ബെർലിൻ—നമ്മുടെ ലോകത്തിന്റെ ഒരു മുഖക്കണ്ണാടി?
ജർമ്മനിയിലെ ഉണരുക! ലേഖകൻ
ആയിരത്തിത്തൊള്ളായിരത്തി എൺപത്തൊൻപതു നവംബർ 9-ന് ആഹ്ലാദഭരിതരായ ജനക്കൂട്ടങ്ങൾ ബർലിൻ മതിൽ കയറുന്നതും അസംഖ്യം പൂർവ ബർലിൻകാർ നിരോധിത കവാടങ്ങളിലൂടെ കടക്കുന്നതും കാണാമായിരുന്നു—മിക്ക ജർമ്മൻകാർക്കും ലോകമെമ്പാടുമുള്ള ടി. വി. നിരീക്ഷകർക്കും അവിശ്വസനീയമായ ദൃശ്യം.
“വടക്കേ ദേശത്തെ രാജാവ്” എന്നും “തെക്കേ ദേശത്തെ രാജാവ്” എന്നും പറയപ്പെട്ട രണ്ടു വൻശക്തികൾ തമ്മിലുള്ള മൽസരത്തെ 1945 മുതൽ ബർലിൻ പല സംഗതികളിലും പ്രതിഫലിപ്പിച്ചിട്ടുണ്ട്. (ദാനിയേൽ 11:36-45) ബർലിനിൽ ഈ മൽസരം വളർന്നതെങ്ങനെ? അതിർത്തികൾ ഇപ്പോൾ തുറന്നതെങ്ങനെ? നമ്മുടെ വിഭജിതലോകത്തിനും മാററം വരുമോ?
രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവിയററു യൂണിയനും അമേരിക്കയും ബ്രിട്ടനും നാസി ജർമ്മനിയോടു യുദ്ധം ചെയ്യുന്നതിനായി യോജിച്ചു. ഈ സഹകരണം യുദ്ധാനന്തരവും തുടരുമെന്ന് സഖ്യകക്ഷികൾ കരുതി. അതിനാൽ പരാജിത ജർമ്മനിയെ അധിനിവേശ മേഖലകളായി വിഭജിക്കുന്നതിനും പ്രത്യേക പദവി കൽപ്പിക്കപ്പെട്ട തലസ്ഥാനമാകയാൽ ബർലിൻ പങ്കു വെക്കുന്നതിനും അവർ ഉടമ്പടി ചെയ്തു. അങ്ങനെ 1945ൽ സോവിയററ് യൂണിയന്റെയും അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും സൈനിക ഭരണകൂടങ്ങളിൻ കീഴിൽ നിയന്ത്രിക്കത്തക്കവിധം ജർമ്മനിയും ബർലിനും വിഭജിക്കപ്പെട്ടു.
കാര്യങ്ങളെ ഈ രാഷ്ട്രങ്ങൾ വ്യത്യസ്തമായാണ് വീക്ഷിച്ചതെന്ന് പെട്ടെന്ന് വ്യക്തമായി. ബർലിനു മുഴുവൻ കമ്മ്യൂണിസ്ററു ഭരണം വേണമെന്ന് സോവിയററ് യൂണിയൻ ആഗ്രഹിച്ചു. എന്നാൽ പാശ്ചാത്യ ശക്തികൾ തങ്ങളുടെ പ്രദേശങ്ങളിൽ ഒരു ബഹുഭരണ വ്യവസ്ഥയെ പ്രോത്സാഹിപ്പിച്ചു. 1946 ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ അഞ്ചു ബർലിൻകാരിൽ നാലുപേർവീതം കമ്മ്യൂണിസ്ററുകൾക്കെതിരെ വോട്ടു ചെയ്തു.
പാശ്ചാത്യ ശക്തികൾ, 1948-ൽ ഒരു സാമ്പത്തിക പുനർനിർമ്മാണത്തിനും പടിഞ്ഞാറൻ ജർമ്മനിയിലെ തങ്ങളുടെ അധിനിവേശ പ്രദേശത്ത് ഒരൊററ ജനാധിപത്യ സംസ്ഥാനം ആയിരിക്കുന്നതിനും വേണ്ടി തീരുമാനിച്ചപ്പോൾ സോവിയററുകൾ സഖ്യനിയന്ത്രണ സമിതി വിട്ടു. സംയുക്ത ചതുർശ്ശക്തി ഭരണം ഇങ്ങനെ അവസാനിച്ചു. ബർലിൻ ആസ്ഥാനമാക്കി ജർമ്മനിയെ യോജിച്ചു ഭരിക്കാമെന്നുള്ള പ്രതീക്ഷ ഹ്രസ്വായുസ്സുള്ളതായിത്തീർന്നു.
ശീതസമരം ആരംഭിക്കുന്നു
സോവിയററു മേഖലയാൽ ചുററപ്പെട്ട ബർലിൻ ചതുർശ്ശക്തികളുടേത് എന്ന പദവി നിലനിർത്തി. നഗരത്തിന്റെ പൂർവ ഭാഗം നിയന്ത്രിച്ചിരുന്ന സോവിയററുകളെ സംബന്ധിച്ചിടത്തോളം പശ്ചിമ ഭാഗം അപകടകാരിയായ ഒരു “ഒരു വിഭിന്ന ഘടകം” ആയിരുന്നു. 1948 ജൂണിൽ പശ്ചിമ ബർലിന്റെ വിതരണ മാർഗ്ഗങ്ങൾ വിച്ഛേദിക്കുന്നതിനും ബർലിനുമേലുള്ള അവകാശങ്ങൾ ഉപേക്ഷിക്കാൻ പാശ്ചാത്യരെ നിർബന്ധിക്കുന്നതിനുമായി സോവിയററുകൾ ഒരു സമ്പൂർണ്ണ ഉപരിതല ഉപരോധം ഏർപ്പെടുത്തി. പാശ്ചാത്യ ശക്തികൾ എങ്ങനെ പ്രതികരിച്ചു?
വിമാന മാർഗ്ഗം സാധനങ്ങൾ എത്തിക്കുന്ന ചരിത്രത്തിലെ ഏററവും ബൃഹത്തായ സംരംഭം 1948 ജൂൺ 26-ന് ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ അമേരിക്കയും ബ്രിട്ടനും നഗരത്തിനുള്ള ഭക്ഷണവും കൽക്കരിയും മററു ചരക്കുകളുമായി 23 ലക്ഷം ടൺ സാധനങ്ങൾ വഹിച്ചുകൊണ്ടുള്ള 2,79,114 വിമാനപ്പറക്കലുകൾ നടത്തി. “ബർലിൻ ഉപരോധം ശീതയുദ്ധത്തിനുള്ള നിർദ്ദേശമായിരുന്നു,” എന്ന് ദി ബർലിൻ വാൾ എന്ന ഗ്രന്ഥത്തിൽ നോർമൻ ഗൽബ് പ്രസ്താവിക്കുന്നു. “അതേ സമയം ഉപരോധത്തോടുള്ള പ്രതികരണം പടിഞ്ഞാറിന്റെമേൽ അമേരിക്കക്കുള്ള നേതൃത്വത്തെ നാടകീയമായി ദൃഢപ്പെടുത്തി.”
അദ്ദേഹം തുടർന്നു പറയുന്നു: “കമ്മ്യൂണിസ്ററു മേഖലക്കുള്ളിലെ സഖ്യരാജ്യങ്ങളുടെ ഒററപ്പെട്ട പ്രദേശത്തു നിന്നു അവരെ പുറത്തു ചാടിക്കുന്നതിനുള്ള സോവിയററ് യത്നങ്ങളെ പ്രതിരോധിക്കാൻ സഖ്യ രാജ്യങ്ങൾക്കു കഴിവുണ്ടായിരുന്നു. സോവിയററു വ്യവസ്ഥയെ തകർക്കുന്നതിന് പാശ്ചാത്യർ നിശ്ചയിച്ചിരിക്കുന്നു എന്ന ധാരണ രൂഢമൂലമാകുന്നതിന് ഇത് ഇടയാക്കി. അതിജീവിക്കുന്നതിന് സോവിയററ് യൂണിയൻ ഒരു വൻ ആയുധ ശക്തി ആകേണ്ടതാണെന്നതിൽ ക്രെംലിനിൽ ഒരു സംശയവും അവശേഷിച്ചില്ല. റഷ്യയും അമേരിക്കയും തമ്മിലുള്ള വൻശക്തി മത്സരത്തിന് ബർലിനുവേണ്ടിയുള്ള സമരം വേദിയായി. ഈ ശക്തിമത്സരം ഇരുപതാം നൂററാണ്ടിന്റെ ഉത്തരാർത്ഥത്തിൽ അന്തർദ്ദേശീയ രംഗത്തെ പ്രമുഖ വിഷയമായി.”
ഉപരോധം അവസാനിച്ചപ്പോൾ ബർലിന്റെ പദവി നിലനിർത്തിക്കൊണ്ട് അവിടെത്തന്നെ നിലനിൽക്കാൻ പാശ്ചാത്യ ശക്തികൾ നിശ്ചയിച്ചു. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വിടവ് യോജിപ്പിക്കാനാവാത്തതായി. 1949-ൽ രണ്ടു ജർമ്മൻ രാഷ്ട്രങ്ങൾ സ്ഥാപിതമായി: ജർമ്മൻ ഫെഡറൽ റിപ്പബ്ലിക്കും (പടിഞ്ഞാറ്) ജർമ്മൻ ഡെമോക്രാററിക് റിപ്പബ്ലിക്കും (കിഴക്ക്). ഇപ്പോൾ ബർലിന് രണ്ടു ഭരണ വ്യവസ്ഥകളും രണ്ടു നാണയങ്ങളുമായി. 1952-1953കാലത്ത് പൂർവജർമ്മനി, കിഴക്കും പടിഞ്ഞാറും ബർലിനുകൾ തമ്മിലുള്ള ടെലഫോൺ, റോഡ് ബന്ധങ്ങളും ബസ് റൂട്ടുകളും വിച്ഛേദിച്ചു.
ഉപഭോക്താൾക്ക് ഉൽപ്പന്നങ്ങളുടെ ഒരു വലിയ ശ്രേണി ലഭ്യമാക്കിക്കൊണ്ട് പശ്ചിമ ഭാഗത്തെ പൗരൻമാർ സാമ്പത്തികാഭിവൃദ്ധി അനുഭവിച്ചപ്പോൾ പൂർവഭാഗത്തുള്ള അനേകർ അസംതൃപ്തരായി. പൂർവജർമ്മനിയുടെ എല്ലാ ഭാഗത്തേക്കും പ്രകടനങ്ങൾ വ്യാപിപ്പിച്ചുകൊണ്ട് പൂർവ ബർലിൻകാർ പണിമുടക്കിലേക്ക് നീങ്ങിയ 1953 ജൂണിൽ ഇതു പ്രത്യക്ഷമായി. വിലവർദ്ധനവ് കമ്മ്യൂണിസ്ററു വ്യവസ്ഥിതിക്കെതിരെ അക്രമാസക്തമായ ലഹളക്കു വഴിയൊരുക്കി. പൂർവജർമ്മൻ ഗവൺമെൻറ് സോവിയററ് സേനയോട് സഹായം അഭ്യർത്ഥിച്ചു. ടാങ്കുകൾ ലഹള അടിച്ചമർത്തി.
പാശ്ചാത്യ ശക്തികൾ സ്വന്തം ബർലിൻ പ്രദേശങ്ങൾക്ക് സംരക്ഷണം നൽകുകയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയുമല്ലാതെ ഒന്നും ചെയ്തില്ല. ജർമ്മനിയുടെ വിഭജനം താല്ക്കാലികമായിരിക്കുമെന്നുള്ള പ്രതീക്ഷ തകർന്നു. പഴയ സോവിയററ് പശ്ചിമമേഖലകൾ തമ്മിലുള്ള അതിർത്തി കിഴക്കിനും പടിഞ്ഞാറിനുമിടയിലുള്ള വിഭജനരേഖയായി.
“സമാധാനത്തിന്റെയും” “ലജ്ജയുടെയും” മതിൽ
തെക്കേ ദേശത്തെ രാജാവ് പശ്ചിമ ബർലിനെ മോഹിപ്പിക്കുന്ന ഒരു “പാശ്ചാത്യ വാണിജ്യ കവാടം” ആക്കിത്തീർത്തു. പശ്ചിമ ബർലിനിലുള്ള ബന്ധുമിത്രാദികളെ പ്രയാസംകൂടാതെ സന്ദർശിക്കാൻ കഴിഞ്ഞ കിഴക്കൻ ജർമ്മനിയിൽനിന്നുള്ള ജനങ്ങൾ അവിടെ ജീവിതം എത്ര വ്യത്യസ്തമാണെന്നു കണ്ടു. 1960-ൽ ഏകദേശം 2,00,000 ജർമ്മൻകാർ കിഴക്കുനിന്ന് പടിഞ്ഞാറേക്ക് പലായനം ചെയ്തു. മിക്കവരും പശ്ചിമ ബർലിനിലൂടെ കടന്നു. “വടക്കേ ദേശത്തെ രാജാവ്” എങ്ങനെ ഈ “വാർച്ച” തടയുമായിരുന്നു? പൂർവജർമ്മൻ സായുധ ഗാർഡുകളും ജോലിക്കാരും ചേർന്ന് മതിൽ നിർമ്മിക്കുന്നത് 1961 ഓഗസ്ററ് 13-ാം തീയതി പ്രഭാതത്തിൽ കാണാൻ കഴിഞ്ഞു. നേർമൻ ഗൽബ് പറയുന്നതുപോലെ, “ജനങ്ങളുടെ ആദർശപരമായ ചായ്വനുസരിച്ച് ഈ മതിൽ ‘ലജ്ജയുടെ മതിലെ’ന്നോ ‘സമാധാനത്തിന്റെ മതിലെ’ന്നോ വിളിക്കപ്പെട്ടു.” ഒരു പൂർവജർമ്മൻ കമ്യൂണിസ്ററുകാരൻ ഇങ്ങനെ വിശദീകരിച്ചു: “ഞങ്ങൾക്ക് മറെറാന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഞങ്ങളുടെ ഒന്നാന്തരം പൗരൻമാരിൽ അനേകംപേരെ നഷ്ടപ്പെടുകയായിരുന്നു.”
ബർലിൻ മതിൽ അഭയാർത്ഥിപ്രവാഹം തടഞ്ഞെന്നുമാത്രമല്ല ബന്ധുക്കളേയും സ്നേഹിതരേയും പരസ്പരം വേർതിരിക്കുകയും ചെയ്തു. മതിൽ നിർമ്മിച്ച് ഇരുപത്തെട്ടു മാസങ്ങൾക്കുശേഷം പൂർവ ബർലിനിലുള്ള ബന്ധുക്കളെ കാണാൻ പശ്ചിമ ബർലിൻകാർക്ക് ഒരു ദിവസത്തേക്ക് എന്ന ക്രമത്തിൽ പ്രവേശനം നൽകപ്പെട്ടു. ഒരു ചതുർശ്ശക്തി ഉടമ്പടിയെ തുടർന്ന് 1970-കളിൽ കൂടുതൽ അയവുണ്ടായി. കിഴക്കും പടിഞ്ഞാറും തമ്മിൽ ടെലഫോൺ വിളികളും സന്ദർശനങ്ങളും അനുവദിച്ചു. എങ്കിലും ബർലിൻ മതിൽ കടക്കാനുള്ള ശ്രമത്തിനിടയിൽ എൺപതോളംപേർക്ക് ജീവൻ നഷ്ടപ്പെട്ടു.
മതിൽ പൊളിക്കുന്നതിനു മുമ്പായി ചാൻസലർ കോൾ പ്രസ്താവിച്ചു: “രണ്ടാംലോകമഹായുദ്ധത്തിനുശേഷം ആദ്യമായി ജനറൽ സെക്രട്ടറി ഗോർബച്ചേവിന്റെ പുനസ്സംഘടനാ നയം കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സംഘർഷത്തെ അതിജീവിക്കുന്നതിന് ഒരു ന്യായമായ പ്രതീക്ഷ കൈവരുത്തുന്നു.” ഇതു ബർലിനിൽ പ്രകടമായതെങ്ങനെ?
“വടക്കേദേശത്തെ രാജാവിന്റെ രാജ്യത്തിനുള്ളിലെ പരിഷ്കാരങ്ങൾ, 1989 മദ്ധ്യത്തിൽ ആയിരക്കണക്കിനു പൂർവ ജർമ്മൻകാർ പല പൂർവ യൂറോപ്യൻ രാജ്യങ്ങളിലെ പശ്ചിമ ജർമ്മൻ സ്ഥാനാപതികാര്യാലയങ്ങളിലേക്ക് ഓടിപ്പോകാനനുവദിച്ചു. സ്ഥാനാപതി കാര്യാലയങ്ങൾ ആളുകളെക്കൊണ്ടു നിറഞ്ഞു. സ്ഥിതിഗതികൾ അസഹ്യമായി. 1989 സെപ്ററംബറിൽ കിഴക്കു നിന്നു വിട്ടയച്ച പരിക്ഷീണരായ അഭയാർത്ഥികളുടെ ഒരു പ്രവാഹം പടിഞ്ഞാറെത്തിയപ്പോൾ ഊഷ്മളമായ സ്വീകരണം നൽകപ്പെട്ടു. അഭൂതപൂർവമായ ആവേശവും അത്യധികമായ ആഹ്ലാദവും അലതല്ലി.
ഈ ജനപ്രവാഹം കിഴക്കൻ ജർമ്മനിയിൽ വാദപ്രതിവാദത്തിന് തിരികൊളുത്തി. ഇങ്ങനെ പുറപ്പെട്ടുപോകാൻ കാരണമെന്ത്? സമൂല പരിഷ്കാരങ്ങൾ നിഷേധിക്കപ്പെട്ടു. 1989 ഒക്ടോബറിലും നവംബറിലും പൂർവ ബർലിനിലെ ലീപ്സിഗിലും മററു നഗരങ്ങളിലും പത്തു ലക്ഷത്തിലധികം പൂർവജർമ്മൻകാർ സമാധാനപരമായ പ്രകടനം നടത്തി. “ഞങ്ങളാണു ജനം” എന്ന് അവർ ആർത്തുവിളിച്ചു. പൂർവ ജർമ്മൻ ഗവൺമെൻറ് വിട്ടുകൊടുത്തു. 28 വർഷങ്ങൾക്കുശേഷം ബർലിൻ മതിലും രാഷ്ട്രീയവും സാമ്പത്തികവുമായ മാററങ്ങളിലേക്കുള്ള വാതിലുകളും തുറക്കപ്പെട്ടു. ഡൈ സിററ് എന്ന ജർമ്മൻ വർത്തമാനപത്രം അഭിപ്രായപ്പെട്ടതുപോലെ “ലോക ചരിത്രം 1989-ൽ അടിസ്ഥാനങ്ങൾ വരെ ഇളക്കപ്പെട്ടു, ഭരണകൂടങ്ങളാൽ എന്നതിലുപരി ജനസമൂഹങ്ങളാൽ ഇതു സംഭവിച്ചു.”
അതിർത്തികൾ തുറക്കപ്പെട്ടതുകൊണ്ട് ബർലിൻകാർ “ജീവിക്കുന്നത് ഇനിമേലിൽ ഒരു ദ്വീപിലായിരിക്കുന്നില്ല,” എന്ന് ജർമ്മൻ വർത്തമാനപ്പത്രമായ സ്വിഢയിഷെ സെയ്ററുംഗ് പറയുന്നു. 1990-ൽ മതിൽ പൊളിക്കാൻ തുടങ്ങി.
യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും സമീപം
ദീർഘകാലമായി പശ്ചിമ പൂർവ ബർലിനുകൾ നമ്മുടെ വിഭജിത ലോകത്തെ മാത്രമല്ല അതിന്റെ പ്രശ്നങ്ങളേയും കൂടെയാണ് പ്രതിഫലിപ്പിക്കുന്നതായി കാണപ്പെട്ടത്. ഉദാഹരണത്തിന് അനേകം പൂർവജർമ്മൻകാർ ചില സാമൂഹിക നൻമകൾ ആസ്വദിച്ചുവെങ്കിലും സാമ്പത്തിക ദൗർലഭ്യങ്ങളും വ്യാപകമായ മലിനീകരണവും അവർ സഹിച്ചു. പശ്ചിമ ബർലിൻ, വിദ്യാർത്ഥിസമരം ഭീകരപ്രവർത്തനം രാഷ്ട്രീയാപവാദം എന്നിങ്ങനെ സ്വന്തം പ്രശ്നങ്ങളെ അഭിമുഖീകരിച്ചു. അതുകൊണ്ട് മമനുഷ്യന്റെ ആഗോള പ്രശ്നങ്ങളെ പരിഹരിക്കാൻ കഴിയുന്ന ഒരു ദർശനം പടിഞ്ഞാറോ കിഴക്കോ ഇല്ല.—സദൃശവാക്യങ്ങൾ 14:12.
രാഷ്ട്രങ്ങൾക്ക് എന്തുതന്നെ നേടാൻ കഴിഞ്ഞേക്കാമെങ്കിലും നമ്മുടെ വിഭജിത ലോകത്തെ സംയോജിപ്പിക്കാനുള്ള മാനുഷ യത്നങ്ങൾക്ക് സ്വാർത്ഥതയെ നീക്കിക്കളയുന്നതിനൊ ഭൂമിയെ ഒരു പറുദീസയാക്കുന്നതിനൊ കഴിയില്ല. ഒരു മനുഷ്യാതീത ശക്തിക്കു മാത്രമേ യഥാർത്ഥ ഐക്യം കൈവരുത്തുന്നതിനും രോഗവും മരണവും നീക്കുന്നതിനും കഴിയുകയുള്ളു. ദൈവരാജ്യം ഈ വലിയ ജോലി നിർവഹിക്കും.—മത്തായി 6:10; വെളിപ്പാട് 21:1-5. (g90 8/8)