“ഗുഡ്-ബൈ” എന്തുകൊണ്ടു പാടില്ല?
സദുദ്ദേശ്യമുള്ള ആളുകൾ “ഞാൻ ഗുഡ്-ബൈ പറയാൻ ആഗ്രഹിക്കുന്നില്ല. അത് വളരെ അന്തിമമാണെന്നു തോന്നുന്നു—മിക്കവാറും വിഷാദാത്മകംതന്നെ!”എന്നു പറയുന്നതു കേട്ടിട്ടുണ്ട്.
ശരിതന്നെ, ഒരു വ്യക്തി മിക്കപ്പോഴും ഗുഡ്-ബൈ പറയുന്നത് താൻ പ്രിയപ്പെട്ട ഒരാളെ അല്ലെങ്കിൽ ഒരു പ്രിയസുഹൃത്തിനെ വീണ്ടും ഒരിക്കലും കാണുകയില്ലെന്ന് സങ്കടപൂർവം വിചാരിക്കുമ്പോഴാണ്. എന്നിരുന്നാലും, അങ്ങനെയുള്ള സന്ദർഭങ്ങളിൽമാത്രമല്ല, മററു സമയങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന ഉചിതമായ പദമാണത്. എന്തുകൊണ്ട്? അതിന്റെ ഉത്ഭവത്തിൽ അതിന്റെ ഉത്തരം കാണപ്പെടുന്നു.
“ഗുഡ്-ബൈ” എന്നത് “ഗോഡ് ബി വിത്ത് യൂ” എന്ന 16-ാം നൂററാണ്ടിലെ ഇംഗ്ലീഷിന്റെ ഏതൽക്കാല ചുരുക്കുപദമാണ്. പിരിഞ്ഞുപോകുമ്പോഴുള്ള ഈ പ്രസ്താവന വ്യക്തിയോടുകൂടെ ദൈവാനുഗ്രഹമുണ്ടായിരിക്കാനുള്ള ഊഷ്മളമായ ഒരു ആശംസയായിരുന്നു. അത് മറെറാരാളുടെ ക്ഷേമത്തിലുള്ള താൽപര്യവും ഉൽക്കണ്ഠയും പ്രകടമാക്കി, സഹമനുഷ്യനോടുള്ള സ്നേഹത്തിന്റെ ഒരു രൂപംതന്നെ. “ഫെയർവെൽ” എന്നതും “പിരിഞ്ഞുപോകുമ്പോഴത്തെ ശുഭാശംസ”യെ ദ്യോതിപ്പിക്കുന്ന ഒരു പദമാണ്. മററു ഭാഷകളും സമാനമായ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നു. ഫ്രഞ്ചിൽ ആഡിയൂയും സ്പാനീഷിൽ ആഡിയോസും മറേറയാളെ ദൈവത്തെ ഭരമേൽപ്പിക്കുന്നുവെന്ന അടിസ്ഥാന ആശയം വഹിക്കുന്നു.
ചിലയാളുകൾ ആചാരപ്രകാരം പറയുകയെന്നതല്ലാതെ മററുദ്ദേശ്യമില്ലാതെ ചിന്താരഹിതമായി ആ പ്രസ്താവനകൾ ചെയ്തേക്കാമെന്നതു സത്യംതന്നെ. എന്നാൽ തന്റെ സത്യസന്ധമായ വികാരങ്ങൾ പ്രകടമാക്കുന്നതിന് ആത്മാർത്ഥവും അർത്ഥവത്തുമായ ഒരു വിധത്തിൽ അവ ഉപയോഗിക്കുന്നതിൽനിന്ന് അഭിജ്ഞരായവരെ അത് നിരുത്സാഹപ്പെടുത്തേണ്ടതില്ല.
ബൈബിളിൽതന്നെ അർപ്പിതരായ ആളുകൾ ഉചിതമായി ഗുഡ്-ബൈ ഉപയോഗിക്കുന്നുണ്ട്. താൻ പഠിപ്പിച്ചുകൊണ്ടിരുന്ന ആളുകളെ പിരിച്ചുവിട്ട് സ്വകാര്യപ്രാർത്ഥനക്ക് സമയം വിനിയോഗിക്കാറായ സമയത്ത് യേശു ആൾക്കൂട്ടത്തോട് ഗുഡ്-ബൈ പറഞ്ഞു. (മർക്കോസ് 6:46) താൻ “സ്മുർന്നയിലേക്ക് കപ്പൽയാത്രക്കു പുറപ്പെട്ട”പ്പോൾ “പൗലോസ് സഹോദരൻമാരോടു ഗുഡ്-ബൈ പറഞ്ഞു.” (പ്രവൃത്തികൾ 18:18) എഫേസൂസിൽവെച്ച് സഹോദരൻമാരെ വിട്ടുപോയപ്പോഴും അവരോട് “യഹോവക്കിഷ്ടമെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കലേക്കു വീണ്ടും മടങ്ങിവരും” എന്ന് പറഞ്ഞെങ്കിലും അവൻ ഗുഡ്-ബൈ പറഞ്ഞു. (പ്രവൃത്തികൾ 18:21) അങ്ങനെ, അത് എപ്പോഴും അന്തിമമായ അർത്ഥത്തിലല്ല ഉപയോഗിക്കപ്പെടുന്നത്.—പ്രവൃത്തികൾ 21:6ഉം 2 കൊരിന്ത്യർ 2:13ഉം കൂടെ കാണുക. (g88 7/22)