മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 24: ഇപ്പോഴും എന്നേക്കും സത്യമതത്തിന്റെ നിത്യ മനോഹാരിതകൾ
“മതം, സ്വർഗ്ഗീയസത്യങ്ങൾ അണിഞ്ഞൊരുങ്ങിയതെങ്കിൽ, ആദരിക്കപ്പെടുന്നതിന് കണ്ടാൽ മാത്രം മതി.”—വില്യം കൂപ്പർ, 18-ാം നൂററാണ്ടിലെ ഇംഗ്ലീഷ് കവി
വ്യാജമതത്തേ സംബന്ധിച്ച് യാതൊന്നും ആദരണീയമായിട്ടില്ല. അത് മനുഷ്യവർഗ്ഗത്തിൻമേൽ 60 നൂററാണ്ടുകളിലെ ദുരിതവും കഷ്ടപ്പാടുകളുമാണ് കൈവരുത്തിയിരിക്കുന്നത്. അതിന്റെ വ്യാജവും വഞ്ചനാത്മകവും ദ്രോഹപരവും വിദ്വേഷപൂർവകവുമായ നടപടികൾ അതിനെ ദൈവത്തിന്റെയും മനുഷ്യന്റെയും ദൃഷ്ടിയിൽ വിരൂപമാക്കിയിരിക്കുന്നു. വ്യാജമതം സ്വർഗ്ഗീയസത്യങ്ങളാൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നതിനു പകരം സത്യത്തിനും മനോഹാരിതക്കും കടകവിരുദ്ധമായിരിക്കുന്നു.
പെട്ടെന്നുതന്നെ ദൈവത്തിന്റെ വധാധികൃത സൈന്യങ്ങൾ അനാദരപൂർവം വ്യാജമതത്തെ നിത്യവിനാശത്തിന്റെ പടുകുഴിയിലേക്കു തള്ളിയിടും. അതിനുശേഷം താമസിയാതെ, സാത്താന്റെ വ്യവസ്ഥിതിയുടെ ശേഷിച്ച ഭാഗത്തിനും അതേ അനുഭവമുണ്ടാകും. എന്നാൽ സത്യമതവും, അതുപോലെതന്നെ അതാചരിക്കുന്നവരും തുടർന്നു ജീവിക്കും. അപ്പോൾ ഇന്ന് നമുക്ക് അപൂർവമായി സങ്കല്പിക്കാൻ കഴിയുന്ന ഒരു തോതിൽ അതിന്റെ നിത്യമനോഹാരിതകൾ പ്രദർശിപ്പിക്കപ്പെട്ടു കാണുന്നത് എന്തോരു സന്തോഷമായിരിക്കും!
എന്തു മനോഹാരിതകൾ?
സത്യമതത്തിന്റെ മനോഹാരിതകൾ അനേകമാണ്. ഏതാനും ചിലതുമാത്രം ഇവിടെ പറയാം. സൂചിപ്പിക്കപ്പെടുന്ന ബൈബിൾവാക്യങ്ങൾ എടുത്തുനോക്കാനും ഈ നിത്യമനോഹാരിതകൾ ബൈബിളധിഷ്ഠിതമാണെന്ന് ഉറപ്പുവരുത്താനും സമയമെടുത്തുകൂടേ?
സത്യമതത്തിന്റെ അനേകം നിത്യമനോഹാരിതകളിൽ ഉൾപ്പെടുന്നവയാണിവ:
◼ അത് അപ്രമാദിത്വമുള്ള ഒരു ദൈവത്തിന്റെ സത്യത്തിൽ അധിഷ്ഠിതമാണ്, അവന്റെ പേർ യഹോവയെന്നാണ്, നമുക്ക് അവനെ നിരുപാധികം ആശ്രയിക്കാൻ കഴിയും.—സങ്കീർത്തനം 83:18; യെശയ്യാവ് 55:10, 11.
◼ ഒരു താഴ്മയുള്ള ഹൃദയത്തോടുകൂടിയ ഏതൊരാൾക്കും അത് ലഭ്യമാണ്, മികച്ച ബുദ്ധിശക്തിയുള്ളവർക്കു മാത്രമായി അത് സംവരണംചെയ്യപ്പെട്ടിരിക്കുകയല്ല.—മത്തായി 11:25; 1 കൊരിന്ത്യർ 1:26-28.
◼ അത് വർഗ്ഗമോ സാമൂഹികപദവിയോ സാമ്പത്തികനിലയോ നോക്കുന്നില്ല.—പ്രവൃത്തികൾ 10:34, 35; 17:24-27.
◼ അത് സങ്കടമോ രോഗമോ ദുരിതമോ മരണമോ ഇല്ലാത്ത, സമാധാനവും സുരക്ഷിതത്വവുമുള്ള, ഒരു ലോകത്തിലെ ജീവന്റെ നല്ല അടിസ്ഥാനമുള്ള പ്രത്യാശ വെച്ചുനീട്ടുന്നു.—യെശയ്യാവ് 32:18; വെളിപ്പാട് 21:3, 4.
◼ അത് അംഗങ്ങൾക്ക് ഒരു ലോകവ്യാപക വിശ്വസ്ത സഹോദരവർഗ്ഗമെന്ന നിലയിൽ ഉപദേശത്തിലും നടത്തയിലും ആത്മാവിലും ഒററക്കെട്ടായി ജീവിക്കാൻ കഴിയുന്ന ഒരു ചട്ടക്കൂട് പ്രദാനംചെയ്യുന്നു.—സങ്കീർത്തനം 133:1; യോഹന്നാൻ 13:35.
◼ അത് ജീവിതത്തെ ഉദ്ദേശ്യംകൊണ്ടു നിറച്ചുകൊണ്ട് ഓരോരുത്തർക്കും—പുരുഷനും സ്ത്രീക്കും കുട്ടിക്കും—ദൈവവേലയിൽ സജീവമായി പങ്കുപററാൻ ഒരു അവസരം വാഗ്ദാനംചെയ്യുന്നു.—1 കൊരിന്ത്യർ 15:58; എബ്രായർ 13:15, 16.
◼ അത് പ്രയോജനംകിട്ടത്തക്കവണ്ണം എങ്ങനെ നടക്കണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചു നമുക്കു മുന്നറിയിപ്പു നൽകുന്നു.—സദൃശവാക്യങ്ങൾ 4:10-13; യെശയ്യാവ് 48:17, 18.
ഈ മനോഹാരിതകൾ നിത്യമാണെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്? കേവലം അവ സത്യമതം നിലനിൽക്കുന്നടത്തോളംതന്നെ—എന്നേക്കും—നിലനിൽക്കുന്നതുകൊണ്ടുതന്നെ.
വിടവുകൾ നികത്തൽ
ആളുകൾ മിക്കപ്പോഴും മററു മനുഷ്യർക്കാർക്കും അറിയാൻപാടില്ലാത്ത വിവരങ്ങളുമായി തങ്ങളുടെ ശവക്കുഴികളിലേക്കു പോകുന്നതിനാൽ മരണം സത്യത്തിന്റെ ഏററവും വലിയ ശത്രുവാണെന്ന് പറയാൻ കഴിയും. താരതമ്യേന അടുത്ത കാലത്തെ സംഭവങ്ങളുടെ കൃത്യമായ വിശദാംശങ്ങൾ ഇപ്പോഴും വിവാദവിഷയമാണ്—ദൃഷ്ടാന്തമാണ് യു. എസ്. പ്രസിഡണ്ടായിരുന്ന ജെ. എഫ്. കെന്നഡിയുടെ 1963-ലെ വധം. വസ്തുതകളെന്താണ്? യഥാർത്ഥമായി ആർക്കറിയാം? അറിഞ്ഞിരിക്കാനിടയുള്ള അനേകർ ഇന്ന് ജീവിക്കുന്നില്ല. വെറും 26വർഷം മുമ്പത്തെ ഒരു സംഭവത്തെ സംബന്ധിച്ച് ഇത് സത്യമാണെങ്കിൽ നൂറുകണക്കിനോ ആയിരക്കണക്കിനുപോലുമോ വർഷം മുമ്പ് നടന്ന സംഭവങ്ങളെ സംബന്ധിച്ചെന്ത്?
കൂടാതെ, ചരിത്രകാരൻമാർ വ്യക്തിപരമായ അപൂർണ്ണതകളുടെയും സാദ്ധ്യതയുള്ള മുൻവിധികളുടെയും വൈകല്യത്തോടെ പ്രവർത്തിക്കുന്ന, പരിമിതമായ അറിവുള്ള, മനുഷ്യർ മാത്രമാണ്. അതുകൊണ്ടാണ് വസ്തുനിഷ്ഠമായി വിലയിരുത്തുന്നയാൾ തനിക്ക് ആധികാരികവും ദിവ്യനിശ്വസ്തവുമായ രേഖയില്ലാത്ത കാര്യങ്ങളെക്കുറിച്ച് കടുംപിടുത്തംപിടിക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നത്.
വസ്തുതകൾ സംബന്ധിച്ച് പ്രാമാണികൻമാർ മിക്കപ്പോഴും വിയോജിക്കുന്നതുകൊണ്ട് മതചരിത്രത്തെക്കുറിച്ച് എഴുതുന്നതിൽ സമാനമായ പ്രശ്നങ്ങളുണ്ട്. “മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞകാലത്തിന്റെ കാഴ്ചപ്പാടിൽ” എന്ന പരമ്പരയിൽ ഉണരുക! സുപ്രമാണീകൃത വസ്തുതകളവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഈ കാലത്ത് നമുക്ക് കേവലം അറിയാൻപാടില്ലാത്ത ചില കാര്യങ്ങളുണ്ടെന്ന് സമ്മതിച്ചേ തീരൂ. ദൃഷ്ടാന്തത്തിന്, അന്ധകാരയുഗങ്ങളിലും അതിനുശേഷവും ക്രിസ്തീയ സമൂഹങ്ങൾ എന്നവകാശപ്പെട്ടവർ എത്രത്തോളം യഥാർത്ഥത്തിൽ സത്യക്രിസ്ത്യാനിത്വത്തോട് പററിനിന്നു?
ഈ സമൂഹങ്ങളെക്കുറിച്ച് സഭാചരിത്ര പ്രൊഫസ്സറായ ഏ. എം. റെൻവിക്ക് ഇങ്ങനെ പ്രസ്താവിക്കുന്നു: “ആ നിരവധി സമൂഹങ്ങളുടെ യഥാർത്ഥ കഥയും ദൈവശാസ്ത്രപരമായ നിലയും വെളിപ്പെടുത്തുന്നതിന് ചരിത്രപരമായ വളരെയധികം ഗവേഷണം ഇനിയും ആവശ്യമാണ്. റെൻവിക്ക് പറയുന്നതനുസരിച്ച്, “കഴിഞ്ഞ കാലത്ത് വിമതസമൂഹങ്ങളുടെ ഉപദേശത്തിന്റെയും സൻമാർഗ്ഗങ്ങളുടെയും വിലയിരുത്തലിന് അവരുടെ ശത്രുക്കളാലുള്ള പ്രസ്താവനകളെ ചരിത്രകാരൻമാർ വളരെയധികം ആശ്രയിച്ചിട്ടുണ്ട്.” തീർച്ചയായും, അവരുടെ സുഹൃത്തുക്കളുടെ പ്രസ്താവനകളെ വളരെയധികം ആശ്രയിക്കുന്നതും വക്രമായ ഒരു വീക്ഷണത്തിൽ കലാശിച്ചേക്കാം. അതുകൊണ്ട് ചരിത്രപരമായ വളരെയധികം ഗവേഷണത്തിനുശേഷവും അനേകം പ്രശ്നങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കാൻ സാദ്ധ്യതയുണ്ട്.
ബൈബിളിനെ സംബന്ധിച്ചെന്ത്? കുറെ മതപരമായ ചരിത്രത്തെ ഉൾക്കൊള്ളിക്കുന്ന ദിവ്യനിശ്വസ്തമായ ഒരു പുസ്തകമെന്ന നിലയിൽ അത് പറയുന്ന എല്ലാററിലും ആശ്രയയോഗ്യമാണ്. എന്നാൽ അത് സ്ഥിതിചെയ്തിട്ടുള്ള വ്യത്യസ്ത വ്യാജമതരൂപങ്ങളെയെല്ലാംകുറിച്ച് വളരെ കുറച്ചുമാത്രമേ പറയുന്നുള്ളു. അതു മനസ്സിലാക്കാം, എന്തുകൊണ്ടെന്നാൽ അത് വ്യാജമതത്തിന്റെയല്ല, പിന്നെയോ സത്യമതത്തിന്റെ ഒരു പാഠപ്പുസ്തകമായിട്ടാണ് പ്രദാനം ചെയ്യപ്പെട്ടത്.
സത്യമതത്തെ സംബന്ധിച്ചും ബൈബിൾ നമ്മോട് സകലവും പറയുന്നില്ല. സത്യമതത്തെ വിജയകരമായി തിരിച്ചറിയുന്നതിന് വേണ്ടത്ര വിവരങ്ങൾ അതു നമുക്ക് ഒരുക്കിത്തരുന്നുണ്ട്, എന്നാൽ ചില സമയങ്ങളിൽ അത് വിശദാംശങ്ങൾ വിട്ടുകളയുന്നു. ഈ വിശദാംശങ്ങൾ അറിയുന്നത് ആനന്ദകരവും രസകരവുമായിരിക്കാമെന്നിരിക്കെ, ഈ സമയത്ത് അവ മർമ്മപ്രധാനമല്ല.
ഇനി, ബൈബിളിന് സമയപരമായ വിടവുകളുണ്ട്. ദൃഷ്ടാന്തത്തിന്, പൊതുവേ പഴയ നിയമമെന്നു വിളിക്കപ്പെടുന്ന എബ്രായതിരുവെഴുത്തുകളുടെ പൂർത്തീകരണത്തിനും യേശുവിന്റെ പ്രത്യക്ഷതക്കുമിടക്കുള്ള 400ൽപരം വർഷങ്ങളിൽ എന്തു സംഭവിച്ചുവെന്നതുസംബന്ധിച്ച് അത് മൗനംപാലിക്കുന്നു. ബൈബിൾ പൂർത്തിയായ ശേഷം ഏതാണ്ട് 1,900 വർഷം കടന്നുപോയിരിക്കുന്നു.
അതുകൊണ്ട് 18നൂററാണ്ടുകളുടെ അധികഭാഗത്തും നമുക്ക് ക്രിസ്ത്യാനിത്വത്തെക്കുറിച്ചുള്ള നിശ്വസ്തരേഖയില്ല. ഗ്രന്ഥകാരനായ റെൻവിക്ക് പറഞ്ഞതുപോലെ, ക്രിസ്ത്യാനികളെന്നവകാശപ്പെട്ട ചിലരെ സംബന്ധിച്ച് അനിശ്ചിതത്വത്തിനിടയാക്കുന്നത് ഇതാണ്. എന്നിരുന്നാലും, നൂററാണ്ടുകളിലുടനീളം ചില വ്യക്തികളെങ്കിലും ആദിമക്രിസ്ത്യാനിത്വത്തോട് പററിനിന്നുവെന്ന് പ്രകടമാണ്. എന്നിരുന്നാലും, കഴിഞ്ഞുപോയ വർഷങ്ങളിലെ ചില വ്യക്തികളുടെ ആന്തരങ്ങളോടും സാദ്ധ്യതയുള്ള ആത്മാർഥതയോടും ബന്ധപ്പെട്ട പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളുണ്ട്. ചില നവീകരണനേതാക്കളെ സംബന്ധിച്ചെന്ത്? ആ കാരണത്താൽ, കൊൺഫ്യൂഷ്യസ്, മുഹമ്മദ് മുതലായ മനുഷ്യരെ സംബന്ധിച്ചെന്ത്? മതവ്യവസ്ഥിതികളുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോഴത്തെ മതവ്യവസ്ഥിതികളെ കൃത്യമായി വിധിക്കാൻ കഴിയുമെങ്കിലും വ്യക്തികളെ—വിശേഷിച്ച് അവർ മരിച്ചിട്ട് ദീർഘനാളായെങ്കിൽ—മിക്കപ്പോഴും വിധിക്കാൻ കഴിയില്ല.
എന്നിരുന്നാലും, ദൈവത്തിന്റെ പുതിയ ലോകത്തിൽ മതചരിത്രം ഉൾപ്പെടെയുള്ള ചരിത്രപ്പുസ്തകങ്ങൾ വീണ്ടും എഴുതിക്കണമെന്നുള്ളത് സ്രഷ്ടാവിന്റെ ഇഷ്ടമാണെങ്കിൽ അതു സാദ്ധ്യമാകും. ഇത് സത്യമതത്തിന്റെ മറെറാരു മനോഹാരിത നിമിത്തമാണ്—മരിച്ചവർ ഉയിർപ്പിക്കപ്പെടുമെന്നുള്ള ഉറപ്പുതന്നെ.—യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15.
ചരിത്രപ്പുസ്തകങ്ങളിൽ നാം വായിച്ച കാര്യങ്ങൾ യഥാർത്ഥത്തിൽ ചെയ്ത ഉയർപ്പിക്കപ്പെടുന്ന ആളുകളുമായി സംസാരിക്കുന്നതിനാൽ നമ്മുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ കിട്ടുന്നതിന്റെ സന്തോഷത്തെക്കുറിച്ചു ചിന്തിക്കുക. ചെങ്കടലിൽ മരിച്ചതും ഈജിപ്ററിലെ ബാധകളനുഭവിച്ചതുമായ ഫറവോന്റെ പേർപോലെ നഷ്ടപ്പെട്ട വിശദാംശങ്ങൾ പൂരിപ്പിക്കാൻ കഴിയുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കുക.
അങ്ങനെയുള്ള ഒരു രേഖ ഒരു കാലത്ത് എഴുതുകയാണെങ്കിൽ, സത്യമതത്തിന്റെ സ്ഥാപകനായ യഹോവയാം ദൈവത്തെ മഹത്വീകരിക്കാനും നിത്യമായി നീതിമത്ക്കരിക്കാനുമായിരിക്കും അതെഴുതപ്പെടുന്നത്. ഇതുസംബന്ധിച്ച് സംശയമുണ്ടായിരിക്കാവുന്നതല്ല. ഏതായാലും അവശേഷിക്കുകതന്നെ ചെയ്യുന്ന ചോദ്യം ഇതാണ്: അതു വായിക്കാൻ നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ?
ആദരവ് മാത്രം മതിയാകയില്ല
ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഉദ്ധരിക്കപ്പെട്ട കൂപ്പറിന്റെ വാക്കുകൾ സൂചിപ്പിക്കുന്നതായി തോന്നുന്നതുപോലെ, സത്യമതത്തിന്റെ നിത്യമനോഹാരിതകൾ അത്ര പെട്ടെന്ന് കാണപ്പെടുന്നില്ല. അതുകൊണ്ട് 110വർഷം മുമ്പ് സീയോന്റെ വീക്ഷാഗോപുരവും ക്രിസ്തുസാന്നിദ്ധ്യഘോഷകനും എന്ന മാസികയുടെ ആദ്യലക്കം പിൻവരുന്ന പ്രസ്താവനചെയ്തു: “സത്യം ജീവിതമാകുന്ന മരുഭൂമിയിലെ ഒരു ചെറിയ എളിയ പുഷ്പം പോലെ, വ്യാജമാകുന്ന കളകളുടെ സമൃദ്ധമായ വളർച്ചയാൽ ചുററപ്പെട്ടിരിക്കയും മിക്കവാറും ഞെരുക്കപ്പെട്ടിരിക്കുകയുമാണ്. നിങ്ങൾ അതു കണ്ടെത്തണമെങ്കിൽ നിങ്ങൾ എന്നും അതന്വേഷിച്ചുകൊണ്ടിരിക്കണം. നിങ്ങൾ അതിന്റെ മനോഹാരിത കാണണമെങ്കിൽ നിങ്ങൾ വ്യാജത്തിന്റെ കളകളെയും മതഭ്രാന്തിന്റെ മുൾച്ചെടികളെയും അവഗണിക്കണം. നിങ്ങൾക്കത് കിട്ടണമെങ്കിൽ നിങ്ങൾ അതു പറിക്കാൻ കുനിയണം.”
“മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ” എന്ന പരമ്പര സത്യമതത്തിന്റെ നിത്യ മനോഹാരിതകളെ കൂടുതൽ പൂർണ്ണമായി വിലമതിക്കുന്നതിന് “വ്യാജത്തിന്റെ കളകളെയും മതഭ്രാന്തിന്റെ മുൾച്ചെടികളെയും അവഗണിക്കാൻ” ഞങ്ങളുടെ വായനക്കാരെ സഹായിച്ചിട്ടുണ്ടെന്ന് ആശിക്കുന്നു.
എന്നാൽ വിലമതിപ്പുമാത്രം മതിയാകയില്ല. “ഹൃദയത്തിൽ പ്രവേശിക്കാതെ കാതുകളിൽ പ്രവേശിക്കുന്ന പഠിപ്പിക്കൽ ഒരു സ്വപ്നത്തിൽ ഉണ്ണുന്ന സദ്യപോലെയാണ്” എന്ന ചൈനീസ് പഴമൊഴി സമുചിതമാണ്. നാം സത്യമതത്തിന്റെ നിത്യ മനോഹാരിതകളെക്കുറിച്ച് സ്വപ്നം കാണുകമാത്രം ചെയ്യാതെ അവയിൽനിന്ന് വ്യക്തിപരമായി പ്രയോജനമനുഭവിക്കണമെങ്കിൽ നാം പഠിക്കുന്നത് നമ്മുടെ കാതുകളിൽമാത്രമല്ല നമ്മുടെ ഹൃദയങ്ങളിൽ എത്തുന്നത് മർമ്മപ്രധാനമാണ്.
“നിങ്ങളുടെ മതം സത്യമോ വ്യാജമോ എന്നു തിരിച്ചറിയൽ” എന്ന തലക്കെട്ടോടുകൂടിയ ചതുരം ശ്രദ്ധാപൂർവം വായിക്കുക. അനന്തരം നിങ്ങളോടുതന്നെ ചോദിക്കുക: ‘വ്യാജമതത്തിന്റെ ലോകവ്യാപകസാമ്രാജ്യത്തെ സംബന്ധിച്ചടത്തോളം വോൾട്ടയർ മതത്തെ “മനുഷ്യവർഗ്ഗത്തിന്റെ ശത്രു” എന്നു വിളിച്ചത് ശരിയായിരുന്നുവെന്നുള്ളതിനോട് ഞാൻ ഇപ്പോൾ യോജിക്കുന്നുവോ? മതചരിത്രത്തിലേക്കുള്ള ഈ എത്തിനോട്ടം സത്യമതത്തെ തിരിച്ചറിയാൻ എന്നെ സഹായിച്ചിട്ടുണ്ടോ? മാനുഷകാര്യാദികളുടെ ഈ വൈകിയ ഘട്ടത്തിൽ അത് എവിടെ കണ്ടെത്താൻ കഴിയുമെന്ന് എനിക്കറിയാമോ? എങ്കിൽ, “അതിൽ തന്റെ സന്തോഷവും കടമയും കണ്ടെത്തുന്ന ആൾ” എന്ന് 18-ാം നൂററാണ്ടിലെ ഫ്രഞ്ച് ഉപന്യാസകർത്താവായിരുന്ന ജോസഫ് ജൂബേർട്ട് വർണ്ണിച്ച ആളെപ്പോലെയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവോ?’
മേൽപ്പറഞ്ഞ ചോദ്യങ്ങൾക്ക് ഉവ്വ് എന്ന് ഉത്തരംനൽകുന്ന എല്ലാവരും ഉണരുക!യും അതിന്റെ കൂട്ടുപ്രസിദ്ധീകരണങ്ങളും വായിച്ചുകൊണ്ട് പ്രയോജനമനുഭവിക്കുന്നതിൽ തുടരട്ടെ. മുകളിൽ പ്രസ്താവിച്ച സീയോന്റെ വീക്ഷാഗോപുരം നൽകിയ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം അനുസരിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു: “സത്യത്തിന്റെ ഒരു പുഷ്പംകൊണ്ടു തൃപ്തിപ്പെടരുത്. ഒന്നു മതിയായിരുന്നെങ്കിൽ കൂടുതലുണ്ടായിരിക്കുമായിരുന്നില്ല. എന്നും ശേഖരിച്ചുകൊണ്ടിരിക്കുക, കൂടുതൽ അന്വേഷിച്ചുകൊണ്ടിരിക്കുക.”
അതെ, ശേഖരിക്കുന്നതിൽ തുടരുക, അന്വേഷിക്കുന്നതിൽ തുടരുക—സത്യമതത്തിന്റെ കൂടുതൽ നിത്യ മനോഹാരിതകൾ അന്വേഷിക്കുന്നതിൽ തുടരുക! (g89 12/22)
[19-ാം പേജിലെ ചതുരം]
നിങ്ങളുടെ മതം സത്യമോ വ്യാജമോ എന്ന് തിരിച്ചറിയൽ
▪ സത്യമതം അതിന്റെ ആരാധകരിൽ ദേശീയാതിർത്തികളാൽ ബാധിക്കപ്പെടാത്ത സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അഭേദ്യമായ ഒരു ബന്ധത്തിന് പ്രചോദിപ്പിക്കുന്നു. (യോഹന്നാൻ 13:35) വ്യാജമതം അങ്ങനെയുള്ള സ്നേഹത്തിന് പ്രചോദിപ്പിക്കുന്നില്ല. പകരം അതിലെ അംഗങ്ങൾ കയീനെ അനുകരിച്ചുകൊണ്ട് അന്താരാഷ്ട്രയുദ്ധങ്ങളിൽ പോയി അന്യോന്യം കൊന്നൊടുക്കുന്നു.—1 യോഹന്നാൻ 3:10-12.
▪ സത്യമതം മാനുഷരാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയും സ്രഷ്ടാവിന്റെ രാജ്യഗവൺമെൻറുമുഖേന ലോകപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവനിലേക്കു നോക്കുകയും ചെയ്യുന്നു. വ്യാജമതം ബാബേൽ ഗോപുരത്തിങ്കലെ നിമ്രോദിന്റെ മാതൃക പിന്തുടരുന്നു. അത് രാഷ്ട്രീയത്തോടു ചേരുകയും അത് ആരുടെ കാര്യങ്ങളിൽ ഇടപെടുന്നുവോ ആ രാഷ്ട്രീയ ദൈവങ്ങളിൽ ആശ്രയിക്കുകയും അങ്ങനെ അതിന്റെ സ്വന്തം നാശത്തിന് അടിത്തറപാകുകയും ചെയ്യുന്നു.—ദാനിയേൽ 2:44; യോഹന്നാൻ 18:36; യാക്കോബ് 1:27.
▪ സത്യമതം മർദ്ദനത്തിൽനിന്ന് വിടുവിക്കാൻ പ്രാപ്തനായ ഏകനായി, സത്യദൈവമെന്ന നിലയിൽ യഹോവയെ അംഗീകരിക്കുന്നു. പുരാതന ഈജിപ്ററിലും ഗ്രീസിലും ആചരിക്കപ്പെട്ടിരുന്നതുപോലെയുള്ള വ്യാജമതം അയോഗ്യരായ ഒട്ടേറെ നിസ്സഹായ കാല്പനിക ദൈവങ്ങളെ വാഗ്ദാനംചെയ്യുന്നു.—യെശയ്യാവ് 42:5; 1 കൊരിന്ത്യർ 8:5, 6.
▪ സത്യമതം ഭൂമിയിലെ സന്തുഷ്ട നിത്യജീവൻ വാഗ്ദാനംചെയ്യുന്നു. വ്യാജമതം—ദൃഷ്ടാന്തത്തിന് ബുദ്ധമതം—ഭൂമിയിലെ ജീവിതത്തെ അനഭിലഷണീയവും അനിശ്ചിതമായ മരണാനന്തരജീവിതത്തിന് വിമോചിതമാകേണ്ട ഒന്നായും വീക്ഷിക്കുന്നു.—സങ്കീർത്തനം 37:29; വെളിപ്പാട് 21:3, 4.
▪ സത്യമതം, അതിന്റെ വിശുദ്ധഗ്രന്ഥമായ ബൈബിൾ മുഖേന, ആളുകൾക്ക് അചഞ്ചലമായ വിശ്വാസം പ്രദാനംചെയ്യുന്നു; അത് അവർക്ക് ഉറപ്പുലഭിച്ച ഒരു പ്രത്യാശ കൊടുക്കുകയും ദൈവത്തോടും അയൽക്കാരനോടുമുള്ള യഥാർത്ഥസ്നേഹത്തിന്റെ പ്രവൃത്തികൾക്കു പ്രേരിപ്പിക്കുകയും ചെയ്യുന്നു. (2 തിമൊഥെയോസ് 3:16, 17) വ്യാജമതം, അതിന്റെ വിശുദ്ധഗ്രന്ഥങ്ങളുണ്ടെങ്കിലും, ഈ കാര്യങ്ങൾ ചെയ്യുന്നതിൽ ഏറിയ പങ്കും ഫലപ്രദമല്ല.—1 യോഹന്നാൻ 5:3, 4.
▪ സത്യമതത്തിൽ താഴ്മയുള്ള മേൽവിചാരകൻമാരാണുള്ളത്. വ്യാജമതം അതിമോഹികളും സ്വതന്ത്രമനസ്കരുമായ നേതാക്കൻമാർക്ക് കീർത്തിപ്പെട്ടതാണ്, അവർ സത്യത്തെ വളച്ചൊടിക്കാൻ സന്നദ്ധരും രാഷ്ട്രീയമോ ലൗകികമോ ആയ ലാഭം തേടുന്നവരുമാണ്.—പ്രവൃത്തികൾ 20:28, 29; 1 പത്രോസ് 5:2, 3.
▪ ദൈവത്തോടുള്ള ഉചിതമായ കീഴ്പ്പെടലിന്റെ മാർഗ്ഗമായ സത്യമതം അക്ഷരീയമല്ല, പിന്നെയോ ആത്മീയമായ ഒരു വാൾ പ്രയോഗിക്കുന്നു. മറിച്ച്, വ്യാജമതം സത്യോപദേശത്തിൽ വിട്ടുവീഴ്ചചെയ്യുകയും ക്രിസ്തീയനിഷ്പക്ഷതയെ ലംഘിക്കുകയും ദിവ്യതാത്പര്യങ്ങളെക്കാളധികമായി മാനുഷതാത്പര്യങ്ങൾ പിന്തുടരുകയും ചെയ്യുന്നു.—2 കൊരിന്ത്യർ 10:3-5.
▪ സത്യമതം സത്യദൈവത്തിന്റെ ആരാധനയിലേക്ക് അവിശ്വാസികളുടെ ഹൃദയങ്ങളെ നേടുന്നു. വ്യാജമതം സന്ദേഹവാദത്തിന്റെയും സ്വതന്ത്രചിന്തയുടെയും യുക്തിവാദത്തിന്റെയും മതേതരത്വത്തിന്റെയും കാലാവസ്ഥക്ക് സംഭാവനചെയ്യുന്നു.—ലൂക്കോസ് 1:17; 1 കൊരിന്ത്യർ 14:24, 25.
▪ യഹോവയുടെ സാക്ഷികൾ ആചരിക്കുന്നപ്രകാരമുള്ള സത്യമതം ആത്മീയമായി മുമ്പെന്നത്തേക്കാളുമധികമായി തഴച്ചുവളരുകയാണ്. രക്തംതെറിച്ച വസ്ത്രങ്ങളോടുകൂടിയ വ്യാജമതം ആത്മീയവികലപോഷണത്താലും കുറഞ്ഞുകൊണ്ടിരിക്കുന്ന പിന്തുണയാലും കഷ്ടപ്പെടുകയാണ്.—യെശയ്യാവ് 65:13, 14.
മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ എന്താണ്? വ്യാജമതത്തിന് ഭാവിയില്ല. അവളെ ഉപേക്ഷിക്കുക! (വെളിപ്പാട് 18:4, 5) സത്യമതത്തിലേക്ക് തിരിയുക. അത് എന്നേക്കും നിലനിൽക്കും.