എന്റെ അയൽക്കാരൻ ആരാണ്?
‘“എന്റെ അയൽക്കാരൻ ആരാണ്?” എന്നു നിങ്ങൾ ചോദിക്കുന്നു. എന്തിന്, അതു തീർച്ചയായും എന്റെ അടുത്ത വീട്ടിൽ താമസിക്കുന്നയാളാണ്! തെരുവിൽ അയലത്തു താമസിക്കുന്നവർ തന്നെ!
ക്രിസ്തുയേശുവിന്റെ കാലത്ത് ജീവിച്ചിരുന്ന ചിലർ പറയുന്നതനുസരിച്ച് അങ്ങനെയല്ല. അന്നുപോലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ലൂക്കോസ് 10:25-37 വരെ രേഖപ്പെടുത്തിയിരിക്കുന്ന, യേശുവും യഹൂദ ന്യായപ്രമാണത്തിൽ അഭിജ്ഞനായിരുന്ന ഒരു മനുഷ്യനും തമ്മിൽ നടന്ന സംഭാഷണം നാം പരിചിന്തിക്കുമ്പോൾ ഇത് പ്രകടമാകുന്നു.
“ഗുരോ, എന്തു ചെയ്യുന്നതിനാൽ എനിക്ക് നിത്യജീവൻ അവകാശമാക്കാം?” എന്ന് നിയമജ്ഞൻ ചോദിച്ചു.
“ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് എന്താണ്? നിങ്ങൾ എങ്ങനെ വായിക്കുന്നു?” യേശു ചോദിച്ചു.
“‘നീ നിന്റെ ദൈവമായ യഹോവയെ നിന്റെ പൂർണ്ണ ഹൃദയത്തോടും നിന്റെ പൂർണ്ണദേഹിയോടും നിന്റെ പൂർണ്ണശക്തിയോടും നിന്റെ പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കണം,’ ‘നിന്റെ അയൽക്കാരനെ നിന്നെപ്പോലെയും‘” എന്ന് നിയമജ്ഞൻ ഉത്തരം പറഞ്ഞു.
“നീ ശരിയായി ഉത്തരം പറഞ്ഞു,” യേശു പറഞ്ഞു. “ഇതു ചെയ്തുകൊണ്ടേയിരിക്കുക, നിനക്കു ജീവൻ കിട്ടും.”
എന്നാൽ അവിടെ അവസാനിപ്പിക്കുന്നതിൽ നിയമജ്ഞനു തൃപ്തിയില്ലായിരുന്നു. അതുകൊണ്ട് “യഥാർത്ഥത്തിൽ എന്റെ അയൽക്കാരൻ ആരാണ്?” എന്ന് അയാൾ അപ്പോൾ ചോദിച്ചു.
തങ്ങളുടെ സ്വന്തം മോശൈക ന്യായപ്രമാണത്തിനു വിരുദ്ധമായി യഹൂദ ശാസ്ത്രിമാർ തങ്ങളുടെ വാമൊഴിയായുള്ള പാരമ്പര്യത്തിൽ “നീ നിന്റെ അയൽക്കാരനെ സ്നേഹിക്കുകയും നിന്റെ ശത്രുവിനെ വെറുക്കുകയും വേണം “എന്നു പറഞ്ഞിരുന്നു. വാമൊഴിയായുള്ള നിയമം അനുസരിക്കുന്ന യഹൂദൻമാർ മാത്രമേ അയൽക്കാരായിരിക്കുന്നുള്ളുവെന്ന് ശാസ്ത്രിമാരും പരീശൻമാരും പഠിപ്പിച്ചിരുന്നു. അങ്ങനെ ചെയ്യാഞ്ഞ യഹൂദൻമാരും എല്ലാ വിജാതീയരും അയൽക്കാരായിട്ടല്ല, പിന്നെയോ ശത്രുക്കളായിട്ടാണു വീക്ഷിക്കപ്പെട്ടിരുന്നത്. അങ്ങനെയുള്ള പാഷണ്ഡികളായ യഹൂദൻമാരുടെയും വിജാതീയരുടെയും ജീവൻ അപകടത്തിലാകുമ്പോൾപോലും അവരെ സഹായിക്കരുതായിരുന്നു. ഇതു മനസ്സിൽ വെച്ചുകൊണ്ടും എല്ലാ മനുഷ്യരെയും സ്നേഹിക്കാത്തതിനെ സ്വയം ന്യായീകരിക്കാൻ വേണ്ടിയും “യഥാർത്ഥത്തിൽ എന്റെ അയൽക്കാരൻ ആരാണ്?” എന്ന് നിയമജ്ഞൻ ചോദിച്ചു.
ഈ ചോദ്യത്തിനുത്തരമായിട്ടാണ് യേശു നല്ല ശമര്യക്കാരന്റെ ദൃഷ്ടാന്തം പറഞ്ഞത് (ശമര്യക്കാർ വിദേശികളായി വീക്ഷിക്കപ്പെടുകയും യഹൂദൻമാരാൽ വെറുക്കപ്പെടുകയും ചെയ്തിരുന്നു).
“ഒരു മനുഷ്യൻ യരൂശലേമിൽ നിന്ന് യരിഹോയിലേക്കു പോകുകയായിരുന്നു, അയാൾ കൊള്ളക്കാരുടെ ഇടയിൽ അകപ്പെട്ടു, അവർ അയാളുടെ വസ്ത്രം ഉരിയുകയും അടിക്കുകയും അർദ്ധപ്രാണനായി വിട്ടിട്ടുപോകുകയും ചെയ്തു.” ഒരു പുരോഹിതൻ ആ മനുഷ്യനെ കണ്ടെങ്കിലും റോഡിന്റെ എതിർ വശത്തുകൂടെ കടന്നുപോയി. ഒരു ലേവ്യനും അയാളെ കണ്ടു, അയാളും അങ്ങനെ തന്നെ ചെയ്തു. ”എന്നാൽ ആ വഴിയിലൂടെ യാത്രചെയ്തിരുന്ന ഒരു ശമര്യക്കാരൻ അയാളെ സമീപിക്കുകയും അയാളെ കണ്ടപ്പോൾ അനുകമ്പയാൽ അലിവു തോന്നുകയും ചെയ്തു.” അയാൾ ശമര്യക്കാരന്റെ മുറിവുകൾക്കു ചികിത്സിക്കുകയും അയാളെ ഒരു സത്രത്തിൽ കൊണ്ടുപോകുകയും അയാളുടെ സംരക്ഷണത്തിനുവേണ്ടി പണം കൊടുത്തിട്ട് തന്റെ മടക്കയാത്രയിൽ അതിലെ ചെല്ലുമെന്നും കൂടുതലായ എന്തെങ്കിലും ചെലവുണ്ടെങ്കിൽ തരാമെന്നും സത്ര സൂക്ഷിപ്പുകാരനോടു പറയുകയും ചെയ്തു.
ഈ മൂന്നുപേരിൽ ആർ കൊള്ളക്കാരുടെ ഇടയിൽ അകപ്പെട്ട മനുഷ്യന് തന്നേത്തന്നെ അയൽക്കാരനാക്കിത്തീർത്തതായി നിനക്കു തോന്നുന്നു? “എന്ന് യേശു പിന്നീട് നിയമജ്ഞനോടു ചോദിച്ചു. നിയമജ്ഞൻ ഇങ്ങനെ മറുപടി പറഞ്ഞു: “അയാളോടു കരുണാപൂർവ്വം പെരുമാറിയവൻ.” “പോയി നീയും അതുതന്നെ ചെയ്യുക” എന്ന് യേശു അപ്പോൾ അയാളോടു പറഞ്ഞു.
പുരോഹിതൻ യഹോവയുടെ ഒരു ആരാധകനാണെന്ന് സങ്കൽപ്പിക്കപ്പെട്ടിരുന്നു. ലേവ്യനും അങ്ങനെ തന്നെ. എന്നിരുന്നാലും രണ്ടുപേരും എതിൽവശത്തുകൂടെ പോയി. അവരിലാരും അപകടത്തിലായ മനുഷ്യന്റെ നല്ല അയൽക്കാരനായിരുന്നില്ല. പുരോഹിതനാലും ലേവ്യനാലും അവരുടെ മതത്താലും പുച്ഛിക്കപ്പെടുകയും ത്യജിക്കപ്പെടുകയും ചെയ്ത ശമര്യക്കാരാനായിരുന്നു പ്രതികരിച്ചത്. അയാൾക്ക് ആ മനുഷ്യന്റെ ദുരവസ്ഥയിൽ സഹതാപം തോന്നുകയും അയാളുടെ സഹായത്തിനെത്തുകയും ചെയ്തു. അയാൾ ആ മനുഷ്യന് തന്നേത്തന്നെ ഒരു അയൽക്കാരനാക്കിത്തീർത്തു. അയാൾ അയൽസ്നേഹത്തോടെ പ്രവർത്തിച്ചു.
ഇന്ന് ആർ നിങ്ങളുടെ അയൽക്കാരനെന്നു തെളിയിക്കുന്നു
ഇന്നു നാം നമ്മുടെ അടുത്തു താമസിക്കുന്നവരെയാണ് അയൽക്കാർ എന്നു വിചാരിക്കുന്നത്. “അയൽക്കാരൻ” എന്നു വിവർത്തനം ചെയ്തിരിക്കുന്ന പ്ലെസിയോൻ എന്ന ഗ്രീക്ക് പദത്തിന്റെ അടിസ്ഥാന അർത്ഥം “അടുത്ത്” എന്നാണ്. എന്നിരുന്നാലും, ബൈബിൾ എബ്രായ തിരുവെഴുത്തിലും ഗ്രീക്ക് തിരുവെഴുത്തിലും അയൽക്കാരനെ വളരെ വിശാലമായ ഒരു അർത്ഥത്തിൽ വീക്ഷിക്കുന്നു.
യേശുവിന്റെ കാലത്തെ ശാസ്ത്രിമാരും പരീശൻമാരും തങ്ങളുടെ മതത്തിന്റെ വാഗ്രൂപേണയുള്ള പാരമ്പര്യങ്ങളനുസരിച്ചവർക്ക് “അയൽക്കാരൻ” എന്ന പദം പരിമിതപ്പെടുത്തി. അതുകൊണ്ട്, അവർ തങ്ങളുടെ കൂട്ടു മതവിശ്വാസികളിൽ തങ്ങളുടെ അയൽസ്നേഹം പരിമിതപ്പെടുത്തി. എന്നിരുന്നാലും, യഹോവയുടെയും യേശുവിന്റെയും സ്നേഹം എല്ലാവരിലേക്കും പോയി. (മത്തായി 5:45-48) ഇന്നത്തെ സത്യക്രിസ്ത്യാനികളുടെ സ്നേഹവും അങ്ങനെ ആയിരിക്കണം. നാമധേയ ക്രിസ്ത്യാനികളിലുപരിയായിരിക്കുന്നതിന് അവർ സകല മനുഷ്യരുടെയും അയൽക്കാരായിത്തീരുകയും എല്ലാവരോടും അയൽസ്നേഹം പ്രകടമാക്കുകയും വേണം.
ശമര്യക്കാരൻ കവർച്ചയ്ക്കിരയായ മനുഷ്യന്റെ അയൽക്കാരനായിത്തീർന്നപ്പോൾ, അത് ശമര്യക്കാരനോടുള്ള അയാളുടെ സ്നേഹത്തെ ഉത്തേജിപ്പിച്ചോ? നമ്മോടു പറഞ്ഞിട്ടില്ല. എന്നാൽ ഉത്തേജിപ്പിച്ചിരിക്കണം. അതുപോലെതന്നെ, യേശു ഭൂമിയിലേക്കു വരുകയും മനുഷ്യവർഗ്ഗത്തിനുവേണ്ടി മരിക്കുകയും ചെയ്തപ്പോൾ അവൻ ഫലത്തിൽ അവരുടെ അയൽക്കാരനായിത്തീർന്നു. ഇത് അവനെ സ്നേഹിക്കുന്നതിനും അവനോട് അടുക്കുന്നതിനും മനുഷ്യരെ പ്രചോദിപ്പിച്ചോ? തന്റെ പുത്രനെ ഒരു മറുവിലയായി ഭൂമിയിലേക്ക് അയച്ചതിനാൽ മനുഷ്യവർഗ്ഗലോകത്തോട് യഹോവ പ്രകടമാക്കിയ സ്നേഹം മനുഷ്യൻ ദൈവത്തോട് അടുക്കാൻ ഇടയാക്കിയോ? അനേകരെ സംബന്ധിച്ച് അത് ഇടയാക്കി, ഇപ്പോൾ ഇടയാക്കിക്കൊണ്ടുമിരിക്കുന്നു. “അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ട് നാം സ്നേഹിക്കുന്നു.”—1 യോഹന്നാൻ 4:19; യോഹന്നാൻ 3:16; യാക്കോബ് 4:8.
ഏതു വിധത്തിലാണ് ഈ സ്നേഹം പ്രകടമാക്കുന്നത്? “കർത്താവേ, കർത്താവേ” എന്നു വിളിക്കുന്നതിനാലല്ല, പിന്നെയോ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിനാൽ, യഹോവയുടെ രാജ്യത്തെക്കുറിച്ചു മറ്റുള്ളവരോട് സാക്ഷീകരിക്കുന്നതിനാൽ. (മത്തായി 7:21; 1 യോഹന്നാൻ 5:3; യെശയ്യാവ് 43:10-12; പ്രവൃത്തികൾ 1:8) ഇന്നത്തെ ദുരിതമനുഭവിക്കുന്ന മനുഷ്യരാശിയുടെ യഥാർത്ഥവും നിലനിൽക്കുന്നതുമായ ഏക സഹായം അതാണ്. അയൽസ്നേഹിയായ ശമര്യക്കാരനെപ്പോലെ മനുഷ്യവർഗ്ഗത്തിന്റെ ദുഃഖകരമായ അപകടാവസ്ഥയിൽ അനുകമ്പ തോന്നി യഹോവയുടെ രാജ്യത്തിന്റെ സൗഖ്യദായകമായ സുവാർത്ത അവർക്ക് എത്തിച്ചുകൊടുക്കുന്നവർ—അവരാണ് സകല ആളുകളുടെയും അയൽക്കാരായിത്തീരുന്നത്. ഒരുത്തരെയും ഒഴിവാക്കുന്നില്ല. പുരുഷനെയോ സ്ത്രീയെയോ ചെറുപ്പക്കാരെയോ പ്രായമുള്ളവരേയോ ധനികരെയോ ദരിദ്രരേയോ, യാതൊരു ദേശക്കാരെയും വർഗ്ഗക്കാരെയും മതക്കാരെയും, ഏതു നിറമുള്ളവരെയും ഒഴിവാക്കാതെ എല്ലാവരും രാജ്യസുവാർത്തയാൽ സഹായിക്കപ്പെടേണ്ട അയൽക്കാരായി വീക്ഷിക്കപ്പെടുന്നു.
അയൽസ്നേഹം നിമിത്തം യഹോവയുടെ സാക്ഷികൾ അനേകവർഷങ്ങളായി എഫേസ്യർ 4:25-ലെ കല്പന അനുസരിച്ചുകൊണ്ടാണിരിക്കുന്നത്. “നിങ്ങളിൽ ഓരോരുത്തനും തന്റെ അയൽക്കാരനോടു സത്യം സംസാരിക്കട്ടെ.” ദശലക്ഷങ്ങൾ പ്രതികരിക്കുകയും അവർതന്നെ ഈ സത്യത്തിന്റെ ഘോഷണം ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു. അത് തന്റെ സമാധാന പ്രഭുവായ യേശുക്രിസ്തുവിൻ കീഴിലെ യഹോവയുടെ രാജ്യത്തെക്കുറിച്ചുള്ള സത്യമാണ്. അത് അയൽക്കാർ തമ്മിൽ സമാധാനം കൈവരുത്തുന്ന സത്യമാണ്. എല്ലാറ്റിലും നല്ലതായി, അത് “സകല ചിന്തയെക്കാളും മികച്ചുനിൽക്കുന്ന ദൈവസമാധാനം” കൈവരുത്തുന്ന സമാധാനമാണ്.—ഫിലിപ്യർ 4:7. (g86 1/22)