ബൈബിളിന്റെ വീക്ഷണം
‘വിശപ്പിന്റെ രോദന’ത്തെ ആർക്ക് നിശബ്ദമാക്കാൻ കഴിയും?
“ഞങ്ങൾ വളരെപ്പേരുള്ളതിനാൽ ഗവൺമെൻറിന് ഞങ്ങളെ പോറ്റാൻ വയ്യ.” ദക്ഷിണാഫ്രിക്കയുടെ ഒരു സമൃദ്ധമായ ദേശത്തെ ഒരാഫ്രിക്കൻ കർഷകൻ ഉണരുക!യോട് പറഞ്ഞതാണിത്. “രണ്ട് വർഷത്തേക്ക് ഞങ്ങളുടെ ദേശത്ത് വരൾച്ചയായിരുന്നു. മഴ ഉണ്ടായിരുന്നില്ല. പട്ടിണിയും ദാഹവും നിമിത്തം ആടുമാടുകളെല്ലാം നശിച്ചു. സകലരും പട്ടിണിയുടെ രോദനത്തിലാണ്” എന്ന് അയാൾ വിശദീകരിച്ചു.
ചുരുക്കം ദിവസങ്ങൾക്കുശേഷം കനത്ത മഴ ആ പ്രദേശത്ത് ആശ്വാസം എത്തിച്ചു. എന്നിരുന്നാലും പൂർവ്വസ്ഥിതിയിലെത്താൻ കുറെ നാളുകൾ പിടിക്കും. ആഫ്രിക്കയുടെ മറ്റ് പ്രദേശങ്ങളിലും ‘വിശപ്പിന്റെ രോദനം’ തുടരുകയാണ്. പട്ടിണി ആ ഭൂഖണ്ഡത്ത് മാത്രമല്ല ഉള്ളത്. പട്ടിണിയിലായിരിക്കുന്നവർക്ക് ഭക്ഷണം നൽകുന്ന സംഘടന പ്രസിദ്ധീകരിച്ച പട്ടിണിയുടെ ബാലപാഠം എന്ന പുസ്തകമനുസരിച്ച് ഏഷ്യയിലെ 43 രാജ്യങ്ങളും ലാറ്റിൻ അമേരിക്കയും “വികലപോഷണത്തിന്റെ പിടിയിലാണ്.”
അടുത്ത കാലത്ത് ആഫ്രിക്കയുടെ പട്ടിണിയിലേക്ക് ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ലണ്ടൻ ടൈംസിൽ “150 കോടി ജനങ്ങൾ അപകടത്തിൽ” എന്ന ശീർഷകത്തിൽ ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. ബ്രിട്ടനിലെയും ഐക്യനാടുകളിലെയും ഗായകർ പട്ടിണിയിലായിരിക്കുന്ന ആഫ്രിക്കക്കാരെ സഹായിക്കാൻ ദശലക്ഷക്കണക്കിന് ഡോളറും പൗണ്ടും പിരിച്ചെടുത്തിട്ടുണ്ട്. പട്ടിണിയിലായിരിക്കുന്ന എണ്ണമറ്റയാളുകളെ ടെലിവിഷനിൽ കണ്ട് നടുക്കത്തോടെ നിങ്ങൾ ഇപ്രകാരം ചിന്തിച്ചിരിക്കാം: ‘പട്ടിണി എന്തുകൊണ്ട്?’
നാം കാലാവസ്ഥയെ പഴിക്കണമോ?
“ആഫ്രിക്കയിലെ ക്ഷാമത്തിനുള്ള കാരണം വരൾച്ചയാണെന്നുള്ള വിശദീകരണത്തിൽ പൊതുജനങ്ങൾ പൂർണ്ണമായും സംതൃപ്തരല്ല” എന്ന് ജനങ്ങൾ എന്ന ബ്രിട്ടീഷ് മാസികയിൽ പാരിസ്ഥിതിക വാർത്താസേവന ഡയറക്ടർ എഴുതുന്നു. എന്തുകൊണ്ട്? ഒരു സംഗതി, കഴിഞ്ഞ നൂറ്റാണ്ടുകളിൽ വരൾച്ച എല്ലായ്പ്പോഴും ദുരവസ്ഥയിൽ പരിണമിച്ചിട്ടില്ല.
ഇപ്പോഴത്തെ ജനസംഖ്യയെക്കാൾ കൂടുതൽ ആളുകളെ പോറ്റിപ്പുലർത്താനുള്ള ധാന്യം വിളയിക്കുന്നതിനുള്ള ഫലഭൂയിഷ്ഠമായ മണ്ണ് ആഫ്രിക്കയ്ക്കുണ്ട്. എന്നാൽ ലോകത്തിന്റെ സമ്പദ് വ്യവസ്ഥ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഗവൺമെൻറുകൾ സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നതിനാൽ കൃഷീവലൻമാർ നല്ല നിലങ്ങളിൽ നിന്ന് തുരത്തപ്പെടുന്നു—ആ നിലങ്ങൾ ഇപ്പോൾ വിഭവങ്ങൾ വിദേശങ്ങളിലേക്ക് കയറ്റിയയ്ക്കാൻ ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ട് ആഫ്രിക്കയുടെ ഭൂരിപക്ഷം വരുന്ന ഗ്രാമീണർ ഉൽക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങൾക്ക് വേണ്ടത്ര ഭക്ഷണം എന്നെങ്കിലും ലഭിക്കുമോ എന്ന് അവരിലനേകർ സംശയിക്കുന്നു.
ഗവൺമെൻറുകൾ സ്വത്ത് വിതരണം ചെയ്യുന്ന രീതിയാണ് മറ്റൊരു കാരണം. “ഗവൺമെൻറധികാരികൾ കഴിയുന്ന നഗരങ്ങൾ നാട്ടിൻ പുറങ്ങളിൽനിന്ന് വളരെ വ്യത്യസ്തമാണ്. ഗവൺമെൻറിന്റെ വികസന പരിപാടികളെല്ലാം അത്തരം നഗരങ്ങൾ ഹോട്ടലുകളാലും ഫാക്ടറികളാലും സർവ്വകലാശാലകളാലും കാറുകളാലും നിറയ്ക്കുന്നതിനുവേണ്ടി മാത്രം ഉപകരിക്കുന്നു. ഇത്തരം ചെലവുകൾ നികത്തുന്നതിനുവേണ്ടി ഗ്രാമങ്ങളിൽ കഴിയുന്ന പത്തിൽ ഏഴ് ആഫ്രിക്കക്കാരെയും പിഴിഞ്ഞെടുക്കുന്നു” എന്ന് ആഫ്രിക്കൻ വിഷമത്തിൽ എന്ന തന്റെ പുസ്തകത്തിൽ ലോയിഡ് ലിംബർ ലെയ്ക്ക് വിശദീകരിക്കുന്നു.
വിദേശ സഹായത്തിന് ‘വിശപ്പിന്റെ രോദനം’ ഇല്ലാതാക്കാൻ കഴിയുമോ?
“വിദേശരാജ്യങ്ങൾ ഒരു കൈകൊണ്ട് നൽകുമ്പോൾ തന്നെ മറുകൈകൊണ്ട് എടുക്കുന്നു” എന്ന് അന്തർദ്ദേശീയ മനുഷ്യത്വ വിഷയങ്ങളുടെ സ്വതന്ത്ര കമ്മീഷനുവേണ്ടിയുള്ള ഒരു റിപ്പോർട്ടായിരിക്കുന്ന ക്ഷാമം—ഒരു മനുഷ്യനിർമ്മിത വിപത്തോ? എന്ന പുസ്തകം പ്രസ്താവിക്കുന്നു. “സഹായം നൽകുന്ന ഗവൺമെൻറുകൾക്ക് യാതൊരു വ്യാമോഹങ്ങളും ഉണ്ടായിരിക്കരുത്. പക്ഷേ ധർമ്മസഹായം ആയിരിക്കുന്നതിനുപകരം ഇത് അവർക്ക് ആദായമുള്ള ഒരു ഇടപാടാണ്” എന്ന് അത് തുടർന്നു പറയുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സഹായം നൽകുന്ന ഗവൺമെൻറുകൾക്ക് പ്രത്യുപകാരമെന്നനിലയിൽ പലപ്പോഴും അതിൽ കൂടുതൽ അവിടെനിന്ന് ലഭിക്കുന്നു. “ഞങ്ങൾ ബ്രിട്ടനിൽ ദൈനംദിനം ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രമുഖ ഉറവ് ആഫ്രിക്കയാണ് . . . അവിടെ റബ്ബറും പഞ്ഞിയും തടിയും ഉല്പാദിപ്പിക്കപ്പെടുന്നു. അത് ആടുമാടുകളുടെയും പച്ചക്കറികളുടെയും നവ പുഷ്പങ്ങളുടെയും ഉറവെന്നനിലയിൽ ക്രമാനുഗതമായി വികസിച്ചിട്ടുണ്ട്” എന്ന് ബ്രിട്ടീഷ് മാസികയായിരിക്കുന്ന പാരിസ്ഥിതിക വിജ്ഞാനി വിശദീകരിക്കുന്നു.
കയറ്റിയയ്ക്കുന്ന ഈ ഉൽപ്പന്നങ്ങളിൽനിന്ന് ആഫ്രിക്കയ്ക്ക് പണം ലഭിക്കുന്നുണ്ടെന്നുള്ളത് സത്യംതന്നെ. എന്നാൽ ഈ പണം പട്ടിണിയിലായിരിക്കുന്നവരെ സഹായിക്കാൻ വളരെ വിരളമായേ ഉപയോഗിക്കുന്നുള്ളു. മറിച്ച് ഈ പണം പട്ടണങ്ങൾ വികസിപ്പിക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും യുദ്ധോപകരണങ്ങൾ വാങ്ങുന്നതിനും വിദേശ കടങ്ങൾ അടയ്ക്കുന്നതിനും ഉപയോഗിക്കപ്പെടുന്നു. “ദരിദ്രർ സമ്പന്നരെ പോഷിപ്പിക്കുന്നതിനാൽ പലയിടങ്ങളിലെയും പട്ടിണി വർദ്ധിക്കും . . . കയറ്റുമതിയുടെ വർദ്ധനവ് അന്തർദ്ദേശീയ വ്യാപാരികൾക്ക് ലാഭമുണ്ടാക്കും. . . . അത് വിശക്കുന്ന ആഫ്രിക്കക്കാരെ പോഷിപ്പിക്കയില്ല” എന്ന് രാഷ്ട്രം എന്ന അമേരിക്കൻ മാസിക പ്രസ്താവിക്കുന്നു.
‘രോദന’ത്തെ നിശബ്ദമാക്കുന്ന ഒരു ഗവൺമെൻറ്
ആഫ്രിക്കയുടെ ക്ഷാമം ഒരു പഴമൊഴി വിളിച്ചറിയിക്കുന്നു: “മനുഷ്യൻ മനുഷ്യന്റെ ദോഷത്തിനായി അധികാരം നടത്തിയിരിക്കുന്നു.” ഇത്തരം പ്രശ്നങ്ങൾ തുടരുന്നതെന്തുകൊണ്ടെന്ന് വിശദീകരിച്ചുകൊണ്ട് ബൈബിൾ പറയുന്നു: “വളഞ്ഞതിനെ നേരെയാക്കുക സാദ്ധ്യമല്ല.” (സഭാപ്രസംഗി 1:15; 8:9) അതെ, സ്വാർത്ഥരായ അപൂർണ്ണ മനുഷ്യരാൽ ഉണ്ടാക്കപ്പെട്ടിരിക്കുന്നതാണ് ഈ മാനുഷ ഗവൺമെൻറുകൾ. അത്തരം സ്ഥാപനങ്ങളെ എന്നെങ്കിലും “നേരെയാക്കുന്ന”തിനോ അവയ്ക്കു ഭൂമിയിലെ ദരിദ്രരുടെ ആവശ്യങ്ങൾക്കുവേണ്ടി യഥാർത്ഥമായി കരുതുന്നതിനോ എങ്ങനെ കഴിയും?
ഉത്തരത്തിനായി, ആഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വരൾച്ചയെ നേരിട്ടതെങ്ങനെയെന്ന് പരിചിന്തിക്കുക. അത് തുടങ്ങിയത് ഏതാണ്ട് പൊ. യു. മു. 1730-ലാണ്. അത് ഏഴ് വർഷമുണ്ടായിരുന്നു. എന്നാൽ ഈജിപ്റ്റിലെ ഭരണാധികാരി ദിവ്യ മാർഗ്ഗനിർദ്ദേശം അനുസരിച്ചുകൊണ്ട് സമൃദ്ധിയുടെ മുൻവർഷങ്ങളിൽ ധാരാളം ധാന്യം സംഭരിച്ചുവച്ചു. ഇതു നിമിത്തം ആ ഭരണാധികാരിയുടെ യാതൊരു പ്രജയും ക്ഷാമം നിമിത്തം മരിക്കാനിടയായില്ല. വാസ്തവത്തിൽ ‘മുഴു ഭൂമിയിലും ക്ഷാമം ബാധിച്ചതിനാൽ’ മറ്റ് ദേശങ്ങളിൽ നിന്ന് ആളുകൾ ഈജിപ്റ്റിൽ വന്ന് ധാന്യം വാങ്ങുകയുണ്ടായി.—ഉല്പത്തി 41:1-57; 47:13-26.
ഇന്ന് ദിവ്യ നിർദ്ദേശം ലഭിക്കുന്നതാർക്കാണ്? മർദ്ദനത്തിന്റെയും വക്രതയുടെയും മാനുഷ ചരിത്രത്തിൽ തിളങ്ങുന്ന ഒരുവനായ യേശുക്രിസ്തുവിന്. “അവൻ നൻമ ചെയ്തുകൊണ്ട് ദേശത്ത് സഞ്ചരിച്ചു” എന്നും “അവൻ പാപം ചെയ്തില്ല” എന്നും ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 10:38; 1 പത്രോസ് 2:22) ‘എന്നാൽ “വിശപ്പിന്റെ രോദനത്തെ” നിശബ്ദമാക്കാൻ കഴിയുന്ന ഒരു ഗവൺമെൻറിന് അതുമായി എന്തു ബന്ധമാണുള്ളത്?’ എന്ന് നിങ്ങൾ ചോദിച്ചേക്കാം. ഒരു വലിയ ബന്ധമുണ്ട്. എന്തുകൊണ്ടെന്നാൽ സകല മനുഷ്യവർഗ്ഗത്തെയും ഭരിക്കാൻ ദൈവം നിയമിച്ചിരിക്കുന്ന ഭരണാധികാരി യേശുവാണ്. വിശന്ന പുരുഷാരത്തെ അത്ഭുതകരമായി പോഷിപ്പിച്ചതുൾപ്പെടെ യേശു ചെയ്ത സകലതും മാനുഷ ഗവൺമെൻറുകളെക്കാൾ ദൈവത്തിന്റെ സ്വർഗ്ഗീയ ഗവൺമെൻറ് ശ്രേഷ്ഠമാണെന്ന് ചൂണ്ടിക്കാണിച്ചു. മുഴുഭൂമിയുടെയും ഭരണം ദൈവരാജ്യം ഏറ്റെടുക്കുന്ന സമയത്തിലേക്കും അവൻ വിരൽചൂണ്ടി.—മർക്കോസ് 8:1-9; വെളിപ്പാട് 11:15.
പെട്ടെന്നുതന്നെ ദൈവത്തിന്റെ നിയമിതരാജാവ് സകലർക്കും നീതിപൂർവ്വം ഭക്ഷണം വിതരണം ചെയ്യും. അവന് ‘വിശപ്പിന്റെ രോദന’ത്തെ നിശബ്ദമാക്കാൻ കഴിയും. (ലൂക്കോസ് 21:10, 11, 31) ക്രിസ്തുവിന്റെ ഭരണത്തോടുള്ള ബന്ധത്തിൽ ഈ ഹൃദയോദ്ദീപകമായ വാഗ്ദത്തം ബൈബിളിലുണ്ട്: “അവന് സമുദ്രം മുതൽ സമുദ്രം വരെയും . . . ഭൂമിയുടെ അറ്റങ്ങൾ വരെയും പ്രജകളുണ്ടായിരിക്കും. അവന് എളിയവരോടും ദരിദ്രരോടും അനുകമ്പതോന്നും. ദരിദ്രരുടെ പ്രാണനെ അവൻ രക്ഷിക്കും. ഭൂമിയിൽ ധാന്യസമൃദ്ധിയുണ്ടാകും.” ആ സമയത്ത് ആരും എന്നെങ്കിലും ഇപ്രകാരം പറയേണ്ടിവരികയില്ല: “ഈ ഗവൺമെൻറിന് ഞങ്ങളെ പോറ്റാൻ വയ്യ.” എന്തുകൊണ്ടെന്നാൽ പട്ടിണിയും കഷ്ടതയും മരണവും പൊയ്പ്പോയിരിക്കും.—സങ്കീർത്തനം 72:8, 13, 16; വെളിപ്പാട് 21:3-5. (g87 6/8)
[18-ാം പേജിലെ ചിത്രം]
ഭൂമി സമൃദ്ധമായി വിളയുന്നു