ചെറുപ്പക്കാർ ചോദിക്കുന്നു . . .
ശല്യമോ നഷ്ടമോ ഉണ്ടാക്കുന്ന തമാശകൾ നിരുപദ്രവകരമായ വിനോദമല്ലേ?
അത് വെറുമൊരു തമാശയായിരുന്നു. അതിൽ ഉൾപ്പെട്ട കുട്ടികൾ കൂട്ടച്ചിരിയായിരുന്നു. അവർ കുറെ എണ്ണവീപ്പകൾ കൂട്ടിക്കെട്ടി ഒരറ്റത്ത് ഫിൻ [അന്തർവാഹിനിയുടെ പിൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ലംബമായ ഒരുപകരണം] ഘടിപ്പിച്ചു. അതിനുശേഷം ആ വിചിത്രമായ ഉപകരണം മുഴുവൻ വെള്ളപ്പെയിൻറടിച്ച് അതിന്റെ ഒരു സൈഡിൽ “C.C.C.P” [റഷ്യൻ ഭാഷയിൽ സോവ്യറ്റ് യൂണിയൻ എന്നതിന്റെ സംക്ഷിപ്തരൂപം] എന്നെഴുതി. അവർ അത് റ്റെഡ് എന്നു പേരുള്ള ഒരു മനുഷ്യന്റെ വീടിനടുത്ത് സ്ഥാപിച്ചു. അടുത്ത പ്രഭാതത്തിൽ റ്റെഡ് ഇത് ദർശിക്കുകയിൽ ഞെട്ടിപ്പോയി. ഉടൻ പോലീസിനെ വിളിച്ച് ഒരു സോവ്യറ്റ് മിസൈൽ തന്റെ വീടിനടുത്തിറങ്ങിയിരിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്തു. പരിശോധിക്കുന്നതിനുവേണ്ടി വന്ന ഉദ്യോഗസ്ഥൻമാരിലൊരാളോട് ആവേശഭരിതനായി സംസാരിക്കവേ കുട്ടികളുടെ തമാശ കൈപ്പേറിയതായിത്തീർന്നു. കാരണം റ്റെഡിന് ഹൃദയസ്തംഭനമുണ്ടാവുകയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാക്കുകയും ചെയ്തു.
ശല്യമുണ്ടാക്കുന്ന എല്ലാ ഫലിതങ്ങളും വ്യക്തികളെ ആശുപത്രിയിലാക്കുകയില്ല. എന്നാൽ നിങ്ങൾ അത്തരം ഒരു ദുരന്തത്തിന് കാരണക്കാരനാണെങ്കിൽ നിങ്ങൾക്കതെങ്ങനെ തോന്നുമെന്ന് ചിന്തിക്കുക. നിങ്ങളെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് അല്പം നേരമ്പോക്ക് വേണം, അത്രമാത്രം. ചെറുപ്പക്കാരുടെയിടയിൽ ശല്യമുണ്ടാക്കുന്ന ഫലിതങ്ങൾ സർവ്വസാധാരണമാണ്. അവരിൽ മിക്കവരും അതിൽ യാതൊരുപദ്രവവും കാണുന്നില്ല. അവർ അവ വളരെ വിനോദജനകമായി കണക്കാക്കുന്നു. എന്നാൽ വാസ്തവത്തിൽ ഇത് അങ്ങനെതന്നെയാണോ?
“ഒരു ഭ്രാന്തനെപ്പോലെ”
സദൃശവാക്യങ്ങൾ എന്ന ബൈബിൾ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത് “അല്പബുദ്ധികൾക്ക് വിവേകവും യുവാവിന് പരിജ്ഞാനവും ചിന്താപ്രാപ്തിയും നൽകേണ്ട”തിനാണ്. (സദൃശവാക്യങ്ങൾ 1:1-4) അതിന്റെ ജ്ഞാനമൊഴികളിൽ ശല്യകരമായ തമാശകളെക്കുറിച്ചുള്ള ഒരു ഭാഗവും ഉൾപ്പെടുന്നു: “കൂട്ടുകാരനെ കബളിപ്പിച്ചിട്ട് ‘അത് തമാശയല്ലായിരുന്നോ?’ എന്ന് പറയുന്ന മനുഷ്യൻ തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ബോധശൂന്യനെപ്പോലെയാകുന്നു.” (സദൃശവാക്യങ്ങൾ 26:18, 19) “ബോധശൂന്യർ” എന്ന വാക്ക് ഭ്രാന്തനെ പരാമർശിക്കുന്നു. “ഒരു ഭ്രാന്തനെപ്പോലെ” എന്നാണ് ജയിംസ് മോഫറ്റിനാലുള്ള ബൈബിളിന്റെ പുതിയ പരിഭാഷ വായിക്കപ്പെടുന്നത്.
അമ്പുകളോ തീക്കൊള്ളികൾ പോലുമോ എറിയുന്ന ഒരു ഭ്രാന്തൻ വരുത്തിക്കൂട്ടുന്ന ജീവന്റെയും സ്വത്തിന്റെയും നഷ്ടത്തെക്കുറിച്ച് സങ്കൽപ്പിക്കുക. “ഒരു ഭ്രാന്തൻ” തന്റെ പ്രവർത്തനത്തിന്റെ ഗൗരവം സംബന്ധിച്ച് പൂർണ്ണമായും ബോധവാനല്ലായിരിക്കാം. അവൻ വിവേകശൂന്യനാണ്. അതുപോലെതന്നെ, മറ്റുള്ളവരെ ‘കബളിപ്പി’ക്കുന്നവൻ നഷ്ടം വരുത്തണമെന്ന് വാസ്തവത്തിൽ ആഗ്രഹിക്കുന്നില്ലായിരിക്കാം. എന്നിരുന്നാലും അത്തരം കുസൃതിത്തരങ്ങളാൽ ശാരീരികമായോ വൈകാരികമായോ ക്ഷതമേറ്റവർക്ക് ഇത് ഒരു സാന്ത്വനമല്ല. അങ്ങനെയെങ്കിൽ ചിലർ മറ്റുള്ളവരിൽ അത്തരം നേരമ്പോക്കുകൾ പ്രയോഗിക്കുന്നതെന്തുകൊണ്ട്?
സദൃശവാക്യം അതിനുള്ള ഒഴികഴിവ് പറയുന്നു: “അത് ഒരു തമാശയല്ലായിരുന്നോ?” അതുകൊണ്ട് സാധാരണയായി അത് തമാശിനുവേണ്ടിയോ മുഷിപ്പ് ഒഴിവാക്കുന്നതിനുവേണ്ടിയോ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനുവേണ്ടിയോ ആണ് ചെയ്യപ്പെടുന്നത്. കൂടാതെ, മേരി സൂസൻ മില്ലറിന്റെ ബാലസമ്മർദ്ദം! എന്ന പുസ്തകം ശല്യകരമായ തമാശകൾ പിരിമുറുക്കത്തിന്റെ പ്രതികരണമായി ചില കുട്ടികളോ പ്രായം ചെന്നവരോ മറ്റുള്ളവരിൽ പ്രയോഗിക്കുന്ന ഒരു “നാഡി പ്രതിരോധ”മെന്നനിലയിൽ പട്ടികപ്പെടുത്തുന്നു. അതേസമയം, ചിലർ മറ്റുള്ളവരുടെ കുസൃതിത്തരങ്ങൾക്ക് ഇരയായതിന്റെ പ്രതികാരമായി ഫലിതങ്ങൾ പ്രയോഗിക്കുന്നു. തീർച്ചയായും വിഡ്ഢിത്തത്തിൽ തുടർച്ചയായി ഉൾപ്പെടുന്നതിനാൽ ഒരു യുവാവ് ഒരു ദുഷ്പ്രേരകന്റെ നിലയിലേക്ക് തന്നെത്തന്നെ താഴ്ത്തുകമാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് ശല്യമോ നഷ്ടമോ ഉണ്ടാക്കുന്ന വിനോദങ്ങളിൽ ഏർപ്പെടാതിരിക്കുന്നതാണ് ബുദ്ധിപൂർവ്വകമായ ഗതി.
നിർത്തേണ്ട വിധം
നിങ്ങളോടുതന്നെ ചോദിക്കുക: “മറ്റാരെങ്കിലും ഇതേ സംഗതി എന്നോട് ചെയ്യാൻ ഞാൻ ആഗ്രഹിക്കുമോ?” യേശു ഇപ്രകാരം പറഞ്ഞു: “അതുകൊണ്ട് മനുഷ്യർ നിങ്ങൾക്ക് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കും ചെയ്യുക.” (മത്തായി 7:12) ബൈബിൾ സഹാനുഭൂതിയും മൃദുലാനുകമ്പയും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ അത് ദ്രോഹത്തിനുപകരം ദ്രോഹം ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു. (1 പത്രോസ് 3:8, 9) അത്തരം സ്നേഹപൂർവ്വകമായ ഗുണങ്ങൾ വികസിപ്പിക്കുന്നത് ശല്യകരമായ വിനോദങ്ങളിൽ ഏർപ്പെടുന്നതിൽനിന്ന് നിങ്ങളെ തടയുക മാത്രമല്ല മറിച്ച് നിങ്ങളെ മറ്റുള്ളവർക്ക് പ്രിയങ്കരരാക്കുകയും ചെയ്യും. തമാശക്കാരന് പൊട്ടിച്ചിരി ലഭിച്ചേക്കാം. എന്നാൽ നിങ്ങൾ കൂട്ടുകാരെ നേടും.
കൂടാതെ, നിങ്ങൾ സഹവസിക്കുന്ന ആളുകൾ എത്തരക്കാരാണെന്ന് നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. “നേരമ്പോക്കുകാരുടെ കൂട്ടത്തിൽ ഞാൻ അടുത്തിരുന്നിട്ടില്ല” എന്ന് യിരെമ്യാപ്രവാചകൻ പറഞ്ഞു. (യിരെമ്യാവ് 15:17) നാം നമ്മുടെ സുഹൃത്തുക്കളാൽ എളുപ്പം സ്വാധീനിക്കപ്പെട്ടേക്കാം. നേരമ്പോക്കുകാർ എന്ന് പേരുള്ളവരുടെ സഹവാസം ഒഴിവാക്കുക.
“സ്കൂളിലെ എന്റെ കൂട്ടുകാരാൽ തികച്ചും അംഗീകരിക്കപ്പെടാൻ ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് എനിക്ക് നേരമ്പോക്കിനുവേണ്ടി ആരെങ്കിലും വേണമായിരുന്നു” എന്ന് ഡബ്ബി സമ്മതിച്ചുപറഞ്ഞു. പ്രശ്ന സങ്കീർണ്ണമായ അവളുടെ കൗമാരപ്രായത്തെക്കുറിച്ച് അവൾ സംസാരിക്കയായിരുന്നു. താൻ വലിയ വിഡ്ഢിത്തം പ്രവർത്തിച്ചതെന്തുകൊണ്ടെന്ന് അവൾ വിവരിച്ചു: “എന്തുകൊണ്ടെന്നാൽ അത് വിനോദകരമായിരുന്നു. സകലതും വിനോദകരമായിരിക്കേണ്ടിയിരുന്നു. ഇത് ഭാവിയെ എങ്ങനെ ബാധിക്കുമെന്നോ, ഞാൻ ഒരു ദിവസം പിൻതിരിഞ്ഞ് നോക്കേണ്ടിവരുമെന്നോ, അത് വരുത്തുന്ന മുറിവുകളെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്നോ ഞാൻ കരുതിയില്ല.” അത്തരം തുടർച്ചയായ കോമാളിത്തരങ്ങൾ അവളെ യഥാർത്ഥത്തിൽ സന്തുഷ്ടയാക്കിയില്ല. അത് സദൃശവാക്യങ്ങൾ 14:13 പറയുന്നതുപോലെയായിരുന്നു: “ചിരിക്കുമ്പോൾ പോലും ഹൃദയം വേദനയിലായിരിക്കാം.” അന്തിമായി അവൾ തന്റെ ജീവിതഗതിയിലെ വിഡ്ഢിത്തം തിരിച്ചറിഞ്ഞു. അതിനുശേഷം ബൈബിൾ തത്വങ്ങളനുസരിച്ച് ജീവിക്കാൻ അവൾ തീരുമാനമെടുത്തു. ഇപ്പോൾ അവൾക്കുള്ള യഥാർത്ഥ സന്തുഷ്ടി അവളുടെ ശല്യകരമായ തമാശകളിൽനിന്നുണ്ടാകുന്ന ക്ഷണികമായ കൂട്ടച്ചിരികളെക്കാൾ വളരെ ശ്രേഷ്ഠമാണ്.
അതുകൊണ്ട് ശല്യകരമായ തമാശകൾ നിരുപദ്രവകരമായ വിനോദമാണോ? അല്ല എന്ന് ബൈബിളും എണ്ണമറ്റ ദുഃഖാനുഭവങ്ങളും ഉത്തരം നൽകുന്നു. “രസ”ത്തിനുവേണ്ടിയുള്ള അത്തരം അന്വേഷണം നല്ല ജീവിതലക്ഷ്യങ്ങൾ നേടുന്നതിൽനിന്ന് നിങ്ങളെ വഴിതെറ്റിക്കാൻ അനുവദിക്കരുത്. “ഭോഷത്വം ബുദ്ധിഹീനന് രസം, എന്നാൽ ഒരു വിവേകി നേരെചൊവ്വേ നടക്കുന്നു.” സദൃശവാക്യം 15:21, ഡബ്ലിയു. എഫ്. ബെക്കിന്റെ ഇന്നത്തെ ഭാഷയിലെ വിശുദ്ധ ബൈബിൾ. (g86 9/22)
[18-ാം പേജിലെ ചിത്രം]
തമാശക്കാരന് കൂട്ടച്ചിരി ലഭിച്ചേക്കാം, എന്നാൽ കൂട്ടുകാരെ നേടുന്നതാരാണ്?