ഗർഭച്ഛിദ്രം—ആർ പറയുന്നതാണു ശരി?
നിങ്ങളുടെ ശിശു ജീവിച്ചിരിക്കുന്നതിന് കേവലം 0.1 ശതമാനം സാദ്ധ്യതയേയുള്ളുവെന്ന് രണ്ട് ഉന്നത സ്പെഷ്യലിസ്റ്റുകൾ നിങ്ങളോടു പറയുന്നു. അതു ജീവനോടെ പിറക്കുകയാണെങ്കിൽ അതിന് ഗൗരവമായ വൈകല്യങ്ങൾ ഉണ്ടായിരിക്കും, ഏതാനും ദിവസങ്ങൾക്കുള്ളിൽ മരിക്കുകയും ചെയ്യാം. നിങ്ങൾ എന്തുചെയ്യും? ഭാഗ്യ പരീക്ഷണം നടത്തുമോ? അതോ ഗർഭച്ഛിദ്രം നടത്തുമോ?
ഉണ്ടാകാനിടയില്ലാത്ത ഒരു സാഹചര്യം എന്നു നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ അതു സംഭവിക്കാം, ഇംഗ്ലണ്ടിലെ ലണ്ടനിൽ അതു സംഭവിച്ചു. സന്തോഷകരമെന്നു പറയട്ടെ, ഗർഭം തുടരുന്നതിനുള്ള മാതാപിതാക്കളുടെ തീരുമാനത്തിന് ആശുപത്രി പിന്തുണ കൊടുത്തു. “ഞങ്ങൾ ഒരു ഗർഭച്ഛിദ്രം നടത്തേണ്ടതാണെന്ന് യാതൊരു ഘട്ടത്തിലും ഞങ്ങളോടു പറഞ്ഞില്ല” എന്നു പിതാവു വിശദീകരിച്ചു. ഇപ്പോൾ യാതൊരു അസാധാരണ ശാരീരിക വൈകല്യവും കൂടാതെ പിറന്ന ഒരു ആൺകുഞ്ഞ് അവർക്കുണ്ട്.
പരിശോധിച്ച മെഡിക്കൽ വിദഗ്ദ്ധരിൽ ഒരാൾ “ഞങ്ങൾ സ്പഷ്ടമായി സന്തുഷ്ടരാണ്” എന്നു പറയുകയും “ജീവശാസ്ത്രത്തിൽ യാതൊന്നും 100 ശതമാനമില്ല എന്നതാണു പ്രയാസം” എന്നു കൂട്ടിച്ചേർക്കുകയും ചെയ്തു. സത്യംതന്നെ, എന്നാൽ ഒരു ഡോക്ടരുടെ (അല്ലെങ്കിൽ മാതാപിതാക്കളുടെ) തെറ്റായ വിധി ഇന്നത്തെ ഗർഭച്ഛിദ്ര കുഴപ്പത്തിന്റെ ഒരു വശം മാത്രമാണ്.
വിരുദ്ധ ഘടകങ്ങൾ
ഗർഭച്ഛിദ്രത്തിന് അനുകൂലവും പ്രതികൂലവുമായ വൈദ്യശാസ്ത്രപരവും ധർമ്മശാസ്ത്രപരവുമായ വാദങ്ങൾ വികാരം മുറ്റിയവയാണ്. ഇരുപക്ഷങ്ങളിലെയും സമ്മർദ്ദ സമൂഹങ്ങൾ കേൾപ്പിക്കുന്നതിനും ഗ്രഹിപ്പിക്കുന്നതിനും ആത്മാർത്ഥമായി തങ്ങളുടെ ശബ്ദമുയർത്തുന്നു. വാദപ്രതിവാദം മിക്കപ്പോഴും രൂക്ഷമാണ്. ആർ പറയുന്നതാണു ശരി?
നേരത്തെ പറഞ്ഞ മാതാപിതാക്കൾ ശരിയായ തീരുമാനം ചെയ്തെന്നു സ്പഷ്ടമാണ്. എന്നാൽ ഡോക്ടർമാരുടെ നിർണ്ണയം ശരിയായിരുന്നെങ്കിലോ? ആ സാഹചര്യത്തിൽ മാതാവ് ഒരു ഗർഭച്ഛിദ്രം നടത്തുന്നത് ശരിയായിരിക്കുമായിരുന്നോ?
ആ ചോദ്യത്തിന് ഉത്തരം പറയുക പ്രയാസമോ അസാദ്ധ്യമോ ആണെന്നു നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. നാം കാണാൻ പോകുന്നതുപോലെ സഹായിക്കുന്നതിന് മാർഗ്ഗനിർദ്ദേശക തത്വങ്ങളുണ്ട്. എന്നാൽ ഗർഭച്ഛിദ്രത്തിന്റെ ലോകവ്യാപക വൈപുല്യം ആദ്യംതന്നെ പരിചിന്തിക്കുക. (g87 4/8)