യുവജനങ്ങൾ ചോദിക്കുന്നു...
എനിക്ക് ഇത്ര അരക്ഷിതത്വം തോന്നുന്നതെന്തുകൊണ്ട്?
“ഞാൻ ആളുകളുടെയിടയിൽ ആയിരിക്കുമ്പോൾ, ഞാൻ കാണപ്പെടുന്നവിധവും ഞാൻ എന്തു പറയുന്നുവെന്നതും ഞാൻ പ്രവർത്തിക്കുന്ന വിധവും മറെറാരാൾ എന്നെക്കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നതും സംബന്ധിച്ച് എപ്പോഴും ഉത്ക്കണ്ഠപ്പെടുന്നു. ഞാൻ എല്ലാ സമയത്തും അരക്ഷിതയാണ്.”—പതിനേഴുവയസ്സുകാരി ആൻജെലിക്കാ.
നിങ്ങൾ യഥാർത്ഥത്തിൽ ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യം ചെയ്യുന്നതിൽ നിന്ന് പരാജയഭീതി നിങ്ങളെ മാററി നിർത്തുന്നുവോ? നിങ്ങൾ മററുള്ളവരുടെ വിജയങ്ങളിൽ അസൂയയുള്ളവരാണോ? മററുള്ളവർ നിങ്ങളെക്കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നതു സംബന്ധിച്ച് നിങ്ങൾ വളരെയധികം പ്രയാസ്സപ്പെടുന്നുണ്ടോ? നിങ്ങൾക്ക് പുതിയ ആളുകളെ അഭിമുഖീകരിക്കുന്നതിൽ അസ്വസ്ഥതയുണ്ടോ? നിങ്ങൾ വിമർശിക്കപ്പെടുമ്പോൾ തളർന്നുപോകുന്നുവോ? എങ്കിൽ നിങ്ങളും ഒരു പക്ഷേ അരക്ഷിതത്വത്തിന്റെ വേദന അനുഭവിച്ചുകൊണ്ടിരിക്കുന്നു. കേവലം ആ വിചാരങ്ങൾ എവിടെ നിന്നു വരുന്നു? നിങ്ങൾക്കെങ്ങനെ അവയെ തരണം ചെയ്യാൻ കഴിയും?
ചെറുപ്പവും വികാരങ്ങളെ വ്രണപ്പെടുത്താൻ പര്യാപ്തവും
ഒന്നാമത്, അരക്ഷിതത്വത്തിന്റെ വിചാരങ്ങൾ ലോകവ്യാപകമായുള്ളതാണെന്ന് തിരിച്ചറിയുക. നാമെല്ലാം അപൂർണ്ണതയിൽ ജനിച്ചവരും അതുകൊണ്ട് പലപ്പോഴും കുറവുള്ളവരും വിലയില്ലാത്തവർപോലും എന്നു വിചാരിക്കാൻ ചായ്വുള്ളവരുമാണ്. (യാക്കോബ് 3:2; റോമർ 7:21-24 താരതമ്യപ്പെടുത്തുക. അതിലുപരി നിങ്ങൾ ചെറുപ്പവും അനുഭവപരിചയം കുറഞ്ഞവരുമാണ്. അപരിചിതമായ സന്ദർഭങ്ങളിലും അല്ലെങ്കിൽ നിങ്ങൾക്ക് തികച്ചും പുതുതായ ഏതെങ്കിലും കാര്യം ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടുമ്പോഴും നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയെന്നത് സ്വാഭാവികം മാത്രമാണ്.
ദൃഷ്ടാന്തത്തിന്, യുവാവായിരുന്ന യിരെമ്യാവിനെ ദൈവത്തിന്റെ പ്രവാചകനായി നിയമിച്ചപ്പോൾ അവന്റെ വിചാരമെന്തായിരുന്നു എന്ന് ബൈബിൾ നമ്മോടു പറയുന്നു. തന്റെ 20കളിൽ നല്ലനിലയിലായിരുന്നുവെങ്കിലും യിരെമ്യാവിന് ഈ നിയമനം നിർവഹിക്കുന്നതു സംബന്ധിച്ച് അസ്വസ്ഥത അനുഭവപ്പെട്ടു, അവൻ, “ഞാൻ ഒരു ശിശുമാത്രമാണ്” എന്നു പറഞ്ഞുകൊണ്ട് ഒഴികഴിവു പറഞ്ഞു. (യിരെമ്യാവ് 1:6) പ്രത്യക്ഷത്തിൽ യുവാവായിരുന്ന തിമൊഥെയോസും അപര്യാപ്തനെന്ന് വിചാരിച്ചു. അവനെ തന്റെ അരക്ഷിതബോധത്തെ തരണം ചെയ്യുന്നതിന് സഹായിക്കാൻ അപ്പോസ്തലനായ പൗലോസ് ഋജുവായ ബുദ്ധിയുപദേശം കൊടുക്കേണ്ടതുണ്ടായിരുന്നു.—1 തിമൊഥെയോസ് 4:11-16; 2 തിമൊഥെയോസ് 1:6, 7.
ടോക്കിംഗ് വിത്ത് യുവർ ററീനേജർ എന്ന പുസ്തകം, യുവജനങ്ങൾ, “നിർവചനത്താൽ അങ്ങേയററം വികാരങ്ങളെ വ്രണപ്പെടുത്താൻ കഴിയുന്ന അവസ്ഥയിലാണ്. . . . അവർ എങ്ങനെ കാണപ്പെടുന്നുവെന്നതും എന്തു പറഞ്ഞിരിക്കുന്നുവെന്നതും തങ്ങൾ ജനപ്രീതിയുള്ളവരാണോ അല്ലെങ്കിൽ സ്നേഹിക്കപ്പെടുന്നവരാണോ എന്നിവ സംബന്ധിച്ചും ഉത്ക്കണ്ഠകളുണ്ട്. . . . അവർ ആത്മാഭിമാനികളും എളുപ്പം അമ്പരിപ്പിക്കാവുന്നവരും അവമാനിതരാകുന്നവരും ആണ്.” അവർക്ക് മിക്കപ്പോഴും “തങ്ങൾ ആരാണെന്നതു സംബന്ധിച്ച് ഒരു ഉറപ്പുമില്ല.” ഇത് എന്തുകൊണ്ടാണ്?
യുവാക്കൾ ശീഘ്രമായ ശാരീരിക വളർച്ചയുടെയും മാററത്തിന്റെയും കാലഘട്ടത്തിന്റെ മദ്ധ്യത്തിലാണെന്നതാണ് ഒരു കാരണം. “[ഒരു യുവാവിന്റെ] നിയന്ത്രണത്തിനതീതമായ ഈ മാററങ്ങൾ തീവ്രതരവും ആവശ്യപ്പെടുന്നതും ഭയജനകവുമാണ് . . . [ഒരു] കൗമാരപ്രായക്കാരന് തുരങ്കത്തിന്റെ അവസാനത്തിങ്കലെ വെളിച്ചം കാണാൻ കഴിയുകയില്ല, അടുത്തതായി എന്താണ് വരുന്നതെന്നതു സംബന്ധിച്ച് ഒരു ഗ്രാഹ്യവുമില്ല. സ്വാഭാവികമായി നിയന്ത്രണത്തിന്റെ ഈ അഭാവം അരക്ഷിതത്വത്തിനും സമ്മർദ്ദത്തിനും ഇടയാക്കുന്നു” എന്ന് ഡോ. ബെററി ബി. യംഗ്സ് നിരീക്ഷിക്കുന്നു.
സ്നേഹിതരുടെയും കുടുംബത്തിന്റെയും സ്വാധീനം
മറെറാരു ഘടകം നിങ്ങളുടെ കുടുംബ സാഹചര്യങ്ങളാണ്. മാതൃകാപരമായി, കുടുംബം ആത്മീയ മാർഗ്ഗദർശനത്തിന്റെയും വൈകാരിക പിന്തുണയുടെയും ഉറവിടമായി സേവിക്കുന്നു. (എഫേസ്യർ 6:1-4) ബൈബിൾ മാതാപിതാക്കളോട് ഇങ്ങനെ കൽപ്പിക്കുകപോലും ചെയ്യുന്നു: “പിതാക്കൻമാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുത്.”—കൊലോസ്യർ 3:21.
ഖേദകരമെന്നു പറയട്ടെ, ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ തുടർച്ചയായി അവസാനമില്ലാത്ത വിമർശനത്തിന് അടിപ്പെടുത്തിക്കൊണ്ട്, ആവശ്യമായ അഭിനന്ദനവും പ്രീതിയും നൽകാതെ അവരെ പ്രകോപിപ്പിക്കുകതന്നെ ചെയ്യുന്നു. മനഃശാസ്ത്രജ്ഞനായ എലാനർ എസ്. ഫീൽഡ് ഇപ്രകാരം വിശദീകരിക്കുന്നു: “മാതാപിതാക്കളുടെ വിമർശനത്തിന് മിക്കപ്പോഴും ആഴമായി പതിക്കുന്ന അരക്ഷിതത്വത്തിലേക്കു നയിക്കാൻ കഴിയും. . . . നിങ്ങൾക്ക് ഒരു കൗമാരപ്രായക്കാരൻ എന്ന നിലയിൽ എന്നിട്ടും [നിഷേധാത്മക] സന്ദേശമാണ് ലഭിക്കുന്നതെങ്കിൽ അത് നിങ്ങളുടെ അരക്ഷിതത്വത്തിന്റെ വികാരങ്ങളെ പരിപോഷിപ്പിക്കുകയേയുള്ളു.”
നിങ്ങൾ നോക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്ന വിധത്തെ തുടർച്ചയായി വിമർശിച്ചുകൊണ്ടോ പരിഹസിച്ചുകൊണ്ടോ നിങ്ങളുടെ സഹപാഠികൾക്കും നിങ്ങളുടെ ആത്മവിശ്വാസത്തെ തകർക്കാൻ കഴിയും. നിങ്ങൾ, “ലോകത്തിന്റെ ഭാഗമായിരിക്കരുത്” എന്ന യേശുവിന്റെ കൽപ്പന അനുസരിക്കുന്നുവെങ്കിൽ നിങ്ങൾ വിശേഷാൽ അത്തരം വിമർശനത്തിന് പാത്രീഭൂതരായിത്തീരും. (യോഹന്നാൻ 17:16) “അത് നിഷ്ഫലമാണ്!” എന്ന് 15 വയസ്സുകാരനായ ആൻഡ്രു വിശദീകരിച്ചു. “നിങ്ങൾ അതിൽ അനുരൂപനാകാൻ ശ്രമിക്കുകയാണ്, എന്നാൽ നിങ്ങൾ അതിനോട് ചേർന്നുപോകാതിരിക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ ഭ്രഷ്ടൻ ആകാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ നിങ്ങൾ ബൈബിൾ തത്വങ്ങൾക്കനുസരണമായി നിലനിൽക്കാൻ ശ്രമിക്കുകയാണ്.” ഒരു 15 വയസ്സുകാരി പെൺകുട്ടി ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇതു കഠിനമാണ്, എന്തുകൊണ്ടെന്നാൽ നിങ്ങൾ ഒരു ചിത്തഭ്രമം പിടിപെട്ടവനാണ് എന്ന് മററു കുട്ടികൾ പറയുന്നതിന് നിങ്ങൾ ആഗ്രഹിക്കുന്നില്ല. ആളുകൾ തങ്ങളെ ഇഷ്ടപ്പെടണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു.” ഒരു ഉചിതമായ സമനില കാത്തുസൂക്ഷിക്കുന്നത് ഒരു യഥാർത്ഥ പോരാട്ടമായിരിക്കാൻ കഴിയും. അത് നിങ്ങളെ അരക്ഷിതബോധമുള്ളവനായി വിട്ടേക്കാം.
എന്നാൽ, ചിലപ്പോൾ അരക്ഷിതബോധം സ്വയംകൃതമായിരിക്കാം. “ഞാൻ മററാളുകളുടെ കൂടെയായിരിക്കുമ്പോൾ എനിക്ക് യാതൊന്നും നന്നായി ചെയ്യാൻ അറിഞ്ഞുകൂടാത്തതിനാൽ ഞാൻ ഒന്നുമല്ലാത്തവനേപ്പോലെ എനിക്കു തോന്നുന്നു. അതുകൊണ്ട് എനിക്ക് വളരെയധികം അരക്ഷിതത്വം അനുഭവപ്പെടുന്നു” എന്ന് ഒരു 17 വയസ്സുകാരൻ സമ്മതിച്ചുപറഞ്ഞു. അത്തരം വികാരങ്ങൾ മററുള്ളവരോട് തങ്ങളേത്തന്നെ അനുചിതമായി താരതമ്യപ്പെടുത്തുന്നതിന്റെ ഫലമായിരുന്നേക്കാം.
അരക്ഷിതബോധത്തിനെതിരായ പോരാട്ടം
അവയുടെ കാരണങ്ങൾ എന്തുതന്നെയായിരുന്നാലും അരക്ഷിതബോധം കേവലം വളർച്ചയുടെ ഒരു ഭാഗമാണ്, പൂർണ്ണമായി ഒരിക്കലും അപ്രത്യക്ഷമാകാതിരുന്നേക്കാം.a ആകാരമോ മാന്യതയോ കഴിവുകളോ സംബന്ധിച്ചുള്ള അനുചിതമായ ഉത്ക്കണ്ഠക്ക് ഒരുവൻ പതംവന്ന പ്രായപൂർത്തിയായവനായശേഷവും ഒരുവന്റെ ആത്മവിശ്വാസത്തെ തുടർച്ചയായി ഇളക്കാൻ കഴിയും.
അനേകം യുവാക്കൾ വ്യാജമായ വീരവാദത്തിന്റെ പ്രകടനങ്ങളാലോ ക്ഷോഭജനകമായ വസ്ത്രധാരണത്താലോ മത്സരത്താലോ തങ്ങളുടെ ആത്മവിശ്വാസക്കുറവിനെ മൂടുന്നതിന് ശ്രമിക്കുന്നു. എന്നാൽ നിങ്ങൾക്ക് അരക്ഷിതബോധം ഉണ്ടാകുമ്പോൾ ആ സമയത്തെ അഭിമുഖീകരിക്കുന്നതിന് വളരെ മെച്ചപ്പെട്ട വിധങ്ങൾ ഉണ്ട്.
നിങ്ങളുടെ നിർമ്മാണാത്മകമായ ഗുണങ്ങളെ അംഗീകരിക്കുക: നിങ്ങൾക്ക് പൂർണ്ണതയുള്ള ആകാരമോ ശാരീരിക പ്രാപ്തിയോ ഇല്ലായിരിക്കാം, എന്നാൽ നിങ്ങൾ ക്രിസ്തീയ ഗുണങ്ങളായ “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, എളിമ, ആത്മനിയന്ത്രണം” എന്നിവ വളർത്തിയെടുത്തിട്ടുണ്ടായിരിക്കാം. (ഗലാത്യർ 5:22, 23) ഈ ഗുണങ്ങൾ അനന്തമായി ഏതൊരു ശാരീരിക ഗുണങ്ങളെക്കാളും കൂടുതൽ മൂല്യവത്താണ്, നിങ്ങൾക്ക് ദൈവത്തിന്റെ അംഗീകാരം ലഭിക്കുന്നതിന് സഹായകമാകാൻപോലും കഴിയും.
നീതിരഹിതമായ താരതമ്യങ്ങൾ ഒഴിവാക്കുക: ഐക്യനാടുകളുടെ 32-ാമത്തെ പ്രസിഡണ്ടിന്റെ ഭാര്യ, എലിനർ റൂസ്വെൽററ് ഒരിക്കൽ പറഞ്ഞപ്രകാരം: “നിങ്ങളുടെ അനുവാദം കൂടാതെ ആർക്കും നിങ്ങൾ താഴ്ന്നതരക്കാരനാണെന്ന വിചാരം നിങ്ങളിൽ ഉണ്ടാക്കാൻ കഴിയുകയില്ല.” ഗലാത്യർ 6:4 ഇപ്രകാരം പറഞ്ഞുകൊണ്ട് നല്ല ഉപദേശം നൽകുന്നു: “ഓരോരുത്തൻ തന്റെ സ്വന്തം പ്രവൃത്തി എന്തെന്ന് തെളിയിക്കട്ടെ, അപ്പോൾ അവന് തന്റെ സ്വന്തമായതിനെസംബന്ധിച്ചു മാത്രം സന്തോഷിക്കാൻ ഇടയാകും, മററു വ്യക്തികളോടുള്ള താരതമ്യത്തിലല്ല.”
മററാർക്കെങ്കിലും കൂടുതൽ സൗന്ദര്യമുള്ളതോ മെച്ചപ്പെട്ട വസ്ത്രങ്ങളുള്ളതോ നിങ്ങളെക്കാൾ ചുറുചുറുക്കുള്ളതോ അയാളെ അല്ലെങ്കിൽ അവളെ നിങ്ങളെക്കാൾ മെച്ചപ്പെട്ട വ്യക്തിയാക്കിത്തീർക്കുമോ? ബാഹ്യമായ ഭാവങ്ങൾക്ക് ദൈവമുമ്പാകെ കുറഞ്ഞ വിലയേയുള്ളു എന്നതാണു സത്യം. ബൈബിൾ പറയുന്നു: “. . . മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.”—1 ശമൂവേൽ 16:7.
അസൂയയുടെ കെണിയെ ഒഴിവാക്കുക: “അസൂയ അസ്ഥികൾക്ക് ദ്രവത്വമാകുന്നു” അത് അരക്ഷിതത്വത്തെ ഉളവാക്കുന്നു. (സദൃശവാക്യങ്ങൾ 14:30) പകരം, “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കാൻ” പഠിക്കുകയും അവരുടെ നേട്ടങ്ങളിൽ യഥാർത്ഥമായി സന്തോഷിക്കുകയും ചെയ്യുക. (റോമർ 12:15) നിങ്ങൾ അങ്ങനെ ചെയ്യുന്നെങ്കിൽ മററുള്ളവർ നിങ്ങളുടെ വിജയങ്ങളിൽ നിഷേധാത്മകമായ അഭിപ്രായങ്ങൾ പറയുന്നതിന് വളരെക്കുറച്ചു ചായ്വേ കാണിക്കയുള്ളു.
മററാളുകളുമായി ഇടപെടുക: ഡോ. അല്ലൻ ഫ്രോമി, “സ്വന്തമായി ഒരു നല്ല പ്രതിച്ഛായയുള്ള ആളുകൾ ഒരു തരത്തിലുള്ള സമാധാനം ആസ്വദിക്കുന്നു, എന്തുകൊണ്ടന്നാൽ അവർ മററുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു . . . തങ്ങളെക്കുറിച്ചു കുറഞ്ഞ ബോധ്യമുള്ളവർ സ്വയം തടവിലാക്കപ്പെടുന്നവരാണ്. അവർ തങ്ങളുടെ സ്വന്തം അഭിജ്ഞതയാൽ പൂട്ടപ്പെട്ടിരിക്കുന്നു.” “നിങ്ങളുടെ തന്നെ കാര്യങ്ങളിലുള്ള വ്യക്തിപരമായ താൽപര്യത്തിൽ മാത്രമല്ല പിന്നെയോ മററുള്ളവരുടെ വ്യക്തപരമായ താൽപര്യങ്ങളിലും ശ്രദ്ധപതിപ്പിച്ചു”കൊണ്ട് ആ തടവറയിൽനിന്ന് രക്ഷപ്പെടുക. (ഫിലിപ്യർ 2:4) നിങ്ങൾ മററുള്ളവരോട് കൂടുതൽ ഇടപെടുമ്പോൾ നിങ്ങളുടെ തന്നെ അരക്ഷിതബോധത്തെക്കുറിച്ച് കുറച്ചു ഉത്ക്കണ്ഠയേ ഉണ്ടായിരിക്കയുള്ളു.
സ്തംബ്ധരാവാതെ വിമർശനത്തെ സ്വീകരിക്കുക: “ആളുകൾ പറഞ്ഞേക്കാവുന്ന എല്ലാ വാക്കുകൾക്കും ഹൃദയം കൊടുക്കാതിരിക്കുക,” വിശേഷിച്ച് അവർ നിങ്ങളെ കൊച്ചാക്കുമ്പോൾ. (സഭാപ്രസംഗി 7:21) നേരേമറിച്ച് വിമർശനം ന്യായാനുസൃതമാണെങ്കിൽ അത് ബാധകമാക്കാനുള്ള മാർഗ്ഗം കണ്ടെത്തുക. “ജ്ഞാനിയായ ഒരാൾ ശ്രദ്ധിക്കുകയും കൂടുതൽ പ്രബോധനം കൈക്കൊള്ളുകയും ചെയ്യും . . . ജ്ഞാനവും ശിക്ഷണവും ഭോഷൻമാർ നിരസിക്കുന്നു.” (സദൃശവാക്യങ്ങൾ 1:5, 7, NW) നിങ്ങൾ ഒരു വശത്ത് കുറവു പ്രകടമാക്കിയേക്കാം, എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ അത് നിങ്ങളെ പരാജയപ്പെടുത്തുകയില്ല.
എന്നാൽ, വിമർശനം നിങ്ങളുടെ മാതാപിതാക്കളിൽനിന്നാണു വരുന്നതെങ്കിലെന്ത്? തങ്ങളുടെ കുട്ടികൾക്ക് ശിക്ഷണം കൊടുക്കുകയെന്നത് മാതാപിതാക്കളുടെ ജോലിയാണ്. (എഫേസ്യർ 6:4) അത് അമിതം, നീതിരഹിതം, അവമാനകരം എന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഒരുപക്ഷേ നിങ്ങൾക്ക് മാതാപിതാക്കളുമായി കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് ഒരു ശാന്തമായ സമയം തിരഞ്ഞെടുക്കാനും അവരുടെ വാക്കുകൾ നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് അവരെ അറിയിക്കാനും കഴിയും.
യഥാർത്ഥമായ ലാക്കുകൾ വെക്കുക: നിങ്ങൾ ഒരു നല്ല വിദ്യാർത്ഥിയായിരിക്കുന്നതിന് യാത്രാമംഗളപ്രസംഗം നടത്തുന്നയാളായിരിക്കുകയോ കളികൾ ആസ്വദിക്കുന്നതിന് ഒരു ഒളിമ്പിക്ക് കളിക്കാരനായിരിക്കുകയോ ചെയ്യേണ്ടയാവശ്യമില്ല. “താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു,” താഴ്മ ഒരുവന്റെ പരിമിതികൾ സംബന്ധിച്ച് അറിവുള്ളവനായിരിക്കുന്നത് ആവശ്യമാക്കിത്തീർക്കുന്നു. (സദൃശവാക്യങ്ങൾ 11:2) എന്നിരുന്നാലും പാരാജയഭീതിയാൽ നിങ്ങളുടെ ലാക്കുകൾ വളരെയധികം താഴ്ത്തി വെക്കരുത്. പരാജയത്തിന് പഠിക്കുന്നതിനുള്ള ഒരു ഉപാധിയായി സേവിക്കാൻ കഴിയും. എന്തായാലും, നിങ്ങൾ വീഴുന്നതിനുള്ള ചായ്വിനെ തരണം ചെയ്തുകൊണ്ടാണ് നടക്കാൻ പഠിച്ചത്!
വ്യത്യസ്തനായിരിക്കുന്നതിന് ഭയപ്പെടരുത്: സ്നേഹിതർ തങ്ങളുടെ സംസാരവും വസ്ത്രവും തലമുടിയുടെ സ്റൈറലും നിയന്ത്രിക്കുന്നതിന് അനുവദിക്കുന്ന യുവാക്കൾ അടിമകളേക്കാൾ അല്പംമാത്രം ഉയർന്നവരാണ്. (റോമർ 6:16) നിങ്ങൾ അതിനുപകരം “യഹോവക്ക് അടിമകളായിരി”ക്കുക. (റോമർ 12:11) ശരിയായതു ചെയ്യുന്നതിനുവേണ്ടി പരിഹസിക്കപ്പെടുകയാണെങ്കിൽ നിങ്ങളുടെ ധൈര്യപൂർവകമായ പ്രവൃത്തികൾ ദൈവത്തിന്റെ ഹൃദയത്തിനു സന്തോഷം കൈവരുത്തുമെന്നറിയുന്നതിനാൽ ആശ്വാസം കണ്ടെത്തുക.—സദൃശവാക്യങ്ങൾ 27:11.
ഈ നിർദ്ദേശങ്ങൾ നിസംശയമായി സഹായിക്കും. എന്നാൽ സുരക്ഷിതത്വത്തിന്റെ ഒരു അനുഭവം ഒററരാത്രികൊണ്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കരുത്. ക്ഷമയുള്ളവരായിരിക്കുക. തടസ്സങ്ങൾ പ്രതീക്ഷിക്കുക, സ്വാനുകമ്പയിൽ ഉൾപ്പെടാതിരിക്കാൻ പരിശ്രമിക്കുകയും ചെയ്യുക. ക്രമേണ നിങ്ങൾ എന്നത്തേതിലും കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്നതായി കണ്ടെത്തും. (g90 4/22)
[അടിക്കുറിപ്പുകൾ]
a ഗൗരവതരമായ വാക്കുകളുടെ ദുർവിനിയോഗമോ ലൈംഗിക ദുർവിനിയോഗമോ ഉണർത്തിയതിൽനിന്നുളവായ അരക്ഷിതബോധത്തെക്കുറിച്ചല്ല ഞങ്ങൾ ചർച്ച ചെയ്യുന്നത്. ഇവിടെ ചർച്ചചെയ്തിരിക്കുന്ന തത്വങ്ങളിൽ ചിലത് സഹായകരമാണെന്ന് തെളിഞ്ഞേക്കാമെന്നിരിക്കെ, വിവിധതരത്തിലുള്ള ദുർവിനിയോഗത്തിന്റെ ഇരകൾക്ക് അത്തരം ദുഷ്പെരുമാററത്തിൽനിന്നുളവായ വൈകാരികവ്രണങ്ങൾ സുഖപ്പെടുന്നതിന് വളരെയധികം ക്ഷമാപൂർവകമായ സഹായം ആവശ്യമായിരുന്നേക്കാം.
[25-ാം പേജിലെ ചിത്രം]
മാതാപിതാക്കൾക്ക് പ്രശംസ നൽകുന്നതിൽനിന്ന് പിൻവാങ്ങിനിൽക്കുന്നതിനാലും അമിതവിമർശകരായിരിക്കുന്നതിനാലും അരക്ഷിതത്വം ഉളവാക്കാൻ കഴിയും