വിവാഹത്തിനു പുറത്തെ ഒരു പ്രേമബന്ധം എന്തുകൊണ്ട് പാടില്ല?
“നീ നീ മാത്രം.” പ്രസിദ്ധമായ ഒരു ഗീതത്തിലെ ഈ വാക്കുകൾ തങ്ങൾ വിവാഹം ചെയ്യുന്ന വ്യക്തിയെ സംബന്ധിച്ച് മിക്ക സ്ത്രീപുരുഷൻമാർക്കുമുള്ള വിചാരത്തെ നന്നായി വെളിപ്പെടുത്തുന്നു. എന്നാൽ അത്തരം വിശ്വസ്തത എത്രനാൾ നീണ്ടുനിൽക്കുന്നു?
ആധുനിക സമുദായത്തിൽ വിവാഹത്തിനു പുറത്തെ പ്രേമബന്ധങ്ങൾ വളരെ സാധാരണമായിത്തീർന്നിരിക്കുന്നതുകൊണ്ട് അങ്ങനെയൊന്നില്ലാത്തത് മിക്കവാറും അസാധാരണമെന്നു പരിഗണിക്കപ്പെടുന്നു. അങ്ങനെയുള്ള അവിശ്വസ്തതയെ അനുകൂലിക്കുകയോ അതിനുവേണ്ടി വാദിക്കുകയോ അതിനെ ശുപാർശചെയ്യുകപോലുമോ ചെയ്യുന്നവർ ഉണ്ട്. അത് മെച്ചപ്പെട്ട ദാമ്പത്യബന്ധത്തിനിടയാക്കുന്നുവെന്ന് ചിലർ അവകാശപ്പെടുന്നു. പ്രേമകാര്യങ്ങൾ: വിവാഹത്തിനുപുറത്തെ ബന്ധങ്ങളുടെ ശരീരശാസ്ത്രം എന്ന തങ്ങളുടെ ഗ്രന്ഥത്തിൽ മനഃശാസ്ത്രജ്ഞനായ റ്റോണി ലേയ്ക്കും പത്രപ്രവർത്തകനായ ആൻ ഹിൽസും ഇങ്ങനെ എഴുതി: “വിവാഹിതരായ സ്ത്രീപുരുഷൻമാരുടെ ഒരു വലിയ പങ്കിന്റെ ജീവിതം രഹസ്യ ലൈംഗികബന്ധങ്ങളാൽ കൂടുതൽ സമ്പന്നവും കൂടുതൽ അർത്ഥവത്തുമാക്കപ്പെടുന്നുണ്ടെന്നുള്ളതിനു സംശയമില്ല.”
ജനസമ്മതിയുള്ള വനിതാമാസികകൾ പരസ്യമായി ചോദിക്കുന്നു: “ഒരു പ്രേമബന്ധം നിങ്ങളുടെ ദാമ്പത്യബന്ധത്തെ കാത്തുസൂക്ഷിക്കുമോ?” ഉത്തരമായി, ഒരു പ്രേമബന്ധത്തിന് നിങ്ങളുടെ വിവാഹപങ്കാളിയെ നിങ്ങൾ കൂടുതൽ വിലമതിക്കാനിടയാക്കാൻ കഴിയുമെന്ന് അല്ലെങ്കിൽ നിങ്ങളുടെ ലൈംഗിക ജീവിതത്തിലെ ദൗർബ്ബല്യങ്ങൾക്ക് പരിഹാരം വരുത്താൻ കഴിയുമെന്ന് മിക്കപ്പോഴും വാദിക്കപ്പെടുന്നു. അതു നിങ്ങളെ കൂടുതൽ അനുഭവപരിചയമുള്ളവനാക്കും, നിങ്ങളുടെ ഇണയും കുട്ടികളുമായി ഇടപെടാൻ കൂടുതൽ പ്രാപ്തനാക്കും, തന്നിമിത്തം നിങ്ങളെ കൂടുതൽ സന്തുഷ്ടനാക്കും എന്ന് ചിലർ അവകാശപ്പെടുന്നു. നിങ്ങൾക്ക് ഒരു പ്രേമബന്ധമില്ലെങ്കിൽ നിങ്ങൾക്ക് എന്തോ നഷ്ടപ്പെടുകയാണെന്നുള്ള ധാരണ നൽകപ്പെടുന്നു. എന്നാൽ നിങ്ങൾക്ക് എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ?
ഒരു പ്രേമബന്ധത്തിന് വിവാഹത്തെ മെച്ചപ്പെടുത്താൻ കഴിയുമോ?
വിവാഹത്തിനു പുറത്തെ ഈ പ്രേമബന്ധങ്ങളുടെ പ്രചാരത്തിന് നമ്മുടെ കാലത്തു വർദ്ധിച്ചുവരുന്ന വിവാഹമോചനത്തിന്റെ എണ്ണത്തോടു ബന്ധമുണ്ടോ? സ്വീഡനിൽ ഓരോ അഞ്ച് വിവാഹങ്ങളിൽ മിക്കവാറും മൂന്നു വീതം വിവാഹമോചനത്തിൽ കലാശിക്കുന്നു. മറ്റു രാജ്യങ്ങളിലെ സംഖ്യകൾ വളരെ പിന്നിലല്ല. “1983-ലെ വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും സ്ഥിതിവിവരക്കണക്കുകൾ” എന്ന തുടർന്നു ചേർത്തിരിക്കുന്ന ചതുരം കാണുക.
അങ്ങനെയുള്ള വിവാഹമോചനങ്ങൾക്ക് വ്യഭിചാരം എത്രത്തോളം കാരണമാകുന്നുണ്ട്? യുണൈറ്റഡ് കിംഗ്ഡത്തിലെ സംഖ്യകളെ സംബന്ധിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ലേയ്ക്കും ഹിൽസും ഇങ്ങനെ അവകാശപ്പെടുന്നു: “നാൽപ്പതു വയസ്സിൽ താഴെ വിവാഹമുക്തരായ പുരുഷൻമാരിൽ പകുതിയിലധികവും കോടതിയിൽ ഫയൽ ചെയ്ത കേസുകളിൽ കാരണം സൂചിപ്പിക്കപ്പെട്ടിരുന്നത് വ്യഭിചാരമായിരുന്നു. ഈ വിവാഹങ്ങളിൽ കൂടുതലിലും വ്യഭിചാരം നടന്നിരുന്നുവെന്ന് ഊഹിക്കുന്നതു ന്യായമാണ്, കേസിലെ പ്രധാനകാരണമായി അത് പറഞ്ഞിരുന്നില്ലെന്നേയുള്ളു. ഓരോ വർഷവും നടക്കുന്ന വിവാഹമോചനങ്ങളെക്കാൾ കൂടുതൽ വിവാഹത്തിനു പുറത്തെ പ്രേമബന്ധങ്ങളില്ലെങ്കിൽ അതു വളരെ ആശ്ചര്യമായിരിക്കും.”
ഷാംഗ്ഹായ് സാമൂഹ്യശാസ്ത്ര അക്കാഡമിയിൽ ചൈനയിൽ അടുത്ത കാലത്തു നടത്തിയ ഒരു സർവ്വേ ആ രാജ്യത്തെ വിവാഹമോചനത്തിന്റെ ഒരു മുഖ്യകാരണം അവിശ്വസ്തതയാണെന്നു കണ്ടെത്തി. അവിശ്വസ്തതയുടെ ഫലമായുള്ള വിവാഹമോചനം “കഴിഞ്ഞ രണ്ടു വർഷക്കാലത്ത് മൂന്നിരട്ടിയായി” എന്ന് ഷാംഗ്ഹായ് റിപ്പോർട്ടു പറയുന്നു.
വിവാഹത്തിനു പുറത്തെ പ്രേമബന്ധം തകർന്ന വിവാഹങ്ങളുടെ മൂഖ്യകാരണങ്ങളിലൊന്നാണെന്നുള്ളതിനു സംശയമില്ല. തന്നിമിത്തം, ഒരു ദുർബ്ബല വിവാഹത്തിനു പരിഹാരമായി ഒരു പ്രേമബന്ധത്തെ എന്നെങ്കിലും ശുപാർശചെയ്യാൻ കഴിയുമോ? ഉപഭോക്താക്കളിൽ 30-ഓ 40-ഓ അധികമോ ശതമാനത്തെ കൊല്ലുന്ന ഒരു മയക്കുമരുന്നിനെ ഒരു ഔഷതമായി എന്നെങ്കിലും ശുപാർശചെയ്യാൻ കഴിയുമോ? അശേഷമില്ല!
ഈ പ്രേമബന്ധത്തെ ഒരുവന്റെ വിവാഹപങ്കാളിയെ അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കുന്നതാണ് ഏറ്റംനല്ലതെന്ന് ചിലർ വാദിക്കുന്നു. എന്നാൽ എങ്ങനെ? ലേയ്ക്കും ഹീൽസും വിശദീകരിക്കുന്നു: “പ്രേമബന്ധത്തെ ചുറ്റിപ്പറ്റി സംരക്ഷണാർത്ഥമുള്ള നുണകളും വഞ്ചനകളുമുണ്ട്. ഒരു പ്രേമബന്ധം രഹസ്യമാണെങ്കിലും അല്ലെങ്കിലും അത് അവസാനിച്ചാലും തുടർന്നാലും സാധാരണയായി വിവാഹത്തെ ‘സംരക്തിക്കാനോ’ ദാമ്പത്യബന്ധത്തിന്റെ ചില വശങ്ങളെ കാത്തുസൂക്ഷിക്കാനോ ആണ് നുണകൾ പറയുന്നത്. ഈ നുണകളിൽ പലതും അർദ്ധസത്യങ്ങളാണ്, എന്തുകൊണ്ടെന്നാൽ മുഴുസത്യവും അഭിമുഖീകരിക്കാൻ കഴിയാത്തവിധം വേദനാജനകമായിരിക്കും, അല്ലെങ്കിൽ അത്യന്തം സമൂലമായി ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തിനു മാറ്റം വരുത്തിയേക്കാം.”
ഒരു പുരുഷനും സ്ത്രീയും വിവാഹിതരാകുമ്പോൾ അവർ പ്രതിജ്ഞാബദ്ധരായിത്തീരുന്നു. ഒരു പ്രതിജ്ഞ ലംഘിക്കുന്നത്, വഞ്ചിക്കലാണ്, ഒറ്റിക്കൊടുക്കലാണ്. നുണകളും വഞ്ചനയും അർദ്ധസത്യങ്ങളും ഒരു വിവാഹത്തിൽ നിലനിൽക്കുന്ന സന്തുഷ്ടി കൈവരുത്തിയിട്ടുണ്ടോ? അതുകൊണ്ട് ഒരു രഹസ്യപ്രേമബന്ധം തുടങ്ങുന്നതിനു മുമ്പ് ഒരാൾ തന്നോടുതന്നെ ഇങ്ങനെ ചോദിക്കുന്നതു കൊള്ളാം: ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും സന്തുഷ്ടി ഏറുമോ? കുറ്റബോധങ്ങളും ഒടുവിൽ കണ്ടുപിടിക്കപ്പെടുമെന്നുള്ള നിരന്തര ഭയവും സംബന്ധിച്ചെന്ത്?
വിവാഹത്തിന്റെ പ്രമുഖ ഉദ്ദേശ്യം മക്കളെ ലോകത്തിലേക്ക് ആനയിക്കുകയെന്നതാണെന്നും ഒരുവന്റെ ഇണയോടു പറ്റിനിൽക്കുന്നതിന്റെ പ്രാധാന്യം മക്കൾ വളർന്നു വീടുവിട്ടുപോകുമ്പോൾ മങ്ങിപ്പോകുന്നുവെന്നും മറ്റു ചിലർ വാദിക്കുന്നു. ഒരു ലൈംഗിക “പുനരുജ്ജീവനം” ഉണ്ടായിരിക്കാൻ കഴിയുമെന്നും അവർ അവകാശപ്പെടുന്നു. ആ സ്ഥിതിക്ക് ഒരു പ്രേമബന്ധം ഉണ്ടായിരിക്കുന്നതിൽ എന്താണു തെറ്റ്?
ലൈംഗിക “പുനരുജ്ജീവനം”
മദ്ധ്യവയസുകാർക്ക് ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുനരുജ്ജീവിപ്പിക്കുന്നതിന് വിവാഹത്തിനു പുറത്തെ ഒരു പ്രേമബന്ധം ഉണ്ടായിരിക്കാൻ ശുപാർശ ചെയ്യുന്ന മനഃശാസ്ത്രജ്ഞൻമാരും കുടുംബോപദേഷ്ടാക്കളുമുണ്ട്. ലേയ്ക്കും ഹിൽസും ഇങ്ങനെ അവകാശപ്പെടുന്നു: “ഈ ഘട്ടത്തിലെ ഒരു പ്രേമബന്ധം ഒരു ഉറച്ച ദാമ്പത്യബന്ധത്തിന് പൂർവ്വാധികം ഉറപ്പ് കൈവരുത്തുകപോലും ചെയ്തേക്കാം, അത് മറ്റേയാളെ അശേഷം ഭയപ്പെടുത്താതെ പുതിയ വിധങ്ങളിൽ സജീവമാകാൻ ഒരു പങ്കാളിയെ പ്രാപ്തമാക്കുന്നു.”
തീർച്ചയായും ഒരു പ്രേമബന്ധം ഒരു വ്യക്തിയുടെ ലൈംഗികതൃഷ്ണയെ ഉത്തേജിപ്പിച്ചേക്കാം. അല്ലെങ്കിൽ അയാളുടെ സ്വാർത്ഥമോഹത്തെ കുറേക്കാലത്തേക്ക് തൃപ്തിപ്പെടുത്തിയേക്കാം. “ഒരു കമിതാവുണ്ടായിരിക്കുന്നത് അത്യന്തം സമ്മോഹനമായ ഒരു ആശയമായി തോന്നി” എന്ന് ഒരു മദ്ധ്യവയസ്ക്ക പറയുകയുണ്ടായി. എന്നാൽ എന്തു വിലയാണ് ഒടുക്കേണ്ടത്?
ഒരു മദ്ധ്യവയസ്ക്കന് തന്നെക്കാൾ 18 വയസ്സിന് ഇളപ്പമായിരുന്ന തന്റെ സെക്രട്ടറിയുമായി പ്രേമബന്ധം ഉണ്ടായശേഷം എന്തു സംഭവിച്ചുവെന്നു പരിചിന്തിക്കുക. 30 വർഷം നിലനിന്ന അയാളുടെ ദാമ്പത്യബന്ധം തകർന്നു. അയാൾ അമിതമായ കുടി തുടങ്ങി. ഒടുവിൽ അയാൾ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടു. അയാൾ ഇങ്ങനെ വിലപിക്കുന്നു: “എനിക്ക് എന്നേക്കുറിച്ചുതന്നെ വളരെ ദുരഭിമാനം തോന്നിയതുകൊണ്ടുമാത്രമാണ് ഞാൻ അതു ചെയ്തത്. എന്റെ പ്രായത്തിൽ സുന്ദരിയായ ഒരു യുവതിയെ കീഴടക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ എത്ര ശക്തനാണന്ന് തെളിയിക്കാൻ വീമ്പടിക്കേണ്ടതിന്റെ ആവശ്യം ഒരു അവസരം കിട്ടുമ്പോൾ പുരുഷൻമാർ കാട്ടിക്കൂട്ടുന്ന വിഢിത്തത്തിന്റെ പിമ്പിലുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ഇതു നിർഭാഗ്യകരമാണ്, എന്തുകൊണ്ടെന്നാൽ അത്തരം ഗർവ്വ് ഒരു തെറ്റായ അടിസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്.”
തീർച്ചയായും “ഒരു തെറ്റായ അടിസ്ഥാനം!” ബൈബിൾ ദീർഘകാലം മുമ്പ് അതിങ്ങനെ പ്രസ്താവിച്ചു: “തകർച്ചക്കു മുമ്പ് അഹങ്കാരവും വീഴ്ചക്കു മുമ്പ് ധിക്കാരപരമായ മനോഭാവവുമാന്നുള്ളത്.”—സദൃശവാക്യങ്ങൾ 16:18.
ലൈംഗികതയാണോ സകലവും?
വിവാഹജീവിതത്തിൽ വേണ്ടത്ര ലഭിക്കുന്നില്ലെന്നു വിചാരിക്കുന്നതുകൊണ്ടാണ് ചിലർ വിവാഹത്തിനു പുറത്തുനിന്ന് ലൈംഗികത തേടുന്നത്. വളരെ സജീവമായ ഒരു ലൈംഗികജീവിതത്തിൻമേലാണ് ജീവിത സന്തുഷ്ടി ചുറ്റിത്തിരിയുന്നതെന്ന് ചിന്തിക്കാൻ അവർ സന്നദ്ധരാണ്. അവരേ സംബന്ധിച്ചടത്തോളം ഒരു പങ്കാളിയോടൊത്തുള്ള പരമ്പരാഗത ആജീവനാന്ത ജീവിതം കാലഹരണപ്പെട്ടതാണ്. സ്വീഡനിലെ ഒരു അസിസ്റ്റൻറ് സോഷ്യോളജി പ്രൊഫസ്സറായ റീത്താ ലിൽ ജസ്ട്രോം ഇങ്ങനെ പറയുകയുണ്ടായി: “സ്വീഡനിൽ വളരെയധികം അവിശ്വസ്തതയുണ്ട്. ദാമ്പത്യവിശ്വസ്തതക്കു ചുറ്റും ഒരു പരിഹാസഭാവമാണുള്ളത്. ‘ഞങ്ങൾ ആധുനികർ ആയിരിക്കാനാഗ്രഹിക്കുന്നു.’”
ലൈംഗികതയെക്കുറിച്ച് ബൈബിളിന് വളരെയധികം പറയാനുണ്ടെന്നുള്ളത് കൗതുകകരമാണ്. സംഗതിയുടെ ഒരു സന്തുലിത വീക്ഷണമാണ് അത് അവതരിപ്പിക്കുന്നത്. ദൃഷ്ടാന്തമായി, ജ്ഞാനിയായ ശലോമോൻ രാജാവ് എഴുതിയതിനെക്കുറിച്ചു പരിചിന്തിക്കുക:
“നിന്റെ സ്വന്ത നീർത്തൊട്ടിയിലെ വെള്ളവും നിന്റെ സ്വന്തം കിണറ്റിൻ മദ്ധ്യേനിന്നുള്ള തുള്ളികളും കുടിക്കുക. നിന്റെ ഉറവുകൾ വാതിലിനു വെളിയിലും നിന്റെ നിരൊഴുക്കുകൾ പൊതുവീഥികളിലും ചിതറിക്കപ്പെടണമോ? അതു നിനക്കു മാത്രമെന്നു തെളിയട്ടെ, നിന്നോടുകൂടെയുള്ള അന്യർക്ക് ആയിരിക്കരുത്. നിന്റെ നീരുറവ് അനുഗൃഹീതമെന്നു തെളിയട്ടെ. പ്രിയങ്കരമായ പേടമാനും മനോഹരമായ മലയാടുമായ നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിക്കുക. അവളുടെ സ്വന്തം സ്തനങ്ങൾ എല്ലായ്പ്പോഴും നിന്നെ മദിപ്പിക്കട്ടെ. അവളുടെ പ്രേമത്താൽ നീ നിരന്തരം ഹർഷോൻമാദത്തിലായിരിക്കട്ടെ. എന്റെ മകനേ, നീ ഒരു അന്യസ്ത്രീയോടുകൂടെ ഹർഷോൻമാദത്തിലായിരിക്കുന്നത് അല്ലെങ്കിൽ ഒരു വിദേശ സ്ത്രീയുടെ മാറിടം ആശ്ലേഷിക്കുന്നത് എന്തിന്?”—സദൃശവാക്യങ്ങൾ 5:15-20.
അതുകൊണ്ട് ലൈംഗികബന്ധങ്ങൾ ഒരു പുരുഷനും സ്ത്രീക്കും കൈവരുത്തേണ്ട “ഹർഷോൻമാദ”ത്തെ അഥവാ സംതൃപ്തിയെ ബൈബിൾ താഴ്ത്തിമതിക്കുന്നില്ല. എന്നാൽ ഇത് ദാമ്പത്യബന്ധത്തിനുള്ളിൽ, ‘ഒരുവന്റെ യൗവനത്തിലെ ഇണയോടുകൂടെ’ ആയിരിക്കണമെന്ന് ശ്രദ്ധിക്കുക.
തീർച്ചയായും പുരുഷനും സ്ത്രീയും തമ്മിൽ ലൈംഗികമോഹം വ്യത്യസ്തമായിരിക്കാം. ജീവിതത്തിന്റെ മറ്റനേകം മണ്ഡലങ്ങളിലെന്നപോലെ, ഒരു സന്തുഷ്ടബന്ധത്തിന് പൊരുത്തപ്പെടുത്തലും പങ്കുവെക്കുന്നതിനുള്ള സന്നദ്ധതയുമുണ്ടായിരിക്കണം. ലൈംഗികബന്ധങ്ങളിലും അങ്ങനെതന്നെയാണ്. ആശയവിനിയമം അത്യന്താപേക്ഷിതമാണ്. ഓരോരുത്തരും മറ്റേയാളുടെ പ്രാപ്തികളും ആഗ്രഹങ്ങളും അറിഞ്ഞിരിക്കേണ്ടയാവശ്യമുണ്ട്. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ ശുപാർശ ചെയ്യുന്നു: “ഭർത്താവ് തന്റെ ഭാര്യക്ക് അവളുടെ അവകാശം കൊടുക്കട്ടെ, എന്നാൽ ഭാര്യയും തന്റെ ഭർത്താവിന് അങ്ങനെതന്നെ ചെയ്യട്ടെ.” അങ്ങനെ ചെയ്യുമ്പോൾ ഈ ബന്ധപ്പെട്ട തത്വം അവർ അനുസരിക്കുന്നതു കൊള്ളാം: “ഓരോരുത്തനും തന്റെ ഗുണമല്ല, മറ്റേയാളുടേത് അന്വേഷിച്ചുകൊണ്ടിരിക്കട്ടേ.”—1 കൊരിന്ത്യർ 7:3, 10:24.
ദാമ്പത്യബന്ധത്തിനുള്ളിൽ ലൈംഗികതക്ക് അതിന്റെ സ്ഥാനമുണ്ടെങ്കിലും അതാണു സകലവും എന്നോ ലൈംഗിക തൃഷ്ണക്ക് അനിയന്ത്രിതമായി പോകാൻ കഴിയുമെന്നോ സൂചനയില്ല. ദൃഷ്ടാന്തീകരിക്കുന്നതിന്, മിതമായിട്ടാണെങ്കിൽ മദ്യത്തിന് “മർത്ത്യനായ മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ” കഴിയുമെന്ന് ബൈബിൾ പറയുന്നു. (സങ്കീർത്തനം 104:15) എന്നാൽ നാം മദ്യത്തോട് ഒരു അതിർകടന്ന വാഞ്ഛ വളർത്തിയെടുക്കണമെന്നോ നാം എപ്പോൾ, എവിടെ, എങ്ങനെ കുടിക്കുന്നുവെന്നതിൽ നിയന്ത്രണം പാലിക്കേണ്ടതില്ലെന്നോ അതിനർത്ഥമില്ല.—സദൃശവാക്യങ്ങൾ 20:1; 23:29-35.
നിസ്വാർത്ഥ ചട്ടം
അല്ല, ലൈംഗികത ഒരു സന്തുഷ്ട വിവാഹത്തിന്റെ ഏക അടിസ്ഥാനമോ ഏറ്റം നല്ല അടിസ്ഥാനമോ അല്ല. നിലനിൽക്കുന്ന സംതൃപ്തിക്കുള്ള അടിസ്ഥാനം നൽകുന്നതരം സ്നേഹം ചങ്ങാത്തത്തിന്റെയും ആർദ്രതയുടെയും താത്പര്യത്തിന്റെയും ഗ്രാഹ്യത്തിന്റെയും വിശ്വസ്തതയുടെയും ഉത്തരവാദിത്തത്തിന്റെയും ഒരു മിശ്രിതമാണ്. അതാണ് യഥാർത്ഥ വൈവാഹിക സ്നേഹം. അതാണ് നിലനിൽക്കുന്നത്. ശാരീരികമോ മാനസികമോ ആയ രോഗം ലൈംഗികബന്ധങ്ങളെ തടസ്സപ്പെടുത്തുമ്പോൾ, പരീക്ഷകൾ നേരിടുമ്പോൾ, അല്ലെങ്കിൽ പ്രായം ബലത്തെയും സൗന്ദര്യത്തെയും എടുത്തുകളയുമ്പോൾ സഹിച്ചു നിൽക്കാൻ ഇണകളെ സഹായിക്കുന്നത് അതാണ്.
അന്തിമ വിശകലനത്തിൽ, ഏറ്റവും നല്ല ബുദ്ധിയുപദേശം പുസ്തകങ്ങളുടെ പുസ്തകമായ ബൈബിളിൽ കാണപ്പെടുന്നതാണ്. അതിങ്ങനെ പറയുന്നു: “നിന്റെ സ്വന്തം ഭാര്യയോടു വിശ്വസ്തനായിരിക്കുകയും അവൾക്കുമാത്രം നിന്റെ സ്നേഹം കൊടുക്കുകയും ചെയ്യുക.” (സദൃശവാക്യങ്ങൾ 5:15, റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “വിവാഹം എല്ലാവരുടെയും ഇടയിൽ മാന്യവും വിവാഹശയ്യ നിർമ്മലവുമായിരിക്കട്ടെ. (എബ്രായർ 13:4) അതിനു ചേർച്ചയായി, യേശുക്രിസ്തു തന്റെ നാളിലെ ചില അന്വേഷകരെ ഇങ്ങനെ അനുസ്മരിപ്പിച്ചു: “ആദി മുതൽ അവരെ സൃഷ്ടിച്ചവൻ അവരെ ആണും പെണ്ണുമായി ഉണ്ടാക്കിയെന്നും ’ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ അപ്പനെയും അമ്മയേയും വിട്ട് തന്റെ ഭാര്യയോടു പറ്റിനിൽക്കുമെന്നും ഇരുവരും ഒരു ജഡമായിരിക്കുമെന്നും’ നിങ്ങൾ വായിച്ചിട്ടില്ലേ?”—മത്തായി 19:4, 5; ഉല്പത്തി 2:24.
അത്തരം നിസ്വാർത്ഥസ്നേഹത്തിൻമേലും വിശ്വസ്തതയിൻമേലും പടുത്തുയർത്തിയ ഒരു ഉറപ്പുള്ള വിവാഹവും ഒപ്പം ദൈവത്തോടും അവന്റെ വചനത്തോടുമുള്ള അഭഞ്ജമായ സ്നേഹവുമാണ് നിലനിൽക്കുന്ന സന്തുഷ്ടിക്കുള്ള അടിസ്ഥാനം—ഇരുപങ്കാളികൾക്കും അവരുടെ മക്കൾക്കും ഉൾപ്പെട്ടിരിക്കുന്ന മറ്റെല്ലാവർക്കും. (g86 7/8)
[8-ാം പേജിലെ ആകർഷകവാക്യം]
ആധുനിക സമുദായത്തിൽ വിവാഹത്തിനു പുറത്തെ പ്രേമബന്ധങ്ങൾ വളരെ സാധാരണമായിത്തീർന്നിരിക്കുന്നതുകൊണ്ട് അങ്ങനെയൊന്നില്ലാത്തത് മിക്കവാറും അസാധാരണമെന്നു പരിഗണിക്കപ്പെടുന്നു
[10-ാം പേജിലെ ചതുരം]
വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും 1983-ലെ സ്ഥിതിവിവരക്കണക്ക്:
വിവാഹങ്ങൾ വിവാഹമോചനങ്ങൾ അനുപാതം
യു. എസ്. എ: 24,44,000 11,79,000 2-ൽ 1-ൽകൂടുതൽ
യു. എസ്. എസ്. ആർ: 28,34,000 9,46,000 3-ൽ1–ൽകൂടുതൽ
ആസ്ട്രേലിയ: 1,13,905 41,412 3-ൽ1-ൽ കൂടുതൽ
ക്യൂബാ: 76,365 29,249 5-ൽ 2-ഓളം
നെതർലാൻഡ്സ്: 78,415 32,596 5-ൽ 2-ഓളം
യുണൈറ്റഡ് കിംഗ്ഡം:3,87,000 1,45,802 5-ൽ 2-ഓളം
ഹംഗറി: 75,978 29,000 5-ൽ 2-ഓളം
ഡൻമാർക്ക്: 27,096 14,763 2-ൽ 1-ൽകൂടുതൽ
സ്വീഡൻ: 36,210 20,618 5-ൽ 3-ഓളം
[അടിക്കുറിപ്പുകൾ]
ഈ അക്കങ്ങൾ 1983-ലെ ഡമോഗ്രാഫിക് ഇയർ ബുക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ളവയാണ്. സ്വീഡന്റെയും ഡൻമാർക്കിന്റെയും സംഖ്യകൾ 1984-ലെ നോർഡിക് സ്റ്റാറ്റിസ്റ്റിക് ഇയർബുക്കിൽനിന്ന് എടുത്തവയാണ്.
ആസ്ട്രേലിയായിലെ വിവാഹമോചന സംഖ്യ 1981-ലേതാണ്. യുണൈറ്റഡ് കിംഗ്ഡത്തിലെ സംഖ്യ 1982-ലേതാണ്.
[9-ാം പേജിലെ ചിത്രം]
പുരുഷനും ഭാര്യയും തമ്മിലുള്ള ഒരു സന്തുഷ്ടബന്ധത്തിനു നല്ല ആശയവിനിമയവും പൊരുത്തം വരുത്താനുള്ള മനസ്സൊരുക്കവും ആവശ്യമാണ്