“നാശത്തിലേക്കുള്ള താക്കോൽ”
ഞാൻ എന്റെ ബാല്യം മുതൽക്കേ തോക്കുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ ഇനി ഞാൻ ഒരെണ്ണം സ്വന്തമാക്കുകയില്ല. ഞങ്ങൾക്കു ഒരു ചെറിയ കൃഷിസ്ഥലമുണ്ട്. ശല്യക്കാരായ ജന്തുക്കളെ നിയന്ത്രിക്കുന്നതിന് ഒരു തോക്ക് ആവശ്യമാണെന്ന് ഞാൻ കരുതി. ഒരു ദിവസം ഞാനും എന്റെ ഭാര്യയും വയലിൽ പണിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. അന്ന് വിശേഷിച്ചും നല്ല ചൂടുള്ള ദിവസം ആയിരുന്നതുകൊണ്ട് ഞങ്ങളുടെ രണ്ട് ആൺമക്കളേയും തണലുണ്ടല്ലോ എന്നു കരുതി വീട്ടിൽ തന്നെ ആക്കിയിരുന്നു. ഞങ്ങൾ ഏതാനും നൂറ് അടി മാത്രം അകലെയായിരുന്നു. കുഴപ്പമൊന്നും കൂടാതെ കുട്ടികൾ കളിച്ചുകൊള്ളും എന്ന് ഞങ്ങൾ കരുതി. ഞാൻ ട്രാക്റററിൽ ഇരിക്കുമ്പോൾ എന്റെ മൂത്തമകൻ കരഞ്ഞുകൊണ്ട് ഓടി വന്നു പറഞ്ഞു: “ഡാഡീ കുഞ്ഞിന് വെടിയേറെറന്നു തോന്നുന്നു!” ഞാൻ ഓടി വീട്ടിൽ ചെന്നപ്പോൾ എന്റെ ഭാര്യ പുറകിലത്തെ പടിയിലിരുന്ന് കുട്ടിക്ക് സിപിആർ (കാർഡിയോ പൾമോനറി റിസസിറേറഷൻ) കൊടുക്കുന്നതാണ് കണ്ടത്. ഞാൻ 911 ഡയൽ ചെയ്യുമ്പോൾ എന്റെ മകനെ ജീവനോടെ കിട്ടാൻ സഹായിക്കണമേ എന്ന് യഹോവയോട് യാചിച്ചു. ഇനി അതല്ല എങ്കിൽ പുനരുത്ഥാനത്തിങ്കൽ അവനെ ഓർക്കണമേ എന്ന് ഞാൻ അപേക്ഷിച്ചു. അവൻ അവന്റെ അമ്മയുടെ കൈയിൽ കിടന്നു മരിച്ചു.
അവന് രണ്ടരവയസ്സായിരുന്നു. അവൻ നിഷ്കളങ്കനായ ഒരു പിഞ്ചു കുഞ്ഞായിരുന്നു. ഔദ്യോഗിക റിപ്പോർട്ടനുസരിച്ച് വെടി കൊണ്ടത് ആകസ്മികമായിട്ടായിരുന്നു. മൂത്തമകൻ ഞങ്ങളുടെ ശയനമുറിയിൽ നിന്ന് തോക്കെടുത്ത് ഉണ്ട നിറച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ മകന്റെ നഷ്ടം അതും ഈ രീതിയിൽ, യഹോവ അവനെ ഞങ്ങൾക്കു തിരികെ തരുന്നത് വരെ ഞങ്ങളെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രഹരമായിരിക്കും.
മക്കളെ ഒററക്ക് വിട്ടേച്ച് പോന്നത് തന്നെ തെററായിരുന്നു, എന്നാൽ വീട്ടിൽ ഒരു തോക്കുണ്ടായിരുന്നതായിരുന്നു വിനാശത്തിലേക്കുള്ള താക്കോൽ. തോക്ക് ഒരു നശീകരണ ഉപകരണം എന്നതിൽ കവിഞ്ഞ് ഒന്നുമല്ല. അങ്ങനെ ഒന്നു സ്വന്തമായി ഉണ്ടായിരുന്നതിനെ എനിക്ക് ഒരിക്കലും ന്യായീകരിക്കാനാവില്ല.—അരിസോണയിലെ ഒരു സാക്ഷിയിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ ലഭിച്ച കത്ത്. (g89 5/22)