യുവജനങ്ങൾ ചോദിക്കുന്നു. . .
സ്നേഹിതരായി തുടരുന്നത് വളരെ പ്രയാസകരമായിരിക്കുന്നത് എന്തുകൊണ്ട്?
ഒരു പെൺകുട്ടി സബീനയോട് സംസാരിക്കുന്നത് നിർത്തി. കാരണം, സ്കൂൾ ബെയ്സ്ബോൾ കളിയിൽ ഒരു ഹോം റൺ അടിക്കുന്നതിൽ അവൾ പരാജയപ്പെട്ടു എന്നത് മാത്രം. മറെറാരു പെൺകുട്ടി സബീനയുമായുള്ള സൗഹൃദം വിച്ഛേദിച്ചതിന്റെ കാരണം ഒരു പരീക്ഷയിൽ വഞ്ചന കാണിക്കാൻ അവളെ സഹായിച്ചില്ല എന്നതായിരുന്നു. ഇനി മൂന്നാമതൊരു പെൺകുട്ടി സബീനയെ സ്ഥിരമായി മററുള്ളവരുടെ മുമ്പിൽ വച്ച് വിമർശിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്നു. അങ്ങനെ സബീന ഒരു ദുഃഖസത്യം മനസ്സിലാക്കി: ഒരു സൗഹൃദം നിലനിർത്തുക എന്നത് എല്ലായ്പ്പോഴും എളുപ്പമല്ല.
‘അവളെന്റെ രഹസ്യം സൂക്ഷിച്ചില്ല!’ ‘അവനെന്നെ അവഗണിക്കുന്നു!’ ‘അവളെന്നെ പിന്നിൽ നിന്ന് പരിഹസിച്ചു!’ ‘എനിക്കാകെ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെടുന്നു.’ സമാനമായ പരാതികളുടെ പ്രതിബന്ധത്തിലമർന്ന് അനേകം ദൃഢമായ സൗഹൃദങ്ങൾ തകർന്നിട്ടുണ്ട്.
അററുപോകുന്ന സൗഹൃദങ്ങൾ
സൗഹൃദങ്ങൾ പലപ്പോഴും അററുപോകുന്നതായിരിക്കുന്നത് എന്തുകൊണ്ട്? ബൈബിൾ ഇങ്ങനെ പറയുന്നു: “സകലരും പാപം ചെയ്ത് ദൈവമഹത്വത്തിൽ കുറവുള്ളവരായിത്തീർന്നിരിക്കുന്നു.” (റോമർ 3:23) അപൂർണ്ണത നിമിത്തം, നാം തെററിനോട് ചായ്വുള്ളവരാണെന്ന് മാത്രമല്ല നാം ദൈവവുമായും സഹമനുഷ്യരുമായും പൊരുത്തത്തിലല്ല താനും. നാം, കുററബോധത്തിന്റെയും അരക്ഷിതത്വത്തിന്റെയും തോന്നലുകളാൽ ബാധിതരും, തിടുക്കത്തിൽ പിണങ്ങുന്നവരും പെട്ടെന്ന് ഭീഷണിപ്പെടുത്തപ്പെട്ടതായി തോന്നുന്നവരും ആണ്. നാം ക്രോധത്തിനും, ക്ഷിപ്രകോപത്തിനും അക്ഷമക്കും അസൂയക്കും—അപൂർണ്ണതയുടെ മററ് മുഖമുദ്രകൾ—വിധേയരായതിനാൽ സൗഹൃദത്തിന്റെ ബന്ധങ്ങളെ നിലനിർത്തുന്നതിലുപരി “പരസ്പരം ഛിന്നഭിന്നമാക്കാൻ” കൂടുതൽ ചായ്വുള്ളവരാണ്.—സദൃശവാക്യങ്ങൾ 18:24.
അതുകൊണ്ട് കൗമാര സൗഹൃദങ്ങൾക്ക് ദുർബ്ബലമാകാൻ കഴിയും. ഒരു കാര്യം പറഞ്ഞാൽ, അത്തരം ബന്ധങ്ങൾ—വിശേഷിച്ചും ചെറുപ്പക്കാരികളുടെ ഇടയിൽ—മിക്കപ്പോഴും തീവ്രമായ അടുപ്പമുള്ളവയായിരിക്കും. എല്ലാ ചിന്തയേയും വികാരത്തെയും പങ്കുവയ്ക്കാൻ ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നതിന് പ്രയോജനങ്ങൾ ഉണ്ടായിരിക്കുമ്പോൾ തന്നെ അതിന് അതിന്റേതായ ദോഷങ്ങളുമുണ്ട്. സോവ്യററ് ഗവേഷകരായ കോൺ, ലോസെൻകോവ് എന്നിവർ നിരീക്ഷിച്ചത് ശ്രദ്ധിക്കുക: “രഹസ്യങ്ങൾ പങ്കുവെക്കുന്നതിനുള്ള തീവ്രമായ ആവശ്യത്തിന് തെററിദ്ധാരണയുടെയും ഏററുമുട്ടലിന്റെയും ഒരു ശക്തമായ ഉറവായിരിക്കാൻ കഴിയും.”
നിങ്ങളുടെ കൗമാര വർഷങ്ങളിൽ ഉണ്ടാകുന്ന വൈകാരികമായ വളർച്ചക്കും സൗഹൃദത്തിനെതിരെ വർത്തിക്കാൻ കഴിയും. ഒരു എഴുത്തുകാരൻ പറയുന്നതുപോലെ, കൗമാരത്തിനു മുൻപ് “നമ്മുടെ വ്യക്തിത്വങ്ങൾ അത്ര വ്യതിരിക്തമല്ല, നമ്മുടെ താൽപ്പര്യങ്ങളും ലക്ഷ്യങ്ങളും അത്ര വ്യക്തവുമല്ല; നാമിതുവരെ ആരാണെന്നത് സംബന്ധിച്ച് വളരെ ശക്തമായ ഒരു ബോധം നമുക്കുണ്ടാകില്ല.” പക്ഷേ നാം നമ്മുടെ കൗമാരത്തിന്റെ അന്ത്യഭാഗത്തേക്ക് വരുമ്പോൾ, “നാം കൂടുതലായി മുതിർന്നവരെപ്പോലെ, സ്വന്തമായി ലക്ഷ്യങ്ങളും തത്വങ്ങളും താൽപ്പര്യങ്ങളും ഉള്ള വ്യതിരിക്ത വ്യക്തികളെപ്പോലെ ആയിത്തീരാൻ തുടങ്ങുന്നു. ഇത് . . . നമ്മെക്കാളും വ്യത്യസ്തമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പഴയ സ്നേഹിതരോട് അടുപ്പം നിലനിർത്തുന്നത് പ്രയാസകരമാക്കിയേക്കാം. അതുകൊണ്ട് ചിലർ വേർപിരിഞ്ഞു വളരുന്നത് അനിവാര്യമാണ്.”
ഇനി, ചില സൗഹൃദങ്ങൾ പരസ്പര സ്നേഹത്തിലുപരി സ്വാർത്ഥതയിൽ ഏറെ അധിഷ്ഠിതമാണ്, കൊടുക്കുവാനുള്ള മനസ്സൊരുക്കത്തിലുപരി വാങ്ങാനുള്ള അഭിലാഷത്തിലും. സബീനയുടെ (തുടക്കത്തിൽ വർണ്ണിച്ച) അനുഭവം, സ്വാർത്ഥ പ്രതീക്ഷകൾ സഫലമാകാതെ വരുമ്പോൾ അത്തരം സൗഹൃദങ്ങൾ എത്ര എളുപ്പത്തിൽ ആവിയായിപ്പോകുന്നു എന്ന് ദൃഷ്ടാന്തീകരിക്കുന്നു. അപ്പോൾ, താലോലിച്ചു വളർത്തിയ ഒരു സൗഹൃദം ഒരു കുററി മാത്രം പോലെ ആകുകയാണെങ്കിൽ നിങ്ങൾക്കെന്ത് ചെയ്യാൻ കഴിയും?
വിശ്വസ്തരായിരിക്കുക
ജൊവാന തന്റെ ഒരു സ്നേഹിതയോട് ഒരു രഹസ്യം—മററാരോടും പറയരുതെന്ന് അവൾ നിഷ്ക്കർഷിച്ച ഒരു വ്യക്തിപരമായ കാര്യം—പറഞ്ഞു. ഏതാനും ദിവസങ്ങൾക്കു ശേഷം, മററുള്ള അനവധിപേർ ഈ കാര്യം മുഴുവൻ അറിഞ്ഞിരിക്കുന്നതായി അവൾ മനസ്സിലാക്കി. തന്റെ സ്നേഹിത തന്നെ ചതിച്ചു എന്ന് മനസ്സിലാക്കിയ ജൊവാന ഇങ്ങനെ പറഞ്ഞു: “ഞാനവളോട് ക്ഷമിച്ചു, പക്ഷേ എനിക്ക് വീണ്ടും ഒരിക്കലും അവളെ വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. ഞങ്ങളുടെ സൗഹൃദം ഒരിക്കലും പഴയപടി ആയിരിക്കുകയില്ല.” വിശ്വസ്തത തീർച്ചയായും സൗഹൃദത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. ദാവീദും യോനാഥാനും പരസ്പരം വിശ്വസ്തതയുടെ ഒരു പ്രതിജ്ഞപോലും എടുത്തതായി ബൈബിൾ നമ്മോട് പറയുന്നു. (1 ശമുവേൽ 20:15-17) എന്നാൽ ഒരു സുഹൃത്ത് വിശ്വസ്തതയെ വഞ്ചിക്കുന്നുവെങ്കിൽ ആ സൗഹൃദം അതോടെ തീരുമോ?
അവശ്യമായും വേണമെന്നില്ല. വിശ്വാസവഞ്ചന പൊറുക്കാൻ കഴിയില്ല എന്നത് സത്യം തന്നെ. എന്നാൽ, ഒന്നാമത്, ഈ വിവരം നിങ്ങളുടെ സുഹൃത്തിനെ ഭരമേൽപ്പിച്ചത് നിങ്ങളുടെ ഭാഗത്തെ ബുദ്ധിശൂന്യത ആയിരിക്കാൻ കഴിയുമോ? “ഏഷണിക്കാരന് ഒരിക്കലും രഹസ്യം സൂക്ഷിക്കാൻ കഴിയുകയില്ല,” എന്ന് സദൃശവാക്യം മുന്നറിയിപ്പു നൽകുന്നു. “വളരെയധികം സംസാരിക്കുന്നവരോട് അകന്നു നിൽക്കുക.” (സദൃശവാക്യങ്ങൾ 20:19, ററുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) ഒരു രഹസ്യം സൂക്ഷിക്കാനുള്ള പക്വത പലപ്പോഴും യുവാക്കൾക്ക് ഉണ്ടാകില്ല. കൗമാരപ്രായക്കാർക്കുള്ള ഒരു മനഃശാസ്ത്ര ഡോക്ടർ ആയ ഡോ. ജെയ്ൻ ആന്റേഴ്സൺ ഇപ്രകാരം നമ്മെ അനുസ്മരിപ്പിക്കുന്നു: “ഒരു നല്ല സ്നേഹിതൻ പോലും തനിക്ക് അൽപ്പം ശ്രദ്ധയോ സ്ററാററസോ ലഭിക്കുമെന്നുണ്ടെങ്കിൽ ഒരു രഹസ്യം വെളിപ്പെടുത്താൻ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. ഇത് [അവനെ അല്ലെങ്കിൽ അവളെ] ഒരു ദുഷിച്ച വ്യക്തി ആക്കിത്തീർക്കുന്നില്ല—ഒരു പക്വതയില്ലാത്തവൻ മാത്രം.” ഇതിനുള്ള പരിഹാരം, നിങ്ങൾക്ക് ഒരു ഗുരുതരമായ പ്രശ്നം ഉള്ളപ്പോൾ ഒരു പക്വതയുള്ള മുതിർന്നയാളിൽ വിശ്വാസമർപ്പിക്കുക എന്നതാണ്.
നിങ്ങളാണ് ഒരു സ്വകാര്യസംഗതി ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്ന ആളെങ്കിലോ? വിശ്വസ്തനായിരുന്ന് “മറെറാരുത്തന്റെ രഹസ്യങ്ങളെ വെളിപ്പെടുത്താതിരിക്ക, അല്ലാത്തപക്ഷം, അവൻ അതിനെക്കുറിച്ച് കേൾക്കുമ്പോൾ നിന്നെ നിന്ദിക്കുകയും നിന്റെ വിവേചനാശൂന്യത അപ്പോൾ തിരിച്ചെടുക്കാവുന്നതിലപ്പുറമായിത്തീരുകയും ചെയ്യും.”—സദൃശവാക്യങ്ങൾ 25:9, 10, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ.
‘എനിക്ക് ആകെ വീർപ്പുമുട്ടൽ അനുഭവപ്പെടുന്നു’
എപ്പോഴെല്ലാം ജോ മററാരുടെയെങ്കിലും കൂടെയായിരിക്കാൻ—അല്ലെങ്കിൽ കേവലം ഏകാന്തത ആസ്വദിക്കാൻ—ആഗ്രഹിക്കുന്നുവോ അപ്പോഴെല്ലാം ജോയുടെ സുഹൃത്ത് നിരാശനാകും. ഇതു കാരണം ജോയ്ക്ക് അസ്വസ്ഥതയും സമ്മർദ്ദവും അനുഭവപ്പെടാൻ തുടങ്ങി.
ഒരു സുഹൃത്തിനെ, അവനോ അവളോ നിങ്ങളുടെ മാത്രം സ്വത്തായി കരുതുന്നത് സൗഹൃദത്തെ ഞെരുക്കുന്നു. ഒരു ഉററ സുഹൃത്ത് മററുള്ളവരുമായി സഹവസിക്കാൻ തുടങ്ങുമ്പോൾ വേദനയും അരക്ഷിതത്വബോധവും ഉണ്ടാകുന്നത് സ്വാഭാവികമാണെന്നുള്ളത് സത്യം തന്നെ. പക്ഷേ, അത്ര കഠിനമായി കൈവശ മനോഭാവം ഉള്ളവനായിരിക്കുന്നത് സാഹചര്യത്തെ മെച്ചപ്പെടുത്തുമോ? സദൃശവാക്യങ്ങൾ 25:17 (NEB) പ്രകാരം അങ്ങനെ ചെയ്യില്ല. അവിടെ ഇങ്ങനെ പറയുന്നു: “നിന്റെ അയൽവാസിയുടെ ഭവനത്തിലേക്കുള്ള സന്ദർശനങ്ങളിൽ മിതത്വമുള്ളവനായിരിക്കുക, അവൻ നിന്നെ കൂടെക്കൂടെ കാണുന്നുവെങ്കിൽ നിന്നെ വെറുക്കുന്നതിന് ഇടയാകും.”
യേശുക്രിസ്തുവിന് തന്റെ ശിഷ്യനായ യോഹന്നാനോട് പ്രത്യേക അടുപ്പം ഉണ്ടായിരുന്നു. (യോഹന്നാൻ 13:23) എങ്കിലും യേശു മററുള്ളവരെ മാററി നിർത്തിയില്ല, പ്രത്യുത തന്റെ സകല ശിഷ്യൻമാരെയുംകുറിച്ച് “നിങ്ങളെന്റെ സ്നേഹിതരാകുന്നു” എന്ന് പ്രസ്താവിക്കുകയുണ്ടായി. (യോഹന്നാൻ 15:14) സമാനമായി, ഏററവും അടുത്ത സ്നേഹബന്ധത്തിനിടയിൽ പോലും മററ് സ്നേഹബന്ധങ്ങൾക്ക് സ്ഥാനമുണ്ട്. തീർച്ചയായും, ക്രിസ്ത്യാനികൾ തങ്ങളുടെ സ്നേഹബന്ധങ്ങളിൽ “വിശാലരാകാൻ” ബൈബിൾ പ്രേരിപ്പിക്കുന്നു.—2 കൊരിന്ത്യർ 6:13.
കൈവശഭാവം ഉള്ള ഒരു സ്നേഹിതനാൽ ശ്വാസം മുട്ടിക്കപ്പെടുന്നവൻ നിങ്ങളാണെങ്കിലെന്ത്? അപ്പോൾ, “നിന്റെ സഹമനുഷ്യനുമായി സ്വപക്ഷം ന്യായവാദം ചെയ്യുക,” അങ്ങനെ നിനക്കെന്ത് തോന്നുന്നു എന്ന് അവൻ അറിയാനിടവരുത്തുക. (സദൃശവാക്യങ്ങൾ 25:9) നിങ്ങൾ മററുള്ളയാളുകളിലും മററു കാര്യങ്ങളിലും താൽപ്പര്യം എടുക്കുന്നത് നിങ്ങളുടെ സ്നേഹിതന് വേദനാകരമായേക്കാം. ഇത് നിങ്ങളുടെ സ്നേഹബന്ധം അവസാനിക്കാൻ പോകുന്നുവെന്നതിന്റെ അടയാളമാണെന്ന് അവനോ അവളോ ഭയപ്പെട്ടേക്കാം. സംഗതി ഇതല്ല എന്നും നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾ കേവലം അൽപ്പംകൂടെ ശ്വാസവായു ആഗ്രഹിക്കുന്നു എന്നു മാത്രമെ ഉള്ളൂ എന്നും നിങ്ങളുടെ സ്നേഹിതന് ഉറപ്പു നൽകുക.
അനാദരവ്
“അനാദരണീയ നടപടികൾ” കൗമാര സുഹൃത്ബന്ധങ്ങളിലെ പിണക്കങ്ങളുടെ സാധാരണ കാരണങ്ങളിൽപെട്ടവയാണ് എന്ന് ഗവേഷകരായ യൂനിസ്സ്, സ്മോളർ എന്നിവർ കണ്ടെത്തുകയുണ്ടായി. ‘അവൻ എന്നെ പരിഹാസപ്പേരുകൾ വിളിച്ചു!’ അല്ലെങ്കിൽ ‘അവൾ എന്നെ മററുള്ളവരുടെ മുമ്പിൽ വച്ച് ഇടിച്ചു താഴ്ത്തുന്നു’ എന്ന പരാതികൾ സർവ്വസാധാരണമാണ്. നമ്മെ സ്നേഹിക്കുന്ന ഒരാളുടെ നിർദ്ദയമായ പെരുമാററം നമ്മെ മുറിപ്പെടുത്തുന്നു എന്നത് സത്യം തന്നെ. എന്നിരുന്നാലും, പലപ്പോഴും നമ്മോടുള്ള പെരുമാററം നാം മററുള്ളവരോട് പെരുമാറുന്ന വിധത്തെ പ്രതിഫലിപ്പിക്കുന്നു. യേശു പറഞ്ഞു: “ആയതിനാൽ, മനുഷ്യർ നിങ്ങളോട് ചെയ്വാൻ നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും, നിങ്ങളും അപ്രകാരം തന്നെ അവർക്കും ചെയ്ക.” നിങ്ങളുടെ സ്നേഹബന്ധങ്ങളിൽ ഈ സുവർണ്ണ നിയമം അൽപ്പം കൂടി നിങ്ങൾ ബാധകമാക്കേണ്ട ആവശ്യം ഉണ്ട് എന്നാണോ?—മത്തായി 7:2, 12.
മറെറാരു ചോദ്യം നിങ്ങൾ പരിഗണിക്കേണ്ടത്, നിങ്ങൾ സ്വയം ഒരു അവഹേളന പാത്രമായി—ഒരുപക്ഷേ, അമിതമായോ ഭോഷത്വമായോ സംസാരിക്കുന്നതിനാൽ—ആക്കിവച്ചിട്ടുണ്ടോ എന്നുള്ളതാണ്. (സദൃശവാക്യങ്ങൾ 15:2) അങ്ങനെയുണ്ടെങ്കിൽ നിങ്ങൾ മാററങ്ങൾ വരുത്തേണ്ട ആവശ്യമുണ്ട്. യേശു ഭൂമിയിൽ ആയിരുന്നപ്പോൾ അവൻ തന്റെ ശത്രുക്കളുടെപോലും ആദരവ് നേടിയിരുന്നു. എന്നാൽ, അത് യേശു നെടുകെ നടന്ന് ആളുകൾ തന്നോട് അങ്ങനെ പെരുമാറണം എന്ന് ആവശ്യപ്പെട്ടതുകൊണ്ടല്ലായിരുന്നു. പ്രത്യുത, യേശു മററുള്ളവരിൽ നിന്നും ആദരപൂർണ്ണമായ പെരുമാററം ക്ഷണിച്ചുകൊണ്ടുള്ള തരത്തിൽ വർത്തിച്ചു. ‘സംസാരത്തിലും നടത്തയിലും’ ഒരു പക്വതയുള്ള ക്രിസ്തീയ മാതൃക വെക്കുന്നതിനാൽ നിങ്ങൾക്കും അതേ സംഗതി കൈവരിക്കാം.—1 തിമൊഥെയോസ് 4:12.
ഇനി, അഥവാ അനാദരണീയമായ പെരുമാററം പരിപൂർണ്ണമായും അടിസ്ഥാനരഹിതമാണെങ്കിൽ എന്ത്? ഇവിടെയും കാര്യം പറഞ്ഞുതീർക്കാനുള്ള സമയമാണ്. ‘മറേറ കവിൾത്തടം കാണിച്ചു കൊടുക്കുക’ എന്നത് അന്യായമായ പെരുമാററം നിശബ്ദമായി സഹിക്കുന്നതിനെ അവശ്യം അർത്ഥമാക്കുന്നില്ല. (മത്തായി 5:39; 2 കൊരിന്ത്യർ 11:20 താരതമ്യപ്പെടുത്തുക.) അപ്പോൾ എന്തുകൊണ്ട് നിങ്ങളുടെ സ്നേഹിതനോട് ഉള്ള ‘സത്യം പറഞ്ഞ്’ അയാളുടെ പ്രവർത്തനങ്ങൾ നിങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് അയാളെ അറിയിച്ചുകൂടാ? (എഫേസ്യർ 4:25) നിങ്ങളുടെ സ്നേഹബന്ധത്തെ നന്നാക്കുകയെന്ന ലക്ഷ്യത്തോടെ—പ്രതികാരത്തിനായി അല്ല—പ്രശ്നത്തെ ശാന്തമായി സമീപിക്കുക.
“‘നീ എന്നെ വെറും ചെളിപോലെയാണ് കണക്കാക്കുന്നത്,’ എന്നിങ്ങനെ പറയുന്നത് ഒഴിവാക്കുക” എന്ന് ററീൻ മാസിക അഭിപ്രായപ്പെടുകയുണ്ടായി. “പകരം നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടുന്നുവെന്നതിൽ കേന്ദ്രീകരിക്കുക: ‘മററ് പെൺകുട്ടികളുടെ ഇടയിൽ വച്ച് എന്നെ പരിഹസിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നത് എന്നെ മുറിപ്പെടുത്തുകയും സംഭ്രമിപ്പിക്കുകയും ചെയ്യുന്നു. അത് നീ എന്നെ പരിഗണിക്കുന്നില്ല എന്ന ഒരു തോന്നലുളവാക്കുന്നു. നമുക്ക് അതിനെക്കുറിച്ച് ഒന്ന് സംസാരിച്ചാലോ?”
സാമന്ത തന്റെ ഒരു സ്നേഹിതയുമായി അത്തരം ഒരു ഗൗരവമായ സംസാരത്തിനു നിർബ്ബന്ധിതയായി. തന്റെ സ്നേഹിത തന്റെ പിന്നിൽ നിന്നുകൊണ്ട് തനിക്കെതിരെ സംസാരിക്കുന്നതായി അവൾ കണ്ടുപിടിച്ചു. ഇക്കാര്യം അവളോട് സംസാരിക്കാൻ സാമന്ത തീരുമാനിച്ചു. “ആദ്യം എനിക്ക് സംഭ്രമമായിരുന്നു, പക്ഷേ അത് വേണ്ടിയതായിരുന്നു,” എന്ന് അവൾ അനുസ്മരിക്കുന്നു. ഇതിൽ ചില തെററിദ്ധാരണകൾ ഉൾപ്പെട്ടിരുന്നുവെന്നും തന്റെ സ്നേഹിതയുടെ കമെൻറുകൾ, പറഞ്ഞു കേട്ടതുപോലെ അത്ര മോശമായിരുന്നില്ലെന്നും സാമന്ത മനസ്സിലാക്കി. (സദൃശവാക്യങ്ങൾ 15:22) “ഇപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്,” എന്ന് സാമന്ത പറയുന്നു.
സ്നേഹിതർ തമ്മിലുള്ള എല്ലാ വഴക്കുകൾക്കും അത്തരം സന്തോഷകരമായ പരിഹാരങ്ങളുണ്ടായിക്കൊള്ളണമെന്നില്ല എന്നത് സമ്മതിക്കുന്നു. കൂടാതെ നിങ്ങളുടെ സ്നേഹിതൻ മാററങ്ങൾ വരുത്താൻ വിസമ്മതിക്കുന്നുവെങ്കിൽ അഥവാ സ്വയം സ്വാർത്ഥനും പരിഗണനയില്ലാത്തവനും എന്ന് തെളിയിക്കുന്നുവെങ്കിൽ, അല്ലെങ്കിൽ, നിങ്ങളുടെ വികാരങ്ങളിൽ താൽപ്പര്യം ഇല്ലാത്തവനാണെങ്കിൽ നിങ്ങൾക്ക് മറെറവിടെയെങ്കിലും സൗഹൃദം തേടേണ്ടി വന്നേക്കാം. (സദൃശവാക്യങ്ങൾ 17:17) എങ്കിലും, സാധാരണയായി, നിങ്ങളുടെ ഇരുവരുടെയും പക്ഷത്തെ നിശ്ചയദാർഢ്യവും പ്രവർത്തനവും കൊണ്ട് സ്നേഹബന്ധത്തെ രക്ഷിക്കാൻ കഴിയും. ഒരു നല്ല സ്നേഹബന്ധത്തിന് കൈവരുത്താൻ കഴിയുന്ന ആഴമായ സന്തോഷവും സംതൃപ്തിയും നിരീക്ഷിക്കുകയും ചെയ്യുമ്പോൾ അത്തരം പ്രയത്നം തക്ക വിലയുള്ളതല്ലേ?—സദൃശവാക്യങ്ങൾ 27:9. (g89 9/22)
[24-ാം പേജിലെ ചിത്രം]
ഉടമാവകാശബോധമുള്ളയാൾ ഒരു സുഹൃത്തിനെ വ്യക്തിപരമായ സ്വത്തുപോലെ കരുതുന്നു