ഭവനരഹിതർ ഒരു പ്രത്യാശയുണ്ടോ?
“മുൻഗണനയിൽ ആഹാരത്തോടും വെള്ളത്തോടും ഒപ്പം നിൽക്കുന്ന ഒരു മനുഷ്യാവശ്യമാണ് ഭവനം. ഒരു ഭവനം പരിഷ്കൃതജീവിതത്തിന്റെ അത്യന്താപേക്ഷിതമായ ഒരു വ്യവസ്ഥയാണ്. ഈ സത്യങ്ങൾ മനസ്സിലാക്കിക്കഴിയുമ്പോൾ ഭവനരാഹിത്യം അതിന്റെ നിജാവസ്ഥയിൽ അംഗീകരിക്കപ്പെടും: മനുഷ്യമാന്യതയോടുള്ള ഒരു അവഹേളനവും അടിസ്ഥാനമനുഷ്യാവകാശത്തിന്റെ നിരസനവും.”—ഭവനരഹിതരുടെ അഭയംസംബന്ധിച്ച അന്താരാഷ്ട്രവർഷത്തിനുവേണ്ടിയുള്ള യുണൈററഡ് കിംഗ്ഡം കൗൺസിൽ പ്രസിഡണ്ടായ ലോർഡ് സ്കാർമെൻ.
ഇതുപോലെയുള്ള പ്രസംഗങ്ങൾ ഉദ്യോഗസ്ഥൻമാരും ഗവൺമെൻറുകളും മെച്ചപ്പെട്ട കൂടുതൽ ഭവനങ്ങളുടെ ആവശ്യത്തെക്കുറിച്ച് നല്ല ബോധമുള്ളവരാണെന്ന് വ്യക്തമായി തെളിയിക്കുന്നു. ആ ആവശ്യം നിറവേററാൻ ശ്രമംചെലുത്തുന്നുമുണ്ട്. എന്നിരുന്നാലും ചോദ്യം ഇതാണ്: ഈ ശ്രമങ്ങൾ എത്ര ഫലപ്രദമാണ്? നമുക്ക് ചുരുക്കം ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കാം.
ഇപ്പോഴത്തെ ശ്രമങ്ങളുടെ അവലോകനം
ബോംബെയിലെ പെരുകിവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേററാൻ ഓരോ ദിവസവും 125 പുതിയ വീടുകൾ ആവശ്യമാണെന്ന് ദി റൈറസ് ഓഫ് ഇൻഡ്യാ റിപ്പോർട്ട് ചെയ്യുന്നു. ഇത് ഒരു വലിയ സംഖ്യയാണെന്ന് തോന്നാതിരുന്നേക്കാമെങ്കിലും അത് വർഷത്തിൽ 45,000 ആയിത്തീരുന്നു. അത് വളർച്ചയെ നേരിടാൻ മാത്രമാണ്. നഗരത്തിലുള്ള ഗുണം കുറഞ്ഞ, വൃത്തികെട്ട, ചേരികളിലെ 8,00,000-കുടിലുകളെ സംബന്ധിച്ചെന്ത്? 20 വർഷം കൊണ്ട് അവ മാററി പകരം പണിയുന്നതിന് വേറെ 110 എണ്ണം പ്രതിദിനം നിർമ്മിക്കേണ്ടിയിരിക്കുന്നു. അത് വർഷത്തിൽ മൊത്തം 85,000 വീടുകളാവശ്യമാക്കിത്തീർക്കുന്നു. അവ നിർമ്മിക്കുന്നതിന് “നമ്മുടെ ഉൽപ്പാദനനിരക്ക് നാലു മടങ്ങായി കുതിച്ചുയരേണ്ടിയിരിക്കുന്നു” എന്ന് റിപ്പോർട്ട് പറയുന്നു. അതുപോലെതന്നെ, 1961-നും 1981-നുമിടക്ക് ഇൻഡ്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹി 4,50,000 വീടുകൾ പണിയുക എന്ന അതിന്റെ ലക്ഷ്യത്തിന്റെ പത്തിലൊന്നിൽ കുറവുമാത്രമേ നേടിയുള്ളു.
ആഫ്രിക്കയിൽ ഗ്രാമീണജനതതിയുടെ നഗരങ്ങളിലേക്കുള്ള പ്രവാഹം നിമിത്തമുള്ള ഭവനപ്രതിസന്ധിയാൽ ഗവൺമെൻറുകൾ വളരെ ഞെരുങ്ങുന്നുണ്ട്. ചില രാജ്യങ്ങളിൽ “തൊഴിലില്ലാത്ത നഗരവാസികൾ ഗ്രാമങ്ങളിലേക്ക് കേവലം നാടുകടത്തപ്പെട്ട”തായി സൗത്താഫ്രിക്കാ ജോഹാനസ്ബർഗ്ഗിലെ ഒരു വർത്തമാനപ്പത്രമായ ദി സ്ററർ റിപ്പോർട്ട് ചെയ്യുന്നു. മററു ചില രാജ്യങ്ങളിൽ നഗരത്തിലെ സ്ഥിരനിവാസികൾ മാത്രമേ അവിടെ ജോലിചെയ്യാൻ അനുവദിക്കപ്പെടുന്നുള്ളു. വിശേഷിച്ച് വർഗ്ഗീയഘടകങ്ങൾ ഉൾപ്പെട്ടിരിക്കുന്നടത്ത്, വിവേചനക്കെതിരായ സാർവദേശീയ മുറവിളിയുണ്ടെങ്കിലും അത്തരം കടുത്ത നടപടികൾ വിജയിച്ചിട്ടുണ്ടോ? “ഗ്രാമീണ അഭയാർത്ഥികൾക്ക് ജോലിയും ഭവനവും പ്രദാനം ചെയ്യുന്നതിന്റെ പ്രശ്നം ആഫ്രിക്കയിൽ അധികഭാഗത്തും നിയന്ത്രണാതീതമാകുമെന്നുള്ള ഭീഷണിയുണ്ട്—തീർച്ചയായും മൂന്നാം ലോകത്തിലുടനീളവുമുണ്ട്” എന്ന് റിപ്പോർട്ട് പറയുന്നു. “മുഖ്യ ആഫ്രിക്കൻനഗരങ്ങൾ അവയുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ വ്യവസ്ഥിതിയുടെയും അവയുടെ ജല, ഊർജ്ജ, അഴുക്കുചാൽ സേവനങ്ങളുടെയും തകർച്ചയെ അഭിമുഖീകരിക്കുമെന്ന് മുൻകൂട്ടിപറയപ്പെട്ടിരിക്കുന്നു.”
ബ്രിട്ടനിൽ സാധുക്കൾക്കുവേണ്ടിയുള്ള ഭവനനിർമ്മാണവും ജീർണ്ണിക്കുന്ന ഭവനങ്ങളുടെ കേടുപോക്കലും മാററിസ്ഥാപിക്കലും അടിയന്തിരശ്രദ്ധ അർഹിക്കുന്ന രണ്ടു വലിയ പ്രശ്നങ്ങളാണ്. “എന്നാൽ അതേസമയം, ഈ ഭയങ്കരപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യാതൊരു പണവും ഇനി ചെലവഴിക്കാൻ നമുക്ക് നിർവാഹമില്ലെന്ന് നമ്മോടു പറഞ്ഞിരിക്കുന്നുവെങ്കിലും വീടുകൾ വാങ്ങുന്നവർക്ക് നമ്മൾ കൊടുക്കുന്ന സബ്സിഡിയിൽ യാതൊരു നിയന്ത്രണവുമില്ല” എന്ന് കാത്തലിക്ക് ഹെറൾഡ് പറയുന്നു. ചെലവുകുറഞ്ഞ വീടുകൾക്കുള്ള ഫണ്ടിന്റെ വെട്ടിക്കുറക്കൽനിമിത്തം നിർമ്മാണം പത്തുവർഷംമുമ്പത്തെ തോതിന്റെ അഞ്ചിലൊന്നിൽ കുറവായി താണുപോയിരിക്കുന്നു. അതിനുംപുറമേ, “നമുക്ക് പൊതുമേഖലയിലും സ്വകാര്യമേഖലയിലും ബൃഹത്തായ ഒരു റിപ്പയർബില്ലുണ്ട്, അതിന്റെ കണക്കാക്കപ്പെട്ട തുക 5 കോടി പവൻ ആണ്” എന്ന് റിപ്പോർട്ട് പറയുന്നു. ഗവൺമെൻറ് ഈ ചെലവുകൾ എങ്ങനെ കൈകാര്യംചെയ്യുമെന്ന് വ്യക്തമല്ല.
“അമേരിക്കയിലെ ഭവനരാഹിത്യത്തിന്റെ പ്രശ്നം നിരാലംബരെയും നിസ്സഹായരെയും പാർപ്പിക്കുന്നതിന്റെ പ്രശ്നത്തിലും കവിഞ്ഞതാണ്” എന്ന് ന്യൂയോർക്ക് പോസ്ററലെ ഒരു മുഖപ്രസംഗം പറയുന്നു. ദൃഷ്ടാന്തമായി, ന്യൂയോർക്ക്നഗരം ഭവനരഹിതമായ ഒരു കുടുംബത്തെ ഒരു വെൽഫെയർ ഹോട്ടലിൽ പാർപ്പിക്കുന്നതിന് പ്രതിമാസം ശരാശരി 27,000 രൂപാ കൊടുക്കുന്നു. ഈ സേവനത്തിനുള്ള വാർഷികബിൽ 1,87,50,00,000 കോടി രൂപാ വരും. അതിനു പുറമേ, 28 പൊതു അഭയകേന്ദ്രങ്ങൾ നടത്തുന്നതിന് അത് 3,75,00,00,000 രൂപാ വർഷംതോറും ചെലവഴിക്കുന്നുണ്ട്. എന്നിട്ടും നഗരത്തിലെ ഭവനരഹിതരുടെ എണ്ണം തുടർന്നുയരുകയാണ്. എന്തുകൊണ്ട്? “ഭവനരഹിതരിലേക്ക് ഏററം നന്നായി എങ്ങനെ ഇറങ്ങിച്ചെല്ലാൻകഴിയുമെന്ന് ആർക്കും അറിഞ്ഞുകൂടാ. മെച്ചപ്പെട്ട ഭവനവും കൂടുതൽ ജോലികളും ആഹാരവും, മാനസികാസ്വാസ്ഥ്യമുള്ളവരെയും മയക്കുമരുന്നുകൾക്കോ മദ്യത്തിനോ അടിമപ്പെട്ടവരെയും സഹായിക്കുകയില്ല” എന്ന് ഭവനരഹിതരെസംബന്ധിച്ച് യു. എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ടിൽ വന്ന ഒരു ലേഖനം ഉപസംഹരിച്ചു.
ലക്ഷണങ്ങൾക്ക് ചികിൽസിക്കൽ
ലോകമെങ്ങുമുള്ള ഗവൺമെൻറുകൾക്ക് ഇന്നത്തെ ഭവനപ്രശ്നങ്ങളെ പരിഹരിക്കുന്നതും നാളത്തെ ഭവനാവശ്യങ്ങളെ നേരിടുന്നതും ഒരു ബുദ്ധിമുട്ടിപ്പിക്കുന്ന പ്രശ്നമാണെന്നു തെളിയുകയാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഭവനദൗർല്ലഭ്യത്തിന്റെയും ഭവനരാഹിത്യത്തിന്റെയും പ്രശ്നം ഒററപ്പെട്ട ഒരു പ്രശ്നമല്ല. അത് ജനസംഖ്യാസ്ഫോടനം, ദാരിദ്ര്യം, തൊഴിലില്ലായ്മ, പണപ്പെരുപ്പം, എന്നിങ്ങനെ സമാനമായി ബൃഹത്തായ മററു പ്രശ്നങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. ഈ മററു പ്രശ്നങ്ങളെ വിജയപ്രദമായി പരിഹരിക്കാതെ ഭവനനിർമ്മാണം വളരെ ആശാവഹമായിരിക്കാനിടയില്ല. എന്നാൽ ഈ പറഞ്ഞ പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു രാഷ്ട്രം ഭൂമിയിലുണ്ടോ? യഥാർത്ഥത്തിൽ, ഈ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്നതിൽ യഥാർത്ഥവിജയം ലഭിക്കുന്ന ഒരു ഗവൺമെൻറുണ്ടോ? ഇല്ല.
ഇതിന്റെ വെളിച്ചത്തിൽ, ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെ തകർന്നുകൊണ്ടിരിക്കുന്ന ഒരു വീടിന്റെ വിള്ളലുകളും ചോർച്ചയും നീക്കാൻ നടത്തുന്ന ശ്രമങ്ങളോട് ഉപമിക്കാൻകഴിയും. ഉദ്ദേശ്യങ്ങൾ ആദരണീയമായിരിക്കാമെങ്കിലും ഫലം ലക്ഷണങ്ങളെ മാത്രം ചികിൽസിക്കുന്നതിന്റേതാണ്. ആവശ്യമായിരിക്കുന്നത് ദ്രവിച്ച കെട്ടിടം ഇടിച്ചുപൊളിച്ച് അടിസ്ഥാനം മുതൽ ഒരു പുതിയ വീട് പണിയുകയാണ്.
തീർച്ചയായും ഈ വീക്ഷണം പുതുതല്ല. അത് 19 നൂററാണ്ടുകൾക്കുമുമ്പ് പഠിപ്പിക്കപ്പെട്ടതാണ്. അന്ന് അത് വളരെ നേരത്തെയായിരുന്നതുകൊണ്ട് അക്കാലത്തെ പാരമ്പര്യബദ്ധരായ മതനേതാക്കൻമാർ അത് അംഗീകരിക്കുക പ്രയാസമെന്നു കണ്ടെത്തി. “ആരും ഒരു പഴയ കുപ്പായത്തിൽ ഒരു പുതിയ തുണിക്കണ്ടം തുന്നിച്ചേർക്കുന്നില്ല, എന്തുകൊണ്ടെന്നാൽ പുതിയ കണ്ടം ചുരുങ്ങി കുപ്പായത്തിൽ അതിലും വലുതുപോലുമായ ഒരു ദ്വാരമുണ്ടാക്കും” എന്ന് യേശുക്രിസ്തു പറഞ്ഞു. (മത്തായി 9:16, ററഡേയ്സ് ഇംഗ്ലീഷ് വേർഷൻ) അവന്റെ മനസ്സിൽ ഉണ്ടായിരുന്നതെന്താണ്?
ശാശ്വത പരിഹാരം
ലക്ഷണങ്ങളെ ചികിൽസിക്കുന്നതിനു പകരം യേശു മൂല കാരണം കൈകാര്യം ചെയ്തു. ഭവനപ്രശ്നങ്ങൾക്കുമാത്രമല്ല, മനുഷ്യവർഗ്ഗത്തെ ഇന്ന് ബാധിച്ചുകൊണ്ടിരിക്കുന്ന സകല അരിഷ്ടതകൾക്കുമുള്ള ശാശ്വതപരിഹാരത്തിനുവേണ്ടി ദൈവരാജ്യത്തിലേക്കു നോക്കാൻ അവൻ തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചു. “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ” എന്നു പ്രാർത്ഥിക്കാൻ അവൻ അവരെ ഉപദേശിച്ചു. (മത്തായി 6:10) ദൈവോദ്ദേശ്യം ഭൂമിയിൽ നിറവേററുന്ന ആ രാജ്യം ജീർണ്ണിച്ചതും തകർന്നതുമായ ഇപ്പോഴത്തെ വ്യവസ്ഥിതിയെ കേവലം തുന്നിക്കൂട്ടിവെക്കുകയില്ല. അത് അതിനെ മാററിസ്ഥാപിക്കും.
നിങ്ങളേസംബന്ധിച്ച് ഇതെല്ലാം എന്തർത്ഥമാക്കും? പുരാതന എബ്രായ പ്രവാചകനായിരുന്ന യെശയ്യാവ് നിശ്വസ്തതയിൽ പറഞ്ഞത് ശ്രദ്ധിക്കുക: “അവർ വീടുകൾ പണിയുകയും അവയിൽ പാർക്കുകയും ചെയ്യും, മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം ഭക്ഷിക്കും. മററുള്ളവർ പാർക്കാൻ അവർ പണിയുകയില്ല, അല്ലെങ്കിൽ മററുള്ളവർക്കു തിന്നാൻ നട്ടുണ്ടാക്കുകയില്ല. എന്തെന്നാൽ എന്റെ ജനം വൃക്ഷങ്ങളെപ്പോലെ ദീർഘമായി ജീവിക്കും, എന്റെ തെരഞ്ഞെടുക്കപ്പെട്ടവരുടെ കൈകൾ നിർമ്മിച്ചിരിക്കുന്നത് അവർ ഉപയോഗിക്കും.”—യെശയ്യാവ് 65:21, 22, ദി ജെറൂസലേം ബൈബിൾ.
കേവലം കൂടുതൽ വീടുകൾ പണിയുന്നതിനല്ല ഊന്നൽ കൊടുക്കുന്നതെന്ന് നിങ്ങൾ ശ്രദ്ധിച്ചോ? പകരം നീതിക്കും സമത്വത്തിനും ന്യായത്തിനുമാണ് ഊന്നൽ. അത്തരമൊരു ഭരണകൂടത്തിൻകീഴിൽ ജീവിക്കാൻ നിങ്ങൾക്ക് ആകാംക്ഷയില്ലേ? ഇന്നത്തെ മിക്ക ആളുകൾക്കും ഉണ്ടായിരിക്കാൻ ഒരിക്കലും ആശിക്കാൻകഴിയാത്ത ഒരു സ്വന്തം വീട് നിങ്ങൾക്കുണ്ടായിരിക്കാൻകഴിയുമെന്നു മാത്രമല്ല, ഭക്ഷ്യസമൃദ്ധിയോടും ശുദ്ധവായുവിനോടും ശുദ്ധജലത്തോടും നല്ല അയൽക്കാരോടുംകൂടെ പ്രശാന്തമായ ചുററുപാടുകളിൽ നിങ്ങൾ ജീവിക്കുകയും ചെയ്യും. ഇവയെല്ലാം മാത്രമല്ല, ഇവയിലധികവും ദൈവരാജ്യത്തിന്റെ നീതിനിഷ്ഠമായ ഭരണം നേടുന്നതായിരിക്കും.
യഹോവയുടെ സാക്ഷികൾ ഇന്ന് യേശുവിന്റെ കൽപ്പന അനുസരിച്ചുകൊണ്ട് “രാജ്യത്തിന്റെ ഈ സുവാർത്ത”യെക്കുറിച്ച് എല്ലായിടത്തുമുള്ള ആളുകളോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്. (മത്തായി 24:14) ഈ മാസികയുടെയും ഇതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരത്തിന്റെയും പേജുകളിലൂടെയും വ്യക്തിപരമായ സന്ദർശനങ്ങളിലൂടെയും തൊട്ടുമുമ്പാകെയുള്ള ഈ അത്ഭുതപ്രത്യാശകളെ നിങ്ങളുടെ ശ്രദ്ധയിൽപെടുത്താൻ അവർ ശ്രമിക്കുകയാണ്. മുഴുഭൂമിയെയും മനുഷ്യവർഗ്ഗത്തിന്റെ നിത്യപരദീസാഭവനമാക്കി പുനഃസ്ഥിതീകരിക്കുന്ന ആ നീതിനിഷ്ഠമായ ഗവൺമെൻറിൻകീഴിൽ ജീവിക്കുന്നവരിൽ ഉൾപ്പെടാൻ നിങ്ങൾക്ക് എങ്ങനെ കഴിയുമെന്ന് കണ്ടുപിടിക്കാൻ ഞങ്ങൾ നിങ്ങളെ ശക്തമായി ഉപദേശിക്കുകയാണ്. (g88 3/8)
[12-ാം പേജിലെ ആകർഷകവാക്യം]
“അവർ വീടുകൾ പണിയുകയും അവയിൽ പാർക്കുകയും ചെയ്യും.”—യെശയ്യാവ് 65:21,JB