ചെറുപ്പക്കാർ ചോദിക്കുന്നു . . .
എനിക്ക് സമ്മർദ്ദത്തെ കീഴടക്കാൻ കഴിയുമോ?
നിങ്ങൾ കാല് തട്ടി വീഴാനിടയായ ഒരു കസേരയെ എന്നെങ്കിലും തൊഴിച്ചിട്ടുണ്ടോ? അല്ലെങ്കിൽ നിങ്ങളുടെ ഗൃഹപാഠങ്ങളോട് അത്ര മടുപ്പ് തോന്നി പാഠപുസ്തകങ്ങൾ എടുത്തെറിഞ്ഞിട്ടുണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ, സമ്മർദ്ദത്തിന് എങ്ങനെ നിങ്ങൾക്ക് പിന്നീട് ഖേദം തോന്നിയേക്കാവുന്ന തരം മൂഢപ്രവൃത്തികൾ തൊടുത്തുവിടാൻ കഴിയും എന്ന് നിങ്ങൾക്ക് അനുഭവപ്പെട്ടിരിക്കും. തൊഴിക്കുകയും തകർക്കുകയും ചെയ്യുക വഴി അല്ലാതെ സമ്മർദ്ദത്തെ കീഴടക്കാൻ മറ്റു മെച്ചമായ മാർഗ്ഗങ്ങളില്ലേ? ഉണ്ട്, പക്ഷേ ആദ്യം സമ്മർദ്ദത്തെക്കുറിച്ച് അല്പം ചിലത് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
“പൊതുവേ നിർവ്വചിച്ചാൽ സമ്മർദ്ദം എന്നത് എന്തിനെങ്കിലും—മനക്തോഭമോ, രോഗമോ, തണുപ്പോ, ചൂടോ മുറിവോ, അങ്ങനെ എന്തിനെങ്കിലും—വിധേയമാകുമ്പോൾ ശരീരത്തിന് സംഭവിക്കുന്നതാണ്,” എന്ന് കൗമാരസമ്മർദ്ദം എന്ന ഗ്രൻഥത്തിന്റെ കർത്താക്കൾ പറയുന്നു. “എന്തിനെങ്കിലും” എന്നതിൽ അവർ നല്ല കാര്യങ്ങളും ഉൾപ്പെടുത്തുന്നു. അവർ പറയുന്നത് “നിങ്ങളുടെ ഏറ്റവും സന്തോഷകരമായ ചില സന്ദർഭങ്ങൾക്ക് നിങ്ങളുടെ ഏറ്റവും സമ്മർദ്ദം നിറഞ്ഞതും ആയിരിക്കാൻ കഴിയും.”
സമ്മർദ്ദം നിങ്ങളെ എങ്ങനെ ബാധിക്കുന്നു? നിങ്ങൾക്ക് മാനസിക വിക്ഷോഭവും പരിഭ്രമവും ഉണ്ടാകുമ്പോൾ എന്തു സംഭവിക്കുന്നുവെന്ന് നിങ്ങൾക്കറിയാം. ഹൃദയം ശക്തിയായി ഇടിക്കുകയും കൈപ്പത്തികൾ വിയർക്കുകയും കൈകൾ വിറയ്ക്കുകയും മുഖം തുടുക്കുകയും വയറ് കൊളുത്തിപ്പിടിക്കുകയും വായ് വരളുകയും ചെയ്യുന്നു. ഇവയ്ക്കെല്ലാം കാരണമായി ധാരാളം കാര്യങ്ങൾ നിങ്ങളുടെ ശരീരത്തിൽ നടക്കുന്നു.
ഗ്രൻഥികൾ, കോർട്ടിസോൺ, അഡ്രിനലിൻ മുതലായ ശക്തമായ ഹോർമോണുകൾ രക്തപ്രവാഹത്തിലേക്ക് ചൊരിയുന്നു. നിങ്ങളുടെ കരൾ രക്തത്തിലേക്ക് കൂടുതൽ പഞ്ചസാര കലർത്തുന്നു. ഇവയെല്ലാം ഹൃദയസങ്കോചത്തെ ഉദ്ദീപിപ്പിക്കുകയും രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും പേശിമുറുക്കത്തിന് ഇടയാക്കുകയും ചെയ്യുന്നു.
കൗമാരപ്രായക്കാർ സമ്മർദ്ദലക്ഷ്യങ്ങളാണ്
കൗമാരപ്രായക്കാർ സ്വാഭാവികമായിത്തന്നെ സമ്മർദ്ദത്തിന് വിധേയരാണ്. കൗമാരം നിങ്ങളുടെ ശരീരത്തെ അനവധി വ്യതിയാനങ്ങൾക്ക് അധീനമാകാൻ കാരണമാകുന്നു. കൂടാതെ നാം സദാ മാറിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ ജീവിക്കുകയുമാകുന്നു. (1 കൊരിന്ത്യർ 7:31 താരതമ്യപ്പെടുത്തുക) എങ്കിലും, മുതിർന്നവർ, ‘നീ ചെറുപ്പമാണ്, സകല ചിന്തകളിൽനിന്നും സ്വതന്ത്രൻ, നീ സന്തോഷത്തോടെ ഇരിക്കേണ്ടതാണ്,’ എന്ന് അബദ്ധാഭിപ്രായം പുറപ്പെടുവിച്ചേക്കാം. എന്നാൽ ചെറുപ്പമായിരിക്കുക എന്നത് എങ്ങനെ ആണെന്ന് ഒരുപക്ഷേ അവർ മറന്നുപോയിരിക്കും. എല്ലാറ്റിനും പുറമെ, നിങ്ങൾക്ക്, നിങ്ങളുടെ ആകാരം, ലൈംഗികത, ആരോഗ്യം, സുഹൃത്തുക്കൾ, മാതാപിതാക്കൾ, അദ്ധ്യാപകർ, നിലവാരങ്ങൾ, പണം, ലോക സാഹചര്യം, മരണം എന്നിവയെക്കുറിച്ചുള്ള ആകുലതകളും ഉണ്ട്. എന്തിന്, ചെറുപ്പമായിരിക്കുന്നതാണ് മിക്കവാറും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സമ്മർദ്ദപൂർണ്ണമായ കാലം! പക്ഷേ പരിഭ്രമിക്കേണ്ട. പ്രത്യാശയ്ക്കു വകയുണ്ട്.
ഒരു സംഗതി, അല്പമൊക്കെ സമ്മർദ്ദം നിങ്ങൾക്കു നല്ലതാണ്. എങ്ങനെ? ഒരു പരീക്ഷയ്ക്കു ഇരിക്കുന്ന കാര്യം ഒന്നു പരിഗണിക്കുക. “വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് അല്പം സമ്മർദ്ദം നിങ്ങളുടെ മനസ്സിനെ ജാഗ്രതയുള്ളതാക്കുകയും നിങ്ങളുടെ നീരുകളുടെ ഒഴുക്കിനെ നിലനിർത്തുകയും ചെയ്യുന്നു,” എന്ന് പതിനേഴ് എന്ന യുവാക്കളുടെ മാസികയിൽ ജൂഡിത് കെൽമാൻ എഴുതുന്നു. പ്രസിദ്ധമായ വാൻ ക്ലീബേർൺ മത്സരത്തിൽ വിജയിയായ പിയാനിസ്റ്റ് ആന്ധ്രി-മൈക്കൽ സ്കൂബ് ഇങ്ങനെ പ്രസ്താവിച്ചതായി ഒരിക്കൽ ഉദ്ധരിക്കപ്പെട്ടു: “പരിപാടി നിർവ്വഹിക്കുന്ന ഏവനും ഒരു ചെറിയ അളവു വരെ സഭാകമ്പം അനുഭവപ്പെടുന്നു. . . . അത് നന്നായി അവതരിപ്പിക്കത്തക്കവണ്ണം ഏകാഗ്രമാക്കുവാൻ കൂടുതൽ ഊർജ്ജം ഉണ്ടാകുന്നതിനും കൂടുതൽ ഉത്കർഷമായിരിക്കുന്നതിനുമുള്ള ഒരു മാർഗ്ഗമാണ്.” അതുകൊണ്ട് ഏതുവിധേനയും സമ്മർദ്ദത്തെ ഒഴിവാക്കരുത്.
ചെറുപ്പക്കാർ ഏറ്റവും നന്നായി സമ്മർദ്ദത്തെ ഏൽക്കുന്നു
എന്നിരുന്നാലും, സാധാരണയായി യുവാക്കൾ ഒരു നല്ല അളവോളം ഊർജ്ജവും സമ്മർദ്ദങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ ഒരു പ്രത്യാശാ മനോഭാവവും കൊണ്ട് സജ്ജരാണ്. ബൈബിൾ പ്രസ്താവിക്കുന്നു: “യൗവനക്കാരുടെ സൗന്ദര്യം അവരുടെ ശക്തിയാകുന്നു.” (സദൃശവാക്യങ്ങൾ 20:29) “അധിക സമ്മർദ്ദത്തിന്റെ ദുഷ്ഫലങ്ങളിൽനിന്നും സ്വയം വീണ്ടെടുക്കാൻ പ്രായമുള്ളവരേക്കാൾ പെട്ടെന്ന് . . . ചെറുപ്പക്കാർക്ക് . . . സാധിക്കുന്നു,” എന്ന് കൗമാര സമ്മർദ്ദം എന്ന ഗ്രൻഥത്തിന്റെ ഗ്രൻഥകർത്താക്കൾ പറയുന്നു. ന്യൂയോർക്കിൽനിന്നുള്ള ഇരുപത്തിമൂന്നു വയസ്സുകാരിയായ വിൻസെൻസാ ഇതിനൊരു ഉദാഹരണമാണ്. അവൾ പറയുന്നു.
“ഞാൻ എന്റെ കൗമാരത്തിലായിരുന്നപ്പോൾ എന്റെ മമ്മി കാൻസർ ബാധിച്ച് മരിച്ചു. പതിനെട്ടു മാസങ്ങൾക്കുശേഷം എന്റെ ഡാഡി പെട്ടെന്ന് ഹൃദയസ്തംഭനം മൂലം മരിച്ചു. ഞാനും എന്റെ രണ്ട് ഇളയ സഹോദരൻമാരും മാത്രം അവശേഷിച്ചു. അങ്ങനെയിരിക്കെ, ഞാൻ ഇദ്ദേഹത്തെ കണ്ടുമുട്ടുകയും ഇയാളുടെ കാമുകിയായിത്തീരുകയും ചെയ്തു. പക്ഷേ ഒരു രണ്ടു മാസത്തിനുശേഷം ഞങ്ങൾ തല്ലിപ്പിരിഞ്ഞു. ചിലപ്പോഴൊക്കെ ഞാൻ ഇങ്ങനെ ചിന്തിച്ചു, ‘ഞാൻ ആത്മഹത്യ ചെയ്യണോ, അതോ ഭ്രാന്ത് പിടിക്കുമോ, അതോ ഒടുവിൽ വല്ല ഭ്രാന്താലയത്തിലും ചെന്നു ചേരുമോ?’” വിൻസെൻസായ്ക്ക് ഏറ്റവും സമ്മർദ്ദം നിറഞ്ഞ ഈ സാഹചര്യത്തെ അതിജീവിക്കുവാൻ കഴിയുമായിരുന്നോ? അവൾ പറയുന്നു: “ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഞാൻ അതിലൂടെ കടന്നുപോന്നു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. പക്ഷേ ഞാൻ അത് ചെയ്തു! ഞാൻ ധാരാളം പഠിക്കുകയും ചെയ്തു.”
കൂടുതലായി, വിൻസെൻസാ യഹോവയുടെ സാക്ഷികളിലൊരുവളായ തന്റെ ആൻറിയിൽ നിന്നും മരിച്ചവർ ഭൂമിയിലെ ഒരു ഭാവിപരദീസയിൽ പുനരുത്ഥാനം ചെയ്യപ്പെടും എന്ന ബൈബിൾ പ്രത്യാശയെക്കുറിച്ച് പഠിക്കുകയുണ്ടായി. (യോഹന്നാൻ 5:28, 29) “ഞാൻ അന്ന് ഒരു കത്തോലിക്ക ആയിരുന്നെങ്കിലും, ഈ പുതുതായി കണ്ടെത്തിയ ബൈബിൾ പ്രത്യാശയിൽ ഞാൻ എന്റെ സർവ്വ ആശ്രയവും വെച്ചു. അതെന്നെ വളരെയധികം സഹായിക്കുകയുണ്ടായി,” എന്നവൾ പറയുന്നു.—2 കൊരിന്ത്യർ 1:9 താരതമ്യം ചെയ്യുക.
നിങ്ങൾക്ക് അത് മുഴുവൻ കീഴടക്കാൻ സാധിക്കുകയില്ല
എന്നുവരികിലും ഒരുവന് മുഴുസമ്മർദ്ദത്തെയും യഥാർത്ഥത്തിൽ കീഴടക്കാൻ ഒരിക്കലും സാധിക്കുകയില്ല. “നാം സദാ സമ്മർദ്ദത്തിലാണ്,” എന്ന് ബാലസമ്മർദ്ദം! എന്ന ഗ്രൻഥത്തിന്റെ കർത്താവ് പറയുന്നു, “അത് ഒട്ടുമില്ലാതെ വരുമ്പോഴേക്കും നാം മരിച്ചിരിക്കും.” പിന്നോട്ട് ബൈബിൾ കാലങ്ങളിലും ആളുകൾ സമ്മർദ്ദത്തിലായിരുന്നിട്ടുണ്ട്. ഒരു ശിശുവിനുവേണ്ടി അത്യധികം ആഗ്രഹിക്കുകയും എന്നാൽ മച്ചിയുമായിരിക്കുക നിമിത്തം വർഷങ്ങളോളം മിക്കവാറും കരയുകയും ആഹാരം കഴിക്കാൻ കൂട്ടാക്കാതിരിക്കയും ചെയ്ത ഹന്നയെക്കുറിച്ച് നാം വായിക്കുന്നു. (1 ശമുവേൽ 1:7) അതുപോലെ, യുവാവായ യിരെമ്യാവ്, രാഷ്ട്രങ്ങളോട് പ്രസംഗിക്കാൻ ദൈവം തന്നോട് ആവശ്യപ്പെട്ടപ്പോൾ വൈമുഖ്യമുള്ളവനായിരുന്നു. (യിരെമ്യാവ് 1:6) ഇയ്യോബ്, തന്റെ സ്വത്തുക്കൾ, തന്റെ കുടുംബം, തന്റെ ആരോഗ്യം എന്നിവ നഷ്ടപ്പെട്ടപ്പോൾ താൻ ജനിക്കാതിരുന്നെങ്കിൽ കൊള്ളായിരുന്നു എന്നാശിച്ചു. (ഇയ്യോബ് 3:10) ഒരു സന്ദർഭത്തിൽ, യേശു തന്റെ വിയർപ്പ് രക്തത്തുള്ളികളാകത്തക്കവണ്ണം അത്ര അതിവേദനയിലായിരുന്നിട്ടുണ്ട്.—ലൂക്കോസ് 22:44.
അതുകൊണ്ട് ആർക്കും സമ്മർദ്ദത്തിൽനിന്നും രക്ഷപെടാൻ കഴിയുകയില്ല. നിങ്ങൾ പിന്നെ എന്തു ചെയ്യും? അത് കൈകാര്യം ചെയ്യാൻ പഠിക്കുക. നിങ്ങൾക്ക് അതിന്റെ ആവശ്യമുണ്ട്, കാരണം അധിക സമ്മർദ്ദത്തിന് നിങ്ങളെ ശാരീരികമായി അസുഖത്തിലാക്കുന്നതിനും വൈകാരികമായി തകർച്ചയിലാക്കുന്നതിനും കഴിയും. അതിന് മനോവിഭ്രാന്തി ഉണ്ടാക്കുന്നതിനും നിങ്ങൾ പിന്നീട് ഖേദിക്കേണ്ടിവരുന്നതരം കാര്യങ്ങൾ പറയുന്നതിനും പ്രവർത്തിക്കുന്നതിനും നിങ്ങളെ പ്രേരിപ്പിക്കുന്നതിനും കഴിയും. അതിന് നിങ്ങളുടെ മനസ്സിനും ശരീരത്തിനും ക്ഷീണവും തേയ്മാനവും വരുത്താൻ കഴിയും. അതുകൊണ്ട്, സമ്മർദ്ദത്തെ കൈകാര്യം ചെയ്യാൻ ഇതാ ചില മാർഗ്ഗങ്ങൾ.
1. പ്രകോപക സംഗതികൾ കുറയ്ക്കുക. ചോരുന്ന ടാപ്, ഒച്ചയുണ്ടാക്കുന്ന വാതിൽ, ആടുന്ന മേശ എന്നിവക്ക് നമ്മെ ദേഷ്യം പിടിപ്പിക്കാൻ കഴിയും. ചെറിയ പ്രകോപക സംഗതികൾ നിങ്ങളുടെ സമ്മർദ്ദഭാരം വർദ്ധിപ്പിക്കുന്നു. അവയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യുക. വസ്തുക്കൾ നല്ലവണ്ണം മുറുക്കി, എണ്ണയിട്ട്, നന്നാക്കി സൂക്ഷിക്കുക. മിക്കപ്പോഴും വേണ്ട സാധനങ്ങൾ കൈയ്യെത്തുന്ന അകലത്ത് വെയ്ക്കുക. ക്രമീകരിക്കുക. വിദഗ്ദ്ധർ പറയുന്നത്, നാം നമ്മുടെ സമയത്തിന്റെ 20 മുതൽ 30 വരെ ശതമാനം സാധനങ്ങൾ നോക്കി കളയുകയാണെന്നാണ്. വീണ്ടും അടുക്കി ക്രമീകരിച്ച്, ശുചിയാക്കി അലങ്കരിച്ചു വെക്കുക. സുഖകരമാക്കുക. എന്നുവെച്ച് ഒരിക്കലും ഒരു പൂർണ്ണതാകാംക്ഷിയാകരുത്. അത് ആർക്കും താങ്ങാനാവാത്ത ഒരു സമ്മർദ്ദഭാരമാണ്.
2. നിങ്ങളുടെ പ്രവർത്തനങ്ങളെ ക്രമീകരിച്ച് പരിമിതപ്പെടുത്തുക. ഒരേ സമയത്ത് രണ്ടു മുയലിനെ പിടിക്കാൻ ശ്രമിച്ചാൽ രണ്ടിനെയും കിട്ടാതെ വരും എന്ന് ഒരു ചൊല്ലുണ്ട്. ഓരോ ദിവസവും നിങ്ങൾക്ക് ചെയ്യാനുള്ളത് പട്ടികപ്പെടുത്തുക, എന്നിട്ട് ഒരു സമയത്ത് ഒന്ന് ചെയ്യുക. ഗൃഹജോലികൾ എപ്പോൾ എങ്ങനെ ചെയ്യണമെന്നത് സംബന്ധിച്ച് മാതാപിതാക്കളുമൊത്ത് ഒരു പട്ടിക തയ്യാറാക്കുക. എന്നിട്ട് അവ മനസ്സോടെ ഉത്സാഹത്തോടെ ചെയ്യുക. നിങ്ങൾക്ക് വ്യസനമോ പരിഭ്രമമോ ഉണ്ടാക്കുന്നതരം സാഹചര്യത്തിൽ നിങ്ങളെ കൊണ്ടു ചെന്നെത്തിക്കുന്ന സമ്മർദ്ദപൂർണ്ണമായ സാഹസപ്രവർത്തനങ്ങളിൽ പങ്കുചേരരുത്. അത് അപ്പോഴത്തേക്ക് ഉദ്വേഗപൂർണ്ണമായിരിക്കാം, പക്ഷേ ഒടുവിൽ നാശകരമായിരിക്കും.
3. പരാജയ ഭീതി കുറയ്ക്കുക. സ്കൂൾ പരീക്ഷകൾക്ക് ആരുടെ മേലും യഥാർത്ഥത്തിൽ സമ്മർദ്ദം ചെലുത്താൻ കഴിയും. എങ്കിലും, നന്നായി തയ്യാറായി, തലേദിവസംതന്നെ എല്ലാം ക്രമപ്പെടുത്തി വെച്ച് നേരത്തെ കിടന്ന് നന്നായി ഉറങ്ങുന്നുവെങ്കിൽ നിങ്ങൾക്ക് പരാജയഭീതി കുറയ്ക്കാൻ കഴിയും. ഉദ്ദീപന ഔഷധങ്ങൾ കഴിക്കരുത്. അവ നിങ്ങളെ തുമ്പത്ത് നിർത്തിയേക്കാം—നിങ്ങൾക്ക് ഒരു തുമ്പും കിട്ടുകയില്ലതാനും. അനായാസം, പക്ഷേ നിങ്ങളുടെ പരമാവധി ചെയ്യുക. ഓർക്കുക, ഒരു പരീക്ഷകൊണ്ട് ഒരുവന്റെ ജീവിതം ഉണ്ടാകുകയോ തകരുകയോ ചെയ്യുന്നില്ല. നിങ്ങൾ പരാജയപ്പെടുന്നെങ്കിൽ ഇനിയും മറ്റവസരങ്ങളുണ്ട്. ശ്രമം ഉപേക്ഷിക്കരുത്. സദൃശവാക്യം 24:16-ൽ ബൈബിൾ ഒരു അനുകൂല മനോഭാവത്തിന് പ്രോത്സാഹിപ്പിക്കുന്നു. “നീതിമാൻ ഏഴുപ്രാവശ്യം പോലും വീണേക്കാം, അവൻ നിശ്ചയമായും എഴുന്നേൽക്കുകയും ചെയ്യും.”
4. ആരോടെങ്കിലും സംസാരിക്കുക. സ്റ്റീം ബോയ്ലറുകൾക്ക് രക്ഷാ വാൽവുകൾ ആവശ്യമാണ്. മനുഷ്യരായ നമുക്ക് അതിലേറെ ആവശ്യമാണ്. കുണ്ഠിതവും വ്യഥയും നിങ്ങളിൽ അടയ്ക്കപ്പെട്ടിരിക്കുന്നതായി തോന്നുമ്പോൾ, ആരോടെങ്കിലും—ഒരു സുഹൃത്തോ, മാതാവോ പിതാവോ ഒരു സഹോദരനോ ഒരു സഹോദരിയോ—നിങ്ങൾ സംസാരിക്കണം. ചിലപ്പോൾ, ദൈവത്തിന്റെ നീതിയുള്ള തത്വങ്ങൾ ബാധകമാക്കാൻ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ക്രിസ്തീയസഭയിലെ ഒരു മൂപ്പനെപ്പോലുള്ള ആരെങ്കിലുമായി സംസാരിക്കേണ്ടത് ആവശ്യമായി വരും. അത് ചെയ്യാൻ മനസ്സൊരുക്കമുള്ളവരായിരിക്കുക.—സദൃശവാക്യം 12:15.
5. പ്രാർത്ഥന ഉപയോഗിക്കുക. നേരത്തെ പരാമർശിച്ച ഹന്നാ, യിരെമ്യാവ്, ഇയ്യോബ്, യേശു എന്ന നാല് ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ച് ചിന്തിക്കുക. ഭാരിച്ച സമ്മർദ്ദത്തെ കൈകാര്യം ചെയ്യാൻ അവരെ ഏറ്റവും സഹായിച്ചതെന്തായിരുന്നു? അവരെല്ലാവരും തങ്ങളുടെ പ്രശ്നങ്ങൾ യഹോവയോട് സംസാരിച്ചു. ഹന്നാ അങ്ങനെ ചെയ്തു, യഹോവ അവൾക്ക് ഒരു ശിശുവിനെ നൽകി അനുഗ്രഹിച്ചു. (1 ശമുവേൽ 1:11, 20) യിരെമ്യാവ് അങ്ങനെ ചെയ്തു, യഹോവ അവനെ ജാതികൾക്ക് ഒരു ശക്തനും നിർഭയനുമായ പ്രവാചകനാക്കിത്തീർത്തു. (യിരെമ്യാവ് 1:6-10) ഇയ്യോബ് അങ്ങനെ ചെയ്തു, യഹോവ അവനുണ്ടായ നഷ്ടത്തിന് അനവധിമടങ്ങ് പകരം നൽകി. (ഇയ്യോബ് 42:10-17) യേശു അങ്ങനെ ചെയ്തു, യഹോവ അവൻ ഉയർക്കുന്നതിനും തന്റെ യാഗനടപടികൾ തുടരുന്നതിനും അവനെ ശക്തീകരിച്ചു.—ലൂക്കോസ് 22:44-46.
വിൻസെൻസായ്ക്ക് തന്റെ മാതാവും പിതാവും കാമുകനും നഷ്ടപ്പെട്ടതിനുശേഷം എന്തു സംഭവിച്ചു? അവൾ പറയുന്നു: “എനിക്ക് നഷ്ടപ്പെടാൻ കഴിയാത്ത ഒരാളെ എനിക്ക് കണ്ടെത്തേണ്ടിയിരുന്നു. എന്നെ ഒരിക്കലും പിരിയുകയില്ല എന്ന് എനിക്കറിയാമായിരുന്ന ഒരാളെ എനിക്ക് സ്നേഹിക്കണമായിരുന്നു. അപ്പോൾ ഞാൻ ചിന്തിച്ചു: ‘ദൈവത്തെ, നിശ്ചയമായും! അവൻ എപ്പോഴുമുണ്ട്. അവൻ എന്റെ പിതാവാകണം. അവൻ ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവാണ്.’ അതുകൊണ്ട് ഞാൻ പ്രാർത്ഥിച്ചു: ‘യഹോവയായ നീയാണ് യഥാർത്ഥ ദൈവവും പ്രപഞ്ചത്തിന്റെ സ്രഷ്ടാവുമെങ്കിൽ, ഞാൻ നിന്നെ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരുവളാണ്. ദയവായി, വന്ന് എന്നോട് അതു പറയൂ.’ പിന്നീട് ഒരു യഹോവയുടെ സാക്ഷി എന്റെ വാതിൽക്കൽ വരുകയും ഇങ്ങനെ പറയുകയും ചെയ്തു: ‘നിങ്ങളെ ഒരാൾ സ്നേഹിക്കുന്നതുകൊണ്ടാണ് ഞാൻ ഇവിടെ വന്നത്.’” വിൻസെൻസാ ഒരു ബൈബിളദ്ധ്യയനം സ്വീകരിച്ചു. “നിന്റെ സകല ചിന്താകുലവും അവന്റെ (ദൈവത്തിന്റെ) മേൽ ഇടുക, എന്തുകൊണ്ടെന്നാൽ അവൻ നിന്നെ കാക്കും,” എന്നു പറഞ്ഞിരിക്കുന്ന 1 പത്രോസ് 5:7 ബാധകമാക്കാൻ അവൾ പഠിച്ചു. അവളിപ്പോൾ മറ്റുള്ളവരെ അപ്രകാരം ചെയ്യാൻ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ട് നമുക്ക് ഒന്നുകൂടി ആവർത്തിക്കാം: നിങ്ങൾക്ക് സമ്മർദ്ദത്തെ ഇല്ലാതെയാക്കാൻ കഴിയുകയില്ല. പക്ഷേ നിങ്ങൾക്ക് അതിനെ കുറയ്ക്കാനും നിയന്ത്രിക്കാനും നിങ്ങളുടെ ചിന്താകുലം ദൈവത്തിലിടുന്നതിനും കഴിയും. അപ്പോൾ സമ്മർദ്ദം നിങ്ങളെ ഒരിക്കലും കീഴടക്കുകയില്ല. സങ്കീർത്തനം 55:22. (g87 4/8)