ലോകത്തെ വീക്ഷിക്കൽ
എയ്ഡ്സ് രോഗികൾ കേസ് കൊടുക്കുന്നു
ആസ്ത്രേലിയായിലെ ആശുപത്രികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കുമെതിരെ എയ്ഡ്സ്രോഗികൾ കേസ് കൊടുക്കുകയാണ്. രക്തപ്പകർച്ചയോടു ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ചുള്ള ഉദാസീനതയോ ആവശ്യമായ മുന്നറിയിപ്പുകളുടെ അഭാവമോ നിമിത്തമാണ് തങ്ങൾക്ക് മാരകമായ ഈ രോഗം പിടിപെട്ടതെന്ന് രോഗികൾ അവകാശപ്പെടുന്നു. കൂടാതെ, രക്തപ്പകർച്ചക്കു പകരം ഉപയോഗിക്കാമായിരുന്ന ചികിത്സകളുടെ ലഭ്യതയെക്കുറിച്ച് തങ്ങൾക്ക് ഒരിക്കലും അറിവുനൽകിയിരുന്നില്ലെന്നും അവർ കുററപ്പെടുത്തുന്നു. ഇന്നോളം ഏററവുമധികം പ്രസിദ്ധി കൊടുക്കപ്പെട്ടിരിക്കുന്നത് ഈ രോഗംനിമിത്തം മരണത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്ന 16 വയസ്സുള്ള ഒരു ഹിമോഫീലിയാ രോഗിക്കാണ്. എന്നാൽ വേറെ 31 രോഗികൾ ഒരു കൂട്ടമായി സംഘടിച്ച് കേസ് കൊടുത്തിരിക്കുകയാണ്. 16 വയസ്സുകാരന്റെ പ്രസ്താവന സുപ്രീം കോടതിയിൽ വായിക്കപ്പെട്ടു. അവൻ ഭാഗികമായി ഇങ്ങനെ പറഞ്ഞു: “അത് അവസാനത്തെ പേജ് കീറിക്കളഞ്ഞ ഒരു കഥപ്പുസ്തകം പോലെയാണ്—സന്തോഷകരമായ സമാപ്തിയില്ല.” (g90 4⁄8)
സോവ്യറ്റ് മതപുനരുജ്ജീവനം
പ്രസിഡണ്ട് മീഖായേൽ ഗോർബച്ചേവ് പറയുന്നതനുസരിച്ച് “ദീർഘനാളായി മതത്തെ ത്യജിച്ചിരുന്നതിൽ സോവ്യററ് യൂണിയന് തെററുപററിയിരുന്നു, മതത്തിന്റെ ധാർമ്മികശക്തി ഇപ്പോൾ ആവശ്യമാണ്” എന്ന് ദി ന്യൂയോർക്ക് റൈറംസ് പറയുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞതായി അത് ഉദ്ധരിച്ചു: “മതം നൂററാണ്ടുകളായി ഉളവാക്കിയിട്ടുള്ളതും രൂപം കൊടുത്തിട്ടുള്ളതുമായ ധാർമ്മികമൂല്യങ്ങൾക്ക് ഞങ്ങളുടെ രാജ്യത്തിന്റെ നവീകരണവേലയിലും സഹായിക്കാൻ കഴിയും. യഥാർത്ഥത്തിൽ ഇത് ഇപ്പോൾത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ദി വാൾസ്ത്രീററ് ജേണലിലെ ഒരു റിപ്പോർട്ട് ഇതിനോടു യോജിക്കുന്നു: “വിശേഷാൽ മതഭക്തരല്ലാത്ത ആളുകളുടെ ഇടയിൽപോലും ജനതയുടെ ധാർമ്മികനിഷ്ഠകളിലെ അധഃപതനത്തെക്കുറിച്ചു വിലപിക്കുന്നതും മതം ആളുകളെ മയക്കുന്ന കറുപ്പാണെന്നുള്ള മാർക്സിസ്ററ് ലനിനിസ്ററ് വീക്ഷണത്തെ പുച്ഛിക്കുന്നതും ഇപ്പോൾ സാധാരണമാണ്.” ഈ മാററം ദേശവ്യാപകമായ ഒരു സഭാപുനരുജ്ജീവനത്തെ ജ്വലിപ്പിച്ചിട്ടുണ്ടെങ്കിലും പുസ്തകങ്ങളുടെ പുസ്തകത്തിന്റെ ദൗർലഭ്യം ഭയങ്കരമാണ്.” “ഔദ്യോഗികമായി നിരീശ്വരത്വം പ്രസംഗിക്കുന്ന ഒരു ഗവൺമെൻറിനാൽ” നിയന്ത്രിക്കപ്പെടുന്ന സോവ്യററ് പുസ്തക പ്രസാധകർ ആവശ്യത്തെ നേരിടുന്നതിന് ബൈബിൾ അച്ചടിച്ചിരുന്നില്ല. കരിഞ്ചന്തയിൽ പ്രതികൾ കണ്ടെത്താൻ കഴിയുമെങ്കിൽ, ഒന്നിന് 1,600 രൂപയാണ് വില. ബൈബിൾമോഷണവും റിപ്പോർട്ട്ചെയ്യപ്പെട്ടിട്ടുണ്ട്. (g90 3⁄22)
മാരകമായ ആസക്തി
“ഓരോ 13 മിനിററിലും പുകയിലയാൽ വരുത്തപ്പെട്ട രോഗത്തിൽനിന്ന് ആരെങ്കിലും മരിക്കുന്നു”വെന്ന് യു.എൻ. ക്രോണിക്കിൾ റിപ്പോർട്ടുചെയ്യുന്നു. “യാഥാസ്ഥിതിക കണക്കുകൾ പുകയിലമരണം ഓരോ വർഷവും 25 ലക്ഷമാണെന്ന് പറയുന്നു.” മിക്ക രാജ്യങ്ങളിലും, പുകവലിക്കുന്ന സ്ത്രീകളുടെ എണ്ണം സത്വരം വർദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ശ്വാസകോശ കാൻസറിന്റെയും മററു ശ്വാസകോശ രോഗങ്ങളുടെയും അപകടങ്ങൾക്കു പുറമേ, ഗർഭനിരോധനഗുളികകൾ ഉപയോഗിക്കുന്ന വനിതാപുകവലിക്കാർ ഹൃദ്രോഗത്തിന്റെയും ആഘാതത്തിന്റെയും വർദ്ധിച്ച അപകടവും വരുത്തിക്കൂട്ടുന്നു. ഗർഭിണികൾ തങ്ങളുടെ ശിശുവിന്റെ ആരോഗ്യത്തിനും അപകടം വരുത്തിക്കൂട്ടുന്നു. (g90 3⁄22)
യുദ്ധ മരണം
യു.എസിലെ ലെൻറ്സ് പീസ് റിസേർച്ച് ലബോറട്ടറിയിലെ വില്യം എക്കാർട്ട് നടത്തിയ ഒരു പഠനമനുസരിച്ച് 1988-ൽ 45 ലക്ഷത്തിൽപരമാളുകൾ യുദ്ധത്തിൽ മരണമടഞ്ഞു. “ഇരകളിൽ മുക്കാൽ ഭാഗവും പൗരജനങ്ങളായിരുന്നു. അവരിൽ ഭൂരിപക്ഷവും പെട്ടെന്ന് അഭയം കണ്ടെത്താൻ കഴിവില്ലാത്തവരും വികലപോഷണത്തിന് ഏററം വിധേയരുമായ പ്രായമുള്ളവരും കുട്ടികളുമായിരുന്നു”വെന്ന് നാഷനൽ കാത്തലിക്ക് റിപ്പോർട്ടറിലെ ലേഖനം പറയുന്നു. യുദ്ധങ്ങളുടെ പ്രമാണം സൂക്ഷിച്ച 22 രാജ്യങ്ങളിൽ 18-ലും ആഭ്യന്തരപോരാട്ടങ്ങളായിരുന്നു കാരണം. എന്നിരുന്നാലും, മരിച്ചവരുടെ എണ്ണം ആ വർഷം ആയിരത്തിൽ കുറവായിരുന്ന വടക്കൻ അയർലണ്ടും എൽ സാൽവഡോറും നിക്ക്വരാഗ്വായും നമീബിയായും സൗത്താഫ്രിക്കയും ഉൾപ്പെടുത്തപ്പെട്ടില്ല. 1988-ൽ ബറുണ്ടിയിലും വടക്കൻ സോമാലിയായിലും പുതിയ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. (g90 3⁄22)
ലോട്ടറി വിജയിക്ക് നഷ്ടം
“എനിക്ക് എന്തും വേണ്ടപ്പോൾ വാങ്ങാൻ കഴിയും” എന്ന് 76 ലക്ഷം ഡോളറിന്റെ 1986-ലെ കനേഡിയൻ ലോട്ടറി ജാക്ക്പോട്ട് നേടിയ ജീൻ-ഗൈ ലാവിഗർ പറയുന്നു, “എന്നാൽ അതിനു പുറമെ ഞാൻ മററാരെയുംകാൾ സന്തുഷ്ടനല്ല.” ഒരു ലക്ഷപ്രഭുവായിത്തീർന്നത് എനിക്ക് മാററം വരുത്തിയിട്ടില്ല, എന്നാൽ എനിക്ക് ചുററുമുള്ള എല്ലാവർക്കും അതു മാററംവരുത്തിയിരിക്കുന്നു”വെന്ന് മോണ്ട്രിയോളിൽനിന്നുള്ള ഈ മുൻ തൊഴിൽരഹിതൻ പറയുന്നു. ഇപ്പോൾ കുടുംബവും പഴയ സുഹൃത്തുക്കളും, ഒരുപോലെ, അയാളെ ഉപേക്ഷിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ, അയാൾ പറയുന്നതുപോലെ “ഞാൻ അവർക്ക് ആവശ്യത്തിന് പണം കൊടുത്തില്ല.” (g90 3⁄22)
2,500 വർഷം പഴക്കമുള്ള കടം
നെബുഖദ്നേസർ രാജാവ് ബാബിലോണിലെ തൂക്കുവനങ്ങൾ നനച്ചിരുന്നതെങ്ങനെയാണ്? ഇതറിയാൻ ഇറാക്കിലെ പ്രസിഡണ്ട് സദ്ദാം ഹുസൈൻ ആഗ്രഹിക്കുന്നുവെന്ന് ന്യൂയോർക്ക് പോസ്ററ് പറയുന്നു. ഏഴു തലങ്ങളിൽ മട്ടുപ്പാവുകളോടുകൂടിയ ഐതിഹാസികതോട്ടങ്ങളെ നനക്കുന്നതിനുള്ള ഏററവും അനുയോജ്യമായ പദ്ധതിയുമായി വരുന്ന ആർക്കും 15 ലക്ഷം ഡോളർ വാഗ്ദാനംചെയ്യത്തക്കവണ്ണം അതിൽ അദ്ദേഹം അത്ര തത്പരനാണ്. എന്നിരുന്നാലും ആധുനിക സാങ്കേതികവിദ്യ പദ്ധതിക്ക് ഉപയോഗിക്കാവുന്നതല്ല, ക്രി.മു. ആറാം നൂററാണ്ടിൽ അന്ന് ഉപയോഗിച്ചിരിക്കാവുന്നതുമാത്രം. ഇറാക്കി ഗവൺമെൻറ് തോട്ടങ്ങളെ പകർത്താൻ ആഗ്രഹിക്കുന്നു. അവ 365 അടിയോളം ഉയരത്തിലായിരുന്നിരിക്കണം. ഇറാക്കികൾക്കുമാത്രമേ ഈ മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ. (g90 3⁄22)