ബൈബിളിന്റെ വീക്ഷണം
ജീവിതം ഇത്ര അനീതി നിറഞ്ഞതായിരിക്കുന്നെതന്തുകൊണ്ട്?
രജിസ്റ്റർ ചെയ്യാത്ത ഒരു കാർ വഴിയിലൂടെ നേരെ ചീറിപ്പാഞ്ഞ് വരുന്നു. അത് ഓടിക്കുന്നത് ലൈസൻസില്ലാത്ത ഒരു 17-കാരനാണ്, കൂടാതെ, അതിവേഗത്തിൽ വന്ന ആ വാഹനം സാവധാനം നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കാറിന്റെ പിൻഭാഗം തകർത്തുകളയുകയും, അതിനെ റോഡിലൂടെ 230 അടി (70 മീ.) തള്ളിനീക്കുകയും ചെയ്യുന്നു. അവിടെ അത് കത്തിയെരിയുന്നു. സാവധാനം നീങ്ങിക്കൊണ്ടിരുന്ന കാറിന്റെ പിൻ സീറ്റിലുണ്ടായിരുന്ന ഒരു പിതാവും ഉറങ്ങിക്കൊണ്ടിരുന്ന 13 വയസ്സുകാരി മകളും ഏതാണ്ട് ഭസ്മാകുന്നു. കത്തിയെരിയുന്ന വാഹനത്തിന്റെ മുൻസീറ്റിൽ നിന്ന് അമ്മയെ അവളുടെ മകൻ വലിച്ചെടുക്കുന്നു. അവളുടെ രണ്ട് കാലിലെയും മാംസം അസ്ഥിവരെ എരിഞ്ഞുപോയി. കുറെ മണിക്കൂറുകൾക്കുശേഷം അവൾ മരിക്കുന്നു. വണ്ടി ഓടിച്ചുകൊണ്ടിരുന്ന അവരുടെ 21 വയസ്സുള്ള പുത്രൻ മാത്രമാണ് അവരുടെ കുടുംബത്തിൽ അതിജീവിച്ചത്.
കുറ്റക്കാരനായ ആ ഡൈവർക്ക് നൽകിയ ശിക്ഷയെന്താണ്? 300 മണിക്കൂർ സാമുഹ്യസേവനവും 3000 ഡോളർ പിഴയും 3 വർഷത്തേക്കുള്ള സൽസ്വഭാവത്തിന്റെ ഒരു കരാറും.
കോടതി വിധി കേട്ടപ്പോൾ ഡോഗ്ളസ് (അതിജീവിച്ച മകൻ) ഇങ്ങന വിലപിച്ചു പറഞ്ഞു: “കുടിച്ചിട്ട് വാഹനമോടിക്കുന്നത് തടയുന്നതിനുവേണ്ടി ഗവൺമെൻറ് ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുകയും അതേ സമയം ഒരാൾ കുടിച്ചിട്ട് വാഹനമോടിച്ചതിന്റെ ഫലമായി ആരുടെയെങ്കിലും മരണത്തിനിടയായാൽ അയാൾക്ക് വേണ്ട ശിക്ഷ കൊടുക്കാതിരിക്കുകയും ചെയ്യുന്നത് ഒരു വലിയ തെറ്റാണെന്ന് എനിക്ക് തോന്നുന്നു.” ഇത് “വഴികളിൽ നീതി” എന്ന പരിഹാസശീർഷകത്തിൻ കീഴിൽ സിഡ്നി മോർണിംഗ് ഹെരാൾഡ് എന്ന വർത്തമാനപ്പത്രത്തിൽ ക്രമായി റിപ്പോർട്ടു ചെയ്യുന്ന വാഹന സംബന്ധമായ നീതിക്ക് നിരക്കാത്ത നിരവധി വിധികളിൽ ഒന്ന് മാത്രമാണ്.
ഒരു പക്ഷേ നിങ്ങളും അനീതിക്ക് ഇരയായിട്ടുണ്ടായിരിക്കാം—നിയമകോടതികളിലോ അല്ലെങ്കിൽ വീടോ തൊഴിലോ അന്വേഷിക്കുമ്പോൾ.
അനീതി ഒരു ലോകപ്രശ്നം
നിങ്ങൾ എവിടെ നോക്കിയാലും സാമൂഹ്യ അസമത്വമുണ്ട്. ഉദാഹരണത്തിന്, ചില രാജ്യങ്ങളിൽ ജീവിക്കുന്നവർക്ക് പാഴാക്കിക്കളയുന്നതിന് വളരെയധികം ഭക്ഷണമുണ്ട്. അവിടെ അമിത തീറ്റിയും സർവ്വസാധാരണമാണ്. എന്നാൽ അതേസമയം മറ്റ് ചില രാജ്യങ്ങളിൽ ദശലക്ഷങ്ങൾക്ക് വേണ്ടത്ര പോഷണം ലഭിക്കുന്നില്ല. ചിലർ പട്ടിണികിടന്ന് മരിക്കപോലും ചെയ്യുന്നു. എന്തുകൊണ്ട്? വാസ്തവത്തിൽ പട്ടിണി മാറ്റണമെങ്കിൽ ദശലക്ഷങ്ങൾക്ക് ഭക്ഷണം നൽകേണ്ട അടിയന്തിരാവശ്യമുണ്ട്. അതിനുവേണ്ടി ഭക്ഷണവും കൃഷിയും കൈകാര്യം ചെയ്യുന്ന ഐക്യരാഷ്ട സ്ഥാപനം 1983-ൽ വരച്ചുകാട്ടിയ ചിത്രം വളരെ മങ്ങിയതാണ്. 1985-ൽ എത്യോപ്യയിൽ നടന്ന സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് പട്ടിണി വന്നെത്തിയിരിക്കയാണ്.
അനീതിയുടെ മറ്റൊരു ദൃഷ്ടാന്തം പരിചിന്തിക്കുക. ചിലർക്ക് വലിയ ബംഗ്ലാവുകളിൽ താമസിക്കാൻ സാധിക്കും. അതേ സമയം ദശലക്ഷക്കണക്കിന് സഹമനുഷ്യർ പട്ടിണി നിമിത്തം ചെറിയ വീടുകളിലും അനേകരും ചെറ്റക്കുടിലുകളിലും കഴിയുന്നു. 1984-ലെ ന്യൂ ബുക്ക് ഓഫ് വേൾഡ് റങ്കിംഗ്സ് പറയുന്നതനുസരിച്ച് “ഭൂമിയിലെ ജനസംഖ്യയിൽ നാലിൽ ഒന്ന്—ഏതാണ്ട് 100 കോടി ജനങ്ങൾ—പട്ടിണിയിലാണ്. പശ്ചിമരാജ്യങ്ങളിൽ താമസിക്കുന്ന മിക്കവർക്കും ചിന്തിക്കാൻ പോലും വയ്യാത്തവിധം അത് അത്രകണ്ട് രൂക്ഷമാണ്,”
എന്നാൽ ചില രാജ്യങ്ങളിൽ ആളുകൾക്ക് സ്വന്തം വീടുണ്ട്. പക്ഷേ ഒരു കിണറ്റിൽ നിന്നോ ആറ്റിൽ നിന്നോ വെള്ളം കൊണ്ടുവരന്നതാണ് അവിടത്തെ സ്ത്രീകളുടെ മുഖ്യപ്രശ്നം. ചിലപ്പോൾ മൈലുകൾക്കപ്പുറത്തുനിന്ന് കൊണ്ടുവരേണ്ടിയിരിക്കുന്നു. ഒരു രാജ്യത്ത് 99.7 ശതമാനം താമസക്കാർക്കും പൈപ്പ് വെള്ളമില്ല. മറ്റ് 5 രാജ്യങ്ങളിൽ 95 ശതമാനത്തിലധികമാളുകൾക്ക് വെള്ളമില്ല. വേറെ 50 രാജ്യങ്ങളിലെ ജനസംഖ്യയിൽ 50.6 ശതമാനം മുതൽ 88.9 ശതമാനം വരെ പൈപ്പ് വെള്ളമില്ലാതെ കഴിയുന്നു.
ഇവ ഇന്ന് മനുഷ്യവർഗ്ഗത്തെ ബാധിക്കുന്ന അന്യായങ്ങളിൽ ചിലതാണ്. എന്നാൽ ഇത് ഇത്രയധികമുള്ളതെന്തുകൊണ്ട്? ദൈവം സുദീർഘമായി ഇവ അനുവദിക്കുന്നതെന്തുകൊണ്ട്? അവൻ ഇത് സംബന്ധിച്ച് എന്തെങ്കിലും ചെയ്യുമോ?
ദൈവം പക്ഷപാതം വെറുക്കുന്നു
സർവ്വശക്തനായ യഹോവയാം ദൈവത്തെ “മുഖപക്ഷമില്ലാത്തവൻ” എന്നനിലയിലും “അനീതിയില്ലാത്ത ഒരു വിശ്വസ്ത ദൈവം” എന്ന നിലയിലും വർണ്ണിച്ചിരിക്കുന്നത് സന്തോഷകരമാണ്. (പ്രവൃത്തികൾ 10:34, 35; ആവർത്തനം 32:4) ദൈവം പക്ഷപാതവും അനീതിയും കഠിനമായി വെറുക്കുന്നുവെന്ന് അവൻ ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് വെളിപ്പെടുത്തുകയുണ്ടായി. എപ്രകാരം? ദിവ്യനിയമത്തിൽ ഏത് തരത്തിലുള്ള വർണ്ണവിവേചനവും അനീതിയും നിരോധിക്കുന്ന നിർദ്ദേശങ്ങൾ എഴുതാൻ ഇടയാക്കിക്കൊണ്ട് അവൻ അപ്രകാരം ചെയ്തു. അതനുസരിച്ച് സമ്പന്നരോടും സ്വാധീനശക്തിയുള്ളവരോടും അല്ലെങ്കിൽ എളിയവരോടും ദുരവസ്ഥയിലായിരിക്കുന്നവരോടും പക്ഷപാതം കാട്ടുന്നത് ദൈവീക നിലവാരത്തിന്റെ ഒരു ലംഘനമായിരുന്നു. പുരാതനകാലത്തെ അവന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയ്ക്കു നൽകിയ നിയമത്തിൽ ഇപ്രകാരം പറയപ്പെടുന്നു: “നിങ്ങൾ ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്. എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയും നിന്റെ കൂട്ടുകാരന് നീതിയോടെ ന്യായം വിധിക്കേണം” (ലേവ്യപുസ്തകം 19:15) മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നതുപോലും ശിക്ഷാർഹമായിരുന്നു. പുറപ്പാട് 23: 3-5; ആവർത്തനം 22:10; 25:4; സദൃശവാക്യങ്ങൾ 12:10
മൃഗങ്ങളോടും സഹമനുഷ്യരോടുമുള്ള ഇടപെടലിൽ കാണുന്ന പരിഗണനയില്ലായ്മയും അനീതിയും മനുഷ്യർതന്നെ പിഴുതുകളയുന്നതിൽ സർവ്വശക്തനായ ദൈവം ഇത്രമാത്രം നിർബന്ധം പിടിച്ചെങ്കിൽ, നാം ഇന്നുകാണുന്ന അനിയന്ത്രിതമായ അനീതി സംബന്ധിച്ച് ദൈവം തന്നെ എന്തെങ്കിലും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കരുതോ?
അനീതിയുടെ മൂലകാരണം
ബൈബിൾ ദൈവത്തിന്റെ മുഖ്യ എതിരാളിയായിരിക്കുന്ന പിശാചായ സാത്താനെ അനീതിയുടെയും അന്യായത്തിന്റെയും ഉറവെന്ന നിലയിൽ തിരിച്ചറിയിക്കുന്നു. പ്രഥമ മനുഷ്യചരിത്രത്തിൽ അവനായിരുന്നു അനീതിക്ക് ആരംഭമിട്ടത്. അന്നു മുതൽ അനീതിയുടെ ജ്വാല രൂക്ഷമാക്കുകയാണ്. അങ്ങനെ അവൻ യഹോവയുടെ മേലും സൃഷ്ടികളോടുള്ള അവന്റെ നീതിപൂർവ്വകമായ ഇടപെടലുകളുടെമേലും കൂടുതൽ നിന്ദ വരുത്താൻ ആഗ്രഹിക്കുന്നു—ഉല്പത്തി 3:4, 5; യോഹന്നാൻ 8:44; വെളിപ്പാട് 12:9
അനീതി നിറഞ്ഞ ഈ സംസ്ക്കാരത്തിന്റെ അവസാന നാളുകളിൽ ഭൂമിയുടെ എല്ലാഭാഗത്തുനിന്നുള്ള ആളുകളുടെ മേൽ സാത്താൻ വർദ്ധിച്ച അരിഷ്ടതകൾ കൊണ്ടുവരുമെന്ന് ബൈബിൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട്? എന്തുകൊണ്ടന്നാൽ സാത്താന് അല്പകാലമേ ശേഷിച്ചിട്ടുള്ളു എന്ന് അവനറിയാം. അതുകൊണ്ട് അനീതിയുടെയും മറ്റ് തരത്തിലുള്ള ക്രൂരതകളുടെയും വർദ്ധനവിൽ അധികം ഞെട്ടിപ്പോകേണ്ടതില്ല. പ്രത്യുത അത്തരം സംഭവങ്ങളിൽ ഈ വ്യവസ്ഥിതിയുടെ പൂർണ്ണമായ ഒരു മാറ്റം അടുത്തിരിക്കുന്നു എന്നതിന്റെ ഒരു സംയുക്ത അടയാളം ദർശിക്കുന്നാവുന്നതാണ്.— വെളിപ്പാട് 12:12; ദാനിയേൽ 12:4; 2 തിമൊഥെയോസ് 3:1
അനീതി നീക്കൽ
അനീതി എന്നേക്കുമായി പൊയ്പ്പോയിരിക്കുന്നു എന്ന അഭികാമ്യമായ ചിന്തപോലും ഒരു വ്യർത്ഥമായ പ്രത്യാശയായി തോന്നിയേക്കാം. ക്രമസമാധാനം പാലിക്കുന്നതിനുവേണ്ടി തുടന്ന് മനുഷ്യനെ അനുവദിക്കുന്നെങ്കിൽ അത് വ്യർത്ഥമായ ഒരു പ്രത്യാശയായിരിക്കും. എന്നാൽ അനീതിയുടെ എന്നേക്കുമായുള്ള അവസാനം ദൃഷ്ടിപഥത്തിലാണ്! യഹോവയാം ദൈവത്തിന് അനീതിയുടെ പ്രമുഖ ഉത്തരവാദിയായിരുന്ന പിശാചിനെ അവന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ഇപ്പോഴത്തെ ദുഷിച്ച വ്യവസ്ഥിതിയോടൊപ്പം നശിപ്പിക്കുന്നതിനു കഴിയും; അവൻ അങ്ങനെ ചെയ്യുകയും ചെയ്യും.—റോമർ 16:20; 1 യോഹന്നാൻ 2:15-17
കൂടാതെ, ഭൂവ്യാപകമായി അനീതിയുണ്ടായിരിക്കുന്ന “അവസാന നാളുകൾ” ഒരു മാനുഷ തലമുറയ്ക്കുള്ളിലായിരിക്കുമെന്ന് യേശു ചൂണ്ടിക്കാട്ടി. (മത്തായി 24:3, 34) ഇതിന്റെയർത്ഥം, 1914-ലെ സംഭവങ്ങൾ കണ്ട ചിലരുടെ ജീവിതകാലത്തുതന്നെ ദൈവം മുഴുഭൂമിയിൽനിന്നും അനീതി എന്നേക്കുമായി നീക്കം ചെയ്യുകയും നീതി നടപ്പാക്കുകയും ചെയ്യുമെന്നാണ്. അവന്റെ നീതിയുള്ള രാജാവായ യേശുക്രിസ്തു “കണ്ണുകൊണ്ട് കാണുന്നതുപോലെ വിധിക്കുകയുമില്ല. അവൻ എളിയവർക്ക് നീതിയോടെ ന്യായം പാലിച്ചുകൊടുക്കും.” “അവൻ ജനതകളോട് ന്യായം പ്രസ്താവിക്കും.”—യെശയ്യാവ് 11:3, 4; 42:1.