മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 4: പൊ. യു. മു. 1513-607 മറെറല്ലാവരിൽ നിന്നും വ്യത്യസ്തമായി വേർതിരിക്കപ്പെട്ട ഒരു ജനത
ഇടിയും മിന്നലും സഹിതം അത് ഒരു ശുഭകരമായ ജനനമായിരുന്നു. സമയം ക്രി.മു. 1513 ആയിരുന്നു, സ്ഥലം അന്ന് അറേബ്യയും ഇന്ന് ഈജിപ്ററുമായിരിക്കുന്നിടത്തെ സീനായ്മലയായിരുന്നു. അത് ഒരു മമനുഷ്യന്റെ ജനനമല്ലായിരുന്നു, പിന്നെയോ ഒരു ജനതയുടേതായിരുന്നു!
ഒന്നിൽ കുറഞ്ഞവർഷത്തിനു മുമ്പ് അവർ ഈജിപ്ററ് എന്ന ലോകശക്തിക്ക് അടിമകളായിരുന്ന, ഒരുപക്ഷേ മുപ്പതുലക്ഷം പേരടങ്ങിയ ഒരു ഗോത്രസമുദായമായിരുന്നു. ഇപ്പോൾ അവർ ഒരു സ്വതന്ത്രജനമായി, ഒരു ജനതയായി സംഘടിപ്പിക്കാൻ ദൈവം തീരുമാനിച്ചിരുന്ന ജനംതന്നെ—എന്നാൽ ഏതെങ്കിലുമൊരു തരം ജനതയല്ല. മുമ്പു സ്ഥിതിചെയ്തിട്ടുള്ളതോ ഭാവിയിൽ സ്ഥിതിചെയ്യുന്നതോ ആയ ഏതിൽനിന്നും വ്യത്യസ്തമായി വേർതിരിക്കപ്പെട്ട ഒരു ജനതയായിരിക്കണമായിരുന്നു അവർ.
‘സഭയും സംസ്ഥാനവും’—എന്നാൽ ഒരു വ്യത്യാസത്തോടെ
മതവും ഭരണവും സംയോജിപ്പിക്കാനുള്ള നിമ്രോദിന്റെ ശ്രമം വിപത്തിൽ കലാശിച്ചു. ഇപ്പോൾ സീനായിമലയിൽ നടന്നുകൊണ്ടിരുന്നത് ചില കാര്യങ്ങളിൽ സമാനമായ ഒരു സംയോജിപ്പിക്കൽ ആയിരുന്നു. അത് മെച്ചമായിരിക്കുമോ?
ഒരു ജനതക്ക് നിയമം ആവശ്യമാണ്. അതുകൊണ്ട് ഇസ്രയേല്യർക്ക് സാധാരണയായി പത്തു കല്പനകൾ എന്നറിയപ്പെടുന്ന പത്ത് അടിസ്ഥാനനിയമങ്ങൾ കൊടുക്കപ്പെട്ടു, ഒപ്പം കൂടുതലായി 600ഓളം നിബന്ധനകളും. (പുറപ്പാട് 20:1-17) അത് സത്യമതത്തിന് എപ്പോഴും ബാധകമായിരുന്നിട്ടുള്ളതും ഇപ്പോൾ ഈ ഇരുപതാം നൂററാണ്ടിൽപോലും ബാധകമാകുന്നതുമായ അടിസ്ഥാനസത്യങ്ങളിൽ അധിഷ്ഠിതമായ ഒരു നിയമസംഹിതയായിരുന്നു.
ഈ നിയമങ്ങൾ അപ്പോൾത്തന്നെ നിലവിലിരുന്ന ഹമുറാബിയുടെ നിയമസംഹിതയിൽ അധിഷ്ഠിതമായിരുന്നോ? ഇസ്രയേൽ ഒരു ജനതയാകുന്നതിനുമുമ്പ് ബാബിലോന്റെ ഒന്നാമത്തെ രാജവംശത്തിലെ രാജാവായ ഹമുറാബി ഒന്നര നൂററാണ്ടിലധികം ഭരിച്ചിരുന്നതുകൊണ്ട് ചിലയാളുകൾ അങ്ങനെ വിചാരിച്ചേക്കാം. 1902ൽ അയാളുടെ നിയമസംഹിത ഒരു സ്റെറലായിൽ പകർത്തപ്പെട്ടിരിക്കുന്നതായി കണ്ടു. അത് നേരത്തെ ബാബിലോനിലെ മർഡുക്കിന്റെ ക്ഷേത്രത്തിലായിരുന്നു. എന്നിരുന്നാലും പഴയനിയമകാലങ്ങളിൽനിന്നുള്ള പ്രമാണങ്ങൾ എന്ന പുസ്തകം ഇങ്ങനെ നിഗമനംചെയ്യുന്നു: “അനേകം സാദൃശ്യങ്ങളുണ്ടെങ്കിലും എബ്രായൻ ബാബിലോന്യനിൽനിന്ന് നേരിട്ടു കടം വാങ്ങിയെന്നു സങ്കല്പിക്കുന്നതിന് അടിസ്ഥാനമില്ല. അക്ഷരത്തിൽ രണ്ടു നിയമസംഹിതകളും തമ്മിൽ വലിയ വ്യത്യാസമില്ലാത്തിടത്തും ആത്മാവിൽ അവ തമ്മിൽ വലിയ വ്യത്യാസമുണ്ട്.”
ആ ജനത വ്യത്യാസപ്പെട്ടിരിക്കേണ്ട ഒരു വിധം മാത്രമായിരുന്നു അത്. കൂടാതെ, ആദ്യം അതിന് മാനുഷരാജാവ് പാടില്ലായിരുന്നു. അത് സ്വർഗ്ഗങ്ങളിലെ ഒരു അദൃശ്യരാജാവിനാൽ നയിക്കപ്പെടണമായിരുന്നു, ഇത് അവരെ മറെറല്ലാവരിൽനിന്നും യഥാർത്ഥത്തിൽ വ്യത്യാസപ്പെട്ട ഒരു ജനതയാക്കുമായിരുന്നു. ഏതാണ്ട് 400-ഓളം വർഷം കഴിയുന്നതുവരെ ഒരു മാനുഷരാജവംശം അവതരിപ്പിക്കപ്പെട്ടില്ല. അപ്പോൾ പോലും ജനത അനുപമമായിരുന്നു. അതിന്റെ രാജാവ് ഈജിപ്ററിലെ ഫറവോമാരെപ്പോലെ ദൈവമാണെന്നോ ദൈവത്തിന്റെ ഒരു സന്തതിയാണെന്നോ അവകാശപ്പെട്ടില്ല. ഇസ്രയേലിലെ രാജാക്കൻമാർ കേവലം ഒരു പ്രാതിനിധ്യവിധത്തിൽ “യഹോവയുടെ സിംഹാസനത്തിൽ” ഇരുന്നു.—1 ദിനവൃത്താന്തം 29:23.
നിയമനിർമ്മാണപരവും നീതിന്യായപരവും കാര്യനിർവഹണപരവുമായ പ്രക്രമങ്ങൾ ഉൾപ്പെടുന്ന ഇസ്രയേലിന്റെ ഭരണപ്രവർത്തനങ്ങൾ ഇന്നത്തെ ചില ഗവൺമെൻറുകളെക്കുറിച്ച് നമ്മെ അനുസ്മരിപ്പിച്ചേക്കാം. എന്നാൽ വീണ്ടും കാര്യമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. യെശയ്യാവ് 33:22 ഇങ്ങനെ വിശദീകരിക്കുന്നു: “എന്തെന്നാൽ യഹോവയാണ് ഞങ്ങളുടെ ന്യായാധിപൻ [നീതിന്യായപീഠം], യഹോവയാണ് ഞങ്ങളുടെ നിയമദാതാവ [നിയമനിർമ്മാണാധികാരം], യഹോവയാണ് ഞങ്ങളുടെ രാജാവ [കാര്യനിർവാഹകോദ്യോഗസ്ഥൻ].” ഭരണത്തിന്റെ മൂന്നു പ്രവർത്തനങ്ങളും ഇസ്രായേലിന്റെ ദൈവത്തിൽ ഏകീകരിക്കപ്പെട്ടിരുന്നു. ജനതയുടെ രാജാവോ അതിന്റെ ന്യായാധിപൻമാരോ അതിന്റെ പുരോഹിതൻമാരോ തികഞ്ഞ ഏകാധിപതിമാരാകാൻ പാടില്ലായിരുന്നു. എല്ലാവരും തങ്ങൾ പ്രതിനിധാനംചെയ്ത ദൈവത്തിന്റെ നിയമങ്ങളും നിർദ്ദേശങ്ങളും അനുസരിക്കാൻ ബാധ്യസ്തരായിരുന്നു. ഇന്നത്തെ രാഷ്ട്രീയ, മത, സ്വേച്ഛാധികാരികളിൽനിന്ന് തികച്ചും വ്യത്യസ്തമായിത്തന്നെ.
അങ്ങനെ, നിമ്രോദിന്റെ നാളിൽ സഭയും സംസ്ഥാനവും തമ്മിൽ സംയോജിപ്പിച്ചത് മാനുഷഗവൺമെൻറും വ്യാജമതവും തമ്മിലുള്ള ഒരു സംയോജനമായിരിക്കെ, സീനായി മലയിൽ സംഭവിച്ചത് ദിവ്യഗവൺമെൻറും സത്യമതവും തമ്മിലുള്ള ഒരു സംയോജനമായിരുന്നു. ഇത് മെച്ചപ്പെട്ട ഫലങ്ങൾക്ക് ഉറപ്പുനൽകി.
മിശ്രവിശ്വാസ പ്രസ്ഥാനങ്ങൾ നിയമവിരുദ്ധം
വിശ്വാസരാഹിത്യം ഇസ്രായേല്യർ മരുഭൂമിയിൽ 40 വർഷം അലഞ്ഞുതിരിയുന്നതിൽ കലാശിച്ചു. ഇപ്പോൾ ക്രി. മു. 1473-ൽ ദൈവം അവർക്കു വാഗ്ദാനംചെയ്തിരുന്ന ദേശമായ കനാനിൽ ഒടുവിൽ പ്രവേശിക്കാറായപ്പോൾ തന്റെ സേവനത്തിനുവേണ്ടി വേർതിരിക്കപ്പെട്ട ഒരു ജനതയെന്ന നിലയിൽ തന്റെ മഹത്വത്തെ പ്രതിഫലിപ്പിക്കാനുള്ള അവരുടെ കടപ്പാടിനെക്കുറിച്ച് അവർ അനുസ്മരിപ്പിക്കപ്പെട്ടു. അവർ കനാന്യരുമായി സാഹോദര്യം പുലർത്താൻ പാടില്ലായിരുന്നു. അതാണ് ഒരു സംശോധകഗ്രന്ഥം “അവരുടെ യാഹാരാധകരല്ലാത്ത അയൽക്കാരുമായുള്ള ശത്രുതയെന്നു വിളിക്കുന്നതിനും യഹോവയുടെ അദ്വിതീയതക്കും” കാരണം.
‘എന്നാൽ നിൽക്കണേ, ഈ അസഹിഷ്ണുത എന്തുകൊണ്ട്?’ എന്ന് ആരെങ്കിലും ചോദിച്ചേക്കാം. ‘കനാന്യർ തികച്ചും ആത്മാർത്ഥതയുള്ളവർ ആയിരുന്നിരിക്കാം. മാത്രവുമല്ല, എല്ലാ മതങ്ങളും ഒരേ ദൈവത്തെ സമീപിക്കാനുള്ള വ്യത്യസ്തമാർഗ്ഗങ്ങൾ മാത്രമല്ലേ?’ അതിനോടു യോജിക്കുന്നതിനുമുമ്പ്, പ്രളയത്തിനു മുമ്പും നിമ്രോദിന്റെ ഗോപുരനിർമ്മാണ നാളുകളിലും ഈജിപ്ററിലെ ബഹുദൈവാരാധനാന്തരീക്ഷത്തിലും അക്രമം നിറഞ്ഞ ഭൂമിയിൽ ചിലയാളുകൾ അനുഭവിച്ച നിഷേധാത്മക ഫലങ്ങൾ ഓർമ്മിക്കുക. ഈ ആളുകളിൽ ചിലരും ആത്മാർത്ഥതയുള്ളവരായിരിക്കാനിടയുണ്ട്. എന്നാൽ ഇത് സ്പഷ്ടമായും തങ്ങളുടെ സ്രഷ്ടാവിനു സ്വീകാര്യമല്ലാഞ്ഞ മതങ്ങളാചരിച്ചതിന്റെ പരിണതഫലങ്ങൾ കൊയ്യുന്നതിൽനിന്ന് അവരെ രക്ഷിച്ചില്ല. ഈ മററു മതങ്ങളെപ്പോലെതന്നെ മോശമായിരുന്നോ കനാന്യമതം? “കനാനിലെ മതം”—സത്യമോ വ്യാജമോ?” എന്ന 14-ാം പേജിലെ ചതുരത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന വസ്തുതകളെക്കുറിച്ച് വിചിന്തനംചെയ്യുകയും നിങ്ങൾതന്നെ വിധിക്കുകയും ചെയ്യുക.
രണ്ടഭിപ്രായങ്ങളിൽ ചാടിനടക്കുന്നു
വാഗ്ദത്തദേശത്തു പ്രവേശിച്ച ശേഷം മോശയുടെ പിൻഗാമിയായ യോശുവാ വ്യാജമതത്തോടു യുദ്ധംചെയ്യുന്നതിൽ നേതൃത്വം വഹിച്ചു. എന്നാൽ അവന്റെ മരണശേഷം ഇസ്രായേല്യർ മുമ്പോട്ടു പോയി വാഗ്ദത്തദേശം കൈവശപ്പെടുത്തുന്നതിൽ ഉദാസീനത കാണിച്ചു. അവർ സഹവർത്തിത്വത്തിന്റെ ഒരു സഹിഷ്ണുതാനയം സ്വീകരിച്ചു. അത് അവർക്ക് ഗുണംചെയ്തില്ല. കനാന്യർ അവരുടെ വശത്തെ മുള്ളുകൾപോലെയായി തുടർച്ചയായി അവരെ ഞെരുക്കിക്കൊണ്ടിരുന്നു, അവർ സത്യമതത്തിൽനിന്ന് ആവർത്തിച്ചു വ്യതിചലിക്കാനിടയാക്കുകയും ചെയ്തു.—സംഖ്യാപുസ്തകം 33:55; ന്യായാധിപൻമാർ 2:20-22.
അതിനുശേഷം ഏതാണ്ട് 300 വർഷം കഴിഞ്ഞ്, പിൻമാററത്തിലേക്കു പൊയ്ക്കൊണ്ടിരുന്ന ഇസ്രായേല്യരെ വ്യാജമതത്തിന്റെ അടിമത്വത്തിൽനിന്ന് വിടുവിക്കാൻ കാലാകാലങ്ങളിൽ ദിവ്യനിയമിതരായിരുന്ന 12 ന്യായാധിപൻമാർ രംഗത്തു പ്രത്യക്ഷപ്പെട്ടു. ഇവരിൽ സുപ്രസിദ്ധരായിരുന്ന ബാരാക്ക്, ഗിദയോൻ, യിപ്താഹ്, ശിംശോൻ എന്നിവർ ഉൾപ്പെട്ടിരുന്നു.
പിന്നീട് ക്രി.മു. 1117-ൽ ശൗൽ ഇസ്രായേലിലെ ആദ്യത്തെ മാനുഷരാജാവായി സിംഹാസനസ്ഥനാക്കപ്പെട്ടപ്പോൾ ഗവൺമെൻറ്ഘടനയിൽ ഒരു വമ്പിച്ച മാററം സംഭവിച്ചു. സിംഹാസനത്തിൽ അവനെ ദാവീദ് പിന്തുടർന്നു. അവൻ ഒടുവിൽ വാഗ്ദത്തനാടിനുള്ളിലെ ഇസ്രായേലിന്റെ സകല ശത്രുക്കളെയും കീഴടക്കുകയും ജനതയെ അതിന്റെ ദിവ്യനിയമിത അതിർത്തിയോളം വികസിപ്പിക്കുകയും ചെയ്തു. അവന്റെ പുത്രനായ ശലോമോന്റെ വാഴ്ചക്കാലത്ത്, ഇസ്രായേൽ അതിന്റെ മഹത്വത്തിന്റെ കൊടുമുടിയിലെത്തി, അതിന്റെ അയൽക്കാരിൽനിന്നെല്ലാം അതിനെ വേർതിരിച്ചുനിർത്തിയ ഒരു ഐശ്വര്യം ആസ്വദിക്കുകയും ചെയ്തു.
എന്നാൽ ക്രി.മു. 998ലോ 997ലോ നടന്ന ശലോമോന്റെ മരണത്തിങ്കൽ, വിപത്തു പ്രഹരിച്ചു. ജനത ഭിന്നിച്ചു. അതിനുശേഷം വടക്കുള്ള പത്തുഗോത്രങ്ങൾ ഇസ്രയേൽ എന്നും യഹൂദയും ബന്യാമിനും എന്ന രണ്ടു തെക്കൻഗോത്രങ്ങൾ യഹൂദാ എന്നും അറിയപ്പെട്ടു. സത്യദൈവത്തെ പ്രതിനിധാനംചെയ്യുന്നുവെന്ന് അവകാശപ്പെട്ടെങ്കിലും വടക്കൻരാജ്യത്തു തുടർന്നു വന്ന 19 രാജാക്കൻമാരിൽ ആരും, തിബ്നിയെ എണ്ണുന്നില്ല, സത്യമതം ആചരിച്ചില്ല. (1 രാജാക്കൻമാർ 16:21, 22) അവർ രണ്ടഭിപ്രായങ്ങളിൽ ചാടിനടക്കുകയായിരുന്നു, അത് ആഹാബ്രാജാവിന്റെ നാളുകളിൽ ഗുരുതരമായ പരിണതഫലങ്ങളിലേക്കു നയിച്ച ഒരു സാഹചര്യമായിരുന്നു. (1 രാജാക്കൻമാർ 18:19-40 കാണുക.) അസ്സീറിയാ ഇസ്രയേലിനെ മറിച്ചിട്ട ക്രി.മു. 740ലെ പരിണതഫലങ്ങൾ അതിലും ഗുരുതരമായിരുന്നു.
ഇതിനിടയിൽ ശലോമോന്റെ പുത്രനായ രഹോബയാം മുതൽ തുടങ്ങുന്ന യഹൂദയിലെ 19 രാജാക്കൻമാരിൽ ചുരുക്കംചിലർ മാത്രമേ സത്യമതം ആചരിച്ചുള്ളു. ജനത നല്ല രാജാക്കൻമാർക്കും ചീത്ത രാജാക്കൻമാർക്കുമിടയിൽ അസ്ഥിരമായിരുന്നപ്പോൾ അങ്ങനെ അതിലെ ജനവും സത്യവും വ്യാജവുമായ മതങ്ങൾക്കിടയിൽ ആടിക്കൊണ്ടിരുന്നു. വ്യാജമതാശയങ്ങളും ബാലാരാധന ഉൾപ്പെടെ അയൽജനതകളുടെ അധഃപതിപ്പിക്കുന്ന ആചാരങ്ങളും അതിന്റെ ജനങ്ങളുടെ വീടുകളിൽ ഏറെ പ്രകടമായി. ഈ ഘടകങ്ങൾ “ഇസ്രയേല്യവിശ്വാസത്തിൽ കൂടുതലായി ഉറച്ചപ്പോൾ ജനം അവരുടെ അനന്യതയുടെ സങ്കൽപ്പനവും ജനതകൾക്കു സാക്ഷികളായിരിക്കാനുള്ള അതിന്റെ ദൗത്യവും മറന്നുതുടങ്ങി”യെന്ന് ദി ന്യൂ എൻസൈക്ലോപ്പീഡിയാ ബ്രിട്ടാനിക്കാ പറയുന്നു. ഇത് ആ ജനതയുടെ നാശം കൈവരുത്തി.
പ്രസ്പഷ്ടമായി, കനാന്യരിൽനിന്നു വേറിട്ടുനിൽക്കാനുള്ള കല്പന ഇസ്രായേല്യരെ സംരക്ഷിക്കാനും അവരുടെ ആരാധനയുടെ ശുദ്ധിയെ നിലനിർത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു. സത്യമതം ആചരിക്കുന്ന ഒരു ജനതയെന്ന നിലയിൽ അവർ അതാചരിക്കാത്തവരിൽനിന്ന് സ്പഷ്ടമായും വ്യത്യാസപ്പെട്ടു നിലകൊള്ളണമായിരുന്നു. എന്നാൽ അവർ പെട്ടെന്നുതന്നെ പതറി. ഒടുവിൽ, ക്രി.മു. 607ൽ യരുശലേം ബാബിലോന്യരാൽ നശിപ്പിക്കപ്പെട്ടു. അതിൽ അതിജീവിച്ച നിവാസികൾ അടിമത്വത്തിലേക്കു പിടിച്ചുകൊണ്ടുപോകപ്പെട്ടു. അവർ സത്യമതത്തെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ സങ്കടകരമായ പരിണതഫലങ്ങൾ 70 വർഷം അനുഭവിച്ചു. പ്രളയാനന്തര വ്യാജമതത്തിന്റെ ജൻമനാടായ ബാബിലോൻ മററുള്ളവരിൽനിന്നെല്ലാം വ്യത്യാസത്തിൽ വേർതിരിക്കപ്പെട്ടിരുന്ന ഒരു ജനതുടെ മേൽ ജയഭേരി മുഴക്കി.
ഒരു ഫലപ്രദനായ ഭരണാധികാരിയുടെ ആവശ്യമുണ്ട
ഇസ്രായേല്യർ സത്യമതം ആചരിച്ചിടത്തോളം കാലം അവർ സമാധാനവും സുരക്ഷിതത്വവും ആസ്വദിച്ചു. ദിവ്യഗവൺമെൻറും സത്യമതവുമായുള്ള ഏകീകരണം അവർക്ക് എല്ലാത്തരത്തിലുമുള്ള പ്രയോജനങ്ങൾ കൈവരുത്തി. എന്നാലും വിജയം പരിമിതമായിരുന്നു. ഒരു ജനത പരിമിതമായ ഒരു കാലത്തേക്ക് അനുഭവിച്ച സമാധാനവും സുരക്ഷിതത്വവും എല്ലാ ജനതകൾക്കും പൂർണ്ണമായി ലഭിക്കണമെങ്കിൽ വേറെ ചിലതുകൂടെ വേണമായിരുന്നു. ഒരു ഭരണാധികാരി—പൂർണ്ണവിജയം കൈവരിക്കുന്നതിനാവശ്യമായ നീതിയുള്ള ഗവൺമെൻറും സത്യമതവും പ്രദാനം ചെയ്യാൻ പ്രാപ്തനായ ഒരുവൻ—വളരെ ആവശ്യമായിരുന്നു. അത് എന്ത് അല്ലെങ്കിൽ ആരായിരിക്കും?
യെരുശലേമിന്റെ പതനത്തിന് ഏതാണ്ട് 250 വർഷം കഴിഞ്ഞ്, ഒരു മനുഷ്യൻ ജനിച്ചു. അവന് ഒരു ഹ്രസ്വമായ ആയുസ്സേ ഉണ്ടായിരുന്നുള്ളുവെങ്കിലും അവൻ തനിക്കും തന്റെ ജനതക്കുംവേണ്ടി ഒരു പേരുണ്ടാക്കുമായിരുന്നു. അവന്റെ പാദം ബാബിലോനിലും ഈജിപ്ററിലും സ്പർശിക്കും, അവിടെ അവൻ ഒരു വലിയ വിമോചകനായി വാഴ്ത്തപ്പെടും. ഏതാണ്ട് 23 നൂററാണ്ടുകൾക്കുശേഷം പിൻദർശനത്തിന്റെ സഹായത്തോടെ ദി എൻസൈക്ലോപ്പീഡിയ ഇങ്ങനെ പറയുന്നു: “റോമൻ സാമ്രാജ്യ[വും] ഒരു ലോകമതമെന്ന നിലയിലുള്ള ക്രിസ്ത്യാനിത്വത്തിന്റെ വ്യാപനവുമെല്ലാം . . . കുറെ അളവിൽ [അവന്റെ] നേട്ടമായിരുന്നുവെന്ന് പറയുന്നത് അസത്യമല്ല.”
ഈ പ്രമുഖ ഭരണാധികാരി ആവശ്യം നിറവേററുമെന്നു തെളിയിക്കുമോ? “യോഗ്യതയില്ലാത്ത കാല്പനിക ദൈവങ്ങൾ” എന്ന ഞങ്ങളുടെ അടുത്ത ലേഖനം ഉത്തരംനൽകും. (g89 2⁄22)
[13-ാം പേജിലെ ചതുരം]
“ഒരു ജനതയുടെ നാശം അതിലെ ജനങ്ങളുടെ ഭവനങ്ങളിൽ തുടങ്ങുന്നു.”
അഷന്തി (ഘാനായ്യൻ) പഴമൊഴി
[14-ാം പേജിലെ ചതുരം]
[12-ാം പേജിലെ ചിത്രം]
ബാൽദൈവത്തിന്റെ ഒരു പ്രതിനിധാനം, അവന്റെ ആരാധന ഇസ്രായേല്യർ സത്യാരാധനയിൽനിന്ന് വ്യതിചലിക്കാനിടയാക്കി
[കടപ്പാട്]
Louvre Museum, Paris