നന്ദിയുള്ളവരെന്നു പ്രകടിപ്പിക്കുക
1 യേശു പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തിയെങ്കിലും ഒരാൾ മാത്രമേ നന്ദി പ്രകടിപ്പിക്കാൻ മടങ്ങിച്ചെന്നുള്ളൂ. യേശു ചോദിച്ചു: “പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ? ഒമ്പതുപേർ എവിടെ?” (ലൂക്കൊ. 17:11-19) വിലമതിപ്പുള്ളവരായിരിക്കുന്നതും, ഉദാരമതിയും സ്നേഹവാനുമായ നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവം നമ്മുടെമേൽ ചൊരിയുന്ന എല്ലാ നല്ല ദാനങ്ങൾക്കും തികഞ്ഞ വരങ്ങൾക്കും നന്ദിയുള്ളവരാണെന്നു പ്രകടമാക്കുന്നതും എത്ര പ്രധാനമാണ്!—കൊലൊ. 3:15; യാക്കോ. 1:17.
2 നാം നന്ദി പ്രകടമാക്കേണ്ട ചില കാര്യങ്ങൾ ഏവയാണ്? മനുഷ്യവർഗത്തിനുള്ള ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനമായ മറുവിലയെ നാം വിലമതിക്കുന്നു. (യോഹ. 3:16) യഹോവയുടെ അടുക്കലേക്ക് അവൻ നമ്മെ ആകർഷിച്ചിരിക്കുന്നതിലും നാം അവനോടു നന്ദിയുള്ളവരാണ്. (യോഹ. 6:44) നമ്മുടെ ക്രിസ്തീയൈക്യമാണ് നന്ദിയുള്ളവരായിരിക്കേണ്ടതിന്റെ മറ്റൊരു കാരണം. (സങ്കീ. 133:1-3) യഹോവയിൽനിന്നുള്ള മറ്റനവധി ദാനങ്ങളെക്കുറിച്ചും നിങ്ങൾക്കു ചിന്തിക്കാനാകുമെന്നതിനു സംശയമില്ല. യഹോവ തങ്ങൾക്കായി ചെയ്ത കാര്യങ്ങൾ മറന്നുകളഞ്ഞ ഇസ്രായേല്യരെപ്പോലെ കൃതഘ്നരാകാൻ ഒരിക്കലും നാം ആഗ്രഹിക്കില്ല.—സങ്കീ. 106:12, 13.
3 നന്ദി പ്രകടിപ്പിക്കുക: യേശു തങ്ങൾക്കായി ചെയ്ത ഉപകാരം ആ പത്തു കുഷ്ഠരോഗികളും വിലമതിച്ചിരിക്കാമെങ്കിലും ഒരാൾ മാത്രമേ നന്ദി പ്രകടമാക്കിയുള്ളൂ. (ലൂക്കൊ. 17:15) സമാനമായി, ശുശ്രൂഷയിൽ തീക്ഷ്ണതയോടെ ഏർപ്പെട്ടുകൊണ്ട് നമുക്കും വിലമതിപ്പു പ്രകടമാക്കാം. സ്നേഹവാനായ നമ്മുടെ സ്വർഗീയ പിതാവ് ചെയ്തിരിക്കുന്ന എല്ലാറ്റിനും നാം യഥാർഥത്തിൽ നന്ദിയുള്ളവരാണെങ്കിൽ മറ്റുള്ളവരോട് അവനെക്കുറിച്ചു പറഞ്ഞുകൊണ്ട് അവന്റെ സ്നേഹവും ഔദാര്യവും അനുകരിക്കാൻ ഹൃദയം നമ്മെ പ്രേരിപ്പിക്കും. (ലൂക്കൊ. 6:45) യഹോവയുടെ ‘അത്ഭുതപ്രവൃത്തികളെയും നമ്മെപ്രതിയുള്ള അവന്റെ വിചാരങ്ങളെയും’ കുറിച്ചു മറ്റുള്ളവരോടു പറയുമ്പോൾ അവനോടുള്ള സ്നേഹവും വിലമതിപ്പും വർധിക്കും.—സങ്കീ. 40:5.
4 മറ്റുള്ളവരിൽ വിലമതിപ്പ് ഉൾനടുക: വിലമതിപ്പ് വളർത്തിയെടുക്കാൻ നമ്മുടെ മക്കളെയും ബൈബിൾവിദ്യാർഥികളെയും സഹായിക്കാൻ നാം എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കണം. മക്കളോടൊത്ത് യഹോവയുടെ സൃഷ്ടിക്രിയകൾ കണ്ടാസ്വദിക്കുന്നതുപോലുള്ള സമയങ്ങളിൽ മാതാപിതാക്കൾക്ക് അതിന് ധാരാളം അവസരം ലഭിച്ചേക്കാം. (റോമ. 1:20) ബൈബിളധ്യയനം നടത്തുമ്പോൾ വിദ്യാർഥിയോട് ഇങ്ങനെ ചോദിക്കാവുന്നതാണ്: “യഹോവയുടെ വ്യക്തിത്വം സംബന്ധിച്ച് ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു?” വിദ്യാർഥിയുടെ വിലമതിപ്പു വളരുമ്പോൾ ദൈവത്തോടുള്ള അവന്റെ സ്നേഹവും അവനെ പ്രീതിപ്പെടുത്താനുള്ള ദൃഢനിശ്ചയവും ശക്തമാകും.
5 ഈ അന്ത്യനാളുകളിൽ അനേകരും വിലമതിപ്പില്ലാത്തവരും നന്ദികെട്ടവരുമാണ്. (2 തിമൊ. 3:1, 2) ശുശ്രൂഷയിൽ സതീക്ഷ്ണം ഏർപ്പെട്ടുകൊണ്ട് നന്ദിയുള്ളവരെന്നു പ്രകടമാക്കുന്ന തന്റെ സമർപ്പിത ദാസന്മാരെ കാണുന്നത് യഹോവയെ എത്രമാത്രം സന്തോഷിപ്പിക്കും!—യാക്കോ. 1:22-25.