ഒരു കണ്ടുപിടുത്തക്കാരൻ തന്റെ ഏറ്റവും മഹത്തായ കണ്ടുപിടുത്തം നടത്തുന്നു
ആ പ്രോട്ടസ്റ്റൻറ് ഉണർവ് ശുശ്രൂഷ അതിന്റെ പരമകാഷ്ഠയിലേക്ക് നീങ്ങുകയായിരുന്നു. ഭ്രാന്തമായ വാചാലതയോടെ സഞ്ചാരപ്രാസംഗികൻ, ദുഷ്ടൻമാരെ എന്നെന്നേക്കും വറക്കുന്ന അഗ്നിനരകത്തിന്റെ ഭീകരതകളെ വർണ്ണിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നാടകീയമായ അവതരണം സദസ്സിന്റെ ഭൂരിഭാഗത്തെയും സ്തബ്ധരാക്കിനിർത്തി. അപ്പോൾ അയാളുടെ ചുഴിഞ്ഞിറങ്ങുന്ന കണ്ണുകൾ ചിരിച്ചുകൊണ്ടിരുന്ന രണ്ടു ചെറുപ്പക്കാരായ കുട്ടികളെ കണ്ടുപിടിച്ചു!—എന്റെ സഹോദരനും ഞാനും. അയാളുടെ വാഗ്ധോരണി, ഞങ്ങളുടെ മേൽ ശാപവാക്കുകൾ ചൊരിഞ്ഞുകൊണ്ട് ക്രോധമായി മാറി. അത് ഞങ്ങൾ ഭയഭക്തി കാണിക്കാഞ്ഞിട്ടല്ല, ആ പ്രസംഗകൻ പറഞ്ഞതുപോലെ ദൈവത്തിന് അത്ര പൈശാചികനായിരിക്കാൻ കഴിയുമോ എന്ന് ഞങ്ങൾ ഒന്നു സംശയിച്ചു.
കൂടാതെ ഞങ്ങളുടെ സഭയ്ക്കു പീഡനം വരാത്തതിലും എനിക്ക് സംശയം തോന്നിയിരുന്നു. “നമ്മൾ എന്തുകൊണ്ടാണ് പീഡിപ്പിക്കപ്പെടാത്തത്?” എന്ന് ഞാൻ എന്റെ അമ്മയോട് ചോദിക്കുമായിരുന്നു. “യേശു പറഞ്ഞു, ‘എന്നെ അവർ പീഡിപ്പിച്ചിരിക്കുന്നുവെങ്കിൽ നിങ്ങളെയും അവർ പീഡിപ്പിക്കും.’ പക്ഷേ നമ്മൾ പീഡിപ്പിക്കപ്പെടുന്നതേ ഇല്ല.”—യോഹന്നാൻ 15:20.
ഞാൻ 1911-ൽ ഒഹായോവിലെ സ്റ്റൗട്ട്സ് വില്ലിലാണ് ജനിച്ചത്. എന്റെ ബാല്യകാലം ഏകാന്തമായിരുന്നെന്ന് ചിലർക്ക് തോന്നിയിരിക്കാം. എന്റെ അടുത്തപ്രായക്കാരായ സഹോദരങ്ങളാരും എനിക്കുണ്ടായിരുന്നില്ല. അയൽവാസികളായ കുട്ടികളുമായി കളിക്കാൻ എന്നെ അനുവദിച്ചിരുന്നില്ല. “അവർ ചീത്ത ഭാഷ പറയും,” എന്ന് എന്റെ അമ്മ പറയുമായിരുന്നു. അവൾ പറഞ്ഞത് ശരിയായിരുന്നു, കാരണം അവർ അങ്ങനെ ചെയ്തിരുന്നു. പക്ഷേ ഞാനൊരിക്കലും ഏകനായിരുന്നില്ല. എനിക്ക് ചെയ്യാൻ കൊച്ചു കൊച്ച് പണികളുണ്ടായിരുന്നു. പുതുതായി വസ്തുക്കൾ കണ്ടുപിടിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് എന്റെ തന്നെ കളിപ്പാട്ടങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഒരു ചെറിയ പേപ്പർ മില്ല് നിർമ്മിച്ച് എനിക്കാവശ്യമായ കടലാസും കവറുകളും ഉണ്ടാക്കി. ഞാൻ സ്വന്തമായി ഒരു റേഡിയോ സെറ്റ് ഉണ്ടാക്കി. അതിലൂടെ എനിക്ക് ക്യൂബയിൽ നിന്നുള്ള പ്രക്ഷേപണം കിട്ടുമായിരുന്നു.
എന്റെ പദ്ധതികൾക്ക് ചെലവഴിക്കാൻ പണത്തിനുവേണ്ടി ഞാൻ ചില ചില്ലറജോലികൾ ചെയ്തിരുന്നു. എനിക്ക് ഒരു ലോൺട്രി റൂട്ട് ഉണ്ടായിരുന്നു, മഞ്ഞുകാലത്ത് പള്ളിയിലെ നെരിപ്പോട് കത്തിച്ചിരുന്നു, ഞായറാഴ്ചതോറും വലിയ പള്ളിമണി അടിച്ചിരുന്നു—ഒരു ചെറു ബാലൻ ചെയ്തിരുന്ന വലിയ മനുഷ്യരുടെ പണികൾ. മണിയടിക്കുന്നതിന്, എനിക്ക് മേല്പോട്ട് ചാടി കയറിൽ പിടിച്ച് താഴോട്ട് തൂങ്ങണമായിരുന്നു. മണിയടി നിർത്തുന്നതിന് കയറ് മേല്പ്പോട്ട് കയറ്റി വിടണമായിരുന്നു.
ഞാൻ വായനയും വളരെ ഇഷ്ടപ്പെട്ടിരുന്നു. ഞങ്ങളുടെ ബുക്ക് ഷെൽഫിൽ വളരെ കുറച്ചു പുസ്തകങ്ങളെ ഉണ്ടായിരുന്നുള്ളു, പക്ഷെ ബൈബിൾ എപ്പോഴും പുറത്ത് മേശമേൽ ഉണ്ടായിരിക്കുമായിരുന്നു. അത് ഗ്രഹിക്കാൻ എനിക്ക് അതീവ വാഞ്ഛയുണ്ടായിരുന്നു. ഞാൻ പ്രത്യേകിച്ച് സുവിശേഷങ്ങളും വെളിപ്പാടും ആവർത്തിച്ചാവർത്തിച്ച് വായിച്ചിരുന്നു. ഓ, വെളിപ്പാടിൽ ദൈവം എന്താണ് നമ്മോട് പറഞ്ഞിരുന്നത് എന്നറിയാൻ ഞാൻ എത്ര ആഗ്രഹിച്ചിരുന്നു! സൺഡേ സ്കൂൾ റ്റീച്ചർ, അവൾ തെരഞ്ഞെടുത്ത 30 വാക്യങ്ങൾ കാണാതെ പറയുന്നവർക്ക് ഒരു സൗജന്യ ബൈബിൾ വാഗ്ദാനം ചെയ്തപ്പോൾ ബൈബിളിലുള്ള എന്റെ താല്പര്യം പെട്ടെന്ന് വർദ്ധിച്ചു. ഞാൻ അത് ചെയ്തു, അങ്ങനെ അഭിമാനത്തോടെ എന്റെ സ്വന്തം ബൈബിളിന്റെ ഉടമസ്ഥനായിത്തീർന്നു.
അവളുടെ ലിസ്റ്റിലെ ഒരു തിരുവെഴുത്ത് വർഷങ്ങളായി എന്നോട് പറ്റി നിന്നിട്ടുണ്ട്—സങ്കീർത്തനം 34:7: “കർത്താവിന്റെ ദൂതൻ അവനെ ഭയപ്പെടുന്നവരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.” (ജെയിംസ് രാജാവിന്റെ ഭാഷാന്തരം) ആ വാക്യത്തെക്കുറിച്ചുള്ള എന്റെ ഓർമ്മ എന്റെ ഒൻപതാമത്തെ വയസ്സു വരെ ചെല്ലുന്നു. അന്നെനിക്ക് ഡബിൾ ലോബർ ന്യൂമോണിയ പിടിപെട്ടിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് എന്റെ പെങ്ങൾ ഇതു പിടിപെട്ട് മരിച്ചുപോയിരുന്നു. അക്കാലത്ത് ആൻറിബയോട്ടിക്കുകൾ ഇല്ലാതെയിരുന്നതുകൊണ്ട് ഞാനും അവളുടെ പിന്നാലെ പോകുമായിരുന്നു എന്ന് തോന്നി. എന്റെ ആസന്നമരണത്തെക്കുറിച്ചു ഡോക്ടർ എന്റെ അമ്മയുടെ ചെവിയിൽ മന്ത്രിക്കുന്നത് ഞാൻ കേൾക്കുകയുണ്ടായി. “എന്നിരുന്നാലും, “അദ്ദേഹം കൂട്ടിച്ചേർത്തു, “ഇവൻ ഒരു രണ്ടു മണിക്കൂറുകൾ കൂടി അതിജീവിക്കുകയാണെങ്കിൽ, ഇവൻ ജീവിച്ചേക്കും.” ആ രണ്ടു മണിക്കൂർ ഞാൻ ജീവിച്ചു, കൂടെ വേറെ ഏതാനും ശത സഹസ്രം മണിക്കൂറുകളും.
ഇതിന് ഏതാനും വർഷങ്ങൾക്കുശേഷം ഞങ്ങളുടെ സഭാശുശ്രൂഷകൻ ഞങ്ങളെ സന്ദർശിക്കാൻ വന്നു. അദ്ദേഹം തനിക്ക് ബൈബിളിന്റെ അമേരിക്കൻ പ്രമാണഭാഷാന്തരത്തിന്റെ 1911-ലെ പതിപ്പ് ലഭിച്ച കാര്യം പറഞ്ഞു. എന്നിട്ട് അദ്ദേഹം എന്റെ കാതുകളെ തരിപ്പിച്ച ഒരു കാര്യം പറഞ്ഞു: “ദൈവത്തിന്റെ നാമം, യഹോവ, പഴയനിയമത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നു.” ദൈവത്തിന് പേരോ? അവന്റെ പേര് യഹോവ എന്നോ? ഇത് അറിഞ്ഞപ്പോൾ ഞാൻ വളരെ ഉദ്വേഗഭരിതനായി. പക്ഷേ, “ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത് ‘ദൈവം’ ആണ്” എന്ന് എന്റെ അമ്മ പറഞ്ഞപ്പോൾ ഞാൻ നിരാശനായി. എനിക്ക് ബൈബിളിൽ വളരെ താല്പര്യം തോന്നുകയും ഒരു ശുശ്രൂഷകനായിത്തീരാൻ ആഗ്രഹിക്കുകയും ചെയ്തു. പക്ഷെ എനിക്ക് ഞങ്ങളുടെ സഭാ പഠിപ്പിക്കലുകളോട് യോജിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ഞാൻ ശാസ്ത്ര പഠനത്തിന് കോളജിൽ പ്രവേശിച്ചു.
എന്റെ കോളജ് ജീവിതം അതു ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഏതാണ്ട് അവസാനിക്കുകയും ചെയ്തു. യാത്രച്ചെലവ് കുറയ്ക്കുന്നതിന് ഞാൻ ഒരു മോട്ടോർ സൈക്കിൾ വാങ്ങിക്കുകയും അതിൽ എന്റെ സഹപാഠിയുമൊത്ത് കോളജിലേക്ക് പോകുമ്പോൾ പെട്ടെന്ന് നിർത്തിയിട്ടിരിക്കുന്ന ഒരു ട്രക്കിന്റെ സമീപമെത്തി. അതിനെ ഒഴിവാക്കുവാൻ വേണ്ടി ഞാൻ വെട്ടിച്ചപ്പോൾ ഒരു 40-അടി (12 മീ.) കുന്നിന്റെ മുകളിൽ നിന്നും താഴേക്ക് വീണു. എന്നോട് പാഞ്ഞടുക്കുന്ന ആ പാറക്കെട്ടുനിറഞ്ഞ അടിവാരം ഇന്നും എന്റെ കൺമുമ്പിൽ എനിക്ക് കാണാൻ കഴിയും.
അവിടെ കൂടിവന്ന ജനക്കൂട്ടത്തിൽ, കറുത്ത വസ്ത്രം ധരിച്ച് ഉയരമുള്ള അപരിചിതനായ ഒരു മനുഷ്യൻ എന്റെ അടുത്ത് വന്ന്, മങ്ങിയ സ്വരത്തിൽ, എന്നിൽ മായാത്ത മുദ്രയേകിയ ചില വാക്കുകൾ ഉച്ചരിച്ചു: “നിന്റെ ദൈവം ഇന്നു നിന്നെ രക്ഷിച്ചിരിക്കുന്നു. അവൻ ആരാണെന്ന് കണ്ടെത്തി അവനെ സേവിക്കുക” എന്നെ വിസ്മയിപ്പിച്ചുകൊണ്ട് അയാൾ പൊടുന്നനെ തിരിഞ്ഞ് നടന്നകന്നു.
ബിരുദാനന്തരം എനിക്ക് വിദ്യാഭ്യാസ വകുപ്പിൽ ഒരു അഡ്മിനിസ്ടേറ്റീവ് പോസ്റ്റ് ലഭിച്ചു. ഒരിക്കൽ ഒരു നൂറ് അപേക്ഷകരിൽ നിന്നും ഒരു പുതിയ അദ്ധ്യാപികയെ എനിക്ക് തെരഞ്ഞെടുക്കേണ്ടതായി വന്നു. അപേക്ഷകളുടെ കൂട്ടത്തിൽ, എന്റെ ആജീവനാന്ത സഖിയെ ആണ് നോക്കുന്നത് എന്ന് എനിക്ക് തോന്നിയ ഒരു ചിത്രം ഞാൻ കണ്ടു. അവളെ എടുക്കാൻ ഞാൻ നിർദ്ദേശിച്ചു. അവളുടെ പേര് റോബർട്ടാ എന്നായിരുന്നു. ഒരു വർഷത്തിനകം ഞാൻ അവളെ വിവാഹം ചെയ്തു. അവളെന്റെ ആജീവനാന്ത സഖിയായിത്തീരുകയും ചെയ്തു. അതും കൂടാതെ, ബൈബിൾ ഗ്രഹിക്കുക എന്ന എന്റെ ബാല്യകാല വാഞ്ഛയെ നിവർത്തിക്കുന്നതിൽ അവൾ കാരണമായിരിക്കുകയും ചെയ്തു.
ഞാൻ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ശാസ്ത്രത്തിൽ ഡോക്ടറൽ ഡിഗ്രിക്കുവേണ്ടി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു, എങ്കിലും ദൈവത്തോടും ബൈബിളിനോടുമുള്ള എന്റെ സ്നേഹം ഞാൻ മറന്നുകളഞ്ഞിരുന്നില്ല. ഞാൻ അപ്പോഴും ഇടയ്ക്കിടെ ബൈബിൾ വായിച്ചിരുന്നു, പക്ഷെ ഗ്രഹിച്ചുകൊണ്ടായിരുന്നില്ല. 1944-ൽ ഇതിന് മാറ്റംവന്നു. ഒരു സ്ത്രീ റോബർട്ടയെ സന്ദർശിച്ച് ചിൽഡ്രൻ എന്ന അഭിധാനത്തിൽ ഒരു മതപ്പുസ്തകം കൊടുത്തിട്ട് പോയി. ആ സ്ത്രീ അതുകൊണ്ട് എന്റെ ഭാര്യയുമായി ഒരു പഠനവും ആരംഭിച്ചു.
“ആ പഠനം നിർത്തൂ!” എന്ന് അത് യഹോവയുടെ സാക്ഷികളുമൊത്തുള്ളതാണെന്നറിഞ്ഞപ്പോൾ ഞാൻ എന്റെ ഭാര്യയോട് ആജ്ഞാപിച്ചു. “അവർ നല്ല ആളുകളല്ല. അവർ തങ്ങളുടെ രാഷ്ട്രത്തിനുവേണ്ടി പോരാടാത്തവരാണ്.”
എന്നാൽ റോബർട്ടാ പഠനം നിർത്തിയില്ല. അതുകൊണ്ട് ഞാൻ ഒന്നു പരിശോധിക്കാൻ നിശ്ചയിച്ചു. എന്നെ അതിശയിപ്പിക്കുമാറ്, നരകം ചൂടുള്ളതല്ലെന്നും ദേഹി അമർത്യമല്ലെന്നും ത്രിത്വം സത്യമല്ലെന്നും ഞാൻ മനസ്സിലാക്കി. (സങ്കീർത്തനം 16:10; യെഹെസ്ക്കേൽ 18:4; യോനാ 2:2; യോഹന്നാൻ 14:28) ദൈവം ഏക ദൈവമാണ്, അവന്റെ നാമം യഹോവയെന്നാണ്, വളരെ പണ്ട് എന്റെ കാതുകളെ തരിപ്പിച്ച നാമം. ഞാൻ കൂടുതൽ പരിശോധിക്കുന്തോറും കൂടുതൽ ചെതുമ്പൽ എന്റെ കണ്ണിൽനിന്ന് വീണു. ഇത് എന്റെ ജീവിതം സമർപ്പിക്കാൻ പറ്റിയ ദൈവമായിരുന്നു. നിത്യമായി ആളുകളെ തീയിലും ഗന്ധകത്തിലും ഇട്ടു ദണ്ഡിപ്പിക്കുന്ന ഒരു ക്രൂരനായിരുന്നില്ല. സൗമ്യർ ഭൂമിയെ അവകാശമാക്കും എന്നു വാഗ്ദാനം ചെയ്തിട്ട് അതിനെ കത്തിച്ചുകളയുന്ന ഒരു നൂണയനായിരുന്നില്ല.—സഭാപ്രസംഗി 1:4, 9; 5:10; റോമർ 6:23.
മൂല്യമേറിയ മുത്ത് ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു എന്ന് ഞാനും റോബർട്ടയും അംഗീകരിച്ചു. (മത്തായി 13:45, 46) 1945-ൽ യഹോവയുടെ സാക്ഷികളായി ദൈവേഷ്ടം ചെയ്യുവാനുള്ള ഞങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി ഞങ്ങളിരുവരും സ്നാനമേറ്റു. ഡോക്ടറ്റേറിനുവേണ്ടിയുള്ള എന്റെ പഠനവും ഒരു കോളജ് പ്രൊഫസർ ആയിത്തീരുവാനുള്ള എന്റെ പരിപാടിയും ഞാൻ ഉപേക്ഷിച്ചു. ഒരു വലിയ ഗവേഷണസ്ഥാപനത്തിൽ എനിക്ക് ജോലി ലഭിക്കുകയും ഞാൻ കണ്ടുപിടുത്തത്തിന്റെ ഒരു വൃത്തി ആരംഭിക്കുകയും ചെയ്തു. എന്റെ ബാല്യകാല വാസനകൾ രണ്ടും വീണ്ടും ഉയർന്നുവന്നു.—വസ്തുക്കൾ കണ്ടുപിടിക്കുകയും ബൈബിൾ ഗ്രഹിക്കുകയും.
വർഷങ്ങൾ കടന്നുപോയപ്പോൾ, അനവധി രസകരങ്ങളായ കണ്ടുപിടുത്തങ്ങൾ ഉണ്ടായി. ഒന്ന് ഹെലികോപ്ടറുകളെ സംബന്ധിച്ചതായിരുന്നു. അവയുടെ ബേഡ്ളുകളുടെ പിച്ച് വളരെയധികം ആണെങ്കിൽ തകരാറ് സംഭവിക്കുന്നു, എഞ്ചിൻ നിലയ്ക്കുകയും നിങ്ങൾ ഒരു പാറക്കല്ലു പോലെ നിലംപതിക്കുകയും ചെയ്യുന്നു. ഇതു സംഭവിക്കുന്നത് തടയാൻ എന്തെങ്കിലും ആവശ്യമായിരുന്നു. ഞാൻ ഒരിഞ്ചിന്റെ ഇരുപതിനായിരത്തിലൊന്ന് മാത്രം കനമുള്ള ഒരു ചെറിയ മർദ്ദമാപിനി കണ്ടുപിടിച്ചു. ഈ ഡിസൈനിൽ നിർമ്മിച്ച മാപിനികൾ കറങ്ങുന്ന ബേഡ്ളുകളുടെ പ്രതലത്തിൽ പിടിപ്പിക്കും. ബേഡ്ളുകൾ കറങ്ങുമ്പോൾ, അവയുടെ മേലുള്ള മാറിക്കൊണ്ടിരിക്കുന്ന മർദ്ദത്തെ ഈ മാപിനികൾ സൂചിപ്പിക്കും. തകരാറ് നേരേയാക്കുന്നതിനും എൻജിൻ നിലയ്ക്കുന്നത് തടയുന്നതിനും ഈ പ്രധാനപ്പെട്ട വിവരം ഡിസൈനർമാരെ സഹായിച്ചു. ഈ കണ്ടുപിടുത്തം ലോകവ്യാപക ശ്രദ്ധ പിടിച്ചുപറ്റി.
ഈ ചെറു മർദ്ദമാപിനികൾ ചികിത്സാപരമായും ഉപയോഗിക്കപ്പെട്ടു. ചിലപ്പോഴൊക്കെ ആളുകൾക്ക് ഹൃദ്രോഗത്തിന് മരുന്ന് കൊടുക്കുന്ന സന്ദർഭങ്ങളിൽ യഥാർത്ഥ കുഴപ്പം അന്നവാഹിനിയിലെ സങ്കോചമായിരിക്കും. രണ്ടു സംഗതിയിലും, നെഞ്ചിനും ഇടത്തെ കൈയ്ക്കും വേദന അനുഭവപ്പെടുന്നു. ഈ ചെറു മർദ്ദസെൻസറുകൾ മൂന്നെണ്ണം ഘടിപ്പിച്ച ഒരു കുഴൽ അന്നവാഹിനിയിലേക്ക് കടത്തുമ്പോൾ, വേദന അനുഭവപ്പെടുന്നത് സങ്കോചിക്കുന്ന അന്നവാഹിനി നിമിത്തമാണോ എന്ന് വിവരം നൽകുന്നു. അന്നവാഹിനിയിൽ നിന്ന് അതിന് ഹൃദയമിടിപ്പ് പരിശോധിക്കാൻ കഴിയും. കൂടാതെ വ്യക്തി ഉച്ഛ്വസിക്കുമ്പോഴുള്ള ശ്വാസകോശമർദ്ദം അളന്നുകൊണ്ട്, അമിതമായി വായു പ്രവേശിക്കുന്നതു നിമിത്തമുള്ള വീർക്കൽ കണ്ടുപിടിക്കുന്നതിനും അതെത്രമാത്രം വർദ്ധിച്ചിട്ടുണ്ടെന്ന് അറിയുന്നതിനും ഇതിന് കഴിയുന്നു. ഈസോഫാഗൽ മോട്ടിലിറ്റി പ്രോബ് എന്നു വിളിക്കപ്പെട്ട ഈ ഉപകരണം ആശുപത്രികളിൽ ഉപയോഗിക്കപ്പെടുകയും ലോകത്തിലെങ്ങും കാണിക്കപ്പെടുകയും ചെയ്തു.
തലച്ചോറിൽ വീക്കമുള്ളപ്പോൾ അതിലെ മർദ്ദം അളക്കുന്നതിന് ഈ മർദ്ദമാപിനികൾ ഉപയോഗിക്കാറുണ്ട്. കണ്ണിന്റെ കാചപടലത്തോട് അമർത്തിപിടിക്കുമ്പോൾ, ഹൃദയമിടിപ്പിന് അനുസരിച്ചുണ്ടാകുന്ന മർദ്ദവ്യതിയാനം അവ അളക്കുന്നു. ഈ വ്യതിയാനങ്ങൾ ഗ്രീവാധമനികളിലെ മർദ്ദത്തെ സൂചിപ്പിക്കുകയും ഭാഗീകമായി വരാവുന്ന തടസ്സത്തെ കണ്ടുപിടിക്കുകയും ചെയ്യുന്നു.
മറ്റൊരു പദ്ധതി, പ്രസവത്തിന് ഉപയോഗിക്കുന്ന ചെറുകൊടിലിന്റെ പ്രയോഗം സംബന്ധിച്ചതായിരുന്നു. ഈ കൊടിൽ പ്രയോഗിക്കുമ്പോൾ, ശിശുവിന്റെ ശിരസ്സിൽ എത്രമാത്രം മർദ്ദം താൻ പ്രയോഗിക്കുന്നുണ്ടെന്ന് ഡോക്ടർക്ക് മനസ്സിലാക്കാൻ കഴിയുന്നു.
ഒരിക്കൽ, ഒരു ഡോക്ടർ, പുക നിശ്വസിക്കുമ്പോൾ ശ്വാസോപനാളങ്ങളിൽ എന്തു സംഭവിക്കുന്നു എന്നറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു. അത് ഫൈബർ ഓപ്റ്റിക്സ് മുഖേനയാണ് സാധിച്ചത്. എന്റെ ഒരു സഹപ്രവർത്തകൻ സാമുവൽ ചെയിംബേഴ്സ് ആയിരുന്നു അതിന്റെ രൂപകല്പന തയ്യാറാക്കിയത്. (അദ്ദേഹവും ഒരു യഹോവയുടെ സാക്ഷി ആയിരുന്നു) ആ ഉപകരണം ഉണ്ടാക്കുകയും ശ്വാസോപനാളത്തിലൂടെ ഇറക്കുകയും ചെയ്തു. നേരിയ നാരുകളായ സീലിയ പതുക്കെ ചലിക്കുന്നതായും ശ്വാസനാളത്തെ പൊടിഅഴുക്കുകളിൽനിന്നും ശുചിയാക്കുന്നതായും ഞങ്ങൾക്ക് കണാൻ കഴിഞ്ഞു. പക്ഷെ പുക നിശ്വസിച്ചപ്പോൾ അത് സീലിയയിൽ തട്ടുകയും അവ ആട്ടം നിർത്തുകയും ചെയ്തു! പുക ശ്വാസനാളം ശുചിയാക്കുന്നതിനുള്ള പ്രകൃതിയുടെ ക്രമീകരണത്തെ മന്ദീഭവിപ്പിച്ചു.
ചെയിംബേഴ്സിനോടൊപ്പം ഞാനും ഒരു പ്രത്യേകതരം നടക്രമ ഉപകരണം വികസിപ്പിച്ചെടുത്തു. ഹൃദയത്തിലേക്ക് കടത്തുമ്പോൾ അത് ഹൃദയത്തെ സ്പന്ദിപ്പിക്കുന്നതോടൊപ്പം ഹൃദയത്തിനുള്ളിലെ മർദ്ദം അളക്കുകയും ചെയ്യും. അതുപയോഗിച്ചു നിങ്ങൾക്ക് ഹൃദയത്തിലേക്ക് മരുന്ന് നിവേശിപ്പിക്കുന്നതിനോ രക്തത്തിന്റെ സാമ്പിൾ പുറത്തേക്ക് എടുക്കുന്നതിനോ കഴിയും. ഇതു ആശുപത്രികളിൽ ഉപയോഗിക്കപ്പെട്ടു.
ഒരു സമയത്ത്, ഞാൻ കെട്ടിടങ്ങളിൻമേലുള്ള യാന്ത്രിക വൈകൃതം അളക്കുന്നതിനുള്ള പുതിയ മാർഗ്ഗങ്ങളെക്കുറിച്ച് ഒരു ലേഖന പരമ്പര എഴതുകയായിരുന്നു. മാക്ഗ്രോ-ഹിൽ പബ്ലിഷേഴ്സിനുവേണ്ടി എഴുതിയിരുന്ന ഈ ലേഖനങ്ങൾ വളരെ ശ്രദ്ധ പിടിച്ചു പറ്റുകയും ഒടുവിൽ ഒരു പുസ്തകത്തിൽ കലാശിക്കുകയും ചെയ്തു. ഇത് കുറച്ചു കാലം ഒരു കോളജ് പാഠ്യപുസ്തകമായി ഉപയോഗിക്കപ്പെടുകയും ചെയ്തു.
ഞാൻ ഇത് എഴുതിയിരുന്ന സമയത്ത്, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഒരു ഡോക്ടറുമായി രക്തപ്പകർച്ചയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. അയാൾ സാക്ഷികൾ ആരുമല്ല എന്ന രീതിയിൽ അവരെ വിലയിടിച്ച് സംസാരിക്കുകയും, വാച്ച്റ്റവർ സൊസൈറ്റി പ്രസിദ്ധീകരിച്ച രക്തം ചെറുപുസ്തകം ഒരു ഡോക്ടറെ വ്യാജമായി ഉദ്ധരിച്ചു എന്ന് ആരോപിക്കുകയും ചെയ്തു.
“വ്യാജ ഉദ്ധരണികളെക്കുറിച്ച് എന്നോട് സംസാരിക്കാതെ, ഡോക്ടർ!” ഞാൻ ചൊടിച്ചു. “വ്യാജ ഉദ്ധരണികൾ എന്താണെന്ന് എനിക്കറിയാം. എല്ലാ മാസവും ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നവനാണ് ഞാൻ. ആ ഡോക്ടറെ വ്യാജമായി ഉദ്ധരിച്ചതല്ല, അത് നിങ്ങൾക്ക് നന്നായി അറിയുകയും ചെയ്യാം!” ഞാനല്പം ചൂടായി, എന്നിട്ട് തുടർന്നു: “നിങ്ങൾ ഡോക്ടർമാർ, ജോർജ്ജ് വാഷിംഗ്ടനെ അദ്ദേഹത്തിന്റെ രക്തം ഊറ്റി പുറത്തെടുത്തായിരിക്കാം കൊന്നത്, എന്നാൽ ഇപ്പോൾ നിങ്ങൾ ജനങ്ങളെ മലിനമായ രക്തം അകത്ത് കുത്തിക്കേറ്റി കൊല്ലുന്നു!” ഏതായാലും അതു കഴിഞ്ഞ് ഞങ്ങൾ വളരെ നല്ല സംഭാഷണത്തിലേർപ്പെട്ടു.
സമാനമായ മറ്റൊരു സംഭവം. യഹോവയുടെ സാക്ഷിയായ ഒരു പ്രായം ചെന്ന സ്ത്രീ ഒരു കാറപകടത്തിൽ അകപ്പെടുകയും, അവളെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. അവിടത്തെ ഡോക്ടർ അവളെ ഒരു രക്തപ്പകർച്ച സ്വീകരിക്കാൻ നിർബന്ധിക്കുകയായിരുന്നു. അദ്ദേഹവുമായി ന്യായവാദം ചെയ്യാൻ എന്നെ വിളിച്ചുവെങ്കിലും അദ്ദേഹം, വൈദ്യസംബന്ധമായി ഒന്നും അറിയാതെ ഡോക്ടർമാരെ പഠിപ്പിക്കാൻ ശ്രമിക്കുന്ന സാക്ഷികളെ നിന്ദിച്ച് സംസാരിച്ചുകൊണ്ട് എന്റെ ന്യായവാദങ്ങളെ തള്ളിക്കളഞ്ഞു.
“ഈസോഫാഗൽ പ്രോബിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയാമോ?” ഞാൻ ചോദിച്ചു. ആ ഉപകരണം കണ്ടുപിടിച്ചത് ഞാനാണെന്നും, ഒരിക്കൽ അതിന്റെ ഉപയോഗത്തെ കുറിച്ച് അവരുടെ സ്റ്റാഫ് മീറ്റിംഗിൽ വെച്ച് ആശുപത്രി സ്റ്റാഫിനോട് വിശദീകരിച്ചു എന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന്റെ മനോഭാവത്തിനു കാര്യമായ മാറ്റം വരുകയും സംഘർഷം കെട്ടടങ്ങുകയും ചെയ്തു.
ബഹിരാകാശ പരിപാടിയിലെ ഒരു വിഷമപ്രശ്നം പരിഹരിക്കുന്നതിൽ എനിക്ക് ഒരു പങ്കുണ്ടായിരുന്നു. റോക്കറ്റിന്റെ നാസാഗ്രങ്ങളിലെ മർദ്ദം അളക്കാൻ എന്തെങ്കിലും നാസ (NASA) യ്ക്കു ആവശ്യമായി വന്നു. അതിനുള്ളിലെ ഊഷ്മാവിന് സൂര്യോപരിതലത്തിലേതിനോട് അടുത്ത് വരെ വരാം. മറ്റ് മർദ്ദ സംവേദകങ്ങൾ നന്നായി പ്രവർത്തിക്കുമായിരുന്നില്ല.
എന്റെ മേധാവിയും ഞാനും റോക്കറ്റ് ഗവേഷണം നടന്നു കൊണ്ടിരുന്ന അലബാമയിലെ ഹൺട്സ്വില്ലിലേക്ക് പോയി. അവിടെ ഞങ്ങൾ ഈ പ്രോജക്റ്റിന്റെ ചാർജ് വഹിച്ചിരുന്ന ഒരു ജർമ്മൻകാരനെ കണ്ടു. അദ്ദേഹം മുറിയിൽ പ്രവേശിച്ചിട്ട് പൊടുന്നനെ ചോദിച്ചു: “ആകട്ടെ, നിങ്ങളെങ്ങനെയാണ് ഇത് ചെയ്യുന്നത്?” യാതൊരു പ്രാരംഭശ്രമങ്ങളും പാടില്ല.
ഞങ്ങളുടെ ആശയം അവതരിപ്പിക്കാൻ എന്നോട് ആവശ്യപ്പെട്ടു. അത്, കത്താത്തതും തണുപ്പിക്കുവാൻ ഉതകുന്നതുമായ ഒരു ദ്രാവകം ഉപയോഗിച്ചു കൊണ്ടുള്ള ഒരു ചെറുപ്രഷർ സെൻസർ നിർമ്മിക്കുക എന്നതായിരുന്നു.
“അതു നടക്കും,” ആ ജർമ്മൻകാരൻ പറഞ്ഞു. കോൺഫറൻസ് അതോടെ കഴിഞ്ഞു—ഞാൻ പങ്കെടുത്തിട്ടുള്ളതിലേക്ക് ഏറ്റവും ഹ്രസ്വമായത്! ആ ഉപകരണം നിർമ്മിക്കപ്പെട്ടു, അത് നന്നായി പ്രവർത്തിക്കുകയും ചെയ്തു. ഞാൻ അങ്ങനെ ഒരു നാസ അവാർഡിൽ പങ്കാളിയാകുകയും ചെയ്തു. എന്റെ 25 വർഷത്തെ ഗവേഷണത്തിൽ എനിക്ക് 30-ലധികം പേറ്റൻറുകൾ ലഭിക്കുകയുണ്ടായി.
എന്നിരുന്നാലും, എന്റെ ഏറ്റവും മഹത്തായ കണ്ടുപിടുത്തം ഒരു കണ്ടുപിടുത്തക്കാരൻ എന്ന നിലയിലായിരുന്നില്ല. അത് സത്യദൈവമായ യഹോവയുടെ വ്യക്തിത്വം, ആ നാമം അർത്ഥമാക്കിയ എല്ലാറ്റിനോടുമുള്ള വിലമതിപ്പോട് കൂടി വീണ്ടും കണ്ടെത്തിയപ്പോഴായിരുന്നു. (സങ്കീർത്തനം 83:18) ഞാൻ എന്റെ സഹപ്രവർത്തകരോട് അവനെക്കുറിച്ച് സംസാരിച്ചു. അതിൽ ചിലരോടും അവരുടെ കുടുംബങ്ങളോടുമൊത്ത് ഞാൻ ഭവനബൈബിൾ അദ്ധ്യയനങ്ങൾ നടത്തുകയും ചെയ്തു. അങ്ങനെയുള്ള ഒരദ്ധ്യയനത്തിൽ 17 പേർ പങ്കെടുത്തു, മറ്റൊന്നിൽ 19 പേരും.
ഞാൻ ജോലി ചെയ്തിരുന്നിടത്തെ മിക്കവാറും എല്ലാവർക്കുംതന്നെ ഞാൻ യഹോവയുടെ സാക്ഷികളിൽ ഒരുവനാണെന്ന് അറിയാമായിരുന്നു. ഉച്ചഭക്ഷണ സമയത്ത്, സാക്ഷ്യം കൊടുക്കാമല്ലോ എന്ന ഉദ്ദേശ്യത്തിൽ ഞാൻ അരികെ ഇരിക്കാൻ ഏതെങ്കിലും പുതിയ ആളെ തെരഞ്ഞെടുക്കുമായിരുന്നു. ഒരു ദിവസം ഞാൻ ഒരാളോട് ചോദിച്ചു: “ഞാൻ ഇവിടെ ഇരിക്കുന്നതിൽ വിരോധമില്ലല്ലോ?” “ഉണ്ട്!” അയാൾ പറഞ്ഞു. എനിക്ക് ചിരിവന്നു. അയാൾ എന്നെക്കുറിച്ച് കേട്ടിരുന്നു, കൂടാതെ തന്നോട് സാക്ഷീകരിക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ലതാനും.
ഒരിക്കൽ ഒഹായോ ഗവർണ്ണർ എന്റെ ജോലിസ്ഥലം സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തോട് സംസാരിക്കാനുള്ള നിയോഗം എനിക്കായിരുന്നു. അതെനിക്ക് ഒരു സൗകര്യമായി ഭവിച്ചു. എനിക്ക് ഒഹായോ സ്റ്റേറ്റ് മാക്സിമം സെക്യൂരിറ്റി ജയിലിൽ ഒരു അദ്ധ്യയനമുണ്ടായിരുന്നു. ഒരു സന്ദർഭത്തിൽ എന്നോടൊത്ത് ബൈബിൾ പഠിച്ചിരുന്ന ഒരു തടവുകാരനെ സ്നാനപ്പെടുത്താൻ അവിടത്തെ പ്രൊട്ടസ്റ്റൻറ് സൈനീക പുരോഹിതൻ സമ്മതിച്ചില്ല. ഞാൻ അയാളോട് പറഞ്ഞു: “നിങ്ങൾക്കറിയാമോ, കഴിഞ്ഞയാഴ്ച ഞാൻ ഗവർണ്ണറോട് സംസാരിച്ചതേയുള്ളു. നിങ്ങൾക്ക് സഹായം വേണമെന്ന് എനിക്ക് തോന്നുന്നു.” മാറ്റം പൊടുന്നനെയായിരുന്നു: “ശരി, ഒരു മിനിറ്റ് ഒന്നു ക്ഷമിക്കൂ!” അയാൾ പറഞ്ഞു. “അത് ഞങ്ങളേറ്റു!” അയാൾ അതു ചെയ്തു, ഞാൻ എന്റെ ബൈബിൾ വിദ്യാർത്ഥിയെ കാണാൻ അകത്തുകടന്നു.
കൊളംബസിലെ രാജ്യഹോളിൽ പോയിത്തുടങ്ങിയപ്പോൾ, രണ്ടു സഭകൾ ഉണ്ടായിരുന്നു. ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ശേഷം 24 എണ്ണം ഉണ്ടായിരുന്നു. ആ സമയത്ത് ഞാൻ നഗരമേൽവിചാരകനായി സേവനമനുഷ്ഠിക്കുകയായിരുന്നു. ആ പ്രദേശത്ത് ഒരു അസംബ്ലി ഹോളിന്റെ നിർമ്മാണമായിരുന്നു ഒരു പ്രധാനപ്പെട്ട അനുഭവം. ഞാൻ നോർമൻ വാട്സണുമായി അദ്ധ്യയനം നടത്തുകയായിരുന്നു. ഒരു ദിവസം ഞങ്ങൾക്ക് അസംബ്ലി ഹോളിനുവേണ്ടി സ്ഥലം വേണം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.
“നമുക്ക് പോയി കുറച്ചു സ്ഥലം നോക്കാം,” അദ്ദേഹം ഉടനെ പറഞ്ഞു. അദ്ദേഹം എന്നെ അനവധി സ്ഥലങ്ങൾ കാണിച്ചിട്ട് ചോദിച്ചു: “നിങ്ങൾക്ക് ഇതിലേതാണ് വേണ്ടത്?” ഒഹായോവിലെ ലണ്ടനിൽ അദ്ദേഹം ഞങ്ങൾക്ക് ഒരു നല്ലസ്ഥലം തന്നു. അദ്ദേഹം പിന്നീട് സ്നാനമേൽക്കുകയുണ്ടായി.
അസംബ്ലിഹോൾ നിർമ്മിക്കാൻ ഞങ്ങൾ 14 മാസങ്ങൾ എടുത്തു. ഓരോ ആഴ്ചയിലും നിർമ്മാണ കമ്മിറ്റി പണം കൂട്ടിനോക്കാൻ കൂടിവരുമായിരുന്നു. ഇനി ഒരാഴ്ചക്കുകൂടി പണം തികയുമോ? എല്ലാ ആഴ്ചയിലും ഇതു സംഭവിച്ചു, എല്ലാ ആഴ്ചയിലും നിർമ്മാണം തുടരാനാവശ്യത്തിനുള്ളത് യഹോവ പ്രദാനം ചെയ്തു. സമർപ്പണ പരിപാടിക്ക് ബ്രൂക്ലിൻ ഹെഡ്ക്വാർട്ടേഴ്സിൽനിന്ന് നോർ സഹോദരനും സ്യൂട്ടർ സഹോദരനും വരുകയുണ്ടായി.
യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതിന് ധാരാളം സന്തോഷകരമായ വർഷങ്ങൾ റോബർട്ടയും ഞാനും ആസ്വദിച്ചിട്ടുണ്ട്. ഞങ്ങൾ ആദ്യമായി സത്യം പങ്കുവെച്ച വ്യക്തികളിൽ ഒരാൾ—അത് എനിക്ക് ഒരു പ്രത്യേക ആനന്ദം കൈവരുത്തി—എന്റെ സഹോദരൻ വോൺ ക്രൈറ്റ്സ് ആയിരുന്നു. കുറേ വർഷങ്ങൾക്ക് മുമ്പ് എന്നോടൊത്തുണ്ടായിരുന്ന അവനാണ്, നമ്മുടെ സ്നേഹവാനായ ദൈവത്തിനെതിരെയുള്ള ആ ഉണർവ്വ് പ്രാസംഗികന്റെ അഗ്നിനരക ദൂഷണങ്ങൾ കേട്ട് പരിഹസിച്ചപ്പോൾ അയാളെ ക്രൂദ്ധനാക്കിയത്. പ്രായാധിക്യത്തിലായിരുന്ന എന്റെ അമ്മയും ദൈവനാമായ യഹോവയെ സ്നേഹിക്കുന്നതിനിടയായി 90-ാം വയസ്സിൽ ഒരു സാക്ഷിയാകണം എന്ന തന്റെ അഭിലാഷം പ്രകടിപ്പിച്ചുകൊണ്ട് അമ്മ മരിച്ചു. ഇപ്പോൾ റോബർട്ടയും ഞാനും ഫ്ളോറിഡയിലെ സെബ്രിംങ്ങിലുള്ള സഭയിൽ യഹോവയെ സേവിക്കുന്നതിനുള്ള പദവി ആസ്വദിച്ചുകൊണ്ടിരിക്കുന്നു.
ഒടുവിൽ പീഡിപ്പിക്കപ്പെടാത്ത ഒരു മതത്തിൽ ആയിരിക്കാഞ്ഞതിൽ എനിക്കുണ്ടായിരുന്ന ബാല്യകാല ദുഃഖം കഴിഞ്ഞകാല സംഗതിയായി മാറിയിരിക്കുന്നു. സാക്ഷികൾ ഭൂവ്യാപകമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടാണിരിക്കുന്നത്. ആ പീഡനത്തോടൊപ്പം ഒരു ചെറുബാലനായിരുന്നപ്പോൾ ഞാൻ പഠിച്ച വാക്യത്തിന്റെ സത്യം അവർ അനുഭവിക്കുകയുമാണ്: “യഹോവയുടെ ദൂതൻ അവനെ ഭയപ്പെടുന്നവരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.”—നെൽസൺ ക്രൈറ്റ്സ് പറഞ്ഞപ്രകാരം (g86 11/22)
[21-ാം പേജിലെ ആകർഷകവാക്യം]
“നിന്റെ ദൈവം ഇന്നു നിന്നെ രക്ഷിച്ചിരിക്കുന്നു. അവനാരാണെന്ന് കണ്ടെത്തി അവനെ സേവിക്കുക”
[22-ാം പേജിലെ ആകർഷകവാക്യം]
“ആ പഠനം നിർത്തൂ!” എന്ന്, അതു യഹോവയുടെ സാക്ഷികളുമൊത്തുള്ളതാണെന്നറിഞ്ഞപ്പോൾ ഞാൻ എന്റെ ഭാര്യയോട് ആജ്ഞാപിച്ചു
[23-ാം പേജിലെ ആകർഷകവാക്യം]
പുക, ശ്വാസനാളം ശുചിയാക്കുന്നതിനുള്ള പ്രകൃതിയുടെ ക്രമീകരണത്തെ മന്ദീഭവിപ്പിച്ചു!
[23-ാം പേജിലെ ആകർഷകവാക്യം]
ആ ഉപകരണം നിർമ്മിക്കപ്പെട്ടു, അത് നന്നായി പ്രവർത്തിക്കുകയും ചെയ്തു. ഞാൻ അങ്ങനെ ഒരു നാസ (NASA) അവാർഡിൽ പങ്കാളിയാകുകയും ചെയ്തു.
[20-ാം പേജിലെ ചിത്രം]
നെൽസണും ഭാര്യ റോബർട്ടയും പഠനത്തിൽ
[24-ാം പേജിലെ ചിത്രം]
നെൽസൺ ക്രൈറ്റ്സ് മർദ്ദമാപിനിയും കൊണ്ട്