തീരുമാനമെടുക്കാൻ നിങ്ങൾക്കു പ്രയാസമുണ്ടോ?
“നിനക്കിതിഷ്ടമാണോ? ഞാൻ ഇതു വാങ്ങണമോ?,” നന്നായി തയ്ച്ചിരിക്കുന്നതും താൻ ഇട്ടുനോക്കിയതുമായ കറുത്ത കോട്ട് പ്രദർശിപ്പിച്ചുകൊണ്ട് ഫ്ളോറാ ചോദിച്ചു. “എനിക്കിഷ്ടമാണ്” എന്ന് അവളുടെ കൂട്ടുകാരി അന്നാ പറഞ്ഞു, എന്നാൽ “നീയാണ് തീരുമാനിക്കേണ്ടത്.” അനിശ്ചിതത്വത്താൽ ദുർബ്ബലയായി ഫ്ളോറാ കോട്ട് റാക്കിൽ തൂക്കിയശേഷം കട വിട്ടിറങ്ങിപ്പോയി.
“ഞാൻ ആ കോട്ട് വാങ്ങേണ്ടതായിരുന്നു”വെന്ന് വീട്ടിൽചെന്നിട്ടു 15 മിനിററാകുന്നതിനുമുമ്പ് ഫ്ളോറാ പറഞ്ഞു! അടുത്ത ദിവസം രാവിലെ അവർ കടയിൽ മടങ്ങിച്ചെന്നു, എന്നാൽ അപ്പോഴേക്കും വൈകിപ്പോയിരുന്നു. കോട്ട് മറെറാരാൾക്കു വിൽക്കപ്പെട്ടിരുന്നു.
നിങ്ങൾ വ്യക്തിപരമായ ഒരു തീരുമാനത്തെ അഭിമുഖീകരിക്കുമ്പോൾ, നിങ്ങൾ ഞെളിപിരികൊള്ളുകയും തീരുമാനം നീട്ടിവെക്കുകയും ഒടുവിൽ നിങ്ങൾക്കുവേണ്ടി തീരുമാനമെടുക്കാൻ വേറെ ആരോടെങ്കിലും ആവശ്യപ്പെടുകയും ചെയ്യുന്നുവോ? തീരുമാനമെടുത്തുകഴിയുമ്പോൾ മറെറാരു തീരുമാനം മെച്ചമായിരിക്കുമായിരുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? അങ്ങനെയെങ്കിൽ, മേൽപ്പറഞ്ഞ ഫ്ളോറായുടെ അനുഭവം ഒരുപക്ഷേ നിങ്ങളുടേതായി കണക്കാക്കാവുന്നതാണ്. തീരുമാനംചെയ്യൽ എത്ര പ്രയാസകരമായിരിക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാം.
എന്നിരുന്നാലും, നിങ്ങൾക്ക് ഏറെ എളുപ്പത്തിലും ഉല്ലാസപ്രദമായും തീരുമാനമെടുക്കാൻ പഠിക്കുന്നതിനു കഴിയും. എങ്ങനെ?
നിങ്ങളുടെ ഉതക്കണഠ കുറക്കുക
ഒരു തീരുമാനവുമായി മല്ലിടുമ്പോൾ, നിങ്ങൾ ഉത്ക്കണ്ഠയോടെ ഒരു വിധത്തിലുള്ള തീരുമാനം മാത്രമേ വിജയിക്കുകയുള്ളുവെന്നപോലെ ശരിയായ തീരുമാനം ചെയ്യുന്നതുസംബന്ധിച്ച് സംക്ഷോഭം സൃഷ്ടിക്കുന്നുവോ? അങ്ങനെയെങ്കിൽ, ഇതു അപൂർവമായേ ആവശ്യമായിരിക്കുകയുള്ളുവെന്ന് മനസ്സിലാക്കുമ്പോൾ നിങ്ങൾക്കു സന്തോഷമുണ്ടായിരിക്കും. ഡോ. തിയോഡർ ഐസക്ക് റൂബിൻ എഴുതിയ അനിശ്ചിതത്വത്തെ തരണംചെയ്യൽ എന്ന പുസ്തകം ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: “തീരുമാനത്തെ പ്രാവർത്തികമാക്കുന്നത് മിക്കവാറും എല്ലായ്പ്പോഴുംതന്നെ ആ പ്രത്യേക തീരുമാനമല്ല, പിന്നെയോ തീരുമാനമെടുക്കുന്നയാളാണ്. . . . തീരുമാനത്തിന്റെ പരാജയത്തിന് തീരുമാനവുമായി ഒട്ടുംതന്നെ ബന്ധമില്ല. പരാജയം അർപ്പിതപ്രതിജ്ഞാബദ്ധതയുടെ കുറവുമൂലമാണെന്നും അതിന് ആനുപാതികമാണെന്നും നേരിട്ടു കാണാൻ കഴിയും.”
അതെ, മിക്കപ്പോഴും, ഒരു തീരുമാനത്തെ സ്ഥിരോൽസാഹത്തോടെ പിന്തുടരുകയാണെങ്കിൽ അതിനു വിജയിക്കാൻ കഴിയും. അതുകൊണ്ട് എടുത്ത തീരുമാനത്തെ മുഴുഹൃദയത്തോടെ പിന്താങ്ങുക. ഇത് തീരുമാനമെടുക്കലിനോടു ബന്ധപ്പെട്ട പിരിമുറക്കത്തിലധികത്തെയും കുറക്കും.
എന്നാൽ നിങ്ങൾക്ക് യഥാർത്ഥത്തിൽ എങ്ങനെ തീരുമാനംതന്നെ ചെയ്യാൻ കഴിയും?
വ്യവസ്ഥാപിതമായി ചിന്തിക്കുക
വിശേഷിച്ച് ഒരു വലിയ ക്രയം നടത്തുക, ഒരു വീടോ ഒരു ജീവിതവൃത്തിയോ ഒരു വിവാഹഇണയേയോ തെരഞ്ഞെടുക്കുക എന്നിവപോലെ ദീർഘകാല സവിശേഷതകളോടുകൂടിയ ഒരു തീരുമാനത്തെയാണ് നിങ്ങൾ കൈകാര്യംചെയ്യുന്നതെങ്കിൽ ഇതു പ്രധാനമാണ്. നിങ്ങളുടെ മനസ്സ് വ്യാകുലതയോടെ ഒരു ചിന്തയിൽനിന്നു മറെറാന്നിലേക്കു ചാടാൻ അനുവദിക്കുന്ന ഏതെങ്കിലും പ്രവണതയോടു പോരാടുക. ഒന്നാമതായി, നിങ്ങൾക്കാവശ്യമുള്ള വസ്തുതകൾ ശേഖരിക്കുക. അനന്തരം ഒരു കടലാസിൽ നിങ്ങൾക്കു തെരഞ്ഞെടുക്കാവുന്ന തീരുമാനങ്ങൾ പട്ടികപ്പെടുത്തുക. ഓരോ തീരുമാനവും വെവ്വേറെ എഴുതി അതിന്റെ ഗുണവും ദോഷവും പട്ടികപ്പെടുത്തുകയും അവയെ നിങ്ങളുടെ ആവശ്യങ്ങളുമായി താരതമ്യപ്പെടുത്തുകയും ചെയ്യുക. നിങ്ങൾക്ക് നിങ്ങളേത്തന്നെ—നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങളെയും മൂല്യങ്ങളെയും മുൻഗണനകളെയും ശക്തമായ വശങ്ങളെയും ദൗർബ്ബല്യങ്ങളെയും—അറിയാമെങ്കിൽ ഏതു തീരുമാനം നിങ്ങളുടെ അതിപ്രധാന ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നുവെന്ന് കാണാൻ സാധിക്കുന്ന ഒരു സ്ഥാനത്താണ് നിങ്ങൾ.
നിങ്ങൾ സത്വരം ഒരു തീരുമാനമെടുക്കേണ്ട അന്തിമഘട്ടത്തെ അഭിമുഖീകരിക്കാത്തപക്ഷം നിങ്ങളുടെ യഥാർത്ഥ വിചാരങ്ങൾ പൊന്തിവരാൻ സമയമനുവദിക്കുക. തീരുമാനപ്രക്രിയയിൽ ധൃതികൂട്ടുന്നത് നിങ്ങളുടെ തീരുമാനംചെയ്യാനുള്ള പ്രാപ്തികളെ അടിച്ചമർത്തുകയേയുള്ളു. യഥാർത്ഥത്തിൽ, ഒരു സമയത്ത് ഒരു തീരുമാനസാദ്ധ്യതയുമായി മാനസികമായി കഴിഞ്ഞുകൊണ്ട് പല ദിവസങ്ങളോ വാരങ്ങളോ മാസങ്ങൾ പോലുമോ ചെലവഴിക്കുന്നത് ആസ്വാദ്യമായിരിക്കാം. ഡോ. ഹാരോൾഡ് എച്ച് ബ്ലൂംഫീൽഡ് ഇങ്ങനെ കുറിക്കൊള്ളുന്നു: “തങ്ങൾ ഒരു പ്രശ്നത്തോട് അല്ലെങ്കിൽ തീരുമാനത്തോട് മല്ലിടുന്നിടത്തോളംകാലം ഉത്ക്കണ്ഠയോ വ്യഥയോ പിരിമുറുക്കമോ ഒഴിവാക്കാവുന്നതല്ലെന്ന് അനേകർ വിചാരിക്കുന്നു.” എന്നാൽ തീരുമാനമെടുത്തുകഴിയുന്നതുവരെ നിങ്ങൾ നിങ്ങളുടെ സന്തുഷ്ടിയെ നീട്ടിവെക്കേണ്ടതില്ല. നിങ്ങൾക്ക് തീരുമാനംചെയ്യൽപ്രക്രിയതന്നെ ആസ്വദിക്കാൻ കഴിയും. അത് വെല്ലുവിളിപരവും പ്രതിഫലദായകവുമായ ജീവിതത്തിന്റെ ഒരു ഭാഗമാണ്.
‘എന്നാൽ ഞാൻ ഇപ്പോഴും കുഴപ്പത്തിലാണ്!’
നിങ്ങളുടെ തീരുമാനസാധ്യതകൾ സംബന്ധിച്ചു വ്യവസ്ഥാപിതമായി ചിന്തിച്ച ശേഷം നിങ്ങൾ പിന്നെയും അനിശ്ചിതത്വത്തിലാണെങ്കിലോ? നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? നിങ്ങൾ ഒരു സുഹൃത്തിൽനിന്നു സഹായം തേടണമോ?
ചിലയാളുകൾ ആത്മധൈര്യമില്ലാത്തതിനാൽ എല്ലായ്പ്പോഴും മററുള്ളവർ തങ്ങൾക്കുവേണ്ടി തീരുമാനമെടുക്കാനാഗ്രഹിക്കുന്നു. തീർച്ചയായും, നിങ്ങളുടെ അറിവിന്റെയും അനുഭവത്തിന്റെയും വ്യാപ്തിയിലുമുപരി ആവശ്യമായ ഒരു കാര്യമാണ് നിങ്ങൾ കൈകാര്യംചെയ്യുന്നതെങ്കിൽ, അപ്പോൾ നിങ്ങൾ യോഗ്യതയുള്ള ഒരാളിൽനിന്ന് ബുദ്ധിയുപദേശം തേടുന്നത് ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടമല്ല. നിങ്ങളുടേതിനോടു സമാനമായ തീരുമാനങ്ങൾ വിജയപ്രദമായി ചെയ്തിട്ടുള്ളവർ നിങ്ങളെ സഹായിക്കാൻ കൂടുതലായ തീരുമാനസാദ്ധ്യതകളും വസ്തുതകളും പ്രദാനംചെയ്തേക്കാം. (സദൃശവാക്യങ്ങൾ 15:22) എന്നിരുന്നാലും, ആദ്യമായി നിങ്ങൾ നിങ്ങളുടെ പ്രാപ്തിയുടെ പരമാവധി കാര്യങ്ങൾ നന്നായി ചിന്തിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ സഹായംതേടുന്നയാൾ നിങ്ങളുടെ അപേക്ഷയെ കൂടുതൽ ഗൗരവബുദ്ധ്യാ എടുക്കും.
ഒരു അന്തിമതീരുമാനം ചെയ്യുന്നത് പ്രയാസമാണെങ്കിൽ തീരുമാനമെടുക്കലിൽ മിക്കവാറും എല്ലായ്പ്പോഴും അപകടസാദ്ധ്യതകൾ ഉൾപ്പെട്ടിരിക്കുന്നുവെന്നോർക്കുക. വിജയത്തെക്കുറിച്ചു തികച്ചും ഉറപ്പാകുന്നതുവരെ തീരുമാനമെടുക്കാൻ നിങ്ങൾക്കു ഭയമാണെങ്കിൽ നിങ്ങൾ തീരുമാനശേഷിയില്ലാതെ തുടരും, എന്തുകൊണ്ടെന്നാൽ അനേകം തീരുമാനങ്ങളിൽ അനിശ്ചിതത്വം ഉൾപ്പെട്ടിരിക്കുന്നു, സംഭവ്യതയുടെ അടിസ്ഥാനത്തിൽ അവ എടുക്കേണ്ടിയിരിക്കുന്നു. (സഭാപ്രസംഗി 11:4) മിക്കപ്പോഴും, ഏതെങ്കിലും തീരുമാനത്തിന് എല്ലാ പ്രയോജനങ്ങളുമുണ്ടായിരിക്കയില്ല. നിങ്ങൾ ഏതു തീരുമാനമെടുത്താലും, എന്തെങ്കിലും ബലിചെയ്യേണ്ടതായി ഉണ്ടായിരിക്കും. അതുകൊണ്ട് ഏററം നല്ലതായിരിക്കാൻ സാദ്ധ്യതയുള്ള തീരുമാനമെടുക്കുക, പിന്നീട് . . .
നിങ്ങളുടെ തീരുമാനത്തെ പിന്താങ്ങുക!
ഒരിക്കൽ തീരുമാനമെടുത്തുകഴിഞ്ഞാൽ, രണ്ടാമതൊരു ഊഹം നടത്താനുള്ള പ്രവണതയെ ചെറുക്കുക. ‘പക്ഷെ ഞാൻ’ എന്നു നിങ്ങൾ മാനസികമായി ചിന്തിക്കുന്ന ഓരോ സമയത്തും നിങ്ങളുടെ തീരുമാനത്തെ പിന്താങ്ങാനും അതിനെ പ്രാവർത്തികമാക്കാനും ഉപയോഗിക്കാനുള്ള നിങ്ങളുടെ ശക്തിയെ നിങ്ങൾ കവർന്നുകളയുകയാണ്. അതുകൊണ്ട് നിങ്ങൾ ഒരു വ്യത്യസ്തതീരുമാനം ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ എങ്ങനെ പരിണമിക്കുമായിരുന്നുവെന്നു സംശയിച്ചുകൊണ്ട് പിന്തിരിഞ്ഞുനോക്കിക്കൊണ്ടിരിക്കരുത്. ഒരു മനസ്സുമാററം ആവശ്യമാണെന്നു തെളിയിക്കുന്ന വ്യക്തമായ തെളിവു പുറത്തുവരാത്തപക്ഷം നിങ്ങളുടെ പരിത്യക്തമായ തീരുമാനങ്ങളെ പിന്തള്ളുക. നിങ്ങളുടെ ഊർജ്ജം നിങ്ങളുടെ തീരുമാനങ്ങൾക്കു പിന്നിൽ ഉണ്ടായിരിക്കട്ടെ.
സംഗ്രഹം: വ്യവസ്ഥാപിതമായി ചിന്തിക്കുക. വിജയിക്കാൻ ഏററവുമധികം സാദ്ധ്യതയുള്ള തീരുമാനം തെരഞ്ഞെടുക്കുക. തീരുമാനത്തെ മുഴുഹൃദയത്തോടെ പിന്താങ്ങുക. അനിവാര്യമായി, നിങ്ങളുടെ ചില തീരുമാനങ്ങൾ മററു ചിലതിനെക്കാൾ മെച്ചമായി പരിണമിച്ചേക്കാം. ഏതായാലും, നിങ്ങൾ വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കാനും അവയെ പിന്താങ്ങാനുമുള്ള ഉത്തരവാദിത്തം സ്വീകരിക്കുമ്പോൾ നിങ്ങളുടെ പ്രാപ്തിയും ആത്മധൈര്യവും വളരും. (g90 2⁄8)
[19-ാം പേജിലെ ചതുരം]
തീരുമാനം ചെയ്യലിന്റെ ചില അടിസ്ഥാന ഘട്ടങ്ങൾ
1: പ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കുന്ന സാദ്ധ്യതകളെയും അല്ലെങ്കിൽ തീരുമാനങ്ങളെയും പട്ടികപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നു
2: സാദ്ധ്യതയുള്ള ഓരോ തീരുമാനത്തെയുംസംബന്ധിച്ച വികാരവിചാരങ്ങളുടെ ഒരു സ്വതന്ത്രപ്രവാഹം നിലനിർത്തൽ
3: തീരുമാനങ്ങളെ സ്ഥാപിതമുൻഗണനകളോടു ബന്ധപ്പെടുത്തൽ
4: ഒരു തീരുമാനം നിർദ്ദേശിച്ചുകൊണ്ടും തെരഞ്ഞെടുക്കപ്പെടാത്തവയുടെ തിരസ്കരണം തുടങ്ങിക്കൊണ്ടും ഒരു നിഗമനത്തിലെത്തൽ
5: വികാരങ്ങളും വിചാരങ്ങളും സമയവും ഊർജ്ജവും ഉൾപ്പെടുത്തലും, ഉപയോഗിക്കപ്പെടാത്ത തീരുമാനസാദ്ധ്യതകളുടെ നീക്കംചെയ്യൽ പൂർത്തിയാക്കലും
6: തീരുമാനത്തെ ശുഭാപ്തിവിശ്വാസത്തോടുകൂടിയ പ്രവർത്തനമാക്കി മാററൽ