വൻ മതിൽ—ഒരു ചക്രവർത്തിയുടെ സ്വപ്നത്തിൻ സ്മാരകം
അത് ഒരിക്കൽ സംഭവിക്കാനുള്ളതായിരുന്നു. ഒരു മനുഷ്യൻ തന്റെ ഭവനത്തിന് ചുറ്റും ഒരു മതിൽ കെട്ടാൻ ഉത്തരവിട്ടു. ആ മനുഷൻ ഒരു ചക്രവർത്തി ആയിരുന്നു. അയാളുടെ ഭവനമോ? മുഴു ചൈനയും! പക്ഷേ ഈ രാജാവ് ആരായിരുന്നു? അത്തരം ഒരു കൊത്തളം പണിയാൻ അദ്ദേഹം ഒരു രാജ്യത്തെ മുഴുവൻ സജ്ജമാക്കിയതെന്തിനായിരുന്നു?
ഈ ചോദ്യങ്ങളുടെ ഉത്തരം കാണുന്നതിന് ചൈനയുടെ ചരിത്രത്തിലെ പൊരുതുന്ന സംസ്ഥാനങ്ങൾ എന്ന് വിളിക്കുന്ന കാലഘട്ടത്തിലേക്ക് (ക്രി. മു. 403-222) നാം ഒരു എത്തിനോട്ടം നടത്തേണ്ടതുണ്ട്. പക്ഷേ പലപ്പോഴും ഐതീഹ്യങ്ങളിൽനിന്ന് യാഥാർത്ഥ്യങ്ങളെ വേർതിരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഓർമ്മിക്കുക. ചൈന ചെറുരാജ്യങ്ങളോ സംസ്ഥാനങ്ങളോ ആയി കീറിമുറിക്കപ്പെട്ടിരുന്നു. അന്ന് അവയ്ക്കിടയിൽ യുദ്ധങ്ങൾ നിരന്തരം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ കുഴപ്പങ്ങൾക്കെല്ലാം പുറമേ “കിരാതൻമാരായ” ഭീകരനാടോടികൾ വടക്കു നിന്ന് വന്ന് ഫലഭുയിഷ്ഠമായ തെക്കൻ നാട്ടിലെ വിളവ് കൊള്ളയടിക്കാൻ എപ്പോഴും തക്കം പാർത്തിരുന്നു. സ്വയരക്ഷക്കുവേണ്ടി പല സംസ്ഥാനങ്ങളും വൻമതിൽ നിർമ്മാണങ്ങളിൽ ഏർപ്പെട്ടു.
ഈ രാഷ്ട്രീയ പോരാട്ടങ്ങൾക്കിടയിൽ ഉയർത്തിയ ധൂമപടലം നിമിത്തം ചിൻ എന്ന പേരിലൊരു ചെറിയ ചൈനീസ് സംസ്ഥാനം ആവിർഭവിച്ചത് പ്രാരംഭത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ പരാക്രമിയായ ഈ സംസ്ഥനം സംസ്ക്കാരസമ്പന്നരായ ചൈനാക്കാരാൽ ആദ്യം അവഹേളിക്കപ്പെട്ടെങ്കിലും വഴക്കിട്ടുകൊണ്ടിരുന്ന രാജ്യങ്ങളിൽ ആറെണ്ണമൊഴികെ ബാക്കിയെല്ലാറ്റിനെയും അത് ക്രമേണ കീഴടക്കി.
അനന്തരം ക്രി. മു. 246 എന്ന വർഷത്തിൽ 13 വയസ്സുകാരനായ ചെംഗ് രാജകുമാരൻ ചിൻ രാജ്യത്തിന്റെ ഭരണമേറ്റു. അദ്ദേഹം തന്റെ ഇരുമ്പു കരത്തിൻ കീഴിൽ ഏകീകരിക്കപ്പെട്ട ഒരു സാമ്രാജ്യം സ്വപ്നം കാണുകയും മറ്റു രാജ്യങ്ങളുടെ നേരെ സമയം പാഴാക്കാതെ ആക്രമണം അഴിച്ചു വിടുകയും ചെയ്തു. ക്രി. മു. 221 ആയപ്പോഴേക്കും ചൈനീസ് സംസ്ഥാനങ്ങളിൽ ഒടുവിലത്തേതും ചിനിന്റെ സൈന്യത്തിന്റെ മുന്നിൽ കീഴടങ്ങി. അവസാനം ചിൻ രാജ്യത്തിന്റെ രാജാവിന് മുൻകാല ചൈനീസ് രാജാക്കൻമാർക്ക് സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ലാത്ത നേട്ടം കൈവന്നു. അദ്ദേഹം ചൈനയുടെ നാഥനായിരിക്കുന്നു—അതിന്റെ മുഴുഭാഗത്തിന്റെയും! ആഹ്ലാദഭരിതനായ ചെംഗ് തനിക്കുതന്നെ ഒരു പുതിയ പേർ നൽകി. ചിൻഷി ഹുയാംഗ്റ്റി അഥവാ ചിൻ രാജത്വത്തിലെ ഒന്നാം പരമാധീശ സാമ്രാട്ട്.
ചിൻഷി ഹുയാംഗ്റ്റിയെ തന്റെ സാമ്രാജ്യ ഏകീകരണ മോഹവും സ്വാർത്ഥമായ അമരത്വാഭിലാക്തവും മുഖ്യ പ്രേരകശക്തികളായി നയിച്ചുകൊണ്ടിരുന്നു. ഒരു വശത്ത് അദ്ദേഹം ഒരു രാഷ്ടീയ ബുദ്ധി രാക്ഷസനായി വാഴ്ത്തപ്പെട്ടു. അദ്ദേഹം തന്റെ ഭരണകൂടത്തെ ഏകീകരിച്ചു. ലിഖിത ചൈനീസ് ഭാഷയെ ഏകീകരിച്ചു, നാണ്യവ്യവസ്ഥ പരിഷ്ക്കരിച്ചു, തന്റെ തലസ്ഥാന നഗരിയായ ഹ്സിയെൻ യാംഗിൽ ആരംഭിക്കുന്ന ദീർഘങ്ങളായ രാജവീഥികൾ ഉണ്ടാക്കി.
മറുവശത്ത് ചരിത്രം ഈ മനുഷ്യന്റെ ഇരുണ്ടവശം ചിത്രീകരിക്കുന്നു. ചിൻഷി ഹുയാംഗ്റ്റി മരണത്തെ അത്യന്തം ഭയന്നിരുന്നു. ചില കൊലപാതക ഉദ്യമങ്ങൾ അദ്ദേഹത്തിന്റെ ഭയം വർദ്ധിപ്പിക്കുകയും അദ്ദേഹത്തെ മനോവിദ്രാന്തിയുടെ, ഘട്ടത്തോളം കൊണ്ടെത്തിക്കുകയും ചെയ്തു. അതുകൊണ്ട് തലസ്ഥാന നഗരിയിൽ തന്നെ 270 എന്ന കണക്കിന് രാജഗൃഹങ്ങൾ പണിയുന്നതിനും ഭയവിവശനായ ചക്രവർത്തിക്ക് രഹസ്യമായി ചരിച്ചുകൊണ്ട് ഓരോ രാത്രിയും വ്യത്യസ്ഥ ഇടങ്ങളിൽ ഉറങ്ങുന്നതിന് സാധിക്കുന്ന വിധത്തിൽ തുരങ്കങ്ങൾ കൊണ്ട് അവയെ തമ്മിൽ ബന്ധിപ്പിക്കുന്നതിനും അദ്ദേഹം ആജ്ഞാപിച്ചു.
ഒരു സാമ്രാട്ടിന്റെ സ്വപ്നം ഒരു സാമ്രാജ്യത്തിന്റെ പേടിസ്വപ്നം
ചൈനയുടെ ഔദ്യോഗിക ചരിത്രം പറയുന്നപ്രകാരം ക്രി. മു. 214-ൽ തന്റെ സാമ്രാജ്യത്തിന്റെ വടക്കെ അതിർത്തിയിൽ അങ്ങോളമിങ്ങോളം ഒരു മറ ഉയർത്തുന്ന ആശയം ചിൻഷി ഹുയാംഗ്റ്റിയുടെ മനസ്സിൽ പൊന്തിവന്നു. ഈ ചക്രവർത്തി തന്റെ ഒടുവിലത്തെ വിഭ്രമത്തിന്റെ ഒരു മഹത്തായ ചിത്രം ആവേശത്തോടെ തന്റെ രാജസദസ്സിലെ നിർമ്മാണ വിദഗ്ദ്ധരുടെ മുമ്പാകെ വരച്ചു കാട്ടുന്നത് ഒന്ന് ചിന്തിച്ചുനോക്കുക. “നാം മതിൽ പണിതുയർത്തുകതന്നെ ചെയ്യും” എന്ന് അദ്ദേഹം പ്രഖ്യാപിച്ചതായി പറയപ്പെടുന്നു. ഈ ഭിത്തിയുടെ ഉയരം മിക്കയിടത്തും 24 അടിയും മുകളിലെ വീതി, അഞ്ച് പടയാളികൾക്ക് ഒപ്പം നടന്നുപോകാനൊക്കുന്ന വിധത്തിലും ആയിരിക്കേണ്ടിയിരുന്നു.a ഈ ദുഷ്ക്കരമായ കർത്തവ്യം ചൈനയുടെ അതിവിശിഷ്ട സൈന്യാധിപൻമാരിലൊരാളായ മെംഗ് ടെയ്ൻ എന്ന അക്ഷീണ പരിശ്രമിയിൽ വന്നു വീണു. തന്റെ യജമാനന്റെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് അദ്ദേഹം ജനക്കൂട്ടങ്ങളെതന്നെ ഉപയോഗിച്ചുകൊണ്ട് തന്റെ സൈന്യത്തെ അദ്ദേഹം സമാഹരിച്ചു.
വടക്കൻ കൊള്ളക്കാരിൽ നിന്നുള്ള ഭീഷണിക്കെതിരെ ഒരു പ്രതിരോധത്തിനായിരുന്നു മതിൽ പണിതത് എന്നതുകൊണ്ട് അതിന്റെ ദൈർഘ്യത്തിലുടനീളം ശത്രുവിന്റെ നീക്കങ്ങളെ നിരീക്ഷിക്കുന്നതിന് കാവൽ ഗോപുരങ്ങൾ ആവശ്യം ആയിരുന്നു. അതുകൊണ്ട് മെംഗ് ടെയ്ൻ, തറയിൽ 40 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിന്നു തുടങ്ങി മുകളിൽ 30 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ എത്തുന്ന ഭീമായ കാവൽ പോസ്റ്റുകളും പണിയുന്നതിന് മനസ്സുവച്ചു. ഗോപുരങ്ങളിൽ നിന്ന് മതിലിന്റെ ഓരോ ഇഞ്ചും സംരക്ഷിക്കുന്നതിന് തക്കവണ്ണം അവയെ രണ്ട് ശരപ്പാട് അകലത്തിൽ ആണ് സ്ഥാപിച്ചത്. കുന്നിൻ പുറങ്ങളിലും താഴ്വര പ്രദേശങ്ങളിലുമായി ദേശമെമ്പാടും മൊത്തം 25000 ഗോപുരങ്ങൾ ഉയർന്നു.
സാദ്ധ്യമായിരുന്നിടത്തെല്ലാം പഴയ സംസ്ഥാനങ്ങൾ അവശേഷിപ്പിച്ച മതിലുകളും ഗോപുരങ്ങളും മെംഗ് ടെയിൻ കൂട്ടിയോജിപ്പിച്ചുകൊണ്ട് വാൻ ലി ചാംഗ് ചെങ്ങ് അഥവാ പതിനായിരം ലീ ദീർഘമായ മതിൽ. (ഒരു ചൈനീസ് ലീ ഒരു മൈലിന്റെ മൂന്നിലൊന്ന് അല്ലെങ്കിൽ അര കിലോമീറ്റർ ആണ്.)b പണിതു. പക്ഷെ സത്യത്തിൽ മതിൽ ഏകദേശം 1850 മൈൽ മാത്രം ദൈർഘ്യമുള്ളതാണ്. പിൻതലമുറകൾ കൊത്തളം നീട്ടിയും അതിന് പിരിവുകൾ ഉണ്ടാക്കിയും അതിനോട് കൂട്ടിച്ചേർപ്പ് നടത്തിക്കൊണ്ടിരുന്നു. ചൈനീസ് ഗവൺമെൻറ് നടത്തിയ ഒടുവിലത്തെ സർവ്വേ പ്രകാരം “വിദൂര പർവ്വതങ്ങളിലെ അവശിഷ്ടങ്ങൾ കണ്ടെടുക്കുന്നതിനു നടത്തിയ പരിശ്രമം, അതിന്റെ യഥാർത്ഥ നീളം ഏതാണ്ട് 10,000 കിലോമീറ്റർ ആണെന്ന് കാണിച്ചിരിക്കുന്നു.” എന്ന് ചൈനാ പുനർനിർമ്മാണം നടത്തുന്നു എന്ന ഗ്രന്ഥം റിപ്പോർട്ട് ചെയ്യുന്നു.
മതിലിന്റെ ചില ഭാഗങ്ങൾക്ക് 14 അടി നീളവും 4 അടി വീതിയും 2 മുതൽ 5 അടിവരെ കനവും ഉള്ള വലിയ കരിങ്കല്ലുകൊണ്ട് ഉണ്ടാക്കിയ അടിസ്ഥാനങ്ങൾ ഉണ്ടായിരുന്നു. ഇത് 16-ാം നൂറ്റാണ്ടിലെ ചിംഗ് രാജവംശം പ്രയോഗിച്ച നിർമ്മാണ സമ്പ്രദായം പോലെയാണ്. ഇവക്കിടയിലുള്ള വിള്ളലുകളിൽ ഇടിച്ചുപൊടിയാക്കിയ മണ്ണു നിറച്ചുകൊണ്ട് മീതെ ഇഷ്ടികകൊണ്ട് നടപ്പാത പാകിയുണ്ടാക്കി. മതിൽ പടിഞ്ഞാറോട്ട് നീങ്ങിയപ്പോൾ അത് കല്ലുകൾ കണ്ടെത്താൻ നന്നെ ബുദ്ധിമുട്ടുള്ള ഫലഭൂയിഷ്ഠമായ വിസ്തൃത സമതലം കടന്നു പോകേണ്ടിവന്നു. അതുകൊണ്ട് അവിടെ കിട്ടുമായിരുന്നത് ഉപയോഗിക്കാൻ—നേർമ്മയുള്ള ലെസ്സ് എന്നു പേരോടുകൂടിയ മഞ്ഞ മണ്ണ് ഉപയോഗിക്കാൻ പണിക്കാർ നിർബ്ബന്ധിതരായി. ചില ഭാഗങ്ങളുണ്ടാക്കിയത് കുതിർന്ന ലെസ്സ് വലിയ തടി ഫ്രെയിമുകൾക്കുള്ളിൽ കുനകൂട്ടിയിട്ടുകൊണ്ടാണ്. മറ്റു ഭാഗങ്ങൾ പണിതത് ഇരുവശങ്ങളിലും നിന്ന് ലെസ്സിന്റെ വലിയ ബ്ലോക്കുകൾ കോതിക്കളഞ്ഞ് എഴുന്നു നിൽക്കുന്ന മൺനിരയെ മതിൽ പോലെ നിർത്തിക്കൊണ്ടാണ്. ഈ ഭാഗങ്ങളിൽ ഇന്ന് കുറെ ചരൽകൂമ്പാരങ്ങൾ മാത്രമേ ശേഷിപ്പുള്ളൂ.
വൻമതിൽ ചൈനയുടെ അത്യുന്നത പർവ്വതങ്ങൾ കയറി ഏറ്റവും താണ താഴ്വരകളിൽ ഇറങ്ങി പൊള്ളുന്ന മരുഭൂമികളിലൂടെ പ്രയാണം ചെയ്തുപോകുന്നു. കിഴക്ക് മരം കോച്ചുന്ന തണുത്ത കാറ്റുകളും അന്ധമാക്കുന്ന ഹിമവാതങ്ങളും ജോലിക്കാരെ പീഡിപ്പിച്ചു. പടിഞ്ഞാറ് നിർദ്ദയനായ മരുഭൂസൂര്യനും പ്രഹരമേൽപ്പിക്കുന്ന മണൽക്കാറ്റുകളും അവരെ ദണ്ഡിപ്പിച്ചു. മിക്കവാറും മാനുഷസീമകൾക്കപ്പുറമായി അത്യദ്ധ്വാനം ചെയ്ത ലക്ഷക്കണക്കിന് തൊഴിലാളികളുടെ മഹായാതന വിളിച്ചറിയിക്കുന്നതാണ് അതിന്റെ നിർമ്മിതി. ജോലിയിൽ വേഗതയില്ലാതിരുന്നവരെ അസ്ഥിവാരങ്ങൾക്കായുണ്ടാക്കിയ കിടങ്ങുകളിലേക്ക് ജീവനോടെ എടുത്തെറിഞ്ഞു. അവരോടൊപ്പം പട്ടിണി, സൂര്യാഘാതം എന്നിവമൂലം മരിച്ചവരും എറിയപ്പെട്ടു. ഈ മതിൽ “ഭൂമിയിലെ ഏറ്റവും ദീർഘമായ സ്മശാനം” എന്ന ഭീകരമായ ബഹുമതി നേടത്തക്കവണ്ണം ഏറെക്കുറെ 4,00,000 പേരാണ് അതിന്റെ നിർമ്മാണ ഘട്ടത്തിൽ മരണപ്പെട്ടത്.
സാമ്രാജ്യത്തിന്റെ രാഷ്ട്രീയ ഭദ്രതക്ക് ഭീഷണി എന്ന് മുദ്ര കുത്തപ്പെട്ട ചൈനയിലെ പല ബുദ്ധിജീവികളും ഈ ഭീകര മരണത്തിന് വിധേയരായവരിൽ പെടുന്നു. അവരുടെ ജൻമി മേധാവിത്ത ചിന്താഗതികളും ചക്രവർത്തിയുടെ സമൂല പരിഷ്ക്കാരങ്ങൾക്കെതിരെയുള്ള അവരുടെ വിമർശനവും ക്രി. മു. 213-ലെ ‘പണ്ഡിതൻമാരുടെയും അവരുടെ പുസ്തകങ്ങളുടെയും കുപ്രസിദ്ധമായ കുഴിച്ചുമൂടലിനു’ കളമൊരുക്കി. ആ സംഭവം അനന്തര തലമുറകളുടെയിടയിൽ ചിൻ ഷി ഹുയാംഗ്റ്റിയുടെ പേരു കളങ്കപ്പെടുത്തി. ഈ നാൾവരെയും, മതിൽ നിർമ്മാണം നിമിത്തമുണ്ടായ ജീവനാശത്തെച്ചൊല്ലി വിലാപഗീതങ്ങൾ മുഴങ്ങുന്നു. ഒരു പേടിസ്വപ്നം തന്നെ!
ഒരു രാജവംശം തകരുന്നു
പക്ഷേ ഒരു അലട്ടുന്ന ചോദ്യം അവശേഷിക്കുന്നു. ഇത്തരം സ്മാരക നിർമ്മാണ പദ്ധതിക്കുവേണ്ടി ഒരു ചക്രവർത്തി എന്തുകൊണ്ട് ഒരു സാമ്രാജ്യത്തെ മനപൂർവ്വം ക്ഷയിപ്പിക്കണം? ഉപരിതലത്തിൽ സംരക്ഷണ ലക്ഷ്യം ആയിരുന്നു കാരണം എന്നു തോന്നിയേക്കാം. കുറെ നാളത്തേക്കെങ്കിലും നാടോടികളെ ഫലപ്രദമായി അകറ്റിനിർത്തിയെന്നത് സത്യംതന്നെ. ഉച്ചകോടിയിലെത്തിയ ചിൻ രാജത്വത്തെ ഒരു നിമിഷത്തേക്ക് അനുസ്മരിക്കുക—കൈയ്യെത്തിപ്പിടിക്കാനാവുമായിരുന്ന എല്ലാറ്റിനെയും കീഴടക്കുന്നതിൽ വിജയം പ്രാപിച്ച ഒരു യുദ്ധതന്ത്രം. അതിന് അതിന്റെ ശക്തികൾ എങ്ങോട്ടാണ് ഇനി തിരിച്ചുവിടാൻ കഴിയുക? ഒരു പക്ഷേ ചക്രവർത്തിക്കു നാടോടികളേക്കാൾ ഏറെ ഭയം വിസ്തൃതമായി പെരുകിക്കിടക്കുന്ന തന്റെ അസ്വസ്ഥരായ സ്വന്ത സൈന്യത്തെ ആയിരുന്നിരിക്കാം.
മതിൽ നിർമ്മാണം പക്ഷേ സാമ്രാജ്യത്തിനു ഒരു കനത്ത പ്രഹരമായിരുന്നു. മതിലിനെ തെക്കു ഭാഗത്ത് വിഘടിത സൈനീകർ വളരാൻ തുടങ്ങി. ചക്രവർത്തിയുടെ ധൂർത്ത് പദ്ധതികൾ മൂലം വഹിക്കേണ്ടിവന്ന ഞെരുക്കുന്ന നികുതിഭാരം നിമിത്തം കർഷക വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. അമരത്വത്തിന് വേണ്ടി കിണഞ്ഞു പരിശ്രമിച്ച മനുഷ്യൻ ക്രി. മു 210-ൽ അന്തരിച്ചു. തുടർന്നുണ്ടായ അധികാര മത്സരം സാമ്രാജ്യത്തെ തകർത്തുകളഞ്ഞു. പ്രബലമായ ചിൻ സാമ്രാജ്യം തുടർന്ന് 14 വർഷമേ (ക്രി. മു. 221-207) ശേഷിച്ചുള്ളു. എങ്കിലും, ആ ഹ്രസ്വമായ കാലഘട്ടം ചൈനയുടെ ചരിത്രത്തിലെ ചില അതിപ്രധാന സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചു.
മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായ മരണത്തെ കീഴടക്കാൻ ചിൻ അശക്തനായിരുന്നതുപോലെ, ഒരു ചക്രവർത്തിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി അടിമവേലയെടുത്ത ദശലക്ഷങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രാരംഭമതിലിന്റെതായി അവശേഷിക്കുന്ന ഭാഗങ്ങൾ തന്നെ തുച്ഛം. കാലത്തെ അതിജീവിച്ചതും ഇന്ന് തീർത്ഥാടകർ നിരീക്ഷിക്കുന്നതുമായ മതിലിന്റെ ഇന്നുള്ള ആകർഷകമായ ഭാഗങ്ങൾ 16-ാം നൂറ്റാണ്ടിൽ മിംഗ് രാജവംശത്തിലെ ചക്രവർത്തിയായ വാൻ ലി പണികഴിപ്പിച്ചതാണ്. (g86 5/22)
[അടിക്കുറിപ്പുകൾ]
a 1 അടി=0.3 മീറ്റർ.
b 1 മൈൽ=1.6 കിലോമീറ്റർ.
[25-ാം പേജിലെ ചതുരം]
വൻ മതിൽ എത്ര വലുതാണ്?
◻ആദ്യമതിൽ നിവർത്തി നേരേയാക്കിയാൽ ശാന്തസമുദ്രം തുടങ്ങി റോക്കി പർവ്വതനിര കടന്ന് മിസ്സസിപ്പി വരെയോ അല്ലെങ്കിൽ ഫ്രാൻസിലെ ബ്രിട്ടണിയുടെ അഗ്രം മുതൽ വടക്കൻ യൂറോപ്പിലൂടെ കടന്ന് മോസ്ക്കോ വരെ എത്തുമായിരുന്നു.
◻ഭൂമദ്ധ്യരേഖയിലൂടെ ഭൂമിയെ ഒരു പ്രാവശ്യം മുഴുവനായി ചുറ്റാനുള്ള ഒരു മതിൽ എട്ടടി ഉയരത്തിലും മൂന്നടി കനത്തിലും പണിയുന്നതിനു വേണ്ട വസ്തുക്കൾ ഈ വൻമതിലിലുണ്ടായിരുന്നു—25000 മൈലുകൾ വരുന്ന ദൂരം.
[24-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
മംഗോളിയ
ജിയായുഗുവാൻ മലമ്പാത
ചൈന
ലിൻറാവോ
യാൻമെൻഗുവാൻ
ഷാൻഹായ്ഗുവാൻ മലമ്പാത
കൊറിയ
ക്വിൻഷിഹുവാംഗ് ഭരണകാലത്തെ വൻമതിൽ
മിംഗ് രാജവംശത്തിന്റെ വൻമതിൽ