‘റോഡിനുവേണ്ടി ഒന്ന്’
ഞങ്ങൾ സൈറൺ കേട്ടു, എന്നാൽ അതു കേവലം തീപിടുത്ത സ്ഥലത്തേക്ക് പായുന്ന വാഹനത്തിൽ നിന്നായിരിക്കും എന്നു ഞങ്ങൾ വിചാരിച്ചു. തെരുവിന്റെ മറുവശത്തുള്ള എന്റെ അയൽക്കാരനെ ഞാൻ വിളിച്ചു, എന്തുകൊണ്ടെന്നാൽ അയാൾ ഒരു ഫയർമാൻ ആണ്. ‘എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്കറിയാമായിരിക്കും’ എന്നു ഞാൻ വിചാരിച്ചു. എന്നാൽ അയാളുടെ ലൈൻ തിരക്കായിരുന്നു. അപ്പോൾ ഞാൻ, ‘എന്റെ മകൻ ജെഫിനെ വിളിക്കാം. അവൻ വീട്ടിലേക്ക് പോകും വഴി എന്തു സംഭവിച്ചു എന്നു കണ്ടിരിക്കും,” എന്നു കണക്കു കൂട്ടി. മറുപടി ഇല്ലായിരുന്നു. ഞാൻ യഥാർത്ഥത്തിൽ ചഞ്ചലപ്പെടാൻ തുടങ്ങി.
ആ ഞായറാഴ്ച രാത്രി എന്റെ 29 വയസ്സുണ്ടായിരുന്ന മകൻ ജെഫ് അത്താഴത്തിനും യാത്രപറയുന്നതിനുമായി വന്നിരുന്നു—അടുത്ത ദിവസം അവൻ അവധിക്കാലത്തിനു പോകയായിരുന്നു. ഏകദേശം അരമണിക്കൂർ മുമ്പ് അവൻ തന്റെ പിതാവിനെയും എന്നെയും കെട്ടിപ്പിടിച്ചു ചുംബിച്ചശേഷം ആണ് പിരിഞ്ഞത്. എന്നാൽ അവൻ ഇതുവരെ വീട്ടിൽ എത്താതിരുന്നതെന്തുകൊണ്ടാണ്? അവൻ ഏതാനും ബ്ലോക്കുകൾ മാത്രം അകലെയാണ് പാർത്തിരുന്നത്.
ഞാൻ വീണ്ടും എന്റെ അയൽവാസിയെ വിളിച്ചു, ഈ പ്രാവശ്യം അയാളുടെ ഭാര്യ മറുപടി പറയുകയും ചെയ്തു. അവളുടെ ഭർത്താവ് എന്തു സംഭവിച്ചു എന്നറിയാൻ പോയിരിക്കയാണെന്നും അയാൾ വരുമ്പോൾ എന്നെ വിളിപ്പിക്കാമെന്നും അവൾ പറഞ്ഞു. അയാൾ വിളിക്കുന്നതിനായി ഞാൻ എന്റെ കിടപ്പുമുറിയിൽ കാത്തിരിക്കുമ്പോൾ ഞങ്ങളുടെ വീടിനു മുമ്പിൽ ഒരു പോലീസ് കാർ വന്നുനിന്നു.
പോലീസ് സാർജൻറ് മുൻവാതിലിനോടു സമീപിച്ചു. എന്റെ ഭർത്താവ് സ്റ്റീവ്, ഹൃദയമിടിപ്പോടെ കതകു തുറന്നു. വാക്കുകൾക്കുവേണ്ടി തപ്പിക്കൊണ്ട് ഒടുവിൽ സാർജൻറ് ഇങ്ങനെ പറഞ്ഞു: “എനിക്ക് ഇതു പറയാൻ വിഷമുണ്ട്, ഒരു ഭയങ്കര അപകടമുണ്ടായി, നിങ്ങളുടെ മകൻ . . . നിങ്ങളുടെ മകൻ . . . മരിച്ചുപോയി.”
ഇതു കേട്ടപ്പോൾ സ്റ്റീവ് പൊട്ടിക്കരഞ്ഞു, ഞാൻ എന്തു സംഭവിച്ചു എന്നറിയാൻ വെളിയിലേക്ക് ഓടി. വിശ്വസിക്കാനാവാതെ ഞാൻ വാദിച്ചു: “അതു സത്യമായിരിക്കയില്ല. അതു മറ്റാരെങ്കിലുമായിരിക്കും.”
“അല്ല, മിസ്സിസ്സ് ഫെറാറാ, ഞാൻ ഇതു നിങ്ങളോടു പറയാൻ ഇഷ്ടപ്പെടുന്നില്ല, അതു വളരെ വേഗത്തിൽ ആയിരുന്നു, വളരെ പെട്ടെന്നു, എന്നാൽ ഉവ്വ്, അവൻ പോയി” എന്നു സാർജൻറ് വിശദീകരിച്ചു. ആ വൈകുന്നേരം പിന്നെ ഞാൻ എന്തു പറഞ്ഞെന്നോ ചെയ്തെന്നോ എനിക്ക് ഓർമ്മയില്ല.
ആ രാത്രി, 1985 ഫെബ്രുവരി 24, 9:50 വൈകിട്ട് ഞങ്ങളുടെ മകൻ ജെഫ്, ചുരുളൻ മുടിക്കാരനായ യുവാവ്, അവന്റെ ട്രക്ക് മറ്റൊരു കാറിൽ ഇടിച്ച് ഉടൻ തന്നെ മരിച്ചു. മറ്റെ ഡ്രൈവറോ? ഞാൻ വെട്ടി സൂക്ഷിച്ചിരുന്ന പത്രത്തിലെ റിപ്പോർട്ട് അനുസരിച്ച് അയാൾ ഒരു എക്സിക്യൂട്ടീവ് അസിസ്റ്റൻറ് ഡിസ്ട്രിക്റ്റ് അറ്റോർണി ആണ്. മറ്റു കാര്യങ്ങളോടൊപ്പം അയാൾ മദ്യപിച്ച് കാർ ഓടിച്ചതായും കുറ്റം ചുമത്തപ്പെട്ടിരുന്നു. അയാൾ ശിക്ഷിക്കപ്പെടുമോ എന്ന് കാലം കൊണ്ടേ തെളിയുകയുള്ളു. എന്തായാലും, ഞങ്ങളുടെ ജെഫ് പോയി—ഷേർലി ഫെറാറാ ഉണരുക!യോട് പറഞ്ഞത്.
മദ്യപിച്ച് വാഹനമോടിക്കൽ—ഒരു മരണകരമായ പ്രശ്നം. കണക്കുകൾ ഗൗരവമുള്ളതാണ്. ഓരോ 20 മിനിറ്റിലും മുകളിൽ വർണ്ണിച്ചിരിക്കുന്ന തരത്തിലുള്ള ഒരു രംഗം ഐക്യനാടുകളിൽ എവിടെയെങ്കിലും ആവർത്തിക്കുന്നു. അമേരിക്കൻ റോഡുകളിലെ യാത്രാദുരന്തത്തിൽ ഓരോ വർഷവും പ്രഖ്യാപിക്കപ്പെടുന്ന 23,000 മുതൽ 28,000 വരെ ജീവനഷ്ടത്തിൽ പകുതിയിലധികത്തിനും ലഹരി വസ്തുക്കൾ സംഭാവന ചെയ്യുന്നു. ഓരോ വർഷവും കാനഡായിലെ റോഡുകളിൽ കൊല്ലപ്പെടുന്ന ഡ്രൈവർമാരിൽ 40 ശതമാനം പേരുടെ രക്തലഹരിമാനം നിയമാനുസൃത പരിധിയേക്കാൾ ഉപരിയാണെന്ന് കണക്കാക്കപ്പെടുന്നു. ഈ പ്രശ്നം സംബന്ധിച്ച് ജർമ്മനിക്കും അതിന്റേതായ പങ്കുണ്ട്—റോഡു മരണങ്ങളിൽ ഉദ്ദേശം ഓരോ നാലിലും ഒന്ന് മദ്യപിച്ച് വാഹനമോടിക്കുന്നതിനാലാണ് സംഭവിക്കുന്നത്.
കൂടാതെ ജെഫിന്റെ ദുരന്താനുഭവം തെളിയിക്കുന്നതുപോലെ നിങ്ങൾ തന്നെ മദ്യപിച്ചു വാഹനം ഓടിക്കുന്നില്ലെങ്കിലും നിങ്ങൾ പൂർണ്ണമായും സുരക്ഷിതരല്ല. ഐക്യനാടുകളിലെ ദേശീയ പെരുവഴി യാത്ര സുരക്ഷിതത്വ ഭരണ സംവിധാനം, ലഹരിപാനീയങ്ങളുടെ ഉപയോഗം ഏറ്റവും ഉയർന്നിരിക്കുന്ന വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രികളിൽ ചില പ്രദേശങ്ങളിൽ റോഡിൽ ഓരോ പത്തു ഡ്രൈവർമാരിലും ഒരാൾ വീതം നിയമാനുസൃതം മദ്യപിച്ചവനായിരിക്കും! എന്നു കണക്കാക്കുന്നു. അതുകൊണ്ട് അടുത്ത വളവിലെ ഡ്രൈവർ തന്റെ കാർ നിയന്ത്രിക്കാൻ സാധിക്കാത്തവിധം അമിതമായി കുടിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ എത്ര സുരക്ഷിതനായിരിക്കും?
എന്നാൽ കണക്കുകൾ മുഴുകഥയും പറയുന്നില്ല. കണക്കുകൾക്ക് ലഹരിപാനീയത്തോടു ബന്ധപ്പെട്ട ഒരു കാറപകടത്തിൽ കൊല്ലപ്പെട്ട മകന്റെയോ മകളുടെയോ അമ്മയായ ഷേർളിയെപ്പോലെയുള്ള ഒരാളുടെ വ്യഥ വർണ്ണിക്കാൻ കഴിയുകയില്ല. ഒരു ചെറുപ്പക്കാരൻ ഇപ്രകാരം വിലപിച്ചു: “ജൂറി എന്തുതന്നെ തീരുമാനിച്ചാലും ഞാൻ മൂലം നാലുപേർ മരിച്ചുവെന്ന വസ്തുതയുമായി ഞാൻ ജീവിക്കുന്നു. അതു സംഭവിച്ചതിനുശേഷം ഞാൻ അതിനെ കുറിച്ചു ചിന്തിക്കാത്ത ഒരു നിമിഷം പോലുമില്ല. ഞാൻ രാവിലെ എഴുന്നേൽക്കുമ്പോഴും രാത്രിയിൽ കിടക്കാൻ പോകുമ്പോഴും എല്ലാം അത് ചിന്തയിൽ ഉണ്ട്.”
തീർച്ചയായും, നിങ്ങൾ മിതമായി കുടിക്കണമോ അഥവാ ഒട്ടും കുടിക്കാതിരിക്കണമോ എന്നത് നിങ്ങളുടെ കാര്യമാണ്. എന്നാൽ ലഹരിപാനീയങ്ങളുടെ (അല്ലെങ്കിൽ മറ്റേതെങ്കിലും മയക്കുമരുന്നിന്റെ) സ്വാധീനത്തിൻ കീഴിൽ വാഹനമോടിക്കുന്നത് ഒരു സ്വകാര്യ സംഗതിയല്ല—മറ്റുള്ളവരുടെ ജീവൻ അപകടത്തിലായിരിക്കുമ്പോൾ അല്ല! എന്നിരുന്നാലും ‘റോഡിനുവേണ്ടി ഒന്ന്’ പിന്നീട് വീട്ടിലേക്ക് വാഹനമോടിക്കുന്നതിനുമുമ്പ് പെട്ടെന്ന് ഒരു കുടി നടത്തുകയും ചെയ്യുക എന്ന് ആരെങ്കിലും പറയുന്നതു നിങ്ങൾ എത്ര പ്രാവശ്യം കേട്ടിരിക്കും?
മദ്യപിച്ചു വാഹനമോടിക്കുന്നതു ഒരു പ്രശ്നം, മരണകരമായ ഒരു പ്രശ്നമാണ്. അമിതമായി കുടിക്കുന്ന ഒരു ഡ്രൈവറിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തേയും രക്ഷിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? അതിനു ഉത്തരം പറയുന്നതിനു മുമ്പ് മദ്യം നിങ്ങളെയും വാഹനം ഓടിക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെയും എങ്ങനെ ബാധിക്കുന്നുവെന്ന് പരിചിന്തിക്കുന്നത് സഹായമായിരിക്കും. (g86 3/8)