നിങ്ങളുടെ ജീവിതം ഏറ്റവും മെച്ചമായി പ്രയോജനപ്പെടുത്തുക
പിതാവ് കാൻസർ പിടിപെട്ട് മരണാസന്ന അവസ്ഥയിൽ ശയ്യാവലംബിയായി കഴിയുകയായിരുന്നു. മകൻ പണിപ്പുരയിൽ പിതാവിന്റെ പണിയായുധങ്ങൾ അടുക്കി വെക്കുകയായിരുന്നു. ആ പണിയായുധങ്ങൾ കൈയിൽ എടുത്തപ്പോൾ, അവ ഉപയോഗിച്ച് പിതാവു നിർമിച്ച അതിശയകരമായ വസ്തുക്കളെക്കുറിച്ച് അവൻ ഓർത്തു. പണിപ്പുര വീടിന് തൊട്ട് അടുത്ത് ആയിരുന്നെങ്കിലും പിതാവ് വീണ്ടും ഒരിക്കലും അതിൽ പ്രവേശിക്കുകയോ ഒരിക്കൽ അദ്ദേഹം വളരെ നൈപുണ്യത്തോടെ ഉപയോഗിച്ചിരുന്ന പണിയായുധങ്ങൾ കൈയിലെടുക്കുകയോ ചെയ്യില്ലെന്ന് അവന് അറിയാമായിരുന്നു. ആ നാളുകൾ കഴിഞ്ഞു പോയിരുന്നു.
സഭാപ്രസംഗി 9:10-ലെ തിരുവെഴുത്ത് മകൻ ഓർമിച്ചു: “ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ [ശവക്കുഴിയിൽ] പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” അവന് ആ തിരുവെഴുത്ത് നന്നായി അറിയാമായിരുന്നു. മരണം പ്രവർത്തന രാഹിത്യത്തിന്റെ ഒരു അവസ്ഥ ആണെന്നുള്ള ബൈബിൾ സത്യം മറ്റുള്ളവരെ പഠിപ്പിക്കവേ അവൻ അത് പല പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ശലോമോന്റെ വാദമുഖത്തിന്റെ ശക്തി ഇപ്പോൾ അവന്റെ ഹൃദയത്തിൽ തട്ടി—സാധിക്കുന്ന കാലത്ത് ജീവിതം പരമാവധി ആസ്വദിക്കുക, കാരണം മേലാൽ നമുക്ക് അപ്രകാരം ചെയ്യാൻ സാധിക്കാത്ത ഒരു കാലം വരും.
ജീവിതം ആസ്വദിക്കുക
സഭാപ്രസംഗിയുടെ പുസ്തകത്തിൽ ഉടനീളം ജ്ഞാനിയായ ശലോമോൻ തന്റെ വായനക്കാരെ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ പ്രോത്സാഹിപ്പിക്കുന്നു. ദൃഷ്ടാന്തത്തിന്, 3-ാം അധ്യായം പ്രസ്താവിക്കുന്നു: “ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.”—സഭാപ്രസംഗി 3:12, 13.
ഈ ആശയം ആവർത്തിക്കാൻ ശലോമോൻ ദൈവത്താൽ നിശ്വസ്തനാക്കപ്പെട്ടു: “ഞാൻ ശുഭവും ഭംഗിയുമായി കണ്ടതു: ദൈവം ഒരുത്തന്നു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവൻ തിന്നു കുടിച്ചു സൂര്യന്നു കീഴെ താൻ പ്രയത്നിക്കുന്ന തന്റെ സകലപ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നേ; അതല്ലോ അവന്റെ ഓഹരി.”—സഭാപ്രസംഗി 5:18.
സമാനമായി, അവൻ യുവജനങ്ങളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “യൌവനക്കാരാ, നിന്റെ യൌവനത്തിൽ സന്തോഷിക്ക; യൌവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്കു ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊൾക.” (സഭാപ്രസംഗി 11:9എ) യുവത്വത്തിന്റെ ശക്തിയും ഊർജസ്വലതയും പൂർണമായി ആസ്വദിക്കുന്നത് എത്ര നല്ലതാണ്!—സദൃശവാക്യങ്ങൾ 20:29.
‘നിന്റെ സ്രഷ്ടാവിനെ ഓർക്കുക’
നമ്മുടെ ഹൃദയത്തിനും കണ്ണുകൾക്കും ആകർഷകമായ എന്തും പിന്തുടരുന്നതു ജ്ഞാനമാണെന്നു ശലോമോൻ തീർച്ചയായും അർഥമാക്കുന്നില്ല. (1 യോഹന്നാൻ 2:16 താരതമ്യം ചെയ്യുക.) അവൻ തുടർന്ന് എഴുതുന്ന കാര്യത്തിൽ നിന്ന് അതു വ്യക്തമാണ്: “എന്നാൽ ഇവ ഒക്കെയും [നിങ്ങളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തിയേക്കാവുന്ന അനുധാവനങ്ങൾ] നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.” (സഭാപ്രസംഗി 11:9ബി) നമ്മുടെ പ്രായം എന്തായിരുന്നാലും, നമ്മുടെ ജീവിതംകൊണ്ട് നാം എന്തു ചെയ്യുന്നുവെന്ന് ദൈവം നിരീക്ഷിക്കുന്നു എന്നും അത് അനുസരിച്ച് അവൻ നമ്മെ ന്യായം വിധിക്കും എന്നും നാം ഓർമിക്കണം.
സ്വാർഥജഡിലമായ ജീവിതം നയിച്ചുകൊണ്ട് പ്രായമാകുന്നതു വരെ ദൈവിക ഭക്തി മാറ്റിവെക്കാമെന്നു ന്യായവാദം ചെയ്യുന്നത് എന്തൊരു വിഡ്ഢിത്തമാണ്! ഏതു സമയത്തും നമ്മുടെ ജീവിതം അവസാനിച്ചേക്കാം. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ പോലും, വാർധക്യത്തിൽ ദൈവത്തെ സേവിക്കുന്നത് ആയാസമായിത്തീരുന്നു. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞുകൊണ്ട് ശലോമോൻ എഴുതി: “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരികയും എനിക്കു ഇഷ്ടമില്ല [“സന്തോഷമില്ല,” NW) എന്നു നീ പറയുന്ന കാലം സമീപിക്കയും . . . ചെയ്യുംമുമ്പെ തന്നേ.”—സഭാപ്രസംഗി 12:1, 2.
പ്രായാധിക്യത്തിന് അതിന്റേതായ ദുരിതങ്ങൾ ഉണ്ട്. അടുത്തതായി ശലോമോൻ പ്രായാധിക്യത്തിന്റെ ഫലങ്ങളെ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ വിവരിക്കുന്നു. കൈകൾ വിറയ്ക്കുന്നു, കാലുകൾ ദുർബലമാകുന്നു, പല്ലുകളുടെ എണ്ണം കുറയുന്നു. മുടി നരയ്ക്കുകയും കൊഴിഞ്ഞു പോകുകയും ചെയ്യുന്നു. ഒരു കിളിയുടെ ശബ്ദത്താൽ ഉണരുന്ന അളവോളം ഉറക്കം വളരെ കുറയുന്നു. ഇന്ദ്രിയ ബോധങ്ങൾ—കാഴ്ച, കേൾവി, സ്പർശനം, ഘ്രാണം, രുചി എന്നിവ—എല്ലാം ക്ഷയിക്കുന്നു. ശരീരത്തിന്റെ ബലക്ഷയത്താൽ വീഴുമോ എന്ന ഭയം ഉണ്ടാകുന്നു, പൊതു വഴിയിലെ മറ്റു “ഭീതിക”ളെയും ഭയപ്പെടുന്നു. ഒടുവിൽ വ്യക്തി മരിക്കുന്നു.—സഭാപ്രസംഗി 12:2-7.
യൗവന കാലത്ത് ‘തങ്ങളുടെ സ്രഷ്ടാവിനെ ഓർക്കാ’ത്തവർക്ക് വാർധക്യ കാലം വിശേഷാൽ ദുരിതപൂർണമാണ്. ജീവിതം പാഴാക്കുന്നതു കാരണം അത്തരം ഒരു വ്യക്തിക്ക്, ആണായാലും പെണ്ണായാലും, പിൽക്കാല വർഷങ്ങളിൽ ‘സന്തോഷം ഉണ്ടായിരിക്കില്ല.’ ദൈവരഹിത ജീവിതരീതി വാർധക്യത്തിന്റെ പ്രശ്നങ്ങളും വേദനകളും വർധിപ്പിക്കുകയും ചെയ്തേക്കാം. (സദൃശവാക്യങ്ങൾ 5:3-11) ദുഃഖകരമെന്നു പറയട്ടെ, അത്തരം ആളുകൾ തങ്ങളുടെ ഭാവി ഇരുളടഞ്ഞതായി കാണുന്നു, മുന്നിൽ തെളിഞ്ഞുവരുന്നത് ശവക്കുഴി മാത്രം.
വാർധക്യത്തിൽ സന്തോഷിക്കൽ
പ്രായമായവർക്കു ജീവിതം ആസ്വദിക്കാൻ കഴിയില്ലെന്ന് ഇത് അർഥമാക്കുന്നില്ല. ബൈബിളിൽ, ‘ദീർഘായുസ്സി’നെയും “ജീവകാല”ത്തെയും ദൈവത്തിന്റെ അനുഗ്രഹത്തോടും ബന്ധപ്പെടുത്തിയിരിക്കുന്നു. (സദൃശവാക്യങ്ങൾ 3:1, 2) യഹോവ തന്റെ സ്നേഹിതനായ അബ്രാഹാമിനോടു പറഞ്ഞു: “നീയോ . . . നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും.” (ഉല്പത്തി 15:15) പ്രായാധിക്യത്തിന്റെ അസ്വസ്ഥതകൾ ഉണ്ടായിരുന്നിട്ടും, യഹോവയ്ക്കു സമർപ്പിച്ച ജീവിതത്തിലേക്കു സംതൃപ്തിയോടെ തിരിഞ്ഞു നോക്കിക്കൊണ്ട് അബ്രാഹാം വാർധക്യ കാലത്ത് സമാധാനവും ശാന്തതയും അനുഭവിച്ചു. “യഥാർഥ അടിസ്ഥാനങ്ങൾ ഉള്ള ഒരു നഗരത്തി”ൽ, ദൈവരാജ്യത്തിൽ, അവൻ വിശ്വാസത്തോടെ പ്രതീക്ഷ വെച്ചു. (എബ്രായർ 11:10, NW) അങ്ങനെ, അവൻ “വയോധികനും സംതൃപ്തനുമായി” മരിച്ചു.—ഉല്പത്തി 25:8, NW.
അതുകൊണ്ട് ശലോമോൻ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “മനുഷ്യൻ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവൻ അതിൽ ഒക്കെയും സന്തോഷിക്കട്ടെ.” (സഭാപ്രസംഗി 11:8) നാം ചെറുപ്പക്കാരോ പ്രായമുള്ളവരോ ആയിരുന്നാലും, യഥാർഥ സന്തോഷം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ അധിഷ്ഠിതമാണ്.
ആ പണിപ്പുരയിലെ ചെറുപ്പക്കാരൻ പിതാവിന്റെ പണിയായുധങ്ങളിൽ അവസാനത്തേതും ശരിയായ സ്ഥലത്ത് എടുത്തു വെക്കവേ, ഈ കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചു. ജീവിതം ഏറ്റവും മെച്ചമായി പ്രയോജനപ്പെടുത്താൻ ശ്രമിച്ചെങ്കിലും തങ്ങളുടെ സ്രഷ്ടാവുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നതിനാൽ സന്തോഷം കണ്ടെത്താൻ കഴിയാതെ പോയവരെ കുറിച്ച് അവൻ ചിന്തിച്ചു. ജീവിത കാലത്തു സന്തോഷിക്കാൻ പ്രോത്സാഹനം നൽകിയ ശേഷം ശലോമോൻ പിൻവരുന്ന വാക്കുകളിൽ കാര്യങ്ങൾ സംക്ഷേപിച്ചത് എത്ര ഉചിതമായിരിക്കുന്നു! “എല്ലാം കേട്ടതിനു ശേഷം സംഗതിയുടെ സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെട്ട് അവന്റെ കൽപ്പനകൾ പാലിക്കുക. എന്തെന്നാൽ മനുഷ്യന്റെ മുഴു കടപ്പാടും ഇതാകുന്നു.”—സഭാപ്രസംഗി 12:13, NW.