ഭരണസംഘത്തിന്റെ കത്ത്
യഹോവയുടെ സാക്ഷികളായ പ്രിയ സഹോദരങ്ങളേ,
ഇപ്പോൾ നിങ്ങൾക്ക് ഈ കത്തെഴുതാൻ കഴിഞ്ഞതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു. സഹവിശ്വാസികളെ ആത്മാർഥമായി “സ്നേഹിക്കു”കയും അവർ “സത്യത്തിൽനടക്കുന്നതു”കണ്ട് അത്യന്തം ആനന്ദിക്കുകയും ചെയ്ത യോഹന്നാൻ അപ്പൊസ്തലന്റെ അതേ വികാരമാണ് ഞങ്ങൾക്കും. (2 യോഹ. 1, പി.ഒ.സി. ബൈബിൾ; 2 യോഹ. 4) സത്യം മനസ്സിലാക്കാനായത് എത്ര വലിയൊരു അനുഗ്രഹമാണ്! മഹതിയാം ബാബിലോണിൽനിന്നും ദൈവത്തെ അപകീർത്തിപ്പെടുത്തുന്ന അവളുടെ ഉപദേശങ്ങളിൽനിന്നും ആചാരാനുഷ്ഠാനങ്ങളിൽനിന്നും അതു നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നു. സ്നേഹവും ദയാവായ്പും കരുണയും ഉള്ളവരായിരിക്കാൻ സത്യത്തോടുള്ള അനുസരണം നമ്മെ പഠിപ്പിച്ചു. ദൈവമുമ്പാകെ ശുദ്ധമായ ഒരു നില നേടാനുള്ള വഴി തുറന്നുതന്നതോടൊപ്പം നിത്യജീവന്റെ പ്രത്യാശയും ഈ സത്യം നമുക്കു പ്രദാനം ചെയ്തിരിക്കുന്നു.
നമ്മെ അനുദിനം വഴിനയിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്ന യഹോവയുടെ പരിശുദ്ധാത്മാവിനെപ്രതിയും നാം ദൈവത്തോട് എത്ര കൃതജ്ഞതയുള്ളവരാണ്! യഹോവയുടെ സ്നേഹപൂർവകമായ ഈ കരുതലിനെക്കുറിച്ചു വിശദമായി ചർച്ചചെയ്ത, “ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു” ഡിസ്ട്രിക്റ്റ് കൺവെൻഷൻ പരിപാടികൾ നിങ്ങൾ ആസ്വദിച്ചുവെന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്. ലോകാവസ്ഥകൾ ഒന്നിനൊന്നു വഷളായിക്കൊണ്ടിരിക്കെ, മുമ്പിലുള്ള നിർണായക ദിനങ്ങളിൽ നമ്മെ വഴിനയിക്കാനായി നാം പരിശുദ്ധാത്മാവിൽ ആശ്രയിച്ചേ തീരൂ.
വിശ്വാസത്തിനായി വളരെയേറെ കഷ്ടങ്ങൾ സഹിച്ച സഹോദരങ്ങളുടെ പുളകംകൊള്ളിക്കുന്ന വിവരണങ്ങൾ വാർഷികപുസ്തകത്തിൽ വായിക്കുമ്പോൾ നിങ്ങളുടെ ഹൃദയം തുടിക്കാറില്ലേ? സ്നാനമേറ്റയുടനെയോ ഒരുപക്ഷേ, സ്നാനമേൽക്കുന്നതിനുമുമ്പോ ആണ് അവരിൽ പലരുടെയും വിശ്വാസം പരിശോധിക്കപ്പെട്ടത്; എന്നിട്ടും അവർ വിശ്വസ്തത മുറുകെപ്പിടിച്ചു എന്നത് അത്ഭുതകരംതന്നെ. വിശ്വസ്തരായി, നീതിക്കുവേണ്ടി നിലയുറപ്പിക്കുന്ന അവർ നമുക്കെത്ര പ്രിയങ്കരരാണ്! എന്തെല്ലാം പ്രതിസന്ധികൾ നേരിട്ടാലും ദൈവരാജ്യത്തോടു കൂറുപുലർത്താൻ അവരുടെ ഉത്തമ മാതൃക നമ്മെയെല്ലാം ശക്തരാക്കുമെന്നതിനു സംശയമില്ല.—1 തെസ്സ. 1:6-8.
പ്രിയസഹോദരീസഹോദരന്മാരേ, കുടുംബത്തെ നന്നായി പരിപാലിക്കുന്നതിന് സാമ്പത്തികവും മറ്റുവിധേനയുമുള്ള പല പ്രശ്നങ്ങളും നിങ്ങൾ നേരിടുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. സുവാർത്താ ഘോഷണത്തെയും മറ്റു സഭാ പ്രവർത്തനങ്ങളെയും വിശ്വസ്തമായി, നിരന്തരം പിന്തുണയ്ക്കുന്നതുതന്നെ നിങ്ങളിൽ ചിലർക്ക് ഒരു വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെയാണ്, പ്രാർഥനാപൂർവം നടത്തിയ നിരവധി ചർച്ചകൾക്കുശേഷം, 2009 ജനുവരി 1 മുതൽ സഭായോഗങ്ങളുടെ കാര്യത്തിൽ ചില ഭേദഗതികൾ വരുത്തിയത്. ഈ പുതിയ ക്രമീകരണം നന്നായി പ്രയോജനപ്പെടുത്തിക്കൊണ്ട് വ്യക്തിപരമായ പഠനത്തിനും കുടുംബാധ്യയനത്തിനും നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.
ഈ വർഷത്തെ സമ്മേളനങ്ങളിലും കൺവെൻഷനുകളിലും അനേകർ സ്നാനമേൽക്കുന്നതു കാണാനായതിൽ അതിയായ സന്തോഷമുണ്ട്. ചില കുട്ടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. മക്കളെ സത്യത്തോടുള്ള വിലമതിപ്പിൽ വളർത്തിക്കൊണ്ടുവരുകയും ചെറുപ്പത്തിലേതന്നെ സമർപ്പിച്ച് യഹോവയുടെ സേവനത്തിലേക്കു വരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് മാതാപിതാക്കളായ നിങ്ങളെ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. സ്കൂളിൽ നിരവധി വെല്ലുവിളികളൊക്കെ നേരിട്ടിട്ടും അവർ സ്നാനമേൽക്കാൻതക്ക യോഗ്യത പ്രാപിച്ചുവെന്നത് അവർക്കു വീട്ടിൽവെച്ചു നല്ല പരിശീലനം ലഭിച്ചതിന്റെ തെളിവാണ്.—സങ്കീ. 128:1-6.
ബൈബിളധ്യയനത്തിന്റെ എണ്ണത്തിലും ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. നമ്മുടെ മിഷനറിമാരുടെയും പ്രത്യേക പയനിയർമാരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഇതിൽ നല്ലൊരു പങ്കും. സത്യത്തിനായി ദാഹിക്കുന്ന ആത്മാർഥഹൃദയരായ എല്ലാവരെയും ‘ജീവജലം സൗജന്യമായി വാങ്ങാൻ’ ക്ഷണിച്ചുകൊണ്ട് “വരിക” എന്നു പറയുന്നതിൽ ലോകവ്യാപകമായി നമ്മുടെ സഹോദരീസഹോദരന്മാർ ചെയ്യുന്ന ശ്രമത്തെ ഭരണസംഘത്തിലെ ഞങ്ങൾ ഓരോരുത്തരും അങ്ങേയറ്റം വിലമതിക്കുന്നു. (വെളി. 22:17) തങ്ങളുടെ സമർപ്പണത്തിന്റെ പ്രതീകമായി കഴിഞ്ഞ വർഷം സ്നാനമേറ്റ 2,89,678 പേരെയും നമ്മുടെ ലോകവ്യാപക സഹോദരവർഗത്തിന്റെ ഭാഗമായി സ്വാഗതംചെയ്യുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്.
യോഹന്നാൻ അപ്പൊസ്തലന്റെ പിൻവരുന്ന വാക്കുകൾ എത്ര കൂടെക്കൂടെ ഓർത്താലും അധികമാവില്ല: “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹ. 2:17) ഈ ‘ലോകം ഒഴിഞ്ഞുപോകുന്ന’ കാലത്തോട് നാം വളരെ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട് ‘ദൈവേഷ്ടം ചെയ്യുന്നതിന്’ നമ്മുടെ ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകിക്കൊണ്ട് “ഉണർന്നിരി”ക്കുന്നതല്ലേ ബുദ്ധി? (മത്താ. 24:42) അങ്ങനെ ചെയ്താൽ നമുക്ക് ഒരിക്കലും ദുഃഖിക്കേണ്ടിവരില്ല; മാത്രമല്ല, യഹോവയുടെ മഹാദയയുടെ പ്രയോജനങ്ങൾ നാം കൊയ്യുകയും ചെയ്യും.—യെശ. 63:7.
രാജ്യതാത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കാൻ, ഈ വാർഷികപുസ്തകത്തിലെ പല രാജ്യങ്ങളിൽനിന്നുള്ള പ്രചോദനാത്മകമായ വിവരണങ്ങൾ നിങ്ങൾക്കു പ്രോത്സാഹനമേകുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. ഞങ്ങൾ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നെന്നും എപ്പോഴും ഞങ്ങളുടെ മനസ്സിലും പ്രാർഥനയിലും നിങ്ങൾ ഉണ്ടെന്നും അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. യഹോവ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
നിങ്ങളുടെ സഹോദരങ്ങൾ,
യഹോവയുടെ സാക്ഷികളുടെ ഭരണസംഘം