അഞ്ച് സാധാരണ മിഥ്യകൾ—അവയാൽ കബളിപ്പിക്കപ്പെടരുത്!
“ആരും അർത്ഥശൂന്യമായ വാക്കുകളാൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ.”a ഈ ഉപദേശം എതാണ്ട് 2,000 വർഷങ്ങൾക്കുമുമ്പ് നൽകപ്പെട്ടതായിരുന്നു, എന്നത്തേയും പോലെ ഇപ്പോഴും സത്യമാണുതാനും. ഇന്ന് നാം പ്രേരണാത്മകശബ്ദങ്ങൾകൊണ്ട് ബുദ്ധിമുട്ടിക്കപ്പെടുകയാണ്: സിനിമാതാരങ്ങൾ സൗന്ദര്യവർദ്ധകവസ്തുക്കൾ വില്പന നടത്തുന്നു, രാഷ്ട്രീയക്കാർ നയങ്ങൾ പ്രചരിപ്പിക്കുന്നു, വില്പനക്കാർ ഉല്പന്നങ്ങൾ വിററഴിക്കുന്നു, പുരോഹിതൻമാർ ഉപദേശം വ്യാഖ്യാനിക്കുന്നു. പലപ്പോഴും പ്രേരണാത്മകശബ്ദങ്ങൾ വഞ്ചാനാത്മകമെന്ന്—അർത്ഥശൂന്യമായ വാക്കുകളേക്കാൾ ഒട്ടും മെച്ചമല്ലെന്ന്—തെളിയുന്നു. എങ്കിലും ആളുകൾ പൊതുവിൽ അവയാൽ എളുപ്പം വഴിതെററിക്കപ്പെടുന്നു.
പലപ്പോഴും ഇത് ആളുകൾ സത്യവും മിഥ്യയും തമ്മിൽ വേർതിരിച്ചറിയാൻ പരാജയപ്പെടുന്നതുകൊണ്ടാണ്. തർക്കശാസ്ത്രവിദ്യാർത്ഥികൾ ഈടുററ ന്യായവാദത്തിന്റെ പാതയിൽനിന്നുള്ള ഏതു വ്യതിചലനത്തെയും വർണ്ണിക്കാൻ “മിഥ്യ” എന്ന പദം ഉപയോഗിക്കുന്നു. ലളിതമായി പറഞ്ഞാൽ ഒരു മിഥ്യ വഴിതെററിക്കുന്നതോ ന്യായമില്ലാത്തതോ ആയ ഒരു വാദഗതിയാണ്, അതിൽ മുൻ പ്രസ്താവനകളുടെ തുടർച്ചയായോ സാഹചര്യങ്ങൾക്കു ചേർച്ചയിലോ നിഗമനം വരുന്നില്ല. എന്നുവരികിലും മിഥ്യകൾ ശക്തമായി പ്രേരണാത്മകമായിരുന്നേക്കാം, എന്തുകൊണ്ടെന്നാൽ അവ ന്യായബോധത്തെയല്ല പിന്നെയോ വികാരങ്ങളെ ശക്തമായി ആകർഷിക്കുന്നു.
വഞ്ചന ഒഴിവാക്കുന്നതിനുള്ള ഒരു താക്കോൽ മിഥ്യയുടെ പ്രവർത്തനങ്ങൾ അറിയുന്നതാണ്. അതുകൊണ്ട് നമ്മുടെ ദൈവദത്തമായ “ചിന്താശക്തി”യെ നിശിതമാക്കുന്നതിന്റെ കാഴ്ചപ്പാടിൽ നമുക്ക് അഞ്ച് സാധാരണ മിഥ്യകൾ ഒന്ന് പരിശോധിച്ചുനോക്കാം.
ഒന്നാം നമ്പർ മിഥ്യ
വ്യക്തിയെ ആക്രമിക്കൽ ഇത്തരം മിഥ്യ പൂർണ്ണമായും ശരിയായ ഒരു വാദഗതിയെ അഥവാ പ്രസ്താവനയെ അത് അവതരിപ്പിച്ച വ്യക്തിയുടെമേലുള്ള അപ്രസക്തമായ ഒരു ആക്രമണത്തിലൂടെ അവമതിക്കാൻ അഥവാ ഖണ്ഡിക്കാൻ ശ്രമിക്കുന്നു.
ബൈബിളിൽനിന്ന് ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. യേശുക്രിസ്തു ഒരിക്കൽ തന്റെ വരാൻപോകുന്ന മരണവും പുനരുത്ഥാനവും സംബന്ധിച്ച് മററുള്ളവരെ പ്രബുദ്ധരാക്കാൻ ശ്രമിച്ചു. ഇവ അവന്റെ ശ്രോതാക്കൾക്ക് പുതിയതും വിഷമംപിടിച്ചതുമായ ആശയങ്ങളായിരുന്നു. എന്നാൽ യേശുവിന്റെ പഠിപ്പിക്കലുകളുടെ ശ്രേഷ്ഠത തൂക്കിനോക്കുന്നതിനു പകരം ചിലർ യേശുവിനെത്തന്നെ ആക്രമിച്ചു, ഇപ്രകാരം പറഞ്ഞുകൊണ്ട്: “അവന് ഒരു ഭൂതമുണ്ട്, ഭ്രാന്തനുമാണ്. നിങ്ങൾ അവനെ ശ്രദ്ധിക്കുന്നതെന്തിന്?”—യോഹന്നാൻ 10:20; പ്രവൃത്തികൾ 26:24, 25 താരതമ്യംചെയ്യുക.
നാം കേൾക്കാൻ ആഗ്രഹിക്കാത്ത എന്തെങ്കിലും ഒരാൾ പറയുമ്പോൾ അയാളെ “മൂഢൻ,” “ഭ്രാന്തൻ,” അഥവാ “വിവരംകെട്ടവൻ” എന്ന് മുദ്രയടിക്കുന്നത് എത്ര എളുപ്പമാണ്. പ്രച്ഛന്നമായ കുത്തുവാക്കുകൊണ്ട് വ്യക്തിയെ ആക്രമിക്കുകയെന്നത് സമാനമായ ഒരു തന്ത്രമാണ്. ഇതിന്റെ ദൃഷ്ടാന്തങ്ങളാണിവ: “നിങ്ങൾക്ക് യഥാർത്ഥത്തിൽ കാര്യം മനസ്സിലായാൽ, ആ വീക്ഷണം നിങ്ങൾക്ക് ഉണ്ടായിരിക്കയില്ല,” അഥവാ “നിങ്ങളോട് അത് വിശ്വസിക്കാൻ പറഞ്ഞിരിക്കുന്നതുകൊണ്ടു മാത്രം അതു വിശ്വസിക്കുന്നു.”
എന്നാൽ വ്യക്തിപരമായ ആക്രമണങ്ങൾ പ്രച്ഛന്നമാണെങ്കിലും അല്ലെങ്കിലും ഭീഷണിപ്പെടുത്തുകയോ വശീകരിക്കുകയോ ചെയ്യാമെന്നിരിക്കെ, അവ ഒരിക്കലും പറഞ്ഞ കാര്യങ്ങൾ തെററാണെന്ന് തെളിയിക്കുന്നില്ല. അതുകൊണ്ട് ഈ മിഥ്യസംബന്ധിച്ച് ജാഗ്രതയുള്ളവരായിരിക്കുക!
രണ്ടാം നമ്പർ മിഥ്യ
പ്രാമാണികനോട് അർത്ഥിക്കൽ വാചാഭീഷണിയുടെ ഈ രൂപം വിദഗ്ദ്ധരോ പ്രശസ്തരോ ആയ ആളുകളായി അറിയപ്പെടുന്നവരുടെ സാക്ഷ്യങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട് സാധിക്കുന്നു. ഉപദേശത്തിനുവേണ്ടി എന്തെങ്കിലും സംബന്ധിച്ച് നമുക്കറിയാവുന്നതിനെക്കാൾ കൂടുതലറിയാവുന്ന ആളുകളിലേക്ക് നോക്കുന്നത് സ്വാഭാവികം മാത്രമാണ്. എന്നാൽ പ്രാമാണികരോടുള്ള അഭ്യർത്ഥനകൾ എല്ലാം ശരിയായ ന്യായബോധത്തിൽ അടിസ്ഥാനപ്പെട്ടതല്ല.
“നിങ്ങൾക്ക് മലമ്പനിയുണ്ട്” എന്ന് നിങ്ങളുടെ ഡോക്ടർ നിങ്ങളോടു പറയുന്നുവെന്നിരിക്കട്ടെ. “ഡോക്ടർ, നിങ്ങൾക്ക് എങ്ങനെയറിയാം?” എന്നതാണ് നിങ്ങളുടെ മറുപടി. അയാൾ ഇപ്രകാരം പറയുന്നത് എത്ര യുക്തിവിരുദ്ധമാണ്: “നോക്കൂ, ഞാൻ ഒരു ഡോക്ടറാണ്. ഈ കാര്യങ്ങളെക്കുറിച്ച് നിങ്ങളെക്കാൾ വളരെക്കൂടുതൽ എനിക്കറിയാം. ഞാൻ പറയുന്നതു വിശ്വസിക്കുക, നിങ്ങൾക്ക് മലമ്പനിയുണ്ട്.” അയാളുടെ രോഗനിർണ്ണയം ശരിയായിരിക്കാമെങ്കിലും, അയാൾ പറയുന്നതുകൊണ്ട് നിങ്ങൾക്ക് മലമ്പനിയുണ്ടെന്നുള്ള ന്യായവാദം മിഥ്യാബോധമാണ്. അയാൾ നിങ്ങളുടെ രോഗലക്ഷണങ്ങളും രക്തപരിശോധനയുടെ ഫലങ്ങളും മററും അടങ്ങുന്ന വസ്തുതകൾ ചർച്ചചെയ്യുന്നത് കൂടുതൽ പ്രയോജനപ്രദമായിരിക്കും.
പ്രാമാണികരോടുള്ള വിരട്ടുന്ന അഭ്യർത്ഥനയുടെ മറെറാരു ദൃഷ്ടാന്തം യോഹന്നാൻ 7:32-49ൽ വർണ്ണിച്ചിരിക്കുന്നു. പോലീസ് ഓഫീസർമാർ യേശുവിനെ അറസ്ററുചെയ്യാൻ അയക്കപ്പെട്ടതായി നാം അവിടെ നിന്ന് മനസ്സിലാക്കുന്നു. എന്നുവരികിലും അവർക്ക് അവന്റെ പഠിപ്പിക്കലിൽ വളരെ മതിപ്പുതോന്നി. അവനെ അറസ്ററുചെയ്യുന്നതിനു പകരം അവർ മേലധികാരികളോട് ഇപ്രകാരം പറഞ്ഞു: “ഒരിക്കലും മറെറാരു മനുഷ്യൻ ഇതുപോലെ സംസാരിച്ചിട്ടില്ല.” ഉത്തരമായി യേശുവിന്റെ ശത്രുക്കൾ പറഞ്ഞു: “നിങ്ങളും തെററിപ്പോയോ? പ്രമാണിമാരിലും പരീശൻമാരിലും ആരും അവനിൽ വിശ്വാസമർപ്പിച്ചിട്ടില്ല, ഉണ്ടോ?” യേശുവിന്റെ പഠിപ്പിക്കലിനെ ഖണ്ഡിക്കാൻ യാതൊരു ശ്രമവും ചെയ്തില്ല എന്നത് കുറിക്കൊള്ളുക. പകരം, യേശു പറഞ്ഞ കാര്യങ്ങളെ അവഗണിക്കാനുള്ള ന്യായമായി മോശയുടെ ന്യായപ്രമാണത്തിൽ “വിദഗ്ദ്ധർ” എന്ന നിലയിൽ യഹൂദനേതാക്കൻമാർ അവരുടെ സ്വന്തം അധികാരത്തെ ആശ്രയിച്ചു.
ത്രിത്വം, ദേഹിയുടെ അമർത്ത്യത, അഗ്നിനരകം എന്നിവപോലുള്ള ഉപദേശങ്ങൾ ബൈബിളിൽനിന്ന് തെളിയിക്കാൻ കഴിയാതെവരുമ്പോൾ ഇന്ന് പുരോഹിതൻമാർ സമാനമായ തന്ത്രങ്ങളിലേക്ക് തിരിയുന്നുവെന്നത് പ്രസിദ്ധമാണ്.
പ്രാമാണികരോടുള്ള ദുർബലമായ അർത്ഥനകൾ പരസ്യത്തിൽ വളരെയധികമാണ്, അവിടെ പ്രസിദ്ധരായ ആളുകൾ തങ്ങൾക്ക് പ്രാവീണ്യമുള്ള മണ്ഡലങ്ങളോട് പുലബന്ധമില്ലാത്ത മണ്ഡലങ്ങളിൽ സാധാരണ സാക്ഷ്യം നൽകുന്നു. ഒരു നല്ല ഗോൾഫ് കളിക്കാരൻ ഫോട്ടോപകർപ്പെടുക്കുന്ന ഒരു യന്ത്രം വാങ്ങാൻ നിങ്ങളെ പ്രോൽസാഹിപ്പിക്കുന്നു. ഒരു ഫുട്ബോൾ കളിക്കാരൻ ഫ്രിഡ്ജ് വാങ്ങാൻ പ്രചോദിപ്പിക്കുന്നു. ഒരു ഒളിംബിക്ക് കായികാഭ്യാസി പ്രഭാതഭക്ഷണത്തിനുള്ള ഒരു ധാന്യം ശുപാർശചെയ്യുന്നു. അത്തരം “പ്രാമാണികർക്ക്” അവർ വിൽക്കുന്ന ഉല്പന്നങ്ങളെ സംബന്ധിച്ച് അല്പമേ അറിയാവൂ എന്നോ ഒട്ടുംതന്നെ അറിയില്ലെന്നോ ഉള്ള സംഗതി അനേകരും ആലോചിക്കുന്നില്ല.
ന്യായമായും വിദഗ്ദ്ധരായിരിക്കുന്നവർപോലും—മററ് ഏതൊരുവനെയുംപോലെ—പക്ഷംപിടിക്കുന്നവരാകാമെന്നതും തിരിച്ചറിയുക. ഉയർന്ന അധികാരപത്രങ്ങളുള്ള ഒരു ഗവേഷകൻ പുകവലി ഹാനികരമല്ലെന്ന് അവകാശപ്പെട്ടേക്കാം. എന്നാൽ അയാളോ അവളോ പുകയിലവ്യവസായത്തിന്റെ ഉദ്യോഗത്തിലാണെങ്കിൽ അത്തരം “വിദഗ്ദ്ധ”സാക്ഷ്യം സംശയിക്കേണ്ടതല്ലേ?
മൂന്നാം നമ്പർ മിഥ്യ
‘ആൾക്കൂട്ടത്തോടു ചേരുക’ ഇവിടത്തെ അപേക്ഷ ജനസമ്മതിയുള്ള വികാരങ്ങളോടും മുൻവിധികളോടും വിശ്വാസങ്ങളോടുമാണ്. ആളുകൾ പൊതുവിൽ പൊരുത്തപ്പെടാൻ ഇഷ്ടപ്പെടുന്നു. നിലവിലുള്ള അഭിപ്രായങ്ങൾക്കെതിരായി സംസാരിക്കുന്നതിനുള്ള ചിന്തയിൽനിന്ന് പിൻവലിയാൻ നാം ചായ്വുകാണിക്കുന്നു. ഭൂരിപക്ഷ അഭിപ്രായം ശരിയെന്ന് വീക്ഷിക്കാനുള്ള ഈ പ്രവണത, ‘ആൾക്കൂട്ടത്തോടു ചേരുക’ എന്ന മിഥ്യാബോധത്തിൽ ഊററമായ ഫലത്തോടെ ഉപയോഗിക്കപ്പെടുന്നു.
ഉദാഹരണത്തിന്, പ്രചാരമുള്ള ഒരു യൂ.എസ്. മാസികയിലെ ഒരു പരസ്യം ഒരു ഗ്ലാസ് റം ആസ്വദിക്കുന്ന പുഞ്ചിരിക്കുന്ന കുറെ ആളുകളെ ചിത്രീകരിച്ചു. ആ ചിത്രത്തോടുകൂടെ ഈ മുദ്രാവാക്യവും ഉണ്ടായിരുന്നു: “സംഭവിക്കുന്നത് അതാണ്. അമേരിക്കയിലുടനീളം ആളുകൾ റമ്മിലേക്കു തിരിയുന്നു.” ഇത് ആൾക്കൂട്ടത്തോടു ചേരാനുള്ള സ്പഷ്ടമായ ഒരു അഭ്യർത്ഥനയാണ്.
മററുള്ളവർ എന്തെങ്കിലും ചിന്തിക്കുകയോ ചെയ്യുകയോ ചെയ്തേക്കാമെന്നിരിക്കെ നിങ്ങൾ അതു ചെയ്യണമെന്ന് അതിനർത്ഥമുണ്ടോ? കൂടാതെ ജനസമ്മതിയുള്ള അഭിപ്രായം അതിൽത്തന്നെ സത്യത്തിന്റെ ആശ്രയയോഗ്യമായ ഒരു അളവുകോലല്ല. കഴിഞ്ഞ നൂററാണ്ടുകളിൽ എല്ലാത്തരം ആശയങ്ങളും സാധാരണയായി അംഗീകരിക്കപ്പെട്ടിരുന്നു, പിൽക്കാലത്ത് തെറെറന്ന് തെളിയിക്കപ്പെടുവാൻമാത്രം. എങ്കിലും ‘ആൾക്കൂട്ടത്തോടു ചേരുക’ എന്ന മിഥ്യാബോധം നിലനിൽക്കുന്നു. ‘അത് എല്ലാവരും ചെയ്യുന്നു!’ എന്ന മുദ്രാവാക്യം മയക്കുമരുന്നുപയോഗിക്കാനും വ്യഭിചാരം ചെയ്യാനും തൊഴിലുടമകളിൽനിന്ന് മോഷ്ടിക്കാനും നികുതിവെട്ടിക്കാനും ആളുകളെ പ്രേരിപ്പിക്കുന്നു.
എല്ലാവരും ആ കാര്യങ്ങൾ ചെയ്യുന്നില്ലെന്നുള്ളതാണ് വസ്തുത. അവർ ചെയ്താൽപോലും അത് നിങ്ങൾ അങ്ങനെ ചെയ്യാനുള്ള ന്യായമല്ല. പുറപ്പാട് 23:2ൽ നൽകപ്പെട്ട ഉപദേശം അങ്ങനെയൊരു നല്ല പെരുമാററച്ചട്ടമായി ഉതകുന്നു: “നിങ്ങൾ ജനക്കൂട്ടത്തെ പിൻപററി തിൻമ ചെയ്യരുത്.”
നാലാം നമ്പർ മിഥ്യ
അതോ ഇതോ എന്ന യുക്തിവാദം ഈ മിഥ്യ തെരഞ്ഞെടുക്കാനുള്ള ഒട്ടനവധി അവസരങ്ങളെ രണ്ടായി ചുരുക്കുന്നു. ഉദാഹരണത്തിന് ഒരു വ്യക്തിയോട് ഇപ്രകാരം പറഞ്ഞേക്കാം: ‘രക്തപ്പകർച്ച സ്വീകരിക്കുക അല്ലെങ്കിൽ നിങ്ങൾ മരിക്കും.’ ഏതു രൂപത്തിലുള്ള ‘രക്തവും വർജ്ജിക്കാനുള്ള’ അവരുടെ ബൈബിളധിഷ്ഠിത തീരുമാനം നിമിത്തം യഹോവയുടെ സാക്ഷികൾ പലപ്പോഴും അത്തരം ന്യായവാദത്തെ നേരിടുന്നു. (പ്രവൃത്തികൾ 15:29) ഈ ന്യായവാദത്തിന്റെ ബലഹീനതയോ? ശരിയായ മററു സാദ്ധ്യതകളെ അതു പുറന്തള്ളുന്നു. പകരംചികിത്സകൾ ഉണ്ടെന്നും മിക്ക ശസ്ത്രക്രിയകളും രക്തംകൂടാതെ വിജയകരമായി ചെയ്യാൻ കഴിയും എന്നും വസ്തുതകൾ പ്രകടമാക്കുന്നു. വിദഗ്ദ്ധരായ ഡോക്ടർമാർ ഏററവും കുറഞ്ഞ രക്തനഷ്ടത്തോടെ ശസ്ത്രക്രിയ നടത്തുന്നു. മറെറാരു സാദ്ധ്യത പ്ലാസ്മായുടെ അളവ് കൂട്ടുന്നതിന് രക്തമല്ലാത്ത ദ്രാവകങ്ങളുടെ ഉപയോഗമാണ്.b അതിനുപുറമേ, അനേകർ രക്തപ്പകർച്ച സ്വീകരിച്ച് മരിച്ചിട്ടുണ്ട്. അതേപ്രകാരം അനേകർ രക്തം നിരസിച്ച് ജീവിച്ചിട്ടുണ്ട്. അങ്ങനെ അതോ ഇതോ എന്ന യുക്തിവാദം പിളർപ്പുണ്ടാക്കുന്ന ഒന്നാണ്.
അതുകൊണ്ട് അതോ ഇതോ എന്ന യുക്തിവാദം അവതരിപ്പിക്കുമ്പോൾ നിങ്ങളോടുതന്നെ ചോദിക്കുക, ‘യഥാർത്ഥത്തിൽ രണ്ടു സാദ്ധ്യതകൾ മാത്രമേ ഉള്ളോ? മററുള്ളവ ഉണ്ടായിരിക്കാൻ ഇടയുണ്ടോ?’
അഞ്ചാം നമ്പർ മിഥ്യ
അമിത ലഘൂകരണം ഇവിടെ ഒരു പ്രസ്താവനയോ വാദഗതിയോ പ്രസക്തമായ പരിഗണനകളെ അവഗണിക്കന്നു, ഒരു സങ്കീർണ്ണ വിഷയമായിരിക്കാവുന്നതിനെ അതിയായി ലഘൂകരിച്ചുകൊണ്ടുതന്നെ.
സങ്കീർണ്ണമായ ഒരു വിഷയം ലളിതമാക്കുന്നതിൽ യാതൊരു തെററുമില്ല—നല്ല ഉപദേഷ്ടാക്കൾ എപ്പോഴും അതു ചെയ്യുന്നു. എന്നാൽ ചിലപ്പോൾ സത്യം വളച്ചൊടിക്കുന്ന അളവോളം ഒരു വിഷയം ലളിതമാക്കപ്പെടുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഇപ്രകാരം വായിച്ചേക്കാം: ‘ത്വരിത ജനസംഖ്യാവർദ്ധനവാണ് വികസ്വരരാജ്യങ്ങളിൽ ദാരിദ്ര്യത്തിനു കാരണം.’ അതിൽ അല്പം സത്യമുണ്ട്, എന്നാൽ അത് രാഷ്ട്രീയ ദുർഭരണവും വ്യാപാര ചൂഷണവും കാലാവസ്ഥയുംപോലെ മററു പ്രധാന കാരണങ്ങൾ അവഗണിക്കുന്നു.
ദൈവവചനമായ ബൈബിളിന്റെ സംഗതിയിലേക്കു വരുമ്പോൾ അമിത ലഘൂകരണം പല തെററിദ്ധാരണകളിൽ കലാശിച്ചിരിക്കുന്നു. ഉദാഹരണത്തിന് പ്രവൃത്തികൾ 16:30, 31ലെ വിവരണം പരിചിന്തിക്കുക. അവിടെ ഒരു ജയിൽ ഉദ്യോഗസ്ഥൻ രക്ഷ സംബന്ധിച്ച് ഒരു ചോദ്യം ചോദിച്ചു. പൗലോസ് ഇപ്രകാരം ഉത്തരം നൽകി: “കർത്താവായ യേശുവിൽ വിശ്വസിക്കുക, നീ രക്ഷിക്കപ്പെടും.” രക്ഷക്ക് വെറുതെ മാനസികമായി യേശുവിനെ അംഗീകരിക്കുന്നതു മതിയെന്ന് അനേകർ നിഗമനത്തിലെത്തിയിരിക്കുന്നു!
ഇത് അമിത ലഘൂകരണമാണ്. നമ്മുടെ മറുവിലക്കാരനെന്ന നിലയിൽ യേശുവിലുള്ള വിശ്വാസം അത്യന്താപേക്ഷിതമാണെന്നുള്ളത് സത്യംതന്നെ. എന്നാൽ യേശു പഠിപ്പിച്ചതും കല്പിച്ചതുമായ കാര്യങ്ങൾ വിശ്വസിക്കുന്നതും ബൈബിൾസത്യങ്ങളുടെ ഒരു പൂർണ്ണഗ്രാഹ്യം നേടുന്നതും ആവശ്യമാണ്. പൗലോസും ശീലാസും തുടർന്ന് “[ജയിലറോടും] അയാളുടെ ഭവനത്തിലുള്ള എല്ലാവരോടും യഹോവയുടെ വചനം സംസാരിച്ചു.” (പ്രവൃത്തികൾ 16:32) രക്ഷയിൽ അനുസരണവും ഉൾപ്പെടുന്നു. യേശു “തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ ഉത്തരവാദിയായിത്തീർന്നു” എന്ന് എഴുതിയപ്പോൾ പൗലോസ് പിന്നീട് ഇത് പ്രകടമാക്കി.—എബ്രായർ 5:9.
ഒരു പുരാതന സദൃശവാക്യം പറയുന്നു: “അനുഭവപരിചയമില്ലാത്തവൻ ഏതു വാക്കും വിശ്വസിക്കുന്നു, എന്നാൽ പ്രായോഗികവീക്ഷണമുള്ളവൻ തന്റെ കാലടികൾ സൂക്ഷിക്കുന്നു.” (സദൃശവാക്യങ്ങൾ 14:15) അതുകൊണ്ട് മിഥ്യാബോധങ്ങൾക്ക് വശംവദരാകരുത്. പറഞ്ഞ കാര്യങ്ങൾ സംബന്ധിച്ച ന്യായമായ ആക്രമണങ്ങളും വ്യക്തിത്വങ്ങളുടെമേലുള്ള വിലകെട്ട ആക്രമണങ്ങളും തമ്മിൽ വേർതിരിക്കാൻ പഠിക്കുക. “പ്രാമാണികരോ”ടുള്ള ദുർബലമായ അർത്ഥനകളാലും ‘ആൾക്കൂട്ടത്തോടു ചേരാ’നുള്ള പ്രേരണകളാലും അതോ ഇതോ എന്ന യുക്തിവാദത്താലും അമിത ലഘൂകരണത്താലും കബളിപ്പിക്കപ്പെടരുത്—വിശേഷിച്ചും മതസത്യം പോലെ ജീവൽപ്രധാനമായ എന്തെങ്കിലും ഉൾപ്പെട്ടിരിക്കുമ്പോൾ. എല്ലാ വസ്തുതകളും പരിശോധിക്കുക, അല്ലെങ്കിൽ ബൈബിൾ പറയുന്ന പ്രകാരം “സകലവും നിശ്ചയപ്പെടുത്തുക.”—1 തെസ്സലോനീക്യർ 5:21. (g90 5⁄22)
[അടിക്കുറിപ്പുകൾ]
a ബൈബിളിൽ എഫേസ്യർ 5:6-ൽനിന്നെടുത്തത്
b വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച യഹോവയുടെ സാക്ഷികളും രക്തപ്രശ്നവും എന്ന ചെറുപുസ്തകം കാണുക.