മാതാപിതാക്കളിൽ നിന്ന് കുട്ടികൾക്ക് എന്താണാവശ്യം
ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ വിജയം കേവലം അവനു ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ അളന്നുകൂടാ. അവൻ വളർത്തിയെടുക്കുന്ന മൂല്യങ്ങൾ, അവന്റെ ധാർമ്മിക നിലവാരങ്ങൾ, അവന്റെ പെരുമാററം, അവന്റെ ചിന്താരീതി ഇവയെല്ലാം കൂടുതൽ പ്രാധാന്യമുള്ളവയാണ്. എന്നാൽ ഈ മണ്ഡലങ്ങളിൽ കുട്ടിയുടെ വളർച്ചയ്ക്കുള്ള പ്രമുഖ ഉത്തരവാദിത്തം ആരു വഹിക്കുന്നു?
“മാതാപിതാക്കൾ വഹിക്കുന്നു” എന്നു ദീർഘകാലം സ്കൂൾ കൗൺസെലർ ആയിരുന്ന ഒരാൾ പറയുന്നു. “പ്രായപൂർത്തിയാകുമ്പോഴേക്ക് ബുദ്ധിപരമായും ശാരീരികമായും വൈകാരികമായും നന്നായി വളർച്ച പ്രാപിച്ച ചെറുപ്പക്കാരെ ഉളവാക്കാൻ മാതാപിതാക്കളെ പിന്തുണയ്ക്കുകയാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ പ്രഥമലക്ഷ്യം.”
യോഗ്യൻമാരായ ചെറുപ്പക്കാരെ ഉളവാക്കുന്ന കാര്യത്തിൽ എന്തു പ്രയോജനകരമാണെന്നും പ്രയോജനകരമല്ലെന്നും ഇങ്ങനെയുള്ള സ്കൂൾ കൗൺസെലർമാർ മിക്കപ്പോഴും മനസ്സിലാക്കിയിരിക്കുന്നു. ഇത്തരം മറെറാരു കൗൺസെലറായ റോഡി കാമറോൺ വർഷങ്ങളായി നൂറുകണക്കിനു കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. അദ്ദേഹത്തോടു ഉണരുക! ലേഖകൻ ചോദിച്ചു: “വിജയം നേടുന്നതിന് കുട്ടികൾക്ക് യഥാർത്ഥത്തിൽ ഏററവും ആവശ്യം എന്താണ്?”
ഒരു നിമിഷം ചിന്തിച്ചിട്ട് അദ്ദേഹം മറുപടി പറഞ്ഞു: “കുഴപ്പക്കാരനായ ഒരു കുട്ടിയെ ചൂണ്ടിക്കാണിക്കൂ, അവന്റെ മാതാപിതാക്കളും കുഴപ്പക്കാരായിരിക്കാനാണ് ഏററവും വലിയ സാദ്ധ്യതയെന്നു കാണാൻ കഴിയും.” അത്തരം മാതാപിതാക്കളോടു സംസാരിച്ച അനുഭവങ്ങൾ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം സൂചിപ്പിച്ചു: “ഇത്ര കഠിനാദ്ധ്വാനം ചെയ്യുന്നതും ഇത്രയേറെ വീട്ടിൽ നിന്നു വിട്ടുനിൽക്കേണ്ടതായി വരുന്നതും എന്തിനെന്ന് എന്നോടു വിശദീകരിച്ചുകൊണ്ട് അവർ മിക്കപ്പോഴും പറയുന്നത് തങ്ങൾക്കില്ലാഞ്ഞ വസ്തുക്കൾ മക്കൾക്കു നൽകാൻ അവർ ആഗ്രഹിക്കുന്നു എന്നാണ്.”
എന്നാൽ ചെറുപ്പമായിരുന്നപ്പോൾ അനേകം മാതാപിതാക്കൾക്കില്ലാതിരുന്ന ഭൗതിക സൗകര്യങ്ങളാണോ കുട്ടികൾക്ക് യഥാർത്ഥത്തിൽ ആവശ്യം? ചെലവേറിയ കാറുകളും മനോഹര വസ്ത്രങ്ങളും വിചിത്രമായ അവധിക്കാലങ്ങളുമാണോ വിജയമുള്ള യോഗ്യരായ വിദ്യാർത്ഥികളായിത്തീരാൻ പ്രധാനപ്പെട്ടവ? “ഒരാശ്ലേഷം, ഒരു ചുംബനം, സ്നേഹം, ശ്രദ്ധ ഇവ നൽകുന്നതിൽ എന്താണുതെററ്?” കാമെറോൺ ചോദിച്ചു: “ഇവയ്ക്കൊരു ചെലവുമില്ല, എന്നാൽ കുഞ്ഞുങ്ങൾക്ക് ഏററവും ആവശ്യം ഇവയാണ്.”
സമയം, സ്നേഹം, താൽപര്യം
വാത്സല്യവും സ്നേഹവും നിറഞ്ഞ ശ്രദ്ധയാണ് കുട്ടികളുടെ അടിസ്ഥാനാവശ്യം. ഇതു നൽകാൻ മാതാപിതാക്കൾക്കു കഴിയുന്ന ഏററവും ഫലപ്രദമായ മാർഗ്ഗം നിസ്വാർത്ഥമായി തങ്ങളെത്തന്നെ നൽകുകയും സമയം അവരോടൊത്ത് ചെലവിടുകയും ആത്മാർത്ഥവും തടസ്സമില്ലാത്തതുമായ സ്നേഹവും ആഴമായ താല്പര്യവും പ്രകടമാക്കാൻ ലജ്ജിക്കാതിരിക്കുകയും ചെയ്യുകയാണ്. ഒരെഴുത്തുകാരൻ ചൂണ്ടിക്കാട്ടിയതുപോലെ ഒരുവനു മറെറാരാൾക്കു നൽകാൻ കഴിയുന്ന ഏററവും നല്ല സമ്മാനം “അവിടെ ഉണ്ടായിരിക്കുക” എന്നതാണ്.
യു. എസ്സ്. നാഷനൽ ഇൻസ്ററിററ്യൂട്ട് ഫോർമെൻറൽ ഹെൽത്ത് മക്കളെ വളർത്തുന്നതിനെപ്പററയുള്ള ലളിത സത്യങ്ങൾ എന്ന അവരുടെ ലഘുപത്രികയിൽ വിജയപ്രദരായ മാതാപിതാക്കളെക്കുറിച്ചുള്ള ഒരു സർവ്വേയുടെ ഫലങ്ങൾ റിപ്പോർട്ടു ചെയ്തു. “കർമ്മോത്സുകരും നമ്മുടെ സമൂഹത്തിനു യോഗ്യൻമാരുമായി കാണപ്പെട്ട” 21 വയസ്സിനുമേൽ പ്രായമുള്ള മക്കളുള്ളവരായിരുന്നു ഈ മാതാപിതാക്കൾ. ഈ ഉത്തമരായ ചെറുപ്പക്കാരുടെ മാതാപിതാക്കളോടു ഇങ്ങനെ ചോദിച്ചു: “നിങ്ങളുടെ വ്യക്തിപരമായ അനുഭവജ്ഞാനം അടിസ്ഥാനപ്പെടുത്തി മററു മാതാപിതാക്കൾക്കു നൽകാൻ നിങ്ങൾക്കുള്ള നല്ല ഉപദേശം എന്താണ്?” കൂടുതൽ പേരുടെയും മറുപടി ഇങ്ങനെയായിരുന്നു: ‘ധാരാളം സ്നേഹിക്കുക,’ ‘ക്രിയാത്മകമായി ശിക്ഷണം നൽകുക,’ ‘യാഥാർത്ഥ്യബോധമുള്ളവരായിരിക്കുക.’
ഇതു വിരസമായി, പഴഞ്ചനായി തോന്നുന്നുവോ? എന്നാൽ മാതാപിതാക്കൾ സ്വയം ചോദിക്കട്ടെ: ‘ചിലതു പ്രയോജനകരമാണെങ്കിൽ വ്യത്യസ്തമായ, പ്രയോജനകരമല്ലാത്ത എന്തിനെങ്കിലും വേണ്ടി അതു തിരസ്ക്കരിക്കുന്നതെന്തിന്? ഉവ്വ് സമയവും സ്നേഹവും താൽപര്യവും കുടുംബങ്ങളെ ഒന്നായി പിടിച്ചു നിർത്തുന്ന വജ്രപ്പശയാണ്. തങ്ങളുടെ കുട്ടികൾക്കു ഈ അടിസ്ഥാനാവശ്യങ്ങൾ നൽകുക മാതാപിതാക്കളുടെ ഗൃഹപാഠമാണ്. സ്വന്തം ഉത്തരവാദിത്തങ്ങൾ മാതാപിതാക്കൾ നിറവേററുന്നത് വിജയപ്രദരായ വിദ്യാർത്ഥികളും ഉത്തമൻമാരായ മുതിർന്നവരും ആയിത്തീരാൻ തങ്ങളുടെ മക്കളെ സഹായിക്കും. കുറുക്കുവഴികൾ ഒന്നുമില്ല, കുട്ടികൾ വേണ്ട വ്യത്യാസം വരുത്തിക്കൊള്ളും എന്നു കരുതി ഭൗതിക വസ്തുക്കൾ നൽകിക്കൊണ്ട് ഒന്നും പകരം വയ്ക്കാനുമില്ല.
ചെടികളോടു താരതമ്യം
പല സംഗതികളിലും കുട്ടികൾ ചെടികളെപ്പോലെ വളർന്നു വികാസം പ്രാപിക്കുന്നു. ഒരു നല്ല വിളവു കൊയ്യുന്നതിന് എന്താണാവശ്യമെന്ന് സമർത്ഥനായ ഒരു കൃഷിക്കാരന് അറിയാം—വളക്കൂറുള്ള കൃഷിയോഗ്യമായ മണ്ണ്, ചൂടുള്ള സൂര്യപ്രകാശം, വെള്ളം, കളയെടുപ്പ്, നല്ല പരിചരണം. മിക്കപ്പോഴും പ്രയാസകരമായ അവസരങ്ങളും വിളവെടുപ്പുവരെ ഉടനീളം മനക്ലേശങ്ങളുമുണ്ട്. എന്നാൽ കഠിനാദ്ധ്വാനത്താലുളവായ നേട്ടം കാണുമ്പോൾ വിജയികളായ കൃഷിക്കാർക്ക് എത്ര അഭിമാനം!
നിശ്ചയമായും ഒരു മനുഷ്യജീവിതം ഒരു കൃഷിക്കാരന്റെ വിളവെടുപ്പിനേക്കാൾ വളരെ വിലയുള്ളതാണ്! അതിനാൽ ആഗ്രഹിക്കുന്ന ഫലം കുറഞ്ഞ പ്രയത്നത്താൽ ലഭ്യമാകണമെന്നു പ്രതീക്ഷിക്കണമോ? നാഷനൽ ഇൻസ്ററിററ്യൂട്ട് ഓഫ് മെൻറൽ ഹെൽത്ത് സർവ്വേ ചെയ്ത മാതാപിതാക്കളുടെയും കഴിഞ്ഞ രണ്ടു വർഷം ഉണരുക! ഇൻറർവ്യൂ ചെയ്ത മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും അഭിപ്രായമനുസരിച്ച് പ്രതീക്ഷിക്കാൻ പാടില്ല.
ഒരു കുഞ്ഞിനെ വളർത്തുന്നത് കടപ്പാടുകൾ കൈവരുത്തുമെന്ന് വിജയപ്രദരായ മാതാപിതാക്കൾക്ക് അറിയാം. ഭവനത്തിലെ സാഹചര്യങ്ങൾ നല്ല ഊഷ്മളതയോടും ധാരണയോടും കൂടെ ഉചിതമായതായിരിക്കണം. മക്കളിൽ പഠനത്തോടും ജീവിതത്തോടുമുള്ള ഒരു വിലമതിപ്പ് മാതാപിതാക്കൾ ശാന്തമായും സ്ഥിരോത്സാഹത്തോടെയും വളർത്തിയെടുക്കേണ്ടതുണ്ട്. അവർ ക്ഷമാപൂർവ്വം നിരീക്ഷിക്കുകയും അനുരൂപപ്പെടുകയും ഓരോ ജീവിതപന്ഥാവിനെയും ബുദ്ധിമുട്ടിക്കുന്ന മനഃക്ലേശങ്ങളും പ്രയാസങ്ങളും ഉണ്ടാകുമ്പോൾ സ്നേഹപൂർവ്വം സഹകരിക്കുകയും ചെയ്യേണ്ടതുണ്ട്. മാതാപിതാക്കൾ ഈ കാര്യങ്ങൾ ചെയ്യുന്നുവെങ്കിൽ വിളവ് ഉത്തമനായ മകനോ ഉത്തമയായ മകളോ ആയിരിക്കും. (g88 9/8)
[6-ാം പേജിലെ ആകർഷകവാക്യം]
‘കുഴപ്പക്കാരനായ ഒരു കുട്ടിയെ ചൂണ്ടിക്കാണിക്കൂ, അവന്റെ മാതാപിതാക്കളും കുഴപ്പക്കാരായിരിക്കാനാണ് ഏററവും വലിയ സാദ്ധ്യതയെന്ന് കാണാൻ കഴിയും’
[6-ാം പേജിലെ ആകർഷകവാക്യം]
സമയവും സ്നേഹവും താൽപ്പര്യവും കുടുംബങ്ങളെ ഒന്നായി പിടിച്ചുനിർത്തുന്ന വജ്രപ്പശയാണ്