“യഹോവയുടെ ദിവസ”ത്തെ ആർ അതിജീവിക്കും?
“ദൈവദിവസത്തിന്റെ വരവു [“യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യം,” NW] കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.”—2 പത്രൊസ് 3:11, 12.
1. ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ പ്രവർത്തിച്ചിരിക്കുന്നത് ആരാണ്?
തന്റെ പുത്രനായ യേശുക്രിസ്തുവിനോടൊപ്പം സ്വർഗരാജ്യത്തിൽ കൂട്ടവകാശികളായിരിക്കാനുള്ള വ്യക്തികളെ യഹോവയാം ദൈവം മനുഷ്യവർഗത്തിൽനിന്നു തിരഞ്ഞെടുത്തിരിക്കുന്നു. (റോമർ 8:16, 17) ഇപ്പോഴും ഭൂമിയിലായിരിക്കെ, ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ അഭിഷിക്ത ക്രിസ്ത്യാനികൾ പ്രവർത്തിച്ചിരിക്കുന്നു. (ലൂക്കൊസ് 1:17) അവരുടെയും ഏലീയാപ്രവാചകന്റെയും പ്രവർത്തനങ്ങൾ തമ്മിൽ കുറെയൊക്കെ സാമ്യമുള്ളതായി മുൻ ലേഖനത്തിൽ നാം കണ്ടു. എന്നാൽ ഏലീയാവിന്റെ പിൻഗാമിയായ എലീശാപ്രവാചകന്റെ പ്രവർത്തനത്തിന്റെ കാര്യമോ?—1 രാജാക്കന്മാർ 19:15, 16.
2. (എ) ഏലീയാവിന്റെ അവസാനത്തെ അത്ഭുതം എന്തായിരുന്നു, എലീശായുടെ ആദ്യത്തെ അത്ഭുതമോ? (ബി) ഏലീയാവ് സ്വർഗത്തിൽ പോയില്ലെന്നതിന് എന്തു തെളിവുണ്ട്?
2 ഏലീയാവ് പ്രവർത്തിച്ച അവസാനത്തെ അത്ഭുതം, തന്റെ ഔദ്യോഗിക അങ്കികൊണ്ട് യോർദാൻ നദിയിലെ വെള്ളത്തിലടിച്ച് അതിനെ വിഭജിച്ചതായിരുന്നു. അങ്ങനെ ഉണങ്ങിയ നിലത്തുകൂടെ മറുകര കടക്കാൻ ഏലീയാവിനും എലീശായ്ക്കും സാധിച്ചു. അവർ നദിയുടെ പൂർവതീരത്തുകൂടെ നടക്കവേ ഒരു ചുഴലിക്കാറ്റ് ഏലീയാവിനെ ഭൂമിയുടെ മറ്റൊരു ഭാഗത്തേക്കു കൊണ്ടുപോയി. (“ഏലീയാവ് കയറിപ്പോയ സ്വർഗമേത്?” എന്ന ശീർഷകത്തിൽ 15-ാം പേജിലുള്ള ചതുരം കാണുക.) പിന്നിൽ അവശേഷിച്ചത് ഏലീയാവിന്റെ ഔദ്യോഗിക അങ്കി മാത്രമായിരുന്നു. യോർദാനെ അടിക്കാൻ എലീശാ അതുപയോഗിച്ചപ്പോൾ അതിലെ വെള്ളം വീണ്ടും വിഭജിക്കപ്പെട്ടു. അങ്ങനെ ഉണങ്ങിയ നിലത്തുകൂടെ മടങ്ങിവരാൻ അവനു കഴിഞ്ഞു. ഇസ്രായേലിൽ സത്യാരാധന ഉന്നമിപ്പിക്കുന്നതിൽ എലീശാ, ഏലീയാവിന്റെ പിൻഗാമി ആയിത്തീർന്നിരിക്കുന്നുവെന്ന് ഈ അത്ഭുതം വ്യക്തമാക്കി.—2 രാജാക്കന്മാർ 2:6-15.
ദൈവിക ഗുണങ്ങൾ അത്യന്താപേക്ഷിതം
3. യേശുവിന്റെ സാന്നിധ്യത്തെയും “യഹോവയുടെ ദിവസ”ത്തെയും കുറിച്ച് പൗലൊസും പത്രൊസും എന്താണു പറഞ്ഞത്?
3 ഏലീയാവിന്റെയും എലീശായുടെയും നാളുകൾക്കു നൂറ്റാണ്ടുകൾക്കു ശേഷം അപ്പോസ്തലന്മാരായ പൗലൊസും പത്രൊസും “യഹോവയുടെ ദിവസ”ത്തിന്റെ വരവിനെ യേശുക്രിസ്തുവിന്റെ സാന്നിധ്യത്തോടും അന്നു വിദൂരഭാവിയിലായിരുന്ന ‘പുതിയ ആകാശം, പുതിയ ഭൂമി’ എന്നിവയോടും ബന്ധപ്പെടുത്തി. (2 തെസ്സലൊനീക്യർ 2:1, 2; 2 പത്രൊസ് 3:10-13) യഹോവയുടെ മഹാദിവസത്തെ—ദൈവം ശത്രുക്കളെ നശിപ്പിക്കുകയും തന്റെ ജനത്തെ രക്ഷിക്കുകയും ചെയ്യുന്ന സമയത്തെ—അതിജീവിക്കുന്നതിന് യഹോവയെ അന്വേഷിച്ച് സൗമ്യതയും നീതിയും പ്രകടമാക്കേണ്ടതുണ്ട്. (സെഫന്യാവു 2:1-3) എലീശാപ്രവാചകൻ ഉൾപ്പെടുന്ന സംഭവങ്ങൾ നാം പരിചിന്തിക്കവേ കൂടുതലായ ചില ഗുണങ്ങൾ വെളിപ്പെടുന്നു.
4. യഹോവയുടെ സേവനത്തിൽ തീക്ഷ്ണത എന്ത് പങ്ക് വഹിക്കുന്നു?
4 നാം “യഹോവയുടെ ദിവസ”ത്തെ അതിജീവിക്കണമെങ്കിൽ ദൈവസേവനത്തിലുള്ള തീക്ഷ്ണത മർമപ്രധാനമാണ്. ഏലീയാവും എലീശായും യഹോവയുടെ സേവനത്തിൽ തീക്ഷ്ണതയുള്ളവരായിരുന്നു. സമാനമായ തീക്ഷ്ണതയോടെ ഇന്ന് അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പ് യഹോവയ്ക്കു വിശുദ്ധ സേവനം അർപ്പിക്കുകയും സുവാർത്താപ്രസംഗത്തിൽ നേതൃത്വമെടുക്കുകയും ചെയ്യുന്നു.a രാജ്യസന്ദേശം സ്വീകരിച്ച് ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്ന എല്ലാവരും തങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിച്ച് സ്നാപനമേൽക്കാൻ 1930-കളുടെ മധ്യഘട്ടംമുതൽ അവർ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. (മർക്കൊസ് 8:34; 1 പത്രൊസ് 3:21) ഈ പ്രോത്സാഹനത്തോടു ലക്ഷങ്ങൾ അനുകൂലമായി പ്രതികരിച്ചിരിക്കുന്നു. ഒരിക്കൽ ആത്മീയ അന്ധകാരത്തിലായിരുന്ന അവർ പാപത്തിൽ മരിച്ചവരായിരുന്നു. എന്നാൽ ദൈവത്തിന്റെ സത്യം പഠിച്ച് ഭൗമിക പറുദീസയിലുള്ള നിത്യജീവന്റെ പ്രത്യാശ സ്വീകരിച്ചിരിക്കുന്ന അവരിപ്പോൾ യഹോവയുടെ സേവനത്തിൽ തീക്ഷ്ണതയുള്ളവരാണ്. (സങ്കീർത്തനം 37:29; വെളിപ്പാടു 21:3-5) തങ്ങളുടെ തീക്ഷ്ണതയാലും സഹകരണത്താലും അതിഥിപ്രിയത്താലും മറ്റു സത്പ്രവൃത്തികളാലും അവർ ഇപ്പോഴും ക്രിസ്തുവിന്റെ ഭൂമിയിലുള്ള ആത്മീയ സഹോദരന്മാർക്കു വലിയ നവോന്മേഷം കൈവരുത്തുന്നു.—മത്തായി 25:31-46.
5. യേശുവിന്റെ ‘സഹോദരന്മാർക്കു’ വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, എലീശായുടെ നാളിൽനിന്നു നമുക്ക് ഏത് ദൃഷ്ടാന്തമുണ്ട്?
5 യേശുവിന്റെ ‘സഹോദരന്മാർ’ അവന്റെ അനുഗാമികളായ അഭിഷിക്തരായതിനാൽ അവർക്കു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് “യഹോവയുടെ ദിവസ”ത്തെ അതിജീവിക്കാനുള്ള പ്രത്യാശയുണ്ട്. എലീശായോടും അവന്റെ ബാല്യക്കാരനോടും ദയയും അതിഥിപ്രിയവും കാണിച്ചതിനാൽ ശൂനേം എന്ന ഗ്രാമത്തിലെ ഒരു വിവാഹിത ദമ്പതികൾക്കു വലിയ അനുഗ്രഹം ലഭിച്ചു. ഈ ദമ്പതികൾക്കു മക്കളില്ലായിരുന്നുവെന്നു തന്നെയല്ല, ഭർത്താവു വൃദ്ധനുമായിരുന്നു. എന്നാൽ ആ ശൂനേമ്യ സ്ത്രീ ഒരു പുത്രനെ പ്രസവിക്കുമെന്ന് എലീശാ വാഗ്ദാനം ചെയ്തു. അങ്ങനെതന്നെ സംഭവിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം ഈ ഏക പുത്രൻ മരിച്ചപ്പോൾ എലീശാ ശൂനേമിലേക്കു പോയി അവനെ ഉയിർപ്പിച്ചു. (2 രാജാക്കന്മാർ 4:8-17, 32-37) എലീശായോട് അതിഥിപ്രിയം കാണിച്ചതിനു ലഭിച്ച എത്ര മഹത്തായ പ്രതിഫലങ്ങൾ!
6, 7. നയമാൻ വെച്ച മാതൃകയെന്താണ്, “യഹോവയുടെ ദിവസ”ത്തെ അതിജീവിക്കുന്നതുമായി ഇത് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
6 യഹോവയുടെ ദിവസത്തെ അതിജീവിക്കാമെന്ന പ്രത്യാശയോടെ ക്രിസ്തുവിൻ “സഹോദരന്മാ”രിൽനിന്നു ബൈബിളധിഷ്ഠിത മാർഗനിർദേശം സ്വീകരിക്കുന്നതിനു താഴ്മ ആവശ്യമാണ്. തടവുകാരിയായ ഒരു ഇസ്രായേല്യ പെൺകുട്ടിയുടെ നിർദേശപ്രകാരം ഇസ്രായേലിലേക്കു പോയി എലീശായെ കണ്ടെത്തി സൗഖ്യം പ്രാപിക്കുന്നതിന് നയമാൻ എന്ന കുഷ്ഠരോഗിയായ അരാമ്യ സൈന്യാധിപനു താഴ്മ പ്രകടമാക്കേണ്ടിയിരുന്നു. നയമാനെ കാണാൻ വീട്ടിൽനിന്നു പുറത്തു വരുന്നതിനു പകരം എലീശാ അവന് ഈ സന്ദേശമയച്ചു: “നീ ചെന്നു യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്ക; അപ്പോൾ നിന്റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും.” (2 രാജാക്കന്മാർ 5:10) ദുരഭിമാനത്തിനു മുറിവേറ്റ നയമാൻ പ്രകോപിതനായി. എന്നാൽ പിന്നീട് അവൻ താഴ്മയോടെ യോർദാനിൽ പോയി ഏഴു പ്രാവശ്യം മുങ്ങിയപ്പോൾ “അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹംപോലെ ആയി; അവൻ ശുദ്ധനായ്തീർന്നു.” (2 രാജാക്കന്മാർ 5:14) വീട്ടിലേക്കു മടങ്ങുന്നതിനു മുമ്പ് തിരികെ ശമര്യവരെ ദീർഘദൂരം സഞ്ചരിച്ച് യഹോവയുടെ പ്രവാചകനു നന്ദി നൽകാൻ നയമാനെത്തി. ദൈവദത്ത ശക്തികൊണ്ട് യാതൊരു ഭൗതികനേട്ടങ്ങളും ഉണ്ടാക്കരുതെന്നു ദൃഢനിശ്ചയം ചെയ്ത എലീശാ നയമാനെ കാണാൻ പുറത്തു വന്നെങ്കിലും സമ്മാനമൊന്നും സ്വീകരിച്ചില്ല. നയമാൻ താഴ്മയോടെ എലീശായോട് ഇങ്ങനെ പറഞ്ഞു: “അടിയൻ ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല.”—2 രാജാക്കന്മാർ 5:17.
7 അഭിഷിക്തരുടെ തിരുവെഴുത്തുപരമായ ബുദ്ധ്യുപദേശം താഴ്മയോടെ പിൻപറ്റുന്നതിനാൽ ഇന്നു ലക്ഷങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടുന്നു. തന്നെയുമല്ല, യേശുവിന്റെ മറുവിലയിൽ വിശ്വാസം പ്രകടമാക്കുകവഴി പരമാർഥഹൃദയരായ ഇവർ ആത്മീയമായി ശുദ്ധരാക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴവർ യഹോവയാം ദൈവത്തിന്റെയും യേശുക്രിസ്തുവിന്റെയും സ്നേഹിതരായിരിക്കുകയെന്ന പദവി ആസ്വദിക്കുന്നു. (സങ്കീർത്തനം 15:1, 2; ലൂക്കൊസ് 16:9) സത്വരം സമീപിച്ചുകൊണ്ടിരിക്കുന്ന “യഹോവയുടെ ദിവസ”ത്തിൽ അഹങ്കാരികൾക്കും അനുതാപമില്ലാത്ത പാപികൾക്കും ഉടൻ സംഭവിക്കാൻ പോകുന്ന നിത്യനാശത്തിൽനിന്ന് അവർ രക്ഷിക്കപ്പെടും. അങ്ങനെ ദൈവത്തോടും അവന്റെ സേവനത്തോടുമുള്ള അവരുടെ ഭക്തിക്കു പ്രതിഫലം ലഭിക്കും.—ലൂക്കൊസ് 13:24; 1 യോഹന്നാൻ 1:7.
“ആരുള്ളു എന്റെ പക്ഷത്തു? ആരുള്ളു”?
8. (എ) “യഹോവയുടെ ദിവസ”ത്തെ അതിജീവിക്കാൻ പ്രത്യാശിക്കുന്നവർക്ക് ദിവ്യഹിതം ചെയ്യുന്നതു സംബന്ധിച്ച് എന്തു മനോഭാവമാണുള്ളത്? (ബി) യേഹൂവിനു ലഭിച്ച നിയോഗമെന്താണ്? (സി) ഈസേബെലിനു സംഭവിക്കാനിരുന്നത് എന്താണ്?
8 “യഹോവയുടെ ദിവസ”ത്തെ അതിജീവിക്കാൻ പ്രത്യാശിക്കുന്നവർ ദൈവഹിതം ചെയ്യുന്ന കാര്യത്തിൽ നിർണായക തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്. ഹത്യയും ബാലാരാധനയും നടത്തിയിരുന്ന ആഹാബ് രാജാവിന്റെ കുടുംബത്തിന്റെ നാശത്തെക്കുറിച്ച് ഏലീയാവ് സധൈര്യം മുൻകൂട്ടിപ്പറഞ്ഞു. (1 രാജാക്കന്മാർ 21:17-26) എങ്കിലും, ആ വധനിർവഹണം നടപ്പാക്കപ്പെടുന്നതിനു മുമ്പ് ഏലീയാവിന്റെ പിൻഗാമിയായ എലീശായ്ക്കു പൂർത്തിയാകാഞ്ഞ ചില ജോലികൾ തീർക്കേണ്ടതുണ്ടായിരുന്നു. (1 രാജാക്കന്മാർ 19:15-17) യഹോവയുടെ തക്കസമയത്ത് സൈന്യത്തലവനായ യേഹൂവിനെ ഇസ്രായേലിന്റെ പുതിയ രാജാവായി അഭിഷേകം ചെയ്യാൻ എലീശാ ഒരു പരിചാരകനെ പറഞ്ഞയച്ചു. യേഹൂവിന്റെ തലയിൽ തൈലമൊഴിച്ചശേഷം ആ സന്ദേശവാഹകൻ അവനോടു പറഞ്ഞു: “യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാൻ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തിരിക്കുന്നു. എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിന്നും യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിന്നും ഈസേബെലിനോടു ഞാൻ പ്രതികാരം ചെയ്യേണ്ടതിന്നു നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നീ സംഹരിച്ചുകളയേണം. ആഹാബ്ഗൃഹം അശേഷം മുടിഞ്ഞുപോകേണം.” ദുഷ്ട രാജ്ഞിയായ ഈസേബെൽ നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കപ്പെടുകയും അങ്ങനെ അവൾക്കു മാന്യമായ ഒരു ശവസംസ്കാരം ലഭിക്കാതിരിക്കുകയും ചെയ്യുമായിരുന്നു.—2 രാജാക്കന്മാർ 9:1-10.
9, 10. ഈസേബെലിന്റെ കാര്യത്തിൽ ഏലീയാവിന്റെ വാക്ക് നിവൃത്തിയേറിയതെങ്ങനെ?
9 യേഹൂ അഭിഷേകം ചെയ്യപ്പെട്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അവന്റെ ആൾക്കാർ അവനെ ഇസ്രായേലിന്റെ രാജാവായി പ്രഖ്യാപിച്ചു. നിർണായകമായി പ്രവർത്തിച്ചുകൊണ്ട്, വിശ്വാസത്യാഗികളായ ബാലാരാധകരുടെ പ്രധാനികളെ വധിക്കാനുള്ള തന്റെ വേല തുടങ്ങുന്നതിനായി യേഹൂ യിസ്രെയേലിലേക്കു കുതിച്ചു. യേഹൂവിന്റെ അമ്പിന്റെ ആദ്യ ഇര ആഹാബിന്റെ പുത്രനായ യോരാമാണ്. സമാധാനദൗത്യവുമായി യേഹൂ വന്നുവോ എന്നു ചോദിക്കാനായി അവൻ നഗരത്തിൽനിന്നു യാത്ര പുറപ്പെട്ടതായിരുന്നു. “നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം”? എന്നു യേഹൂ പ്രതിവചിച്ചു. അതോടെ യേഹൂവിന്റെ അമ്പ് യോരാമിന്റെ ഹൃദയം തുളച്ചു.—2 രാജാക്കന്മാർ 9:22-24.
10 ദൈവഭക്തരായ സ്ത്രീകൾ ഈസേബെലിനെയോ അതുപോലുള്ള മറ്റേതെങ്കിലും സ്ത്രീകളെയോപോലെ ആകാതിരിക്കാൻ ശ്രമിക്കുന്നു. (വെളിപ്പാടു 2:18-23) യേഹൂ യിസ്രെയേലിൽ എത്തിയപ്പോഴേക്കും വശീകരിക്കുംവിധം അണിഞ്ഞൊരുങ്ങാൻ ഈസേബെൽ ശ്രമിച്ചിരുന്നു. ജാലകത്തിലൂടെ നോക്കിയ അവൾ ഒരു നിഗൂഢ ഭീഷണികൊണ്ടാണ് അവനെ അഭിവാദനം ചെയ്തത്. അവൻ അവളുടെ പരിചാരകരോട് “ആരുള്ളു എന്റെ പക്ഷത്തു? ആരുള്ളു”? എന്നു ചോദിച്ചു. ഉടനേ രണ്ടു മൂന്ന് കൊട്ടാരോദ്യോഗസ്ഥർ പുറത്തേക്കു നോക്കി. അവർ യേഹൂവിന്റെ പക്ഷത്തായിരുന്നോ? “അവളെ താഴെ തള്ളിയിടുവിൻ” എന്നവൻ പറഞ്ഞു. അപ്പോഴവർ കാര്യക്ഷമതയോടെ പ്രവർത്തിച്ചുകൊണ്ട് ദുഷ്ടയായ ഈസേബെലിനെ ജാലകത്തിലൂടെ തള്ളിയിട്ടു. കുതിരക്കുളമ്പുകളാൽ അവൾക്കു ചവിട്ടേറ്റതായി നിഗമനം ചെയ്യാവുന്നതാണ്. ആളുകൾ അവളെ അടക്കുവാൻ വന്നപ്പോൾ അവർ “അവളുടെ തലമണ്ടയും കാലുകളും കൈപ്പത്തികളും അല്ലാതെ മറെറാന്നും കണ്ടില്ല.” “നായ്ക്കൾ ഈസേബെലിന്റെ മാംസം തിന്നുകളയും” എന്ന ഏലീയാവിന്റെ വാക്കിന്റെ എന്തൊരു ഉജ്ജ്വല നിവൃത്തി!—2 രാജാക്കന്മാർ 9:30-37.
സത്യാരാധനയ്ക്കുള്ള ഹൃദയംഗമമായ പിന്തുണ
11. യോനാദാബ് ആരായിരുന്നു, സത്യാരാധനയ്ക്കുള്ള തന്റെ പിന്തുണ അവൻ പ്രകടമാക്കിയതെങ്ങനെ?
11 “യഹോവയുടെ ദിവസ”ത്തെ അതിജീവിച്ച് ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്നവർ മുഴുഹൃദയാ സത്യാരാധനയെ പിന്തുണയ്ക്കേണ്ടതുണ്ട്. അവർ യഹോവയെ ആരാധിച്ചിരുന്ന ഇസ്രായേല്യേതരനായ യോനാദാബിനെപ്പോലെ അഥവാ യെഹോനാദാബിനെപ്പോലെ ആയിരിക്കണം. യേഹൂ തന്റെ ദൗത്യം തീക്ഷ്ണതയോടെ നിവർത്തിക്കുന്നതിൽ തുടർന്നപ്പോൾ യോനാദാബ് തന്റെ അംഗീകാരവും പിന്തുണയും പ്രകടമാക്കാനാഗ്രഹിച്ചു. അതുകൊണ്ട്, ആഹാബിന്റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവരെ വധിക്കാൻ ശമര്യയിലേക്കു പോകുകയായിരുന്ന ഇസ്രായേലിന്റെ പുതിയ രാജാവിനെ കാണാൻ അവൻ പുറപ്പെട്ടു. യോനാദാബിനെ കണ്ടപ്പോൾ യേഹൂ, “എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേർന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാർത്ഥമായിരിക്കുന്നവോ”? എന്നു ചോദിച്ചു. അതേ എന്നുള്ള യോനാദാബിന്റെ മറുപടി കൈനീട്ടി തന്റെ രഥത്തിലേക്ക് അവനെ കയറ്റാൻ യേഹൂവിനെ പ്രേരിപ്പിച്ചു. “നീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്കാന്തി കാൺക” എന്നു യേഹൂ പറഞ്ഞു. യഹോവയുടെ അഭിഷിക്ത വധനിർവാഹകനു പിന്തുണ പ്രകടമാക്കുകയെന്ന പദവി യോനാദാബ് താമസംവിനാ സ്വീകരിച്ചു.—2 രാജാക്കന്മാർ 10:15-17.
12. യഹോവ എന്തുകൊണ്ടാണ് അനന്യഭക്തി ഉചിതമായി ആവശ്യപ്പെടുന്നത്?
12 സത്യാരാധനയ്ക്കു നൽകുന്ന ഹൃദയംഗമമായ പിന്തുണ തീർച്ചയായും ഉചിതമാണ്. കാരണം, അനന്യഭക്തി ഉചിതമായി ആവശ്യപ്പെടുകയും അർഹിക്കുകയും ചെയ്യുന്ന സ്രഷ്ടാവും അഖിലാണ്ഡ പരമാധികാരിയും യഹോവയാണ്. അവൻ ഇസ്രായേല്യരോട് ഇങ്ങനെ കൽപ്പിച്ചു: “ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.” (പുറപ്പാടു 20:4, 5) “യഹോവയുടെ ദിവസ”ത്തെ അതിജീവിക്കാൻ പ്രത്യാശിക്കുന്നവർ അവന് അനന്യ ആരാധന അർപ്പിക്കണം. “ആത്മാവിലും സത്യത്തിലും” ആയിരിക്കണം അങ്ങനെ ചെയ്യേണ്ടത്. (യോഹന്നാൻ 4:23, 24) ഏലീയാവ്, എലീശാ, യോനാദാബ് എന്നിവരെപ്പോലെ സത്യാരാധനയ്ക്കു വേണ്ടി അവർ ഉറച്ച നിലപാട് കൈക്കൊള്ളണം.
13. യോനാദാബിന്റെ ഹൃദയം യേഹൂവിനോടുകൂടെ ആയിരുന്നതുപോലെ, മിശിഹൈക രാജാവിനെ ആർ അംഗീകരിക്കുന്നു, അവർ ഇതെങ്ങനെ പ്രകടമാക്കുന്നു?
13 ആഹാബിന്റെ ഭവനത്തിലുള്ളവരെ വധിച്ചശേഷം ബാലാരാധകരെ തിരിച്ചറിഞ്ഞ് അവരുടെ വ്യാജമതത്തെ ഇസ്രായേലിൽനിന്നു നിർമൂലനം ചെയ്യാൻ യേഹൂ രാജാവ് മറ്റു നടപടികൾ കൈക്കൊണ്ടു. (2 രാജാക്കന്മാർ 10:18-28) ഇന്ന് യഹോവയുടെ ശത്രുക്കളെ വധിച്ച് അവന്റെ പരമാധികാരം സംസ്ഥാപിക്കാൻ സ്വർഗീയ രാജാവായ യേശുക്രിസ്തുവിനെയാണ് അഭിഷേകം ചെയ്തിരിക്കുന്നത്. യോനാദാബിന്റെ ഹൃദയം യേഹൂവിനോടുകൂടെ ആയിരുന്നതുപോലെ, യേശുവിന്റെ “വേറെ ആടുക”ളിലെ “മഹാപുരുഷാരം” ഇന്നു മിശിഹൈക രാജാവെന്ന നിലയിൽ പൂർണഹൃദയത്തോടെ ക്രിസ്തുവിനെ അംഗീകരിക്കുകയും ഭൂമിയിലെ അവന്റെ ആത്മീയ സഹോദരന്മാരുമായി സഹകരിക്കുകയും ചെയ്യുന്നു. (വെളിപ്പാടു 7:9, 10; യോഹന്നാൻ 10:16) സത്യമതം ആചരിക്കുകയും “യഹോവയുടെ” ആസന്നമായ “ദിവസ”ത്തെക്കുറിച്ചു ദൈവത്തിന്റെ ശത്രുക്കൾക്കു മുന്നറിയിപ്പു കൊടുത്തുകൊണ്ട് ക്രിസ്തീയ ശുശ്രൂഷയിൽ തീക്ഷ്ണമായി പങ്കുപറ്റുകയും ചെയ്യുകവഴി അവർ ഇതിനു തെളിവു നൽകുന്നു.—മത്തായി 10:32, 33; റോമർ 10:9, 10.
ആസന്നമായിരിക്കുന്ന നാടകീയ സംഭവങ്ങൾ!
14. വ്യാജമതത്തിന് എന്താണു സംഭവിക്കാൻ പോകുന്നത്?
14 ഇസ്രായേലിൽ ബാലാരാധന അവസാനിപ്പിക്കാൻ യേഹൂ നടപടിയെടുത്തു. നമ്മുടെ നാളിൽ, വലിയ യേഹൂവായ യേശുക്രിസ്തുവിലൂടെ വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോനു ദൈവം അന്ത്യം വരുത്തും. അപ്പോസ്തലനായ യോഹന്നാനുള്ള ദൂതവാക്കുകളുടെ നിവൃത്തി നാം പെട്ടെന്നുതന്നെ കാണും: “നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും. ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു.” (വെളിപ്പാടു 17:16, 17; 18:2-5) ഈ ‘പത്തു കൊമ്പ്,’ ഭൂമിയിൽ അധികാരം നടത്തുന്ന സൈനികവത്കൃത രാഷ്ട്രീയ ശക്തികളെയാണു സൂചിപ്പിക്കുന്നത്. മഹാബാബിലോനുമായി അവയ്ക്ക് ഇപ്പോൾ ആത്മീയമായി വ്യഭിചാരബന്ധമുണ്ടെങ്കിലും, അവളുടെ സമയം ഹ്രസ്വമാണ്. ഈ ലോകത്തിലെ രാഷ്ട്രീയഘടകം വ്യാജമതത്തെ നശിപ്പിക്കും. ‘മൃഗ’ത്തിന്—ഐക്യരാഷ്ട്രങ്ങൾക്ക്—‘പത്തു കൊമ്പി’നോടു ചേർന്ന് അവളെ ശൂന്യമാക്കുന്നതിൽ ഒരു പ്രമുഖ പങ്കുണ്ടായിരിക്കും.b യഹോവയെ സ്തുതിക്കുന്നതിനുള്ള എന്തൊരു മഹത്തായ അവസരം!—വെളിപ്പാടു 19:1-6.
15. ദൈവത്തിന്റെ ഭൗമിക സ്ഥാപനത്തെ നശിപ്പിക്കാനുള്ള ശ്രമം നടത്തുമ്പോൾ എന്തു സംഭവിക്കും?
15 ബാലാരാധനയ്ക്കെതിരെയുള്ള യേഹൂ രാജാവിന്റെ ഉഗ്രമായ പോരാട്ടത്തിനുശേഷം അവന്റെ രാജകീയ ഭവനം ഇസ്രായേലിന്റെ രാഷ്ട്രീയ ശത്രുക്കളിലേക്കു ശ്രദ്ധ തിരിച്ചു. രാജാവായ യേശുക്രിസ്തു സമാനമായ നടപടിയെടുക്കും. ബാൽസമാന വ്യാജമതം നശിപ്പിക്കപ്പെട്ടശേഷം രാഷ്ട്രീയ ശക്തികൾ അവശേഷിക്കും. പിശാചായ സാത്താന്റെ സ്വാധീനത്തിൻ കീഴിൽ, യഹോവയുടെ പരമാധികാരത്തെ എതിർക്കുന്ന ഈ ശത്രുക്കൾ ദൈവത്തിന്റെ ഭൗമിക സ്ഥാപനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിൽ സമ്പൂർണ ആക്രമണം അഴിച്ചുവിടും. (യെഹെസ്കേൽ 38:14-16) എന്നാൽ യഹോവയുടെ ആജ്ഞപ്രകാരം യേശുക്രിസ്തു, “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”മായ ഹാർമഗെദോനിൽ അവരെ തകർത്തു നശിപ്പിച്ചുകൊണ്ട് യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനം പൂർത്തിയാക്കും.—വെളിപ്പാടു 16:14, 16; 19:11-21; യെഹെസ്കേൽ 38:18-23.
എലീശായുടെ തീക്ഷ്ണതയോടെ സേവിക്കൽ
16, 17. (എ) ആയുഷ്കാലം മുഴുവനും എലീശാ തീക്ഷ്ണതയുള്ളവനായിരുന്നുവെന്നു നമുക്കെങ്ങനെ അറിയാം? (ബി) സത്യത്തിന്റെ അസ്ത്രങ്ങൾക്കൊണ്ടു നാം എന്തു ചെയ്യണം?
16 “യഹോവയുടെ ദിവസം” സാത്താന്റെ മുഴു ദുഷ്ടവ്യവസ്ഥിതിക്കും അന്തം വരുത്തുന്നതുവരെ ദൈവദാസന്മാർ എലീശായെപ്പോലെ ധൈര്യവും തീക്ഷ്ണതയുമുള്ളവരായിരിക്കും. ഏലീയാവിന്റെ ബാല്യക്കാരൻ എന്നനിലയിലുള്ള വേലയ്ക്കു പുറമേ എലീശാ 50 വർഷത്തിലധികം യഹോവയുടെ പ്രവാചകനായി തനിയെ പ്രവർത്തിച്ചു! തന്റെ ആയുഷ്കാലം മുഴുവനും എലീശാ തീക്ഷ്ണതയുള്ളവനായിരുന്നു. എലീശായുടെ മരണത്തിനു തൊട്ടുമുമ്പ്, യേഹൂവിന്റെ പൗത്രനായ യോവാശ് രാജാവ് അവനെ സന്ദർശിക്കുകയുണ്ടായി. ജാലകത്തിൽക്കൂടി ഒരു അമ്പെയ്യാൻ എലീശാ അവനോടു പറഞ്ഞു. ആ അമ്പ് ലക്ഷ്യത്തിലേക്കു പാഞ്ഞപ്പോൾ എലീശാ ഇങ്ങനെ ഉദ്ഘോഷിച്ചു: “അതു യഹോവയുടെ ജയാസ്ത്രം, അരാമ്യർക്കു നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കിൽവെച്ചു അരാമ്യരെ തോല്പിച്ചു അശേഷം [“പാടേ,” NW] സംഹരിക്കും.” എലീശായുടെ അഭ്യർഥനയിൽ യോവാശ് തന്റെ അസ്ത്രംകൊണ്ട് ഭൂമിയെ അടിച്ചു. എന്നാൽ അത്രകണ്ട് തീക്ഷ്ണതയോടെയായിരുന്നില്ല അവനതു ചെയ്തത്, മൂന്നു പ്രാവശ്യമേ അടിച്ചുള്ളൂ. തത്ഫലമായി, യോവാശ് അരാമ്യരുടെമേൽ മൂന്നു പ്രാവശ്യമേ ജയം നേടുകയുള്ളൂവെന്ന് എലീശാ പറഞ്ഞു, അങ്ങനെതന്നെയാണു സംഭവിച്ചതും. (2 രാജാക്കന്മാർ 13:14-19, 25) യോവാശ് രാജാവ് അരാമ്യരെ പൂർണമായി, “പാടേ” നശിപ്പിച്ചില്ല.
17 എന്നാൽ, എലീശാസമാന തീക്ഷ്ണതയുള്ള അഭിഷിക്തശേഷിപ്പ് വ്യാജാരാധനയ്ക്കെതിരെ പോരാട്ടം തുടരുന്നു. ഭൗമികപ്രത്യാശയുള്ള അവരുടെ സഹകാരികളും അതുതന്നെ ചെയ്യുന്നു. മാത്രമല്ല, “യഹോവയുടെ ദിവസ”ത്തെ അതിജീവിക്കാൻ പ്രത്യാശിക്കുന്ന സകലരും ഭൂമിയെ അടിക്കുന്നതു സംബന്ധിച്ച എലീശായുടെ തീക്ഷ്ണതയുള്ള വാക്കുകൾ മനസ്സിൽ പിടിക്കുന്നത് ഉചിതമാണ്. സത്യത്തിന്റെ അസ്ത്രങ്ങളെടുത്ത് നമുക്ക് വീണ്ടും വീണ്ടും പ്രഹരിക്കാം—അതേ, അവകൊണ്ടുള്ള നമ്മുടെ വേല പൂർത്തിയായിരിക്കുന്നുവെന്ന് യഹോവ പറയുംവരെ.
18. നാം 2 പത്രൊസ് 3:11, 12-ലെ വാക്കുകളോട് എങ്ങനെ പ്രതികരിക്കണം?
18 “യഹോവയുടെ ദിവസം” ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിക്ക് പെട്ടെന്നുതന്നെ അന്തം വരുത്തും. അതുകൊണ്ട് അപ്പോസ്തലനായ പത്രൊസിന്റെ ഊഷ്മളമായ വാക്കുകളാൽ പ്രോത്സാഹിതരാകാൻ നമുക്കു നമ്മെത്തന്നെ അനുവദിക്കാം. പത്രൊസ് ഇങ്ങനെ ഉദ്ഘോഷിച്ചു: “ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ . . . ദൈവദിവസത്തിന്റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.” (2 പത്രൊസ് 3:11, 12) യേശുക്രിസ്തുവിലൂടെ പ്രകടമാകുന്ന ദൈവകോപത്തിന്റെ അഗ്നിയാൽ ഈ വ്യവസ്ഥിതിയുടെ സകല അംശവും അഴിഞ്ഞുപോകുമ്പോൾ നല്ല നടത്തയോടും ദൈവഭക്തിയോടും കൂടെ ജീവിച്ചവർ മാത്രമേ രക്ഷപ്പെടുകയുള്ളൂ. ധാർമികവും ആത്മീയവുമായ ശുദ്ധി അനിവാര്യമാണ്. അതുപോലെതന്നെയാണ് സഹമനുഷ്യരോടുള്ള സ്നേഹവും. അവരുടെ ആവശ്യങ്ങളോടു പ്രതികരിച്ചുകൊണ്ട്, പ്രത്യേകിച്ചും ക്രിസ്തീയ ശുശ്രൂഷ മുഖാന്തരം ആത്മീയമായ ഒരു വിധത്തിൽ, അതു പ്രകടമാക്കേണ്ടതുണ്ട്.
19. “യഹോവയുടെ ദിവസ”ത്തെ അതിജീവിക്കാൻ നാം എന്തു ചെയ്യണം?
19 നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും വിശ്വസ്തതയും തീക്ഷ്ണതയുമുള്ള ഒരു ദൈവദാസനായി നിങ്ങളെ തിരിച്ചറിയിക്കുന്നുണ്ടോ? എങ്കിൽ, “യഹോവയുടെ ദിവസ”ത്തെ അതിജീവിച്ച് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന പുതിയ ലോകത്തിലേക്കു കടക്കാനുള്ള പ്രത്യാശ നിങ്ങൾക്കു താലോലിക്കാം. അതേ, എലീശായോട് അതിഥിപ്രിയം കാട്ടിയ ശൂനേമ്യ ദമ്പതികളെപ്പോലെ, ക്രിസ്തുവിന്റെ ആത്മീയ സഹോദരന്മാർ അവന്റെ അനുഗാമികളായിരിക്കുന്നതിനാൽ അവർക്കു നന്മ ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് അതിജീവിക്കാൻ കഴിഞ്ഞേക്കും. അതിജീവിക്കുന്നതിന്, ദിവ്യമാർഗനിർദേശം താഴ്മയോടെ സ്വീകരിച്ച് യഹോവയുടെ ആരാധകനായിത്തീർന്ന നയമാനെപ്പോലെയും ആയിരിക്കേണ്ടതുണ്ട്. ഭൗമിക പറുദീസയിൽ എന്നേക്കും ജീവിക്കാൻ വാഞ്ഛിക്കുന്നെങ്കിൽ യോനാദാബ് ചെയ്തതുപോലെ സത്യാരാധനയോടുള്ള ഹൃദയംഗമമായ പിന്തുണ നിങ്ങൾ പ്രകടമാക്കേണ്ടതുണ്ട്. അപ്പോൾ, യേശുവിന്റെ പിൻവരുന്ന വാക്കുകളുടെ നിവൃത്തി അനുഭവിക്കാൻ പോകുന്ന യഹോവയുടെ വിശ്വസ്ത ദാസന്മാരുടെ കൂട്ടത്തിൽ നിങ്ങളും കണ്ടേക്കാം: “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.”—മത്തായി 25:34.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 18-ഉം 19-ഉം അധ്യായങ്ങൾ കാണുക.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകത്തിന്റെ 254-6 പേജുകൾ കാണുക.
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
□ “യഹോവയുടെ ദിവസ”ത്തെ അതിജീവിക്കുന്നതിന് ആവശ്യമായ ചില ഗുണങ്ങളേവ?
□ എലീശായുടെ നാളിലെ ശൂനേമ്യ ദമ്പതികൾ വെച്ച മാതൃകയെന്ത്?
□ നയമാനിൽനിന്നു പഠിക്കാൻ കഴിയുന്ന പാഠമെന്ത്?
□ യോനാദാബിന്റെ മാതൃക നമുക്ക് എങ്ങനെ പിൻപറ്റാം?
□ 2 പത്രൊസ് 3:11, 12 നമ്മെ എങ്ങനെ ബാധിക്കണം?