നിങ്ങൾ നിങ്ങളുടെ അയൽക്കാരനുമായി സമാധാനത്തിലാണോ?
നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുക. നമ്മോട് അങ്ങനെ പറയപ്പെട്ടിരിക്കുന്നു. അത് എല്ലായ്പ്പോഴും എളുപ്പമല്ല. സമാധാനത്തിലിരിക്കുന്നതുതന്നെ പ്രയാസമാണ്. നിങ്ങളുടെ അയൽക്കാരന്റെ മുറിയിൽനിന്നുള്ള റോക്ക് സംഗീതം നിങ്ങളുടെ ചുവരുകളെ പ്രകമ്പനം കൊള്ളിക്കുന്നു. അവരുടെ കുട്ടികൾ ഹാളിൽ നാശം വിതയ്ക്കുന്നു. തെരുവിൽ നിങ്ങൾ കവർച്ച ചെയ്യപ്പെടുന്നു. പെരുവഴിയിൽ ഡ്രൈവർമാർ നിങ്ങളുടെ മുമ്പിലേക്ക് ഓടിച്ചുകയറ്റുന്നു—ഹോണടിച്ചാൽ നിങ്ങൾക്ക് വെടിയേറ്റേക്കാം! അതിശയോക്തിയോ? ചില സ്ഥലങ്ങളിൽ. എന്നാൽ വലിയ നഗരങ്ങളിൽ അതിശയോക്തിയല്ല. നഗരപ്രാന്തങ്ങളിലും ഗ്രാമങ്ങളിലും അയൽ സ്നേഹം പ്രയാസമാക്കിത്തീർക്കുന്ന പ്രത്യേക പ്രശ്നങ്ങളുണ്ട്.
സമ്മർദ്ദത്തിലധികവും ഉണ്ടാകുന്നത് ഈ ആധുനികമായ ഉയർന്ന, സാങ്കേതികവിദ്യാവ്യവസ്ഥിതിയിൽ നിന്നാണ്. ഒരു കുപ്പിയിൽ തേളുകളെപ്പോലെ ആയിരങ്ങൾ നഗരങ്ങളിൽ തിങ്ങികൂടുന്നു. അയൽക്കാരന്റെ കോഴികൾ കൃഷിനശിപ്പിക്കുമ്പോൾ ഗ്രാമീണർ അലറിക്കൊണ്ട് ഇറങ്ങിവരുന്നു. കീടനാശിനികളെ ചെറുത്തു നിൽക്കുന്ന കീടങ്ങൾ തങ്ങളുടെ വിളവുകളെ നശിപ്പിക്കുമ്പോൾ കർഷകർ ദാരിദ്ര്യത്തിലാണ്ടുപോകുന്നു. എല്ലായിടത്തും വ്യവസായങ്ങൾ മലിന വസ്തുക്കൾ തുപ്പിക്കൊണ്ടിരിക്കുന്നു. വായു തവിട്ടു നിറം പ്രാപിക്കുന്നു, അമ്ല മഴ പെയ്യുന്നു, കായലുകളിൽ മത്സ്യങ്ങൾ ചത്തൊടുങ്ങുന്നു, വിഷമയമായ രാസവസ്തുക്കളുടെ കൂനകളാൽ ഭൂഗർഭജലംപോലും മലിനമാകുന്നു. ആരോഗ്യം മോശമായിത്തീരുന്നു, ജീവൻ നഷ്ടപ്പെടുന്നു.
വികാരങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോൾ ഈ വിധത്തിലും മറ്റനേകം വിധങ്ങളിലും ദശലക്ഷങ്ങളുടെ ജീവിതത്തിൽ സമ്മർദ്ദം വളരുന്നു, സ്ഫോടനാത്മകമായിത്തീരുന്നു—അവ പൊട്ടിത്തെറിക്കുകതന്നെ ചെയ്യുന്നു. അനേകർ ജഡികവ്യാപാരങ്ങളിൽ മുഴുകി രക്ഷതേടുന്നു. സ്വാർത്ഥ ഭൗതികത്വം, സാമൂഹിക മദ്യപാനങ്ങൾ, മയക്കുമരുന്നു ലഹരി, വികടജീവിത ശൈലികൾ—തൻകാര്യമതത്തിലേക്ക് പിൻവാങ്ങുന്നതിനുള്ള എന്തും. ജഡത്തെ അമിതമായി തീറ്റുകയും ആത്മാവിനെ പട്ടിണിയിടുകയും ചെയ്യുമ്പോൾ സ്വസ്നേഹം അയൽസ്നേഹത്തെ പുറന്തള്ളുന്നു.
സമ്പൽസമൃദ്ധി കുറഞ്ഞ രാഷ്ട്രങ്ങളിൽ ജഡവും ആത്മാവും പട്ടിണിയിലാണ്. വിപ്ലവങ്ങൾ ജനതതിയെതകർത്തു തരിപ്പണമാക്കുന്നു, പകർച്ചവ്യാധികൾ ജീവഹാനി വരുത്തുന്നു, ക്ഷാമം ദേശത്തു തേർവാഴ്ച നടത്തുന്നു, പ്രത്യാശ മൃതിയടയുന്നു, നിരാശ വാഴ്ചനടത്തുന്നു.
ഇല്ല, ഈ ആധുനികവ്യവസ്ഥിതിയിൽ നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമല്ല. എന്നിലുന്നാലു, അയൽസ്നേഹം സ്ഥിതിചെയ്യുകതന്നെ ചെയ്യുന്നു, അനേകർ തങ്ങളുടെ അയൽക്കാരുമായി തീർച്ചയായും സമാധാനത്തിലിരിക്കുന്നു. (g86 1/22)