രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ഒരു മുൻ എതിരാളി സത്യം പഠിക്കുന്നു
ലൈബീരിയയിലെ ആഭ്യന്തര യുദ്ധത്തെ കുറിച്ച് പത്രങ്ങൾ ഏറെ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പതിനായിരങ്ങൾ കൊല്ലപ്പെട്ടു, അതിലുമധികം പേർ ചിതറിക്കപ്പെട്ടു. ഈ പ്രയാസങ്ങൾക്കു നടുവിലും, പരമാർഥ ഹൃദയർ സത്യം സ്വീകരിച്ചുകൊണ്ടിരിക്കുന്നു. പിൻവരുന്ന ദൃഷ്ടാന്തം അത്തരത്തിലുള്ള ഒന്നാണ്.
10 വയസ്സു മുതൽ ജെയിംസിന്റെ വിദ്യാഭ്യാസം ലൂഥറൻ സഭയിൽ ആയിരുന്നു. ഒരു സഭാ പത്രത്തിന്റെ പത്രാധിപർ ആയിത്തീർന്ന ജെയിംസ് തന്റെ സ്ഥാനം യഹോവയുടെ സാക്ഷികൾക്ക് എതിരായി എഴുതാൻ ഉപയോഗിക്കുക ആയിരുന്നു, അവരിൽ ആരെയും അദ്ദേഹം ഒരിക്കലും കണ്ടിട്ടില്ല എന്നതായിരുന്നു വിരോധാഭാസം.
പിന്നീട്, പത്രാധിപ ജോലി വിട്ട് ഒരു മോട്ടൽ ഉടമ ആയിത്തീർന്ന ജെയിംസ് നല്ല ലാഭത്തിൽ ബിസിനസ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം മോട്ടൽ റിസപ്ഷനു സമീപം ഇരിക്കുമ്പോൾ, നന്നായി വസ്ത്രധാരണം ചെയ്ത രണ്ടു സഹോദരിമാർ അദ്ദേഹത്തെ കാണാൻ എത്തി. വൃത്തിയുള്ള വസ്ത്രം ധരിച്ച അവരിൽ മതിപ്പുതോന്നി അദ്ദേഹം അവരെ അകത്തേക്കു ക്ഷണിച്ചു. എന്നാൽ തങ്ങളുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കിയപ്പോൾ, അദ്ദേഹം പറഞ്ഞു: “ഞാൻ നല്ല തിരക്കിലാണ്. ഇപ്പോൾ സംസാരിക്കാൻ പറ്റില്ല.” സാക്ഷികൾ അദ്ദേഹത്തിന് വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും വരിസംഖ്യ വാഗ്ദാനം ചെയ്തു. അവരെ ഒഴിവാക്കാൻവേണ്ടി മാത്രം അദ്ദേഹം അതു സ്വീകരിച്ചു. 12 മാസവും മാസിക വീട്ടിൽ വന്നെങ്കിലും, അദ്ദേഹം കവർപോലും പൊട്ടിക്കാതെ ഒരു പ്ലാസ്റ്റിക് ബാഗിൽ നിക്ഷേപിക്കുകയായിരുന്നു പതിവ്.
ആഭ്യന്തര യുദ്ധം കൊടുമ്പിരികൊള്ളുകയായിരുന്നു. അതുകൊണ്ട് ആക്രമണത്തിന്റെ ലക്ഷണം കാണുമ്പോൾത്തന്നെ പലായനം ചെയ്യുന്നതിനുവേണ്ടി ജെയിംസ് പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ഒരു ബാഗിലാക്കിവെച്ചു. ഒരു ദിവസം രാവിലെ ഒരു കൈബോംബ് തന്റെ വീടിന്റെ തൊട്ടു പിന്നിൽ പൊട്ടിത്തെറിച്ചു. പരിഭ്രാന്തിയിൽ അദ്ദേഹം തന്റെ ബാഗും എടുത്ത് പ്രാണരക്ഷാർഥം ഓടി. സ്ഥലം വിട്ടുപോകുന്ന ആയിരക്കണക്കിനു പൗരന്മാരോടൊപ്പം ചേർന്ന അദ്ദേഹത്തിന് പല ചെക്ക്പോസ്റ്റുകളിലൂടെ കടന്നുപോകേണ്ടിയിരുന്നു. അവിടെ, നിരപരാധികളായ പൗരന്മാരെ കൊള്ളയടിക്കുകയും ഒരു കാരണവുമില്ലാതെ കൊല്ലുകയും ചെയ്തിരുന്നു.
ആദ്യത്തെ ചെക്ക്പോസ്റ്റിൽ, സൈനികർ ജെയിംസിനോട് ഏതാനും ചോദ്യങ്ങൾ ചോദിച്ചിട്ട് ബാഗ് തുറക്കാൻ ആവശ്യപ്പെട്ടു. ബാഗ് തുറന്നപ്പോൾ അദ്ദേഹത്തിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അദ്ദേഹം തീർത്തും മരവിച്ചപോലെയായി. കാരണം വിലപിടിപ്പുള്ള സാധനങ്ങൾ അടങ്ങിയ ബാഗ് അല്ല അദ്ദേഹം കൊണ്ടുവന്നത്. പരിഭ്രാന്തി നിമിത്തം എടുത്ത ബാഗ് മാറിപ്പോയിരുന്നു. കവർപോലും പൊട്ടിക്കാത്ത വീക്ഷാഗോപുരവും ഉണരുക!യും നിറഞ്ഞ ബാഗ് ആയിരുന്നു എടുത്തത്. എന്നാൽ, മാസികയും അതിന്മേൽ അദ്ദേഹത്തിന്റെ പേരും കണ്ടപ്പോൾ സൈനികൻ പറഞ്ഞു: “ഓ, താങ്കൾ ഒരു യഹോവയുടെ സാക്ഷിയാണ് അല്ലേ. ഞങ്ങൾക്കാവശ്യം നിങ്ങളെ അല്ല, നിങ്ങൾ നുണ പറയുകയില്ല എന്നു ഞങ്ങൾക്ക് അറിയാം.” ബാഗിൽനിന്ന് ഏതാനും മാസികകൾ എടുത്തിട്ട് സൈനികൻ ജെയിംസിനോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.
ഒമ്പത് ചെക്ക്പോസ്റ്റുകളിലും ഇതുതന്നെ സംഭവിച്ചു. സൈനിക മേധാവികളെല്ലാം ജെയിംസ് ഒരു യഹോവയുടെ സാക്ഷിയാണെന്ന ധാരണയിൽ അദ്ദേഹത്തെ ഉപദ്രവിക്കാതെ വിട്ടു. വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടുവരാഞ്ഞത് നന്നായെന്ന് ജെയിംസിന് ഇപ്പോൾ തോന്നി, കാരണം അവ കൈവശം ഉണ്ടായിരുന്നെങ്കിൽ താൻ നിശ്ചയമായും വധിക്കപ്പെടുമായിരുന്നു എന്ന് അദ്ദേഹത്തിനു മനസ്സിലായി.
ഏറ്റവും ഭയപ്പെടേണ്ടിയിരുന്ന ചെക്ക്പോസ്റ്റ് അവസാനത്തേതായിരുന്നു. അവിടെ എത്തിയപ്പോൾ, അനേകം ശവശരീരങ്ങൾ കിടക്കുന്ന ഭീകര കാഴ്ചയാണ് അദ്ദേഹം കണ്ടത്. ഭീതിപൂണ്ട്, അദ്ദേഹം യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു. ഈ ചാവുനിലത്തുനിന്നു തന്നെ രക്ഷപ്പെടുത്തിയാൽ, ശേഷിച്ച കാലമത്രയും താൻ ദൈവത്തെ സേവിച്ചുകൊള്ളാമെന്ന് അദ്ദേഹം പ്രാർഥിച്ചു.
ജെയിംസ് തന്റെ ബാഗ് സൈനികരെ കാണിച്ചു. ഒരിക്കൽക്കൂടെ അവർ പറഞ്ഞു: “ഞങ്ങൾക്കാവശ്യം നിങ്ങളെയല്ല.” അദ്ദേഹത്തിനു നേരേ തിരിഞ്ഞ് അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇവിടെ കുന്നിൻചരിവിൽ നിങ്ങളുടെ ഒരു സഹോദരൻ പാർക്കുന്നുണ്ട്. പോയി അദ്ദേഹത്തോടൊപ്പം കൂടിക്കൊള്ളൂ.” ഈ സമയമായപ്പോഴേക്കും, ജെയിംസിന് സാക്ഷികളെ കുറിച്ച് ഉണ്ടായിരുന്ന അഭിപ്രായം പാടേ മാറിയിരുന്നു. ഉടനെതന്നെ അദ്ദേഹം ആ സഹോദരനുമായി ബന്ധപ്പെട്ട് നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയുംa എന്ന പുസ്തകം ഉപയോഗിച്ച് ബൈബിൾ അധ്യയനത്തിനുള്ള ക്രമീകരണം ചെയ്തു.
ഏതാനും ദിവസം കഴിഞ്ഞ് ഒരു ആക്രമണത്തെത്തുടർന്ന് അദ്ദേഹം ആ മേഖലയിൽനിന്നു പലായനം ചെയ്യാൻ നിർബന്ധിതനായി. ഇപ്രാവശ്യം ജെയിംസ് എന്നേക്കും ജീവിക്കാൻ പുസ്തകം മാത്രം എടുത്തുകൊണ്ട് കുറ്റിക്കാട്ടിലേക്ക് ഓടി! സാക്ഷികളിൽനിന്ന് ഒറ്റപ്പെട്ട് കഴിയേണ്ടിവന്ന 11 മാസത്തിനിടയ്ക്ക് അദ്ദേഹം ആ പുസ്തകം 5 പ്രാവശ്യം പഠിച്ചു. അവസാനം നഗരത്തിൽ മടങ്ങിയെത്തി സാക്ഷികളോടൊപ്പം ബൈബിൾ അധ്യയനം പുനഃരാരംഭിച്ച അദ്ദേഹം പെട്ടെന്നു പുരോഗതി വരുത്തി. താമസിയാതെ സ്നാപനമേറ്റ അദ്ദേഹം ഇപ്പോൾ തന്റെ ആത്മീയ സഹോദരന്മാരോടൊപ്പം വിശ്വസ്തനായി സേവിക്കുന്നു.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.