ഞങ്ങൾ കാളകളോടു പൊരുതുന്ന “മന്ത്രവാദിനികൾ” ആയിരുന്നു
കാളകൾ കൂററൻമാർ ആയിരുന്നു. ഓരോന്നും അര ടണ്ണോളം തൂക്കമുള്ളവ ആയിരുന്നിരിക്കണം. എന്റെ രണ്ടു സഹോദരിമാരും ഞാനും സാധാരണയായി ചെറിയ കാളകളോടായിരുന്നു പോരാടിയിരുന്നത്; പക്ഷേ ഇവ ഭീതിയുണർത്തുന്ന കൊമ്പുകളോടുകൂടി പൂർണ്ണ വളർച്ചയെത്തിയവയായിരുന്നു. തീർച്ചയായും ഞങ്ങൾക്ക് അവയോടു പൊരുതുവാൻ വിസമ്മതിക്കാമായിരുന്നു; എന്നാൽ ജനക്കൂട്ടം അതിനോട് എങ്ങനെയായിരിക്കും പ്രതികരിക്കുക? ലാസ്മെയ്ഗാസ് (മന്ത്രവാദിനികൾ) കാളകളോട് പൊരുതുന്നതു കാണുവാൻ പ്രവേശന ഫീസ് നൽകിയവരാണവർ; അവരെ നിരാശപ്പെടുത്തുവാൻ ഞങ്ങൾക്ക് ആഗ്രഹമില്ലായിരുന്നു. ഞങ്ങൾ മടിയോടെ കാളപ്പോർ കളത്തിലേക്ക് ഇറങ്ങിച്ചെന്നു.
കാളകളോട് പോരാടി മൂന്നു സഹോദരിമാർ എന്തു ചെയ്യുകയായിരുന്നു എന്ന് നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. കൊള്ളാം, തീർച്ചയായും ഈ തൊഴിലിൽ സ്ത്രീകൾ പുരുഷൻമാർക്കൊപ്പം മെച്ചമാണെന്ന് കാണിക്കുവാനായിരുന്നില്ല അത്. കടുത്ത സാമ്പത്തികാവശ്യങ്ങൾ ആയിരുന്നു പുരുഷ ശക്തിയുടെ ഈ ലോകത്തേക്ക് ഞങ്ങളെ തള്ളിവിട്ടത്.
കൗമാര പ്രായക്കാരായിരുന്നപ്പോൾ, ഞങ്ങൾ വടക്കുപടിഞ്ഞാറൻ സ്പെയിനിലെ ഞങ്ങളുടെ പട്ടണം വിട്ട് മാഡ്രിഡിലേക്കു തിരിച്ചു; അവിടെ തൊഴിൽ കണ്ടെത്താം എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. ഒന്നും ലഭിക്കാതായപ്പോൾ, കാളപ്പോരിൽ ഏർപ്പെട്ടിരിക്കുന്ന ഞങ്ങളുടെ ഒരു സുഹൃത്തിന്റെ ഉപദേശം ഞങ്ങൾ സ്വീകരിക്കുകയും “കാളകളുമായുള്ള ഞങ്ങളുടെ ഭാഗ്യം പരീക്ഷിക്കാം” എന്നു നിശ്ചയിക്കുകയും ചെയ്തു. ലാസ് മെയ്ഗാസ് സ്പെയിനിലെ ഞങ്ങളുടെ ഉത്ഭവസ്ഥലത്തെ എളുപ്പത്തിൽ തിരിച്ചറിയിക്കുന്ന ഒരു നാമം ആയിരുന്നതിനാൽ ലാസ് മെയ്ഗാസ് (മന്ത്രവാദിനികൾ) എന്നു ഞങ്ങളെത്തന്നെ ഞങ്ങൾ വിളിച്ചു; കൂടാതെ കാളകളെ മയക്കുവാൻ സാധിക്കും എന്നു ഞങ്ങൾ പ്രതീക്ഷിക്കുകയും ചെയ്തു. രണ്ടു വർഷത്തെ കടുത്ത പരിശീലന കാലത്തിനുശേഷം ഞങ്ങൾ കാര്യമായിത്തന്നെ കാളപ്പോർ നടത്തുന്ന പോരാളികളായിത്തീർന്നു.
അപകടങ്ങളും മരണവും
സാധാരണയായി, ഞങ്ങൾ രണ്ടു മൂന്നു വർഷം പ്രായമെത്തിയ ചെറിയ കാളകളോടായിരുന്നു പോർ നടത്തിയിരുന്നത്; അവ വളരെ ശക്തവും ഭീകരവുമായിരിക്കുകയില്ല. പക്ഷേ അപകടം ഒഴിവാക്കപ്പെടുന്നു എന്ന് അതിന് അർത്ഥമില്ല; കാരണം അവ വേഗതയേറിയവയും കൂടുതൽ ചുറുചുറുക്കുള്ളവയുമായിരിക്കാൻ ചായ്വു കാട്ടുന്നു. എങ്കിലും ഞങ്ങൾ ഭാഗ്യശാലികളായിരുന്നു; ഒരു ഒടിഞ്ഞ കണങ്കാലോ കുറച്ചു വൃത്തികെട്ട പോറലുകളോ കാലിലെ ഒരു മുറിവോ പോലുള്ളവ ഒഴിച്ചാൽ ഞങ്ങൾ ഗുരുതരമായ പരിക്കുകളിൽനിന്ന് രക്ഷപ്പെട്ടിരുന്നു. ഭീമാകാരൻമാരായ വളർച്ചയെത്തിയ കാളകളെ അഭിമുഖീകരിക്കേണ്ടിവന്ന സന്ദർഭങ്ങളിൽപോലും ഞങ്ങൾ നിരപായം പ്രദർശന കളരി വിട്ടു.
കാളപ്പോർ സീസണിൽ ഞങ്ങൾ മിക്കപ്പോഴും രാവിലെയും ഉച്ചതിരിഞ്ഞും നാലു കാളകളോടു വീതം പൊരുതിയിരുന്നു. ഒടുവിൽ ഞങ്ങളുടെ കിടക്ക തയ്യാറാക്കുന്ന ലാഘവത്തോടെ ഒരു കാളയെ കൊല്ലുവാൻ ഞങ്ങൾക്കു കഴിഞ്ഞു. യഥാർത്ഥത്തിൽ എട്ടു വർഷത്തെ ഒരു കാലഘട്ടത്തിൽ സ്പെയിനിലെയും പോർട്ടുഗലിലെയും ഫ്രാൻസിലെയും കാളപ്പോർ കളങ്ങളിലായി 1500 കാളകളെ ഞങ്ങൾ കാളപ്പോർ നടത്തി കൊന്നു. തെക്കെ അമേരിക്കയിലേക്ക് ഒരു കരാർ നേടിയെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം; അവിടെ പോരിനുപയോഗിക്കുന്ന കാളകളെയും അവയെ വളർത്തുവാൻ പററിയ ഒരു മേച്ചിൽ പ്രദേശവും വാങ്ങുവാൻ മതിയായ വിധം വലിയ തുക സമ്പാദിക്കുവാൻ ഞങ്ങൾക്കു കഴിയുമായിരുന്നു.
ഞങ്ങളെക്കൊണ്ട് തുടക്കം ഇടുവിച്ചത് വരവും ചെലവും കഷ്ടിച്ചു സമീകരിക്കുക എന്ന ആവശ്യത്തിനുവേണ്ടിയായിരുന്നു എങ്കിലും അധികം താമസിയാതെ സാഹസികതക്കും പ്രശസ്തിക്കും പണത്തിനും വേണ്ടിയുള്ള തൃഷ്ണ ഞങ്ങളുടെ പ്രധാന പ്രേരകഘടകമായി. അപകടം ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ അത് ആസ്വദിച്ചു! സത്യമായും കാളപ്പോര് നടത്തുന്നവരുടെ മരണവാർത്ത കൂടെക്കൂടെ ഞങ്ങൾ കേട്ടിരുന്നു; ഉൾപ്പെട്ടിരിക്കുന്ന അപകടങ്ങളുടെ രൂക്ഷമായ ഓർമ്മിക്കലിനാൽ കുറച്ചു ദിനങ്ങളോളം അത് ഞങ്ങളെ ബാധിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ താൽക്കാലികമായ ഈ ഉത്ക്കണ്ഠയെ ഞങ്ങൾക്കു വേഗം മറികടക്കുവാൻ കഴിയുമായിരുന്നു. കാളപ്പോർ നടത്തപ്പെടുന്ന പ്രദർശന കളരിക്കുള്ളിലേക്ക് കടക്കുമ്പോൾ അന്യോന്യം ശുഭാശംസകൾ നേരുന്നതിനു പകരം ഞങ്ങൾ പറയുമായിരുന്നു: “പോരാട്ടവുമായി മുന്നോട്ട്!”
ഒരു വ്യത്യസ്ത തരത്തിലുള്ള പോരാട്ടം
ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലിൽ ഞങ്ങളുടെ ലക്ഷ്യങ്ങളെപ്പററിയും ഉപജീവന മാർഗ്ഗത്തെപ്പററിത്തന്നെയും പുനർവിചിന്തനം ചെയ്യിക്കുമാറ് ചിലത് എനിക്കും എന്റെ സഹോദരിമാരായ മിലാഗ്രോസിനും എൽഡാക്കും സംഭവിച്ചു. ഞങ്ങൾ മൂന്നുപേരും യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. ദൈവരാജ്യത്തെയും ദൈവം വാഗ്ദത്തം ചെയ്ത ഭാവി പറുദീസയെയും കുറിച്ചുള്ള ഞങ്ങളുടെ പഠനത്താൽ ഞങ്ങൾ പുളകിതരായി. എന്നാൽ പ്രയാസകരമായ ഒരു തീരുമാനം അപ്പോൾ ആവശ്യമായി വന്നു. ഞങ്ങളുടെ തൊഴിൽ ഞങ്ങൾ പഠിക്കുന്ന വസ്തുതകളോടു യോജിപ്പിലായിരിക്കുന്നുവോ?
അന്തിമമായി, കാളപ്പോർ നടത്തുന്ന ഞങ്ങളുടെ തൊഴിലിൽ ഞങ്ങൾക്കു തുടരുവാൻ കഴിയുകയില്ല എന്ന് രണ്ടു കാര്യങ്ങൾ ഞങ്ങളെ ബോദ്ധ്യപ്പെടുത്തി. ഒന്നാമതായി കാളപ്പോർ നടത്തപ്പെടുന്ന പ്രദർശനക്കളരിയിലെ അന്തരീക്ഷം ഞങ്ങൾ നിരീക്ഷിച്ചു. ജനക്കൂട്ടത്തിന്റെ ഉൻമാദം ഒരു റോമൻ സർക്കസിലെ ജനക്കൂട്ടത്തെ അനുസ്മരിപ്പിച്ചു. ക്രിസ്തീയ സ്ത്രീകൾക്ക് അനുയോജ്യമായ ഒരു പരിതഃസ്ഥിതി ആയിരുന്നുവോ അത്?
രണ്ടാമത്തെ പ്രശ്നം ദിവ്യസംരക്ഷണവുമായി ബന്ധപ്പെട്ടതായിരുന്നു. മിക്കവാറും എല്ലാ കാളപ്പോരുകാരും കത്തോലിക്കരായിരുന്നതിനാൽ തങ്ങൾക്കു പ്രിയപ്പെട്ട കന്യകാ മറിയത്തിൽ നിന്നോ “വിശുദ്ധരിൽ” നിന്നോ അവർ സംരക്ഷണം തേടുന്നു. ചിലർ പ്രാർത്ഥിക്കുവാനായി തങ്ങളുടെ ഹോട്ടൽ മുറികളിൽ കൂടെക്കൊണ്ടുപോകാവുന്ന അൾത്താരകൾ സജ്ജീകരിക്കുന്നതുപോലും ഞാൻ കണ്ടിട്ടുണ്ട്; പോർക്കളത്തിലെ പരിക്കുകളിൽനിന്ന് ഇത് തങ്ങളെ സംരക്ഷിക്കുമെന്ന് അവർ വിശ്വസിക്കുന്നു. ജനങ്ങളെ ആവേശഭരിതരാക്കുവാനും പണം സമ്പാദിക്കുവാനുമായി, ഞങ്ങളുടെ ജീവനെ അപകടത്തിലാക്കുകയും മൃഗങ്ങളോടു കരുതിക്കൂട്ടി ക്രൂരത പ്രകടമാക്കുകയും ചെയ്യുമ്പോൾ ഞങ്ങൾക്ക് യഹോവയോട് സംരക്ഷണത്തിനായി അപേക്ഷിക്കുവാൻ കഴിയില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി. കാളപ്പോർ ഉപേക്ഷിക്കുവാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.
ഞങ്ങൾ ഈ തീരുമാനം എടുത്ത ഉടനെതന്നെ ഞങ്ങൾ വളരെക്കാലം കാത്തിരുന്ന തെക്കെ അമേരിക്കൻ കരാർ സാക്ഷാത്കരിക്കപ്പെട്ടു. ഒരു വൻതുക സമ്പാദിക്കുവാനുള്ള അവസരം ഞങ്ങളുടെ കൈപ്പിടിയിലായിരുന്നു. എന്നാൽ ഞങ്ങളുടെ തിരഞ്ഞെടുപ്പിൽ ഞങ്ങൾ നിശ്ചയദാർഢ്യമുള്ളവരായിരുന്നു. 1985 ഒക്ടോബർ 3-ന് ഞങ്ങൾ ‘മന്ത്രവാദിനികൾ’ എന്നുള്ള നിലയിൽ ഞങ്ങളുടെ അവസാനത്തെ പ്രകടനം കാഴ്ചവെച്ചു. ഏതാണ്ട് ഒരു വർഷത്തിനുശേഷം ഞങ്ങൾ സ്നാപനമേററു. ഇപ്പോൾ ‘വിശ്വാസത്തിന്റെ നല്ല പോർ പൊരുതുവാൻ’ ഞങ്ങൾ കഠിനമായി യത്നിക്കുന്നു—1 തിമൊഥെയോസ് 6:12.
ഞങ്ങൾ ഇപ്പോഴും കൂട്ടായി തൊഴിൽ ചെയ്യുന്നു; എന്നാൽ ഒരു കാളപ്പോർ കളത്തിലല്ല, മറിച്ച് ഒരു റസ്റേറാറൻറിലാണത്. പ്രശസ്തിയേയും ധനത്തെയുംകാൾ മെച്ചമായ ചിലതു കണ്ടെത്തിയതിനാൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്—സർവശക്തനായ ദൈവവുമായുള്ള ഒരു നല്ല ബന്ധവും ഭാവിയെക്കുറിച്ച് ഉറപ്പുള്ള ഒരു പ്രതീക്ഷയും. ദൈവത്തിന്റെ പുതിയ ലോകത്തിൽ മെരുങ്ങാത്ത കാളകളെ ഞങ്ങൾക്കു തലോടുവാൻ സാധിക്കുന്ന കാലത്തിലേക്ക് ഞങ്ങൾ നോക്കുന്നു; അവിടെ മനുഷ്യനോ മൃഗമോ “യാതൊരു ദോഷമോ നാശമോ ചെയ്യുകയില്ല. . . . എന്തുകൊണ്ടന്നാൽ സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനത്താൽ തീർച്ചയായും നിറക്കപ്പെടും.” (യെശയ്യാവ് 11:9)—പിലാർ വിലാ കാവോയാൽ പറയപ്പെട്ടത്. (g90 7⁄8)
[14-ാം പേജിലെ പിലാർ വിലാ കാവോ, മിലാഗ്രോസ് വിലാ കാവോ, എൽഡാ വിലാ കാവോ എന്നിവരുടെ ചിത്രം]
[15-ാം പേജിലെ പിലാർ വിലാ കാവോ, മിലാഗ്രോസ് വിലാ കാവോ, എൽഡാ വിലാ കാവോ എന്നിവരുടെ ചിത്രം]