മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ച്ചപ്പാടിൽ
ഭാഗം 10: ക്രി.മു. 537 മുതൽ ഇപ്പോഴും ഒരു മശിഹായിക്കായി കാത്തിരിക്കുന്നു
“ഭാവി പ്രത്യാശാനിർഭരമല്ലെങ്കിൽ സ്വയംനിർണ്ണയം ഒരു മുദ്രാവാക്യം മാത്രമാണ്.” ജോൺ എഫ്. കെന്നഡി, ഐക്യനാടുകളിലെ 35-ാമത്തെ പ്രസിഡണ്ട്
ബാബിലോന്യപ്രവാസത്തിന്റെ എഴുപതു വർഷങ്ങൾ കഴിഞ്ഞു! ബാബിലോനെ ജയിച്ചടക്കിയ പേർസ്യരാജാവായിരുന്ന കോരേശ് യഹൂദൻമാരെ സ്വദേശത്തേക്കു മടങ്ങാൻ അനുവദിക്കുകയായിരുന്നു. എന്നാൽ വാഗ്ദത്തദേശത്ത് തിരിച്ചെത്തിക്കഴിഞ്ഞപ്പോൾ (ക്രി. മു. 537) ഒരു സ്വതന്ത്രജനതയെന്ന നിലയിൽ സ്വയംനിർണ്ണയം ആസ്വദിക്കാനുള്ള അവരുടെ പ്രത്യാശ സഫലമാകാതെപോയി. അവർക്കു രാജാവില്ലായിരുന്നു. അവരുടെ നാടുവാഴികളുടെ രാഷ്ട്രീയാധികാരം പെട്ടെന്നുതന്നെ മഹാപുരോഹിതന്റെ മതാധികാരത്താൽ നിഷ്പ്രഭമായിപ്പോയി. അദ്ദേഹം രാഷ്ട്രത്തിന്റെ തലവനായി വീക്ഷിക്കപ്പെട്ടു.
ഒരു മശിഹൈകപ്രത്യാശ പിന്തുടരുന്നു
സംക്ഷിപത യഹൂദവിജ്ഞാനകോശം പറയുന്നതനുസരിച്ച് ഈ കാലഘട്ടത്തിലായിരുന്നു കേവലം മറെറാരു ‘അഭിഷിക്ത’ ഭരണാധികാരിയായിരിക്കാതെ ഇസ്രായേലിന്റെ ശത്രുക്കളെ നശിപ്പിച്ച് സമാധാനത്തിന്റെയും പൂർണ്ണതയുടെയും ഒരു യുഗം സ്ഥാപിക്കുന്ന ഭാവിനാളുകളുടെ ആദർശയുക്തനായ ഭരണാധികാരിയായ ഒരു മശിഹായുടെ ആശയം വികാസം പ്രാപിച്ചത്.
ക്രി.മു. നാലാം നൂററാണ്ടിൽ, മഹാനായ അലക്സാണ്ടർ ദിഗ്വിജയത്താൽ യഹൂദൻമാരെ തന്റെ ആശ്ലേഷത്തിൽ കൂട്ടിച്ചേർത്തു. എന്നാൽ അയാളുടെ സാമ്രാജ്യത്തിന് അവരുടെ ദേശത്തിൻമേലും സംസ്കാരത്തിൻമേലും മതത്തിൻമേലും ഒരു വമ്പിച്ച ഫലമുണ്ടായിരുന്നെങ്കിൽകൂടി അവർ കാത്തിരുന്ന മശിഹാ അയാളല്ലായിരുന്നുവെന്ന് പ്രകടമായിരുന്നു.
അലക്സാണ്ടറുടെ മരണശേഷം പലസ്തീൻ ഗ്രീക്ക് കൈകളിൽ തുടർന്നു, ആദ്യം ഈജിപ്ഷ്യൻ റേറാളമിമാരുടെ കീഴിലും പിന്നീട് സിറിയൻ സെല്യൂസിഡ്സിന്റെ കീഴിലും. ഈ രണ്ടു രാജവംശങ്ങളും അലക്സാണ്ടറുടെ പിൻഗാമികൾ സ്ഥാപിച്ചതായിരുന്നു. ഗ്രീക്ക് സ്വാധീനം വർദ്ധിച്ചപ്പോൾ പ്രമുഖരും കുലശ്രേഷ്ഠരുമായ യഹൂദൻമാർ യഹൂദപാരമ്പര്യങ്ങളെയും ആചാരങ്ങളെയും കാലഹരണപ്പെട്ടതായി വീക്ഷിക്കാൻതുടങ്ങി. നേതൃത്വം വഹിച്ചത് തോബിയാഡ്കുടുംബമായിരുന്നു. അവർ പ്രത്യക്ഷത്തിൽ തങ്ങളുടെ ഒരു ബന്ധുവായിരുന്ന മെനലോസിനെ സെല്യൂസിഡ് രാജാവായിരുന്ന ആൻറിയോക്കസ് IV-ാമന്റെ വാഴ്ചക്കാലത്ത് (ക്രി.മു.175-164) മഹാപൗരോഹിത്യസ്ഥാനം നേടാൻ സഹായിച്ചു. മെലനോസ് ശലോമോന്റെ ആലയത്തിലെ മഹാപുരോഹിതനായിരുന്ന സാദോക്കിന്റെ പാരമ്പര്യപൗരോഹിത്യഗൃഹത്തിൽപെട്ടിരുന്നില്ലെങ്കിലും അവർ ഇതു ചെയ്തു. ഗ്രീക്ക്സ്വാധീനം വളരെ ശക്തമായിത്തീർന്നതുകൊണ്ട് യഹൂദമതാഘോഷങ്ങൾ ബഹിഷ്ക്കരിക്കപ്പെടുകയും ആലയം ഒരു ഗ്രീക്ക്ക്ഷേത്രമാക്കി മാററുകയും ചെയ്തു!
ക്രി.മു. 167-ൽ യഹൂദ പുരോഹിതനായിരുന്ന മത്ഥത്തിയാസും സാധാരണയായി മക്കാബിയർ അഥവാ ഹാസ്മോനിയൻസ് എന്നു വിളിക്കപ്പെട്ട അയാളുടെ അഞ്ചു പുത്രൻമാരും മത്സരിച്ചു. ആദ്യം മതസ്വഭാവത്തിലായിരുന്ന മക്കാബിയ വിപ്ലവം പെട്ടെന്നുതന്നെ യഹൂദ സ്വയനിർണ്ണയത്തിനുള്ള ഒരു രാഷ്ട്രീയപോരാട്ടമായിത്തീർന്നു. ക്രി.മു. 165-ൽ ആലയം തിരിയെപിടിക്കയും പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു. അത് ലോകമാസകലമുള്ള യഹൂദൻമാർ ഇന്ന് ഹനുക്കാ എന്നു വിളിക്കപ്പെടുന്ന 8 ദിവസത്തെ ദീപോത്സവക്കാലത്ത് വാർഷികമായി ആഘോഷിക്കുന്ന ഒരു സംഭവമാണ്.
ഉദാസീനരായ ഇടയൻമാരും മതപരമായ അനൈക്യവും
ഈ കാലത്തെ “ജനങ്ങളുടെ ആത്മീയവും സാമൂഹ്യവുമായ നേതൃത്വം പുരോഹിതൻമാരുടെ കൈകളിലായിരുന്നുവെന്നു മാത്രമല്ല അവർ രാഷ്ട്രീയമായും സാമ്പത്തികമായും യരുശലേമിൽ അതിശക്തരും അതിസമ്പന്നരുമായ വർഗ്ഗമായി പരിണമിക്കയും ചെയ്തു” എന്ന് യഹൂദൻമാരുടെ പികച്ചോറിയൽ ബിബ്ലിക്കൽ എൻസൈക്ലോപ്പീഡിയാ പ്രസ്താവിക്കുന്നു. എന്നിരുന്നാലും പുരോഹിതൻമാർ വളരെ കുലീനരും തങ്ങളുടെ ഇടയ കർത്തവ്യങ്ങൾ നടത്തുന്നതിൽ ഉദാസീനരുമായിത്തീർന്നതുകൊണ്ട് പുരോഹതൻമാരല്ലാത്തവർ അവർക്കു പകരം ന്യായപ്രമാണം വ്യാഖ്യാനിക്കാനും നീതിനടത്താനും തുടങ്ങി. ശാസ്ത്രിമാർ എന്നറിയപ്പെട്ട ഈ മനുഷ്യർ ന്യായപ്രമാണത്തെ മറികടക്കാൻ തുനിഞ്ഞ ആളുകൾക്കുവേണ്ടി പഴുതുകൾ കണ്ടെത്താൻ വിദഗ്ദ്ധരായിരുന്നു.
ഇതേ കാലഘട്ടത്തിൽ യഹൂദ മതം മല്ലടിക്കുന്ന ഘടകങ്ങളായി പിരിഞ്ഞു. ഭാഗികമായി എഴുതപ്പെട്ടതും ഭാഗികമായി വാമൊഴിയുമായ ഒരു ഇരുമടങ്ങായ ന്യായപ്രമാണമാണ് ദൈവം ഇസ്രായേലിന് കൊടുത്തതെന്ന് പരീശൻമാർ പഠിപ്പിച്ചു. പരമ്പരാഗതമായ വംശം മുറിഞ്ഞുപോയെങ്കിലും മഹാപുരോഹിതവംശത്തിന്റെ നിയമസാധുതയെ അവർ അംഗീകരിക്കുന്നത് ഈ വാമൊഴിയായുള്ള ന്യായപ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ്. മറിച്ച് സദൂക്യർ വാമൊഴിയായുള്ള ന്യായപ്രമാണത്തെ നിഷേധിച്ചുകൊണ്ട് സാദോക്കിന്റെ നേരിട്ടുള്ള ഒരു സന്തതിക്കുമാത്രമേ ഒരു മഹാപുരോഹിതനായി സേവിക്കാൻ കഴികയുള്ളു എന്ന് അവകാശപ്പെട്ടു.
പരീശൻ എന്ന പേർ വേർപെട്ട അഥവാ വിശിഷ്ട എന്നർത്ഥമുള്ള ഒരു പദത്തിൽനിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്. അവരെ പാഷണ്ഡികളായി മുദ്രയടിക്കാൻ അവരുടെ എതിരാളികളാണ് അതുപയോഗിച്ചതെന്ന് ചിലർ പറയുന്നു. അവർ അശുദ്ധരെന്ന് പരിഗണിച്ച അമാറകസിൽ നിന്ന് (ദേശത്തിലെ ജനം) അവരെ വേർപെടുത്തിനിർത്തിയ അവരുടെ “വിശിഷ്ട”സ്ഥാനത്തെ അതു പരാമർശിക്കുന്നു എന്ന് മററു ചിലർ അവകാശപ്പെടുന്നു. പരീശൻമാർ ലിഖിതനിയമവും വാമൊഴിയായ നിയമവും അനുസരിക്കുന്നതിൽ അങ്ങേയററം സ്വയനീതിക്കാരായിരുന്നു. സദൂക്യരുടെ അയവില്ലാഞ്ഞ ലിഖിതനിയമത്തോടുള്ള മനോഭാവം സാധ്യതയനുസരിച്ച് “ഏതെങ്കിലും പ്രത്യേക മതവിചാരത്തിൽനിന്ന് ഉത്ഭവിച്ചതല്ല, പിന്നെയോ പരീശൻമാരുടെ നിയമനിർമ്മാണ അധികാരത്തോടുള്ള അവരുടെ എതിർപ്പിൽ ഒരു രാഷ്ട്രീയ ആയുധമെന്ന നിലയിൽ ഉയർന്നു വന്നതാണെന്ന്” യഹൂദഗ്രന്ഥകാരനായ ഗാല്യാഹു കോൺഫെൽഡ് എഴുതുന്നു. മറെറാരു മതസമൂഹമായിരുന്ന എസ്സീൻസ് പ്രത്യക്ഷത്തിൽ ഇതേ കാലഘട്ടത്തിൽ തന്നെ വികാസം പ്രാപിച്ചു. അവർ ഔദ്യോഗിക പൗരോഹിത്യത്തിൽനിന്ന് വിട്ടുമാറുകയും ആലയത്തിലെ മതശുശ്രൂഷകളിലും ബലികളിലും പങ്കെടുക്കുന്നതിൽനിന്ന് പിൻമാറിനിൽക്കുകയും ചെയ്തു. എന്നാൽ അവർ മററുപ്രകാരത്തിൽ ന്യായപ്രമാണത്തോട് അടുത്ത് പററിനിന്നു. പല വിധങ്ങളിലും സമാനരായിരുന്ന പരീശൻമാരെപ്പോലെ അവർ യവന സ്വാധീനത്തിന് ഇരയാകുകയും ഒരു അമർത്ത്യദേഹിയിലുള്ള വിശ്വാസം സ്വീകരിക്കുകയും ചെയ്തു.
ഒരുപക്ഷേ ആ സമൂഹത്തിൽ 4,000 അംഗങ്ങളിൽ കൂടുതൽ ഇല്ലായിരുന്നു, എല്ലാവരും പുരുഷൻമാരുമായിരുന്നു. അവരിൽ അനേകർ ബ്രഹ്മചാരികളായിരുന്നു. അവർ പലസ്തീനിൽ ഉടനീളം ഒററപ്പെട്ട സാമുദായിക വസതികളിൽ പാർത്തിരുന്നു. എൻസൈക്ലോപ്പീഡിയാ ജൂഡായിക്കാ അവരുടെ സാങ്കൽപ്പിക സമാധാനവാദത്തെക്കുറിച്ച് പ്രസ്താവിക്കുകയും ഒരുപക്ഷേ അത് “ആധുനിക യഹോവയുടെ സാക്ഷികളുടേതുപോലെയായിരുന്നു” എന്നു പറയുകയും ചെയ്യുന്നു. എന്നാൽ യഹോവയുടെ സാക്ഷികൾ ഇന്ന് പാലിക്കുന്ന കർശനമായ നിഷ്പക്ഷത യഥാർത്ഥത്തിൽ എസ്സീൻസ് പാലിച്ചിരുന്നില്ലെന്ന് വ്യക്തമാണ്. എസ്സീൻസ് “റോമിനെതിരായ മൽസരത്തിൽ വീരോചിതമായി പൊരുതിയെന്നും ചില നേതാക്കൻമാർ അവരുടെ അണികളിൽ നിന്ന് വന്നു” എന്നും യഹൂദൻമാരുടെ പികച്ചോറിയൽ ബിബ്ലിക്കൽ എൻസൈക്ലോപ്പീഡിയാ പറയുന്നു. യഹൂദചരിത്രകാരനായ ജോസീഫസ് അങ്ങനെയുള്ള ഒരു നേതാവായ “എസ്സീൻ ജോണിനെ” പരാമർശിക്കുന്നു. അയാൾ ക്രി.വ. 66-ലെ വിപ്ലവത്തിൽ ഒരു യഹൂദജനറലായി സേവിച്ചു.
ആയിരത്തിതൊള്ളായിരത്തി നാൽപത്തേഴിൽ കണ്ടെത്തിയ ചാവുകടൽചുരുളുകൾ ഖുംറാൻ മതവിഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നു. അവർ എസ്സീനുകളെപ്പോലെയുള്ളവരാണെന്ന് ചില പണ്ഡിതൻമാർ വിചാരിക്കുന്നു. എന്നാൽ യോഹന്നാൻ സ്നാപകനും യേശുവും ഈ സമൂഹത്തിൽപെട്ടവരായിരുന്നു അല്ലെങ്കിൽ അതിനാൽ സ്വാധീനിക്കപ്പെടുകയെങ്കിലും ചെയ്തിരുന്നു എന്ന സൂചനയെസംബന്ധിച്ച് ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ പറയുന്നു: “പ്രധാനപ്പെട്ട വാദങ്ങൾ . . . ഈ അഭ്യൂഹത്തിനെതിരാണ്.” “ഖുംറാൻ മതവിഭാഗവും യോഹന്നാൻ സ്നാപകനും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങളും, ഈ മതവിഭാഗത്തിന്റെ വീക്ഷണങ്ങളും യേശുവിന്റെ ശുശ്രൂഷയുടെ വ്യാപ്തിയും അവന്റെ രക്ഷാസന്ദേശവും ദൈവേഷ്ടം സംബന്ധിച്ച അവന്റെ ഗ്രാഹ്യവും . . . വിശേഷിച്ച് സ്നേഹത്തെ സംബന്ധിച്ച അവന്റെ കൽപ്പനയുടെ വിപ്ലവസ്വഭാവവും പാപികളും സാമൂഹ്യ ബഹിഷ്കൃതരുമായുള്ള അവന്റെ സഹവാസവും തമ്മിൽ കടക വൈരുദ്ധ്യങ്ങളുമുണ്ട്.”
യഥാർത്ഥത്തിൽ, സകല യഹൂദ മതവിഭാഗങ്ങളും യോഹന്നാൻസ്നാപകനെയും മശിഹായായി അവൻ പ്രഖ്യാപിച്ചവനെയും എതിർക്കുകയായിരുന്നു. യോഹന്നാന്റെ സന്ദേശത്തിനു വിശ്വാസ്യത കൊടുക്കുന്നതിനു പകരം അനേകം പുരോഹിതൻമാർ സ്വയംനിർണ്ണയത്തിനുവേണ്ടി നിലകൊണ്ട ഒരു യഹൂദവിപ്ലവസമൂഹമായിരുന്ന തീവ്രവാദികളിലേക്കു തിരിഞ്ഞുവെന്ന് ജോസീഫസ് പറയുന്നു. ക്രി.മു. 63ൽ ഗ്രീസിനു പകരംവന്ന റോമൻ ആധിപത്യത്തെ എതിർത്ത ഇതുപോലെയുള്ള സമൂഹങ്ങൾ ദശാബ്ദങ്ങളിൽ ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഒടുവിൽ ക്രി.വ. 66ൽ അവർ തുറന്ന മത്സരത്തിലേർപ്പെട്ടു. ഇത് യഹൂദദേവാലയത്തിന്റെയും അവരുടെ പൗരോഹിത്യത്തിന്റെയും നാശത്തിലേക്കു നയിച്ചു. മശിഹൈകപ്രത്യാശ മങ്ങിപ്പോയി.
ആലയമില്ലാത്ത, പൗരോഹിത്യമില്ലാത്ത, ഒരു യഹൂദമതം
ബാബിലോന്യപ്രവാസത്തിന് നൂററാണ്ടുകൾക്കുമുമ്പും പ്രവാസകാലത്തും അല്ലെങ്കിൽ അതിനുശേഷം അല്പകാലം കഴിഞ്ഞും ന്യായപ്രമാണത്തെക്കുറിച്ച് അറിവു സമ്പാദിക്കുന്നതിന് വലിയ ഊന്നൽ കൊടുത്തിരുന്നു. സിനഗോഗുകൾ എന്നറിയപ്പെട്ടിരുന്ന പ്രബോധനകേന്ദ്രങ്ങൾ പണിയപ്പെട്ടു. അതിനുശേഷം പ്രത്യേകസന്ദർഭങ്ങളിലും ബലിയർപ്പിക്കുകയെന്ന ഉദ്ദേശ്യത്തിലും മാത്രമേ ആലയം സന്ദർശിച്ചിരുന്നുള്ളു. ക്രി.വ. ഒന്നാം നൂററാണ്ടായതോടെ സിനഗോഗിൽ ആരാധിക്കുന്നത് സർവസാധാരണമായിരുന്നു. പിന്നീട് ക്രി.വ. 70ലെ ആലയത്തിന്റെ നാശത്തിനുശേഷം അവ ആലയത്തിനു പകരമുള്ളവയായി വീക്ഷിക്കപ്പെട്ടു.
ഇപ്പോൾ സ്ഥിതിചെയ്യാഞ്ഞ പൗരോഹിത്യത്തിൽനിന്ന് റബ്ബിമാർ എന്നറിയപ്പെട്ടിരുന്ന ഉപദേഷ്ടാക്കളിലേക്കു പ്രാധാന്യം മാറി. ഒരു ഫലപ്രദമായ സംഘമെന്ന നിലയിൽ സദൂക്യർ സ്ഥിതിചെയ്യാതായി. എസ്സീൻസ് കേവലം അപ്രത്യക്ഷപ്പെട്ടു. അതുകൊണ്ട് പരീശൻമാർ എതിരില്ലാത്ത നേതാക്കളായി പ്രത്യക്ഷപ്പെട്ടു. അവർക്കുണ്ടായിരുന്ന സ്വാധീനത്തെക്കുറിച്ച് ഹീബ്രൂ യൂണിയൻ കോളജിലെ എല്ലിസ് റിവ്ക്കിൻ വിശദീകരിക്കുന്നു: “പരീശൻമാരുടെ വാമൊഴിയായ നിയമം മിഷ്നായിക്കും, പലസ്തീനിലെയും ബാബിലോനിലെയും തൽമൂദുകൾക്കും, അക്കാദമികതലവൻമാരുടെയും മദ്ധ്യകാലത്തെയും ആധുനികകാലത്തെയും റബ്ബിമാരുടെയും ഉത്തരങ്ങൾക്കും, യഹൂദനിയമത്തിന്റെ വിവിധ സംഹിതകൾക്കും ജൻമമേകി.” ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “യാഥാസ്ഥിതികരോ ഉൽപതിഷ്ണുക്കളോ പരിഷ്ക്കരണവാദികളോ ആയാലും വിവിധ യഹൂദസമൂഹങ്ങൾ തങ്ങൾ പരീശൻമാരിൽനിന്നും ജ്ഞാനികളായ റബ്ബിമാരിൽനിന്നും ആത്മീയമായി നേരിട്ട് ഉത്ഭവിച്ചവരാണെന്ന് ഇന്നുപോലും അവകാശപ്പെടുന്നു.”
പ്രവാസത്തിലെ മശിഹൈകപ്രത്യാശകൾ
ക്രി.വ. 70നു മുമ്പുപോലും ദശലക്ഷക്കണക്കിനു യഹൂദൻമാർ പലസ്തീനു വെളിയിൽ മുഖ്യമായി സിറിയയിലും ഏഷ്യാമൈനറിലും ബാബിലോണിയായിലും ഈജിപ്ററിലും വസിച്ചിരുന്നു. എന്നിരുന്നാലും ക്രി.വ. 70നു ശേഷം അതിജീവിച്ച ഏതു യഹൂദൻമാരും ഡിയസപോറായിൽ ജീവിതം കഴിച്ചുകൂട്ടുന്നതിന് പൂർണ്ണമായും പിഴുതെറിയപ്പെടുകയും ചിതറിക്കപ്പെടുകയുംചെയ്തു. “ചിതറിക്കൽ” എന്നതിന്റെ ഗ്രീക്ക്പദമാണ് ഡിയസപോറാ. അവിടെപോലും അനേകർ വരാനിരിക്കുന്ന ഒരു മശിഹായിൻകീഴിലെ സ്വയംനിർണ്ണയത്തിന്റെ പ്രത്യാശ വെച്ചുപുലർത്തി. യഹൂദനേതാവായിരുന്ന ബാർഖോക്ബാ ഒരു വ്യാജമശിഹായാണെന്നു തെളിഞ്ഞു. അയാൾ ക്രി.വ. 132ൽ റോമിനെതിരായ മത്സരം നയിച്ചു പരാജയപ്പെട്ടു. യഹൂദ വിജ്ഞാനകോശം പറയുന്നതനുസരിച്ച് അന്നു മുതൽ ക്രി.വ. 1744 വരെ അങ്ങനെയുള്ള 28 വ്യാജമശിഹാമാർ പ്രത്യക്ഷപ്പെട്ടു.
അങ്ങനെ മശിഹൈക പ്രത്യാശ അവ്യക്തമായിപ്പോയത് ഒരുപക്ഷേ മനസ്സിലാക്കാം. ദി എൻസൈക്ലോപ്പീഡിയാ ജൂഡായിക്കാ ഇങ്ങനെ വിശദീകരിക്കുന്നു: “മദ്ധ്യയുഗങ്ങളിലെ യഹൂദ പ്രത്യയശാസ്ത്രം പുരാതന കാലഘട്ടത്തിൽനിന്ന് മശിഹായെസംബന്ധിച്ചുള്ള യോജിപ്പുള്ളതും ഏകീകൃതവുമായ ധാരണ സ്വീകരിച്ചില്ല, . . . തൽമൂദിക സാഹിത്യങ്ങളിലും വിവിധ യഹൂദ തിരുവെഴുത്തുവ്യാഖ്യാനങ്ങളിലും അനേകം വിരുദ്ധവീക്ഷണങ്ങൾ ഉൾപ്പെട്ടിരുന്നു.” പന്ത്രണ്ടാം നൂററാണ്ടോളം മുമ്പ് മശിഹായുടെ വാഴ്ച ഒരുപക്ഷേ കേവലം ഉയർന്ന രൂപത്തിലുള്ള ഒരു സമുദായത്തിന്റെ ചിത്രീകരണം ആണെന്ന് യഹൂദതത്വചിന്തകനായ മോസസ് മായ്മൊണൈഡ്സ് വാദിച്ചു. പത്തൊൻപതാം നൂററാണ്ടിൽ നവീകരണ യഹൂദൻമാർ “ഒരു വ്യക്തിപരമായ മശിഹായിലുള്ള വിശ്വാസത്തിനുപകരം ഒരു മശിഹൈക യുഗത്തിലുള്ള വിശ്വാസം സ്വീകരിച്ചു. . . . സീയോനിലേക്കുള്ള പ്രവാസികളുടെ മടങ്ങിവരവിനോടുള്ള പരമ്പരാഗത സംബന്ധങ്ങളിൽനിന്ന് മശിഹൈക പ്രത്യാശ ഛേദിക്കപ്പെട്ടു.”
ഇതിന് അൽപ്പകാലം മുമ്പ് യൂറോപ്പിലെ ഹസ്കലപ്രസ്ഥാനം (പ്രബുദ്ധത) പ്രശ്നത്തെ കൂടുതലായി കുഴപ്പിച്ചു. അത് പാശ്ചാത്യ ജീവിതരീതിയോട് അനുരൂപപ്പെടാൻ മനസ്സുള്ള ഒരു യഹൂദ മതത്തെ പ്രോത്സാഹിപ്പിച്ചു. അത് യഹൂദൻമാരെ മശിഹായുടെ കീഴിൽ പുനഃസ്ഥാപിക്കപ്പെട്ട യഹൂദ സ്വദേശത്തിലെ സ്വയംനിർണ്ണയത്തിനു മുന്തിയ മുൻഗണന ഉള്ളതായി വീക്ഷിക്കുന്നവരും ജൻമനാട്ടിലെ ജീവിതത്തോടുള്ള ഉദ്ഗ്രഥനത്തിന് കൂടിയ പ്രാധാന്യമുണ്ടെന്ന് വിചാരിക്കുന്നവരുമായി പിരിയാൻ സഹായിച്ചു.
ഈ വികാസങ്ങളും ശേമ്യവിരോധത്തിന്റെ ഉയർച്ചയും ആധുനിക സീയോന്യവാദത്തിന്റെ പിറവിക്ക് വഴിയൊരുക്കി. പത്തൊൻപതാം നൂററാണ്ടിന്റെ അവസാനത്തിൽ തിയോഡർ ഹെർസൽ ആയിരുന്നു അതിന് ജൻമമേകിയത്. ഇന്ന് 1990 നവംബറിൽ, ഇസ്രായേൽ സംസ്ഥാനം സ്ഥാപിക്കപ്പെട്ട മാസത്തിനുശേഷം 42 വർഷം കഴിഞ്ഞ് അദ്ദേഹം വിഭാവനചെയ്ത ഒരു യഹൂദസ്വദേശത്തെ ഒരു യഹൂദജനസമുദായമെന്ന നിലയിൽ സ്വയംനിർണ്ണയം യഹൂദൻമാർ ആസ്വദിക്കുന്നുണ്ട്. അവരുടെ മശിഹൈകപ്രത്യാശ സഫലമായിട്ടുണ്ടോ? ഉണ്ടെങ്കിൽ ദ ടൈംസ ഓഫ് ലണ്ടൻ പറയുന്നതനുസരിച്ച് “ഇസ്രായേലിന്റെ സൃഷ്ടിയോടെ യാഥാർത്ഥ്യമായിത്തീർന്ന ഒരു അശുദ്ധതയെ സീയോന്യവാദത്തിൽ” ചില യഹൂദൻമാർ ദർശിക്കുന്നതെന്തുകൊണ്ട്? ഒരു യഹൂദൻ തന്നെയായിരുന്ന പരേതനായ തിയോഡർ എച്ച് വൈററ് എന്ന ചരിത്രകാരൻ ഇങ്ങനെ നിഷ്കപടമായി സമ്മതിച്ചതെന്തുകൊണ്ട്: “അന്യോന്യം വഴക്കടിക്കുന്ന വ്യത്യസ്ത യഹൂദവിഭാഗങ്ങൾ, . . . പ്രോട്ടസ്ററൻറുകാരുടെയിടയിലെ വിഭാഗങ്ങളോളം തന്നെയുണ്ട്.” 1987-ൽ ഇസ്രായേലിലെ 120-അംഗ രാഷ്ട്രീയസമിതിയായ നെസററിലെ വഴക്കടിക്കുന്ന മതവിഭാഗങ്ങളിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ട് ടൈം മാസിക ഇങ്ങനെ എഴുതിയത് എന്തുകൊണ്ട്: “ഇസ്രായേൽ മാരകമായി അതിൽതന്നെ ഭിന്നിച്ചിരിക്കുന്ന ഒരു ഭവനമായിത്തീരാതിരിക്കണമെങ്കിൽ ഈടുനിൽക്കുന്ന എന്തെങ്കിലും പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു.”
ആധുനിക യഹൂദ സ്വയംനിർണ്ണയം ഭാവി പ്രത്യാശ പ്രദാനം ചെയ്യുന്നില്ല. തങ്ങളുടെ മശിഹൈകപ്രത്യാശ സാക്ഷാത്കരിക്കുന്നതിന് മാനുഷരാഷ്ട്രീയത്തിലാശ്രയിക്കുന്നതിനാൽ യഹൂദമതം അതിന്റെ സ്വന്തം വിശുദ്ധ എഴുത്തുകളിലെ വാക്കുകൾ അവഗണിച്ചിരിക്കുന്നു: “മനുഷ്യരിലാശ്രയിക്കുന്നതിനേക്കാൾ മെച്ചമാണ് കർത്താവിൽ ആശ്രയിക്കുന്നത്. . . . പ്രഭുക്കൻമാരിലോ സഹായം കിട്ടുകയില്ലാത്ത മനുഷ്യപുത്രൻമാരിലൊ ആശ്രയിക്കരുത്.”—സങ്കീർത്തനം 118:8; 146:3, വിശുദ്ധതിരുവെഴുത്തുകൾ, ജ്യൂയിഷ് പബ്ലിക്കേഷൻ സൊസൈററി ഓഫ് അമേരിക്ക പ്രസിദ്ധീകരിച്ചത്. തങ്ങളുടെ മശിഹൈകപ്രത്യാശയെ തിരിച്ചറിയുന്നതിൽ ഇന്ന് അനേകം യഹൂദൻമാർക്കുള്ള പ്രയാസത്തിൽനിന്ന് വ്യത്യസ്തമായി ക്രി.വ. ഒന്നാം നൂററാണ്ടിലെ അവരുടെ നിരവധി പൂർവികർക്ക് അതിൽ യാതൊരു പ്രയാസവുമില്ലായിരുന്നു. (യോഹന്നാൻ 1:41 കാണുക.) അവർ തങ്ങൾ മശിഹായായി സ്വീകരിച്ചവന്റെ അനുഗാമികളായിത്തീർന്നു, നമുക്ക് “വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സ്നേഹത്തിന്റെയും മാർഗ്ഗം” എന്ന് ഉചിതമായി വിളിക്കാൻ കഴിയുന്ന ഒരു മതത്തിന്റെ തീക്ഷ്ണതയുള്ള വക്താക്കളായിത്തീരുകയും ചെയ്തു. ഞങ്ങളുടെ അടുത്ത ലക്കം അതു വിശദീകരിക്കും. (g89 5/22)
[21-ാം പേജിലെ ചിത്രം]
ക്രി.വ. 70-ൽ നശിപ്പിക്കപ്പെട്ട തങ്ങളുടെ വിശുദ്ധ ദേവാലയത്തിന്റേതായി യഹൂദൻമാർക്ക് ശേഷിച്ചിരിക്കുന്നത് സാധാരണയായി വിലാപമതിൽ എന്നു വിളിക്കപ്പെടുന്ന പടിഞ്ഞാറേ മതിലാണ്