ചെറുപ്പക്കാർ ചോദിക്കുന്നു. . .
ദൈവത്തിന്റെ സുഹൃത്തായിരിക്കുന്നതിൽ കാര്യമുണ്ടോ?
ഒരു സുഹൃത്ത് ഒരു പ്രത്യേക വ്യക്തിയാണ്. ഒരു യഥാർത്ഥ സുഹൃത്ത് ഒരു സഹോദരനേക്കാൾ അടുപ്പമുള്ളവനാണെന്നും തന്റെ വിശ്വസ്തതയിലും സൗഹൃദത്തിലും സ്ഥിരതയുള്ളവനാണെന്നും കഷ്ടതകളിൽ തന്റെ സുഹൃത്തിന്റെ സഹായത്തിനെത്തുന്നവനാണെന്നും വിശ്വസ്തതയോടെ ബുദ്ധ്യുപദേശം നൽകുന്നവനാണെന്നും ബൈബിൾ വർണ്ണിക്കുന്നു. (സദൃശവാക്യങ്ങൾ 17:17; 18:24; 27:6, 9) ഇതിനേക്കാൾ മികച്ച ഏതെങ്കിലും ബന്ധം ഉണ്ടായിരിക്കാൻ കഴിയുമോ?
ദൈവത്തിന്റെ ഒരു സുഹൃത്തായിരിക്കുന്നത് ഇതിലും ഏറെ പ്രയോജനകരമാണെന്ന് അനേകം ചെറുപ്പക്കാർ ആത്മാർത്ഥമായി വിശ്വസിക്കുന്നു. എന്നാൽ ദൈവവുമായുള്ള അത്തരമൊരു ബന്ധം അസാദ്ധ്യമോ അപ്രായോഗികമോ ആണെന്ന് വിശ്വസിക്കുന്ന മറ്റുള്ളവരോട് നിങ്ങൾ ഒരുപക്ഷേ യോജിച്ചേക്കാം. ‘അനേകർ തങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്നു. എന്നിരുന്നാലും വിശ്വാസികൾ അവിശ്വാസികളെപ്പോലെ തന്നെ കഷ്ടപ്പെടുകയും അവരുടേതുപോലെയുള്ള ഒരു ജീവിതം നയിക്കുകയും ചെയ്യുന്നു’ എന്ന് അവർ പറഞ്ഞേക്കാം.
അതുകൊണ്ട് എന്താണ് വ്യത്യാസം? ദൈവത്തോടടുക്കുന്നതിൽ കാര്യമുണ്ടോ? ദൈവസുഹൃത്തായിരിക്കുന്നത് ഏതെങ്കിലും വിധത്തിൽ നിങ്ങൾക്ക് ഗുണം ചെയ്യുമോ? ദൈവവുമായുള്ള അടുപ്പം അനുപമമാണെന്നും മറ്റേതൊരു സുഹൃത്തുമായി വികസിപ്പിക്കാവുന്നതിലും ഏറ്റം മികച്ച ഒരു ബന്ധം ദൈവവുമായി വികസിപ്പിക്കാമെന്നും ഇന്നത്തെ ചില ചെറുപ്പക്കാരുടെ അനുഭവം കാണിക്കുന്നു. അതെങ്ങനെ?
സമ്മർദ്ദത്തെ നേരിടുന്നു
ശത്രുതാ മനോഭാവങ്ങൾ നിയന്ത്രിക്കുന്നതിൽ ദൈവവുമായുള്ള സുഹൃദ്ബന്ധം തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് ഇപ്പോൾ ദൈവവുമായി അടുത്ത ബന്ധത്തിലായിരിക്കുന്ന ചില ചെറുപ്പക്കാർ പറയുന്നു. തന്റെ മാതാപിതാക്കളുടെ വേർപെടൽ നിമിത്തം ആഴമായി ബാധിക്കപ്പെട്ട 18 വയസ്സുകാരി വിർജീനിയ ഇപ്രകാരം സമ്മതിച്ചു പറയുന്നു: “എനിക്കെന്റെ പിതാവിനോട് വെറുപ്പുതോന്നി. എനിക്ക് എപ്പോഴും ദേഷ്യമായിരുന്നു. അതിന്റെ ഫലമായി ഞാൻ മറ്റുള്ളവരെയും വെറുത്തു തുടങ്ങി. ഞാൻ എന്റെ കൂട്ടുകാരെ കഷ്ടപ്പെടുത്താൻ പരിശ്രമിച്ചു. ഞാൻ അനുഭവിക്കുന്നത് മറ്റുള്ളവരനുഭവിക്കാൻ ഞാൻ ആഗ്രഹിച്ചു!”
ദൈവവചനം പഠിച്ചു കഴിഞ്ഞപ്പോൾ വിർജീനിയ സന്തോഷപൂർവ്വം ഇപ്രകാരം സമ്മതിച്ചു പറഞ്ഞു: “എനിക്കെന്തോരു മാറ്റമാണുണ്ടായിരിക്കുന്നത്! ഞാൻ എന്റെ ഡാഡിയെ ഇനി ദ്വേഷിക്കയില്ല. അദ്ദേഹം പിശാചായ സാത്താനാൽ പ്രേരിതനായിരിക്കുന്ന ഒരു നശിച്ച വ്യവസ്ഥിതിയുടെ ഇര മാത്രമാണെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ ഇപ്പോൾ അദ്ദേഹത്തെ ആദരിക്കയും എല്ലാവരുമായി ഇണങ്ങിക്കഴിയുകയും ചെയ്യുന്നു.” അതെ, ഇന്നത്തെ നിരാശകളുടെ കാരണവും അവ അഭിമുഖീകരിക്കേണ്ട വിധവും ഗ്രഹിക്കാൻ വിർജീനിയായേപ്പോലുള്ള ഇന്നത്തെ ചെറുപ്പക്കാരെ ബൈബിളിന്റെ അറിവ് സഹായിക്കുന്നു.
ദൈവവുമായുള്ള അടുപ്പം വലിയ സമ്മർദ്ദത്തെ വിജയകരമായി നേരിടാൻ നിങ്ങളെ സഹായിക്കും. 19 വയസ്സുള്ള ജൂവാനയുടെ പിതാവ് ഒരു മദ്യപാനിയാണ്. “ചിലപ്പോൾ ഡാഡി കുടിച്ചിട്ടുവന്ന് ഞങ്ങളെയെല്ലാം തല്ലും” എന്നവൾ പറയുന്നു. അവൾ ഈ സാഹചര്യം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? “എനിക്ക് നിരാശ തോന്നുമ്പോൾ പ്രാർത്ഥനയിൽ യഹോവയാം ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതിനും ശക്തിയാർജ്ജിക്കുന്നതിനും കഴിയുമെന്ന് എനിക്കറിയാം.” ദൈവത്തെ അറിയുന്നതും ദീർഘക്ഷമയും സൗമ്യതയും പോലുള്ള അവന്റെ സദ്ഗുണങ്ങൾ അനുകരിക്കുന്നതും തന്റെ പിതാവുമായി എങ്ങനെ ഇടപെടണമെന്നറിയാൻ ജൂവാനയെ സഹായിച്ചു.—ഗലാത്യർ 5:22, 23.
നിങ്ങളുടെ മാതാപിതാക്കളെ ആദരിക്കുന്നതും അവർക്കുവേണ്ട ബഹുമതി നൽകുന്നതും എല്ലായ്പ്പോഴും അത്രകണ്ട് എളുപ്പമായിരിക്കയില്ല. എന്നാൽ ദൈവവചനമായിരിക്കുന്ന ബൈബിളിന്റെ ശക്തിയിലുള്ള നിങ്ങളുടെ ബോദ്ധ്യമാണ് നിങ്ങളെ സഹായിക്കുന്നത്. അപ്പോസ്തലനായ യോഹന്നാൻ എഴുതിയ സഭയിലെ ആത്മീയമായി ബലിഷ്ഠരായിരുന്ന “ചെറുപ്പക്കാർ” “ദുഷ്ടനെ ജയിച്ചിരിക്കുന്നു” എന്തുകൊണ്ടെന്നാൽ ‘അവരിൽ ദൈവവചനമുണ്ടായിരുന്നു’ എന്ന് അവൻ പറയുന്നു. (1 യോഹന്നാൻ 2:14) അതുകൊണ്ട് പിൻവരുന്നതുപോലുള്ള ബൈബിൾ ബുദ്ധിയുപദേശം ജൂവാനയെയും വിർജീനിയായെയുംപോലുള്ള ചെറുപ്പക്കാരെ സഹായിച്ചിട്ടുണ്ട്. “ഞങ്ങളോട് പ്രതികാരം ചെയ്യുമ്പോൾ ഞങ്ങൾ അനുഗ്രഹിക്കുന്നു; ഉപദ്രവിക്കുമ്പോൾ ഞങ്ങൾ സഹിക്കുന്നു; ദുഷിക്കുമ്പോൾ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.”—1 കൊരിന്ത്യർ 4:12,13.
കൂടാതെ, നല്ല ഒരു മാതൃക—“നിർമ്മല നടത്തയും ആഴമായ ബഹുമാനവും”—നിങ്ങളുടെമേൽ സമ്മർദ്ദം വരുത്തുന്നവരെ ആദ്യഘട്ടത്തിൽ തന്നെ വിജയിക്കാൻ സഹായിച്ചേക്കാമെന്ന് അപ്പോസ്തലനായ പത്രോസ് പറയുന്നു. (1 പത്രോസ് 3:1, 2) പത്രോസിന്റെ ഈ വാക്കുകൾ ക്രിസ്തീയ ഭാര്യമാരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും നിങ്ങൾക്കും ഈ ബുദ്ധ്യുപദേശത്തിൽ നിന്ന് പ്രയോജനം നേടാവുന്നതാണ്.
നിശ്ചയമായും സമ്മർദ്ദം സഹിക്കുക എല്ലായ്പ്പോഴും അത്ര എളുപ്പമല്ല. എന്നാൽ ശരിയായ ആന്തരത്തോടെ യഹോവയോട് ഹൃദയം തുറന്ന് പ്രാർത്ഥിക്കുന്നത് നിങ്ങളുടെ പിരിമുറുക്കം കുറക്കും. യഹോവ നമ്മെ സഹായിക്കാനാഗ്രഹിക്കുന്നുവെന്നും “നമുക്ക് ചോദിക്കാവുന്നതിലും ചിന്തിക്കാവുന്നതിലും കൂടുതൽ” ശക്തി അവനുണ്ടെന്നും അറിയുന്നത് എത്ര നവോൻമേഷ സന്ദായകമാണ്! (എഫേസ്യർ 3:20, റ്റുഡേസ് ഇംഗ്ലീഷ് വേർഷൻ, യിരെമ്യാവ് 9:24) കൂടാതെ, ദൈവം “നമ്മിൽ നിന്ന് വിദൂരത്തിലല്ല” എന്ന് ബൈബിൾ നമുക്ക് ഉറപ്പുനൽകുന്നു. (പ്രവൃത്തി 17:27) അതെ, എപ്പോഴും സമീപസ്ഥനായിരിക്കുന്ന ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടായിരിക്കാവുന്നതാണ്.
മികച്ച ധാർമ്മികനിലവാരങ്ങൾ
ദൈവത്തിന്റെ സുഹൃത്തായിരിക്കുന്നത് മന:സമാധാനവും സംതൃപ്തിയും കൈവരുത്തുന്ന മികച്ച ധാർമ്മിക നിലവാരങ്ങൾ വികസിപ്പിച്ചെടുക്കാനും ചെറുപ്പക്കാരെ സഹായിച്ചിട്ടുണ്ട്. (മത്തായി 6:13; സങ്കീർത്തനം 141:3,4) തനിക്ക് 14 വയസ്സുണ്ടായിരുന്നപ്പോൾ ഒരാൺകുട്ടിയുമായി താൻ ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന് 16 വയസ്സുള്ള സോഫിയ സമ്മതിച്ചു പറയുന്നു. പിൻതിരിഞ്ഞു നോക്കിക്കൊണ്ട് സോഫിയ ഇപ്രകാരം പറയുന്നു: “ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ അവനുമായി ഡയിറ്റിംഗിലേർപ്പെടുന്നത് നിർത്താൻ തീരുമാനിച്ചു.” അന്നുമുതൽ അവൾ അധാർമ്മിക നടത്ത ഒഴിവാക്കിയെന്നും ബൈബിൾ പരിജ്ഞാനം യഹോവയുമായുള്ള തന്റെ ബന്ധത്തെ സംരക്ഷിച്ചെന്നും അവൾ പറയുന്നു.
വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധം ലോകത്തിന്റെ പല ഭാഗങ്ങളിലും സർവ്വസാധാരണമാണ്. മെക്സിക്കോയിൽ തന്നെ വിവാഹത്തിനു മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി 90 ശതമാനം ചെറുപ്പക്കാർ വിവരിക്കുന്നു! പരിണതഫലമായി പല ചെറുപ്പക്കാരും സമയത്തിനുമുമ്പേ വിവാഹിതരാവുകയോ അവിഹിതമായി ഗർഭം ധരിക്കുകയോ ചെയ്തിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ മെക്സിക്കോയിൽതന്നെ കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ 10 ലക്ഷത്തിലധികം കുട്ടികളെ പ്രസവിച്ചിട്ടുണ്ട്!
ഇന്ന് ചെറുപ്രായത്തിൽ തന്നെ ലൈംഗികബന്ധത്തിലേർപ്പെടാനുള്ള വലിയോരു സമ്മർദ്ദമുണ്ട്. എന്നാൽ ലൈംഗിക ദുർമ്മാർഗ്ഗത്തിലേർപ്പെടുന്നതിനു പകരം ആദ്യംതന്നെ അതിന്റെ പരിണത ഫലങ്ങളെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ? നമുക്കുണ്ടാകുന്ന ശാരീരിക കുഴപ്പങ്ങൾക്കു പുറമേ നാം ദൈവനിയമം ലംഘിക്കുമ്പോൾ അവനെ അത് ബാധിക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുക. പരിശോധിക്കപ്പെട്ടാൽ മനുഷ്യർ ദൈവത്തോട് വിശ്വസ്തരായിരിക്കയില്ലെന്നവകാശപ്പെട്ടുകൊണ്ട് പിശാച് അവനെ വെല്ലുവിളിച്ചു. അതുകൊണ്ട് ദൈവം ഇപ്രകാരം ബുദ്ധ്യുപദേശിക്കുന്നു: “മകനേ, എന്നെ നിന്ദിക്കുന്നവനോട് ഞാൻ ഒരുത്തരം പറയേണ്ടതിന് ജ്ഞാനിയായിരുന്ന് എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.” (സദൃശവാക്യം 27:11) ഇതിനെക്കുറിച്ച് ചിന്തിക്കുക: നിങ്ങൾ ദൈവനിയമം ലംഘിച്ചുകൊണ്ട് പിശാചിനെ സന്തോഷിപ്പിക്കുകയും ദൈവത്തെ ദു:ഖിപ്പിക്കുകയും ചെയ്യുമോ?—സങ്കീർത്തനം 78:38-41 താരതമ്യപ്പെടുത്തുക.
അധാർമ്മികതക്കെതിരെയുള്ള ഏറ്റവും വലിയ സംരക്ഷണം യഹോവയുമായി അടുത്ത വ്യക്തിപരമായ ഒരു ബന്ധം വികസിപ്പിക്കുകയെന്നതാണ്.
മനുഷ്യാതീത പരിശോധനയില്ല
നേരെമറിച്ച്, ചില ചെറുപ്പക്കാർ ദൈവവുമായി അടുക്കുന്നതിൽ മടിയുള്ളവരാണ്. “ദൈവവുമായി അടുക്കുന്നത് എനിക്ക് ഭയമാണ്. കാരണം അവൻ എന്റെമേൽ പൂർണ്ണമായി സ്വാധീനം ചെലുത്തും. ഹൃദയം തുറന്നു പറഞ്ഞാൽ ഞാൻ സ്വതന്ത്രനായിരിക്കാൻ ആഗ്രഹിക്കുന്നവനാണ്. ഞാൻ വാസ്തവത്തിൽ കുഴപ്പത്തിലും നിരാശയിലുമാണ്. എനിക്ക് പതുക്കെ പഠിച്ചു തുടങ്ങുന്നതിനാഗ്രഹമുണ്ട്. ഞാൻ തിടുക്കം കൂട്ടിയാൽ പേടിച്ച് പഠിത്തം ഉപേക്ഷിക്കുമോ എന്ന് ഭയപ്പെടുന്നു.” നിങ്ങൾ ഈ വിധത്തിൽ ചിന്തിക്കാറുണ്ടോ?
ഉണ്ടെങ്കിൽ, ഏതുപ്രശ്നത്തിലും ദൈവം നിങ്ങളെ സഹായിക്കുമെന്നുള്ള യാഥാർത്ഥ്യത്താൽ നിങ്ങൾക്കാശ്വാസം കണ്ടെത്താവുന്നതാണ്. “നിങ്ങളുടെ പരിശോധന മനുഷ്യാതീതമല്ല. നിങ്ങളുടെ ശക്തിക്കതീതമായി പരീക്ഷിക്കപ്പെടാതിരിക്കാനും അതിൽനിന്ന് രക്ഷപ്പെടാനും, അങ്ങനെ ഉറച്ചു നിൽക്കുന്നതിനും ദൈവത്തെ ആശ്രയിക്കാവുന്നതാണ്” എന്ന് ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 10:13, ഒരു അമേരിക്കൻ പരിഭാഷ) നിങ്ങൾക്ക് മറ്റെന്തു കൂടെ ചോദിക്കാവുന്നതാണ്?
സഹായത്തിനുവേണ്ടി പ്രാർത്ഥിക്കുകയും അതേ സമയം ദുഷിച്ച പുസ്തകങ്ങൾ വായിക്കുന്നതിനും ദുഷിച്ച ചലച്ചിത്രങ്ങൾക്ക് പോകുന്നതിനും വിപരീതലിംഗത്തിൽപ്പെട്ട ആരെയെങ്കിലും ദിവാസ്വപ്നം കാണുന്നതിനും അവരുമായി മേളാങ്കിക്കുന്നതിനും സാദ്ധ്യമല്ല. പ്രാർത്ഥനക്ക് വലിയ ഒരു പ്രാമുഖ്യതയുണ്ടെങ്കിലും—ഏത് വ്യക്തി ബന്ധത്തിലും ആശയ വിനിയമം അത്യന്താപേക്ഷിതമായിരിക്കുന്നതുപോലെ—നിങ്ങൾ പ്രാർത്ഥനയിൽ അപേക്ഷിക്കുന്നതിനുവേണ്ടി നിങ്ങൾ പ്രവർത്തിക്കേണ്ടതാണ്!—ലൂക്കോസ് 11:9, 13.
ശോഭനമായ ഒരു ഭാവി
എന്നാൽ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന നിരവധി ഭാവി അനുഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾ കൊടുക്കേണ്ട വില—ദൈവവുമായുള്ള നിങ്ങളുടെ സുഹൃദ്ബന്ധം നിലനിർത്താനുള്ള നിങ്ങളുടെ ശ്രമം—വളരെ തുച്ഛമാണ്. “യഹോവ നമുക്ക് ശോഭനമായ ഒരു ഭാവി വച്ചു നീട്ടുന്നു: ഒരു പരദീസയിലെ നിത്യസന്തുഷ്ടിയുള്ള ഒരു ജീവിതം! ഇത് യാതൊരു മനുഷ്യനും വാഗ്ദാനം ചെയ്യാൻ കഴിയാത്തതാണ്!” എന്ന് 17 വയസുള്ള നോയി പറയുന്നു.
“അൽപ്പകാലം കൂടെ കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടായിരിക്കുന്നതല്ല . . . നീതിമാൻ ഭൂമിയെ അവകാശമാക്കുകയും അതിൽ എന്നേക്കും വസിക്കുകയും ചെയ്യും.” (സങ്കീർത്തനം 37:10, 29) “സകല നല്ല ദാനങ്ങളുടെയും സകല സമ്പൂർണ്ണ വരങ്ങളുടെയും” ദാതാവെന്ന നിലയിൽ യഹോവ തന്റെ വിശ്വസ്ത യുവസാക്ഷികൾക്ക് അനുഗ്രഹം നൽകുന്നതിൽ സന്തുഷ്ടനാണ്.—യാക്കോബ് 1:5, 17; സങ്കീർത്തനം 35:27; 84:11, 12; 149:4.
അതുകൊണ്ട് ദൈവത്തിന്റെ സുഹൃത്തായിരിക്കുന്നതിൽ കാര്യമുണ്ട്. ദൈവം നിങ്ങൾക്കുവേണ്ടി കരുതുന്നു. നിങ്ങൾക്കൊരു പ്രശ്നമുള്ളപ്പോൾ അവൻ സഹായിക്കാനാഗ്രഹിക്കുന്നു. അവൻ എപ്പോഴും ലഭ്യനാണ്. ജീവിതത്തിലെ ഏതൊരു പ്രശ്നത്തിലും നിങ്ങളെ സഹായിക്കാൻ അവന് ശക്തിയുണ്ട്. യഹോവക്കു മാത്രമേ നിങ്ങൾക്ക് നിത്യജീവൻ തരാൻ സാധിക്കയുള്ളു. അത് ദൈവസുഹൃത്തുക്കളുടെ മാത്രം സ്വത്താണ്.—വെളിപ്പാട് 21:3, 4; മത്തായി 25:46. (g87 11/22)
[25-ാം പേജിലെ ചിത്രം]
“അബ്രഹാം ‘യഹോവയുടെ സ്നേഹിതൻ’ എന്ന് വിളിക്കപ്പെട്ടു. യേശു തന്റെ അനുഗാമികളെ ‘എന്റെ സ്നേഹിതൻ’ എന്നു വിളിച്ചു . . . അതുകൊണ്ട് എനിക്കും അവരുടെ സ്നേഹിതനാകാൻ കഴിയും!”