“ഞാൻ എന്താണ് ചെയ്യേണ്ടത്?”
1 നിങ്ങൾ മുതിർന്നുവരുന്ന ഒരു യുവ വ്യക്തിയാണെങ്കിൽ, ഇപ്രകാരം ചോദിച്ചേക്കാം, ‘എന്റെ ജീവിതം കൊണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്?’ ശുശ്രൂഷയുടെ മേഖലയിൽ യഹോവയ്ക്കുള്ള തങ്ങളുടെ സേവനം വർധിപ്പിക്കാനാണ് ക്രിസ്തീയ യുവജനങ്ങളുടെ ആഗ്രഹം. എന്നാൽ സ്വന്തം സാമ്പത്തിക ആവശ്യങ്ങൾക്കു വേണ്ടി കരുതുന്നതു പോലുള്ള, മുതിർന്ന വ്യക്തിയുടേതായ ഉത്തരവാദിത്വങ്ങൾ തോളിലേറ്റുന്നതോടൊപ്പം നിങ്ങൾക്ക് ഇത് എങ്ങനെ ചെയ്യാനാകും? അതിനുള്ള ഉത്തരം കണ്ടെത്തുക അത്ര എളുപ്പമല്ലായിരുന്നേക്കാം.
2 ലോകത്തിന്റെ സാമ്പത്തികാവസ്ഥയും ഭാവി സംബന്ധിച്ച പ്രവചനങ്ങളും നിമിത്തം ചില യുവജനങ്ങൾ ഉത്കണ്ഠാകുലർ ആയിത്തീരുന്നു. അവർ ഇങ്ങനെ ചിന്തിക്കുന്നു: ‘ഞാൻ കൂടുതലായ ലൗകിക വിദ്യാഭ്യാസം തേടേണ്ടതുണ്ടോ? അതോ ഉടൻതന്നെ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കണമോ?’ ശരിയായ തീരുമാനം എടുക്കുന്നതിന് ഒരു വ്യക്തി പിൻവരുന്ന ചോദ്യത്തിന് ആത്മാർഥതയോടെ ഉത്തരം പറയേണ്ടതാണ്, ‘ജീവിതത്തിൽ എന്റെ പ്രഥമ താത്പര്യം എന്താണ്?’ ഓരോ യുവവ്യക്തിയും തന്റെ ലക്ഷ്യങ്ങളെ വിലയിരുത്തേണ്ടതുണ്ട്.
3 യുവാവെന്ന നിലയിൽ എന്താണു നിങ്ങളുടെ മുഖ്യതാത്പര്യം? സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കുന്നതിനാണോ അതോ രാജ്യതാത്പര്യങ്ങളുടെ ഉന്നമനത്തിനാണോ നിങ്ങളുടെ ജീവിതത്തിൽ പ്രഥമ സ്ഥാനം? ഒരു സർവകലാശാലാ ബിരുദം തൊഴിൽ രംഗത്തു വിജയം ഉറപ്പുനൽകുന്നില്ല. അതിനു പകരമായി, മറ്റാരുടെയെങ്കിലും കൂടെ നിന്ന് ഒരു തൊഴിൽ പഠിച്ചുകൊണ്ടോ വൊക്കേഷണൽ/ടെക്നിക്കൽ സ്കൂൾ വിദ്യാഭ്യാസം തേടിക്കൊണ്ടോ കൂടുതൽ സമയവും ഉൾപ്പെടലും ആവശ്യമില്ലാത്ത ഹ്രസ്വകാല കോളെജ് കോഴ്സുകൾക്കു ചേർന്നുകൊണ്ടോ കൂടുതൽ തൊഴിൽ സാധ്യതകൾ ഉള്ള വൈദഗ്ധ്യങ്ങൾ നിരവധി യുവാക്കൾ സ്വായത്തമാക്കിയിട്ടുണ്ട്.
4 യഹോവയുടെ വാഗ്ദാനത്തിൽ വിശ്വാസം ഉണ്ടായിരിക്കുക: രാജ്യതാത്പര്യങ്ങൾ ജീവിതത്തിൽ ഒന്നാം സ്ഥാനത്തു വെക്കുന്നവർക്കായി താൻ കരുതും എന്ന യഹോവയുടെ വാഗ്ദാനമാണ് പരിചിന്തനം അർഹിക്കുന്ന ഒരു സുപ്രധാന സംഗതി. (മത്താ. 6:33) അതു കേവലം പൊള്ളയായ ഒരു വാഗ്ദാനം അല്ല. ശുശ്രൂഷാ പരിശീലന സ്കൂളിൽ സംബന്ധിക്കുന്ന നിരവധി സഹോദരന്മാർ സത്യം പഠിക്കുന്നതിനു മുമ്പ് കോളെജ് ബിരുദങ്ങൾ നേടിയിട്ടുണ്ട്. എന്നാൽ ആ മേഖലകളിൽ തന്നെയാണോ അവർ തൊഴിൽ ചെയ്തിരുന്നത്? അങ്ങനെ ചെയ്തിരുന്നവർ വളരെ ചുരുക്കമായിരുന്നു. പയനിയറിങ് ചെയ്യവേ തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നന്നായി നിറവേറ്റാൻ കഴിയുന്ന റിപ്പയറിങ് പോലുള്ള തൊഴിൽ മേഖലകളിൽ ആയിരുന്നു അനേകരും പണിയെടുത്തിരുന്നത്. തങ്ങളുടെ ശുശ്രൂഷ വിപുലമാക്കുകവഴി സമ്പത്തുകൊണ്ടു നേടാൻ സാധിക്കാത്ത വളരെ മെച്ചമായ അനുഗ്രഹങ്ങൾ അവർ ആസ്വദിക്കുന്നു.
5 ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം എന്തു ചെയ്യണം എന്നു തീരുമാനിക്കാനായി, ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഘടകങ്ങളും അതുപോലെ നിങ്ങളുടെ ലക്ഷ്യങ്ങളും ശ്രദ്ധാപൂർവം തൂക്കിനോക്കുക. തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച് സമനിലയോടു കൂടിയ വീക്ഷണത്തിനായി 1998 മാർച്ച് 8 ലക്കം ഉണരുക!യുടെ 19-21 പേജുകളിൽ പ്രത്യക്ഷപ്പെട്ടതു പോലുള്ള വിവരങ്ങൾ പരിചിന്തിക്കുക. മാതാപിതാക്കളോടും മൂപ്പന്മാരോടും സർക്കിട്ട് മേൽവിചാരകനോടും പ്രദേശത്തെ വിജയപ്രദരായ പയനിയർമാരോടും സംസാരിക്കുക. ജീവിതം കൊണ്ട് എന്താണു ചെയ്യേണ്ടത് എന്നു ജ്ഞാനപൂർവം തീരുമാനിക്കുന്നതിന് അതു നിങ്ങളെ സഹായിക്കും.—സഭാ. 12:1, 13.