ഗോല്യാത്ത്—സംസ്കാര സമ്പന്നനായ ഒരു മല്ലനോ?
ഫെലിസ്ത്യ മല്ലനായ ഗോല്യാത്തുമായി യുവാവായിരുന്ന ദാവീദ് ഏററുമുട്ടിയതിനെക്കുറിച്ചുള്ള ചരിത്ര വിവരണം കേട്ടിട്ടില്ലാത്തതാരാണ്? (1 ശമുവേൽ 17:23-51) ബൈബിൾ കാലഗണനപ്രകാരം ഈ പോരാട്ടം നടന്നത് ക്രി. മു. 1,100-നോടടുത്തായിരുന്നു. എന്നാൽ ആ നാളുകളിലെ ഫെലിസ്ത്യ സംസ്കാരത്തെക്കുറിച്ച് എന്തു പറയാൻ കഴിയും?
ദാവീദിന്റെ കാലത്തെ ഒരു പ്രമുഖ ഫെലിസ്ത്യ നഗരമായിരുന്ന പുരാതന എക്രോൻ ആണെന്നു വിശ്വസിക്കപ്പെടുന്നിടത്തെ കഴിഞ്ഞ ഏഴു വർഷത്തെ ഖനനപ്രവർത്തനങ്ങൾ ഫെലിസ്ത്യർ നഗര ആസൂത്രണം സംബന്ധിച്ച് പുരോഗമനപരമായ ആശയങ്ങൾ ഉണ്ടായിരുന്ന വിദഗ്ദ്ധ നിർമ്മാതാക്കളായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ദൃഷ്ടാന്തത്തിന് 1988-ലെ വേനൽക്കാലത്ത് 2,300 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കെട്ടിടം കുഴിച്ചെടുക്കപ്പെട്ടു. അത് ഫെലിസ്ത്യ ഔന്നത്യത്തിന്റെ കാലഘട്ടം മുതൽ (ക്രി. മു. 12-ാം നൂററാണ്ടു മുതൽ 10-ാം നൂററാണ്ടു വരെ) ഏററവും വലിയ കെട്ടിടം എന്ന് അറിയപ്പെട്ടിരുന്നതായിരുന്നു. 50 ഏക്കറിലെ ഖനനം ഒഴുകിപ്പോകുന്ന പ്രകൃതിദത്തമായ വെള്ളത്തെ ഉപയോഗപ്പെടുത്തത്തക്കവണ്ണം നഗരത്തെ പടിപടിയായി താഴോട്ട് തട്ടുകളായി തിരിക്കുന്ന രീതിയുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തി. പുരാവസ്തുഗവേഷകനായ സെയ്മർ ഗിററിൻ ഇപ്രകാരം അതിശയിച്ചു: “അത് വളരെ പരിഷ്കൃതമായ ഒരു കെട്ടിടനിർമ്മാണരീതിയായിരുന്നു.”
ഖനനങ്ങൾ പക്ഷികളാലും മൽസ്യങ്ങളാലും ക്ഷേത്രഗണിത ഡിസൈനുകളാലും അലംകൃതവും മനോജ്ഞവുമായ മൺപാത്രങ്ങളുടെ വലിയ ശേഖരങ്ങളെയും വെളിച്ചത്തുകൊണ്ടുവന്നു. കൂടാതെ നാല് കൊമ്പുകളോടുകൂടിയ മതയാഗപീഠങ്ങളും സാധ്യതയനുസരിച്ച് ഒലിവെണ്ണ സംഭരിക്കാനുള്ള ഭരണികളും ലോഹംകൊണ്ടുള്ള പണിയായുധങ്ങളും കണ്ടുപിടിക്കപ്പെട്ടു. ഈ സാധനങ്ങളെല്ലാം പുരാതന ഫെലിസ്ത്യരുടെ വൈദഗ്ദ്ധ്യത്തെയും പുരോഗമിച്ച സംസ്കാരത്തെയും പ്രകടമാക്കുന്നു. ഗിററിൻ ഇങ്ങനെ നിരീക്ഷിച്ചു: “ലോകത്തിന്റെ ഈ ഭാഗത്ത് ഫെലിസ്ത്യർ . . . ഒരു പുതിയ സംസ്കാരം അവതരിപ്പിച്ചു. ഒടുവിൽ അവർ ഒരു വലിയ വാണിജ്യശക്തിയും ഒരു പ്രബല വ്യാവസായിക ജനതയുമായിത്തീർന്നു.” (g89 2/22)
[31-ാം പേജിലെ ചിത്രം]
ഇത്തരം ഫെലിസ്ത്യ മൺപാത്രങ്ങൾ പുരാതന എക്രോന്റെ സ്ഥാനത്ത് അടുത്ത കാലത്ത് കണ്ടെത്തപ്പെട്ടു