തർസൊസിലെ റോമൻ പാത
ശൗലിന്റെ (പിന്നീട്, അപ്പോസ്തലനായ പൗലോസ് എന്ന് അറിയപ്പെട്ടു.) ജന്മസ്ഥലമായിരുന്നു തർസൊസ്. ഏഷ്യാമൈനറിന്റെ തെക്കുകിഴക്കൻ കോണിലുള്ള കിലിക്യ പ്രദേശത്തെ ഒരു പ്രധാനനഗരമായിരുന്ന ഇത് ഇപ്പോൾ തുർക്കിയുടെ ഭാഗമാണ്. (പ്രവൃ 9:11; 22:3) തർസൊസ് അതിസമ്പന്നമായ ഒരു വലിയ വ്യാപാരനഗരമായിരുന്നു. റ്റോറസ് മലനിരകളിലൂടെയും ‘സിലിഷ്യൻ കവാടങ്ങൾ’ എന്ന് അറിയപ്പെട്ടിരുന്ന മലയിടുക്കിലൂടെയും (ഈ മലയിടുക്കിൽ, പാറ വെട്ടിയുണ്ടാക്കിയ ഒരു പാതയുണ്ടായിരുന്നു.) കടന്നുപോയിരുന്ന ഒരു പ്രമുഖ, കിഴക്കുപടിഞ്ഞാറൻ വാണിജ്യപാതയ്ക്ക് അടുത്തായിരുന്നതുകൊണ്ടുതന്നെ ഇതിന്റെ സ്ഥാനം വളരെ തന്ത്രപ്രധാനമായിരുന്നു. സിഡ്നസ് നദി മെഡിറ്ററേനിയൻ കടലിൽ പതിക്കുന്നിടത്ത് ഉണ്ടായിരുന്ന തുറമുഖത്തിന്റെ നിയന്ത്രണവും ഈ നഗരത്തിനായിരുന്നു. ഗ്രീക്ക് സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന തർസൊസിൽ ധാരാളം ജൂതന്മാർ താമസിച്ചിരുന്നു. ഇന്നും തർസൊസ് എന്ന പേരിൽത്തന്നെ അറിയപ്പെടുന്ന ആ സ്ഥലത്തെ പുരാതന നാശാവശിഷ്ടങ്ങളാണ് ഈ ഫോട്ടോയിൽ കാണിച്ചിരിക്കുന്നത്. സിഡ്നസ് നദി മെഡിറ്ററേനിയൽ കടലിൽ പതിക്കുന്നിടത്തുനിന്ന് ഏതാണ്ട് 16 കി.മീ. മാറിയാണ് അതു സ്ഥിതി ചെയ്യുന്നത്. മാർക്ക് ആന്റണിയും ക്ലിയോപാട്രയും ജൂലിയസ് സീസറും പോലുള്ള പല പ്രമുഖവ്യക്തികളും ചില ചക്രവർത്തിമാരും തർസൊസ് സന്ദർശിച്ചതായി രേഖയുണ്ട്. റോമൻ രാജ്യതന്ത്രജ്ഞനും എഴുത്തുകാരനും ആയ സിസറോ ബി.സി. 51 മുതൽ ബി.സി. 50 വരെ ആ നഗരത്തിന്റെ ഗവർണറായിരുന്നു. എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ഒരു പ്രമുഖ വിദ്യാഭ്യാസകേന്ദ്രമായിരുന്ന ഈ നഗരം അക്കാര്യത്തിൽ ആതൻസിനെയും അലക്സാൻഡ്രിയയെയും പോലും കടത്തിവെട്ടിയതായി ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനായ സ്ട്രെബോ രേഖപ്പെടുത്തിയിട്ടുണ്ട്. പൗലോസ് തർസൊസിനെ ഒരു ‘പ്രധാനനഗരം’ എന്നു വിളിച്ചതിൽ അതിശയിക്കാനില്ല.—പ്രവൃ 21:39.
കടപ്പാട്:
Todd Bolen/BiblePlaces.com
ബന്ധപ്പെട്ട തിരുവെഴുത്ത്: