ബൈബിളിന്റെ വീക്ഷണം
മറുഭാഷ—അത് ദൈവത്തിൽനിന്നുള്ളതാണോ?
“ഉടനെ എന്റെ കരങ്ങളിൽ വിചിത്രമായ ഒരനുഭൂതിയുണ്ടായി . . . അത് പെട്ടെന്ന് വർദ്ധിക്കാൻ തുടങ്ങി! അത് ഒരായിരം—പതിനായിരം—ഒരു ദശലക്ഷം വോൾട്ട് വൈദ്യുതിപോലെയായിരുന്നു . . . എനിക്ക് മനസ്സിലാകാത്ത ഏതോ ഒരു ഭാഷയിൽ ഞാൻ ഏതാണ്ട് രണ്ട് മണിക്കൂർ സംസാരിച്ചു.”
ഈ അനുഭവം, ഇന്ന് ക്രിസ്തീയാരാധനാരീതിയോട് അനേകർ ബന്ധിപ്പിക്കുന്ന വളരെ വിവാദാത്മകമായ മറുഭാഷയെ സാക്ഷ്യപ്പെടുത്തുന്നു. ഇത് ഇന്ന് പെന്തിക്കൊസ്തുകാരുടെയും മറ്റ് സഭകളിലെ കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങളുടെയും ഒരു പ്രമുഖ സംഗതിയാണ്.
പെന്തക്കോസ്തു സഭയുടെ ഡോ. വിൽസൻ സൈനൻ മറുഭാഷ പറയുന്നതിൽ ആത്മാർത്ഥാരാധകർ അഭിമുഖീകരിക്കുന്ന വൈഷമ്യം ഊന്നിപ്പറഞ്ഞു. അയാൾ ഇപ്രകാരം പറഞ്ഞു: “അന്യഭാഷ സംസാരിക്കുന്നത് ഞങ്ങൾക്ക് ഇതികർത്തവ്യതാമൂഢതയാണ്.” എന്തുകൊണ്ട്? ഇന്ന് മറുഭാഷ നമുക്ക് അർത്ഥവത്തായി കാണപ്പെടുന്നില്ലെന്ന് ഡോ. സൈനൻ കുറിക്കൊണ്ടു. “അത് നമ്മെ ഇതികർത്തവ്യതാമൂഢരാക്കിയേക്കാം. മതവികാരങ്ങൾക്കടിമപ്പെട്ടുള്ള അനിയന്ത്രിത ഭാഷണം [മറുഭാഷ] ചരിത്രത്തിലെ നിർണ്ണായക സമയങ്ങളിൽ ദൈവം സഭയെ പുനരുജ്ജീവിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുംവേണ്ടി തെരഞ്ഞെടുത്ത വരമാണ്” എന്ന് അദ്ദേഹം തുടർന്നുപറഞ്ഞു.—ഇറ്റാലിക്സ് ഞങ്ങളുടേത്.
1900 വർഷങ്ങൾക്കു മുമ്പ് അത്തരം ഒരു നിർണ്ണായകമായ സമയത്ത് ഈ അസാധാരണ സംഗതി സംഭവിച്ചു.
അന്യഭാഷകൾ എന്തുകൊണ്ട്?
അത് പൊ. യു. 33-ലെ പെന്തക്കോസ്തായിരുന്നു. അത് ഒരു മാറ്റത്തിന് സമയമായിരുന്നു. പുരാതന യഹൂദ ന്യായപ്രമാണ ഉടമ്പടിയെ മാറ്റിയിട്ട് ഒരു പുതിയ ഉടമ്പടി തൽസ്ഥാനത്ത് പ്രതിഷ്ഠിക്കേണ്ടിയിരുന്നു. എന്തുകൊണ്ട്? യഹോവയാം ദൈവത്തെ ആരാധിക്കുന്നതിന് മെച്ചപ്പെട്ട ഒരു മാർഗ്ഗം തുറക്കുന്നതിനുവേണ്ടി. ആരാധനയുടെ ഈ മാറ്റത്തിൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരുന്നുവെന്ന് ആളുകൾക്ക് എങ്ങനെ മനസ്സിലായി? ധാർമ്മിക ചായ്വുള്ളവരുടെ ഹൃദയങ്ങളെ ചലിപ്പിക്കുന്നതിനുവേണ്ടി അവൻ അന്യഭാഷയുൾപ്പെടെ പല അത്ഭുതപ്രവൃത്തികൾ ഉപയോഗിച്ചു. ഇപ്പോൾ അവർ തങ്ങളുടെ പൂർവ്വപിതാക്കളുടെ സർവ്വശക്തനായ ദൈവം യേശുവിന്റെ ശിഷ്യൻമാർക്ക് അംഗീകാരം നൽകിയിരിക്കുന്നുവെന്ന് മനസ്സിലാക്കി.
അന്യഭാഷാവരം പെന്തെക്കോസ്തുദിവസം മറ്റൊരുദ്ദേശ്യം സാധിച്ചു. യേശുവിന്റെ നാളുകളിൽ അച്ചടിയോ റേഡിയോ പ്രക്ഷേപണങ്ങളോ ഉണ്ടായിരുന്നില്ല. സാധാരണക്കാരായ ആളുകളുടെയിടയിൽ എഴുതപ്പെട്ട രേഖകൾ സാധാരണമായിരുന്നില്ല. അതിനാൽ ദൈവേഷ്ടത്തിന്റെയും ദൈവോദ്ദേശ്യത്തിന്റെയും സുവാർത്ത വിശ്വാസികളുടെ നാവുകളിൽ കൊണ്ടുപോകേണ്ടിയിരുന്നു. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ഒരു ഡസനിലധികം നാടുകളിൽ നിന്നുള്ള യഹോവാരാധകർ യെരൂശലേമിൽ പെന്തെക്കോസ്തു പെരുനാളിന് വന്നിരുന്നു. അവർ വ്യത്യസ്തഭാഷകൾ സംസാരിച്ചിരുന്നു. ഏതാണ്ട് 120 ക്രിസ്തു ശിഷ്യൻമാർ യെരൂശലേമിൽ കൂടിയിരുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ ശക്തിപ്പെട്ട് ഈ ശിഷ്യൻമാർ വ്യത്യസ്തഭാഷകളിൽ സംസാരിച്ചുതുടങ്ങി. ആരാധകരുടെ ഒരു വലിയ പുരുഷാരത്തിന് എത്രകണ്ട് സുവാർത്ത നൽകിയിരിക്കണം! ഇവർക്ക് “[തങ്ങളുടെ സ്വന്തം] ഭാഷകളിൽ ദൈവത്തിന്റെ വൻകാര്യങ്ങൾ പ്രസ്താവിക്കുന്നത് കേൾക്കാൻ” കഴിഞ്ഞു.—പ്രവൃത്തികൾ 2:5-11.
ഈ അത്ഭുതം എത്ര ഫലപ്രദമായിരുന്നു? അന്നേദിവസം മൂവായിരം ശ്രോതാക്കൾ വിശ്വാസികളായിത്തീർന്നു. (പ്രവൃത്തികൾ 2:41) വിദൂരത്തിലുള്ള തങ്ങളുടെ ഭവനങ്ങളിൽ എത്തിയശേഷം ഈ പുതുവിശ്വാസികൾ “ഭൂമിയുടെ അതിവിദൂരഭാഗത്തോളം” സത്യാരാധനയെക്കുറിച്ച് സാക്ഷ്യം പറയുകയുണ്ടായി.—പ്രവൃത്തികൾ 1:8.
എന്നാൽ ഈ അന്യഭാഷാവരം അന്തിമമായി നിന്നുപോകുമെന്ന് ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾക്കുശേഷം പൗലോസ് സൂചന നൽകി. (1 കൊരിന്ത്യർ 13:8) ഇത് ന്യായമായിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പെന്തെക്കോസ്തിലെ അത്ഭുതങ്ങൾ ആദിമ ക്രിസ്ത്യാനിത്വത്തിന്റെ സ്ഥിരീകരണമെന്നനിലയിൽ അതിന്റെ ഉദ്ദേശ്യം നന്നായി സാധിച്ചു. അതിനാൽ അതിനുശേഷം അവയുടെ ആവശ്യമുണ്ടായിരുന്നില്ല.
1500 വർഷങ്ങൾക്കുമുമ്പ് സീനായി മലയിൽ നടന്ന സംഭവവും നമുക്ക് സമാനമായി വീക്ഷിക്കാവുന്നതാണ് ന്യായപ്രമാണ ഉടമ്പടി ദിവ്യോത്ഭവമുള്ളതാണെന്ന് സമ്മേളിതരെ ബോദ്ധ്യപ്പെടുത്തുന്നതിനുവേണ്ടി ദൈവം അവിടെ അസാധാരണ അടയാളങ്ങൾ കാണിച്ചു. ഒരിക്കൽ ആളുകൾ ഈ പുതിയ ക്രമീകരണത്തെ അംഗീകരിച്ചുകഴിഞ്ഞ് ഈ പ്രത്യേക അത്ഭുതങ്ങൾ അപ്രത്യക്ഷപ്പെട്ടു.—പുറപ്പാട് 19:16-19.
ഇന്നത്തെ അന്യഭാഷയോ?
ഇന്ന് അന്യഭാഷകളിൽ സംസാരിക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് തങ്ങളെ സഹായിക്കുമെന്ന് അനേകർ കരുതുന്നു. അന്യഭാഷാവരം നീങ്ങിപ്പോകുമെന്നുള്ള തിരുവെഴുത്തു തെളിവുകളുമായി നമുക്കിതിനെ എങ്ങനെ അനുരഞ്ജനപ്പെടുത്താൻ കഴിയും?
മറുഭാഷ പലപ്പോഴും ആർക്കും മനസ്സിലാകാത്ത വലിയ വൈകാരിക ശബ്ദസ്പോടനങ്ങളിൽ പരിണമിക്കുന്നു. അതിനാൽ അത് ദൈവത്തിൽനിന്നുള്ളതായിരിക്കയില്ല;. അത്തരം “വീര്യപ്രവൃത്തിക”ളോട് കപടഭക്തർ യേശുവിന്റെ നാമം ബന്ധിപ്പിക്കാൻ ശ്രമിക്കുമെന്ന് യേശു പറയുകയുണ്ടായി. എന്നാൽ അവൻ ഈ “അധർമ്മം പ്രവർത്തിക്കുന്നവരെ” തള്ളിക്കളഞ്ഞു. (മത്തായി 7:21-23) വഞ്ചകമായ അത്ഭുതങ്ങൾ അല്ലെങ്കിൽ “വ്യാജമായ അടയാളങ്ങളും അത്ഭുതങ്ങളും” ഉണ്ടായിരിക്കുന്ന ഒരു ഭാവിസമയത്തെക്കുറിച്ച് പൗലോസ് പ്രാവചനികമായി മുന്നറിയിപ്പു നൽകി. അതുകൊണ്ട്, “സകല നീതികെട്ട വഞ്ചനയും” മുഖ്യവഞ്ചകനായിരിക്കുന്ന പിശാചായ സാത്താന്റെ ഒരു സവിശേഷതയാണ്.—2 തെസ്സലോനീക്യർ 2:8-10.
പൗലോസിന്റെ നാളുകളിൽ അന്യഭാഷാസംസാരം ഗ്രീസിലെ ചില വിജാതി മതങ്ങളുടെ ഭാഗമായിരുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരുന്നോ? അവരുടെ ആരാധനാരീതിയിൽ അന്യഭാഷാസംസാരവും ദേഹം കീറിമുറിക്കലും ഉൻമത്തമായ നഗ്നനൃത്തങ്ങളും ഉൾപ്പെട്ടിരുന്നു. ചരിത്രപരമായ അത്തരം ഉദാഹരണങ്ങൾ അന്യഭാഷാസംസാരം തികച്ചും പൈശാചിക സ്വാധീനങ്ങളിൽ സംഭവിക്കാമെന്ന് വ്യക്തമായി കാണിക്കുന്നു.
ന്യായബോധം വ്യക്തമാക്കുന്നു
ഇന്നത്തെ ഹർഷോൻമത്തമായ മറുഭാഷയുടെ ഉറവ് സംബന്ധിച്ച് നിങ്ങൾക്ക് ഇപ്പോഴും വ്യക്തമല്ലെങ്കിൽ 1 യോഹന്നാൻ 4:1-നെക്കുറിച്ച് ചിന്തിക്കുക. അത് ഇപ്രകാരം പറയുന്നു: “പ്രിയമുള്ളവരേ, അവ ദൈവത്തിൽനിന്നുള്ളവയോ എന്നറിയാൻ നിശ്വസ്ത വചനങ്ങൾ ശോധന ചെയ്യുവിൻ.” അതെ, സഹായത്തിനുവേണ്ടി പ്രാർത്ഥനാപൂർവ്വം യാചിച്ചുകൊണ്ടും സമചിത്തതയോടെ ദൈവവചനം പഠിച്ചുകൊണ്ടും ശോധനചെയ്യുക. (പ്രവൃത്തികൾ 17:11) അന്യഭാഷ സംസാരിക്കുന്ന ആ മതങ്ങൾ ഇന്ന് വാസ്തവത്തിൽ “സകല സത്യത്തിലും” വഴിനടത്തിയവയാണോയെന്ന് കാണുക.—യോഹന്നാൻ 16:13.
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ അന്യഭാഷകളിൽ സംസാരിച്ചപ്പോൾ അത് ശ്രോതാക്കളെ വിശ്വാസത്തിലേക്ക് നയിച്ചു. നിശ്വസ്ത ദൂത് വ്യക്തവും സ്പഷ്ടവുമായിരുന്നു.—1 കൊരിന്ത്യർ 14:26-28.
ഇന്ന് ബൈബിൾ സത്യത്തെ മാനിക്കുന്നവർ പണ്ട് പെന്തെക്കോസ്തുദിവസം നിശ്വസ്തനാവുകളിൽനിന്നു വന്ന വചനങ്ങളെക്കാൾ മികച്ച വാക്കുകൾ ഉച്ചരിച്ചുകൊണ്ടിരിക്കുന്നു. അതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ അനുസരണമുള്ള സകല മനുഷ്യവർഗ്ഗത്തിനുംവേണ്ടിയുള്ള ക്രിസ്തുവിനാലുള്ള ദൈവരാജ്യഭരണത്തെ വളരെയേറെ ശ്രോതാക്കളോട് സ്ഥിരമായി അറിയിച്ചുകൊണ്ടിരിക്കയാണ്. അവരുടെ ദൂത് ബൈബിളിന്റെ എഴുതപ്പെട്ട രേഖയുടെ ഭാഗമാണ്, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ അന്യഭാഷകളിൽ സംസാരിച്ചതുപോലെയല്ല; ഇന്ന് ബൈബിൾ പൂർണ്ണമായോ ഭാഗികമായോ ഏതാണ്ട് 1800 ഭാഷകളിൽ ലഭ്യമാണ്. (g87 4/8)
[25-ാം പേജിലെ ചിത്രം]
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് വിദേശഭാഷകളിൽ സാക്ഷ്യം നൽകാൻ വരം നൽകിയിരുന്നു