മൂങ്ങകൾ—നിശാജീവിതത്തിന് രൂപകല്പ്പന ചെയ്യപ്പെട്ടത്
മൂങ്ങകൾ മിക്കവാറും എല്ലായിടത്തും ഉണ്ട്. അൻറാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും അവ കണ്ടെത്തപ്പെടുന്നു. അവ കുരുവിയുടെ വലിപ്പം മുതൽ കഴുകന്റെ വലിപ്പം വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏററവും ചെറുത് എൽഫ് മൂങ്ങകളും പിഗ്മി മൂങ്ങകളും ആണ്; വളരെ വലുത് യൂറേഷ്യയിലെ കഴുകൻമൂങ്ങകളും വലിയ ചാര മൂങ്ങകളും കൊമ്പൻ മൂങ്ങകളും ആർട്ടിക്ക് പ്രദേശത്തെ മനോഹരമായ മഞ്ഞുനിറത്തിലുള്ള മൂങ്ങകളും ആണ്. പുൽമേടുകളും മൈതാനങ്ങളും മരുഭൂമികളും ചതുപ്പുനിലങ്ങളും കൊടും കാടുകളും മഴവനങ്ങളും ആർട്ടിക്ക് ധ്രുവവും പോലെ വൈവിദ്ധ്യമാർന്ന വാസസ്ഥലങ്ങളിൽ ഏതാണ്ട് 140 ഇനങ്ങൾ ചിതറിക്കിടക്കുന്നു. അവയുടെ ഭക്ഷണം വാസസ്ഥാനങ്ങൾപോലെ വിവിധമാണ്: മണ്ണിരകൾ, പ്രാണികൾ, തവളകൾ, എലികൾ, ചെറുപക്ഷികൾ, മത്സ്യങ്ങൾ മുതലായവ.
വലിയ തലയും മുന്നോട്ട് അഭിമുഖമായിരിക്കുന്നതും രോമാവൃതവുമായ സോസർ ആകൃതിയുള്ള പോളകളിൽ നിന്ന് തുറിച്ചുനോക്കുന്നതുമായ മഞ്ഞ നിറമോ ഓറഞ്ചുനിറമോ ഉള്ള വലിയ ഉണ്ടക്കണ്ണുകളും സഹിതം ശ്രീമാൻ മൂങ്ങ വലിയ ജ്ഞാനിയാണെന്നു തോന്നും. ജ്ഞാനിയായ വയസ്സൻ മൂങ്ങ എന്ന് അവനെ വിളിക്കുന്നത് ഒട്ടും അതിശയമല്ല. വലിയ കണ്ണുകളുടെ അചഞ്ചലമായ ആ തുറിച്ചുനോട്ടത്തിൽ നിന്നാണ് ജ്ഞാനമുണ്ടെന്ന ധാരണ ഉണ്ടാകുന്നത്. ആ ഉററുനോട്ടം, എന്നിരുന്നാലും ആഴമായ ധ്യാനപ്രാപ്തി നിമിത്തമല്ല—അവന്റെ കണ്ണുകൾ അവയുടെ ചലനമോ കറക്കമോ തടയുന്ന ഒരു കൺകുഴിയിൽ സ്ഥിതിചെയ്യുന്നതുകൊണ്ടാണ്. അങ്ങനെയാണെങ്കിലും പുരാതനകാലം മുതൽ മൂങ്ങക്ക് ജ്ഞാനം ഉണ്ടെന്ന് ആരോപിച്ചിരുന്നു—അത് ഗ്രീക്ക് ജ്ഞാനദേവതയായ പല്ലസ് അത്തീനിന്റെ പുണ്യപക്ഷിയാണ്.
എല്ലാ മൂങ്ങകളും ജ്ഞാനത്തിന്റെ ഒരു പരിവേഷം കാണിക്കുന്നില്ല. ചെറിയ എൽഫ് മൂങ്ങക്ക് കൊമ്പൻമൂങ്ങയുടെ ആ സ്വാധീനിക്കുന്ന ഭാവം ഇല്ല. തുരപ്പൻ മുങ്ങക്കുമില്ല. എൽഫ് മൂങ്ങകൾ മരുപ്രദേശത്ത് വസിക്കുന്നു, ഭീമൻ സാഗ്വാറാ വൃക്ഷങ്ങളിൽ മരംകൊത്തികൾ ഉപേക്ഷിച്ചുപോകുന്ന പൊത്തുകളിൽ താമസിക്കുന്നു. അത്തരം ചെറിയ പക്ഷികൾക്ക് വലിയ ശബ്ദമാണുള്ളത്, ആണും പെണ്ണും കൂടെ യുഗ്മഗാനം ആലപിക്കുമ്പോൾ—നിങ്ങൾക്ക് അതിനെ ഗാനം എന്ന് വിളിക്കാമെങ്കിൽ—അത് പട്ടിക്കുട്ടികളുടെ കരച്ചിലും മുരക്കവും പോലെയാണ്.
തുരപ്പൻ മൂങ്ങകൾ പ്രെയറിഡോഗിന്റെയോ അണ്ണാന്റെയോ പൊത്തിൽ താമസിക്കുന്നു, അവ മേടുകളിൽ കീഴ്മേൽ ചലിക്കുന്നതായും വേലിപ്പത്തലിൽ കുത്തിയിരിക്കുന്നതായും പലപ്പോഴും കണ്ടെത്തുന്നു. പൊത്തുകളിൽ ഭീഷണിക്ക് വിധേയരാകുന്ന കുഞ്ഞുങ്ങൾ പാമ്പു ചീററുന്നതുപോലെ ചീറുന്നു. അത് അഹിതസന്ദർശകരുടെ പ്രവേശനത്തെ നിരുത്സാഹപ്പെടുത്തുന്നു.
മൂങ്ങകൾക്ക് പകൽസമയത്ത് കാണാൻ കഴിയില്ലെന്ന് അനേകർ കരുതുന്നു. മൂങ്ങകൾക്ക് ഇരുട്ടിൽ നന്നായി കാണാൻ കഴിയുമെന്നും അവർ കരുതുന്നു. എന്നാൽ അവർക്കു രണ്ടു സംഗതിയിലും തെററുപററിയിരിക്കുന്നു. മൂങ്ങകൾക്ക് നല്ല കാഴ്ചശക്തിയുണ്ട്. പകൽസമയത്ത് അവയുടെ കാഴ്ചശക്തി മികച്ചതാണ്. രാത്രിയിലും അവ നന്നായി കാണുന്നു. നിശാമൂങ്ങകൾക്ക്—മിക്കതും അങ്ങനെയാണുതാനും—ഏററവും മങ്ങിയ വെളിച്ചത്തിൽപോലും കാണാൻ കഴിയത്തക്കവണ്ണം വളരെയധികം സംവേദന തന്തുക്കളുള്ള നേത്രാന്തര പടലങ്ങൾ ഉണ്ട്. അവയുടെ കണ്ണുകൾ നമ്മുടെ കണ്ണിനേക്കാൾ നൂറു മടങ്ങ് മങ്ങിയ വെളിച്ചം ശേഖരിക്കുന്നു. എന്നാൽ പൂർണ്ണ അന്ധകാരത്തിൽ അവക്കും കാഴ്ചയുണ്ടായിരിക്കുകയില്ല. ഒരു ഗവേഷകൻ കൂരിരുട്ടുള്ള ഒരു മുറിയിൽ ചത്ത ചുണ്ടെലികളെ ചിതറിയിടുകയും മൂങ്ങകളെ അതിൽ ആക്കുകയും ചെയ്തു. ഒററ എലിയെപ്പോലും ആ മൂങ്ങകൾ കണ്ടില്ല.
കാതുകൾ കണ്ണുകൾ ആയിത്തീരുമ്പോൾ
എന്നിരുന്നാലും, ഇലകളും അവക്കിടയിൽ ഓടി നടക്കുന്ന ജീവനുള്ള ചുണ്ടെലികളും ഉള്ള പൂർണ്ണ ഇരുട്ടുള്ള ഒരു മുറിയിൽ ഒരു വെള്ള മൂങ്ങയെ വിട്ടപ്പോൾ അവയെയെല്ലാം അത് പിടിച്ചു. മററു നിശാമൂങ്ങകൾക്കും അതേ അഭ്യാസം ചെയ്യാൻ കഴിയും, എന്നാൽ വെള്ള മൂങ്ങ ഒരു വിദഗ്ദ്ധൻ ആണ്. പൂർണ്ണ അന്ധകാരത്തിൽ അതിന്റെ കാതുകൾ കണ്ണുകൾ ആയിത്തീരുന്നു. പഠനം നടത്തിയതിൽ മറേറതു കരജീവികളേക്കാളും കൂടുതൽ കൃത്യതയുള്ള ദിശാസംബന്ധമായ കേൾവിയുടെ ഒരു ബോധം വെള്ള മൂങ്ങകൾക്കുണ്ട്.
വളരെ മന്ദമായ ഒരു സ്വരം കേൾക്കണമെന്നുള്ളപ്പോൾ നാം ചെവി ആ ദിശയിലേക്ക് തിരിച്ച് ശബ്ദ തരംഗങ്ങൾ ശേഖരിച്ച് നമ്മുടെ കർണ്ണദ്വാരങ്ങളിലേക്ക് തിരച്ചു വിടുന്നതിന് കൈകൊണ്ട് ചെവിയുടെ പിന്നിൽ ഒരു മറയുണ്ടാക്കിയേക്കാം. ഇത് സ്വാഭാവികമായി നിർവഹിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടതാണ് വെള്ള മൂങ്ങയുടെ മുഖം, നമുക്ക് കേൾക്കാൻ കഴിയാത്ത തീരെ മന്ദമായ സ്വരങ്ങളും അവക്ക് എളുപ്പം കേൾക്കാൻ കഴിയും. വേൾഡ് ബുക്കിന്റെ 1983-ലെ സയൻസ് ഇയർ വിശദീകരിക്കുന്നു: “വെള്ള മൂങ്ങയുടെ ശബ്ദത്തോടുള്ള കൂടിയ സംവേദനം മുഖത്തെ ചുളിവിന്റെ ശബ്ദശേഖരണഗുണം നിമിത്തമാണ്—കട്ടിയുള്ള ഇട തിങ്ങിയ തൂവലുകൾകൊണ്ടുള്ള ഭിത്തി മുഖത്തിനു ചുററും ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു ബാഹ്യരൂപം നൽകുന്നതുകൊണ്ടുതന്നേ. . . . ചെവിയുടെ പുറകിൽ ഒരു കൈ പിടിക്കുന്നതുപോലെ ചുളിവിന്റെ വിശാലമായ പ്രതലം ശബ്ദം ശേഖരിക്കുകയും കർണ്ണ ദ്വാരങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.”
വെള്ള മൂങ്ങയുടെ കേൾവിഘടന അതിന്റെ മുഖത്തെ ചുളിവുകൊണ്ട് അവസാനിക്കുന്നില്ല. കർണ്ണ ദ്വാരത്തിലേക്ക് ശബ്ദം തിരിച്ചു വിടുന്നതിന് മറെറാരു ‘കൈമറ’ ലഭ്യമാണ്. സയൻസ് ഇയർ 1983 അതു വർണ്ണിക്കുന്നു: “വെള്ള മൂങ്ങയുടെ കർണ്ണദ്വാരത്തിന് മീതെ സ്ഥിതിചെയ്യുന്ന ഇളം ചുവപ്പുള്ള പാളിക്ക് മമനുഷ്യന്റെ ബാഹ്യകർണ്ണത്തോട് ഘടനാപരമായ സാമ്യമുണ്ട്. കർണ്ണപാളിയുടെ വെളിയിലുള്ള തൂവലുകളും ചെവിക്കുപിന്നിലുള്ള ചുളിവും ദ്വാരത്തിലേക്ക് ശബ്ദം തിരിച്ചുവിടുന്നതിന് കൈമറപോലെ പ്രവർത്തിക്കുന്നു.”
എന്നിരുന്നാലും, കർണ്ണപാളി മുഖത്തെ ചുളിവിന്റെ ശബ്ദശേഖരണപ്രാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള മറെറാരു ‘കൈമറ’ മാത്രമല്ല ചുളിവിനോടുകൂടെ അതും വെള്ള മൂങ്ങയുടെ ദിശാ സംബന്ധമായ ശ്രവണ പ്രാപ്തികൾക്ക് തികച്ചും പുതിയൊരു മാനം കൂട്ടുന്നതിന് വിശേഷാൽ സംവിധാനം ചെയ്തതാണ്. വെള്ള മൂങ്ങയുടെ തലയോട്ടിയിലെ കർണ്ണദ്വാരങ്ങൾ സമമാനത്തിലാണ്, വലതും ഇടതും കർണ്ണദ്വാരങ്ങൾ തലയോട്ടിയിൽ നേരെ എതിരായി വെച്ചിരിക്കുന്നു. എന്നിരുന്നാലും ബാഹ്യ കർണ്ണഘടനകൾ സമമാനമല്ല. കർണ്ണപാളിയും ബാഹ്യകർണ്ണദ്വാരവും താഴ്ന്നതും മുകളിലെ ദിശയിലേക്ക് തിരിഞ്ഞിരിക്കുന്നതുമാണ്, അതേ സമയം ഇടതുവശത്തുള്ള കർണ്ണപാളിയും ബാഹ്യ കർണ്ണദ്വാരവും ഉയർന്നതും താഴേക്ക് തിരിഞ്ഞിരിക്കുന്നതുമാണ്. അതുകൊണ്ട് കർണ്ണപാളിയും ദ്വാരവും മുകളിലേക്ക് തിരിഞ്ഞിരിക്കുന്ന വലതുചെവി മുകളിൽനിന്നു വരുന്ന ശബ്ദങ്ങളോട് കൂടുതൽ സംവേദനമുള്ളതാണ്, അതേസമയം കർണ്ണപാളിയും ദ്വാരവും കീഴോട്ട് തിരിഞ്ഞിരിക്കുന്ന ഇടതുചെവി താഴെനിന്നുള്ള ശബ്ദങ്ങളോട് കൂടുതൽ സംവേദനമുള്ളതാണ്. ശബ്ദം വലതു ചെവിയിൽ കൂടുതൽ രൂക്ഷമാണെങ്കിൽ അതിന്റെ ഉറവിടം മുകളിലാണെന്ന് മൂങ്ങ അറിയുന്നു; ഇടതു ചെവിയിൽ കൂടുതൽ രൂക്ഷമാണെങ്കിൽ ഉറവിടം താഴെയാണെന്നും.
അതുപോലെതന്നെ, ശബ്ദത്തിന്റെ ഉറവിടം മുകളിൽനിന്നോ അടിയിൽനിന്നോ ആയിരിക്കുന്നതിനു പകരം തിരശ്ചീനമായിരിക്കുകയും ഇടതുചെവിക്കു മുമ്പ് വലതുചെവി കേൾക്കുകയും ചെയ്യുമ്പോൾ വലതു വശത്തുനിന്ന് വരുന്നതായി അത് ഉടൻ മനസ്സിലാക്കുന്നു; ആദ്യം ഇടതുചെവി കേൾക്കുന്നെങ്കിൽ ഇടതുവശത്തുനിന്ന് വരുന്നതായി അത് മനസ്സിലാക്കുന്നു. മൂങ്ങയുടെ തല ചെറുതായതുകൊണ്ട് ഒരു ചെവിയെ അപേക്ഷിച്ച് മറേറ ചെവിയിൽ ശബ്ദം എത്തുന്ന സമയവ്യത്യാസം നിസ്സാരമാണ്, മൈക്രോസെക്കൻറുകളിൽ അളക്കുന്നതാണ് (ഒരു മൈക്രോ സെക്കൻഡ് ഒരു സെക്കൻഡിന്റെ പത്തുലക്ഷത്തിലൊരംശം ആണ്.) ശബ്ദത്തോടുള്ള മൂങ്ങയുടെ ദിശാസംബന്ധമായ പ്രതികരണം പൊടുന്നനെയാണ്—ഒരു സെക്കൻഡിന്റെ നൂറിലൊരംശംകൊണ്ട് മൂങ്ങയുടെ മുഖം ഉറവിടത്തിനു നേർക്ക് തിരിയുന്നു. ഞൊടിയിടയിലെ ഈ സൂചനകൾ ഉടൻ വിചിന്തനം ചെയ്യാനുള്ള അതിന്റെ പ്രാപ്തി ശബ്ദത്തിന്റെ ഉറവിടം നിർണ്ണയിക്കുന്നതിൽ ഫലകരമാണ്.
മുമ്പ് സൂചിപ്പിച്ചതുപോലെ മൂങ്ങയുടെ കണ്ണുകൾ ചലിപ്പിക്കാനാവാത്തതാണ്. എന്നിരുന്നാലും ഇത് രൂപകൽപ്പനയിലെ ഒരു പിശകല്ല. മൂങ്ങയുടെ കഴുത്ത് വളരെ വഴക്കമുള്ളതാണ്, തന്നിമിത്തം ചില മൂങ്ങകൾക്ക് നേരേ പിന്നിലുള്ളതുപോലും കാണാൻ കഴിയത്തക്കവണ്ണം അതിന്റെ തല 270 ഡിഗ്രി വരെ തിരിക്കാൻ കഴിയും. അതിലുപരി, കണ്ണുകൾ ചലിപ്പിക്കാനാവാത്തതാണെന്നുള്ളത് ഒരു മുതലാണ്. മൂങ്ങ ഒരു ശബ്ദം കേട്ട് ആ ഉറവിടത്തിനുനേർക്ക് തല തിരിക്കുമ്പോഴൊക്കെയും അതിന്റെ കണ്ണുകൾ സ്വാഭാവികമായും ആ ദിശയിൽ ലക്ഷ്യമിട്ടിരിക്കും. അത് ഒരു ശബ്ദം കേട്ട് നൂറിലൊരു സെക്കൻഡുകൊണ്ട് ആ ശബ്ദത്തിന്റെ ഉറവിടം കാണുന്നു.
സൈലൻസറുകളോടെ രൂപകൽപ്പന ചെയ്യപ്പെട്ട ചിറകുകൾ
മിക്ക പക്ഷികളും പറക്കുമ്പോൾ തൂവലുകൾ വായുവിൽ ചലിക്കുന്നതുകൊണ്ട് അവ ശബ്ദമുണ്ടാക്കുന്നു. മൂങ്ങയുടെ തൂവലുകൾ അങ്ങനെയല്ല; അവ നിശബ്ദതക്ക് പ്രത്യേകാൽ രൂപകൽപ്പന ചെയ്തതാണ്. അവ വെൽവററ് പോലെ മൃദുലമാണ്, അതുകൊണ്ട് അത് വായുവിലൂടെ കടന്നുപോകുമ്പോൾ ശബ്ദമുണ്ടാക്കുന്നില്ല. പറക്കാനുള്ള തൂവലുകൾക്ക് മിക്ക പക്ഷികളുടേതുംപോലെ ഋജുവായ കടുത്ത അഗ്രങ്ങൾ ഇല്ല, പറക്കുമ്പോൾ വായുവിൽ ഉരസി ഒരു മൂളൽ ശബ്ദം ഉണ്ടാക്കുന്നതുതന്നെ. മൂങ്ങയുടെ തൂവലുകളിലെ ഇഴകൾ നീളത്തിൽ അസമമാണ്, വായുവിലൂടെ ചലിക്കുമ്പോൾ ശബ്ദമുണ്ടാക്കാത്ത മൃദുലമായ തൊങ്ങലുകൾ അവശേഷിപ്പിക്കുന്നതുതന്നെ.
എന്നിരുന്നാലും മൂങ്ങകൾ മൂങ്ങസംസാരത്തിൽ ഏർപ്പെടുമ്പോൾ—കരച്ചിലും കളനാദവും ചൂളംവിളിയും ചുണ്ടുകൊണ്ട് അലയ്ക്കലും ചിറകിട്ടടിയും തന്നെ—നിശബ്ദതക്കുള്ള ഈ അർപ്പണം ഉപേക്ഷിക്കുന്നു. ചില ഗവേഷകർ ഈ ശബ്ദങ്ങൾ മൂങ്ങപ്പാട്ടുകളായി പരാമർശിക്കുന്നു, മൂങ്ങയുടെ കാതുകൾക്ക് ഈ ശബ്ദങ്ങളിൽ ചിലത് ഗാനാലാപം ആയിരിക്കാം, എന്തുകൊണ്ടെന്നാൽ ഇണകൾ തമ്മിലുള്ള അനുനയ ആശയവിനിമയത്തിൽ അവ ഒരു പങ്കുവഹിക്കുന്നു.
അവ ആദ്യം ഈ ഉദ്ദേശ്യത്തിൽ നിർമ്മിക്കപ്പെട്ടതല്ലെങ്കിലും മൂങ്ങകൾ ഇന്ന് പ്രാണികളെയും എലികളെയും നിയന്ത്രിക്കുന്നതിൽ വിലപ്പെട്ടതാണ്. വിശേഷിച്ചും വെള്ള മൂങ്ങ കർഷകന്റെ സുഹൃത്തായി കണക്കാക്കപ്പെടുന്നു, തന്റെ വയലുകളിൽനിന്ന് ചുണ്ടെലികളെയും എലികളെയും വിളകൾ തിന്നു തീർത്തേക്കാവുന്ന മററ് കീടങ്ങളെയും നീക്കം ചെയ്യുന്നതു തന്നേ. ചില സ്ഥലങ്ങളിൽ ധാന്യപ്പുരകളിലേക്ക് എളുപ്പം പ്രവേശിക്കാവുന്ന വിധം പ്രത്യേക “മൂങ്ങാവാതിലുകൾ” കരുതിക്കൊണ്ട് മൂങ്ങകളെ പ്രോത്സാഹിപ്പിക്കുന്നു. മലേഷ്യയിൽ എണ്ണപ്പന വളർത്തുന്നവർ വെള്ള മൂങ്ങകൾക്ക് കൂടുകൾ ഉണ്ടാക്കി വെക്കുന്നു—അത് അനുകമ്പയൊന്നും അല്ലതാനും. അവിടെ താമസിക്കുന്ന ഇണകൾ ഓരോ വർഷവും 3,000-ത്തോളം എലികളെ നശിപ്പിച്ചുകൊണ്ട് വാടക കൊടുക്കുന്നു, അല്ലാത്തപക്ഷം അവ അയാളുടെ വിളവ് തിന്നുമായിരുന്നു. വെള്ള മൂങ്ങകൾ മനോഹാരിത കൂട്ടുകയും ചെയ്യുന്നു. അവ ലോകവ്യാപകമായി ചിതറിക്കിടക്കുന്ന ഏററവും മനോഹരമായ പക്ഷികളിൽ ഉൾപ്പെടുന്നു. അവക്ക് പ്രകൃതിയിൽ ഹൃദയത്തിന്റെ ആകൃതിയിലുള്ള ഏററവും തന്ത്രപരമായ മുഖമാണുള്ളത്.
നിങ്ങൾ ഏററവും മങ്ങിയ വെളിച്ചത്തിലും കാണുന്ന വലിയ മഞ്ഞക്കണ്ണുകളെക്കുറിച്ചും ഏതു ദിശയിൽനിന്നുമുള്ള ചെറിയ ശബ്ദംപോലും പിടിച്ചെടുക്കുന്ന ചെവികളെക്കുറിച്ചും വായുവിലൂടെ നിശബ്ദമായി ചലിക്കുന്ന തൂവലുകളെക്കുറിച്ചും ചിന്തിക്കുമ്പോൾ നിശാജീവിതത്തിന് വളരെ നന്നായി രൂപ കൽപ്പനചെയ്യപ്പെട്ട ആ നിശാ മൂങ്ങകളെ കണ്ട് അതിശയിക്കേണ്ടിയിരിക്കുന്നു. (g90 9⁄22)
22,23 പേജുകളിലെ ചിത്രങ്ങൾ]
ഇടതുവശത്തും മുകളിലും: കൊമ്പൻ മൂങ്ങയും കുഞ്ഞും
[കടപ്പാട്]
page 22 left, Robert Campbell; page 22 right, John N. Dean
വലത്ത്: തുരപ്പൻ മൂങ്ങ
[കടപ്പാട്]
Paul A. Berquist
വലത്തേ അററത്ത്: എൽഫ് മൂങ്ങ
[21-ാം പേജിലെ ചിത്രത്തിന് (ങ്ങൾക്ക്) കടപ്പാട്]
Photos: page 21, Paul A. Berquist