ചെറുപ്പക്കാർ ചോദിക്കുന്നു . . .
എന്റെ അദ്ധ്യാപകൻ ഇത്ര നീതിയില്ലാത്തവനായിരിക്കുന്നതെന്തുകൊണ്ട്?
പതിനാല് വയസ്സ് പ്രായമുള്ള വിക്കി പല ചെറുപ്പക്കാർക്ക് വേണ്ടി സംസാരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “എനിക്ക് നീതിയില്ലാത്ത ഒരദ്ധ്യാപകനുമായി പൊരുത്തപ്പെട്ടുപോവുക അസാദ്ധ്യമാണ്.” എന്തിന്, 1981-ൽ നടന്ന 1,60,000 അമേരിക്കൻ ചെറുപ്പക്കാരുടെ ഒരു സർവ്വേയിൽ, 76 ശതമാനം ചെറുപ്പക്കാർ പക്ഷപാതപരമായ ഏതെങ്കിലും പ്രവർത്തനത്തിന് തങ്ങളുടെ അദ്ധ്യാപകരെ കുറ്റപ്പെടുത്തിക്കൊണ്ട് അഭിപ്രായം രേഖപ്പെടുത്തി!—അമേരിക്കൻ കൗമാരപ്രായക്കാരന്റെ സ്വകാര്യജീവിതം.
ചെറുപ്പക്കാരുടെ തോന്നലിൽ, അവർ നല്ലനിലയിൽ കഷ്ടപ്പെട്ടിട്ട് അവർക്ക് താഴ്ന്ന റാങ്ക് ലഭിക്കുമ്പോൾ അവർ അസ്വസ്തരാകുന്നത് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ശിക്ഷണം അമിതമോ അനാവശ്യമോ മുൻവിധിയാൽ പ്രേരിതംപോലുമോ ആണെന്ന് തോന്നുമ്പോൾ അവർ അമർഷം പ്രകടിപ്പിക്കുന്നു. “ഞാൻ ഒരിക്കൽ കോട്ടുവായിട്ടു; ഞാൻ കറുത്തവൻ ആയിരിക്കുന്നതുകൊണ്ടുമാത്രം, എനിക്ക് വരാന്തയിലേക്ക് പോകേണ്ടതായി വന്നു” എന്ന് 12 വയസ്സുള്ള ഐവാൻ അവകാശപ്പെടുന്നു.
കൂടാതെ, അദ്ധ്യാപകരുടെ വാത്സല്യഭാജനങ്ങൾക്ക് പ്രത്യേക ശ്രദ്ധ കൊടുക്കുമ്പോഴോ അവരോട് പ്രത്യേകം താല്പര്യത്തോടെ ഇടപെടുമ്പോഴോ യുവാക്കൾക്ക് അമർഷമുണ്ടാകുന്നു. പതിമൂന്ന് വയസ്സ് പ്രായമുള്ള സയാനാ കുറ്റപ്പെടുത്തുന്നു: “അവർ ഏറ്റവും നന്നായി പഠിക്കുന്നവരോടോ ഏറ്റവും അഴകുള്ളവരോടോ പ്രീതി കാട്ടുന്നു.” അങ്ങനെയാണെങ്കിൽ, മുകളിൽ പ്രസ്താവിച്ച സർവ്വേയിൽ ചെറുപ്പക്കാർ ഒരദ്ധ്യാപകന്റെ സത്യസന്ധമായ പെരുമാറ്റത്തെ, അദ്ദേഹം പഠിപ്പിക്കുന്ന വിഷയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രാഹ്യത്തെക്കാൾ കൂടുതൽ പ്രധാനമായി കണക്കാക്കിയത് അതിശയകരമല്ല!
അദ്ധ്യാപകരും മനുഷ്യരാണ്
അദ്ധ്യാപർ അപ്രമാദഗതിയിൽനിന്ന് വിദൂരത്തിലാണ്. അവർക്ക് തങ്ങളുടേതായ ചിന്താഗതികളും ഒഴികഴിവുകളും, അതെ, മുൻവിധികളും ഉണ്ട്. ചിലപ്പോൾ അവരുടെ വികാരങ്ങൾ അവരുടെ വിധികളെ ബാധിക്കുന്നു. തന്റെ അദ്ധ്യാപകൻ “എല്ലാവരോടും പരുഷമായി മറുപടി പറയുന്നത്” ഫ്രെഡി എന്ന് പേരുള്ള ഒരു യുവാവ് ശ്രദ്ധിച്ചപ്പോൾ അവൻ ഇത് തിരിച്ചറിഞ്ഞു. ഫ്രെഡി നയപൂർവ്വം അദ്ധ്യാപകനെ സമീപിച്ച് കർക്കശമായ ഈ പെരുമാറ്റത്തിന്റെ കാരണം മനസ്സിലാക്കി. “എന്റെ കാറിന് ഇന്നു രാവിലെ എന്തോ കുഴപ്പമായിരുന്നു. അത്ര മാത്രം,” എന്ന് അദ്ധ്യാപകൻ വിവരിച്ചു. “ഞാൻ സ്കൂളിലേക്ക് വരുമ്പോൾ അത് അമിതമായി ചൂടായി. അതുകൊണ്ട് ഞാൻ താമസിച്ചാണ് ഓഫീസിലെത്തിയത്.”
ഇതുപോലെ നിങ്ങൾ നിങ്ങളെത്തന്നെ—യാതൊരു വ്യക്തമായ കാരണവുമില്ലാതെ—ഒരദ്ധ്യാപകന്റെ ക്രോധപാത്രമായി കണ്ടെത്തിയേക്കാം. എന്നാൽ ബൈബിൾ മുന്നറിയിപ്പു നൽകുന്നു: “കുപിതനാകാൻ തക്കവണ്ണം നിങ്ങളെ നിങ്ങളുടെ വികാരങ്ങൾക്ക് പെട്ടെന്ന് അടിമപ്പെടുത്തരുത്.” (സഭാപ്രസംഗി 7:9) അതെ, ആ സംഗതിയെക്കുറിച്ച് നിങ്ങൾ യഥാർത്ഥത്തിൽ എത്രമാത്രം വേദനിക്കേണ്ടതുണ്ട്? അത് പെട്ടെന്ന് മറന്നുപോകുന്ന വെറും ഒരു താൽക്കാലിക പൊട്ടിത്തെറിയാണോ? സംശയത്തിന്റെ പരിണതഫലം അദ്ദേഹത്തെ കാണിച്ചുകൊണ്ട് നിങ്ങൾക്ക് മുഴുസംഗതിയും മറക്കാൻ കഴിയുമോ? ശിഷ്യനായ യാക്കോബ് പറഞ്ഞു: “നാമെല്ലാം പലപ്പോഴും ഇടറുന്നു. ആരെങ്കിലും വാക്കിൽ ഇടറുന്നില്ലെങ്കിൽ, ഈ ഒരുവൻ ഒരു പൂർണ്ണമനുഷ്യനാണ്, അവന്റെ മുഴുശരീരത്തെയും നിയന്ത്രിക്കാൻ കഴിയുന്നവൻതന്നെ.”—യാക്കോബ് 3:2.
അദ്ധ്യാപകരും അവരുടെ വാത്സല്യഭാജനങ്ങളും
എന്നാൽ, അദ്ധ്യാപകരുടെ വാത്സല്യഭാജനങ്ങൾക്കു നൽകുന്ന പ്രത്യേക പരിഗണനകളാണ് വിശേഷാൽ ശുണ്ഠി പിടിപ്പിക്കുന്നത്. 13 വയസ്സുള്ള കരോളിൻ വിവരിക്കുന്നു: “അദ്ധാപകരുടെ വാത്സല്യഭാജനങ്ങൾ പ്രീതിയനുഭവിക്കുന്ന കുട്ടികളാണ്—അവർ മറ്റ് വിദ്യാർത്ഥികളേക്കാൾ കൂടുതൽ ഇഷ്ടപ്പെടുന്നവർതന്നെ. സാധാരണയായി അദ്ധ്യാപരുടെ വാത്സല്യഭാജനങ്ങളാണ് സ്കൂളിലെ വളരെ നല്ല കുട്ടികൾ. അവർ വിരളമായേ പ്രശ്നത്തിൽ ചാടുന്നുള്ളൂ.”
പ്രൈമറി സ്കൂൾ അദ്ധാപകരുടെ ഒരു സർവ്വേ, അദ്ധാപകർ “തറുതല പറയാതെ അനുസരിക്കുന്നവരും സാധാരണയിൽ കവിഞ്ഞ പ്രാപ്തിയുള്ളവരുമായ വിദ്യാർത്ഥികളോട്, പ്രത്യേകിച്ച് നന്നായി പഠിക്കുന്നവരും അനുസരണമുള്ളവരുമായ പെൺകുട്ടികളോട്” പ്രീതികാട്ടാൻ ചായ്വുള്ളവരാണെന്ന് വ്യക്തമായി വെളിപ്പെടുത്തി. സെവൻറീൻ എന്ന മാസികയിൽ ഉദ്ധരിച്ച ഒരു യൂണിവേഴ്സിറ്റി പ്രൊഫസർ കൂടുതലായി ഇങ്ങനെ പറഞ്ഞു: “ഒരു വിദ്യാർത്ഥിനി ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തേക്കാം. കാരണം അവൾ ആ അദ്ധ്യാപകന് പ്രധാനമായിരുന്ന ചിലതിൽ മികച്ചു നിന്നേക്കാം.” കാരണം എന്തുതന്നെയായാലും, ഒരദ്ധ്യാപകൻ ഒരു വിദ്യാർത്ഥിക്ക് പ്രത്യേക പ്രീതിയോ ശ്രദ്ധയോ നൽകുമ്പോൾ, അദ്ദേഹം പലപ്പോഴും അമർഷം ജ്വലിപ്പിക്കുകയാണ്. കരോളിൻ പറയുന്നു: “അദ്ധ്യാപരുടെ വാത്സല്യഭാജനങ്ങളല്ലാത്ത മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം അത് നീതിയാണെന്ന് ഞാൻ കരുതുന്നില്ല.”
എന്തുകൊണ്ടാണ് ചില അദ്ധ്യാപകർ ഈ വിധത്തിൽ പ്രതിവർത്തിക്കുന്നത്? കൊള്ളാം, ഒരദ്ധ്യാപകൻ അനുപമമായ ആവശ്യങ്ങളും സമ്മർദ്ദങ്ങളും അഭിമുഖീകരിക്കുന്നുവെന്ന് മനസ്സിൽ പിടിക്കുക. കൗമാരത്തിലായിരിക്കൽ എന്ന പുസ്തകം, അദ്ധ്യാപകർ ഒരു “ഗുരുതരമായ വിഷമാവസ്ഥ”യിലാണെന്ന് വർണ്ണിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: “അവർ മനസ്സ് പലപ്പോഴും മറ്റൊരിടത്തായിരിക്കുന്ന ഇതുപതോ അതിലധികമോ ചെറുപ്പക്കാരെ അഭിമുഖീകരിക്കുന്നു. അവരുടെ ജോലിവിവരങ്ങൾകൊണ്ട് വിദ്യാർത്ഥികളുടെ ശ്രദ്ധേയാകർഷിക്കുകയെന്നതാണ് . . . ആ വിവരങ്ങൾ വിദ്യാർത്ഥിയുടെ വ്യക്തിപരമായ ജീവിതത്തോട് നേരിട്ട് ബന്ധമില്ലാത്തവയാണ്. കൂടാതെ, അവ പഠിക്കാൻ അവർക്ക് വിഷമമുള്ളവയുമായിരിക്കാം. അദ്ധ്യാപകരുടെ മുമ്പിൽ സാധാരണയായി 15 മിനിറ്റിൽ കൂടുതൽ ഏതെങ്കിലും സംഗതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശീലിച്ചിട്ടില്ലാത്ത വളരെ വിഷണ്ണരും ശ്രദ്ധ പതറുന്നവരുമായ ഒരു കൂട്ടം ചെറുപ്പക്കാരാണുള്ളത്.” ഇതിൽ ഒരളവിലധികം വാസ്തവമുള്ളതായി നിങ്ങൾ സമ്മതിക്കുമെന്ന് യാതൊരു സംശയവുമില്ല.
അങ്ങനെയെങ്കിൽ, ഒരദ്ധ്യാപകൻ സ്കൂളിലെ ‘നല്ലവനും പ്രശ്നത്തിൽ ചാടാത്തവനുമായ’ വിദ്യാർത്ഥിയോട് മത കാട്ടിയേക്കാമെന്നത് അതിശയിക്കത്തക്കതാണോ? എന്തായിരുന്നാലും നമുക്കുവേണ്ടി ജീവിതം കൂടുതൽ സുഗമമാക്കുന്ന ആരോടെങ്കിലും അടുപ്പത്തിലാകുന്നത് മാനുഷപ്രകൃതമാണ്. “മുഖപക്ഷം” കാണിക്കുന്നതിനെ ബൈബിൾ കുറ്റം വിധിക്കുന്നു എന്നത് സത്യംതന്നെ. (യാക്കോബ് 3:17) കൂടാതെ, വാത്സല്യഭാജനങ്ങൾക്ക് നിങ്ങളെക്കാൾ കൂടുതൽ ശ്രദ്ധ ലഭിക്കുന്നതായി തോന്നുമ്പോൾ അത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. എന്നാൽ ഇത് ആവശ്യം ദുഷ്ടമാണോ?
അത് ആ വിധത്തിൽ തോന്നിയേക്കാം. എന്നാൽ യാക്കോബ് തന്റെ പുത്രനായ യോസഫിനെ തന്റെ മറ്റ് പുത്രൻമാരെക്കാൾ കൂടുതൽ സ്നേഹിച്ചു എന്ന് ബൈബിൾ പറയുന്നതായി ഓർക്കുക. എന്തുകൊണ്ട്? യാക്കോബിന്റെ ചില പുത്രൻമാർ യാക്കോബിന് തലവേദനയുണ്ടാക്കി. എന്നാൽ യോസേഫിന്റെ പെരുമാറ്റം നിർദ്ദോഷമായിരുന്നു. കൂടാതെ, യോസേഫ് യാക്കോബിന്റെ ഇഷ്ടഭാര്യായ റാഹേലിന്റെ പുത്രനായിരുന്നു. ഇത് യാക്കോബ് അവന്റെ മറ്റു പുത്രൻമാർക്കുവേണ്ടി കരുതിയില്ല എന്ന് അർത്ഥമാക്കിയോ? മറിച്ചാണ്. ഒരവസരത്തിൽ യാക്കോബ് തന്റെ മറ്റു പുത്രൻമാർ “ക്ഷേമായും സുഖമായുമിരിക്കുന്നുവോ” എന്നറിയാൻ യോസഫിനെ അയയ്ക്കുകപോലും ചെയ്തു. മാത്രമല്ല, യാക്കോബ് തന്റെ മരണശയ്യയിൽവെച്ച് അനുഗ്രഹങ്ങൾ നൽകുമ്പോൾ, അവൻ തന്റെ സകല പുത്രൻമാരോടും നീതിയും നിഷ്പക്ഷതയും ഉള്ളവനായിരുന്നു.—ഉല്പ്പത്തി 34:30; 35:22; 37:2, 3, 14; 49:1-33.
അതുകൊണ്ട്, നിങ്ങളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ അവഗണിക്കാത്തിടത്തോളംകാലം, പ്രയത്നശാലിയായ ഏതെങ്കിലും വിദ്യാർത്ഥി അദ്ധ്യാപകന്റെ ഒരു വാത്സല്യഭാജനമായിരിക്കുന്നതിൽ എന്തുകൊണ്ട് അസ്വസ്തരാവുകയോ അസൂയപ്പെടുകയോ ചെയ്യണം? അതോടൊപ്പം തന്നെ, നിങ്ങൾ സ്വല്പമേറെ പ്രയത്നശാലിയായിരിക്കുകയെന്നത് മോശമായ ഒരാശയമായിരിക്കയില്ല.
ക്ലാസ്സ് മുറിയിലെ മത്സരം
എന്നാൽ തന്റെ വിദ്യാർത്ഥികളോട് യഥാർത്ഥമായും വൈരാഗ്യമുള്ളവനായി കാണപ്പെടുന്ന അദ്ധ്യാപകനെ സംബന്ധിച്ചെന്ത്? ഒരു വിദ്യാർത്ഥി തന്റെ അദ്ധ്യാപകനെ സംബന്ധിച്ച് ഇപ്രകാരം പറഞ്ഞു: “നാമെല്ലാം അദ്ദേഹത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കയാണെന്ന് അദ്ദേഹം ചിന്തിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം നമ്മുടെമേൽ വിജയം നേടണമെന്ന് തീരുമാനിച്ചു. അദ്ദേഹം ഒരു ഭ്രാന്തനായിരുന്നു.” എന്നിരുന്നാലും, തങ്ങൾക്കും അല്പസ്വല്പം “മാനസികരോഗിയെപ്പോലെ” ആയിരിക്കാനുള്ള ഒരവകാശം ഉണ്ടെന്ന് പല അദ്ധ്യാപകരും വിചാരിക്കുന്നു.
ഒരു യുവാവ് ഒരു ഉണരുക! ലേഖകനോട് ഇപ്രകാരം പറഞ്ഞു: “എന്റെ സ്കൂളിൽ അദ്ധ്യാപകർക്ക് വിദ്യാർത്ഥികളെ ഭയമാണ്.” അതെ, ബൈബിൾ മുൻകൂട്ടിപറഞ്ഞതുപോലെ ഇവ “ഇടപെടാൻ പ്രയാസമുള്ള ദുർഘടകാലങ്ങളാണ്.” ചെറുപ്പക്കാർ പലപ്പോഴും “ആത്മനിയന്ത്രണമില്ലാത്തവരും ഉഗ്രൻമാരും നൻമപ്രിയമില്ലാത്തവരുമാണ്.” (2 തിമോഥെയോസ് 3:1-3) യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് ഇപ്രകാരം പറഞ്ഞു: “പരിഷ്കൃതമായ പല സ്കൂൾ ജില്ലകളിലെയും അദ്ധ്യാപകർ അക്രമത്തിന്റെ ഭയത്തിലാണ്. കഴിഞ്ഞുകൂടുന്നത്.”
ശാരീരികമായി കയ്യേറ്റം ചെയ്യപ്പെടുന്നില്ലെങ്കിൽ, അവരുടെ മാന്യത അക്രമവിധേയമാകുന്നതായി അദ്ധ്യാപകർ മിക്കപ്പോഴും കണ്ടെത്തുന്നു. അദ്ധ്യാപകനായിരുന്ന റോളണ്ട് ഡബ്ളിയു. ബെറ്റ്സ് എഴുതി: “അവർ അന്തിമമായി പൊട്ടിത്തെറിക്കുന്നതിനു മുമ്പ് അവർ എത്രമാത്രം താഴുമെന്നോ അല്ലെങ്കിൽ വലിച്ചുനീട്ടുമെന്നോ വെറുതെ കാണുന്നതിന് അവരെ (സാലങ്കാരമായി) ഉന്തുന്നതും തള്ളുന്നതും . . . തങ്ങളുടെ ജൻമസിദ്ധമായ ഉത്തരവാദിത്വമായി കുട്ടികൾ മനസ്സിലാക്കുന്നു.” കുട്ടികൾ ഒരു പുതിയ അദ്ധ്യാപകനെ തകർക്കുന്ന ഘട്ടത്തിൽ, അദ്ദേഹത്തെ ഒരു തലമുടി നാരുവണ്ണത്തിൽ തള്ളിയതായി തിരിച്ചറിയുമ്പോൾ, അവർ കുറേക്കൂടെ തള്ളും. നിങ്ങളോ നിങ്ങളുടെ സഹപാഠികളോ ക്ലാസ്സ് മുറിയിലെ ശല്യകരമായ കുസൃതിത്തരങ്ങൾക്കോ അതുപോലുള്ളവയ്ക്കോ ഭാഗഭാക്കായിരുന്നിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കിൽ, നിങ്ങളുടെ അദ്ധ്യാപകന്റെ പ്രതികരണത്തിൽ അതിശയിക്കേണ്ടതില്ല.
ബൈബിൾ പറയുന്നു: “എന്തുകൊണ്ടെന്നാൽ വെറും സമ്മർദ്ദം ഒരു ജ്ഞാനിയെ മൂഢമായി പ്രവർത്തിക്കാൻ ഇടയാക്കിയേക്കാം.” (സഭാപ്രസംഗി 7:7) ചില സ്കൂളുകളിൽ പടർന്നുപിടിച്ചിരിക്കുന്ന ഭീതിയുടെയും അനാദരവിന്റെയും അന്തരീക്ഷത്തിൽ, ചില അദ്ധ്യാപകർ അതിരുകടന്ന് പ്രതിവർത്തിക്കുകയും പരുഷരായ ശിക്ഷണനിഷ്ണാതരായിത്തീരുകയും ചെയ്യുന്നത് മനസ്സിലാക്കാവുന്നതാണ്. വളരെയധികം പേർ സുബോധം നഷ്ടപ്പെട്ടിട്ട് അദ്ധ്യാപകവൃത്തി ഉപേക്ഷിക്കുകപോലും ചെയ്തിട്ടുണ്ട്. അതുകൊണ്ട് വിഷമഘട്ടങ്ങൾ വിജയപൂർവ്വം അഭിമുഖീകരിക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകരോട് നിങ്ങൾക്ക് അല്പം സഹാനുഭൂതി കഴിയുകയില്ലേ?
ശിക്ഷണം—എന്തുകൊണ്ട് ആവശ്യം?
എന്നാൽ, നിങ്ങളുടെ റാങ്കുപോലെ പ്രധാനപ്പെട്ട എന്തെങ്കിലും ഉൾപ്പെട്ടിരിക്കുമ്പോൾ വിവേചനയുള്ളവരായിരിക്കുക പ്രയാസമാണ്. ഉദാഹരണത്തിന് പതിനൊന്ന് വയസ്സുള്ള സ്റ്റീഫൻ പരാതിപ്പെടുന്നു: “ഒരദ്ധ്യാപകൻ ഒരു കുട്ടിയോട് അവന്റെ മാർക്കിലൂടെ പ്രതികാരം കാട്ടുന്നത് ശരിയല്ല. ദൃഷ്ടാന്തത്തിന്, എന്റെ അദ്ധ്യാപകരിൽ ഒരാൾ അപ്രകാരം ചെയ്യാറുണ്ട്. ഒരു കുട്ടി ഡസ്ക്കിലേക്ക് മിഠായിക്കടലാസ് എറിയുന്നതായി കണ്ടുപിടിച്ചാൽ അവന്റെ റിപ്പോർട്ട് കാർഡിൽനിന്ന് 1 1⁄2 മാർക്ക് കുറയ്ക്കും.”
മോശമായ മാർക്ക് മേടിക്കുന്ന വിദ്യാർത്ഥകളെ വഴക്കുപറയുന്നത് നീതിയായി കാണപ്പെടാതിരുന്നേക്കാമെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഇത് യഥാർത്ഥത്തിൽ അനീതിയാണോ—അതോ വെറും കാർക്കശ്യമാണോ? അദ്ധ്യാപകർക്ക് ക്രമപരിപാലനത്തിന്റെ ഉത്തരവാദിത്വമുണ്ട്. അത് ചിലപ്പോൾ ശിക്ഷണം നൽകുന്നത് അർത്ഥമാക്കുന്നു. എന്നിരുന്നാലും, ബൈബിളിന്റെ ബുദ്ധിയുപദേശം ഇതാണ്: “ശിക്ഷണം മുറുകെപ്പിടിക്ക. വിട്ടുകളയരുത്. അത് കാത്തുകൊൾക, എന്തുകൊണ്ടെന്നാൽ അത് നിന്റെ ജീവനല്ലോ?” (സദൃശവാക്യം 4:13) ശിക്ഷണമില്ലെങ്കിൽ പഠനപ്രക്രിയ പരിതാപകരസ്ഥിതിയിലാകുന്നു. എന്ന് ഓർക്കുക. ഒരു ചെറുപ്പക്കാരൻ സമ്മതിച്ചുപറയുന്നതുപോലെ: “ കർക്കശരല്ലാത്ത അദ്ധ്യാപകരോടൊപ്പം നിങ്ങൾക്ക് എവിടെയും നടന്നുകയറാം, പക്ഷേ നിങ്ങൾ അദ്ദേഹത്തിൽനിന്ന് ഒന്നുംതന്നെ പഠിക്കാൻ പോകുന്നില്ല.”
എന്നാൽ നിങ്ങൾ സ്കൂളിലായിരിക്കുന്നത് പഠിക്കാനാണ് അതിനുവേണ്ടി പ്രയാസപ്പെടുത്തുന്ന ശിക്ഷണം ശാന്തമായി സ്വീകരിക്കുന്നതും ഭഗ്നാശനായ ഒരദ്ധ്യാപകന്റെ ക്രോധപാത്രമാകുന്നതും ആവശ്യമാണെങ്കിൽ അങ്ങനെ ചെയ്യുക. അധികാരത്തിലിരിക്കുന്നവരോട് ആദരപൂർവ്വം ഇടപെടാനുള്ള പ്രാപ്തി ഒരു വൈദഗ്ധ്യമാണ്; അത് ഒരിക്കൽ തൊഴിൽ ലഭിക്കുന്നതും ലഭിക്കാതിരിക്കുന്നതും തമ്മിലുള്ള വ്യത്യാസം സൂചിപ്പിച്ചേക്കാം. ഒരു ഭാവി ലേഖനം കാണിക്കുന്നതുപോലെ, നിശ്ചയമായും നിങ്ങൾ സ്കൂളിലെ അനീതിയുടെ മുമ്പിൽ പരിപൂർണ്ണമായും നിസ്സഹായ നിലയിലല്ല. എന്നാൽ അതിനിടക്ക് നിങ്ങളുടെ അദ്ധ്യാപകനോട് അല്പം സഹാനുഭൂതി പ്രകടിപ്പിക്കാൻ ശ്രമിക്കുക. ഒരുപക്ഷേ, അവരിൽ ചിലർ നിങ്ങൾ വിചാരിക്കുന്നതുപോലെ അത്ര നീതിയില്ലാത്തവരല്ലെന്ന് നിങ്ങൾ തിരിച്ചറിയും. (g85 8/21)
[13-ാം പേജിലെ ചിത്രം]
അദ്ധ്യാപകരുടെ വാത്സല്യഭാജനങ്ങൾക്ക് നൽകുന്ന ശ്രദ്ധ പലപ്പോഴും നീരസം വളർത്തുന്നു.
[14-ാം പേജിലെ ചിത്രം]
സ്കൂളിലെ അക്രമത്തിന്റെ വേലിയേറ്റം അദ്ധ്യാപകവൃത്തി പ്രയാസമുള്ള ഒന്നാക്കിത്തീർന്നിരിക്കയാണ്.