മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 17: 1530 മുതൽ പ്രോട്ടസ്ററൻറ് മതം—ഒരു നവീകരണമോ?
“നവവിധാനം നവീകരണമല്ല.” എഡ്മണ്ട് ബർക്ക്, 18-ാം നൂററാണ്ടിലെ ബ്രിട്ടീഷ് പാർലമെൻറംഗം
പ്രോട്ടസ്ററൻറ് നവീകരണം യഥാർത്ഥ ക്രിസ്ത്യാനിത്വത്തെ പുനഃസ്ഥാപിച്ചതായി പ്രോട്ടസ്ററൻറ് ചരിത്രകാരൻമാർ വീക്ഷിക്കുന്നു. നേരെമറിച്ച്, കത്തോലിക്കാ പണ്ഡിതൻമാർ അത് ദൈവശാസ്ത്രപരമായ തെററിൽ കലാശിച്ചുവെന്ന് പറയുന്നു. എന്തായാലും, മതപരമായ ചരിത്രത്തിന്റെ പിൻവീക്ഷണ കണ്ണാടി എന്താണ് വെളിപ്പെടുത്തുന്നത്? പ്രോട്ടസ്ററൻറ് നവീകരണം യഥാർത്ഥത്തിൽ ഒരു നവീകരണമായിരുന്നോ? അതോ അത് കേവലം ഒരു നവവിധാനമായിരുന്നോ, ന്യൂനതയുള്ള ഒരു ആരാധനാരീതിക്കുപകരം അങ്ങനെയുള്ള മറെറാന്ന് ഏർപ്പെടുത്തുകയായിരുന്നോ?
ദൈവവചനത്തിന് പ്രത്യേക പദവി കൊടുക്കപ്പെടുന്നു
പ്രോട്ടസ്ററൻറ് നവീകരണക്കാർ തിരുവെഴുത്തുകളുടെ പ്രാധാന്യത്തെ ഊന്നിപ്പറഞ്ഞു. അവർ പാരമ്പര്യങ്ങളെ ത്യജിച്ചു. എന്നിരുന്നാലും, കഴിഞ്ഞ നൂററാണ്ടിൽ “ബൈബിളും പാരമ്പര്യവുമായി ഒരു ബന്ധം കാണുന്നതിന് കൂടുതൽ കൂടുതൽ പ്രോട്ടസ്ററൻറുകാർ സന്നദ്ധരായിരിക്കുന്നു”വെന്ന് ദി ക്രിസ്ത്യൻ സെഞ്ചുറി മാസികയുടെ സീനിയർ എഡിററർ മാർട്ടിൻ മാർട്ടി പറയുന്നു. എന്നിരുന്നാലും, അവരുടെ “പൂർവികവിശ്വാസികളെ” സംബന്ധിച്ച് അത് സത്യമായിരുന്നില്ല. അവരെ സംബന്ധിച്ചടത്തോളം “ബൈബിളിന് പ്രത്യേകപദവിയുണ്ടായിരുന്നു, പാരമ്പര്യത്തിന് അല്ലെങ്കിൽ പാപ്പാധികാരത്തിന് ഒരിക്കലും അതിനു തുല്യമാകാൻ കഴികയില്ലായിരുന്നു.”
ഈ മനോഭാവം ബൈബിളിന്റെ വിവർത്തനത്തിലും വിതരണത്തിലും പഠനത്തിലുമുള്ള താത്പര്യത്തെ ത്വരിതപ്പെടുത്തി. 15-ാം നൂററാണ്ടിന്റെ മദ്ധ്യത്തിൽ—നവീകരണത്തിന്റെ ചക്രങ്ങൾ ഉരുണ്ടുതുടങ്ങുന്നതിന് അര നൂററാണ്ടിൽപരം മുമ്പ്—ലൂഥറിന്റെ ജർമ്മൻ കൂട്ടാളിയായിരുന്ന ജോഹാന്നസ് ഗുട്ടൻബർഗ്ഗ് വരാനിരുന്ന പ്രോട്ടസ്ററൻറ് മതത്തിന് ഒരു ഉപയോഗപ്രദമായ പണിയായുധം പ്രദാനംചെയ്തു. മാററിവെക്കാവുന്ന അക്ഷരങ്ങളുപയോഗിച്ച് അച്ചടിക്കുന്നതിനുള്ള ഒരു രീതി വികസിപ്പിച്ചെടുത്തുകൊണ്ട് ഗുട്ടൻബർഗ്ഗ് അച്ചടിച്ച ആദ്യത്തെ ബൈബിൾ ഉളവാക്കി. ലൂഥർ ഈ കണ്ടുപിടുത്തത്തിൽ വലിയ സാദ്ധ്യതകൾ കണ്ടു. അദ്ദേഹം അച്ചടിയെ “സത്യമതത്തെ ലോകത്തിലെങ്ങും പരത്തുന്നതിനുള്ള ദൈവത്തിന്റെ ഏററവും ഒടുവിലത്തേതും ഏററവും നല്ലതുമായ പ്രവൃത്തി”യെന്നു വിളിച്ചു.
ഇപ്പോൾ കൂടുതൽ പേർക്ക് തങ്ങളുടെ സ്വന്തം ബൈബിളുകൾ കൈവശംവെക്കാൻ കഴിഞ്ഞു, കത്തോലിക്കാ സഭ അംഗീകരിക്കാഞ്ഞ ഒരു വികാസംതന്നെ. സഭയുടെ അംഗീകാരംകൂടാതെ നാട്ടുഭാഷയിൽ ബൈബിൾ അച്ചടിക്കാവുന്നതല്ലെന്ന് 1559-ൽ പോൾ IV-മൻ പാപ്പാ വിധിച്ചു. ഈ അംഗീകാരം കൊടുക്കാൻ സഭ വിസമ്മതിക്കുകയുംചെയ്തു. യഥാർത്ഥത്തിൽ 1564-ൽ പയസ് IV-മൻ പാപ്പാ ഇങ്ങനെ പ്രസ്താവിച്ചു: “സാധാരണ ഭാഷയിൽ ബൈബിളിന്റെ വായന വിവേചനാരഹിതമായി അനുവദിച്ചാൽ അതിൽനിന്ന് ഗുണത്തേക്കാളധികം ദോഷമുണ്ടാകുമെന്ന് അനുഭവം പ്രകടമാക്കിയിരിക്കുന്നു.”
നവീകരണം ഒരു പുതിയ തരം “ക്രിസ്ത്യാനിത്വ”ത്തെ ഉളവാക്കി. അത് പാപ്പാധിപത്യത്തിന്റെ അധികാരത്തിനു പകരം വ്യക്തിപരമായ സ്വതന്ത്രതെരഞ്ഞെടുപ്പ് ആനയിച്ചു. കത്തോലിക്കാ കുറുബാനക്കുപകരം പ്രോട്ടസ്ററൻറ് കുറുബാനക്രമം വന്നു. ഭയഗംഭീരങ്ങളായ കത്തോലിക്കാ കത്തിഡ്രലുകൾക്കു പകരം സാധാരണയായി ആഡംബരം കുറഞ്ഞ പള്ളികൾ വന്നു.
അപ്രതീക്ഷിത പ്രയോജനങ്ങൾ
സ്വഭാവത്തിൽ ആദ്യം മതപരമായിരിക്കുന്ന പ്രസ്ഥാനങ്ങൾ മിക്കപ്പോഴും സാമൂഹികവും രാഷ്ട്രീയവുമായ സ്വരങ്ങൾ കൈക്കൊള്ളുന്നു. പ്രോട്ടസ്ററൻറ് നവീകരണത്തെക്കുറിച്ച് ഇത് സത്യമെന്നു തെളിഞ്ഞു. കൊളംബിയാ യൂണിവേഴ്സിററി ചരിത്രപ്രൊഫസ്സറായ യൂജീൻ എഫ്. റൈസ് ജൂനിയർ ഇങ്ങനെ വിശദീകരിക്കുന്നു: “മദ്ധ്യയുഗങ്ങളിൽ പടിഞ്ഞാറൻസഭ ഒരു യൂറോപ്യൻ കോർപ്പറേഷനായിരുന്നു. പതിനാറാം നൂററാണ്ടിന്റെ ആദ്യപകുതിയിൽ അത് ഒട്ടേറെ പ്രാദേശികസഭകളായി പിരിഞ്ഞു . . . അവയുടെമേൽ ലൗകികഭരണാധികാരികൾ പ്രമുഖമായ നിയന്ത്രണം പ്രയോഗിച്ചു.” ഇത് “ലൗകികാധികാരവും വൈദികാധികാരവും തമ്മിൽ നിലവിലുണ്ടായിരുന്ന ദീർഘമായ മദ്ധ്യയുഗ പോരാട്ടത്തിന്റെ പരകോടിയിൽ കലാശിച്ചു. . . . അധികാരത്തിന്റെ ത്രാസ് നിർണ്ണായകമായും അന്തിമമായും സഭയിൽനിന്ന് രാഷ്ട്രത്തിലേക്കും പുരോഹിതനിൽനിന്ന് അയ്മേനിയിലേക്കും ചാഞ്ഞു.”
വ്യക്തിക്ക് ഇത് വർദ്ധിച്ച സ്വാതന്ത്ര്യത്തെ അർത്ഥമാക്കി, മതപരമായും ഭരണപരമായും. കത്തോലിക്കാ മതത്തിൽനിന്ന് വ്യത്യസ്തമായി പ്രോട്ടസ്ററൻറ് മതത്തിന് ഉപദേശത്തെയോ ആചാരത്തെയോ നിരീക്ഷിക്കുന്നതിന് കേന്ദ്ര ഏജൻസിയില്ലായിരുന്നു. ഇത് വിപുലമായി വ്യത്യസ്തമായ മതാഭിപ്രായങ്ങൾക്ക് ഇടംനൽകി. കാലക്രമേണ ഇത് നവീകരണകാലത്തും മനസ്സിലാക്കാവുന്നതല്ലാഞ്ഞ മതപരമായ ഒരു സഹിഷ്ണുതയെയും ഉദാരമനോഭാവത്തെയും പ്രോൽസാഹിപ്പിച്ചു.
വർദ്ധിച്ച സ്വാതന്ത്ര്യം മുമ്പ് ഉപയോഗിക്കപ്പെടാഞ്ഞ ഊർജ്ജങ്ങളെ കെട്ടഴിച്ചുവിട്ടു. നമ്മുടെ ആധുനികയുഗത്തിലേക്ക് നമ്മെ തള്ളിവിട്ടതിന് ഉത്തരവാദിത്തംവഹിക്കുന്ന സാമൂഹികവും രാഷ്ട്രീയവും സാങ്കേതികശാസ്ത്രപരവുമായ വികാസങ്ങൾക്ക് വഴിമരുന്നിടാനാവശ്യമായിരുന്ന പ്രചോദനം അതായിരുന്നുവെന്ന് ചിലർ അവകാശപ്പെടുന്നു. “ജോലിസംബന്ധമായ പ്രോട്ടസ്ററൻറ് സദാചാരം ഭരണതലത്തിലേക്കും ദൈനംദിനജീവിതത്തിലേക്കും മാററപ്പെട്ടു”വെന്ന് പരേതനായ ഗ്രന്ഥകാരനായ തിയോഡർ വൈററ് എഴുതുന്നു. ഇതിനെ അദ്ദേഹം “മനുഷ്യൻ പുരോഹിതൻമാരുടെ ഇടപെടലോ മാദ്ധ്യസ്ഥമോ കൂടാതെ തന്റെ മനഃസാക്ഷിക്കും പ്രവർത്തനങ്ങൾക്കും ഉത്തരവാദിയാണെന്നുള്ള വിശ്വാസപ്രമാണ”മെന്ന് നിർവചിച്ചു. “ഒരു മനുഷ്യൻ കഠിനവേല ചെയ്യുകയും ആഴത്തിൽ ഉഴുകയും അലസതയോ മടിയോ കാണിക്കാതിരിക്കുകയും തന്റെ ഭാര്യയെയും മക്കളെയും പരിപാലിക്കുകയും ചെയ്യുന്നുവെങ്കിൽ, അപ്പോൾ ധനമോ ദൈവമോ അയാളുടെ ശ്രമങ്ങൾക്ക് പ്രതിഫലം കൊടുക്കും.”
പ്രത്യക്ഷത്തിൽ ഗുണകരമായ പ്രോട്ടസ്ററൻറ്മതത്തിന്റെ ഈ വശങ്ങൾ അതിന്റെ പിഴവുകൾ സംബന്ധിച്ച് നമ്മെ കുരുടരാക്കണമോ? പ്രോട്ടസ്ററൻറ് നവീകരണം “ധാരാളമായ തിൻമകൾക്കുള്ള അവസരവു”മായിരുന്നുവെന്ന് എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയൻ ആൻഡ് എത്തിക്ക്സ് പറയുന്നു “ജസ്യൂട്ടുകളുടെയും മതവിചാരണയുടെയും യുഗം അവസാനിപ്പിക്കപ്പെട്ടു . . . അതിനെക്കാൾ താണ ചിലതിനാൽ പിന്തുടരപ്പെടാൻ മാത്രം. മദ്ധ്യയുഗങ്ങളിൽ വളരെയധികം അജ്ഞതയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ വളരെയധികം സംഘടിതമായ അബദ്ധം ഉണ്ട്” എന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.
“സംഘടിതമായ അബദ്ധം”—ഏതു കാര്യത്തിൽ?
പ്രോട്ടസ്ററൻറ്മതം ഉപദേശപരമായ നവീകരണം വാഗ്ദാനംചെയ്തെങ്കിലും അത് സാധിക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ട് അത് “സംഘടിതമായ അബദ്ധം” ആയിരുന്നു. മിക്കപ്പോഴും നവീകരണക്കാരുടെ രോഷമുണർത്തിയത് ഉപദേശത്തിന്റെ അസത്യതയല്ലായിരുന്നു, പിന്നെയോ സഭയുടെ നയമായിരുന്നു. പ്രോട്ടസ്ററൻറ്മതം അധികമായി പുറജാതീയകളങ്കം പററിയ കത്തോലിക്കാമതത്തിന്റെ മതാശയങ്ങളും ആചാരങ്ങളും നിലനിർത്തി. എങ്ങനെ? ഒരു മുന്തിയ ദൃഷ്ടാന്തമാണ് ത്രിത്വോപദേശം. അതാണ് സഭകളുടെ പ്രോട്ടസ്ററൻറ് ലോക കൗൺസിലിലെ അംഗത്വത്തിന്റെ അടിസ്ഥാനം. ഈ ഉപദേശത്തോടുള്ള പററിനിൽപ്പ് വളരെ ശക്തമാണ്. എന്നിരുന്നാലും, ‘ബൈബിളിലൊരിടത്തും ഈ ഉപദേശം വ്യക്തമായി പഠിപ്പിക്കപ്പെടുന്നില്ല എന്നതിൽ വേദശാസ്ത്രവ്യാഖ്യാനങ്ങളും ദൈവശാസ്ത്രജ്ഞൻമാരും യോജിക്കുന്നു’ എന്ന് എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയൻ സമ്മതിക്കുന്നു.
പ്രോട്ടസ്ററൻറ്മതം സഭാഭരണത്തിന്റെ ദുഷിച്ച രൂപത്തെ നവീകരിച്ചോ? ഇല്ല. പകരം, “അത് അധികാരമാതൃകകളെ മദ്ധ്യയുഗകത്തോലിക്കാമതത്തിൽനിന്ന് കൊണ്ടുപോന്നുവെന്നും പ്രോട്ടസ്ററൻറ് മതരൂപങ്ങൾ ഉണ്ടാക്കാൻ കേവലം റോമൻ കത്തോലിക്കാമതത്തിൽനിന്ന് പിരിഞ്ഞുപോന്നു”വെന്നും മാർട്ടിൻ മാർട്ടി പറയുന്നു.
പ്രോട്ടസ്ററൻറ്മതം “വിശ്വാസത്തിലെ ഏകത്വം” പുനഃസ്ഥാപിക്കുമെന്നും വാഗ്ദാനംചെയ്തു. എന്നിരുന്നാലും അനേകം പ്രോട്ടസ്ററൻറ് മതവിഭാഗങ്ങൾ വികാസംപ്രാപിച്ചതോടെ ഈ ബൈബിൾപരമായ വാഗ്ദാനം നിറവേറാതെപോയി.—എഫേസ്യർ 4:13.
സംഘടിതമായ സമ്മിശ്രത—എന്തുകൊണ്ട്?
ഇന്ന്, 1991ൽ, പ്രോട്ടസ്ററൻറ്മതം അനേകം മതവിഭാഗങ്ങളും കക്ഷികളുമായി ശിഥിലീഭവിച്ചിരിക്കുന്നതിനാൽ മൊത്തം എണ്ണം നിർണ്ണയിക്കുക അസാദ്ധ്യമായിരിക്കും. ഒരു വ്യക്തിക്ക് എണ്ണി പൂർത്തീകരിക്കാൻകഴിയുന്നതിനുമുമ്പ് പുതിയ ഗ്രൂപ്പുകൾ രൂപവൽക്കരിക്കപ്പെട്ടിരിക്കും അല്ലെങ്കിൽ മററു ചിലത് അപ്രത്യക്ഷപ്പെട്ടിരിക്കും.
എന്നിരുന്നാലും, വേൾഡ് ക്രിസ്ത്യൻ എൻസൈക്ലോപ്പീഡിയാ ക്രൈസ്തവലോകത്തെ (1980ലെ) “20,780 വ്യതിരിക്ത ക്രിസ്തീയവിഭാഗങ്ങ”ളായി പിരിച്ചുകൊണ്ട് “അസാദ്ധ്യമായത്” ചെയ്യുന്നു, അവയിൽ ബഹുഭൂരിപക്ഷവും പ്രോട്ടസ്ററൻറാണ്.a അവയിൽ 7,889 പ്രമുഖ പ്രോട്ടസ്ററൻറ് ഗ്രൂപ്പുകളും 10,065 ഏറെയും വെള്ളക്കാരല്ലാത്ത നാടൻ പ്രോട്ടസ്ററൻറ്മതങ്ങളും 225 ആംഗ്ലിക്കൻ മതവിഭാങ്ങളും 1,345 ഏകദേശ പ്രോട്ടസ്ററൻറ് കൂട്ടങ്ങളും ഉൾപ്പെടുന്നു. “ആരോഗ്യത്തിന്റെയും രോഗത്തിന്റെയും ലക്ഷണം” എന്നു വിളിക്കപ്പെട്ട ഈ കുഴപ്പിക്കുന്ന വൈവിധ്യം എങ്ങനെ ഉണ്ടായി എന്നതിന്റെ വിശദീകരണമായി അത് “മനുഷ്യസർഗ്ഗാത്മകതയും മനുഷ്യവൈശിഷ്ട്യബോധവും മൂല”മായിരിക്കാമെന്ന് പ്രോട്ടസ്ററൻറ് ക്രിസ്ററ്യാനിററി എന്ന പുസ്തകം പറയുന്നു. “അതിലേറെ അത് തങ്ങളുടെ സ്വന്തം ജീവിതവീക്ഷണത്തെക്കുറിച്ച് കണക്കിലേറെ ഭാവിക്കുന്ന അഹങ്കാരികളായ മനുഷ്യർ നിമിത്തമായിരിക്കാം.”
എത്ര സത്യം! ദിവ്യസത്യത്തിന് വേണ്ടത്ര പരിഗണന കൊടുക്കാതെ, അഹങ്കാരികളായ മനുഷ്യർ രക്ഷയോ വിമോചനമോ കൃതകൃത്യതയോ കണ്ടെത്തുന്നതിന് പകരമാർഗ്ഗങ്ങൾ വാഗ്ദാനംചെയ്യുന്നു. ബൈബിളിൽ മതപരമായ ബഹുത്വത്തിന് പിന്തുണയില്ല.
മതപരമായ ബഹുത്വത്തെ പ്രോൽസാഹിപ്പിക്കുന്നതിൽ പ്രോട്ടസ്ററൻറ്മതം ദൈവത്തെ ആരാധിക്കുന്നതിന് അവൻ നിശ്ചിതമാർഗ്ഗരേഖകൾ നൽകിയിട്ടില്ലെന്ന് സൂചിപ്പിക്കുന്നതായി തോന്നുന്നു. അങ്ങനെയുള്ള സംഘടിത സമ്മിശ്രത സത്യത്തിന്റെ ദൈവത്തോട് പൊരുത്തപ്പെടുമോ? അവൻ “കലക്കത്തിന്റെയല്ല, സമാധാനത്തിന്റെ ദൈവമാകുന്നു”വെന്നാണല്ലോ ബൈബിൾ പറയുന്നത്. നിങ്ങൾക്കിഷ്ടമുള്ള പള്ളിയിൽ പോകുക എന്ന മിക്കപ്പോഴും കേൾക്കപ്പെടുന്ന പ്രോട്ടസ്ററൻറ് മന:സ്ഥിതി, തെററായ വിശ്വാസത്തിലേക്കും തത്ഫലമായുള്ള കുഴപ്പത്തിലേക്കും ആദാമിനെയും ഹവ്വായെയും നയിച്ച സ്വതന്ത്ര ചിന്തയിൽനിന്ന് അല്പമെങ്കിലും വ്യത്യസ്തമാണോ?—1 കൊരിന്ത്യർ 14:33; ഉല്പത്തി 2:9; 3:17-19 കാണുക.
ബൈബിളിന്റെ പ്രത്യേകപദവിയെ അവഗണിക്കൽ
ആദിമ നവീകരണപ്രവർത്തകർ ബൈബിളിന് കൊടുത്ത പ്രത്യേകപദവി ഗണ്യമാക്കാതെ, പ്രോട്ടസ്ററൻറ് ദൈവശാസ്ത്രജ്ഞൻമാർ അമിതകൃത്തിപ്പിന് ജൻമമേകുകയും “മറേറതൊരു പുരാതന സാഹിത്യപാഠത്തെയും പോലെ ബൈബിൾപാഠത്തെ കരുതുകയുംചെയ്തു”വെന്ന് മാർട്ടി പറയുന്നു. അവർ “ബൈബിളെഴുത്തുകാരുടെ നിശ്വസ്തതക്ക് പ്രത്യേക പദവി” അനുവദിച്ചില്ല.
അതുകൊണ്ട്, പ്രോട്ടസ്ററൻറ് ദൈവശാസ്ത്രജ്ഞൻമാർ ബൈബിളിന്റെ ദിവ്യനിശ്വസ്തതയെ ചോദ്യംചെയ്തതിനാൽ, നവീകരണക്കാർ പ്രോട്ടസ്ററൻറുമതത്തിന്റെ അടിസ്ഥാനംതന്നെയെന്ന് പരിഗണിച്ചതിലുള്ള വിശ്വാസത്തിന് അവർ തുരങ്കംവെച്ചു. ഇത് സന്ദേഹവാദത്തിനും സ്വതന്ത്രചിന്തക്കും യുക്തിവാദത്തിനുമുള്ള വഴി തുറന്നു. അനേകം പണ്ഡിതൻമാർ നവീകരണത്തെ ആധുനിക മതേതരത്വത്തിന്റെ മുഖ്യകാരണമെന്ന് വീക്ഷിക്കുന്നത് കാരണമില്ലാതെയല്ല.
രാഷ്ട്രീയത്തിൽ അകപ്പെടുന്നു
ഒററപ്പെട്ട നവീകരണപ്രവർത്തകരുടെയും അവരുടെ അനുഗാമികളുടെയും സാദ്ധ്യതയുള്ള സദുദ്ദേശ്യങ്ങൾ ഉണ്ടെങ്കിലും പ്രോട്ടസ്ററൻറ്മതം സത്യക്രിസ്ത്യാനിത്വത്തെ പുനഃസ്ഥാപിച്ചില്ലെന്നുള്ളതിന്റെ വ്യക്തമായ തെളിവാണ് മേൽപ്രസ്താവിക്കപ്പെട്ട ഫലം. ക്രിസ്തീയ നിഷ്പക്ഷതയിലൂടെ സമാധാനത്തെ പ്രോൽസാഹിപ്പിക്കുന്നതിനു പകരം അത് ദേശീയവാദത്തിൽ കുരുങ്ങി.
കത്തോലിക്ക്, പ്രോട്ടസ്ററൻറ് രാഷ്ട്രങ്ങളായുള്ള ക്രൈസ്തവലോകത്തിന്റെ വിഭജനം ഒരു യാഥാർത്ഥ്യമായ ഉടനെ ഇത് പ്രത്യക്ഷമായി. കത്തോലിക്ക്, പ്രോട്ടസ്ററൻറ് ശക്തികൾ ഒരു ഡസനോ അധികമോ യുദ്ധങ്ങളിൽ യൂറോപ്പ് ഭൂഖണ്ഡത്തിന്റെ മുഖത്ത് രക്തമൊഴുക്കി. അവയെ “1520കളിലെ ജർമ്മനും സ്വിസ്സും നവീകരണത്താൽ തിരികൊളുത്തപ്പെട്ട മതയുദ്ധങ്ങൾ” എന്ന് ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ വിളിക്കുന്നു. ഇതിൽ ഏററവും ഗണ്യമായത് മുപ്പതുവർഷയുദ്ധമായിരുന്നു (1618-48), അതിൽ ജർമ്മൻ പ്രോട്ടസ്ററൻറുകാരും കത്തോലിക്കരും തമ്മിലുള്ള രാഷ്ട്രീയവും മതപരവുമായ ഭിന്നതകളായിരുന്നു ഉൾപ്പെട്ടിരുന്നത്.
ഇംഗ്ലണ്ടിലും രക്തം ഒഴുകി. 1642നും 1649നുമിടക്ക് ചാൾസ് I-ാമൻ രാജാവ് പാർലമെൻറിനെതിരെ യുദ്ധംനടത്തി. രാജാവിന്റെ എതിരാളികളിലധികംപേരും ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്യൂരിററൻവിഭാഗത്തിൽപെട്ടവരായിരുന്നതുകൊണ്ട് ഈ യുദ്ധം ചിലപ്പോൾ പ്യൂരിററൻ വിപ്ലവം എന്ന് പരാമർശിക്കപ്പെടുന്നു. അത് രാജാവിന്റെ വധത്തോടെയും ഒലിവർ ക്രോംവെലിന്റെ കീഴിലെ ഒരു അല്പായുസ്സായ പ്യൂരിററൻ കോമൺവെൽത്തിന്റെ സ്ഥാപനത്തോടെയും അവസാനിച്ചു. ഈ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധം മുഖ്യമായി ഒരു മതപോരാട്ടമല്ലായിരുന്നെങ്കിലും പക്ഷംപിടിക്കുന്നതിൽ മതം ഒരു നിർണ്ണായകഘടകമായിരുന്നുവെന്ന് ചരിത്രകാരൻമാർ സമ്മതിക്കുന്നു.
ഈ യുദ്ധകാലത്ത് ഫ്രണ്ട്സ് അല്ലെങ്കിൽ ക്വേക്കേഴ്സ് എന്നറിയപ്പെടുന്ന മതസമൂഹം ആസ്തിക്യത്തിൽവന്നു. ഈ സമൂഹത്തിന് അതിന്റെ പ്രോട്ടസ്ററൻറ് “സഹോദരൻമാരിൽ”നിന്ന് ശക്തമായ എതിർപ്പു നേരിട്ടു. അനേകശതം അംഗങ്ങൾ തടവിൽ കിടന്നു മരിച്ചു, ആയിരങ്ങൾ അപമര്യാദകൾ സഹിച്ചു. എന്നാൽ ഈ പ്രസ്ഥാനം അമേരിക്കയിലെ ബ്രിട്ടീഷ് കോളനികളിലേക്കുപോലും വ്യാപിച്ചു. അവിടെ 1681-ൽ ചാൾസ് II-ാമൻ ഒരു ക്വേക്കർകോളനി സ്ഥാപിക്കുന്നതിന് വില്യം പെന്നിന് ഒരു അധികാരപത്രം നൽകി, ആ കോളനിയാണ് പിൽക്കാലത്ത് പെൽസിൽവേനിയാസംസ്ഥാനമായിത്തീർന്നത്.
വിദേശങ്ങളിൽ പുതുവിശ്വാസികളെ തേടിയത് ക്വേക്കേഴ്സ് മാത്രമായിരുന്നില്ല, കാരണം മററു മതങ്ങളും നേരത്തെ അങ്ങനെ ചെയ്തിരുന്നു. എന്നിരുന്നാലും, ഇപ്പോൾ പ്രോട്ടസ്ററൻറ് “നവവിധാന”ത്തിനുശേഷം കത്തോലിക്കരും, ഒപ്പം ഒട്ടേറെ പ്രോട്ടസ്ററൻറ് സമൂഹങ്ങളും, ക്രിസ്തുവിന്റെ സത്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം “അവിശ്വാസികളി”ലേക്ക് എത്തിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളെ വർദ്ധിപ്പിച്ചുതുടങ്ങി. എന്നാൽ എന്തോരു വിരോധാഭാസം! “വിശ്വാസികൾ” എന്ന നിലയിൽ കത്തോലിക്കർക്കും പ്രോട്ടസ്ററൻറുകാർക്കും ദിവ്യസത്യത്തിന്റെ ഒരു പൊതുനിർവചനത്തിൽ യോജിക്കാൻ കഴിഞ്ഞില്ല. അവർ തീർച്ചയായും സഹോദരനിർവിശേഷമായ സമാധാനവും ഐക്യവും പ്രകടമാക്കുന്നതിൽ പരാജയപ്പെട്ടു. ഈ സാഹചര്യത്തിന്റെ വീക്ഷണത്തിൽ, “‘കിസ്ത്യാനികളും’ ‘പുറജാതികളും’ സന്ധിച്ചപ്പോൾ” എന്തു പ്രതീക്ഷിക്കാൻ കഴിയുമായിരുന്നു? ഈ പരമ്പരയിലെ 18-മതു ലേഖനം ഞങ്ങളുടെ അടുത്ത ലക്കത്തിൽ വായിക്കുക. (g89 9⁄8)
[അടിക്കുറിപ്പുകൾ]
a 1982ൽ പ്രസിദ്ധപ്പെടുത്തിയ ഈ റഫറൻസ് ഗ്രന്ഥം 1985 ആകുന്നതോടെ 22,190 ഉണ്ടായിരിക്കുമെന്ന് മുൻകൂട്ടിപ്പറയുകയും “ഇപ്പോഴത്തെ മൊത്തം വർദ്ധനവ് ഓരോ വർഷവും 270 പുതിയ സഭാവിഭാഗങ്ങളാണെന്ന് (പ്രതിവാരം പുതിയ 5 എണ്ണം) പറയുകയുംചെയ്തു.”
[25-ാം പേജിലെ ചതുരം]
നവീകരണത്തിന്റെആദിമമക്കൾ
ആംഗ്ലിക്കൻസഭ: ഉപദേശവും നയവും കുറുബാനക്രമവും ചർച്ച് ഓഫ് ഇംഗ്ലണ്ടുമായി പങ്കുവെക്കുന്നതും കാൻറർബറി ആർച്ച്ബിഷപ്പിന്റെ നേതൃത്വപദവിയെ അംഗീകരിക്കുന്നതുമായ 25 സ്വയംഭരണ സഭകളും വേറെ 6 സംഘടനകളും. ആംഗ്ലിക്കൻമതം “ബിഷപ്പൻമാരുടെ അപ്പോസ്തലിക പിൻതുടർച്ചയിലുള്ള വിശ്വാസം നിലനിർത്തുകയും നവീകരണത്തിനു മുമ്പത്തെ അനേകം ആചാരങ്ങൾ വെച്ചുപുലർത്തുകയും ചെയ്തിരിക്കുന്നു”വെന്ന് ദി എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയൻ പറയുന്നു. അതിന്റെ ആരാധനയുടെ കേന്ദ്രമാണ് ദി ബുക്ക് ഓഫ് കോമൺ പ്രേയർ, “ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന നവീകരണഘട്ടത്തിലെ ഏക നാട്ടുഭാഷാ കുറുബാനക്രമംതന്നെ.” ചർച്ച് ഓഫ് ഇംഗ്ലണ്ടിൽനിന്ന് പിരിഞ്ഞുപോയി 1789-ൽ പ്രോട്ടസ്ററൻറ് എപ്പിസ്ക്കോപ്പൽ ചർച്ച് സ്ഥാപിച്ച ഐക്യനാടുകളിലെ ആംഗ്ലിക്കൻവിശ്വാസികൾ, ആംഗ്ലിക്കൻ ചരിത്രത്തിലെ ആദ്യത്തെ വനിതാബിഷപ്പിനെ അവരോധിച്ചുകൊണ്ട് 1989 ഫെബ്രുവരിയിൽ വീണ്ടും പാരമ്പര്യം ലംഘിച്ചു.
ബാപ്ററിസ്ററ് ചർച്ചസ്: 16-ാം നൂററാണ്ടിലെ അനാബാപ്ററിസ്ററുകളോടുകൂടെ ഉത്ഭവിച്ച് നിമജ്ജനത്താലുള്ള മുതിർന്നവരുടെ സ്നാപനത്തിന് ഊന്നൽ കൊടുത്ത 369 വിഭാഗങ്ങൾ (1970). ബാപ്ററിസ്ററുകാർ “സംഘടനാപരമോ ദൈവശാസ്ത്രപരമോ ആയ ഐക്യം നിലനിർത്തുന്നത് പ്രയാസമാണെന്ന് കണ്ടെത്തുന്നു”വെന്ന് ദി എൻസൈക്ലോപ്പീഡിയാ ഓഫ് റിലിജിയൻ പറയുകയും “ഐക്യനാടുകളിലെ ബാപ്ററിസ്ററ് കുടുംബം വലുതാണെന്നും . . . എന്നാൽ മററ് ഏതു വലിയ കുടുംബത്തിലെയും പോലെ ചില അംഗങ്ങൾ മററംഗങ്ങളോടു സംസാരിക്കുന്നില്ലെ”ന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.
ലൂഥറൻ ചർച്ചസ്: ഏതു പ്രോട്ടസ്ററൻറ് ഗ്രൂപ്പിനെക്കാളും ഏററവുമധികം അംഗസംഖ്യയുണ്ടെന്ന് പൊങ്ങച്ചം പറയുന്ന 240 വിഭാഗങ്ങൾ (1970). അവ “ഇപ്പോഴും വംശപരമായി ഏറെക്കുറെ ഭിന്നിച്ചിരിക്കുന്നു (ജർമ്മൻ, സ്വീഡ് എന്നിങ്ങനെ)” എന്ന് ദി വേൾഡ് അൽമനാക്ക് ആൻഡ് ബുക്ക് ഓഫ് ഫാക്ററ്സ് പറയുന്നു. എന്നിരുന്നാലും, “മുഖ്യഭിന്നതകൾ മൗലികവാദികളും സ്വതന്ത്രചിന്തകരും തമ്മിലാണ്” എന്ന് കൂട്ടിച്ചേർക്കുന്നു. ദേശീയത്വപാളയങ്ങളായുള്ള ലൂഥറൻമാരുടെ ഭിന്നിപ്പ് രണ്ടാം ലോകമഹായുദ്ധകാലത്ത് വളരെ പ്രത്യക്ഷമായി, അന്ന് യു.എസ്.എ.യിലെ ലൂഥറൻ തിയൊളോജിക്കൽ സെമിനാരിയിലെ ഈ ഡബ്ലിയൂ. ഗ്രിററ്ഷ് പറയുന്നതുപോലെ “[ജർമ്മനിയിലെ] ലൂഥറൻ പാസ്ററർമാരുടെയും സഭകളുടെയും ഒരു ചെറിയ ന്യൂനപക്ഷം ഹിററ്ലറെ എതിർത്തു. എന്നാൽ ലൂഥറൻമാരിൽ ബഹുഭൂരിപക്ഷവും ഒന്നുകിൽ മൗനംദീക്ഷിക്കുകയോ അല്ലെങ്കിൽ നാസിഭരണത്തോട് സജീവമായി സഹകരിക്കുകയോ ചെയ്തു.”
മെതേഡിസ്ററ് ചർച്ചസ്: ജോൺ വെസ്ലി 1738-ൽ സ്ഥാപിച്ച ചർച്ച് ഓഫ് ഇംഗ്ലണ്ടിനുള്ളിലെ ഒരു പ്രസ്ഥാനത്തിൽനിന്നുണ്ടായ 188 വിഭാഗങ്ങൾ (1970). അദ്ദേഹത്തിന്റെ മരണശേഷം അത് ഒരു വ്യത്യസ്തഗ്രൂപ്പായി പിരിഞ്ഞു; “ബൈബിളിൽ വെച്ചിരിക്കുന്ന രീതിപ്രകാരം ജീവിക്കുന്ന ഒരുവൻ” എന്ന് വെസ്ലി ഒരു മെതേഡിസ്ററിനെ നിർവചിച്ചു.
റിഫോംഡ് സഭകളും പ്രസ്ബിററീറിയൻ സഭകളും: റിഫോംഡ് സഭകൾ (1970ൽ 354 വിഭാഗങ്ങൾ) ഉപദേശപരമായി ലൂഥറിനെക്കാൾ കാൽവിനെ പിന്തുടരുന്നു, തങ്ങളെത്തന്നെ “നവീകരിക്കപ്പെട്ട കത്തോലിക്കാസഭ”യായി വീക്ഷിക്കുകയുംചെയ്യുന്നു. “പ്രസ്ബിററീറിയൻ” എന്നുള്ളത് മൂപ്പൻമാരാലുള്ള (പ്രസ്ബിററർമാർ) സഭാഭരണത്തെ സൂചിപ്പിക്കുന്നു; പ്രസ്ബിററീറിയൻസഭകളെല്ലാം നവീകരിക്കപ്പെട്ട സഭകളാണ്, എന്നാൽ നവീകരിക്കപ്പെട്ട സഭകൾക്കെല്ലാം പ്രസ്ബിററീറിയൻ ഭരണരീതിയില്ല.
[22-ാം പേജിലെ ചിത്രം]
ലത്തീനിലുള്ള ഗുട്ടൻബർഗ്ഗ് ബൈബിളിന്റെ മനോഹര ഡിസൈനോടുകൂടിയ ഒരു പേജ്
[കടപ്പാട്]
By permission of The British Library
[23-ാം പേജിലെ ചിത്രങ്ങൾ]
ഗുട്ടൻബർഗ്ഗും മാററിവെക്കാവുന്ന റൈറപ്പുപയോഗിക്കുന്ന അദ്ദേഹത്തിന്റെ പ്രസ്സും
[24-ാം പേജിലെ ചിത്രം]
മെതേഡിസ്ററ് ചർച്ചിന്റെ (1738) സ്ഥാപകനായ ജോൺ വെസ്ലി