ലോകത്തിലെ ഏറ്റവും ചെറിയ മാനിനെ പരിചയപ്പെടുക
അത് 1935 ആയിരുന്നു. ചിലിയിലെ ഒരു കർഷകൻ മനോഹരമായ കുറികോ മലനാട്ടിൽ തന്റെ ഭൂമി കൃഷിക്കായി ഉഴുതു തയ്യാറാക്കുകയായിരുന്നു. പൊടുന്നനെ, പട്ടികൾ ഓടിക്കുന്ന ശബ്ദം കേട്ടു, അതൊരു മുയലായിരിക്കുമെന്ന് അദ്ദേഹം കരുതി. ഒരു ചെറു നായാട്ടു പട്ടിയുടെ വലിപ്പത്തിലുള്ള കോലാടിനെപ്പോലിരിക്കുന്ന ഒരു മൃഗം വനത്തിനുള്ളിൽനിന്ന് ഓടിവന്ന് തന്റെ കാലുകൾക്കിടയിൽ അഭയം തേടിയപ്പോൾ അദ്ദേഹത്തിനുണ്ടായ ഭ്രമം ഒന്നു സങ്കൽപ്പിക്കുക. ആ വിറക്കുന്ന ജീവിയെ തുറിച്ചു നോക്കിയപ്പോൾ അത് പുഡു എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും ചെറിയ മാൻ ആണെന്ന് കർഷകൻ തിരിച്ചറിഞ്ഞു.
ഈ നിരുപദ്രവകാരിയായ ചെറുമാൻ വിരളമായേ കാണപ്പെടുന്നുള്ളു. കാരണം ഇത് ഉയർന്ന നാടുകളുടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് കഴിയുന്നത്. ഇത് ഫലങ്ങളോ ഇലകളോ മറ്റ് സസ്യങ്ങളോ തേടി മാത്രമേ വെളിയിൽ വരുകയുള്ളു. എന്നാൽ അപകടത്തെ സംബന്ധിച്ച് അതിന്റെ അതിസൂക്ഷ്മമായ ശ്രവണ, ഘ്രാണ ഇന്ദ്രിയങ്ങൾ മുന്നറിയിപ്പു നൽകുമ്പോൾ അത് അതിവേഗം ഓടി മറയുന്നു. പുഡു തിങ്ങിനിറഞ്ഞ വനപ്രദേശം ഇഷ്ടപ്പെടുന്നു, കാരണം തുറസ്സായ സ്ഥലത്തുവച്ച് സൂര്യപ്രകാശം മൂന്ന് മണിക്കൂർ നേരിട്ടടിക്കുന്നതുപോലും അതിന്റെ മരണത്തിനിടയാക്കിയേക്കാം.
അതുകൊണ്ട് ഭീരുവായ ഈ മൃഗത്തെക്കുറിച്ച് വളരെ കുറച്ചേ അറിഞ്ഞിരുന്നുള്ളു. ഇത് ഒരു ചെമ്മരിയാടോ കോലാടോ അല്ല എന്ന് ജന്തു ശാസ്ത്രജ്ഞർ മനസ്സിലാക്കിയത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണ്. ആൺ മൃഗത്തിന്റെ 2.5-3.5 ഇഞ്ച് (6 മുതൽ 9 വരെ സെ.മീ.) വരുന്ന കൊമ്പുകൾ വർഷത്തിലൊരിക്കൽ നഷ്ടപ്പെടുന്നതിനാൽ, അത് ഒരു മാൻ ആണെന്ന് അവർ തിരിച്ചറിഞ്ഞു. വാസ്തവത്തിൽ രണ്ട് തരത്തിലുള്ള പുഡു ഉണ്ട്. ഒരിക്കൽ ദക്ഷിണ ചിലിയിലും അർജൻറീനയിലും വളരെയധികമുണ്ടായിരുന്ന ഒരു വർഗ്ഗം ചുവപ്പു നിറത്തിലുള്ള മൃദുരോമങ്ങൾ ഉള്ളവയാണ്. കൊളംബിയ, പെറു, ഇക്വഡോർ എന്നിവിടങ്ങളിൽ കാണുന്ന അതിന്റെ ഉത്തരവർഗ്ഗം അല്പം ഇരുണ്ട നിറമുള്ളവയാണ്. പുഡു പൂർണ്ണ വളർച്ചയെത്തുമ്പോൾ അതിന് ഏതാണ്ട് 16 ഇഞ്ച് (40 സെ.മീ) പൊക്കവും 28-31 ഇഞ്ച് (70-80 സെ. മീ.) നീളവും 22 പൗണ്ട് (10 കിലോ) ഭാരവും ഉണ്ടായിരിക്കും. അതിന്റെ മുൻകാലുകൾ അതിന്റെ പിൻകാലുകളെയപേക്ഷിച്ച് അല്പം നീളം കുറഞ്ഞതായിരിക്കുന്നതിനാൽ ഈ മൃഗത്തിന് ഒരു പ്രത്യേക ആകൃതിയാണുള്ളത്.
പുഡുവിന്റെ നിലനിൽപ്പ് ഭീഷണിയിൽ
പുഡു വലിയ ഭീരുവാണെങ്കിലും അത് സ്പഷ്ടമായും മനുഷ്യനെ പ്രിയപ്പെടുകയും അവരെ ആശ്രയിക്കുകയും ചെയ്യുന്നു. പുഡു ചെമ്മരിയാടുകളെയും കന്നുകാലികളെയും അടുത്ത് പിൻപറ്റിയിട്ടുണ്ടെങ്കിലും കർഷകരുടെ നായ്ക്കൾ അവയെ തുരത്തിയോടിക്കുന്നു. പുഡുവിന്റെ ആത്മവിശ്വാസം നേടിയ ഗവേഷകരുടെ കരങ്ങളിലും മുഖത്തും ഈ പുതു സുഹൃത്ത് പലപ്പോഴും നക്കിയിട്ടുണ്ട്. മൃഗങ്ങളിൽ ഗവേഷണം നടത്തുന്ന ഒരു വ്യക്തി ഒരു പെൺ പുഡുവുമായി പരിചയത്തിലായി. അത് അദ്ദേഹത്തിന്റെ മടിയിലേക്ക് ചാടുകയും മുഖം നക്കുകയും അതിന്റെ തലകൊണ്ട് തന്റെ കൂട്ടിനടുത്തേക്ക് അദ്ദേഹത്തെ തള്ളുകയും ചെയ്തു—സ്പഷ്ടമായും പുതുതായുണ്ടായ തന്റെ കുട്ടിയെ അദ്ദേഹത്തെ കാണിക്കുന്നതിനുവേണ്ടിയായിരുന്നു.
പുഡുവിന് കുറുക്കൻ, കാട്ടുപൂച്ച, കാട്ടുപുലി, മൂങ്ങാ തുടങ്ങിയ സ്വഭാവിക ശത്രുക്കളുണ്ടെങ്കിലും അതിന്റെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്. കഴിഞ്ഞ കാലങ്ങളിൽ ഈ ചെറുമാൻ വളരെ സ്വതന്ത്രമായി ചുറ്റിക്കറങ്ങുകയും അതേസമയം അതിന്റെ വേഗതയും ബുദ്ധിയും ഉപയോഗിച്ച് ഇരപിടുത്തക്കാരിൽനിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. പുഡുവിന് ഒരു കുറുക്കനെയോ കാട്ടുപൂച്ചയേയോ കബളിപ്പിക്കുന്നതിനുവേണ്ടി തന്റെ സ്വന്തം ഗതിയിൽ പിന്തിരിഞ്ഞോടുന്നതിനും നീന്തുന്നതിനും കഴിയും. എന്നാൽ ഇപ്പോൾ മനുഷ്യർ വനങ്ങൾ വെട്ടിനശിപ്പിക്കുന്നതിനാൽ പുഡുവിന്റെ പ്രദേശം സ്ഥായിയായി കുറഞ്ഞുകൊണ്ടിരിക്കയാണ്. അതുകൊണ്ട് പുഡു ഇപ്പോൾ കുറ്റിക്കാടിനുള്ളിൽ ഉണ്ടാക്കിയിരിക്കുന്ന തുരങ്കങ്ങളിൽ കഴിയുന്നു. ഇത് വെടിപ്പുള്ള ഒരു മൃഗമായിരിക്കുന്നതിനാൽ ഇതിന്റെ തുരങ്കത്തിൽ ഭക്ഷണത്തിനും ഉറക്കത്തിനും വിസർജ്ജനത്തിനും പ്രത്യേകം പ്രത്യേകം സ്ഥാനങ്ങളുണ്ട്. അവ ജീവിതകാലം മുഴുവൻ സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്നു. തങ്ങളുടെ തുരങ്കങ്ങൾ ഇവ അടുത്ത് പരിചയപ്പെട്ടിരിക്കുന്നതാണ് അതിജീവനത്തിനുള്ള ഒരു താക്കോൽ. പുഡുവിന് വളരെ വേഗം ഓടുന്നതിനും നന്നായി നീന്തുന്നതിനും കഴിയുമെങ്കിലും അത് തുറസ്സായ സ്ഥാനങ്ങളിൽ വച്ച് പെട്ടെന്ന് പിടിക്കപ്പെട്ടേക്കാം. എന്നാൽ അതിനെ തുരങ്കങ്ങളിൽവച്ച് പിടിക്കുക അത്ര എളുപ്പമല്ല. ഒരു ഗവേഷകൻ പറയുന്നതനുസരിച്ച്, അതിന് ഇരപിടുത്തക്കാരനെ പിമ്പിലാക്കിക്കൊണ്ട് “ഒരു വെടിയുണ്ട പോലെ പായാൻ” കഴിയും.
പുഡുവിനെ വേട്ടയാടുന്നത് തടഞ്ഞിരിക്കയാണെങ്കിലും, തത്വദീക്ഷയില്ലാത്ത ചില മനുഷ്യർ നിരുപദ്രവകാരിയായിരിക്കുന്ന ഈ ചെറുജീവിയെ പിടിച്ച് കൊല്ലുന്നു. ഈ വേട്ടക്കാർ അതിന്റെ വിലപിടിപ്പുള്ള മൃദുരോമവും രുചികരമായ ഇറച്ചിയും ആഗ്രഹിക്കുന്നു. ഇവയ്ക്ക് വിദേശ കാഴ്ച ബംഗ്ലാവുകൾ നൽകുന്ന ഉയർന്ന വിലയാൽ ചിലർ ആകർഷിക്കപ്പെട്ടിരിക്കുന്നു. അവർ പുഡുവിന്റെ തുരങ്കത്തിൽനിന്ന് അവയെ ഭീഷണിപ്പെടുത്തി വെളിയിൽ വരുത്താൻ ചെറു പട്ടികളെ പരിശീലിപ്പിക്കുന്നു. എന്നാൽ പുഡുവിന് പട്ടിയെ മറികടന്ന് നീന്താൻ കഴിയുന്നതിനാൽ അവ അടുത്തുള്ള നദികളിലേക്കോടുന്നു. അവിടെവച്ച് ഇവയെ പിടിക്കാൻ മനുഷ്യർ വള്ളങ്ങളിൽ കാത്തുനിൽക്കുന്നു. പലപ്പോഴും ഈ മൃഗങ്ങൾക്ക് മുറിവേൽക്കുന്നു. ഒരു ഗവേഷകൻ പറയുന്നതനുസരിച്ച് 80 ശതമാനത്തോളം ഭീതി നിമിത്തം ചത്തുപോകുന്നു.
ഭയമാണ് പുഡുവിന്റെ ബലഹീനത. അതിന് ഭയമുള്ളപ്പോൾ അതിന്റെ കണ്ണുകൾ നിറയുകയും അത് വിറയ്ക്കുകയും രോമം എഴുന്നു നിൽക്കുകയും പലപ്പോഴും ഹൃദയസ്തംഭനം മൂലം ചത്തുപോവുകയും ചെയ്യുന്നു. ഇക്കാരണത്താൽ ഗ്രാമവാസികളും സർവ്വകലാശാലകളും ഇവയെ വീട്ടുമൃഗമെന്ന നിലയിൽ വളർത്തിയിട്ടുണ്ടെങ്കിലും ഇവ അധികം നാൾ അവിടെ ജീവിക്കുന്നതായി കാണപ്പെടുന്നില്ല. അവ പലപ്പോഴും സ്പഷ്ടമായ യാതൊരു കാരണവുമില്ലാതെ നശിച്ചുപോകുന്നു. അവ ബന്ധനത്തിലെ സമ്മർദ്ദത്തിന്റെ ഇരകളാണ്. പുഡു സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു.
പുഡു എത്രയും പെട്ടെന്നുതന്നെ ഈ ദേശത്ത് വംശനാശം വന്നുകൊണ്ടിരിക്കുന്ന 68 സ്തന്യപജന്തുക്കളുടെ ലിസ്റ്റിൽ ഉൾപ്പെടുമെന്ന് ഭയപ്പെടുന്നു. എന്നിരുന്നാലും ലോക വന്യമൃഗസ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഒരു ഗവേഷകന്റെ അടുത്ത കാലത്തെ പഠനമനുസരിച്ച് പുഡു അതിജീവിച്ചേക്കാം. എങ്ങനെ? തുരങ്കത്തിന്റെ സഹായത്തോടെ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേർന്നുകൊണ്ട്. എന്നാൽ ചിലിയുടെ പർവ്വതങ്ങളിൽ കാണുന്ന സിംഹങ്ങളുടെയും കാട്ടുപൂച്ചകളുടെയും സംഗതി വ്യത്യസ്തമാണ്. അവ വംശനാശത്തിന്റെ വക്കിലാണ്. സമ്മർദ്ദപൂരിതമോ മാറിക്കൊണ്ടിരിക്കുന്നതോ ആയ സാഹചര്യങ്ങളിൽ നിഷ്ഠൂരരും ആക്രമിക്കുന്നവരും ആയിരിക്കുന്നതിനുപകരം വഴക്കമുള്ളവരും സൗഹൃദമുള്ളവരുമായിരിക്കുന്നത് എത്രയോ നല്ലതാണ്!
സമാധാനപൂർണ്ണമായ പുതിയ വ്യവസ്ഥിതി വരെ പുഡു നിലനിൽക്കുമെന്ന് നമുക്കാശിക്കാം. അപ്പോൾ ഇത്തരം ജീവികൾക്ക് തങ്ങളുടെ സംരക്ഷണ തുരങ്കങ്ങൾ വിട്ട് വെളിയിൽ വരുന്നതിനും ഭീതിയില്ലാതെ സ്വാതന്ത്ര്യം ആസ്വദിക്കുന്നതിനും കഴിയും. ലോകത്തിലെ ഏറ്റവും ചെറിയ മാനിനെ പരിചയപ്പെടാൻ നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ? (g87 5/8)
[28-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
New York Zoological Society photos