ഇൻഡ്യയിലെ കത്തോലിക്കാസഭ—അത് എങ്ങോട്ടു പോകുന്നു?
ഇൻഡ്യയിലെ ഉണരുക! ലേഖകൻ
അതു ജനസംഖ്യയുടെ ഒരു ചെറിയ ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നു. മിക്കപ്പോഴും അത് ഒരു വിദേശ നുഴഞ്ഞുകയറ്റക്കാരനായി വീക്ഷിക്കപ്പെടുന്നു. ഇൻഡ്യൻ മണ്ണിൽ പിറന്നതായി പരിഗണിക്കപ്പെടുന്ന വിശ്വാസങ്ങളോടു പറ്റിനിൽക്കുന്ന ഭൂരിപക്ഷം അതിനെ സംശയത്തോടെയാണു നോക്കുന്നത്. എന്നാൽ ഇൻഡ്യയിലെ കത്തോലിക്കാ സഭയ്ക്ക് നിസ്സംശയമായി ഈ ഉപഭൂഖണ്ഡത്തിൽ ഒരു ചുവടുണ്ട്. അത് അവിടെ ഉറച്ചുനിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ ലക്ഷ്യത്തിലെത്തുന്നതിന് സഭ എന്താണു ചെയ്യുന്നത്? അതു വിജയിക്കുമോ? ചുരുക്കത്തിൽ സഭ എങ്ങോട്ടാണു പോകുന്നത്?
കത്തോലിക്കാസഭ ഇൻഡ്യയിലെ മതങ്ങളിൽ ഏറ്റം പ്രധാനപ്പെട്ടതല്ലായിരിക്കാം—14 ദശലക്ഷത്തോടടുത്തു വരുന്ന ഇവിടത്തെ അതിന്റെ അംഗങ്ങൾ രാഷ്ട്രത്തിലെ നിവാസികളുടെ 2 ശതമാനത്തിൽ താഴെ മാത്രമേ ഉള്ളു. എന്നിരുന്നാലും, 1986 ഫെബ്രുവരിയിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ ഇൻഡ്യയിൽ ഒരു ദശദിന സന്ദർശനം നടത്തിയപ്പോൾ ലോകകത്തോലിക്കാ പ്രസ്ഥാനത്തിൽ ഇൻഡ്യൻ കത്തോലിക്കാ സഭക്കുള്ള പ്രാധാന്യം ഉയർത്തിക്കാണിക്കപ്പെട്ടു. അദ്ദേഹത്തിന്റെ 14-നഗര പര്യടനത്തിൽ കേരള സംസ്ഥാനത്തിലേക്കുള്ള ഒരു സന്ദർശനവും ഉൾപ്പെടുത്തിയിരുന്നു. ഇൻഡ്യയിലെ കത്തോലിക്കരുടെ അധികപങ്കും കേന്ദ്രീകരിച്ചിരിക്കുന്നത് അവിടെയാണ്.
സഭയുടെ ദൃഷ്ടിയിൽ കേരളം ഒരു രത്നം പോലെ തിളങ്ങുന്നു. അത് ഇൻഡ്യയിലെ കത്തോലിക്കാശക്തിയുടെ ഇരിപ്പിടമാണ്. സഭ സംസ്ഥാനത്തെ ഏറ്റം വലിയ സംഘടിത സ്ഥാപനങ്ങളിലൊന്നുമാണ്. കേരളം രാഷ്ട്രത്തിലെ ക്രിസ്ത്യാനിത്വത്തിന്റെ ഭവനമായും വിചാരിക്കപ്പെടുന്നു. പരമ്പരാഗത വിശ്വാസമനുസരിച്ച് യേശുക്രിസ്തുവിന്റെ 12 അപ്പോസ്തലൻമാരിൽ ഒരുവനായ തോമസ് മശിഹായുടെ മരണശേഷം കേരളത്തിലെ മലബാർ തീരത്ത് വന്നെത്തി.
എന്നിരുന്നാലും, ഏതാണ്ടു 14 നൂറ്റാണ്ടുകൾക്കു ശേഷമേ റോമൻ കത്തോലിക്കാ സഭ ഇൻഡ്യയിൽ വന്നുള്ളു. പോർട്ടുഗീസ് പര്യവേക്ഷകരും അവരെ പിന്തുടർന്ന മിഷനറിമാരും ഇൻഡ്യയുടെ പശ്ചിമ തീരത്തെ ഒരു മുൻ പോർട്ടുഗീസ് കോളനിയായ ഗോവയിലേക്കു റോമാസഭയെ കൊണ്ടുവന്നു. അവിടെനിന്ന് വിശ്വാസികൾ തെക്കോട്ടു യാത്ര ചെയ്ത് കേരളത്തിൽ വന്നു.
കത്തോലിക്കാസഭ തദ്ദേശവാസികളുടെ ദൃഷ്ടിയിൽ ദീർഘനാൾ ഒരു വിരോധാഭാസമായി നിലകൊണ്ടു. ധാരാളമാളുകൾ സഭയെ രാജ്യത്തെമ്പാടുമുള്ള അതിന്റെ വിദ്യാഭ്യാസ, സാമൂഹിക, വൈദ്യ സേവനങ്ങൾക്കായി പുകഴ്ത്തുമ്പോൾത്തന്നെ, സഭയുടെ സാന്നിദ്ധ്യത്തിന്റെ പിമ്പിലെ യഥാർത്ഥ ഉദ്ദേശ്യമെന്ന് അവർ കാണുന്ന മതപരിവർത്തനത്തെ അവർ പുച്ഛിക്കുന്നു.
‘മതപരിവർത്തന’മാണോ ലക്ഷ്യം?
ഹൈന്ദവ മൗലികവാദ സംഘടനകൾ പാപ്പായുടെ സാന്നിദ്ധ്യംതന്നെ ക്രിസ്ത്യാനിത്വത്തിലേക്ക് കൂട്ടത്തോടെയുള്ള പരിവർത്തനത്തെ പ്രോൽസാഹിപ്പിക്കുമെന്ന് മുന്നറിയിപ്പുകൊടുത്തപ്പോൾ സഭ ഇൻഡ്യാക്കാരെ പരിവർത്തനം ചെയ്യിക്കാൻ ആഗ്രഹിക്കുന്നുവെന്ന ആശയത്തോട് അകന്നുനിൽക്കാൻ അതു സാദ്ധ്യമായതെല്ലാം ചെയ്തു. “ആരും ഭയപ്പെടേണ്ടതില്ല” എന്ന് ഇൻഡ്യയിലെ കാത്തലിക്ക് ബിഷപ്പ്സ് കോൺഫറൻസിന്റെ പ്രസിഡണ്ട് പറഞ്ഞു. “പരിശുദ്ധ പിതാവ് ആളുകളുടെ മതം മാറ്റാനല്ല വരുന്നത്.” അല്പവും കൂടെ ദൃഢതയുള്ളതായിരുന്നു ഒരു ഇൻഡ്യൻ ആർച്ച് ബിഷപ്പിന്റെ പ്രസ്താവന: “കത്തോലിക്കാസഭ മതപരിവർത്തനത്തെ ശക്തമായി എതിർക്കുന്നു. അത് മതസ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തലാണ്. ഞങ്ങൾ അതിനെ അപലപിക്കുന്നു, കുറ്റപ്പെടുത്തുന്നു.”
പോപ്പിനെത്തന്നെ സംബന്ധിച്ചെന്ത്? “കത്തോലിക്കാസഭ ഇൻഡ്യയിലെ മതപാരമ്പര്യങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്ന സത്യങ്ങളെ തിരിച്ചറിയുന്നു, ഈ തിരിച്ചറിവ് യഥാർത്ഥ സംഭാഷണത്തെ സാദ്ധ്യമാക്കുന്നു”വെന്ന് ഹിന്ദുമതത്തെയും സൊരാഷ്ട്രമതത്തെയും ബുദ്ധമതത്തെയും ജൈനമതത്തെയും സിക്ക്മതത്തെയും യഹൂദമതത്തെയും ഇസ്ലാം മതത്തെയും ക്രിസ്ത്യാനിത്വം അവകാശപ്പെടുന്ന ചിലരെയും പ്രതിനിധാനം ചെയ്യുന്ന ഒരു സദസ്സിനോടു അദ്ദേഹം പറഞ്ഞു. മറ്റൊരു സന്ദർഭത്തിൽ “ഞങ്ങളുടെ ഹിന്ദു മുസ്ലീം സഹോദരീസഹോദരൻമാരോടും മറ്റു മതപാരമ്പര്യങ്ങളനുസരിക്കുന്നവരോടുമുള്ള ഞങ്ങളുടെ ഐക്യദാർഢ്യത്തെ ഞങ്ങൾ വിളംബരം ചെയ്യുന്നു” എന്നു പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം മറ്റു വിശ്വാസങ്ങളെ സംബന്ധിച്ച ഒരു സമാനമന:സ്ഥിതി അവകാശപ്പെട്ടു.”
ഈ പ്രഖ്യാപിത ഐക്യദാർഢ്യം വാക്കുകളിൽ മാത്രമല്ല പ്രകടമായത്. പാപ്പായുടെ സന്ദർശനവേളയിൽ കൽക്കട്ടയിലെ കാളിഘട്ടിലുള്ള പ്രസിദ്ധ കാളീക്ഷേത്രത്തിലെ പുരോഹിതൻ അദ്ദേഹത്തെ ഹാരമണിയിച്ചു.a മറ്റൊരു സമയത്ത് അദ്ദേഹം തന്റെ നെറ്റിയിൽ ഒരു ഹൈന്ദവ പുരോഹിതനിൽ നിന്ന് വിഭൂതി അഥവാ വിശുദ്ധഭസ്മം സ്വീകരിക്കുകയും ഇസ്ലാമിക വിശ്വാസത്തിന്റെ പ്രതീകങ്ങൾ പ്രദർശിപ്പിച്ച ഒരു മുസ്ലീം പൊന്നാട ധരിക്കുകയും ചെയ്തു.
ഇതൊക്കെയാണെങ്കിലും, പാപ്പാ ഇൻഡ്യൻ ബിഷപ്പൻമാരെ അഭിസംബോധന ചെയ്തപ്പോൾ ഇൻഡ്യയിലെ സഭയുടെ ക്ഷേമത്തെ ബാധിക്കുന്ന മുഖ്യപ്രശ്നങ്ങളിലൊന്നായി അദ്ദേഹം “സുവിശേഷഘോഷണ”ത്തെ വിവരിക്കുകയുണ്ടായി. എന്നാൽ ഏതുതരം സുവിശേഷഘോഷണമാണ് പോപ്പിന്റെ മനസ്സിലുണ്ടായിരുന്നത്? സാമൂഹികനീതിക്കും സാമ്പത്തിക പുരോഗതിക്കും വേണ്ടിയുള്ള പരിപാടികളിലൂടെ വേണം സുവിശേഷവ്യാപനം നടക്കാൻ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞത് ആശ്ചര്യമല്ല.
“സഭയുടെ സുവിശേഷീകരണ ദൗത്യത്തിൽ നീതിക്കും സമാധാനത്തിനും സംയോജിത മാനവ വളർച്ചക്കും വേണ്ടിയുള്ള സ്ഥായിയായ ഊർജ്ജിത പ്രവർത്തനം ഉൾപ്പെടുന്നു. ഈ പ്രവൃത്തികൾ സുവിശേഷീകരണവേലയെ തള്ളിപ്പറയാനാണെന്ന് സങ്കൽപ്പിക്കരുത്; അത് യേശുവിന്റെ ദൃഷ്ടാന്തത്തോടുള്ള അവിശ്വസ്തതയായിരിക്കും” എന്ന് പാപ്പാ പ്രസ്താവിച്ചു.
“തങ്ങളുടെ സഹോദരീസഹോദരൻമാരുടെ മാന്യതയേയും സ്വാതന്ത്ര്യത്തേയും ഉന്നമിപ്പിച്ചിട്ടുള്ള എല്ലാവരും ക്രിസ്തുവിന്റെ ദൃഷ്ടിയിൽ അനുഗൃഹീതരാണ്” എന്നു പാപ്പാ പ്രഖ്യാപിച്ചു. അതുകൊണ്ട്, ഇൻഡ്യൻ പ്രസ്സ് ഉചിതമായി ഇങ്ങനെ പ്രസ്താവിച്ചു: “ഇപ്പോൾ ഒരു മതമെന്ന നിലയിൽ ക്രിസ്ത്യാനിത്വത്തെ വ്യാപിപ്പിക്കുകയെന്ന ഇടുങ്ങിയ അക്ഷരാർത്ഥത്തിൽ സുവാർത്ത പ്രസംഗിക്കുന്നതിനെക്കുറിച്ച് ആരും തന്നെ—അത്യന്തം യാഥാസ്ഥിതികരും സഭാപുരോഹിതാധിപത്യത്തിലെ പാരമ്പര്യാനുകൂലികളുമായവർപോലും—സംസാരിക്കുന്നില്ല.”
ഒരു ഹിന്ദു—കത്തോലിക്കാസഭ
കത്തോലിക്കാസഭയുടെ വിദേശീയ അംശം കുറച്ച് കൂടുതൽ ഭാരതീയമാക്കാൻ സഭ അതിന്റെ ആരാധനയിൽ ഒരു അനുകൂലനപരിപാടിക്കു പ്രോൽസാഹിപ്പിച്ചിരിക്കുന്നു. അങ്ങനെ ചില കത്തോലിക്കാ പുരോഹിതൻമാർ ഒരു ഹൈന്ദവാശ്രമത്തിലെന്നപോലെ തറയിലിരുന്ന് പ്രാർത്ഥനകൾ വായിക്കും; പാശ്ചാത്യകീർത്തനങ്ങൾക്കുപകരം വേദമന്ത്രങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം. പല ചടങ്ങുകൾക്കും മുമ്പ് ഹൈന്ദവ നിലവിളക്കു കത്തിച്ചേക്കാം.
ഒരു കത്തോലിക്കാ അൽമായക്കാരൻ പറയുന്നതനുസരിച്ച് “ഹിന്ദു മതത്തിലെയും മറ്റു മതങ്ങളിലെയും സാർവ്വത്രിക ഘടകങ്ങളെ തിരിച്ചറിയുകയും അവയോടു ബന്ധപ്പെട്ട പ്രതീകങ്ങളെയും കർമ്മങ്ങളെയും നമ്മുടെ ആരാധനയിൽ ഉൾപ്പെടുത്തുകയും ചെയ്ത് അതിനെ പൂർണ്ണമാക്കുകയും പിന്താങ്ങുകയും ചെയ്യുകയെന്നതാണ് ആശയം.” കേരളത്തിലെ അനേകം പള്ളികളിൽ നടക്കുന്ന മതകർമ്മങ്ങളും ആരാധനാരീതികളും കത്തോലിക്കാ പാരമ്പര്യങ്ങളുടെയും ഹൈന്ദവാചാരങ്ങളുടെയും ഒരു സുനിശ്ചിത സങ്കലനമാണ്.
സഭ എങ്ങോട്ടു പോകുന്നു?
ഇൻഡ്യയിലായിരുന്നപ്പോൾ, “ലോകപ്രശ്നങ്ങളുടെ പരിഹാരം മാനുഷഹൃദയത്തിലാണു സ്ഥിതിചെയ്യുന്നതെന്ന് സകല ജനങ്ങളുടെയും നേതാക്കൻമാർ വിശ്വസിക്കുകയും ആ വിശ്വാസപ്രകാരം പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്” എന്ന് പാപ്പാ മോഹൻദാസ് ഗാന്ധിയുടെ ഉപദേശങ്ങളെ പരാമർശിച്ചുകൊണ്ട് വാദിക്കുകയുണ്ടായി. “‘ശാശ്വത ജ്ഞാനവും സത്യവും’ ഉൾക്കൊള്ളുന്നതും ജീവിതത്തിൽ മുന്നേറുന്നതിന് തങ്ങളെ പ്രചോദിപ്പിക്കുന്നതുമായ പൂർവ്വിക യോഗിവര്യൻമാരുടെ ഉപദേശങ്ങൾ പിൻപറ്റാൻ” അദ്ദേഹം യുവാക്കളെയും പ്രോൽസാഹിപ്പിച്ചു.
ഇതെല്ലാം യേശുക്രിസ്തു പഠിപ്പിച്ചതിൽനിന്ന് എത്രയോ വ്യത്യസ്തമാണ്! അവന്റെ പഠിപ്പിക്കലുകളുടെ മുഖ്യവിഷയം, ദാരിദ്ര്യവും രോഗവും സാമൂഹ്യാനീതിയുമെല്ലാം പൂർണ്ണമായി തുടച്ചുനീക്കുന്ന ഒരു ലോകഗവൺമെൻറ്, വരാനിരിക്കുന്ന ഒരു ദൈവരാജ്യം, ആയിരുന്നു. (മത്തായി 9:35) മനുഷ്യവർഗ്ഗത്തിന്റെ പ്രശ്നങ്ങളുടെ ഏകപരിഹാരമായി മുഴുബൈബിളും ഊന്നിപ്പറയുന്നത് ഈ രാജ്യത്തെയാണ്. തന്റെ പ്രാർത്ഥനയിൽ “നിന്റെ വചനം സത്യമാകുന്നു” എന്ന് പറഞ്ഞപ്പോൾ യേശു ദൈവത്തിന്റെ വാഗ്ദത്തത്തിൽ സമ്പൂർണ്ണമായ ആശ്രയം പ്രകടമാക്കി. (യോഹന്നാൻ 17:17) കൂടാതെ “ഒന്നാമതു രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക” എന്ന് അവൻ തന്റെ അനുഗാമികളെ ശക്തമായി ഉപദേശിച്ചു.—മത്തായി 6:33.
മറ്റു വിശ്വാസങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനത്തെ സംബന്ധിച്ചെന്ത്? ബൈബിൾ സത്യവിശ്വാസികൾക്ക് വ്യക്തമായ മുന്നറിയിപ്പു കൊടുക്കുന്നു: “അവിശ്വാസികളുമായി ഇണയില്ലാപ്പിണ കൂടരുത്. എന്തെന്നാൽ നീതിക്കും അധർമ്മത്തിനും തമ്മിൽ എന്തു കൂട്ടായ്മയാണുള്ളത്?”—2 കൊരിന്ത്യർ 6:14; ആവർത്തനം 12:30,31.
അപ്പോൾ ഇൻഡ്യയിലെ കത്തോലിക്കാ സഭ അതു സുനിശ്ചിതമെന്നു കരുതുന്ന ഒരു ദിശയിൽ—അതിന്റെ ഇവിടത്തെ നില ഭദ്രമാക്കുന്ന ഒന്നിലേക്ക്—നീങ്ങുമ്പോൾ അത് യഥാർത്ഥത്തിൽ ബൈബിൾ സത്യത്തിൽ നിന്ന് കൂടുതൽ അകലുകയാണ്. എന്നിരുന്നാലും, അത് അങ്ങനെ ചെയ്യുമ്പോൾത്തന്നെ, യേശുവിന്റെ ഉപദേശങ്ങളും കത്തോലിക്കാസഭയുടെ ഉപദേശങ്ങളും തമ്മിലുള്ള വ്യത്യാസം കാണാൻ അധികമധികമാളുകൾ ആഹ്വാനം ചെയ്യപ്പെടുകയാണ്. ഏതു വിധത്തിൽ?
ഇപ്പോൾ, ഇൻഡ്യയിലുടനീളമുള്ള 8,000-ത്തിലധികം യഹോവയുടെ സാക്ഷികൾ ഏകമനസ്സോടെ ബൈബിൾ സത്യത്തെ ഉയർത്തിപ്പിടിക്കുന്നു. ദൈവത്തിന്റെ രാജ്യഭരണത്തിൻ കീഴിലെ അനന്തസമാധാനത്തിന്റെ വാഗ്ദത്തത്തെ വിലമതിക്കുന്നതിന് താൽപ്പര്യക്കാരെ സഹായിക്കാൻ അവർ ആഗ്രഹിക്കുന്നു. കത്തോലിക്കാസഭയിൽ നിന്നും മറ്റു മതങ്ങളിൽ നിന്നും വ്യത്യസ്തമായി അവർ രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിലോ രാഷ്ട്രീയ വിവാദങ്ങളിലോ പങ്കെടുക്കുന്നില്ല. (യെശയ്യാവ് 2:2-4) സാക്ഷികൾ എന്തുകൊണ്ടാണു വ്യത്യസ്തരായിരിക്കുന്നതെന്നും ബൈബിളിനോട് അനുരൂപപ്പെടാൻ അവർക്ക് എങ്ങനെ കഴിയുന്നുവെന്നും അറിയാൻ നിങ്ങളാഗ്രഹിക്കുന്നുവെങ്കിൽ ഈ മാസികയുടെ പ്രസാധകരോട് എഴുതി ചോദിക്കുക. (g87 9/22)
[അടിക്കുറിപ്പുകൾ]
a കാളി ഒരു ഹൈന്ദവ സംഹാര ദേവതയാണ്.
[14-ാം പേജിലെ ചിത്രങ്ങൾ]
ഹൈന്ദവയോഗാസനത്തിലിരിക്കുന്ന യേശുക്രിസ്തുവിന്റെ പ്രതിമ. താഴെ ‘ഓം’ മന്ത്രം എഴുതിയിരിക്കുന്നു, അതിനുതാഴെ ദാവീദിന്റെ നക്ഷത്രം
നെറ്റിയിൽ തിലകമണിഞ്ഞ് സാരിയുടുത്തിരിക്കുന്ന മറിയയുടെ പ്രതിമ