നാസി എരിവുകാരനിൽനിന്നു ക്രിസ്തീയ മേൽവിചാരകനിലേക്കു
“അറ്റൻഷൻ! ഐസ് റ്റൈറ്! ഹിറ്റ്ലർ യൂത്ത് ഗ്രൂപ്പ്, ബോബ്ലിംഗൻ ഡിസ്ട്രിക്ട്, റിപ്പോർട്ടിംഗ്.” ട്രെയിനിംഗ് എക്സർസൈസുകളിലും പരേഡുകളിലും മറ്റ് അവസരങ്ങളിലും എന്തഭിമാനത്തോടെയാണ് ഞാൻ “എന്റെ ബാല്യക്കാരെ” മേലുദ്യോഗസ്ഥൻമാർക്ക് അവതരിപ്പിച്ചത്. അവരുടെ അനുസരണവും കൃത്യതയും എന്നെ ഉത്തേജിപ്പിച്ചു. ഒരു നവയുഗത്തിന്റെ ഉത്തേജനത്താൽ ഞാൻ വശീകരിക്കപ്പെട്ടു. 1930 തുകളുടെ ആദ്യത്തിൽ, ഞങ്ങൾക്ക് ഒരു നവയുഗം ആവശ്യമായിരുന്നുവെന്നുള്ളതിനു സംശയലേശവുമില്ലായിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ അനന്തര ഫലങ്ങളിൽ നിന്നും അസ്ഥിരതയുടെയും രാഷ്ട്രീയ വിഭജനത്തിന്റെയും നീണ്ട വർഷങ്ങളിൽനിന്നും ജർമ്മനി ഘോരമായി ദുരിതം അനുഭവിച്ചു. തൊഴിലില്ലായ്മ നാടകീയമായി ഉയർന്നു. ആ സമയം ഞാൻ, ഒരു സ്റ്റുട്ട്ഗാർട്ട് റ്റെയ്ലർക്കുവേണ്ടി വേല ചെയ്തു, അയാൾ ഒരാഴ്ചയിൽ നാല് മാർക്സ് ശമ്പളം തന്നു, അത് എകദേശം പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിന് ഒരു നേർത്ത സൂപ്പിനും മാത്രം മതിയായിരുന്നു. എന്റെ അവസ്ഥ അനിതരസാധാരണമായിരുന്നില്ല, അസ്വസ്ഥതയാൽ ജർമ്മനി പ്രക്ഷുബ്ധമായിരുന്നുവെന്നതിന് അതിശയിക്കാനൊന്നുമില്ലായിരുന്നു. ഭാവി, നിശ്ചയമായും മ്ലാനമായി കാണപ്പെട്ടു.
അപ്പോൾ “അവൻ” വന്നു! ഒടുവിൽ, താൻ ചെയ്യുന്നതെന്തെന്ന് അറിയാവുന്ന ഒരു മനുഷ്യൻ! നിശ്ചയമായും, എല്ലാവരും അവനോട് യോജിച്ചില്ല, അവൻ അധികാരത്തോടെ നയിക്കയും അവനും ഫലം ലഭിക്കയും ചെയ്തു എന്നത് ഒരുത്തർക്കും നിഷേധിക്കാൻ കഴിഞ്ഞില്ല. സമ്പദ് വ്യവസ്ഥിതി മെച്ചപ്പെട്ടു; തൊഴിലില്ലായ്മകുറഞ്ഞു. ഒരുവനും വിശന്നു നടന്നില്ല. കാര്യങ്ങൾ അഭിവൃദ്ധിയോൻമുഖമായി. ഇത് വിജയമായിരുന്നു, അവൻ പറഞ്ഞതിന് വിശ്വാസം കെട്ടുപണി ചെയ്തു.
തീഷ്ണതയുള്ള പിന്തുണ നൽകൽ
ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിനു, തൊട്ടുവെളിയിലുള്ള ഒരു ചെറിയ ഗ്രാമായ ഹോൾഡ് ഗർലിംഗനിൽ ഞാൻ ജനിക്കയും വളർത്തപ്പെടുകയും ചെയ്തു. ഞാൻ ഞങ്ങളുടെ ലോക്കൽ സ്പോർട്ട്സ് ക്ലബ്ബിലെ ഒരു അംഗമായിരുന്നു; അതിലെ മിക്ക അംഗങ്ങളും ഹിറ്റ്ലറുടെ പിന്തുണക്കാർ ആയപ്പോൾ, ഞാൻ അവരോട് ചേർന്നു. എന്തൊക്കെയായാലും, അദ്ദേഹം എനിക്കു മതിപ്പുളവാക്കുകയും അവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനുള്ള അവസരത്തിൽ പങ്കുണ്ടായിരിക്കുന്നതു ആകർഷകമായിരിക്കുകയും ചെയ്തു.
1933-ൽ ഹിറ്റ്ലർ അധികാരമേറ്റപ്പോൾ—ആ സമയം എനിക്കു 24 വയസ്സായിരുന്നു—ഞാൻ ഒരു നാസി പാർട്ടി മെമ്പറായിക്കഴിഞ്ഞിരിക്കയും ചെയ്തു. എന്റെ എരിവു കണ്ടുകൊണ്ട്, എന്റെ സ്നേഹിതൻമാർ പെട്ടെന്നു പറഞ്ഞിരുന്നത്: “വില്ലി, നീ ഇതോ അതോ ഏതു ജോലിയായാലും ഏറ്റെടുക്കുന്നതിനു നല്ല ഒരുവനാണ്.” അതുകൊണ്ട്, ആപേക്ഷികമായി ഒരു ചുരുങ്ങിയ സമയം കൊണ്ട്, പാർട്ടിക്കുള്ളിൽ ഉത്തരവാദിത്വത്തിന്റെ ആറ് വ്യത്യസ്ത സ്ഥാനങ്ങൾ ഞാൻ വഹിച്ചു. ഞാൻ അതു ഒരു അഭിമാനമായി കരുതി.
ഉദാഹരണത്തിന്, ഞങ്ങളുടെ കമ്യൂണിറ്റിയുടെ ബ്രൌൺഷേർട്ട്സിൻമേൽ—പാർട്ടിയുടെ മിന്നൽ സേനാസമിതി അംഗങ്ങളെ വിളിച്ചിരുന്നതുപോലെ—ഒരു നേതൃത്വസ്ഥാനത്തു ഞാൻ നിയമിതനായി. ഇതു പിന്നീട് എന്നെ ഹിറ്റ്ലർ യൂത്തിന്റെ 2000-ത്തിലധികത്തിൻമേൽ ചാർജ്ജുള്ളവനായി നിയമിക്കുന്നതിലേക്കു നയിച്ചു. ഓരോരുത്തർക്കും നിശ്ചയമായി പ്രയോജനം കിട്ടേണ്ടിയിരുന്ന പരിപാടിയുള്ള അതിവേഗം മുന്നേറുന്ന ഒരു പാർട്ടിയെ മുഴുഹൃദയത്തോടെ സേവിക്കയെന്നത് എത്ര പുളകം കൊള്ളിക്കുന്നതാണ്! എന്റെ എരിവ് മതഭ്രാന്തിന്റെ അതിർത്തിയിലെത്തി. എന്റെ വീക്ഷണങ്ങളെ എതിർക്കാൻ മുതിർന്ന ഏതൊരുവനും ഹാ കഷ്ടം!
അതുകൊണ്ട്, നായകൻതന്നെ സാന്നിധ്യവാനായിരിക്കുന്ന ഒരു സ്റ്റുട്ട്ഗാർട്ട് സ്വീകരണത്തിൽ ഹാജരാകുന്നതിനു നിയമിതനായിരിക്കുമ്പോൾ എനിക്കുള്ള പുളകത്തേപ്പറ്റി നിങ്ങൾക്ക്, സാദ്ധ്യമെങ്കിൽ സങ്കൽപ്പിക്കുക എന്തോരു ദൃശ്യം! 70,000 നാസി പടയാളികളും ഹിറ്റ്ലർ യൂത്തും നിരനിരയായി ബ്രൌൺ യൂണിഫോം ധാരികൾ, ഒറ്റ മെഷീൻപോലെ നീങ്ങുന്നു. ഈ വലിയ ജനാവലിയുടെ മുന്നിൽ, “അദ്ദേഹത്തിന്” ഹസ്തദാനം ചെയ്യുന്നതിനുള്ള ബഹുമതി എനിക്കുണ്ടായപ്പോൾ, പരകോടിയിലെത്തി!
പദ്ധതിയിൽ ഒരു കുസൃതിക്കുടുക്ക്
മാർത്തയും ഞാനും 1932-ൽ വിവാഹിതരായി. എന്റെ ആശയങ്ങളിൽ യോജിപ്പുള്ള ഒരു പങ്കാളിയുണ്ടായിരിക്കുന്നതിൽ ഞാൻ എത്ര സന്തുഷ്ടനായിരുന്നു! ഞാൻ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളുമായി അവൾ വിയോജിപ്പു തുടങ്ങിയതുവരെ എല്ലാം ഭംഗിയായി നടന്നു. ആരോ ഒരാൾ പദ്ധതിയിൽ ഒരു കുസൃതിക്കുടുക്ക് എറിഞ്ഞു, അതാരാണെന്നു കണ്ടുപിടിക്കാൻ പ്രയാസമില്ലായിരുന്നു—എന്റെ ഭാര്യാസഹോദരി, മീനാം അവൾ യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീരുകയും “പുതുതായി കണ്ടെത്തിയ സത്യങ്ങൾ” ഒന്നും പിടിച്ചുവയ്ക്കാതെ എല്ലാം അവളുടെ സഹോദരിയോട് പറയുകയും ചെയ്തു. ഇതു നിശ്ചയമായും ഒരു നാസിയായ എനിക്കു ചേരുന്നതല്ലായിരുന്നു.
ഞങ്ങളുടെ വിവാഹബന്ധം വളരെ ദുർബ്ബലമായിത്തീർന്നു. ഉദാഹരണത്തിന്, നേതാവിന് ഹസ്തദാനം ചെയ്തതിൽ പുളകിതനായി, ഞാൻ സ്റ്റുട്ട്ഗാർട്ടിലെ ആ മീറ്റിംഗിനുശേഷം വീട്ടിൽ എത്തിയതു ഞാൻ ഓർമ്മിക്കുന്നു. മാർത്ത പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു: ഇതിന്റെ അർത്ഥം നിങ്ങൾ ഇനിയൊരിക്കലും നിങ്ങളുടെ കൈകഴുകുകയില്ല എന്നു ഞാൻ നിരൂപിക്കുന്നു?” അത് എന്നെ ക്ഷോഭിപ്പിച്ചു. അപ്രകാരമുള്ള ഒരു ബഹുമതിയെ, അതുപോലൊരു പദവിയെക്കുറിച്ച് അവൾക്കു ഫലിതം പറയാൻ കഴിയുന്നതെങ്ങനെ? അവൾക്കു മനസ്സിലായില്ലേ?
ഞാൻ മിക്കപ്പോഴും അവളോട് ആക്രോശിക്കുന്നതായി എന്നെത്തന്നെ കണ്ടെത്തി, എന്നാൽ അവൾ ശാന്തമായി പ്രതികരിക്കും, അത് എന്നെ വളരെയധികം രോഷാകുലനാക്കും. എന്റെ ക്രോധത്തേയും ശകാരത്തേയും അഭിമുഖീകരിച്ചുകൊണ്ട് ഇപ്രകാരം പ്രതികരിക്കുന്നതിനുള്ള ആന്തരീകശക്തി അവൾക്ക് എവിടെനിന്നു കിട്ടി? ഒരിക്കൽ ഞാൻ അവളെ അക്ഷരീയമായി വീട്ടിൽനിന്ന് ഓടിച്ചിറക്കി. അതു, നിശ്ചയമായും വസ്തുതകൾ മെച്ചപ്പെടുത്തിയില്ല, എനിക്കു രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. അടുത്ത ദിവസം, എനിക്കു മുറിപ്പെട്ട അഭിമാനം ഉണ്ടായിരുന്നെങ്കിലും, ഞാൻ അവളെ വീണ്ടും വീട്ടിൽ കൊണ്ടുവന്നു. അവളുടെ പെരുമാറ്റം മുമ്പത്തേതുപോലെതന്നെ തുടർന്നു—കുറ്റമറ്റതായി.
അവൾക്കല്ല, തെറ്റുപറ്റിയിരിക്കുന്നത് എനിക്കായിരിക്കയില്ലേ? ആ ചിന്തപോലും പരിതാപകരമാണ്. എന്തുകൊണ്ട്, അതിന്റെ അർത്ഥം എന്റെ വ്യക്തിപരമായ ആശയങ്ങളുടെ, എന്റെ ലോകത്തിന്റെ അന്ത്യം എന്നായിരിക്കും.
എന്റെ ജീവിതത്തെ വ്യതിചലിപ്പിച്ച മൂന്നു മണിക്കൂറുകൾ
ഒരു ദിവസം ഞാൻ യൂത്ത് ട്രൂപ്പ് പരിശീലനം കഴിഞ്ഞ് പനി പിടിച്ച് വീട്ടിൽ തിരിച്ചെത്തി. ഞാൻ കിടക്കാൻ പോകുകയും എന്റെ ഭാര്യയുടെ ബൈബിൾ കിടക്കയുടെ അടുത്തുള്ള മേശയിൽ കിടക്കുന്നതു കാണുകയും ചെയ്തു. അതു അസാധാരണമായിരുന്നു, കാരണം ഞാൻ എന്റെ ഭ്രാന്തുപിടിച്ച എരിവിൽ അതു ചുട്ടുകളഞ്ഞേക്കുമെന്നു അവൾക്കറിയാമായിരുന്നു. എന്റെ അഭിമാനത്തിനു കുറവാണെന്നു ഞാൻ വിചാരിച്ചെങ്കിലും ഏതോ കാരണത്താൽ ഞാൻ ബൈബിൾ എടുക്കുകയും വായിക്കാൻ തുടങ്ങുകയും ചെയ്തു. അവിടെ, വെളിപ്പാട് 17-ലും 18-ലും മഹാബാബിലോൻ എന്നു വിളിക്കപ്പെടുന്ന ഒരു മഹാവേശ്യയേക്കുറിച്ചുള്ള സൂചനകൾ കണ്ടു. ആ പദം പരിചിതമായിരുന്നു, കാരണം മാർത്ത മുമ്പ് ഉപയോഗിക്കുന്നതു കേട്ടിട്ടുണ്ട്, എന്നാൽ വിശദീകരണത്തിനു ചോദിക്കാൻ കഴിയാതെ ഞാൻ അത്ര അഹന്തയുള്ളവനായിരുന്നു. ഇപ്പോൾ അതെവിടെനിന്ന് എന്നറിയുന്നതിനെങ്കിലും കഴിഞ്ഞു. എന്നാൽ അതിന്റെ അർത്ഥം എന്താണെന്നു പിന്നെയും അറിഞ്ഞിരുന്നില്ല.
കണ്ടുപിടിക്കുന്നതിനുള്ള ദൃഢനിശ്ചയത്തോടെ, ഞാൻ അവളെ മറ്റൊരു മുറിയിൽ നിന്നു വിളിച്ചുവരുത്തി. ഞാൻ അവളുടെ ബൈബിൾ പിടിച്ചിരിക്കുന്നതു കാണുകയും, അതിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് പേടിക്കുകയും ചെയ്തുകൊണ്ട് അവൾ പ്രത്യക്ഷത്തിൽ വിറച്ചുപോയി. എന്നിട്ടും എന്റെ സ്വന്തം ഭാര്യയെ ശ്രദ്ധിക്കുന്നതിനുള്ള ദുരഭിമാനത്താൽ ഞാൻ ആവശ്യപ്പെട്ടു: “ഈ ബാബിലോൻ ആരാണെന്നു എനിക്കു വിശദീകരിച്ചുതരുന്നതിന് മീനായെ കണ്ടുപിടിക്കാൻ കഴിയുമോ?”
അവളുടെ സഹോദരി, തടങ്കൽ പാളയത്തിൽ അടക്കപ്പെടുന്നതിലേക്കു നയിക്കുന്ന ഒരു കെണിയാണിതെന്നു ആ സമയം ചിന്തിച്ചിരുന്നേക്കാം. എന്നിരുന്നാലും, അവൾക്കുണ്ടായിരുന്നേക്കാമായിരുന്ന ഏതു ഭീതിയും തട്ടിനീക്കിക്കൊണ്ട്, അവൾവന്നു. ഞങ്ങൾ സംസാരിച്ചു. മൂന്നുമണിക്കൂർ നേരം ഞങ്ങൾ സംസാരിച്ചു, അക്ഷരീയമായി എന്റെ ജീവിതത്തെ വ്യതിചലിപ്പിച്ച മൂന്നുമണിക്കൂറുകൾ.
ഞാൻ ഒരു പ്രോട്ടസ്റ്റൻറുകാരനായി വളരുകയും ഇടക്കിടെ പള്ളിയിൽ പോകുകയും ചെയ്യുമായിരുന്നു. എന്നാൽ ഞാൻ യഥാർത്ഥത്തിൽ മതതീഷ്ണതയുള്ളവനല്ലായിരുന്നു. ഇപ്പോൾ, എങ്ങനെയായാലും, മഹാബാബിലോനെക്കുറിച്ച് ബൈബിൾ പറഞ്ഞത് സഭകളെ സത്യമായി വിവരിച്ചിരിക്കുന്നുവെന്നു ഞാൻ കുറിക്കൊള്ളാൻ തുടങ്ങി. ജനങ്ങളും ജനതകളും “അവളുടെ പരസംഗത്തിന്റെ . . . വീഞ്ഞിന്” ഇരകളായതെങ്ങനെയെന്നും “ഭൂമിയിലെ രാജാക്കൻമാർ അവളുമായി പരസംഗം ചെയ്തിട്ടുണ്ടായിരുന്നതെങ്ങനെയെന്നും എനിക്കു ക്രമേണ മനസ്സിലാകാൻ തുടങ്ങി. (വെളിപ്പാട് 18:3) നാസി ജർമ്മനിയും ഇതിലുൾപ്പെടുന്നു!
മീനാ കൂടുതൽ വിശദീകരിക്കുന്നതനുസരിച്ച്, എനിക്കു ബൈബിൾ വാക്കുകളും അവയുടെ ആധുനിക ബാധകമാക്കലും ഗ്രഹിക്കാൻ കഴിഞ്ഞു. ഇത്രയധികം നൂറ്റാണ്ടുകൾക്കു മുന്നമേ ഇവയെല്ലാം പ്രവചിക്കപ്പെടാൻ കഴിഞ്ഞിരുന്നതു എങ്ങനെ? ഇത് ഒരു ഇടിമിന്നൽപോലെ എന്നിൽ തട്ടി. അപ്പോസ്തലനായ പൗലോസ് വിചാരിച്ചത് എങ്ങനെയെന്നു ഞാൻ ഇപ്പോൾ അറിഞ്ഞു—എന്തുകൊണ്ട്, ഇതു സത്യമായിരുന്നു! (പ്രവൃത്തികൾ 9:1-19) ഒരു തീരുമാനത്തിൽ എത്തുന്നതിനു എനിക്കു ദീർഘകാലം വേണ്ടിവന്നില്ല.
അടുത്തദിവസം, ശക്തിയായ പനിയുണ്ടായിരുന്നെങ്കിലും, ഞാൻ എഴുന്നേൽക്കുകയും പാർട്ടിയിലേയും പള്ളിയിലേയും അംഗത്വം രാജിവെക്കുന്നതിനുപോകുകയും ചെയ്തു. ഇതു, നിശ്ചയമായും, നാസി പാർട്ടിയിലെ എല്ലാ ആറ് ഔദ്യോഗിക ചുമതലകളും രാജിവെക്കുന്നതുൾപ്പെട്ടു. ഇതു സാഹസികമായി എടുക്കേണ്ട ഒരു നടപടിയായിരുന്നു, കാരണം നാസികൾ പൂർണ്ണ അധികാരത്തിലായിരുന്നു, അവരുടെ ആദർശത്തോട് യോജിക്കാത്ത ഏതൊന്നിനേയും ആസ്തിക്യത്തിൽനിന്നു നിഷ്ക്കരുണം തകർത്തിരുന്നു. എനിക്കിതു അറിയുന്നതിനുള്ള സകല കാരണങ്ങളും ഉണ്ട്, ഇതുവരെ ഞാൻ ഈ പ്രവർത്തന പദ്ധതിയുടെ തീക്ഷ്ണതയുള്ള പിന്തുണക്കാരൻ ആയിരുന്നില്ലയോ? എന്റെ ബിസ്സിനസിന് ഇപ്പോൾ എന്തു സംഭവിക്കും? എനിക്കെന്തുസംഭവിക്കും?
നിർമ്മലതയുടെ പരിശോധനകൾ
എന്നെത്തന്നെ ആ ഗ്രാമത്തിലെ ഒന്നാം നമ്പർ സംസാരവിഷയമാക്കിയതിനു മൂന്നാഴ്ചകൾ മാത്രം കഴിഞ്ഞപ്പോൾ, ഞങ്ങളുടെ ആദ്യത്തെ ശിശുവിന്റെ ജനനത്തിങ്കൽ മാർത്തയും ഞാനും സന്തോഷിച്ചു. എന്നാൽ ഞങ്ങളുടെ സന്തോഷം അല്പായുസ്സായിരുന്നു; കുഴപ്പങ്ങൾ നേരിടുകയും, രണ്ടാഴ്ചക്കുശേഷം ശിശു മരിക്കയും ചെയ്തു. അനേക ആഴ്ചകൾ കൂടെ മാർത്തയുടെ ജീവൻ അനിശ്ചിതാവസ്ഥയിലായിരുന്നു. ഈ ശിക്ഷ ദൈവത്തിൽനിന്നായിരുന്നോ? മറ്റുള്ളവർ അങ്ങനെ ചിന്തിച്ചിരുന്നേക്കാം, എന്നാൽ ഞങ്ങൾ അങ്ങനെ ചിന്തിച്ചില്ല. അതു ഞങ്ങളെ സ്നേഹത്തിന്റെ ദൈവമായ യഹോവയിങ്കലേക്കു കൂടുതൽ അടുപ്പിക്കയും അവൻ മാർത്ത സുഖം പ്രാപിക്കുന്നതിനനുവദിക്കയും, കുഞ്ഞ് എസ്തേറിനെ വീണ്ടും കാണുന്നതിനുള്ള ബലമായ പ്രത്യാശ നൽകിക്കൊണ്ട്, അവൻ പുനരുത്ഥാനത്തിലുള്ള ഞങ്ങളുടെ വിശ്വാസം ബലിഷ്ഠമാക്കുകയും ചെയ്തു.
ഈ അവസരം, പ്രാദേശിക ഗ്രാമീണർ, എന്റെ ഏറ്റം ദീർഘകാല വിശ്വസ്ത പതിവുകാർപോലും, എന്റെ തയ്യൽകട ബഹിഷ്കരിക്കാൻ തുടങ്ങി. എന്നാൽ ഞാൻ എപ്പോഴും അവരെ നന്നായി സേവിച്ചുവെന്നും, സത്യസന്ധനായിരുന്നുവെന്നും നല്ലവേല ചെയ്തിരുന്നുവെന്നും അവർ അറിഞ്ഞിരുന്നു. അതുകൊണ്ട്, ചുരുങ്ങിയ ആഴ്ചകൾക്കുശേഷം ബഹിഷ്കരണം തകർന്നുപോകാൻ തുടങ്ങി. മറ്റുള്ളവർ കാണാതിരിക്കാൻ ചിലർ രാത്രിയിലായിരുന്നെങ്കിലും, പതിവുകാർ തിരിച്ചുവാരൻ തുടങ്ങി. താമസിയാതെ, എന്റെ ബിസ്സിനസ്സ് മുമ്പത്തേതിലും മെച്ചമായിത്തീർന്നു!
കാലാകാലങ്ങളിൽ ഞങ്ങൾക്കു സാക്ഷി സാഹിത്യം ലഭിക്കയും അതു ഞങ്ങൾ ഉടനേ വായിക്കയും പിന്നെ മറ്റുള്ളവർക്കു കൈമാറുകയും ചെയ്യും. എന്നാൽ ഈ സാഹിത്യം നിരോധിക്കപ്പെട്ടിരുന്നതിനാൽ, അതിൽ ഏതെങ്കിലും കണ്ടെടുക്കുന്നതിനുള്ള ഉദ്ദേശ്യത്തിൽ ഗെസ്റ്റപ്പോയിൽനിന്ന് കൂടെകൂടെ ഞങ്ങളെ സന്ദർശിച്ചിരുന്നു. ഒരു ഉച്ചകഴിഞ്ഞ് 2 മണിക്ക് അപ്രതീക്ഷിതമായി രണ്ടു ഗെസ്റ്റപ്പോ ഏജൻറുമാർ വന്നു. ഏതു സമയത്തിലും വച്ച് വരാൻ പറ്റിയ സമയം! തലേ ദിവസമാണ്, ആ ദിവസം വൈകുന്നേരം ഞങ്ങൾ കൈമാറുന്നതിനുള്ള ഒരു ചെറുപുസ്തകം ഞങ്ങൾക്കു ലഭിച്ചത്. അവരുടെ തെരച്ചിൽ തുടങ്ങി, എന്നാൽ അപ്പോൾ പെട്ടെന്നു വട്ടം തിരിയുകയും അവരുടെ കണ്ണിൻ മുമ്പിൽ റേഡിയോയുടെ മുകളിൽ കിടന്ന ആ ചെറുപുസ്തകം കാണാതെപോകുകയും ചെയ്തു!
ഞങ്ങൾ എപ്പോഴും അറസ്റ്റു ചെയ്യപ്പെടാവുന്ന അപകടത്തിലായിരുന്നു. ഞാൻ പാർട്ടിയിൽ നിന്നു രാജിവെച്ചപ്പോൾ “വില്ലി, നീ ചെയ്യുന്നതെന്താണെന്ന് നിനക്കറിയാമോ? നിനക്കു ഭ്രാന്തായിരിക്കണം” എന്നാണ് ഉന്നത പ്രാദേശിക നാസി ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞത്. എന്നാൽ അയാളുടെ സഹോദരൻ എന്റെ ഭാര്യാസഹോദരിമാരിലൊരാളെ വിവാഹം ചെയ്തിരുന്നതുകൊണ്ട്, പ്രത്യക്ഷമായി കുടുംബബന്ധങ്ങൾ എന്നെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യാതിരിക്കാനിടയാക്കി. ടൗണിൽ എന്നെ നന്നായി അറിയുന്ന മറ്റുള്ളവർ, എന്റെ ആത്മാർത്ഥതയെ അംഗീകരിക്കുകയും ബഹുമാനിക്കയും ചെയ്തു, അവർ മിക്കവാറും മൗനത്തിന്റെ ഒരു ഗൂഢാലോചനയിലേർപ്പെട്ടുവെന്നു തോന്നി.
1935-ലെ സ്വതന്ത്രതിരഞ്ഞെടുപ്പുകൾ എന്നു വിളിക്കപ്പെടുന്നതിനെ ഞാൻ ഒരിക്കലും മറക്കുകയില്ല. യഹോവയുടെ രാജ്യത്തോടുള്ള കൂറു നിമിത്തം, രാഷ്ട്രീയ കാര്യങ്ങളിൽ ഇടപ്പെടുന്നതു നിരസിച്ചുകൊണ്ട്, ഞങ്ങൾ നിഷ്പക്ഷരായി നിന്നു. ആ വൈകുന്നേരം ഏകദേശം എട്ടു മണിക്ക്, 80 നാസി പടയാളികളുടെ ഒരു ഗ്രൂപ്പ് ഞങ്ങളുടെ വീടിന്റെ മുമ്പിൽ കൂടെ മാർച്ച് ചെയ്തു എല്ലാവരും കേൾക്കുന്നതിന് മുഴുരാത്രിയും അട്ടഹസിച്ചു: “ഇവിടെ ജീവിക്കുന്നവർ ജർമ്മൻ രാഷ്ട്രത്തിന്റെ വഞ്ചകരാണ്. നിങ്ങളേപ്പോലെയുള്ളവർക്കു ജർമ്മനിയിൽ ഒരു സ്ഥാനവുമില്ല. നിങ്ങൾ തൂക്കിക്കൊല്ലപ്പെടണം. യൂദാ ചെയ്തതുപോലെ പോയി തുലയൂ!”
ഒരു കാലത്തു നാസിയായിരുന്ന, എന്നെ വഞ്ചകനെന്നു വിളിച്ചത് എനിക്കു രസിച്ചില്ല. എന്നാൽ യേശുക്രിസ്തു പറഞ്ഞതോർത്തു: “ലോകം നിങ്ങളെ വെറുക്കുന്നുവെങ്കിൽ, അതു നിങ്ങളെ വെറുക്കുന്നതിനുമുമ്പേ എന്നെ വെറുത്തിരിക്കുന്നുവെന്നു നിങ്ങൾ അറിയുന്നു.” (യോഹന്നാൻ 15:18) അതുകൊണ്ട്, ഈ വെറുപ്പ് ഞങ്ങളുടെ ഭാഗം ശരിയായിരുന്നു എന്നു തെളിയിക്കമാത്രം ചെയ്തു. പിന്നീട് ഈ പടയാളികളിൽ അനേകരും ഒരു പൊളിഞ്ഞ പ്രസ്ഥാനത്തിനുവേണ്ടി അവരുടെ ജീവൻ ബലിയർപ്പിച്ചു. യുദ്ധത്തിനുശേഷം ജീവിച്ചിരുന്ന രണ്ടുപേർ, എങ്ങനെയായാലും, അവർ ചെയ്തതുപോലെ പ്രവർത്തിച്ചതിൽ ക്ഷമയാചിക്കുന്നതിനു വ്യക്തിപരമായി വന്നു.
പ്രവർത്തനത്തിനു ഉത്തേജിപ്പിക്കപ്പെട്ടു
നാസി ഭരണത്തിന്റെ തടസം നീങ്ങിയപ്പോൾ ഉടനേ യഹോവയുടെ സാക്ഷികളെ ജർമ്മനിയിലെല്ലാടവും അംഗീകരിക്കപ്പെടാൻ തുടങ്ങി. ഹോൾഡ് ഗർലിംഗനിലെ ഞങ്ങളുടെ ചെറിയ ഗ്രൂപ്പ് ആ സമയം ആറുപേരിൽനിന്ന് ഇന്ന് നൂറിൽ അധികമായി വളരുന്നതു കാണുവാൻ ഞാൻ ജീവിച്ചു. ഞങ്ങളുടെ അടുത്ത കുടുംബബന്ധത്തിലുള്ളവരിൽ നിന്നുമാത്രം 28 ആളുകൾ പ്രസംഗവേല സ്വീകരിച്ചുകണ്ടത് എന്തോരു ആനന്ദമാണ്.
ഇപ്പോൾ ഏകദേശം 40 വർഷങ്ങളായി, സഭാപരമായ മേൽവിചാരക ചുമതലകൾ നിർവ്വഹിക്കുന്നതു ഞാൻ ആസ്വദിച്ചിരുന്നു. നിശ്ചയമായും, ഞാൻ ആജ്ഞാപിക്കുന്നതും വഴങ്ങാത്തതുമായ ശബ്ദത്തോടു കൂടിയ നാസി നേതാവായിരുന്നതുപോലെയല്ല, എന്നാൽ സ്നേഹത്തിന്റെ ശുശ്രൂഷിക്കുന്ന ആത്മാവിലും ക്രിസ്തീയ കീഴിടയൻമാർക്കു ആവശ്യമുള്ള താഴ്മ—മനസ്സിലും ആയിരുന്നു.—മത്തായി 23:10, 11; 1 പത്രോസ് 5:2, 3.
നാസിസത്തോടും മഹാബാബിലോനോടും ഞാൻ പൂർണ്ണമായി വേർപ്പെട്ട 1934 ഒക്ടോബർ, അര നൂറ്റാണ്ടിലധികമായി ഞാൻ പിന്നിട്ടിരിക്കുന്നു. അതേ മാസത്തിൽതന്നെ, ലോകത്തിനു ചുറ്റുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകൾ ഹിറ്റ്ലറിന് കമ്പി സന്ദേശങ്ങൾ അയച്ചിരുന്നുവെന്നു വർഷങ്ങൾക്കുശേഷം ഞാൻ അറിഞ്ഞു; അവ വായിക്കപ്പെടുന്നത്: “യഹോവയുടെ സാക്ഷികളൊടുള്ള നിങ്ങളുടെ ദുഷ്പെരുമാറ്റം ഭൂമിയിലെ സകല സജ്ജനത്തേയും ഞെട്ടിക്കയും ദൈവനാമത്തെ നിന്ദിക്കയും ചെയ്യുന്നു. യഹോവയുടെ സാക്ഷികളെ കൂടുതലായി പീഡിപ്പിക്കുന്നതിൽ നിന്നു പിന്തിരിയുക; അല്ലെങ്കിൽ ദൈവം നിങ്ങളേയും നിങ്ങളുടെ ദേശീയ പാർട്ടിയേയും നശിപ്പിക്കും.” ആ വാക്കുകൾ നിവൃത്തിക്കുന്നതു കാണുവാൻ ഞാൻ ജീവിച്ചു.
തക്കസമയത്തു, ചതിയുള്ള നാസിപ്രചരണത്തിന്റെയും മുദ്രാവാക്യങ്ങളുടെയും വഞ്ചനയിൽനിന്നു വിടുവിക്കപ്പെട്ടതിൽ ഞാൻ എത്ര സന്തോഷമുള്ളവനാണ്! ഞാൻ അപ്രകാരം അതിന്റെ പാപങ്ങളിൽ പങ്കുകൊള്ളുന്ന നിന്ദയിൽനിന്നും എന്റെ മുൻ സഖാക്കളിൽ പലർക്കും സംഭവിച്ചതുപോലെ, പിന്നീട് അതിന്റെ ബാധകളിൽ പങ്കാളികളായതിൽനിന്നു ലഭിച്ചവേദനയിൽനിന്നും എന്നെത്തന്നെ രക്ഷിച്ചു.—വില്ലി വാനർ പറഞ്ഞത്. (g86 4/22/)
[16-ാം പേജിലെ ആകർഷകവാക്യം]
ഞാൻ മിക്കപ്പോഴും എന്റെ ഭാര്യയോട് ആക്രോശിക്കുന്നതായി എന്നെത്തന്നെ കണ്ടെത്തി, എന്നാൽ അവൾ എപ്പോഴും ശാന്തമായി പ്രതികരിച്ചു
[15-ാം പേജിലെ ചിത്രം]
നാസികളായിത്തീർന്ന, 1928-ലെ സ്പോർട്ട്സ്—ക്ലബ് സുഹൃത്തുക്കൾ. മുകളിൽ ഇടത്തേ യുവാവും ഞാനും (മുമ്പിൽ മദ്ധ്യം) യഹോവയുടെ സാക്ഷികളായിത്തീർന്നു
[18-ാം പേജിലെ ചിത്രം]
വില്ലി വാനറും, അദ്ദേഹത്തിന്റെ ഭാര്യ മാർത്തയും അവളുടെ സഹോദരി വിൽഹെമ്മിനും