തലമുറവിടവ് അടയ്ക്കാൻ നിങ്ങൾക്ക് കഴിയുമോ?
ലോകമൊട്ടാകെയുള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികളിൽ കാണുന്ന ഒരു പ്രവണതയെച്ചൊല്ലി അസ്വസ്ഥരാണ്. അവർ വളരുന്നതോടൊപ്പം മാതാപിതാക്കളിൽ നിന്ന് അകലുകയും ചെയ്യുന്നു. കൂട്ടിയിണക്കാൻ വിഷമമായ—ചില കേസുകളിൽ അസാദ്ധ്യമായ—ഒരു തലമുറവിടവ് രൂപം കൊള്ളുന്നു. ഒരുപക്ഷേ നിങ്ങളും ഈ പ്രശ്നം കണ്ട് ആശങ്കപ്പെട്ടിട്ടുണ്ടായിരിക്കും.
വിടവ് എന്തുകൊണ്ട്?
മാതാപിതാക്കളും കുട്ടികളും തങ്ങളാലാവുന്നത്ര അളവിൽ പരസ്പരം സംസാരിക്കുന്നില്ല എന്നതിനോട് നിങ്ങളും യോജിക്കുമെന്നതിന് സംശയമില്ല. എന്തുകൊണ്ട്? ജപ്പാൻ ഗവൺമെൻറ് നടത്തിയ ഒരു നിരീക്ഷണപ്രകാരം കുട്ടികൾ, ഓരോ ദിവസവും 2 നാഴിക വീതം ടെലിവിഷൻ കാണാൻ ചെലവഴിക്കുമ്പോൾ തങ്ങളുടെ പിതാവിനോട് സംസാരിക്കാൻ 25 മിനിറ്റും മാതാവിനോട് സംസാരിക്കാൻ 40 മിനിറ്റും മാത്രമേ ചെലവഴിക്കുന്നുള്ളു.
സാമ്പത്തിക സമ്മർദ്ധങ്ങൾ നിമിത്തം തങ്ങളുടെ വരവുചിലവുകൾ എത്തിച്ചുകൊണ്ട് പോകുന്നതിന് മാതാപിതാക്കളിരുവരും, പല കുടുംബങ്ങളിലും പുറമേ ജോലിക്ക് പോകേണ്ടി വരുന്നു എന്നതാണ് മറ്റൊരു കാരണം. ഇതിന്റെ അർത്ഥം കുട്ടികളോടൊത്ത് ചെലവിടാൻ സമയം കുറയുന്നു എന്നാണ്. തൽഫലമായി, മാതാപിതാക്കളും കുട്ടികളും ഒരേ ഭവനത്തിൽ ഒന്നിച്ചു പാർക്കുന്നുവെങ്കിലും അവർ അപരിചിതർ ആയിത്തീരാനിടയുണ്ട്. ചിലപ്പോൾ സംസാരിക്കാൻ ഒരു ശ്രമം നടത്തപ്പെടുമ്പോൾ പോലും പരസ്പര ധാരണയുടെ അഭാവം നിമിത്തം സംസാരത്തിന്റെ ഗതി തെറ്റിപ്പോകുന്നു. ഒരു വർത്തമാനപത്രത്തിന്റെ മുഖപ്രസംഗം സൂചിപ്പിച്ചതുപോലെ, മാതാപിതാക്കൾ “കഠിനമായി പഠിക്കുക” എന്നോ “നിന്റെ മേശ ക്രമപ്പെടുത്തിവക്കുക” എന്നോ നിരന്തരം ആക്രോശിക്കമാത്രം ചെയ്യുന്നു. പക്ഷേ ഇത് ഒരു വ്യക്തിക്ക് പ്രോത്സാഹനം പകരുകയോ തലമുറ വിടവ് കൂട്ടിയിണക്കുകയോ ചെയ്യുകയില്ല.
വിടവ് എങ്ങനെ അടയ്ക്കാം?
കാനഡയിൽ അസ്വസ്ഥരായ അനേക കൗമാരപ്രായക്കാർക്ക് ആലോചന പറഞ്ഞുകൊടുത്തിട്ടുള്ള ഒരു മനുഷ്യൻ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “[ലജ്ജാലുക്കളായ കുമാരീകുമാരൻമാർക്കുള്ള ഉത്തമ ചികിത്സ ശ്രദ്ധിച്ചു, ശ്രദ്ധിച്ചു ശ്രദ്ധിച്ചുകൊണ്ടേയിരിക്കാൻ തക്കവണ്ണം സ്വയം ലഭ്യമാക്കുന്ന ഒരു മാതാവോ പിതാവോ ആണ്.” “കേൾക്കാൻ വേഗതയുള്ളവരും സംസാരിക്കാൻ സാവകാശമുള്ളവരും, കോപത്തിന് താമസമുള്ളവരും” ആയിരിക്കാനാണ് ബൈബിൾപോലും ബുദ്ധിയുപദേശിക്കുന്നത്. (യാക്കോബ് 1:19) പലപ്പോഴും “ശബ്ദിക്കരുത്!” “നീ എന്നെ ശല്യപ്പെടുത്തുകയാണ്!” എന്നിങ്ങനെ അലോരസപ്പെട്ടുകൊണ്ടുള്ള പ്രയോഗങ്ങൾകൊണ്ട് തന്റെ കുട്ടിയെ തന്നിൽ നിന്ന് അകറ്റുന്ന തെറ്റ് ഒരു പിതാവോ മാതാവോ ചെയ്തുപോകുന്നു. താൻ സംസാരിക്കാനൊരുമ്പെടുമ്പോഴെല്ലാം തന്നെ തഴയുകയാണെന്ന് കുട്ടിക്ക് തോന്നിയാൽ അവൻ ക്രമേണ തന്റെ മാതാപിതാക്കളുടെ അടുത്തേക്ക് വരുന്നത് നിർത്തിക്കളയും. ഒരു ആശയവിനിമയ വിടവ് അവിടെ ഉടലെടുക്കും.
നേരെമറിച്ച് വീട്ടിലെ കേടുപാടുപോക്കൽ, മുറി അലങ്കരിക്കൽ, ശ്രദ്ധിക്കാതെ കിടന്ന ഏതെങ്കിലും ഇടത്ത് പെയ്ൻറടിക്കൽ, അല്ലെങ്കിൽ പറമ്പിൽ ചെടികൾ നടൽ എന്നിങ്ങനെ ഏതെങ്കിലും പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും ഒരു കുടുംബം എന്നനിലയിൽ ഒത്തൊരുമിച്ച് ചെയ്യുന്നതിനും നിങ്ങൾക്ക് കഴിയും. ചെയ്തുതീർക്കേണ്ടതായ എന്തെങ്കിലും ഒരു വലിയ ജോലി കൈവരുന്നതിന് കാത്തുനിൽക്കേണ്ടതില്ല. മിക്കപ്പോഴും അത്, അമ്മയോടൊത്ത് പാചകം ചെയ്യുന്നതോ അപ്പനോടൊത്ത് തകർന്ന എന്തെങ്കിലും ഉപകരണത്തിന്റെ കേടുപോക്കുന്നതോ പോലെ അത്ര ലളിതമായ കാര്യങ്ങളാകാം. പ്രധാനമായ സംഗതി, ചെയ്യപ്പെടുന്നതെന്തും മാതാപിതാക്കളെയും കുട്ടികളെയും ഒരുമിച്ചുൾപ്പെടുത്തുന്നതായിരിക്കണം എന്നതാണ്. ഇത് സംഭാഷണത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. പക്ഷേ നിങ്ങളുടെ കുട്ടികളുടെ ജോലിയെ സംബന്ധിച്ച് പരിധി വിട്ട് വിമർശിക്കാതിരിക്കാനും അവരിൽ നിന്ന് കവിഞ്ഞു പ്രതീക്ഷിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കുക.
തീർച്ചയായും ഒരു കുട്ടി തന്റെ സമപ്രായക്കാരുമൊത്ത് കളിക്കാൻ താത്പര്യപ്പെടും. ഒരു തലമുറ വിടവ് തടയുന്നതിനോ അടയ്ക്കുന്നതിനോ വേണ്ടി ഒരു കുട്ടി ത്യാഗങ്ങൾ ചെയ്യേണ്ടത് ആവശ്യമായിത്തീരുന്നത് ഇവിടെയാണ്. മാതാപിതാക്കളും തങ്ങളുടെ സമയത്തിൽ കുറെ ത്യാഗം ചെയ്യേണ്ടിവരും. ഇത് ഒരു ത്യാഗം അർത്ഥമാക്കിയേക്കാം, പക്ഷേ ഒരു മാതാവിനോ പിതാവിനോ തന്റെ കുട്ടിക്ക് നൽകാൻ കഴിയുന്ന ഏത് ഭൗതീക സംഗതികളെക്കാളും അത്യധികം പ്രധാനമാണ് അത്.
സഹായം എവിടെനിന്ന് വരും?
ഒരു കുട്ടിയുടെ ജീവിതത്തിന്റെ ആദ്യഘട്ടം അവൻ മിക്കപ്പോഴും തന്റെ മാതാപിതാക്കളോടൊത്ത് മാത്രം ചെലവഴിക്കുന്നതുകൊണ്ട് കുട്ടിയുടെ സ്വഭാവരൂപീകരണത്തിന്റേതായ ആ വിലപ്പെട്ട വർഷങ്ങൾ പാഴാക്കരുത്.
പക്ഷേ നിങ്ങളുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നും എന്തു പഠിപ്പിക്കണം എന്നും നല്ല തിട്ടമില്ലാതെ നിങ്ങൾ കുഴങ്ങിയേക്കാം. ബൈബിൾ മനുഷ്യനറിവുള്ളതിൽ വച്ചേറ്റവും ശ്രേഷ്ഠമായ പ്രബോധനത്തിന്റെ ഉറവിടമാണെന്ന് അനേക മാതാപിതാക്കൾ കണ്ടെത്തിയിട്ടുണ്ട്. ബൈബിളുപയോഗിച്ചുകൊണ്ട് ഉന്നത ധാർമ്മിക തത്വങ്ങളും ഉത്സാഹവും ആത്മനിയന്ത്രണവും അധികാരത്തോടുള്ള ആദരവും മറ്റനവധി വിശിഷ്ട ഗുണങ്ങളും വികസിപ്പിച്ചുകൊണ്ടുവരാൻ അവരെ സഹായിക്കാൻ നിങ്ങൾക്ക് കഴിയും. ഇന്ന് തങ്ങളുടെ കുട്ടികളെ അഭ്യസിപ്പിക്കാൻ ബൈബിളിന്റെ മാർഗ്ഗദർശനം പിന്തുടരുന്ന ദശലക്ഷക്കണക്കിന് മാതാപിതാക്കൾ സദൃശവാക്യങ്ങൾ 22:6-ന്റെ സത്യത തിരിച്ചറിഞ്ഞിട്ടുണ്ട്. അവിടെ ഇങ്ങനെ പറയുന്നു: “ഒരു ബാലനെ അവൻ പോകേണ്ടുന്ന വഴിയിൽ അഭ്യസിപ്പിക്കുക; അവൻ വൃദ്ധനാകുമ്പോൾപോലും അതിൽ നിന്ന് വിട്ടുമാറുകയില്ല.”
പക്ഷേ മാതാപിതാക്കൾക്ക് തങ്ങളുടെ ചെറുപ്പക്കാരായ കുട്ടികളെ ബൈബിളുമായി പരിചയപ്പെടുത്താൻ എങ്ങനെ സാധിക്കും? കുട്ടികളുടെ ഇളംപ്രായത്തിൽ ബൈബിൾപോലുള്ള പുസ്തകങ്ങൾ ഒന്നിച്ചിരുന്ന് വായിക്കുക വളരെ എളുപ്പമാണ്. ഈ വിധത്തിൽ സമയം ചെലവഴിക്കുന്നത് ഏറ്റവും പ്രതിഫലദായകമാണ്, കാരണം കുട്ടികൾ മിക്കപ്പോഴും തുറന്നു സംസാരിക്കാൻ തുടങ്ങുന്നതുകൊണ്ട് പരസ്പരാശ്രയത്വവും വിശ്വാസവും വളരുന്നു.
കുട്ടികൾ കഥകളിഷ്ടപ്പെടുന്നു. ബൈബിൾ നിറയെ കഥകളാണ്. വാച്ച്റ്റവ്വർ ബൈബിൾ ആൻറ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ന്യൂയോർക്ക് പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ ബൈബിൾ കഥാപുസ്തകം മാതാപിതാക്കൾക്കും കുട്ടികൾക്കും ബൈബിളുമായി നന്നായി പരിചയപ്പെടാനുള്ള ഒരു ഉത്തമ പ്രസിദ്ധീകരണമാണ്. വലിയ വർണ്ണചിത്രങ്ങളോട് കൂടിയ ഈ പുസ്തകം ബൈബിളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രധാന സംഭവങ്ങൾ അതിന്റെ കാലാനുക്രമത്തിൽ വിവരിക്കുന്നു.
യഹോവയുടെ സാക്ഷികൾ വിതരണം ചെയ്യുന്ന മറ്റൊരു വിദ്യാഭ്യാസ സഹായിയാണ് മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ എന്ന പുസ്തകം കുട്ടികളോടൊപ്പം ഇരുന്നു വായിക്കത്തക്കവിധം ക്രമീകരിച്ചിരിക്കുന്ന 46 ചെറിയ അദ്ധ്യായങ്ങൾ അതിനുണ്ട്. അവ യുവാക്കളെ അവരുടെ ജീവിതത്തിൽ സഹായിക്കുന്ന മർമ്മപ്രധാനമായ തത്വങ്ങൾ അവരെ പഠിപ്പിക്കുന്നു. അദ്ധ്യായങ്ങളിൽ ചിലത് ഇവയാണ്: “അനുസരണം നിങ്ങളെ സംരക്ഷിക്കുന്നു,” “സത്യം പറയാതിരുന്ന രണ്ട് പേർ” “നൽകുന്നതിൽ ഏറിയ സന്തോഷം.” ഈ വിഷയങ്ങൾ നിങ്ങളുടെ കുട്ടികളുമൊത്ത് പഠിക്കുന്നത് നിങ്ങളെയും നിങ്ങളുടെ മക്കളെയും ബൈബിൾ ഉപദേശങ്ങൾ മെച്ചമായി ഗ്രഹിക്കാൻ സഹായിക്കും.
ചിലപ്പോൾ നിങ്ങളുടെ മക്കൾ കൗമാരപ്രായക്കാരായിരിക്കാം. അങ്ങനെയെങ്കിൽ നിങ്ങളുടെ യൗവ്വനം—അത് പരമാവധി ആസ്വദിക്കുക എന്ന പുസ്തകം ഒരു പിതാവോ മാതാവോ എന്നനിലയിൽ നിങ്ങളുടെ യൗവ്വനത്തിലെ മക്കളോട് സംസാരിക്കാനുള്ള വക നിങ്ങൾക്ക് തരുന്നു, അങ്ങനെ അത് ഒരു വിശിഷ്ട സഹായി ആയി ഉതകുന്നു. ഈ പുസ്തകം കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളെ അവയുടെ യഥാർത്ഥരൂപത്തിൽ കൈകാര്യം ചെയ്യുന്നു. ഈ അദ്ധ്യായങ്ങൾ മനസ്സിൽ പിടിക്കുക: “സ്ത്രീത്വത്തിലേക്കുള്ള വളർച്ച,” “പുരുഷത്വത്തിലേക്കുള്ള വളർച്ച,” “നിങ്ങൾക്കേതുതരം സഖികളെയാണ് ആവശ്യം?” “ജീവിതത്തിൽ നിന്ന് നിങ്ങൾക്ക് വേണ്ടതെന്ത്?
ഈ പുസ്തകങ്ങൾ കേവലം വായിക്കുന്നതാണ് ആകെയുള്ള ഉത്തരം എന്ന് പറയാൻ ശ്രമിക്കുകയല്ല. പക്ഷെ അത് ശരിയായ ദിശയിൽ ഒരു തുടക്കം ഇടുകയാണ്. തങ്ങൾ ഉത്തമായ ഒരു ശ്രമം നടത്തുകയാണ് എന്ന് മാതാപിതാക്കൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (എഫേസ്യർ 6:4) മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരു ശോഭനമായ ഭാവിപ്രത്യാശയോടെ കൂടുതൽ ഒരുമനപ്പെട്ട ഒരു കുടുംബം എന്നതായിരിക്കും ഒടുവിലുണ്ടാകുന്ന ഫലം. നിങ്ങളുടെ ഭവനങ്ങളിൽ അങ്ങനെ ഒരു പരിപാടി ആരംഭിക്കുന്നതിന് നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്ക് സന്തോഷമായിരിക്കും.—യോഹന്നാൻ 17:3. (g86 7/22)