യുവജനങ്ങൾ ചോദിക്കുന്നു. . .
അവർക്ക് അത് എന്നോട് എങ്ങനെ ചെയ്യാൻ കഴിഞ്ഞു?
“എന്റെ മൂത്ത സഹോദരിയെന്ന നിലയിൽ ജിനായിലേക്കു ഞാൻ സഹായത്തിനായി നോക്കി.* അവൾ എന്നെ സിനിമക്കു കൊണ്ടുപോകുകയും ഗൃഹപാഠങ്ങൾ ചെയ്യാൻ സഹായിക്കുകയും ചെയ്തിരുന്നു. അവൾ ക്രിസ്തീയ സഭയിൽനിന്ന് പുറന്തള്ളപ്പെട്ടതായി ഒരു രാത്രിയിൽ പ്രഖ്യാപിക്കപ്പെടുന്നതുവരെ അവൾക്ക് പ്രശ്നങ്ങളുണ്ടായിരുന്നതായി ഞാൻ അറിഞ്ഞില്ല. ഞാൻ ഞെട്ടിപ്പോയി. എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് അവൾ എന്നോടു പറഞ്ഞില്ല.”—റെററി.
“ബിൽ എന്റെ മൂത്ത സഹോദരനായിരുന്നു. ഞാൻ അവനിലേക്ക് വളരെയധികം നോക്കിയിരുന്നു. അവൻ വളരെ പ്രിയങ്കരനായിരുന്നു—മനോഹരനും രസികനുമായിരുന്നു. ഞങ്ങൾ ഒരു കുടുംബമായി ഭക്ഷണം കഴിക്കുമ്പോൾ അവന് ഞങ്ങളെയെല്ലാം കുടുകുടെ ചിരിപ്പിക്കാൻ കഴിയുമായിരുന്നു! എന്നാൽ ബിൽ എല്ലായ്പ്പോഴും വളരെ കുപിതനായ ഒരു വ്യക്തിയായിരുന്നു. അവൻ പിഴയാളികളും സമ്പന്നരുമായ ചില ചെറുക്കൻമാരോടുകൂടി നടക്കാൻ തുടങ്ങുകയും മയക്കുമരുന്നുപയോഗിക്കുകയുംചെയ്തു. അത് അവനെ ഒന്നിനൊന്നിനു ഭ്രാന്തനാക്കി. പെട്ടെന്ന് അവൻ ഞങ്ങളുടെ മാതാപിതാക്കളുമായും വഴക്കടിച്ചുതുടങ്ങി. അവൻ ഒരു സമയത്ത് മമ്മിയെ ഉന്തുന്നതുപോലും ഞാൻ കണ്ടു! ഒരു ആഴ്ചയിൽ ഞങ്ങൾ ഞങ്ങളുടെ ആദ്യത്തെ കുടുംബ വിനോദപര്യടനം ആസൂത്രണംചെയ്തു. ഞാൻ യഥാർത്ഥത്തിൽ അതിനായി നോക്കിപ്പാർത്തിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ബിൽ വീട്ടിൽനിന്ന് കടന്നുകളഞ്ഞു, എങ്ങോട്ടുപോകുന്നുവെന്ന് യാതൊരു സൂചനയും ഞങ്ങൾക്കു തന്നില്ല. ഞാൻ അവനെ പ്രതി ഭയപ്പെട്ടു, വ്യാകുലപ്പെട്ടു. എന്നാൽ എനിക്ക് അവനോട് അരിശവുംതോന്നി. കാരണം ഡാഡി ഞങ്ങളുടെ യാത്ര റദ്ദുചെയ്യേണ്ടിവന്നു. കൂടാതെ ബിൽ എല്ലാം അലങ്കോലമാക്കുകയായിരുന്നു.”—ഡോൺ.
മൂത്ത ഒരു സഹോദരനോ സഹോദരിയോ മത്സരിക്കുകയോ വീടുവിട്ടുപോകയോ അറസ്ററ്ചെയ്യപ്പെടുകയോ മറേറതെങ്കിലും വിധത്തിൽ നിങ്ങളുടെ കുടുംബത്തിന് അപമാനം വരുത്തുകയോ ചെയ്യുമ്പോൾ അത് വേദനാജനകമാണ്.
മിക്കപ്പോഴും നിങ്ങൾ ആ മൂത്തയാളെ (സഹോദരനോ സഹോദരിയോ) മാതൃകയായി നോക്കിയിരുന്നു. ഒരുവൻ ഒരു ഉന്നതസ്ഥാനത്തു നിന്ന് മറിഞ്ഞുവീഴുന്നതു കാണുന്നത് ഒരു തകർത്തുകളയുന്ന അനുഭവമായിരിക്കാൻകഴിയും. അത് നിങ്ങളെക്കുറിച്ചുതന്നെ ഭയങ്ങൾ ഉളവാക്കിയേക്കാം. ‘ഇത് എനിക്ക് സംഭവിക്കുമോ?’
പോരാടേണ്ടിയിരിക്കുന്ന മറെറാരു ശക്തമായ വികാരം നീരസമായിരിക്കാം. നിങ്ങളുടെ മത്സരിയായ കൂടെപ്പിറപ്പ് നിങ്ങൾക്കും കുടുംബത്തിനും വരുത്തിക്കൂട്ടുന്ന സകല ദ്രോഹത്തെയും വേദനയെയും പ്രതി നിങ്ങൾ നീരസപ്പെടുന്നു. “എന്തു ചെയ്യണമെന്ന് മമ്മിക്കും ഡാഡിക്കും അറിയാൻപാടില്ലായിരുന്നു”വെന്ന് ഡോൺ അനുസ്മരിക്കുന്നു. “അവർ ആ സംഗതിസംബന്ധിച്ച് അസ്വസ്ഥരായിരുന്നു.” വഴിപിഴച്ച നിങ്ങളുടെ കൂടെപ്പിറപ്പ്, നിങ്ങൾ സ്ഥിതിചെയ്യുന്നില്ലാത്തതുപോലെ, നിങ്ങളുടെ മാതാപിതാക്കളുടെ ശ്രദ്ധാകേന്ദ്രമായിരിക്കുന്നതിലും നിങ്ങൾ കൂടുതലായി നീരസപ്പെട്ടേക്കാം! നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപററാൻ കുറെ സ്വതന്ത്രമായി പ്രവർത്തിക്കാൻപോലും പ്രലോഭിപ്പിക്കപ്പെട്ടേക്കാം.
നേരെമറിച്ച്, നിങ്ങളുടെ മാതാപിതാക്കൻമാർ മത്സരിയുടെ കാര്യത്തിൽ കഠിനമായ ശിക്ഷണനടപടി സ്വീകരിച്ചുതുടങ്ങുമ്പോൾ നിങ്ങൾക്ക് അവരോടും നീരസംതോന്നിയേക്കാം. നിങ്ങൾ അതിശയിക്കുന്നു: ‘അവർ അവനോട് ഇത്ര കർക്കശമായി ഇടപെടണമായിരുന്നോ?’ നിങ്ങളുടെ മാതാപിതാക്കൾ അവനെ ശാസിക്കുന്നതു കേട്ടും നിങ്ങൾ മുഷിഞ്ഞിരിക്കാം. ചില യുവജനങ്ങൾ തങ്ങളുടെ സഹോദരനോ സഹോദരിയോ ഇപ്പോൾ ആസ്വദിക്കുന്നതായി തോന്നുന്ന സ്വതന്ത്ര ജീവിതരീതി തങ്ങളും ആസ്വദിക്കുമോയെന്നറിയാനാഗ്രഹിച്ചുകൊണ്ട് രഹസ്യമായി അസൂയപ്പെടുകപോലും ചെയ്തേക്കാം. അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളോട് ഈ ദുഃഖകരമായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കേണ്ടിവരുന്നതിൽ നിങ്ങൾക്ക് കേവലം ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടായിരിക്കാം.
അപ്പോൾ, മൂത്ത സഹോദരൻമാരും സഹോദരിമാരും ചിലപ്പോൾ നമ്മെ നിരാശപ്പെടുത്തുന്നതെന്തുകൊണ്ട്? അത് അനുചിതമായി നിങ്ങളുടെ ജീവിതത്തെ ബാധിക്കാതെ തടയാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
മൂത്ത സഹോദരീസഹോദരൻമാർ ചിലപ്പോൾ പരാജയപ്പെടുന്നതെന്തുകൊണ്ട്?
“എല്ലാവരും,” വളരെയധികം ആശ്രയിക്കപ്പെടുന്ന സഹോദരീസഹോദരൻമാർപോലും, “പാപംചെയ്തിരിക്കുന്നു, ദൈവതേജസ്സിൽ കുറവുള്ളവരായിത്തീരുകയും ചെയ്യുന്നു”വെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (റോമർ 3:23) വിശേഷിച്ച് യുവാക്കൾ ദുഷ്പ്രവൃത്തിക്ക് വിധേയരാണ്. കാരണം അവർ മിക്കപ്പോഴും തങ്ങളുടെ വികാരങ്ങളെയും പ്രചോദനങ്ങളെയും നിയന്ത്രിക്കാൻ പഠിച്ചിട്ടില്ല. അങ്ങനെ “ഒരു ബാലന്റെ [അല്ലെങ്കിൽ ഒരു യുവാവിന്റെ] ഹൃദയത്തോട് മൂഢത്വം പററിയിരിക്കുന്നു”വെന്ന് ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 22:15) അതുകൊണ്ട് അവരുടെ പരാജയം നിസ്സംശയമായി നിങ്ങളെ ദ്രോഹിക്കുന്നടത്തോളം നിങ്ങളുടെ സഹോദരീസഹോദരൻമാരുടെ ദുഷ്പ്രവൃത്തി ഏതെങ്കിലും വിധത്തിൽ വ്യക്തിപരമായി നിങ്ങളിലേക്കു തിരിച്ചുവിടപ്പെട്ടതാണെന്ന് വിശ്വസിക്കാൻ മിക്കവാറും നിങ്ങൾക്ക് കാരണമില്ല. ദുഷ്പ്രവൃത്തി നിങ്ങളുടെ സ്വന്തമായിരിക്കുന്നതുപോലെ നിങ്ങൾക്ക് അനുചിതമായി ബുദ്ധിമുട്ടുതോന്നാനും യാതൊരു കാരണവുമില്ല.
നിങ്ങളുടെ സഹോദരനെയോ സഹോദരിയെയോ വളർത്തിയതിൽ നിങ്ങളുടെ മാതാപിതാക്കളുടെ ഭാഗത്ത് കുറെ പരാജയംനേരിട്ടിരിക്കാൻ സാദ്ധ്യതയുണ്ട്. ഒരുപക്ഷേ അവർ കൂടുതൽ ദാക്ഷിണ്യം കാണിക്കുകയും അവനു ഉചിതമായി ശിക്ഷണംകൊടുക്കുന്നതിൽ പരാജയപ്പെടുകയുംചെയ്തു. (സദൃശവാക്യങ്ങൾ 13:24; 29:15, 17) ഒരുപക്ഷേ, അവർ ഏതെങ്കിലും വിധത്തിൽ ഉചിതമായ മാതൃകവെക്കുന്നതിൽ പരാജയപ്പെടുകയുംചെയ്തു. അങ്ങനെയാണെങ്കിൽ പോലും, നിങ്ങളുടെ സഹോദരീസഹോദരൻമാരുടെ പ്രശ്നങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കൻമാരെ കുററപ്പെടുത്തിക്കൊണ്ട് അവരുമായി ഉഗ്രവാദത്തിലേർപ്പെടുന്നതുകൊണ്ട് വലിയ നേട്ടമൊന്നുമുണ്ടാകുകയില്ല.
പരിശീലനം കൊടുക്കുന്നതിൽ നിങ്ങളുടെ മാതാപിതാക്കളുടെ ഭാഗത്ത് പരാജയമുണ്ടായിരുന്നതിലധികമായി മാതാപിതാക്കളാലുള്ള പരിശീലനത്തോട് പ്രതികരിക്കുന്നതിൽ നിങ്ങളുടെ സഹോദരീസഹോദരൻമാരുടെ ഭാഗത്ത് പരാജയമുണ്ടായിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട്.
മാതാപിതാക്കൻമാരുടെ വിചാരം
നിങ്ങളുടെ കൂടെപ്പിറപ്പുകളുടെ മാർഗ്ഗഭ്രംശം വിശേഷിച്ച് നിങ്ങളുടെ മാതാപിതാക്കൾക്ക് വിനാശകരമായിരിക്കുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കാൻ ഇത് നിങ്ങളെ സഹായിച്ചേക്കാം. നിങ്ങളുടെ സഹോദരനേയോ സഹോദരിയേയോ വളർത്തുന്നതിൽ അവർ വളരെയധികം സമയവും ശ്രമവും വികാരവും ചെലവഴിച്ചിരിക്കുന്നു. ആ ഒരാൾ തെററു ചെയ്യുന്നതു കാണുമ്പോൾ അവർ അവനെ അല്ലെങ്കിൽ അവളെ വളർത്തിയ വിധംസംബന്ധിച്ച് സംശയങ്ങളും കുററബോധവുംകൊണ്ടു നിറയുകയല്ലാതെ അവർക്കു നിർവാഹമില്ല.
അതുകൊണ്ട് പ്രതിസന്ധി മൂർദ്ധന്യത്തിലെത്തിയിരിക്കുമ്പോൾ നിങ്ങളുടെ മാതാപിതാക്കൻമാർ നിങ്ങളെ അവഗണിക്കുന്നതായി തോന്നുന്നത് അതിശയമല്ല. നിങ്ങളുടെ കുട്ടിയുടെ മത്സരാത്മക കൗമാരവർഷങ്ങളെ എങ്ങനെ അതിജീവിക്കാം? എന്ന മൈറൻ ബ്രണ്ടന്റെ പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “മത്സരിയായ കുട്ടി വളരെയധികമായി മാതാപിതാക്കളുടെ ലോകത്തിന്റെ കേന്ദ്രമായിത്തീരുന്നതുകൊണ്ടും അവരുടെ വളരെയധികം വൈകാരിക ഊർജ്ജം കൈയടക്കുന്നതുകൊണ്ടും മററു കുട്ടികൾ അവഗണിക്കപ്പെടുന്നു. ‘എനിക്ക് മറെറാരു പുത്രിയോ ഭർത്താവോ ഉണ്ടെന്നുള്ള ബോധമില്ലായിരിക്കാൻ തക്കവണ്ണം ഈ ഒരു മൂത്ത പുത്രിനിമിത്തം ഞാൻ വളരെ അന്ധയായിരുന്നു, അവളിൽ വളരെ ശ്രദ്ധാലുവായിരുന്നു’ എന്നാണ് മയക്കുമരുന്നാസക്തയായ ഒരു പെൺകുട്ടിയുടെ മാതാവ് പ്രസ്താവിച്ചത്.”
മാതാപിതാക്കൾ ഈ വിധത്തിൽ പ്രതികരിക്കുന്നത് നല്ലതല്ലെന്ന് സമ്മതിക്കുന്നു. എന്നാൽ അതു മനസ്സിലാക്കാവുന്നതല്ലേ? ദാവീദുരാജാവ് തന്റെ പുത്രനായിരുന്ന അബ്ശാലോമിന്റെ മത്സരത്തിലും തുടർന്നുള്ള മരണത്തിലും വളരെ സംഭ്രാന്തനായിരുന്നതിനാൽ താൽക്കാലികമായി അവന്റെ സമനില നഷ്ടപ്പെട്ട് “എന്റെ മകനേ!, അബ്ശാലോമേ! അബ്ശാലോമേ, എന്റെ മകനേ” എന്ന് കരയാൻമാത്രമേ അവനു കഴിഞ്ഞുള്ളുവെന്ന് ബൈബിൾ നമ്മോടു പറയുന്നു. (2 ശമുവേൽ 19:4-6) കാര്യങ്ങൾ ശാന്തമാകുമ്പോൾ—കാലക്രമത്തിൽ അവ ശാന്തമാകും—നിങ്ങളുടെ മാതാപിതാക്കൾ തങ്ങളുടെ സമനില വീണ്ടെടുക്കുമെന്നും നിങ്ങളുടെ ആവശ്യങ്ങളിൽ മെച്ചമായി ശ്രദ്ധിക്കാൻ പ്രാപ്തരാകുമെന്നും ഉറപ്പുണ്ടായിരിക്കുക.
‘ഞാൻ ഇതുതന്നെ ചെയ്യുമോ?’
ഈ ചോദ്യം അനേകം യുവജനങ്ങളെ ഉത്ക്കണ്ഠാഭരിതരാക്കുന്നു, വിശേഷിച്ച് തങ്ങളുടെ മൂത്ത സഹോദരനോ സഹോദരിയോ ആസ്വദിക്കുന്ന “സ്വാതന്ത്ര്യ”ത്തെക്കുറിച്ച് അവർ അല്പം ജിജ്ഞാസുക്കളാണെങ്കിൽ.
ഒന്നാമതായി, നിങ്ങളുടെ മൂത്ത സഹോദരീസഹോദരൻമാരിലേക്കു നിങ്ങൾ നോക്കിയിരിക്കാമെന്നിരിക്കെ, ശരി ചെയ്യാൻ നിങ്ങൾ ഇപ്പോഴും ദൈവമുമ്പാകെ ഉത്തരവാദിയാണ്. “നൻമ ചെയ്യാൻ ഒരുവന് അറിയാമെങ്കിലും അതു ചെയ്യുന്നില്ലെങ്കിൽ അത് അവന് ഒരു പാപമാണ്” എന്ന് യാക്കോബ് 4:17 പറയുന്നു. (ഗലാത്യർ 6:5 താരതമ്യംചെയ്യുക.) അവനോ അവൾക്കോ ഇപ്പോഴുള്ള സ്വാതന്ത്ര്യത്തിൽ അസൂയപ്പെടുന്നത് വെറും മൂഢത്വമാണ്. സങ്കീർത്തനക്കാരനായ ആസാഫിനുതന്നെ കുറെക്കാലം അങ്ങനെയുള്ള അസൂയ തോന്നി. എന്നാൽ മത്സരികളായ പാപികളുടെ ഭവിഷ്യത്തിനെക്കുറിച്ച് ശ്രദ്ധാപൂർവം പരിശോധിച്ചശേഷം അങ്ങനെയുള്ളവർ “തെന്നുന്ന നില”ത്താണെന്ന് അവൻ നിഗമനംചെയ്തു—അപകടത്തോട് വളരെ അടുത്ത്. (സങ്കീർത്തനം 73:18) ദുഷ്പ്രവൃത്തി ഹൃദയവേദനയിലേക്കുമാത്രമേ നയിക്കുന്നുള്ളുവെന്നറിയാൻ നിങ്ങൾ വ്യക്തിപരമായി അത് അനുഭവിക്കേണ്ടതില്ല.—ഗലാത്യർ 6:7, 8.
നിങ്ങളുടെ മൂത്ത സഹോദരനോ സഹോദരിയോ ചെയ്യുന്നത് യാതൊരു പ്രകാരത്തിലും നിങ്ങൾ ചെയ്യുന്നതിനെ മുൻകൂട്ടിപ്പറയുന്നില്ലെന്നും തിരിച്ചറിയുക. (തുടക്കത്തിൽ ഉദ്ധരിച്ച) റെററി പ്രസ്താവിച്ചതുപോലെ, “എന്റെ സഹോദരി ചെയ്തത് ഞാൻ ചെയ്യാൻ പോകുന്നില്ല. ഞാൻ അവളെപ്പോലെയൊന്നുമല്ല. ഞങ്ങൾ വേറിട്ട വ്യക്തികളാണ്.”
ദൃഷ്ടാന്തത്തിന്, യോസേഫിനെക്കുറിച്ചുള്ള ബൈബിളിന്റെ വിവരണം പരിചിന്തിക്കുക. യോസേഫിന്റെ മൂത്ത പത്ത് സഹോദരൻമാരിൽ ഒരുവനും അവനുവേണ്ടി അനുകരണീയമായ മാതൃക വെച്ചില്ല. എന്നിരുന്നാലും അവരുടെ മോശമായ മാതൃക തന്നെ സ്വാധീനിക്കാൻ യോസേഫ് അനുവദിച്ചില്ല. അവൻ നീതിപ്രമാണങ്ങളോടു ഭക്തി പ്രകടമാക്കുകയും അനേകം പദവികളും അനുഗ്രഹങ്ങളും ലഭിക്കാൻ “തന്റെ സഹോദരൻമാരിൽനിന്ന് ഒററപ്പെടുത്തപ്പെട്ടവൻ” ആയിത്തീരുകയുംചെയ്തു.—ആവർത്തനം 33:16; ഉല്പത്തി 49:26.
അതുപോലെ നിങ്ങൾക്ക് “സംസാരത്തിലും നടത്തയിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും വിശ്വസ്തർക്ക് ഒരു മാതൃകയായിത്തീരാൻ” കഴിയും, നിങ്ങളുടെ മൂത്ത സഹോദരനോ സഹോദരിയോ ഏതു ഗതി സ്വീകരിച്ചാലും. (1 തിമൊഥെയോസ് 4:12) നിങ്ങളുടെ വിശ്വസ്തതയോടുകൂടിയ ശ്രമങ്ങൾ തന്റെ ജീവിതത്തെ നേരെയാക്കാൻ നിങ്ങളുടെ മൂത്ത സഹോദരനെ അല്ലെങ്കിൽ സഹോദരിയെ പ്രേരിപ്പിച്ചേക്കാം.
അവരുടെ തെററുകളിൽനിന്ന് പഠിക്കുക
ഈ പ്രയാസകരമായ സാഹചര്യത്തിൽനിന്ന് കുറെ പ്രയോജനംനേടാൻ ശ്രമിക്കുക. ദൃഷ്ടാന്തത്തിന്, നിങ്ങളുടെ സഹോദരനോ സഹോദരിയോ “മോശമായ സഹവാസം”—അസഭ്യഭാഷ ഉപയോഗിക്കുന്നവരും മയക്കുമരുന്നുപയോഗിക്കുന്നവരും ലഹരിപാനീയങ്ങൾ ദുർവിനിയോഗംചെയ്യുന്നവരും അല്ലെങ്കിൽ അധാർമ്മികനടത്തയിലേർപ്പെടുന്നവരുമായ ചെറുപ്പക്കാരുമായുള്ള സഹവാസം—തേടിയോ? (1 കൊരിന്ത്യർ 15:33) ഒരുപക്ഷേ നിങ്ങൾ ആരുമായി സഹവസിക്കുന്നുവോ അവരെ അടുത്തു വീക്ഷിക്കേണ്ടതുണ്ടായിരിക്കാം.
നിങ്ങളുടെ മൂത്ത കൂടെപ്പിറപ്പുകൾ നിങ്ങളുടെ മാതാപിതാക്കളിൽനിന്നുള്ള ബുദ്ധിയുപദേശത്തോടു പ്രതികരിച്ച വിധവും പരിചിന്തിക്കുക. അവൻ തർക്കപ്രിയനും ശാഠ്യമുള്ളവനും മത്സരിയുമായിരുന്നുവോ? അങ്ങനെയാണെങ്കിൽ, നിങ്ങൾ ചിലപ്പോഴൊക്കെ നിങ്ങളുടെ മാതാപിതാക്കളോട് മറുതലിക്കുകയോ അവർ നിങ്ങളോടു പറയുന്നതുചെയ്യുന്ന കാര്യത്തിൽ മടിക്കുകയോ ചെയ്യുന്നുവോ? ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുന്നതിൽ’ നിങ്ങൾക്ക് കൂടുതൽ മനഃസാക്ഷിബോധം പ്രകടമാക്കാൻ കഴിയുമോ?—എഫേസ്യർ 6:2.
അത് എളുപ്പമായിരിക്കയില്ല, എന്നാൽ നിങ്ങളും നിങ്ങളുടെ കുടുംബവും ഈ സങ്കടകരമായ അനുഭവത്തെ അതിജീവിക്കുകയും ഒരുപക്ഷേ അതിൽനിന്ന് കുറെ നൻമ വരുന്നതു കാണുകയും ചെയ്തേക്കാം. അതിനിടയിൽ, നിങ്ങളുടെ മൂത്ത കൂടെപ്പിറപ്പ് തന്റെ തെററ് തിരിച്ചറിയുകയും മാററംവരുത്താനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നുള്ള ആശ ഒരിക്കലും വെടിയരുത്. (ലൂക്കോസ് 15:11-24 താരതമ്യംചെയ്യുക.) കുടുംബാംഗങ്ങൾ നിങ്ങളെ നിരാശപ്പെടുത്തിയേക്കാമെങ്കിലും യഹോവ ഒരിക്കലും നിങ്ങളെ “കൈവെടിയുകയോ ഏതെങ്കിലും വിധത്തിൽ നിങ്ങളെ ഉപേക്ഷിക്കുകയോ ചെയ്യുകയില്ല.” (എബ്രായർ 13:5) അതുകൊണ്ട് യഹോവയോടുള്ള വിശ്വസ്തത ഒന്നാമതു വരണം. അവനെ പ്രീതിപ്പെടുത്താനുള്ള നിങ്ങളുടെ ആഗ്രഹം ശുദ്ധവും നിർമ്മലവുമായ ഒരു ജീവിതം നയിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും—പ്രിയപ്പെട്ട ഒരു സഹോദരനോ സഹോദരിയോ മറിച്ചുചെയ്യാനിഷ്ടപ്പെടുമ്പോൾ പോലും. (g89 11/8)
[അടിക്കുറിപ്പുകൾ]
ചില പേരുകൾക്ക് മാററംവരുത്തിയിട്ടുണ്ട്.
[16-ാം പേജിലെ ചിത്രം]
ഒരു മത്സരിയായ സഹോദരനൊ സഹോദരിയൊ മിക്കപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധാകേന്ദ്രമായിത്തീരുന്നു. അതിന്റെ ഫലമായി നിരപരാധിയായ കുട്ടിക്ക് അവഗണിക്കപ്പെട്ടതായി തോന്നിയേക്കാം