കാൻസർ—നിങ്ങൾക്ക് എങ്ങനെ തുണയായിരിക്കാൻ കഴിയും?
“ഡോക്ടർ സഹാനുബോധത്തിന്റെ ഒരു ധാരണ പകർന്നു കൊടുക്കുകയും രോഗിയെ തന്റെ രോഗാവസ്ഥ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുകയെന്നതാണ് ചികിത്സാരംഗത്തെ അടിസ്ഥാന ആവശ്യം.”—ഹോളിസ്റ്റിക് മെഡിസിൻ.
കാൻസർ രോഗികളെ ശുശ്രൂഷിക്കുന്നത് ഒരു പ്രമുഖ വെല്ലുവിളിയാണ്, വിശേഷിച്ച് രോഗിയായിട്ട് നേരിട്ടു ബന്ധമുള്ള വൈദ്യശുശ്രൂഷാരംഗത്തുള്ളവർക്ക്. അവർ വിഷമം പിടിച്ച രണ്ട് അവസ്ഥകൾക്ക് മദ്ധ്യത്തിൽ ആണ്—സഹാനുബോധം പ്രകടമാക്കേണ്ടതിന്റെയും ശുഭാപ്തിവിശ്വാസം പകർന്നു കൊടുക്കേണ്ടതിന്റെയും ആവശ്യം ഒരു വശത്ത്, മറുവശത്ത് രോഗിയോട് മാനസികവും വൈകാരികവുമായ ഒരു സമീപനം ഒഴിവാക്കേണ്ടതിന്റെ ആവശ്യം. പ്രവൃത്തിപഥത്തിൽ ഇത് എന്തർത്ഥമാക്കുന്നു?
കാൻസർ രോഗികളെ നിരന്തരം കൈകാര്യം ചെയ്യുന്ന ഡോക്ടർമാർക്കും നേഴ്സുമാർക്കും ഓരോ രോഗിയോടൊത്തും ദുഃഖിക്കാൻ തങ്ങളെത്തന്നെ അനുവദിക്കാൻ കഴിയുകയില്ല, അല്ലാത്തപക്ഷം അവർക്ക് ഒരു ഉയർന്ന വൈകാരിക സമ്മർദ്ദം അനുഭവിക്കേണ്ടിവരും. ആശുപത്രിയിലെ ഒരു മുൻ ഔഷധ വ്യാപാരിയോട് ഈ ഘടകം സംബന്ധിച്ച് ഉണരുക! അന്വേഷണം നടത്തി. അയാൾ ഇപ്രകാരം പറഞ്ഞു: ‘ആശുപത്രിയിൽ എനിക്ക് എല്ലാത്തരം ഡോക്ടർമാരോടും വിദഗ്ദ്ധൻമാരോടും ഇടപെടേണ്ടതുണ്ട്. എപ്പോഴും ദുഃഖവും വിഷാദവും ഉള്ളവരായി കാണപ്പെട്ടിരുന്നത് കാൻസർ വിദഗ്ദ്ധൻമാരായിരുന്നു.”
അതേസമയം തന്നെ ആശുപത്രി ജീവനക്കാർക്ക് മനുഷ്യത്വമില്ലാത്തവരായിരിക്കാനും കഴിയുകയില്ല, കാരണം രോഗി പ്രത്യാശക്കായി അവരിലേക്കു നോക്കുന്നു. കാൻസറിൽ പുത്തൻ പ്രതീക്ഷ എന്ന പുസ്തകത്തിൽ മോറിസ് ഫിങ്കൽ എഴുതിയതുപോലെ: “എല്ലാറ്റിലുമുപരി, കാൻസർ രോഗിക്ക് ആവശ്യമായിരിക്കുന്നത് പ്രത്യാശയാണ്. തന്റെ രോഗത്തോട് പോരാടുന്നതിന് അയാൾക്ക് ഊർജ്ജം നൽകുന്ന പ്രത്യാശതന്നെ—അയാളുടെ പോരാട്ടം പരാജയപ്പെടുന്നെങ്കിൽത്തന്നെയും. . . . ഒഴിഞ്ഞുമാറുന്നവർ എല്ലായ്പ്പോഴും മരിക്കുന്നു, പോരാടുന്നയാൾക്ക് അതിജീവിക്കാനുള്ള ഒരു സാദ്ധ്യതയുണ്ട്.”
ഡോക്ടറുടെ ധർമ്മം, ഒരു നൂൽക്കമ്പിയിലൂടെ നടക്കുന്നതുപോലെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. രോഗത്തെ സംബന്ധിച്ചുള്ള എത്രമാത്രം വിവരം അതിനെതിരെ പോരാടുന്നതിന് രോഗിയെ സഹായിക്കുമെന്ന് അയാൾ അളന്നു തിട്ടപ്പെടുത്തേണ്ടതുണ്ട്. അയാൾ വളരെയധികം പറയുന്നെങ്കിൽ രോഗി പരാജയ മനോഭാവത്തിലേക്ക് വഴുതി വീഴുമോ? ഈ ഘടകങ്ങൾ ഓരോ സംസ്ക്കാരങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.
തന്റെ ഭാര്യയുടെ മാതാപിതാക്കൾ കാൻസർ നിമിത്തം മരിച്ചുപോയ ജപ്പാനിലെ റ്റൊമൊയോഷി ഹിറാനോയുമായി ഉണരുക! ഒരു അഭിമുഖം നടത്തി. അയാൾ ഇപ്രകാരം വിശദീകരിച്ചു: “സന്തോഷകരമല്ലാത്ത വാർത്തകൾ പറയാതിരിക്കാൻ ചായ്വു കാണിക്കുന്നതാണ് ഞങ്ങളുടെ ജപ്പാൻ സംസ്ക്കാരം. ഡോക്ടർ എന്റെ ഭാര്യാപിതാവിനോട് അയാൾക്ക് കാൻസറാണെന്ന് പറയുകയില്ലായിരുന്നു. അയാൾ പെൺമക്കളോടുപോലും അത് പറയുകയില്ലായിരുന്നു. രോഗത്തിന്റെ ദുരവസ്ഥ ‘പുറത്തുള്ളവനായ’ എന്നോടുമാത്രം പറയാൻ അയാൾക്ക് മനസ്സായിരുന്നു. എന്റെ ഭാര്യയേയോ അപ്പനേയോ ഒരിക്കലും അറിയിക്കാതെതന്നെ ഞാൻ എല്ലാ തീരുമാനങ്ങളും ചെയ്യേണ്ടതുണ്ടായിരുന്നു. എന്നിരുന്നാലും ഒരു ക്രിസ്ത്യാനിയെന്നനിലയിൽ വസ്തുതകൾ മറച്ചുവെക്കാതെ നയപൂർവ്വം സത്യം പറയാനുള്ള ഒരു കർത്തവ്യം എനിക്കുണ്ടെന്ന് ഞാൻ കരുതി.”
നേരെമറിച്ച്, പാശ്ചാത്യ സംസ്ക്കാരത്തിൽ ഡോക്ടർ സാഹചര്യം വേണ്ടത്ര വ്യക്തമാക്കിക്കൊടുത്തില്ലെങ്കിൽ രോഗി വേണ്ടത്ര വിവരമില്ലാതെ തീരുമാനമെടുത്തതുനിമിത്തം ഡോക്ടരുടെ മേൽ പിൽക്കാലത്ത് കുറ്റമാരോപിക്കപ്പെടുമോ? എന്നാൽ അധികവും ആശ്രയിച്ചിരിക്കുന്നത് രോഗി എന്തറിയാൻ ആഗ്രഹിക്കുന്നു, അത് എപ്പോൾ അറിയാൻ ആഗ്രഹിക്കുന്നു എന്നതിലാണ്. ഡോ. ചാൾസ് എഫ്. മാക്ഖാൻ പറഞ്ഞതുപോലെ: “ആളുകൾക്ക് കഠിനമായ ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്നെങ്കിൽ, അവരുടെ ഡോക്ടർമാരുടെ മനസ്സൊരുക്കവും ന്യായമായ ഉത്തരങ്ങൾ നൽകാനുള്ള കഴിവും ആണ് അവർ ഏറ്റവും കുറഞ്ഞതായി അർഹിക്കുന്നത്.”—കാൻസർ സംബന്ധിച്ച വസ്തുതകൾ.
അതുകൊണ്ട്, ചികിത്സാരംഗത്തുള്ളവർ തങ്ങളുടെ രോഗികളോട് യഥാർത്ഥ അനുകമ്പയുള്ളവരായിരിക്കുമ്പോൾ അത് വളരെ പ്രോത്സാഹജനകമാണ്. നിങ്ങൾക്ക് ഒരു നല്ല ബന്ധം ഉണ്ടായിരിക്കാൻ കഴിയുന്ന ഒരു ഡോക്ടറെ തെരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം ഇത് ദൃഢീകരിക്കുന്നു. ഡോ. മാക്ഖാൻ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “നിങ്ങൾക്ക് യഥാർത്ഥ വിശ്വാസമുള്ള ഒരു ഡോക്ടർക്ക് സകലവും സഹിക്കാവുന്നതാക്കിത്തീർക്കാൻ കഴിയും. ഒരു വ്യക്തിയും ഒരു രോഗിയും എന്നനിലയിൽ നിങ്ങളിൽ താല്പര്യവും അനുകമ്പയും മനസ്സലിവും ഉള്ളവനായിരിക്കണം നിങ്ങളുടെ ഡോക്ടർ.”
ചികിത്സാരംഗത്തുള്ളവരെല്ലാം എപ്പോഴും രോഗിയുടെ ആവശ്യങ്ങളോട് വേദകത്വമുള്ളവരല്ല എന്ന് സൂചിപ്പിച്ചുകൊണ്ട് കാൻസർ രോഗിയെ ശുശ്രൂഷിക്കുന്ന ഒരു നേഴ്സ് ന്യൂയോർക്ക് ടൈംസിന് ഇപ്രകാരം എഴുതി: “എന്നെ അത്യന്തം അതിശയിപ്പിക്കുന്നത് കാൻസറിനെ അതിജീവിക്കുന്ന രോഗികളും അവരുടെ കുടുംബങ്ങളും അല്ല, പിന്നെയോ ആരോഗ്യപരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെയും സൗകര്യങ്ങളെയും അതിജീവിക്കുന്നവരാണ്. അവരുടെ ഘടനയും ഏർപ്പാടും ദുർബ്ബലപ്പെടുത്താനും ചുണകെടുത്താനും സന്തോഷം എടുത്തുകളയാനും അവരുടെ അവസ്ഥ ദുസ്സഹമാക്കാനും സംവിധാനം ചെയ്തിരിക്കുന്നതാണെന്ന് തോന്നുന്നു.” “വേദകത്വവും മര്യാദയും ചിരിയും മനുഷ്യനെന്നുള്ള കരുതലും കാൻസറിനെതിരെയുള്ള യുദ്ധത്തിൽ ‘ആയുധങ്ങളാ’ണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്” എന്ന് നിർദ്ദേശിച്ചുകൊണ്ട് അവൾ തന്റെ എഴുത്ത് ഉപസംഹരിച്ചു.
രോഗിയെ പിന്താങ്ങുന്നതിൽ അടുത്ത ബന്ധുക്കളും സ്നേഹിതരും പോലെയുള്ള മറ്റുള്ളവരും മർമ്മപ്രധാനമായ ഒരു പങ്കുവഹിക്കുന്നു. ഒരു രോഗിയുടെ ഭാര്യയുടെയോ ഭർത്താവിന്റെയോ മക്കളുടെയോ കാര്യത്തിൽ ഇത് വിശേഷാൽ സത്യമാണ്. മറ്റുള്ളവർക്ക് നൽകാൻ കഴിയുന്ന പിന്തുണ ഏതുതരമെന്ന് തെളിയിക്കുന്നതിന് പിന്തുണ നൽകിയ അനേകം ഇണകളെയും ചില കാൻസർ അതിജീവകരെയും ഉണരുക! അഭിമുഖം നടത്തുകയുണ്ടായി.
“ഞാൻ എന്റെ മുൻഗണനകൾ മാറ്റേണ്ടതുണ്ടായിരുന്നു.”
ടെറിയുടെ അവസ്ഥ, പിന്തുണ നൽകുന്ന കുടുംബത്തിന്റെ ധർമ്മം തെളിയിക്കുന്നു. അവൾക്ക് 28 വയസ്സുള്ളപ്പോൾ 1982-ലെ അവസാനത്തെ ദിവസത്തിൽ അവൾക്ക് “രൂക്തമായ” മാരകമായ കാൻസർ പിടിപെട്ടിരിക്കുന്നതായി കണ്ടുപിടിച്ചു. അവൾക്ക് ആറുമാസം മുതൽ 12 മാസം വരെയുള്ള ആയുസ്സേ ഡോക്ടർമാർ നൽകിയിരുന്നുള്ളു. അവളും ഭർത്താവായ പോളും അവസ്ഥയെ എങ്ങനെ നേരിട്ടു?
പോൾ ഉണരുക!യോട് ഇപ്രകാരം വിശദീകരിച്ചു: “ഞങ്ങൾ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു എന്ന് ഞാൻ കരുതി. അവൾക്ക് ഏതാനും മാസങ്ങൾ മാത്രമേ ജീവിക്കാനുള്ളു, അവളുടെ അവസാനം കഴിവതും അന്തസ്സുറ്റതാക്കിത്തീർക്കാൻ ശ്രമിക്കുന്നതിന് ഞാൻ ആഗ്രഹിച്ചു. നിങ്ങൾക്കറിയാവുന്നതുപോലെ, കെമൊതെറാപി ചികിത്സ മുടികൊഴിച്ചിലും നിരന്തര ഓക്കാനവും ഛർദ്ദിയും സഹിതം വളരെ വിനാശകരമായിരുന്നേക്കാം.”
ഉണരുക!: ഒരു ഭർത്താവെന്നനിലയിൽ നിങ്ങളുടെ ജീവിതത്തെ ഇതെങ്ങനെ ബാധിക്കുകയുണ്ടായി?
“ഞാൻ ജീവിതത്തിൽ എന്റെ മുൻഗണനകൾ മാറ്റേണ്ടതുണ്ടായിരുന്നു എന്ന് അതർത്ഥമാക്കി. പണവും സമ്പാദ്യങ്ങളും പ്രാധാന്യം കുറഞ്ഞതായിത്തീർന്നു. അവളെ നോക്കുന്നതിന് ഞാൻ മിക്കവാറും ഒരു മുഴുസമയ നേഴ്സ് ആകേണ്ടതുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. ക്ഷമയുള്ളവനായിരിക്കാനും പൊതുസ്ഥലത്തുവെച്ച് രോഗാക്രമണമുണ്ടാകുമ്പോൾ ആകുലത ഒഴിവാക്കാനും ഞാൻ പഠിച്ചു. സന്ദർഭവശാൽ അവൾ വളരെ യാഥാർത്ഥ്യബോധമുള്ളവൾ ആയിരുന്നു, അവൾ സ്വാനുകമ്പയിൽ മുഴുകിയതുമില്ല. എന്റെ ‘ധർമ്മം എളുപ്പമാക്കിത്തീർക്കാൻ അത് സഹായിച്ചു.”
ഉണരുക!: കാൻസർ രോഗികളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്തുനിർദ്ദേശങ്ങളാണ് നിങ്ങൾക്ക് നൽകാനുള്ളത്?
“നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവനോ അവളോ ഒരു ഭാരമാണെന്നു തോന്നാൻ ഒരിക്കലും ഇടവരുത്തരുത്. സഹാനുബോധം പ്രകടമാക്കുക. അവരുടെ മനോഭാവങ്ങൾ മനസ്സിലാക്കാൻ പഠിക്കുക, അങ്ങനെ നിങ്ങൾ എന്തു സംസാരിക്കണമെന്നും എപ്പോൾ സംസാരിക്കണമെന്നും മനസ്സിലാക്കും. ചിലപ്പോൾ അവർ സംസാരിക്കാൻ ആഗ്രഹിക്കുന്നു, മറ്റു സമയങ്ങളിൽ അവർ സംസാരിക്കാൻ ആഗ്രഹിക്കുന്ന അവസാന വിഷയമായിരിക്കും അത്.”
ഉണരുക!: തന്റെ പരിശോധന സഹിക്കാൻ ടെറിയെ സഹായിച്ചതെന്ത്?
“ഞങ്ങളുടെ സഹസാക്ഷികൾ അവരുടെ സന്ദർശനങ്ങളിലും ആഹാരങ്ങൾ തന്ന് സഹായിക്കുന്നതിലും വളരെ തുണയായിരുന്നു. കുറെക്കൂടെ സ്ഥിരമായ ഒരു വീക്ഷണത്തിൽ, അവളുടെ ബൈബിൾ പഠനം പുനരുത്ഥാന പ്രത്യാശ സംബന്ധിച്ചും ഭൂമിയിൽ മേലാൽ രോഗമോ മരണമോ ഇല്ലാത്ത കാലം സംബന്ധിച്ചും വ്യക്തമായ ഒരു വീക്ഷണം അവൾക്കു നൽകി.”
ഡോക്ടർമാർ പറഞ്ഞിരുന്നപ്രകാരം ആ വർഷം തികയുന്നതിനുമുമ്പ് 1983 ഒക്ടോബറിൽ ടെറി മരിച്ചുപോയി.
ജീവിതത്തിന്റെ ഗുണവും ലക്ഷ്യങ്ങളും
ഒരാളെ മാരകമായ ഒരു രോഗം ബാധിക്കുമ്പോൾ ഈ ചോദ്യങ്ങൾ ഉദിക്കുന്നു, ഞാൻ എത്രകാലംകൂടെ ജീവിക്കേണ്ടതുണ്ട്? ആഴ്ചകളോ? മാസങ്ങളോ? വർഷങ്ങളോ? ആ അവസ്ഥയിൽ ജീവിതത്തിന്റെ ഗുണം കൂടുതൽ പ്രധാനപ്പെട്ടതായിത്തീരുന്നു. ചെറുതാണെങ്കിൽപോലും എഴുത്തെഴുതലും പുസ്തകവായനയും പോലുള്ള നേട്ടങ്ങൾ പ്രധാനമായിത്തീരുന്നു, അത് ജീവിതത്തെ മൂല്യമുള്ളതാക്കിത്തീർക്കുകയും ചെയ്യുന്നു. ഏതളവുവരെ പ്രവർത്തിക്കാൻ കഴിയുമോ അതൊരു ചികിത്സതന്നെയാണ്.
ഈ വീക്ഷണത്തെ ഇംഗ്ലണ്ടിലെ 46 വയസ്സുകാരിയായ ബാർബറാ പിന്താങ്ങുന്നു. അവൾ 1980-ൽ അവൾക്ക് സ്തനാർബ്ബുദം ഉണ്ടെന്ന് കണ്ടെത്തി. അതിനുശേഷം അത് അവളുടെ മറ്റു ശരീരഭാഗങ്ങളിലേക്കും വ്യാപിച്ചു. എന്നിരുന്നാലും കെമോതെറാപിയും റേഡിയേഷൻ ചികിത്സയും അവളെ സഹായിച്ചു. അവൾ എങ്ങനെ പ്രവർത്തനനിരതയായിരുന്നു? “ഹ്രസ്വകാല ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നത് നല്ലതാണെന്ന് ഞാൻ കണ്ടെത്തുന്നു. ഞാൻ സമീപഭാവിയിലേക്ക് എളുപ്പം നേടിയെടുക്കാവുന്ന ലക്ഷ്യങ്ങൾക്കായി മാത്രം ആസൂത്രണം ചെയ്യുന്നു. അപ്പോൾ എനിക്ക് ന്യായമായും സന്തുഷ്ടയും സംതൃപ്തയും ആയിരിക്കാൻ കഴിയുമെന്ന് ഞാൻ കണ്ടെത്തുന്നു.
“മറ്റുള്ളവരേക്കുറിച്ച് ചിന്തിക്കാൻ ശ്രമിക്കുന്നതും അവരേക്കുറിച്ച് കരുതലുണ്ടായിരിക്കുന്നതും തീർച്ചയായും എന്നെ സഹായിക്കുന്നു. അതുകൊണ്ട് സുഖമില്ലാത്ത മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിന് കാർഡുകൾ അയക്കുന്നതിൽ ഞാൻ തിരക്കോടെ ഏർപ്പെടുന്നു. മറ്റുള്ളവർക്ക് എഴുത്തുകൾ അയക്കുന്നതിൽനിന്നും എനിക്ക് സന്തോഷം ലഭിക്കുന്നു.”
അവളുടെ ഭർത്താവായ സ്റ്റീഫൻ അവളെ പിന്താങ്ങുന്നതെങ്ങനെ? “ബാർബറയുടെ അവസ്ഥയിൽ ഞാൻ യഥാർത്ഥ താല്പര്യമെടുക്കുന്നതും അവളെ സഹായിക്കുന്നു. ഞങ്ങൾ ഒരുമിച്ച് എല്ലാ കാര്യങ്ങളും ചെയ്യുന്നു. ദൃഷ്ടാന്തത്തിന്, ഞങ്ങൾ ഇരുവരും വായന ആസ്വദിക്കുന്നെങ്കിലും അന്യോന്യം ഉച്ചത്തിൽ വായിച്ചുകേൾപ്പിക്കുന്നതും അങ്ങനെ അനുഭവം പങ്കുവെക്കുന്നതും നല്ലതാണെന്ന് ഞങ്ങൾ കണ്ടെത്തുന്നു.”
ഒരു ഹൃദയസ്തംഭനം, പിന്നീട് കാൻസർ
ഡോഡിന്റെ ഭർത്താവായ ചാൾസ് തന്റെ 60-കളിൽ കഴിയുന്ന നല്ല ആരോഗ്യമുള്ള ഒരു മനുഷ്യനായിരുന്നു. അയാൾക്ക് 1985-ൽ ഗുരുതരമായ ഒരു ഹൃദയ സ്തംഭനം ഉണ്ടായി. അയാൾ ഒമ്പതു ദിവസത്തേക്ക് അതിസൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു, ആറ് ആഴ്ചകൾക്കുള്ളിൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ കഴിയത്തക്കവണ്ണം അത്ര നിശ്ചയദാർഢ്യത്തോടെ അയാൾ ആ അനുഭവത്തിൽനിന്ന് രക്ഷപ്രാപിച്ചു. പിന്നീട് ആ വർഷം സെപ്റ്റംബറിൽ അയാൾക്ക് ഭക്ഷണം കഴിക്കുമ്പോൾ അനിയന്ത്രിതമായ ഇക്കിൾ അനുഭവപ്പെടാൻ തുടങ്ങി. പരിശോധനയിൽ അയാൾക്ക് ആമാശയ കാൻസർ ഉണ്ടെന്നുള്ള സംശയം ഉണ്ടായി. ഡിസംബറിൽ ശസ്ത്രക്രിയ ചെയ്യപ്പെട്ടു. നാല് ആഴ്ചകൾക്കുശേഷം അയാൾ വീണ്ടും ജോലിയിൽ പ്രവേശിച്ചു!
പ്രയാസകരമായ ഈ മാസങ്ങളിൽ ഡോഡ് തന്റെ ഭർത്താവിനെ പിന്താങ്ങാൻ ശ്രമിച്ചതെങ്ങനെ? അവൾ ഇപ്രകാരം ഉത്തരം നൽകുന്നു: “നിഷേധാത്മകമായ വിചാരങ്ങളാൽ ഞങ്ങൾ സമയവും ഊർജ്ജവും നഷ്ടപ്പെടുത്തിയില്ല. രോഗാവസ്ഥ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനോ ഞങ്ങളുടെ ഗതി നിശ്ചയിക്കുന്നതിനോ മുമ്പ് അതു സംബന്ധിച്ച് വസ്തുതകൾ ലഭിക്കാൻ ഞങ്ങൾ കാത്തിരുന്നു.
“ആവശ്യമായ ചികിത്സ സംബന്ധിച്ച് ഞങ്ങളുടെ ഡോക്ടർമാരുടെയും ശസ്ത്രക്രിയാവിദഗ്ദ്ധന്റെയും ശുപാർശ സ്വീകരിച്ചുകൊണ്ട് ഞങ്ങൾ പൂർണ്ണവിശ്വാസത്തോടെ മുന്നോട്ടുപോയി. ഞങ്ങൾ വസ്തുനിഷ്ഠമായ സംഭാഷണങ്ങളും സൗഖ്യമാകും എന്നചിന്തയും നിലനിർത്തി. എന്റെ ഭർത്താവിന് പോരാടുന്ന ഒരു മനഃസ്ഥിതിയുണ്ടായിരുന്നു, അയാളെ സഹായിക്കാൻ ഞാൻ നിശ്ചയമെടുക്കുകയും ചെയ്തു.”
ഉണരുക!: വസ്തുനിഷ്ഠമായ ഒരു മാനസികാവസ്ഥയിൽ നിലനിൽക്കുന്നതിന് നിങ്ങൾ മറ്റെന്തുകൂടെ ചെയ്തു?
ഡോഡ്: “അയാൾ ആശുപത്രിയിലായിരുന്നപ്പോൾ ഞാൻ സന്ദർശനങ്ങൾ നിരുത്സാഹപ്പെടുത്തുകയോ പരിമിതപ്പെടുത്തുകയോ ചെയ്തു. സന്ദർശനങ്ങൾ മുൻകൂട്ടി നിശ്ചയിച്ചപ്രകാരം നടത്തേണ്ടിയിരുന്നു, അവ ഹ്രസ്വവുമായിരിക്കേണ്ടിയിരുന്നു. അങ്ങനെ സദുദ്ദേശ്യമുള്ളവരെങ്കിലും അയാളെ ക്ഷീണിപ്പിച്ചേക്കാവുന്ന ആളുകളെ വേർപെടുത്താൻ എനിക്കു കഴിഞ്ഞു. അയാൾക്കു ലഭിച്ച നൂറുകണക്കിന് ആശ്വസിപ്പിക്കൽ കത്തുകൾ സന്ദർശനങ്ങളേക്കാൾ ഉത്തമായിരുന്നു.”
ഉണരുക!: നിങ്ങൾ ഒരു അംഗീകൃത നേഴ്സ് ആയിരുന്നെന്നും പല ഡോക്ടർമാരോടുകൂടെ ജോലി ചെയ്തിട്ടുണ്ടെന്നും ഞങ്ങൾക്കറിയാം. എന്നാൽ ഇപ്പോൾ ഒരു രോഗിയുടെ ഭാര്യയെന്നനിലയിൽ ഡോക്ടർമാർക്ക് തുണയായിരിക്കാൻ എങ്ങനെ കഴിയുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്?
ഡോഡ്: “ഡോക്ടർ ഞങ്ങളുടെ കാര്യത്തിൽ ചെയ്തതുപോലെ, അയാൾ ഒരു വസ്തുനിഷ്ഠമായ വീക്ഷണം രോഗിക്ക് പകർന്നുകൊടുക്കണമെന്ന് ഞാൻ കരുതുന്നു. രോഗി അറിയാൻ ആഗ്രഹിക്കുന്നതുമാത്രം അയാളുടെ ചോദ്യങ്ങൾക്കനുസരിച്ച് ഡോക്ടർ അയാളോട് പറയണം. ഡോക്ടർമാർ എന്നോട് കാര്യങ്ങൾ തുറന്നു സംസാരിക്കാൻ ഞാൻ പ്രതീക്ഷിച്ചുവെന്നത് സത്യം തന്നെ. എന്നാൽ എന്റെ ഭർത്താവിന്റെ കാര്യത്തിൽ അവർ നിരാശയുടെയല്ല, പ്രത്യാശയുടെ വിത്തുവിതയ്ക്കാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് രോഗി ആവശ്യപ്പെടാത്തപക്ഷം നിങ്ങൾ അയാളോട് അഥവാ അവളോട് നിങ്ങൾക്ക് ഏതാനും മാസങ്ങൾ മാത്രമേ ജീവിക്കാനുള്ളു എന്ന് പറയണമെന്ന് ഞാൻ കരുതുന്നില്ല. അത് രോഗിയുടെ അവസ്ഥയേയും നിശ്ചയത്തെയും ആശ്രയിച്ചിരിക്കട്ടെ.”
ഉണരുക!: അനുദിനം പ്രശ്നങ്ങൾ തരണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതെന്ത്?
ഡോഡ്: “അനുകമ്പ! സാഹചര്യത്തെ ധൈര്യത്തോടെ അഭിമുഖീകരിക്കാൻ ശ്രമിക്കുകയിൽ പിന്തുണ നൽകുന്ന ഇണ നിരന്തര സമ്മർദ്ദത്തിൻ കീഴിൽ ആകുന്നു. അതുകൊണ്ട്, ‘കാര്യങ്ങൾ എങ്ങനെ പോകുന്നു ഡോഡ്?’ എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ സുഖംതോന്നുന്നു. അപ്പോൾ എന്റെ പരിശോധന അവരും മനസ്സിലാക്കുന്നു എന്ന് ഞാൻ അറിയുന്നു.
“നർമ്മബോധവും ഞങ്ങളെ സഹായിക്കുന്നതായി ഞാൻ കണ്ടെത്തുന്നു. ഞങ്ങളിരുവരും ഗോൾഫ് കളി ഇഷ്ടപ്പെട്ടിരുന്നതുകൊണ്ടും അയാൾക്ക് ഭാരം വളരെ കുറഞ്ഞിരുന്നതുകൊണ്ടും ഞാൻ ഒരു ദിവസം അയാളോട് ഇപ്രകാരം പറഞ്ഞു ‘താങ്കളുടെ കാലുകൾ ഇപ്പോൾതന്നെ മൂന്നാം തരം മരമാണോ നാലാം തരം ഇരുമ്പാണോ എന്ന് എനിക്കറിയില്ല!’ അയാൾ ചിരിച്ചു. നിങ്ങൾക്കറിയാമോ, ശസ്ത്രക്രിയ കഴിഞ്ഞ് ആറ് ആഴ്ചക്കുള്ളിൽ അയാൾ എന്നോടൊത്ത് 18 സുഷിരങ്ങൾ ഗോൾഫ് കളിച്ചു!”
ഒരു രോഗിയെന്ന നിലയിൽ അത്യന്തം പ്രോത്സാഹജനകമായ ഘടകങ്ങൾ എന്തായിരുന്നു എന്നാണ് ചാൾസ് കരുതുന്നത്?
“എനിക്ക് മൂന്നെണ്ണം പട്ടികപ്പെടുത്താൻ കഴിയും—എന്റെ ഭാര്യ, ആശുപത്രി ജീവനക്കാർ, ഞങ്ങളുടെ സ്നേഹിതൻമാർ എന്നിവർതന്നെ. ഞങ്ങൾക്ക് ചികിത്സാരംഗത്തുള്ളവരിൽനിന്ന് അത്ഭുതകരമായ പിന്തുണ ലഭിച്ചു. ശസ്ത്രക്രിയയുടെ ഓരോപടിയും അവർ മുൻകൂട്ടി ഞങ്ങൾക്ക് വിശദീകരിച്ചുതന്നു, ഒരു അപ്രധാന വസ്തുവെന്നനിലയിലല്ല വ്യക്തികളെന്നനിലയിൽ ഞങ്ങളോടു പെരുമാറുകയും ചെയ്തു. തൽഫലമായി ഞങ്ങൾക്ക് അവരിൽ പൂർണ്ണവിശ്വാസം ഉണ്ടായി, അത് ശുഭാപ്തിവിശ്വാസമുള്ളവരായിരിക്കാൻ ഞങ്ങളെ സഹായിക്കുകയും ചെയ്തു.
“എന്റെ ഏറ്റവും നല്ല തുണ എന്റെ ഭാര്യയായിരുന്നുവെന്നതു സത്യംതന്നെ. അവൾ മുമ്പ് ഒരു നേഴ്സായിരുന്നത് എനിക്ക് കുറേക്കൂടെ മെച്ചമാക്കിത്തീർത്തു. പ്രാർത്ഥനയും എനിക്ക് ഒരു വലിയ ആശ്വാസവും ബലവും ആയിരുന്നു. ജോലി ചെയ്യാൻ കഴിയേണ്ടതിന് ഞാൻ പ്രാർത്ഥിച്ചു . . . ഇവിടെ നിങ്ങൾ എന്നെ ഓഫീസിൽ കണ്ടെത്തുകയും ചെയ്യുന്നു!”
യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുന്നു, പ്രത്യാശയോടെ ജീവിക്കുന്നു
തന്റെ ഭർത്താവായ സ്റ്റാൻ ഈയിടെ 65-ാം വയസ്സിൽ കാൻസർ പിടിപെട്ട് മരിച്ചുപോയ ഈഥലുമായി ഉണരുക! അഭിമുഖം നടത്തി.
ഉണരുക!: സ്റ്റാൻ ഏതുതരം ചികിത്സക്കാണ് വിധേയനായത്?
ഈഥൽ: “അയാളുടെ ഇടുപ്പിലുണ്ടായ കാൻസർ ആദ്യമായി 1985-ൽ കണ്ടുപിടിക്കപ്പെട്ടു. അധികം താമസിയാതെ, അയാൾക്ക് ശ്വാസകോശത്തിലും കണ്ണിലും തലച്ചോറിലും മുഴയുണ്ടെന്ന് കണ്ടെത്തി. അയാൾക്ക് ശ്വാസകോശത്തിൽ കെമൊതെറാപ്പിയും മറ്റു സ്ഥലങ്ങളിൽ വികിരണ ചികിത്സയും നൽകപ്പെട്ടു. കുറച്ചു കാലത്തേക്ക് ആശ്വാസം തോന്നി, അയാൾ ഒരു യാത്രയ്ക്ക് പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം അയാൾക്ക് കഠിനമായ ഛർദ്ദിയുണ്ടായി, അത് രോഗത്തിന്റെ പുനരാക്രമണമാണെന്ന് ഞങ്ങൾ മനസ്സിലാക്കി. അപ്പോൾ മുതൽ അയാൾക്ക് ഇനിയും അതിജീവിക്കാൻ കഴിയില്ലെന്ന് ഞങ്ങളിരുവരും മനസ്സിലാക്കി.”
ഉണരുക!: നിങ്ങളിരുവരും ആ വസ്തുതയോട് പ്രതികരിച്ചതെങ്ങനെയാണ്?
ഈഥൽ: “ആ അവസ്ഥ സംബന്ധിച്ച് ഞങ്ങൾ തുറന്നു സംസാരിച്ചു. സ്റ്റാൻ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കുകയും ചെയ്തു. വാസ്തവത്തിൽ, തന്റെ മനോഭാവത്താൽ സാഹചര്യത്തിന്റെ നിജസ്ഥിതിയെ അഭിമുഖീകരിക്കാൻ അയാൾ എന്നെ സഹായിച്ചു.
“ഞാൻ കരയുന്ന പ്രകൃതക്കാരിയല്ലായിരുന്നു, അയാളുടെ മുമ്പാകെ പൊട്ടിക്കരച്ചിൽ ഒഴിവാക്കാൻ ഞാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഒരു ദിവസം അയാൾ കരയുന്നതായി ഞാൻ കണ്ടെത്തി, എന്റെ നിയന്ത്രണവും വിടാൻ അതിടയാക്കി. ‘നിങ്ങൾ കരയുകയാണെങ്കിൽ, നമുക്ക് ഒരുമിച്ചുകരയാം, അങ്ങനെ പ്രശ്നം തീർക്കാം’ എന്ന് ഞാൻ അയാളോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ ഒരുമിച്ചുകരഞ്ഞു, അത് ഞങ്ങൾക്ക് അയവു വരുത്തിയെന്ന് ഞാൻ കരുതുന്നു. അതിനുശേഷം അയാൾ ലജ്ജയോടെ പുഞ്ചിരിച്ചു, എന്നാൽ അത് ഞങ്ങൾക്ക് ഗുണം ചെയ്തുവെന്ന് എനിക്ക് അറിയാമായിരുന്നു.
“മറ്റൊരു പ്രധാന ഘടകം ഒരു പുനരുത്ഥാനത്തിന്റെ ബൈബിൾ പ്രത്യാശയായിരുന്നു. ഞങ്ങൾ കൂടെക്കൂടെ അതു സംബന്ധിച്ച് സംസാരിച്ചു. അയാൾ ഇപ്രകാരം പറയുമായിരുന്നു: ‘ഞാൻ അല്പസമയത്തേക്ക് ഉറങ്ങാൻ പോകും. പുതിയ വ്യവസ്ഥിതി ഈ ഭൂമിയിൽ വന്നു കഴിയുമ്പോൾ ഞാൻ തിരിച്ചുവരും.’ ഞങ്ങളുടെ വിശ്വാസം ഒരു വലിയ വ്യതിയാനം ഉളവാക്കി.”
കാൻസറും വിശ്വാസവും
കാൻസർ വ്യക്തിപരമായ ഒരു യുദ്ധമായതുകൊണ്ട് ശക്തമായ ഒരു വിശ്വാസത്തിന് സഹായിക്കാൻ കഴിയും. ദൈവത്തോടുള്ള ആശയവിനിമയമാകുന്ന പ്രാർത്ഥനക്കും ശാന്തമാക്കുന്ന ഒരു വലിയ സ്വാധീനം ഉണ്ടായിരിക്കാൻ കഴിയും. ബൈബിൾ പ്രസ്താവിക്കുന്ന പ്രകാരം: “യാതൊന്നിനെക്കുറിച്ചും ഉൽക്കണ്ഠപ്പെടരുത്, എന്നാൽ എല്ലാറ്റിലും നന്ദി നൽകലോടെ പ്രാർത്ഥനയാലും അഭ്യർത്ഥനയാലും നിങ്ങളുടെ അപേക്ഷകൾ ദൈവത്തെ അറിയിക്കുക; സകലചിന്തയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും മാനസിക ശക്തികളെയും ക്രിസ്തുയേശു മുഖേന കാക്കും.”—ഫിലിപ്യർ 4:6, 7.
നിവൃത്തിയേറിയ ബൈബിൾ പ്രവചനമനുസരിച്ച്, ദൈവം “അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയു”ന്നതിനുള്ള സമയം സമീപമാണ്. “മേലാൽ മരണം ഉണ്ടായിരിക്കുകയില്ല, വിലാപമോ നിലവിളിയോ വേദനയോ മേലാൽ ഉണ്ടായിരിക്കുകയില്ല. പൂർവ്വകാര്യങ്ങൾ കടന്നുപോയിരിക്കുന്നു.” അതെ, ദൈവത്തിന്റെ രാജ്യഭരണത്തിൻകീഴിൽ മറ്റെല്ലാ വ്യാധികളോടുമൊപ്പം കാൻസറും നിർമ്മാർജ്ജനം ചെയ്യപ്പെട്ടിരിക്കും. ആ സമയം ആസന്നമാണ്.—വെളിപ്പാട് 21:3, 4; ലൂക്കോസ് 21:29-33. (g86 10/22)
[17-ാം പേജിലെ ചതുരം]
കാൻസർ രോഗികൾക്ക് വസ്തുനിഷ്ഠമായ സ്വയ സഹായം
1. നിഷേധം പിടികൂടാൻ അനുവദിക്കരുത്. യാഥാർത്ഥ്യബോധമുള്ളവരായിരിക്കുകയും പ്രശ്നത്തെ നേരിടുകയും ചെയ്യുക. അങ്ങനെ ലഭ്യമായ സമയം പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങൾക്കു കഴിയും.
2. നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് അതിജീവിക്കാൻ കഴിവുള്ള പദ്ധതികളോ ലക്ഷ്യങ്ങളോ ഉള്ളവരായിരിക്കുക. അർത്ഥമില്ലാത്ത ജീവിതം ശൂന്യമാണ്. അത് അങ്ങനെയായിരിക്കണമെന്നില്ല.—അത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു.
3. കഴിവതും പ്രവർത്തനനിരതരായിരിക്കുക. ശാരീരിക പരിമിതികൾ ഉണ്ടെങ്കിലും നിങ്ങളുടെ ബുദ്ധിപരമായ ജീവിതം അവസാനിച്ചിട്ടില്ല. അതുകൊണ്ട് സമയത്തിന് മുമ്പ് അത് അവസാനിപ്പിക്കുന്നതെന്തിന്? നിങ്ങളുടെ മനസ്സിനെ കർമ്മനിരതമാക്കിനിർത്തുക—വായന, എഴുത്ത്, ചിത്രരചന, പഠനം, മുതലായവയാൽ. പുതിയ പദ്ധതികൾപോലും ഉൾപ്പെടുത്തുക.
4. നിങ്ങൾക്ക് നിങ്ങളുടെ കഴിവുകൾ ജ്ഞാനപൂർവ്വം ഉപയോഗിക്കാൻ കഴിയേണ്ടതിന് വസ്തുനിഷ്ഠമായ ഒരു മനോഭാവം വികസിപ്പിക്കുക. സ്വാനുകമ്പ സ്വാർത്ഥതല്പരമാണ്, തന്നെത്താൻ നശിപ്പിക്കുന്നതും ആണ്. മറ്റുള്ളവർക്കുവേണ്ടി എന്തുചെയ്യാൻ കഴിയുമെന്നുള്ള രീതിയിൽ ചിന്തിക്കുക. നിങ്ങളുടെ വസ്തുനിഷ്ഠമായ മനോഭാവത്താൽ നിങ്ങളുടെ സ്നേഹിതരെയും ബന്ധുക്കളെയും കെട്ടുപണിചെയ്യാൻ കഴിയും.
5. ഒരു നർമ്മബോധവും സ്വയം ചിരിക്കാനുള്ള കഴിവും നിലനിർത്താൻ ശ്രമിക്കുക. മുള്ളുകൾ കാണാതെ റോസാപ്പൂവ് കാണുക. എല്ലാവരെയും പോലെ നിങ്ങൾ മരിക്കുകയാണെന്നുള്ള ആശയമല്ല, നിങ്ങൾ ജീവിക്കുന്നു എന്ന വസ്തുത വിലമതിക്കുക.
[16-ാം പേജിലെ ചിത്രം]
ചികിത്സാരംഗത്തുള്ളവർക്കും പ്രിയപ്പെട്ടവർക്കും സ്നേഹിതർക്കും എല്ലാം തുണയായിരിക്കാൻ കഴിയും