൽനിന്ന് അന്യപ്പെട്ട മാനുഷഭരണത്തിന്റെ സങ്കടകരമായ പരീക്ഷണത്തെ തുടച്ചുനീക്കുന്നതിനുമുള്ള ഒരു സുനിശ്ചിത സമയം വെച്ചിട്ടുണ്ട്. “സത്യദൈവം നീതിമാനെയും ദുഷ്ടനെയും ന്യായംവിധിക്കും, എന്തുകൊണ്ടെന്നാൽ എല്ലാ കാര്യങ്ങൾക്കും ഒരു സമയമുണ്ട്.” (സഭാപ്രസംഗി 3:17) ബൈബിൾപ്രവചനനിവൃത്തി കഷ്ടപ്പാടിന്റെ അനുവാദത്തിന് ദൈവം നീക്കിവെച്ച കാലം പെട്ടെന്ന് അവസാനിക്കും എന്ന് സൂചിപ്പിക്കുന്നു. ആ സമയപരിധി അവസാനിക്കുമ്പോൾ ആയിരക്കണക്കിനു വർഷങ്ങളിൽ മാനുഷകുടുംബത്തിന് വലിയ കഷ്ടപ്പാട് കൈവരുത്തിയ അതൃപ്തികരമായ മാനുഷ ഭരണവ്യവസ്ഥിതിയെ അവൻ ആസ്തിക്യത്തിൽനിന്ന് തകർത്തു നീക്കിക്കളയും.—മത്തായി 24:3-14; 2 തിമൊഥെയോസ് 3:1-5, 13; വെളിപ്പാട് 19:11-21.
ദൈവം തന്റെ ന്യായവിധി നടപ്പിലാക്കുമ്പോൾ, അവന്റെ ഭരണത്തിന് കീഴ്പ്പെടുന്നവർക്ക് കീഴ്പ്പെടാത്തവരോടുള്ള വിപരീതതാരതമ്യത്തിൽ എന്തു സംഭവിക്കുമെന്ന് ശ്രദ്ധിക്കുക: “കേവലം അൽപ്പകാലത്തിനുശേഷം ദുഷ്ടൻ മേലാൽ ഉണ്ടായിരിക്കയില്ല; . . . എന്നാൽ സൗമ്യതയുള്ളവർതന്നെ ഭൂമിയെ കൈവശമാക്കും, അവർ തീർച്ചയായും സമാധാനസമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.” “ദുഷ്ടൻമാരുടെ സന്തതിയെ സംബന്ധിച്ചോ അവർ നിശ്ചയമായും ഛേദിക്കപ്പെടും. നീതിമാൻമാർതന്നെ ഭൂമിയെ കൈവശമാക്കും, അവർ അതിൽ എന്നേക്കും വസിക്കയും ചെയ്യും.” “നീതിമാനെ നിരീക്ഷിക്കുക, ആ മമനുഷ്യന്റെ ഭാവി സമാധാനപൂർണ്ണമായിരിക്കും. എന്നാൽ അതിക്രമികൾതന്നെ നിശ്ചയമായും ഒരുമിച്ച് നിർമ്മൂലമാക്കപ്പെടും.”—സങ്കീർത്തനം 37:10, 11, 28, 29, 37, 38; സദൃശവാക്യങ്ങൾ 2:21, 22; മത്തായി 5:5 കൂടി കാണുക.
എന്നാൽ നേരത്തെതന്നെ മരിച്ചുപോയ സഹസ്രലക്ഷക്കണക്കിനാളുകളേ സംബന്ധിച്ചെന്ത്? അവർ ഒരു പുതിയ ലോകത്തിൽനിന്ന് എങ്ങനെ പ്രയോജനം അനുഭവിക്കും? പുനരുത്ഥാനത്താൽ; ഇവിടെ ഭൂമിയിൽതന്നെ ജീവനിലേക്കുള്ള ഒരു പുനഃസ്ഥിതീകരണത്താൽ. അവർ ശവക്കുഴിയിൽനിന്ന് തിരികെ വരികയും എന്നേക്കും ജീവൻ ആസ്വദിക്കുന്നതിനുള്ള അവസരം കൊടുക്കപ്പെടുകയും ചെയ്യും. ദൈവത്തിന്റെ വചനം ഇപ്രകാരം ഉറപ്പുനൽകുന്നു: “നീതിമാൻമാരുടെയും നീതികെട്ടവരുടെയും ഒരു പുനരുത്ഥാനം നടക്കാൻ പോകുന്നു.” (പ്രവൃത്തികൾ 24:15) യേശു ലാസറിനെയും നയീനിലെ വിധവയുടെ പുത്രനെയും പോലെ മരിച്ച വ്യക്തികളെ ഉയിർപ്പിച്ചുകൊണ്ട് ഇത് പ്രകടിപ്പിക്കയും ചെയ്തു.—യോഹന്നാൻ 11:38-44; ലൂക്കോസ് 7:11-16.
“പ്രതിഫലം”
ദൈവത്തിന്റെ ഉദ്ദേശ്യം കഷ്ടപ്പാടുകൾ അവസാനിപ്പിക്കുകയും ഒരു പുതിയലോകം ആനയിക്കുകയും ചെയ്യുക എന്നതാണ് എന്ന് അറിയുന്നത് എത്ര ഹൃദയാനന്ദകരമാണ്! പൂർണ്ണാരോഗ്യത്തിലും സന്തോഷത്തിലും ദുഷ്ടതയും കഷ്ടപ്പാടും എന്നേക്കുമായി കഴിഞ്ഞകാല സംഗതികളായിരിക്കുന്ന പറുദീസാ ചുററുപാടുകളിൻമദ്ധ്യേ ദശലക്ഷക്കണക്കിനു വർഷങ്ങൾ—വാസ്തവത്തിൽ എന്നേക്കും—ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക!
മനുഷ്യവർഗ്ഗത്തിനുള്ള ദൈവത്തിന്റെ ഈ “പ്രതിഫലം”—മുഴുനിത്യതയിലേക്കുമുള്ളത്—ദൈവം അനുവദിച്ച ആനുപാതികമായി ഏതാനും ആയിരം വർഷത്തേക്കുള്ള കഷ്ടപ്പാടിനെ അപേക്ഷിച്ച് വളരെയധികം മുന്തിനിൽക്കുന്നു എന്നതിനോട് നിങ്ങൾ യോജിക്കുന്നില്ലേ? കൂടാതെ നാം വ്യക്തിപരമായി നമ്മുടെ ജീവിതത്തിൽ സഹിച്ചേക്കാവുന്ന 70-ഓ 80-ഓ അതിൽ കുറവൊ വർഷത്തെ കഷ്ടപ്പാടിനേക്കാൾ വളരെയധികം മുന്തിയതല്ലയോ?
ഒരു ദീർഘകാലാടിസ്ഥാനത്തിലുള്ള വീക്ഷണം
കാര്യങ്ങൾ സംബന്ധിച്ച തന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വീക്ഷണത്തിൽ, സ്രഷ്ടാവിന്, ആദ്യം അഖിലാണ്ഡപരമാധികാരിയെന്ന നിലയിൽ ഭരിക്കുന്നതിനുള്ള തന്റെ അവകാശവും തന്റെ ഭരണത്തിന്റെ ഔചിത്യവും പോലുള്ള നിർണ്ണായക കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കുന്നത് ജീവൽപ്രധാനമായിരുന്നെന്ന് അറിയാം. തിരഞ്ഞെടുപ്പുസ്വാതന്ത്ര്യത്തിന്റെ ഉചിതവും അനുചിതവുമായ ഉപയോഗങ്ങൾസംബന്ധിച്ച കാര്യത്തിന് തീരുമാനമുണ്ടാക്കുന്നത് ജീവൽപ്രധാനമാണ്. തന്റെ നീതിയുള്ള നിയമങ്ങൾക്ക് വിശ്വസ്തമായി കീഴ്പ്പെടുന്ന മനുഷ്യർക്ക് ലോകഭരണാധികാരികളാലുള്ള പീഡനത്തിന്റെയും പരിശോധനയുടെയും കീഴിൽ തന്നോട് നിർമ്മലത പാലിക്കാൻ കഴിയുമെന്നുള്ളതിനാൽ തന്റെ സൃഷ്ടി പൂർണ്ണതയുള്ളതാണെന്ന് പ്രകടമാക്കേണ്ടതും ആവശ്യമായിരുന്നു, ഇതിന്റെ ഒരു മുന്തിയ ദൃഷ്ടാന്തം ഭൂമിയിലായിരുന്നപ്പോൾ തന്റെ സ്വന്തം പുത്രനായ യേശു ആണ്.
എല്ലാ വിവാദപ്രശ്നങ്ങളും പരിഹരിച്ചശേഷം, ദൈവം സമാധാനപൂർണ്ണമായ അഖിലാണ്ഡത്തെ കളങ്കപ്പെടുത്തുന്നതിന് ദുഷ്ടതയും കഷ്ടപ്പാടും വീണ്ടും പ്രത്യക്ഷപ്പെടാൻ അനുവദിക്കയില്ല. “കൊടിയ വിപത്ത് രണ്ടാം പ്രാവശ്യം പൊങ്ങിവരുകയില്ല.”—നഹൂം 1:9.
വരാനിരിക്കുന്ന നിത്യതയിലെല്ലാം ഈ കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങളിൽ സംഭവിച്ചതിനെ അധികമായും ഒരു സുപ്രീംകോടതിയിൽ തീരുമാനിക്കപ്പെട്ട ഒരു മാതൃകാപരമായ കേസെന്നപോലെ ദൈവത്തിന് ഉപയോഗപ്പെടുത്താൻ കഴിയും. ഇതിന്റെ വിധിന്യായം ദൈവത്തിന്റെ പരമാധികാരത്തോടൊ സ്വതന്ത്രമായ ഇച്ഛാശക്തിയുടെ ഉചിതമായ ഉപയോഗത്തോടൊ ബന്ധപ്പെട്ട പ്രശ്നങ്ങൾ അഖിലാണ്ഡത്തിൽ വേറെ എവിടെയെങ്കിലും വീണ്ടും എപ്പോഴെങ്കിലും പൊന്തിവരുന്നപക്ഷം ഭാവിയിൽ ഏതു സമയത്തും ബാധകമാക്കാൻ കഴിയും.
നിങ്ങൾ എന്തു തിരഞ്ഞെടുക്കും?
ഇന്ന് നമുക്ക് ഒരു തിരഞ്ഞെടുപ്പുണ്ട്. നമുക്ക് നമ്മുടെ സ്വതന്ത്രമായ ഇച്ഛാശക്തിയെ ഈ രണ്ടു വിധങ്ങളിൽ ഒന്നിനനുസരണമായി ഉപയോഗിക്കാൻ കഴിയും: നമുക്ക് ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെ അവഗണിക്കാനും അപൂർണ്ണ മനുഷ്യരുടെ ഭരണംകൊണ്ട് തൃപ്തിപ്പെടാനും അതിന്റെ ഭാവിഫലത്തിൽ പങ്കുപററാനും തീരുമാനിക്കാൻകഴിയും, അല്ലെങ്കിൽ നമുക്ക് ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ എന്തെന്നും അവന്റെ രാജ്യത്തിന്റെ അർപ്പിത പ്രജകളെന്ന നിലയിൽ അവനെ പ്രീതിപ്പെടുത്താൻ നാം ചെയ്യേണ്ടതെന്തെന്നും പഠിക്കുന്നതിന് നമ്മുടെ തെരഞ്ഞെടുപ്പിൻ സ്വാതന്ത്ര്യം ഉപയോഗിക്കാൻകഴിയും.
യേശു ദൈവത്തോടുള്ള പ്രാർത്ഥനയിൽ ഇപ്രകാരം പറഞ്ഞു: “അവർ ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിന്റെ അർത്ഥം നിത്യജീവൻ എന്നാണ്.” (യോഹന്നാൻ 17:3) അതുകൊണ്ട് നാം പുതിയലോകത്തിലെ നിത്യജീവൻ ആഗ്രഹിക്കുന്നെങ്കിൽ നാം ദൈവത്തെക്കുറിച്ചും അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും അവന്റെ നിബന്ധനകളെക്കുറിച്ചും ഉള്ള സത്യം പഠിക്കുന്നതിന് ശ്രമം ചെയ്യേണ്ടയാവശ്യമുണ്ട്. ബൈബിൾ അത് എങ്ങനെ വർണ്ണിക്കുന്നു എന്ന് ശ്രദ്ധിക്കുക: “നിങ്ങൾ യഹോവയോടുകൂടെയാണെന്ന് തെളിയിക്കുന്നടത്തോളം അവൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും; നിങ്ങൾ അവനെ അന്വേഷിക്കുന്നെങ്കിൽ അവൻ നിങ്ങളാൽ കണ്ടെത്തപ്പെടുന്നതിന് അനുവദിക്കും, എന്നാൽ നിങ്ങൾ അവനെ ഉപേക്ഷിക്കുന്നെങ്കിൽ അവൻ നിങ്ങളെയും ഉപേക്ഷിക്കും.”—2 ദിനവൃത്താന്തം 15:2.
ഈ പഴയ ലോകത്തിന്റെ സമയം തീർന്നുപോയിക്കൊണ്ടിരിക്കയാണ്; പുതിയതൊന്ന് വരുന്നുമുണ്ട്: “ലോകം നീങ്ങിപ്പോകുകയാകുന്നു, അതിന്റെ മോഹങ്ങളും അങ്ങനെതന്നെ, എന്നാൽ ദൈവേഷ്ടം ചെയ്യുന്നവൻ എന്നേക്കും സ്ഥിതിചെയ്യുന്നു.” (1 യോഹന്നാൻ 2:17) നിങ്ങൾ ഏതു തിരഞ്ഞെടുക്കും—നീങ്ങിപ്പോകുന്ന പഴയലോകത്തെയോ അതോ ആസന്നമായിരിക്കുന്ന പുതിയതിനെയോ?
ദൈവത്തിന്റെ വചനം പറയുന്നു: “ഞാൻ ജീവനും മരണവും, അനുഗ്രഹവും ശാപവും, നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; നിങ്ങളും നിങ്ങളുടെ സന്തതികളും നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിച്ചുകൊണ്ടും അവന്റെ ശബ്ദത്തിന് ശ്രദ്ധ കൊടുത്തുകൊണ്ടും അവനോടു പററിനിന്നുകൊണ്ടും നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന് തീർച്ചയായും ജീവനെ തിരഞ്ഞെടുത്തുകൊൾക; എന്തുകൊണ്ടെന്നാൽ നിങ്ങളുടെ ജീവനും നിങ്ങളുടെ നാളുകളുടെ ദൈർഘ്യവും അവനാണ്.”—ആവർത്തനം 30:19, 20.
തങ്ങളുടെ ഇഷ്ടത്തെ ദൈവത്തിന്റെ ഇഷ്ടത്തിനനുരൂപപ്പെടുത്തുന്നവർക്കുവേണ്ടി അവൻ കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങൾ ആസ്വദിക്കണമെന്നുള്ളത് നിങ്ങളുടെ ആഗ്രഹമാണോ? ഈ മാസികയുടെ പ്രസാധകർ അല്ലെങ്കിൽ ലോകത്തിലെവിടെയുമുള്ള യഹോവയുടെ സാക്ഷികൾ ഇതുസംബന്ധിച്ച് കൂടുതൽ അറിയുന്നതിന് നിങ്ങളെ, സൗജന്യമായി സഹായിക്കുന്നതിന് സന്തോഷമുള്ളവരാണ്. (g90 10/8)
[12-ാം പേജിലെ ആകർഷകവാക്യം]
മരിച്ചവർക്ക് ശവക്കുഴിയിൽനിന്ന് ഉയിർപ്പിക്കപ്പെടുന്നതിനാൽ ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കുന്നതിനുള്ള അവസരം ലഭിക്കും