തീപ്പൊരി ഉതിർക്കുന്ന ഒരു കഥാപാത്രത്തെ പരിചയപ്പെടുക
ഇററലിയിലെ ഉണരുക! ലേഖകൻ
ഞാൻ സത്യമായി ഒരു അസാധാരണ കഥാപാത്രമാണെന്ന് ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്—മെലിഞ്ഞ്, ഉണങ്ങി ചിലപ്പോൾ തീപ്പൊരി ഉയർത്തുന്ന വിധം പ്രക്ഷോഭകാരിയായി. എനിക്ക് തീ പിടിക്കുവാൻ ഒരു നിമിഷം മതിയാവുന്ന വിധം ചൂടുപിടിച്ച ഒരു സ്വഭാവക്കാരനാണു ഞാൻ. മററുള്ളവർക്ക് ഈ വസ്തുതകൾ അറിയാമെന്നതിനാൽ അവർ എന്നെ ഉപയോഗിച്ചു മുതലെടുക്കുന്നു. എന്നാൽ ചൂടാവാനുള്ള എന്റെ ഈ പ്രവണത എന്റെ സ്വഭാവത്തിന്റെ ഒരു ഭാഗം തന്നെയാണ്. യഥാർത്ഥത്തിൽ തീ പിടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടാൽ ജനങ്ങൾ അസ്വസ്ഥരാകുവാൻ തുടങ്ങും. എന്നാൽ അപ്പോൾ അതിന് ഒരു കാരണമുണ്ട്—ഞാൻ ഒരു തീപ്പെട്ടിക്കൊള്ളിയാണ് എന്നതു തന്നെ.
നിങ്ങൾ ഒരു പക്ഷേ ചിലപ്പോൾ എന്നെ വില താഴ്ത്തി കാണുകയും ഞാൻ തീ പിടിക്കുന്നതിൽ പരാജയപ്പെടുമ്പോഴോ തീപ്പെട്ടി ശൂന്യമാകുമ്പോഴോ മാത്രം എന്നെക്കുറിച്ചു ശ്രദ്ധിക്കുകയും ചെയ്യാറുള്ളു എന്നതു സത്യമല്ലേ? എന്നാലും പുരാതന കാലങ്ങളിൽ അവർ ചെയ്തിരുന്നതു പോലെ കൂട്ടിയിട്ടിരിക്കുന്ന കരിയിലകൾ കത്തിക്കുവാനായി രണ്ടു മരക്കമ്പുകൾ കൂട്ടിയുരച്ചോ അഗ്നിക്കല്ല് ഉരുക്കിനോട് ഉരുമ്മിയോ നിങ്ങൾ തീയുണ്ടാക്കാൻ ശ്രമിക്കുന്നത് കാണുവാൻ എനിക്കാഗ്രഹമുണ്ട്; ഈ ഉദ്യമത്തിൽ നിങ്ങളുടെ വിരലുകൾക്ക് ക്ഷതം സംഭവിക്കാം എന്ന അപകടമുണ്ട്! ഈ രണ്ടു അവസരങ്ങളിലും നിങ്ങൾ നിസ്സാരരായ തീപ്പെട്ടിക്കൊള്ളികൾക്കു നന്ദി പറയും.
തീയുണ്ടാക്കാൻ തീപ്പെട്ടിക്കൊള്ളികൾ കണ്ടുപിടിക്കുന്നു
എന്റെ കുടുംബചരിത്രം തീ കത്തിക്കാനായി ഒരു പ്രായോഗിക മാർഗ്ഗം കണ്ടെത്തുവാനായിട്ടുള്ള പരീക്ഷണങ്ങളാൽ നിറഞ്ഞിരിക്കുന്നു. 17-ാം നൂററാണ്ടിൽപോലും ജർമ്മൻ കെമിസ്ററായിരുന്ന ഹെന്നിഗ് ബ്രാൻഡ് ഫോസ്ഫറസ് കണ്ടെത്തിയതിനുശേഷം എളുപ്പത്തിൽ തീ കത്തിക്കാൻ സഹായിക്കുന്ന ഒരു ഉപകരണം നിർമ്മിക്കുവാനുള്ള സാധ്യതകളെപ്പററി ചിന്തിക്കാൻ തുടങ്ങി. ശാസ്ത്രജ്ഞർ വിചാരിച്ചതിലുമധികം സമയം അതിനെടുത്തു.
പത്തൊൻപതാം നൂററാണ്ടിന്റെ ആരംഭത്തിൽ ഫ്രഞ്ചുകാരനായ ജീൻ ചാൻസൽ പൊട്ടാസിയം ക്ലോറേററും പഞ്ചസാരയും അറബിപ്പശയും ചേർത്തു തീ പിടിക്കുന്ന ഒരു കുഴമ്പുണ്ടാക്കി. അതു കത്തിക്കാൻ ഇതിൽ അൽപം ഒരു കമ്പിന്റെ അഗ്രത്തിൽ പിടിപ്പിച്ച് ഗന്ധകവും ചേർത്തതിനുശേഷം സൾഫ്യൂറിക്ക് ആസിഡിൽ മുക്കിയെടുത്ത ആസ്ബസ്റേറാസിൽ മുട്ടിക്കുമായിരുന്നു. ഇതു നിങ്ങളുടെ പോക്കററിൽ കൊണ്ടുനടക്കാൻ കൃത്യമായി പററിയ ഒരു വസ്തുവായിരുന്നില്ല.
ആദ്യത്തെ ഉരച്ചു കത്തിക്കുന്ന തീപ്പെട്ടിക്കൊള്ളി അഥവാ “ഉര തീ” എന്നു കരുതാവുന്നത് 1826-ൽ ഇംഗ്ലീഷ് മരുന്നു വ്യാപാരിയായ ജോൺ വാക്കർ നിർമ്മിച്ചു. ഈ കൊള്ളി പിന്നീട് ലൂസിഫർ കൊള്ളി അഥവാ ലൂസിഫർ എന്ന് അറിയപ്പെട്ടു. എന്തുകൊണ്ട് “ലൂസിഫർ”? കാരണം “പ്രകാശവാഹകൻ” എന്ന പദത്തിന്റെ ഗ്രീക്കു രൂപത്തിന്റെ—ഫോസ്ഫറസ്—ലാററിൻ ഭാഷാന്തരമാണിത്! 2 പത്രോസ് 1:19-ൽ “പ്രകാശവാഹകൻ” അഥവാ “പ്രഭാത നക്ഷത്രം” എന്ന പദത്തിന് ഉപയോഗിക്കപ്പെട്ട ഗ്രീക്കു പദവും ഇതുതന്നെയാണ്. എന്തിന് സ്പാനിഷ് പോർട്ടുഗീസ് തുടങ്ങിയ ചില ഭാഷകളിൽ എന്നെ ഇപ്പോഴും ഫോസ്ഫറോ എന്നു വിളിക്കുന്നു!
വാക്കർ തന്റെ തീപ്പെട്ടിക്കൊള്ളിക്കു രൂപം നൽകിയ ഏതാണ്ട് അതേ സമയത്തു തന്നെ, “പ്രൊമിത്യൻസ്” (ഒളിമ്പസ് മലയിൽനിന്ന് അഗ്നി മോഷ്ടിച്ചു മനുഷ്യനു നൽകിയ ഗ്രീക്ക് ഇതിഹാസങ്ങളിലെ പ്രൊമിത്യൂസ് എന്ന ടൈററനിൽ നിന്നും) രംഗപ്രവേശം ചെയ്തു. അവ ചാൻസലിന്റെ കണ്ടുപിടിത്തത്തിനും ആധുനിക തീപ്പെട്ടിക്കൊള്ളിക്കും മദ്ധ്യത്തിൽ വരുന്നവയായിരുന്നു. ഇത് പൊട്ടാസിയം ക്ലോറേററ്, പഞ്ചസാര, പശ ഇവ കൂട്ടിച്ചേർത്ത് നേരിയ ഒരു കടലാസ്സിൽ പൊതിഞ്ഞതായിരുന്നു. ഒരററത്ത് സൾഫ്യൂറിക് ആസിഡ് നിറച്ച ഒരു ചെറിയ സ്ഫടിക ക്യാപ്സൂൾ ഉണ്ടായിരിക്കും. സ്ഫടിക ക്യാപ്സൂൾ പൊട്ടുമ്പോൾ സൾഫ്യൂറിക് ആസിഡും തീ പിടിക്കുന്ന മിശ്രിതവും കൂടിച്ചേരുകയും തീ ഉണ്ടാകുകയും ചെയ്തു. ചാൾസ് ഡാർവിൻ തെക്കെ അമേരിക്കയിൽ തന്റെ ബീഗിളിലെ പര്യടനത്തിനിടെ പ്രൊമിത്വന്റെ സ്ഫടിക ക്യാപ്സൂളിൽ കുത്തി തീയുണ്ടാക്കിക്കൊണ്ട് ഉറുഗ്വേയിൽ ഒരു വിസ്മയം തന്നെ ഉണ്ടാക്കി. ഇവ ഉരച്ചു കത്തിക്കുന്ന തീപ്പെട്ടിക്കൊള്ളികളായിരുന്നില്ല മറിച്ച് രാസ പ്രവർത്തക തീക്കൊള്ളികളായിരുന്നു.
ഏതാണ്ട് അതെ സമയത്തുതന്നെ ഒരു ഇററാലിയൻ കെമിസ്ററായിരുന്ന ഡൊമിനിക്കോ ഗിഗ്ലിയാനോയും എന്റെ കുടുംബത്തിൽ തൽപരനായി. പല പരീക്ഷണങ്ങൾക്കുശേഷം ആൻറി മണി സൾഫൈഡും മററു ചില പദാർത്ഥങ്ങളും കൂട്ടിച്ചേർത്ത് ഒരു കമ്പിന്റെ അഗ്രത്തിൽ ഉറപ്പിച്ചെടുത്ത് തീ പിടിക്കുന്ന മിശ്രിതത്തിന് അദ്ദേഹം രൂപം നൽകി. ഒരു പരുക്കൻ പ്രതലത്തിൽ ഉരച്ചപ്പോൾ മിശ്രിതത്തിന് ഉടൻതന്നെ തീ പിടിച്ചു.
ഈ കാലത്തിനിടെ പൊട്ടാസിയം ക്ലോറേററും വെളുത്ത ഫോസ്ഫറസ്സും മിശ്രിതത്തിന്റെ പ്രധാന ഘടകങ്ങളായിത്തീർന്നിരുന്നു; ഇവ രണ്ടും അപകടകാരികളും വിഷമയവുമായിരുന്നു. പിന്നീട് ഇവക്ക് പകരം ലെഡ് ഡയോക്സൈഡും [അഥവാ ചുവന്ന ഈയവും മാംഗനീസ് ഡയോക്സൈഡും ചേർന്നത്] ചുവന്ന ഫോസ്ഫറസ്സും കടന്നു വന്നു. ഇത് മിശ്രിതത്തിന്റെ നിർമ്മാണത്തിലും ഉപയോഗത്തിലും അടങ്ങിയിരുന്ന വിഷമതകളെ ദൂരീകരിക്കുകയും ചെയ്തു.
മരത്തടികളിൽ നിന്ന് തീപ്പെട്ടിക്കൊള്ളികളിലേക്ക്
ഇന്നു ഞാൻ എന്തിനാലാണു നിർമ്മിക്കപ്പെട്ടിരിക്കുന്നത്? എന്റെ ചെറിയ മെലിഞ്ഞു ഉണങ്ങിയ ശരീരം ദേവദാരു മരത്തിൽ നിന്നോ പൈൻ മരത്തിൽ നിന്നോ പോപ്ലാർ മരത്തിൽ നിന്നോ ഉണ്ടാക്കാം. എന്റെ ശിരസ്സ് പ്രധാനമായി ഫോസ്ഫറസ്സ് സൾഫൈഡും ക്ലോറേററും ഇരുമ്പ് അഥവാ സിങ്ക് ഓക്സൈഡും പൊടിയാക്കിയ ഗ്ലാസ്സും റബ്ബർ അഥവാ പശയുമാണ്.
തീർച്ചയായും ഞങ്ങൾ തീപ്പെട്ടിക്കൊള്ളികൾ തികച്ചും വൈവിധ്യമാർന്ന ഒരു കുടുംബമാണ്. ഞങ്ങൾ വരുന്ന പെട്ടികൾ അതിലുമധികം വൈവിധ്യമാർന്നവയായിരിക്കുന്നു. ഞാൻ അടുക്കളകളിൽ ഉപയോഗിക്കപ്പെടുന്ന സാധാരണ തീപ്പെട്ടി കൊള്ളിയാണ്. എന്നാൽ സെറിനൊ അഥവാ മെഴുകു തീപ്പെട്ടിക്കൊള്ളികൾ [ഇററലിയിൽ ജൻമം കൊണ്ട, മെഴുകു കടലാസ് ചുരുട്ടിയെടുത്തുണ്ടാക്കുന്ന കോലോടുകൂടിയ തീപ്പെട്ടിക്കൊള്ളി] കൂടെയുണ്ട്. ഇതും കൂടാതെ സ്വീഡിഷ് തീപ്പെട്ടിക്കൊള്ളികളുമുണ്ട് [വളരെ ആധുനികനായ ഇവന്റെ തലയിൽ ഫോസ്ഫറസ്സ് ഇല്ലാതെയാണു നിർമ്മിക്കപ്പെടുന്നത്. അവന്റെ പെട്ടിയിൽ പിടിപ്പിച്ച ഫോസ്ഫറസ്സ് പ്രതലത്തിൽ ഉരച്ചാൽ മാത്രമെ അതു കത്തു.]
ലളിതമായി അവതരിപ്പിക്കിച്ചാൽ ഞങ്ങളുടെ നിർമ്മാണത്തെ മൂന്നു ഘട്ടങ്ങളായി തിരിക്കാം: ആദ്യമായി എന്റെ ശരീരമായിരിക്കുന്ന തീപ്പെട്ടിക്കോലിന്റെ നിർമ്മാണം, പിന്നീട് തീ പിടിക്കുന്ന മിശ്രിതത്തിന്റെ സംയോജനം; അവസാനമായി ഈ രണ്ടുഘടകങ്ങളുടെയും കൂട്ടിയിണക്കൽ.
ആദ്യത്തെ ഘട്ടമായി തോൽ പൊളിച്ചു മാററിയ മരത്തടികൾ കനം കുറഞ്ഞ ദശലക്ഷക്കണക്കിനു തീപ്പെട്ടിക്കോലുകളായി മാററപ്പെടുന്നു. ഇവയുടെ പരിച്ഛേദം സമചതുരത്തിലോ ദീർഘ ചരുരത്തിലോ ആയിരിക്കും. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തമായി മെഴുകുകോലുകൾ നിർമ്മിക്കുവാൻ പിരിച്ച മെഴുകു കടലാസ്സിന്റെ ഒരു നീണ്ട ഇഴ ഒരു അച്ചിലൂടെ കടത്തി വലിച്ചെടുക്കുന്നു. അതിനുശേഷം ഇത് ഒരു മുറിക്കുന്ന ഉപകരണത്തിൽ 2.5 സെൻറീ മീററർ നീളത്തിൽ മുറിച്ചെടുക്കുന്നു.
മിശ്രിതം വ്യത്യസ്ത തരം രാസപദാർത്ഥങ്ങളിൽ നിന്ന് ഉണ്ടാക്കപ്പെടുന്നു. അതിനാൽ തീപ്പെട്ടിക്കൊള്ളിയുടെ തല ഒന്ന് മറെറാന്നിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കാം. അവസാനപടി രണ്ടു ഘടകങ്ങളുടെയും സംയോജനമാണ്. ഞങ്ങൾ തീപ്പെട്ടിക്കോലുകളെ തല കീഴായി ഒരു ചട്ടത്തിൽ അടുക്കുന്നു. പിന്നീട് ഞങ്ങളുടെ തലകളിൽ മിശ്രിതത്തിൽ മുക്കിയ ഒരു റോളറാൽ മരുന്നു പിടിപ്പിക്കപ്പെടുന്നു. അതിനുശേഷം ഞങ്ങളെ ഉണങ്ങുവാൻ അനുവദിക്കുകയും പെട്ടികളിൽ ആക്കുകയും ചെയ്യുന്നു. നിങ്ങൾ ഞങ്ങളെ ഉരച്ചു കത്തിക്കുന്ന പരുക്കൻ പ്രതലം ഗ്ലാസ് പൗഡർ കലർത്തിയ വജ്രപ്പശ പെട്ടിയുടെ വശങ്ങളിൽ പിടിപ്പിച്ചിരിക്കുന്നതാണ്. ഒരു കാലത്ത് ഈ നിർമ്മാണ പ്രക്രിയ മുഴുവൻ തന്നെ കൈകളാലായിരുന്നു; എന്നാൽ ഇപ്പോൾ തീർച്ചയായും ഇത് യന്ത്രവത്ക്കരിച്ചിരിക്കുന്നു. അവർ ഞങ്ങളെ ദശലക്ഷക്കണക്കിനു വീതം നിർമ്മിച്ചിരിക്കുന്നു.
ഒരു മുന്നറിയിപ്പ്—കുട്ടികൾക്ക് എത്തുവാൻ കഴിയുന്നടത്ത് ഞങ്ങളെ ഇടരുത്. അവർ വളരെ ജിജ്ഞാസുക്കളും മുതിർന്നവരെ അനുകരിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ്—എന്റെ തല പെട്ടിയുടെ വശത്ത് ഉരച്ചാൽ അടുത്തതായി എന്തു സംഭവിക്കും എന്ന് നിങ്ങൾക്ക് അറിയാം; എന്റെ ചൂടുപിടിച്ച സ്വഭാവം മൂലം ഒരു ചെറിയ തീ ഒരു വലിയ തീ പിടുത്തത്തിനു കാരണമാകാം. അതുകൊണ്ട് ദയവായി സൂക്ഷ്മതയോടെ എന്നോട് ഇടപെടുക! (g90 9/22)