പ്രതിബന്ധമുണ്ടെങ്കിലും ഫലപ്രദമായ ഒരു ജീവിതം
എന്റെ ഭർത്താവായ ഗാരിയും ഞാനും ജനിച്ചു വളർന്നത് യു. എസ്. എ. യിലെ അയോവയിൽ ആയിരുന്നു. ഞങ്ങൾ വിവാഹിതരായപ്പോൾ വളരെ ചെറുപ്പമായിരുന്നു, ഞങ്ങളുടെ കൗമാരപ്രായം കഴിഞ്ഞിരുന്നില്ല. സ്വാഭാവികമായും മിക്ക ചെറുപ്പക്കാരെയും പോലെ ഞങ്ങളുടെ മുമ്പാകെ ഒരു നല്ല ജീവിതമുണ്ടെന്ന് ഞങ്ങൾ കരുതി, അതു സംബന്ധിച്ച് യാതൊരു അല്ലലും ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് മോട്ടോർ സൈക്കിൾ ഓടിക്കുന്നത് ഇഷ്ടമായിരുന്നു എന്നത് അതിന്റെ ഒരു തെളിവായിരുന്നു.
ഒരു ദിവസം ഞാനും ഗാരിയും ഒരേ മോട്ടോർ സൈക്കിളിൽ യാത്രചെയ്യുമളവിൽ ഞങ്ങൾ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. അപകടം വളരെ ഗുരുതരമായിരുന്നു. ഗാരിക്ക് പരിക്കുപറ്റിയെങ്കിലും പൂർണ്ണ സൗഖ്യം പ്രാപിച്ചു. എന്നിരുന്നാലും എന്റെ പരിക്ക് കൂടുതൽ ഗുരുതരമായിരുന്നു. എന്റെ നട്ടെല്ല് തകർന്നുപോയി.
അപകടശേഷം എന്റെ കൈകൾക്ക് കീഴിലോട്ടുള്ള ഭാഗം ആകെ തളർന്നുപോയി. ഇപ്പോൾ എനിക്ക് ഒരു ചക്രക്കസേരയിൽ മാത്രമേ അങ്ങോട്ടുമിങ്ങോട്ടും നീങ്ങാൻ കഴിയുകയുള്ളു. അതെ, എന്റെയും എന്റെ ഭർത്താവിന്റെയും മകന്റെയും മുഴുജീവിതത്തിനും പെട്ടെന്നുതന്നെ മാറ്റം വന്നു.
ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ
അപകടം ഉണ്ടാകുന്നതിനു മുമ്പുപോലും എനിക്ക് ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക പ്രയാസമായിരുന്നു. ഇത്രയധികം കഷ്ടപ്പാടുള്ളതെന്തുകൊണ്ട്? ലോകത്തിൽ ഇത്രയധികം അനീതിയുള്ളതെന്തുകൊണ്ട്? ദൈവമാണ് ഈ ലോകത്തിന് ഉത്തരവാദിയെന്നും സംഭവിക്കുന്നതെല്ലാം അവന്റെ ഇഷ്ടത്തിന് ചേർച്ചയിലാണെന്നും മതനേതാക്കൾ സാധാരണയായി പഠിപ്പിക്കുന്നത് എനിക്കറിയാമായിരുന്നു. എന്നാൽ ഇത് അനീതിക്കും കഷ്ടപ്പാടിനും ദൈവമാണ് ഉത്തരവാദിയെന്ന് പറയുന്നതിന് തുല്യമാണെന്നു തോന്നി. അതുകൊണ്ട് ഒരു ദൈവം ഉണ്ടായിരിക്കുകയും അതെല്ലാം സത്യമായിരിക്കുകയും ചെയ്യുന്നെങ്കിൽ അവന് എന്റെ ആരാധനയൊന്നും ലഭിക്കുകയില്ല എന്നു ഞാൻ കരുതി. എന്റെ വൈകല്യം ആ വീക്ഷണം ഉറപ്പാക്കാൻ മാത്രമേ ഉതകിയുള്ളു.
പിൽക്കാലത്ത് ഞാൻ എന്റെ മകനെ മതപരമായ ഒരു യോഗത്തിന് അയച്ചപ്പോൾ മതപരമായ ചോദ്യങ്ങൾ സംബന്ധിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങി. ജീവന്റെ അർത്ഥം സംബന്ധിച്ചും അനീതിയും കഷ്ടപ്പാടും സംബന്ധിച്ചും ഞാൻ എത്രയധികം ചിന്തിച്ചോ, അത്രയധികം ഒരു ദൈവം ഉണ്ടായിരിക്കുകയില്ലെന്ന് ഞാൻ കരുതാനിടയായി. അതുകൊണ്ട്, ഒരു മതവും ഇല്ലാതിരിക്കുന്നതാണ് അത്യുത്തമം എന്ന് തോന്നി. അങ്ങനെ ഞാനും ഗാരിയും നിരീശ്വരവാദികളായിരുന്നു.
ചിന്താഗതിയിൽ ഒരു മാറ്റം
ഏതാനും വർഷങ്ങൾക്കുശേഷം ഞങ്ങൾ കൊളറാഡോയിലേക്ക്, പർവ്വത പ്രദേശത്തേക്കു മാറി. ഞങ്ങൾ അവിടെ താമസമാക്കിയപ്പോൾ ഞങ്ങൾ മാറിയ അതേ കാലത്തുതന്നെയാണ് ഞങ്ങളുടെ അയൽക്കാരും വന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. അവൾ ഒരു യഹോവയുടെ സാക്ഷിയാണെന്നും ഞാൻ കേട്ടു. ഞാൻ മതത്തെ സംബന്ധിച്ച് ചിന്തിക്കുകയും വായിക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ട് വളരെയധികം സമയം ചെലവഴിച്ചിട്ടുള്ളതുകൊണ്ട് എനിക്ക് അതു സംബന്ധിച്ച് അവളോട് ചിലത് പറയാൻ കഴിയുമെന്ന് ഞാൻ കരുതി.
ഒരു ദിവസം ഈ അയൽക്കാരി എന്നെ സന്ദർശിക്കാൻ വന്നു. ‘ഇതാണ് പറ്റിയ സമയം. അവളുടെ ചില വിശ്വാസങ്ങൾ എത്രമാത്രം തെറ്റാണെന്ന് ഞാൻ തെളിയിച്ചുകൊടുക്കും’ എന്ന് ഞാൻ വിചാരിച്ചു. എന്നാൽ അവൾ പറഞ്ഞു വന്നപ്പോൾ അവൾ ഇതുവരെയും യഹോവയുടെ സാക്ഷിയായിട്ടില്ലെന്ന് ഞാൻ മനസ്സിലാക്കി. അവൾ അവരോടൊത്ത് ബൈബിൾ പഠിക്കുകയായിരുന്നു. അതുകൊണ്ട്, ഞാൻ പ്രയാസകരമായ ഒരു ചോദ്യം ചോദിച്ചപ്പോൾ അവൾ ഇപ്രകാരം മറുപടി പറഞ്ഞു: ‘ഞാൻ ബൈബിൾ പഠിച്ചു തുടങ്ങിയതേയുള്ളു. എനിക്കു അതിന്റെ ഉത്തരം അറിയില്ല. എന്നാൽ ഞാൻ പഠിക്കുന്ന സമയത്ത് നിങ്ങൾക്കും വരരുതോ? നിങ്ങൾക്ക് സാക്ഷികളോടു തന്നെ നേരിട്ട് ചോദിക്കുകയും ചെയ്യാം.’
അതാണ് ഞാൻ ചെയ്തത്. ഞാൻ പഠിച്ചുകൊണ്ടിരുന്ന പലകാര്യങ്ങളും, കുഴഞ്ഞുമറിഞ്ഞ എന്റെ പലചോദ്യങ്ങൾക്കും എനിക്ക് എങ്ങനെ ഉത്തരം ലഭിച്ചുവെന്നും ഞാൻ ഗാരിയോട് പറഞ്ഞുകൊണ്ടിരുന്നു. ഏതാനും മാസങ്ങൾക്കുശേഷം അയാളും പഠിക്കാൻ തുടങ്ങി.
ദുഷ്ടതയും കഷ്ടപ്പാടും നിറഞ്ഞ ഈ പഴയ വ്യവസ്ഥിതി അവസാനിപ്പിക്കാനും അതിനു പകരം ബൈബിൾ അതിനെ വിളിക്കുന്ന പ്രകാരം “ഒരു പുതിയ ഭൂമി” ഉൾപ്പെടെ ഒരു പുതിയ വ്യവസ്ഥിതി സ്ഥാപിക്കാനും ദൈവം ഉദ്ദേശിക്കുന്നതു സംബന്ധിച്ച് പഠിച്ചത് എന്നെ സംബന്ധിച്ചടത്തോളം പുളകപ്രദമായിരുന്നു. (2 പത്രോസ് 3:13) “നീതിമാൻമാർതന്നെ ഭൂമി കൈവശമാക്കും, അവർ എന്നേക്കും അതിൽ വസിക്കും” എന്ന ബൈബിളിലെ ഹൃദയസ്പൃക്കായ വാഗ്ദത്തം ഞാൻ പഠിച്ചു.—സങ്കീർത്തനം 37:29.
സമീപ ഭാവിയെ സംബന്ധിച്ച ഈ വാഗ്ദത്തം മനസ്സിലാക്കിയതും എനിക്ക് വളരെ അതിശയമായിരുന്നു: “[ദൈവം] അവരുടെ കണ്ണിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും, മേലാൽ മരണമുണ്ടായിരിക്കുകയില്ല, വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. പൂർവ്വകാര്യങ്ങൾ നീങ്ങിപ്പോയിരിക്കുന്നു.”—വെളിപ്പാട് 21:4.
“നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” എന്നു പറഞ്ഞപ്പോൾ യേശു എന്താണർത്ഥമാക്കിയതെന്ന് എനിക്ക് പ്രയാസംകൂടാതെ മനസ്സിലാക്കാൻ കഴിഞ്ഞു. (യോഹന്നാൻ 8:32) എന്റെ ജീവിതത്തിൽ ആദ്യമായി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെയും സംശയങ്ങളുടെയും വ്യാജആശയങ്ങളുടെയും മാനസിക അടിമത്വത്തിൽനിന്നും ദുഷ്ടതക്കും കഷ്ടപ്പാടിനുംവേണ്ടി ദൈവത്തെ പഴിക്കുന്നതിൽനിന്നും ഞാൻ സ്വതന്ത്രയായി. ഭാവിയേക്കുറിച്ച് ഒരു യഥാർത്ഥ പ്രത്യാശയില്ലാത്ത അവസ്ഥയിൽനിന്നും ഞാൻ സ്വതന്ത്രയായി.
ദുർബ്ബലരെ സംബന്ധിച്ച് പ്രവാചകനായ യെശയ്യാവ് പറഞ്ഞതും നീതിയുള്ള ഒരു നൂതനക്രമത്തിന്റെ വാഗ്ദത്തത്തിൽ ഉൾപ്പെട്ടിരുന്നു: “അപ്പോൾ കുരുടൻമാരുടെ കണ്ണ് തുറന്നു വരും, ബധിരരുടെ ചെവി അടഞ്ഞിരിക്കുകയുമില്ല. അപ്പോൾ മുടന്തൻ ഒരു കലമാനിനേപ്പോലെ കുതിച്ചുകയറുകയും ഊമന്റെ നാവ് ഉല്ലസിച്ച് ഘോഷിക്കുകയും ചെയ്യും.”—യെശയ്യാ 35:5, 6.
അത് എനിക്ക് എത്ര ആകർഷകമായിരുന്നു! ‘ഒരു കലമാൻ ചെയ്യുന്നതുപോലെ കുതിച്ചു കയറാൻ’ കഴിയുന്ന നാളിനുവേണ്ടി ഞാൻ ആകാംക്ഷാപൂർവ്വം കാത്തിരുന്നു.
എനിക്ക് എന്തുചെയ്യാൻ കഴിയും?
എന്റെ അയൽക്കാരിക്കു നടത്തുന്ന ബൈബിളദ്ധ്യയനത്തിൽ സംബന്ധിക്കുന്നതിന് ഞാൻ അടുത്ത വീട്ടിൽ പോയപ്പോൾ ചക്രക്കസേരയിൽ തനിയെ അവിടെ ചെല്ലുകയെന്നത് ഒരു വെല്ലുവിളിയായിരുന്നു. എന്നാൽ എന്റെ അയൽക്കാരി സഹായിക്കാൻ വന്നു. കൂടുതൽ പരിജ്ഞാനം ഉൾക്കൊള്ളുന്നതിന് ഞാൻ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കാനും ആഗ്രഹിച്ചു. ഈ കാര്യത്തിൽ സഭയിലെ മറ്റുള്ളവർ എന്നെ വളരെയധികം സഹായിച്ചു.
ആദ്യം, ഗാരി പഠിക്കാൻ തുടങ്ങുന്നതിനു മുമ്പ് അവർ വന്ന് അവരുടെ കാറിൽ എന്നെ കൊണ്ടുപോയിരുന്നു. ഞാൻ എന്റെ കൈകൊണ്ട് ഇഴഞ്ഞ് കാറിന്റെ സീറ്റിൽ കയറിയിരിക്കും, ഡ്രൈവറോ മറ്റാരെങ്കിലുമോ എന്റെ ചക്രക്കസേര എടുത്ത് കാറിന്റെ ഡിക്കിൽ വെക്കും രാജ്യഹോളിൽ എത്തുമ്പോൾ ചക്രക്കസേരയിൽ കയറിയിരിക്കാൻ അവർ എന്നെ സഹായിച്ചിരുന്നു.
പിന്നീട് ഞങ്ങൾ കൈകൊണ്ടുതന്നെ നിയന്ത്രിക്കാവുന്ന ഒരു പ്രത്യേക കാറ് വാങ്ങി. ഗാരിക്ക് എന്നോടുകൂടെ യോഗത്തിന് വരാൻ കഴിയാതെ രാത്രി ഷിഫ്റ്റിൽ ജോലിയുള്ളപ്പോൾ ഞാൻ തനിയെ കാറിൽ പ്രവേശിക്കുകയും എന്റെ പിന്നിലായി കസേര വെക്കുകയും ചെയ്യുമായിരുന്നു. അല്ലെങ്കിൽ മകൻ എന്നെ സഹായിക്കുമായിരുന്നു. വാസ്തവത്തിൽ അവൻ ഗാരിയേപോലെതന്നെ കസേര ഉപയോഗിക്കുന്നതിൽ വലിയ സഹായമായിരുന്നു. ഈ വിധത്തിൽ ഞാൻ ആഗ്രഹിക്കുന്ന എവിടെയും എനിക്ക് കാറോടിച്ചു പോകാൻ കഴിഞ്ഞു.
ഞാൻ യോഗങ്ങളിൽ സംബന്ധിക്കുകയും നമ്മുടെ സ്രഷ്ടാവിനെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച് കൂടുതൽ പഠിക്കുകയും ചെയ്തപ്പോൾ ആ നല്ലകാര്യങ്ങൾ മറ്റുള്ളവരുമൊത്ത് പങ്കുവെക്കാൻ ഞാൻ ആഗ്രഹിച്ചു. അയൽക്കാരെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നതിന് സാക്ഷികൾ ക്രമായി അവരെ സന്ദർശിച്ചിരുന്നു, കെട്ടുപണിചെയ്യുന്ന ആ വേലയിൽ പങ്കുചേരാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ ഞാൻ ഒരു ചക്രക്കസേരയിൽ ഒതുങ്ങിക്കഴിയുമ്പോൾ എനിക്കെങ്ങനെ കഴിയും? ഇത് എന്നെ തടയുകയില്ലെന്ന് ഞാൻ ദൃഢ നിശ്ചയം ചെയ്തു. ഗാരിയും എന്നേപ്പോലെതന്നെ കരുതി, അതുകൊണ്ട് ഞങ്ങളിരുവരും ശുശ്രൂഷയിൽ പങ്കുപറ്റാൻ തുടങ്ങി. അയാൾ ചക്രക്കസേരയിൽ എന്നെ തള്ളിക്കൊണ്ട് മറ്റുള്ളവരുടെ വീടുകളിലേക്ക് എന്നോടൊപ്പം വരുമായിരുന്നു.
കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്നു
ഗാരിയും ഞാനും 1967-ൽ ഒരുമിച്ച് സ്നാനമേറ്റു, ഞങ്ങൾ പഠിച്ചകാര്യങ്ങൾ പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ കൂടുതൽ ഫലപ്രദരായിത്തീരുന്നതിന് ഞങ്ങളിൽ ആഗ്രഹം വളർന്നു. ലോകമെമ്പാടും ശതസഹസ്രക്കണക്കിന് യഹോവയുടെ സാക്ഷികൾ മുഴുസമയശുശ്രൂഷയിൽ ഏർപ്പെടുന്നു അവർ അത് അവരുടെ മുഖ്യതൊഴിലാക്കുന്നു. എനിക്കും അതേ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ എന്റെ ദൗർബ്ബല്യം നിമിത്തം അത് എനിക്കുള്ളതല്ലെന്ന് ഞാൻ കരുതി.
ഒരു ദിവസം മുഴുസമയ പ്രവർത്തനത്തിലുള്ള ഒരു സാക്ഷി എന്നോടുകൂടെ വന്നു. ഞാൻ അയാളോടു പറഞ്ഞു: “നിങ്ങളേപ്പോലെ ഈ വേല മുഴുസമയം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ എത്രയധികം ആഗ്രഹിക്കുന്നു!” “അപ്പോൾ എന്തുകൊണ്ട് ചെയ്തുകൂടാ?” എന്ന് അയാൾ ഉത്തരം നൽകി. ‘കൊള്ളാം, സ്പഷ്ടമായ കാരണങ്ങൾ ഉണ്ട്!’ ഞാൻ സ്വയം ചിന്തിച്ചു. എന്നാൽ അയാൾ അതു സംബന്ധിച്ച് വളരെ ബോദ്ധ്യമുള്ളവനായിരുന്നു!
പിന്നീട് ഡെൻവറിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു വലിയ സമ്മേളനത്തിൽ പ്ലാറ്റ് ഫോമിൽ ചക്രക്കസേരയിലിരുന്ന് ഒരു സ്ത്രീ അവളുടെ അനുഭവം പറഞ്ഞു. ദൗർബ്ബല്യം ഉണ്ടെങ്കിലും അവൾക്ക് മുഴുസമയ പ്രസംഗവേലയിൽ ഏർപ്പെടാൻ കഴിഞ്ഞിരുന്നു. ‘എനിക്കും ദൈവസഹായത്താൽ അതുചെയ്യാൻ കഴിയും!’ എന്ന് ഞാൻ വിചാരിച്ചു. കഴിഞ്ഞ 14 വർഷക്കാലം എനിക്ക് ആ സഹായം ഉണ്ടായിരുന്നു! കഴിഞ്ഞ 10 വർഷങ്ങളിൽ ഗാരി എന്നോടൊപ്പം മുഴുസമയ പ്രവർത്തനത്തിൽ ഉണ്ടായിരുന്നു.
ഞങ്ങൾക്കുണ്ടായിരുന്ന പ്രത്യേക വണ്ടിയാണ് എന്നെ വളരെയധികം സഹായിച്ചത്. അത് സാധാരണ വലിപ്പത്തിലുള്ള ഒരു വണ്ടിയായിരുന്നു, എന്നാൽ വികലാംഗനായ മറ്റൊരു സാക്ഷി ഡിസൈൻ ചെയ്ത പ്രത്യേക നിയന്ത്രണ വ്യവസ്ഥകൾ അതിനുണ്ടായിരുന്നു. ഉയർന്ന് സ്വയം വണ്ടിയിൽ കയറിയിരിക്കുന്നതിന് എന്നെ പ്രാപ്തയാക്കുന്ന ഒരു ലിഫ്റ്റ് സമ്പ്രദായം അതിനുണ്ടായിരുന്നു. തുടർന്ന് ഞാൻ എന്റെ ചക്രക്കസേരയിൽനിന്ന് ഡ്രൈവറുടെ ഇരിപ്പിടത്തിലേക്ക് തനിയെ നീങ്ങുന്നു. ഞാൻ മറ്റുള്ളവരോടുകൂടെ പോകുമ്പോൾ അവർ വണ്ടിയോടിക്കുന്നു. ഞാൻ ചക്രക്കസേരയിൽ തന്നെ ഇരുന്നാൽ മതിയാകും. എനിക്ക് തനിയെ അകത്തുകയറാനും പുറത്തിറങ്ങാനും കഴിഞ്ഞു. ലിഫ്റ്റ് വണ്ടിയുടെ അകത്തുനിന്നും പുറത്തേക്ക് ആടുന്ന ഒരു ട്രിപ്പിസ് ബാർ പോലുള്ള ഒന്നാണ്. ഞാൻ അതിന്റെ കൊളുത്തുകൾ എന്റെ കസേരയിൽ ഘടിപ്പിക്കുകയും ഒരു ബട്ടൺ “മുകളിലോട്ടോ” താഴോട്ടോ” അമർത്തുകയും ചെയ്യുന്നു. ഈ വിധത്തിൽ എനിക്ക് പുറത്തുപോയി ആളുകളെ അവരുടെ ഭവനത്തിൽ സന്ദർശിക്കാൻ കഴിയുന്നു. എനിക്ക് സാധാരണയായി അനേകം ബൈബിളദ്ധ്യയനങ്ങളും നടത്താൻ കഴിയുന്നു.
വെല്ലുവിളികളെ അഭിമുഖികരിക്കുന്നു
കൊളറാഡൊയിലും പിൽക്കാലത്ത് ഞങ്ങൾ മാറിത്താമസിച്ച ഐഡഹൊയിലും ശൈത്യകാലം ഒരു വെല്ലുവിളിതന്നെയായിരുന്നു, ദിവസങ്ങളും ആഴ്ചകളും മരം കോച്ചുന്ന തണുപ്പായിരുന്നു. ഒടുവിൽ ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന അലാസ്ക്കായിലേക്ക് മാറിത്താമസിക്കാൻ ഞങ്ങൾക്ക് ക്ഷണം ലഭിച്ചു. വർഷത്തിൽ അധികസമയവും തണുപ്പും മഞ്ഞും ഹിമപാതവും തന്നെ! എങ്കിലും, അതെല്ലാം തരണം ചെയ്യാൻ കഴിയും.
ഞങ്ങൾ കൂടുതൽ വസ്ത്രങ്ങൾ ധരിക്കുന്നു. കമ്പിളികൊണ്ടുള്ള കാലുറക്കുമീതെ ധരിക്കുന്ന ബൂട്ടുകൾ ഗാരി എനിക്ക് വാങ്ങിത്തന്നു. ചൂടുള്ള പുറം കുപ്പായങ്ങൾ ധരിച്ചുകൊണ്ട് ഞാൻ തണുത്ത കാലാവസ്ഥ തരണം ചെയ്യുന്നു. ഞങ്ങൾ അലാസ്ക്കയിൽ ചെന്ന ആദ്യമാസം ഡിസംബറായിരുന്നു, അന്ന് ശരാശരി ഊഷ്മാവ് പൂജ്യത്തിൽനിന്ന് 30 ഡിഗ്രി ഫാരൻഹീറ്റ് താഴെയായിരുന്നു! എന്നു വരികിലും ഞങ്ങൾക്ക് ശുശ്രൂഷയിൽ വളരെ ഫലപ്രദമായ ഒരു മാസമാണ് ഉണ്ടായിരുന്നത്.
ഞാൻ പറയുന്നത് ഇതെല്ലാം എളുപ്പമാണെന്നല്ല. വിശേഷിച്ചും മഞ്ഞു പാളികളിലൂടെ ചക്രക്കസേരയുടെ ചലനം അത്ര സുഗമല്ല. ഞാൻ ഒരു തിട്ടയിൽ നിന്ന് ഒരാളോട് ബൈബിളിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന സന്ദർഭം ഓർക്കുന്നു, എന്റെ കസേര തെന്നാൻ തുടങ്ങി. ഞാൻ തിട്ടയിൽനിന്ന് താഴെ വീണു! കയ്യും കാലും കുത്തി ചക്രക്കസേര എന്റെ മീതെയായി ഞാൻ താഴെ വീണു! എഴുന്നേറ്റു വരാൻ എനിക്ക് സഹായം ലഭിച്ചു, നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ലതാനും. എന്നിരുന്നാലും, നഗരത്തിലെ നടപ്പാതയിൽ കൊളറാഡൊയിലെയും ഐഡഹൊയിലെയും പർവ്വത പ്രദേശത്തേക്കാൾ വളരെ എളുപ്പമായിരുന്നു.
പ്രതിഫലദായകമായ വർഷങ്ങൾ
എനിക്ക് അംഗ വൈകല്യമുണ്ടെങ്കിലും മറ്റുള്ളവരെ സന്ദർശിച്ചുകൊണ്ടിരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതെന്താണെന്ന് പലപ്പോഴും എന്നോട് ചോദിക്കാറുണ്ട്. ഈ വർഷങ്ങളിലെയെല്ലാം പരിശ്രമം പ്രതിഫലദായകമായിരുന്നു എന്നുള്ളതുകൊണ്ടുതന്നെ. സ്രഷ്ടാവിനെയും അവന്റെ ഇഷ്ടത്തെയും സംബന്ധിച്ച് പഠിക്കാൻ ഞാനും എന്റെ ഭർത്താവും അനേകരെ കണ്ടുമുട്ടി സഹായിച്ചിട്ടുണ്ട്.
കൂടാതെ, എന്റെ ഈ ദൗർബ്ബല്യവും കൊണ്ട് എനിക്ക് ചെയ്യാൻ കഴിയുന്നത് കാണുമ്പോൾ തങ്ങളുടെ ജീവിതത്തിൽ കൂടുതൽ ചെയ്യാൻ പ്രേരിതരായിത്തീരുന്ന ആളുകളുടെ എണ്ണം കാണാൻ കഴിയുന്നത് എനിക്ക് വളരെ സന്തോഷമേകുന്നതാണ്. അത് ക്രമത്തിൽ എന്നെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു.
എങ്കിലും, എന്നെ മുന്നോട്ടു നയിക്കുന്ന പ്രധാന സംഗതി ദൈവത്തോടുള്ള സ്നേഹമാണെന്ന് ഞാൻ പറയേണ്ടിയിരിക്കുന്നു. മറ്റേതും തെറ്റായ കാരണമായിരിക്കും. ദൈവത്തേക്കുറിച്ച് സൂക്ഷ്മപരിജ്ഞാനം ഉണ്ടായിരിക്കുന്നതിനു മുമ്പ് ഭൂമിയിലുള്ള എല്ലാ കഷ്ടപ്പാടിനും അവനെ പഴിക്കാൻ ഞാൻ ചായ്വുകാണിച്ചിരുന്നു. എന്നാൽ സ്രഷ്ടാവിനെക്കുറിച്ചുള്ള സത്യം പഠിച്ചശേഷം ഞാൻ അവനെ സ്തുതിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഇത് എത്രയധികം ചെയ്യുകയും അതുതന്നെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്തോ അത്രയധികം ദൈവത്തോട് അടുക്കാനിടയായി. അതുകൊണ്ട് ഞാൻ എന്റെ ജീവിതത്തിലെ മുഖ്യ ഉദ്ദേശ്യം ഉപേക്ഷിക്കാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. അത് ഒരു യഥാർത്ഥ പദവിയാണ്. കൂടാതെ, മറ്റുള്ളവരെ സഹായിക്കുന്നതിൽ ഞാൻ തിരക്കുള്ളവളായിരിക്കുമ്പോൾ സ്വാനുകമ്പ തോന്നാൻ എനിക്ക് അധികസമയമില്ല.
ശരിയായ മനോഭാവം നിലനിർത്തുന്നു
ഞാൻ ചെയ്യുന്നതിനോടും ഭാവി പ്രതീക്ഷയോടും ശരിയായ മനോഭാവം നിലനിർത്തുന്നത് വളരെ പ്രധാനമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഇപ്പോൾ എന്റെ ചക്രക്കസേരയിലിരുന്ന് മറ്റുള്ളവരെ സഹായിക്കുന്ന എന്റെ വേലയിൽ തുടരുന്നതിന് എനിക്കു കഴിയുന്നു. എന്നാൽ എന്റെ അവസ്ഥ കുറെ വഷളായിട്ടുണ്ടെന്ന് ഞാൻ സമ്മതിച്ചേ തീരൂ. ചക്രക്കസേരയിൽ കഴിയേണ്ടി വരുന്നവർക്ക് പലപ്പോഴും അതു ഭവിക്കുന്നു.
എങ്കിലും, ഞാൻ കുറേക്കൂടെ രോഗഗ്രസ്തയായിത്തീരുന്ന സമയം വരുന്നെങ്കിൽ അപ്പോഴും എനിക്ക് കഴിയുന്നത് ഞാൻ ചെയ്യും. പുറത്തുപോകാൻ കഴിയാത്ത മറ്റു സാക്ഷികൾ ടെലഫോണിലൂടെയും എഴുത്തുകൾ എഴുതിക്കൊണ്ടും മറ്റുള്ളവരെ സഹായിക്കുന്നു. ചിലപ്പോൾ ബൈബിൾ വിദ്യാർത്ഥികൾ അദ്ധ്യയനത്തിനായി അവരുടെ വീടുകളിലേക്കു വരുന്നു. ഒരിക്കൽ ഞാനും അതു ചെയ്യേണ്ടതായി വന്നേക്കാം. എന്നാൽ എനിക്കു കഴിയുന്ന കാലത്തോളം ഞാൻ ആളുകളെ അവരുടെ ഭവനങ്ങളിൽ മുഖാമുഖം കണ്ടു സംസാരിക്കാൻ പോയിക്കൊണ്ടിരിക്കുന്നു. ഞാൻ യഥാർത്ഥത്തിൽ ഇഷ്ടപ്പെടുന്നത് അതാണ്.
തൊട്ടടുത്ത ഭാവി എന്തു കൈവരുത്തുന്നുവെന്നുള്ളത് പ്രശ്നമല്ല. ദൈവത്തിന്റെ നൂതനക്രമത്തിൽ ഞാൻ ശാരീരികമായി ഊനമില്ലാത്തവളായിരിക്കുമെന്ന് ഞാൻ അറിയുന്നു. അപ്പോൾ കൂറെക്കൂടെ കൂടുതൽ ചെയ്യാൻ എനിക്കു കഴിയും “നീതിമാൻമാരുടെയും നീതികെട്ടവരുടെയും ഒരു പുനരുത്ഥാനമുണ്ടാകാൻ പോകുന്നു” എന്ന് പറയുമ്പോൾ ബൈബിൾ സംസാരിക്കുന്ന ആ അത്ഭുതകാലഘട്ടത്തിലേക്ക് ഞാൻ നോക്കിപ്പാർത്തിരിക്കുകയാണ്. (പ്രവൃത്തികൾ 24:15) ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും സംബന്ധിച്ച് പഠിപ്പിക്കപ്പെടേണ്ടവരായി മരിച്ചവരിൽനിന്ന് തിരിച്ചുവരുന്ന എല്ലാവരെയും സംബന്ധിച്ച് ചിന്തിക്കുക! പൂർണ്ണമായ ഒരു ശരീരത്തോടുകൂടെ അതിൽ ഒരു പങ്കുണ്ടായിരിക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു.
എന്നേക്കുറിച്ച് ഖേദിക്കേണ്ടതില്ല. വളരെ ഫലദായകവും ആസ്വാദ്യകരവുമായ ഒരു ജീവിതമാണ് എനിക്കുള്ളത്. ദൈവം ഇവിടെ ഭൂമിയിൽ പരദീസ പുനഃസ്ഥാപിച്ചു തുടങ്ങുമ്പോൾ കൂറേക്കൂടെ ഫലദായകവും ആസ്വാദ്യകരവുമായ ഒരു ജീവിതമുണ്ടായിരിക്കുന്നതിനായി ഞാൻ നോക്കിപ്പാർത്തിക്കുകയാണ്. (ലൂക്കോസ് 23:43)—ഹാരിയട്ട് ബെക്ക് വിത്ത് പറഞ്ഞത്. (g85 6/8)
[30-ാം പേജിലെ ആകർഷകവാക്യം]
“‘എനിക്കും ദൈവസഹായത്താൽ അതുചെയ്യാൻ കഴിയും!’ എന്ന് ഞാൻ വിചാരിച്ചു.”
[30-ാം പേജിലെ ആകർഷകവാക്യം]
“മറ്റുള്ളവരെ സഹായിക്കുന്നതിൽ ഞാൻ തിരക്കുള്ളവളായിരിക്കുമ്പോൾ സ്വാനുകമ്പ തോന്നാൻ എനിക്ക് അധിക സമയമില്ല!”
[29-ാം പേജിലെ ചിത്രം]
This picture is not printed in vernacular.