ശരത്ക്കാല പത്രങ്ങൾ—ഇത്രയധികം രമണീയമായിരിക്കുന്നതെന്തുകൊണ്ട്?
തെളിഞ്ഞ, ശരത്കാല നീലാകാശത്തിനഭിമുഖമായി മലഞ്ചെരിവുകൾ വെട്ടിത്തിളങ്ങുന്ന നിറങ്ങളാൽ—ചുമപ്പ്, ഊതവർണ്ണം, സ്വർണ്ണവർണ്ണം, നീല, ഓറഞ്ച്, തവിട്ടുനിറം എന്നിവയാൽ—പ്രകാശിതമായിരിക്കുന്നു. നിശ്ചയമായും, ഐക്യനാടുകളുടെ വടക്കുകിഴക്കൻ ഭാഗങ്ങളും കാനഡായുടെ കിഴക്കൻ ഭാഗങ്ങളും പോലുള്ള പ്രദേശങ്ങളിലെ പകിട്ടാർന്ന വാർഷിക ശരൽക്കാല ഇലകൾ ഒന്നാം തരം കാഴ്ചയാണ്.
ഇലകൾ ഇത്രയധികം നിറങ്ങൾ സ്വീകരിക്കുന്നതെങ്ങനെയാണ്? ചില മുഖ്യ വസ്തുതകൾ ഇപ്പോഴും മർമ്മമായി സ്ഥിതിചെയ്യുന്നെങ്കിലും ഈ പ്രക്രിയ ഒരു അപ്രത്യക്ഷപ്പെടൽ പ്രവൃത്തിയെക്കാളുപരി ഒരു മാററമായിരിക്കുന്നില്ല എന്ന് ശാസ്ത്രജ്ഞൻമാർക്ക് അറിയുകതന്നെ ചെയ്യാം.
ഹരിതകം—സസ്യങ്ങൾക്കു പച്ച നിറം പകരുന്ന വസ്തു—സാധാരണയായി ഒരു പ്രൊട്ടീനോടു ബന്ധിതമാണ്. എന്നാൽ തണുത്തു വരണ്ട ശരത്കാല മാരുതൻ പ്രൊട്ടീൻ അമിനൊ ആസിഡുകളായി വിഘടിക്കത്തക്കവണ്ണം വൃക്ഷത്തിൻമേൽ മാററങ്ങളുടെ ഒരു പരമ്പരക്ക് തുടക്കം കുറിക്കുന്നു. മിതവ്യയശീലനായ ഒരു കൃഷിക്കാരൻ ശീതകാലത്തിനു വേണ്ടി ഒരുങ്ങുന്നതുപോലെ വൃക്ഷം, ഇലകൾ പൊഴിക്കുന്നതിനു മുമ്പ് അമിനോ ആസിഡുകൾ വലിച്ചെടുത്ത് കാണ്ഡത്തിലൊ വേരുകളിലൊ ശേഖരിച്ചുവെക്കുന്നു. പ്രൊട്ടീന് നീക്കം ഭവിക്കുമ്പോൾ ഹരിതകം വിഘടിക്കാൻ തുടങ്ങുകയും പച്ചനിറം അപ്രത്യക്ഷപ്പെടുകയും ചെയ്യുന്നു, അപ്രകാരം എപ്പോഴും സ്ഥിതിചെയ്തിരുന്ന പത്രകലകളുടെ സ്വാഭാവിക നിറങ്ങൾ—മഞ്ഞ, ഓറഞ്ച്, തവിട്ടുനിറം—വെളിപ്പെടുകയും ചെയ്യുന്നു.
എന്നാൽ ഷുഗർമാപ്പിൾ, സുമാക്, മററു ചില സസ്യങ്ങൾ മുതലായവയിലെ ജ്വലിക്കുന്ന ചുവപ്പും കടുംചുവപ്പും സംബന്ധിച്ചെന്ത്? ഗവേഷകരുടെ അഭിപ്രായമനുസരിച്ച് അതിൽ മറെറാരു വസ്തുതയാണ് ഉൾപ്പെട്ടിരിക്കുന്നത്. തണുത്ത രാത്രികൾ വൃക്ഷത്തിലെ ദ്രാവകരസത്തിന്റെ ഒഴുക്ക് സാവകാശമാക്കിത്തീർക്കുകയും അങ്ങനെ ഇലകളിൽ നിന്നുള്ള പഞ്ചസാരയുടെ നീക്കംചെയ്യലിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പ്രശോഭിതമായ ശരത്ക്കാല സൂര്യൻ അവശേഷിക്കുന്ന പഞ്ചസാരയെ ആന്തോസിയാനിൻ എന്നു പേരായ ഒരു ചായമാക്കി മാററുന്നു, അതാണ് ഇലകൾക്ക് ഉജ്ജ്വലമായ ചെമപ്പുനിറം പകരുന്നത്.
അതുകൊണ്ട്, ഒരു വിധത്തിൽ, ശരത്കാലത്തിലെ അത്യുജ്ജ്വല സൂര്യനോടും തണുത്ത രാത്രികളോടും ബന്ധപ്പെട്ട ഈ ഞെട്ടിപ്പിക്കുന്ന പ്രദർശനം യഥാർത്ഥത്തിൽ വൃക്ഷങ്ങൾ മറെറാരു വളർച്ചയുടെ ഋതുവിനുവേണ്ടി നടത്തുന്ന അവയുടെ വാർഷിക ഗൃഹപരിചരണമാണ്. അവയെല്ലാം നമ്മുടെ ആസ്വാദനത്തിനുവേണ്ടിയാണ്—അവയുടെയെല്ലാം പിന്നിലുള്ള മഹാനായ കലാകാരനും രൂപസംവിധായകനുമായവനെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നതിനു വേണ്ടിയും. (g88 10/8)