ട്യൂറിനിലെ ശവക്കച്ച യേശുവിന്റേതാണോ?
ബൈബിളിന്റെ ഉത്തരം
ട്യൂറിനിലെ ശവക്കച്ചയെക്കുറിച്ച് ബൈബിളിൽ ഒന്നും പറയുന്നില്ല. യേശുവിനെ സംസ്കരിച്ചപ്പോൾ ശരീരം പൊതിഞ്ഞത് ഈ ലിനൻതുണികൊണ്ടാണെന്നു പലരും വിചാരിക്കുന്നു. അതുകൊണ്ട് ക്രൈസ്തവസമൂഹത്തിന്റെ ഏറ്റവും വലിയ തിരുശേഷിപ്പുകളിൽ ഒന്നായിട്ടാണു ചിലർ ഇതിനെ കാണുന്നത്. ഇറ്റലിയിലെ ട്യൂറിനിലുള്ള ഒരു പ്രധാനപള്ളിയിൽ ഈ ശവക്കച്ച ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ച് സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
ട്യൂറിനിലെ ശവക്കച്ച യേശുവിന്റേതാണെന്ന വാദത്തെ ബൈബിൾവിവരണങ്ങൾ പിന്താങ്ങുന്നുണ്ടോ? ഇല്ല.
ബൈബിൾ പറയുന്നതിൽനിന്നും വ്യത്യസ്തമായി ഈ ശവക്കച്ചയ്ക്കുള്ള മൂന്നു പ്രത്യേകതകൾ നോക്കാം.
ഈ ശവക്കച്ചയ്ക്കു 442 സെന്റിമീറ്റർ നീളവും 113 സെന്റിമീറ്റർ വീതിയും (14 അടി 6 ഇഞ്ച് നീളവും 3 അടി 8 ഇഞ്ച് വീതിയും) ആണുള്ളത്. കൂടാതെ 8 സെന്റിമീറ്റർ (3 ഇഞ്ച്) നീളമുള്ള ഒരു തുണിക്കഷണം നീളത്തിൽ തുന്നിപ്പിടിപ്പിച്ചിട്ടുമുണ്ട്.
ബൈബിൾ പറയുന്നത്: യേശുവിന്റെ ശവശരീരം പൊതിഞ്ഞത് ഒറ്റ ലിനൻ തുണികൊണ്ടല്ല, പല തുണിക്കഷണങ്ങൾ ഉപയോഗിച്ചാണ്. തല പൊതിയാൻതന്നെ ഒരു തുണിയുണ്ടായിരുന്നു. യേശുവിന്റെ പുനരുത്ഥാനശേഷം അപ്പോസ്തലന്മാരിൽ ഒരാൾ ഒഴിഞ്ഞ ശവക്കല്ലറയിൽ എത്തിയപ്പോൾ “ലിനൻതുണികൾ കിടക്കുന്നതു . . . കണ്ടു.” ബൈബിൾ പറയുന്നു: “യേശുവിന്റെ തലയിലുണ്ടായിരുന്ന തുണി മറ്റു തുണികളുടെകൂടെയല്ലാതെ വേറൊരിടത്ത് ചുരുട്ടിവെച്ചിരിക്കുകയായിരുന്നു.”—യോഹന്നാൻ 20:6, 7.
ഈ ശവക്കച്ചയിൽ കുളിപ്പിക്കാത്ത ശവശരീരത്തിന്റെ രക്തക്കറകൾ കാണാം.
ബൈബിൾ പറയുന്നത്: യേശു മരിച്ചപ്പോൾ “ജൂതന്മാരുടെ ശവസംസ്കാരരീതിയനുസരിച്ച്” ശിഷ്യന്മാർ യേശുവിന്റെ ശരീരം ഒരുക്കി. (യോഹന്നാൻ 19:39-42) അതിൽ സംസ്കാരത്തിനു മുമ്പ് ശവശരീരം കുളിപ്പിക്കുന്നതും തൈലവും സുഗന്ധവസ്തുക്കളും പുരട്ടുന്നതും ഉൾപ്പെടുന്നു. (മത്തായി 26:12; പ്രവൃത്തികൾ 9:37) അതുകൊണ്ട് യേശുവിന്റെ ശിഷ്യന്മാരും ശവസംസ്കാരത്തിനു മുമ്പ് യേശുവിന്റെ ശരീരം കുളിപ്പിച്ചിട്ടായിരിക്കും ശവക്കച്ചയിൽ പൊതിഞ്ഞത്.
എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നതനുസരിച്ച്, ഈ ശവക്കച്ചയിൽ ഒരു മനുഷ്യന്റെ രൂപം പതിഞ്ഞിട്ടുണ്ട്. “ശവക്കച്ച നീളത്തിൽ വിരിച്ചിട്ട് അതിന്റെ ഒരു പകുതിയിൽ ശവശരീരം കിടത്തിയതായും എന്നിട്ട് മറുപകുതി ഉപയോഗിച്ച് ശവശരീരത്തിന്റെ തലമുതൽ കാലുവരെ മൂടിയതായും തോന്നുന്നു. അങ്ങനെ ശവശരീരത്തിന്റെ അടിഭാഗവും മുകൾഭാഗവും മൂടിയ ഒരു കച്ചയാണിത്.”
ബൈബിൾ പറയുന്നത്: യേശുവിന്റെ മരണത്തെക്കുറിച്ചും ഒഴിഞ്ഞ ശവക്കല്ലറയെക്കുറിച്ചും യേശുവിന്റെ ശിഷ്യന്മാർ ചർച്ച ചെയ്തെന്നു ബൈബിൾ പറയുന്നു. കൂടാതെ ചില സ്ത്രീകൾ “അസാധാരണകാഴ്ച കണ്ടെന്നും ദൈവദൂതന്മാർ പ്രത്യക്ഷരായി യേശു ജീവിച്ചിരിപ്പുണ്ടെന്ന്” അവരോടു പറഞ്ഞെന്നും ഉള്ള കാര്യത്തെക്കുറിച്ചും അവർ സംസാരിച്ചു. (ലൂക്കോസ് 24:15-24) ട്യൂറിനിലെ ശവക്കച്ചയാണ് യേശുവിന്റെ കല്ലറയിൽ ഉണ്ടായിരുന്നതെങ്കിൽ ശിഷ്യന്മാർ അതെക്കുറിച്ചും അതിൽ പതിഞ്ഞിരിക്കുന്ന രൂപത്തെക്കുറിച്ചും ചർച്ച ചെയ്തേനേ. പക്ഷേ അങ്ങനെയൊരു ചർച്ച നടന്നതിനെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല.
ശവക്കച്ചയെ പൂജിക്കണോ?
വേണ്ട. അത് ശരിക്കും യേശുവിന്റെ ശവക്കച്ചയാണെങ്കിൽത്തന്നെ അതിനെ പൂജിക്കുന്നതു തെറ്റാണ്. എന്തുകൊണ്ട്? ചില ബൈബിൾതത്ത്വങ്ങൾ നോക്കാം.
അതിന്റെ ആവശ്യമില്ല. യേശു പറഞ്ഞു: “ദൈവം ഒരു ആത്മവ്യക്തിയാണ്. ദൈവത്തെ ആരാധിക്കുന്നവർ ദൈവാത്മാവോടെയും സത്യത്തോടെയും ആരാധിക്കണം.” (യോഹന്നാൻ 4:24) സത്യാരാധനയിൽ തിരുശേഷിപ്പുകൾക്കോ ബിംബങ്ങൾക്കോ സ്ഥാനമില്ല.
അത് വിലക്കിയിരിക്കുന്നു. പത്തു കല്പനകൾ വിഗ്രഹാരാധന വിലക്കുന്നു. (ആവർത്തനം 5:6-10) സമാനമായി “വിഗ്രഹങ്ങളിൽനിന്ന് അകന്നിരിക്കാൻ” ബൈബിൾ ക്രിസ്ത്യാനികളോട് കല്പിക്കുന്നു. (1 യോഹന്നാൻ 5:21) ശവക്കച്ച വിഗ്രഹം അല്ല, തങ്ങളുടെ മതവിശ്വാസത്തിന്റെ ചിഹ്നമോ അടയാളമോ മാത്രമാണെന്ന് ചിലർ വാദിച്ചേക്കാം. എന്നാൽ ഒരു ചിഹ്നത്തെ പൂജിക്കുന്ന വ്യക്തിക്ക് അത് ഒരു വിഗ്രഹമായി മാറും.a അതുകൊണ്ട് ദൈവത്തെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരും ഈ ശവക്കച്ച ഉൾപ്പെടെയുള്ള ഒരു വസ്തുവിനെയും ഭക്ത്യാദരവോടെ വീക്ഷിക്കില്ല.
a ആരാധിക്കപ്പെടുന്ന ഒരു പ്രതിമയോ പ്രതീകമോ ചിഹ്നമോ ആണ് വിഗ്രഹം.